വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണം മെനഞ്ഞ ഫാക്ടറി

മരണം മെനഞ്ഞ ഫാക്ടറി

മരണം മെനഞ്ഞ ഫാക്ടറി

ജർമനിയിലെ ഉണരുക! ലേഖകൻ

മിറ്റെൽവെർക്ക്‌ ലോക​ത്തി​ലെ ഏറ്റവും വലിയ ഭൂഗർഭ ഫാക്ടറി​യാ​യി​രു​ന്നെ​ന്നാണ്‌ ചിലരു​ടെ വാദം. ഇതു സ്ഥിതി​ചെ​യ്യു​ന്നത്‌ ജർമനി​യി​ലെ ഹാർട്‌സ്‌ പർവത​നി​ര​ക​ളി​ലാണ്‌. ബെർലി​നിന്‌ ഏകദേശം 260 കിലോ​മീ​റ്റർ തെക്കു​പ​ടി​ഞ്ഞാ​റാ​യി, ഒരു കുന്നിന്റെ അടിവാ​രത്ത്‌ 20 കിലോ​മീ​റ്റർവ​രുന്ന ഭീമാ​കാര തുരങ്കങ്ങൾ ഇഴപാ​കി​യ​താണ്‌ ഈ ഫാക്ടറി സമുച്ചയം. 1943 മുതൽ 1945 വരെ തടങ്കൽപ്പാ​ള​യ​ത്തിൽനി​ന്നുള്ള ആയിരങ്ങൾ ഈ ഭൂഗർഭ അറകളിൽ അടിമ​ക​ളാ​യി പണി​യെ​ടു​ത്തു. ഇവിടെ ഭീതി​ദ​മായ ചുറ്റു​പാ​ടു​ക​ളിൽ ഇവർ നാസി രാഷ്‌ട്ര​ത്തി​നു​വേണ്ടി ആയുധങ്ങൾ നിർമി​ക്കാൻ നിർബ​ന്ധി​തർ ആയിത്തീ​രു​ക​യാ​യി​രു​ന്നു.

ഈ അടിമ​ത്തൊ​ഴി​ലാ​ളി​കൾ ഉണ്ടാക്കി​യത്‌ വെറും സാധാരണ ആയുധ​ങ്ങ​ളാ​യി​രു​ന്നില്ല. വി-1, വി-2 റോക്ക​റ്റു​കൾ എന്നറി​യ​പ്പെട്ട മി​സൈ​ലു​ക​ളാണ്‌ ഇവിടെ ജന്മമെ​ടു​ത്തത്‌. ഇവയെ മിറ്റെൽവെർക്കിൽനിന്ന്‌ മുഖ്യ​മാ​യും ഫ്രാൻസി​ലും നെതർലൻഡ്‌സി​ലും ഉള്ള വിക്ഷേപണ സ്ഥാനങ്ങ​ളി​ലേക്കു കൊണ്ടു​പോ​യി​രു​ന്നു. തൊടു​ത്തു​വി​ട്ടാൽപ്പി​ന്നെ മനുഷ്യ​സ​ഹാ​യം കൂടാ​തെ​തന്നെ ഇവ ബെൽജി​യം, ബ്രിട്ടൻ, ഫ്രാൻസ്‌ എന്നിവി​ട​ങ്ങ​ളി​ലെ ലക്ഷ്യസ്ഥാ​ന​ങ്ങൾക്കു​നേരെ കുതിച്ച്‌ ആകാശ​ത്തു​നി​ന്നു താഴേ​ക്കു​വീ​ണു പൊട്ടി​ത്തെ​റി​ച്ചി​രു​ന്നു. അറ്റ്‌ലാ​ന്റിക്‌ മഹാസ​മു​ദ്ര​ത്തി​നു കുറുകെ ന്യൂ​യോർക്കി​ലേക്ക്‌ ഒരു ബോംബ്‌ വഹിച്ചു​കൊ​ണ്ടു പറക്കാൻ കഴിവുള്ള ഒരു റോക്കറ്റ്‌ വികസി​പ്പി​ച്ചെ​ടു​ക്കാൻപോ​ലും നാസി​കൾക്കു പദ്ധതി​യു​ണ്ടാ​യി​രു​ന്നു. രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​പ്പോ​ഴേ​ക്കും നൂറു​ക​ണ​ക്കി​നു വി-1, വി-2 മി​സൈ​ലു​കൾ യൂറോ​പ്പി​ലെ നഗരങ്ങ​ളിൽ ചെന്നു പതിച്ചി​രു​ന്നു. എന്നാൽ, ഇവ ശത്രു​സം​ഹാ​ര​ത്തി​നാ​യി നാസികൾ നിർമി​ച്ചു​കൂ​ട്ടി​യ​വ​യു​ടെ ഒരു അംശം മാത്രമേ ആയിരു​ന്നു​ള്ളൂ. മി​സൈ​ലു​ക​ളിൽ ഒന്നു​പോ​ലും ന്യൂ​യോർക്കിൽ പതിച്ചില്ല.

ഖ്യാതി, പക്ഷേ ദുരന്ത​മ​യം

യുദ്ധം അവസാ​നി​ച്ച​ശേഷം, വി-1, വി-2 മി​സൈ​ലു​ക​ളു​ടെ ശിൽപ്പി​ക​ളായ ഡസൻക​ണ​ക്കിന്‌ ജർമൻ ശാസ്‌ത്ര​ജ്ഞ​ന്മാ​രും സാങ്കേ​തി​ക​വി​ദ​ഗ്‌ധ​രും ജർമനി വിട്ടു. റോക്കറ്റു നിർമാ​ണ​ത്തി​ലുള്ള തങ്ങളുടെ വൈദ​ഗ്‌ധ്യം തങ്ങൾ ചെന്നെ​ത്തിയ പുതിയ രാജ്യ​ങ്ങ​ളിൽ അവർ ഉപയോ​ഗി​ക്കാൻ തുടങ്ങി. അത്തര​മൊ​രു റോക്കറ്റ്‌ ശാസ്‌ത്ര​ജ്ഞ​നാ​യി​രു​ന്നു വെർനർ ഫോൺ ബ്രൗൺ. ഐക്യ​നാ​ടു​ക​ളി​ലേക്കു പോയ അദ്ദേഹം, അവി​ടെ​വെച്ച്‌ മനുഷ്യ​നെ ചന്ദ്രനി​ലെ​ത്തിച്ച ബഹിരാ​കാശ പേടകം വിക്ഷേ​പിച്ച സാറ്റേൺ റോക്ക​റ്റി​ന്റെ രൂപകൽപ്പ​ന​യിൽ സഹായി​ച്ചു.

ഇന്ന്‌, പഴയ മിറ്റെൽവെർക്ക്‌ ഫാക്ടറി​യു​ടെ തൊട്ട​ടുത്ത്‌ തടങ്കൽപ്പാ​ള​യ​ത്തി​ന്റെ ഒരു സ്‌മാ​ര​ക​മുണ്ട്‌. അവിടെ തടവി​ലാ​യി​രുന്ന 60,000 പേരുടെ സ്‌മര​ണാർഥ​മാ​ണിത്‌. തണുപ്പി​ഴ​യുന്ന ഈറൻമു​റ്റിയ ആ ഫാക്ടറി അറകളിൽ പണി​യെ​ടു​ത്തി​രുന്ന ഇവരിൽ പലരും അവി​ടെ​യാ​ണു താമസി​ച്ചി​രു​ന്ന​തും. ഇവി​ടെ​വെച്ച്‌ അവരിൽ 20,000-ത്തോളം പേരുടെ ജീവൻ പൊലി​ഞ്ഞ​താ​യി ചില കണക്കുകൾ കാണി​ക്കു​ന്നു. അതി​ലൊ​ട്ടും അതിശ​യി​ക്കാ​നില്ല, അത്ര ഹീനമാ​യി​രു​ന്നു ആ ചുറ്റു​പാ​ടു​കൾ. ഈ സ്‌മാരക മ്യൂസി​യം സന്ദർശി​ക്കു​ന്ന​വർക്ക്‌ ഗൈഡി​ന്റെ സഹായ​ത്തോ​ടെ ആ പഴയ ഫാക്ടറി​യു​ടെ ഉള്ളറക​ളി​ലൂ​ടെ കടന്നു​പോ​കാം, ഏകദേശം 60 വർഷം​മുമ്പ്‌ ഉപേക്ഷി​ക്ക​പ്പെട്ട, റോക്ക​റ്റി​ന്റെ ഭാഗങ്ങൾ ഇപ്പോ​ഴും തറയിൽ ചിതറി​ക്കി​ട​ക്കു​ന്നു. യുദ്ധാ​ന​ന്തരം (ഇംഗ്ലീഷ്‌) എന്ന മാസിക മിറ്റെൽവെർക്ക്‌ മി​സൈ​ലു​കളെ അനന്യ​സാ​ധാ​ര​ണ​മാ​ക്കി​ത്തീർക്കുന്ന ദുരന്ത​മ​യ​മായ ഒരു സവി​ശേ​ഷ​ത​യെ​ക്കു​റി​ച്ചു പറയുന്നു: “വി-1, വി-2 എന്നിവ മാത്ര​മാണ്‌ ഉപയോ​ഗ​ഘ​ട്ട​ത്തെ​ക്കാൾ, ഉത്‌പാ​ദ​ന​ഘ​ട്ട​ത്തിൽ ആയുധ​പ്പു​ര​യിൽവെ​ച്ചു​തന്നെ കൂടുതൽ ജീവ​നെ​ടുത്ത ആയുധങ്ങൾ.”

[31-ാം പേജിലെ ചിത്രം]

ട്രോളികളിൽ വെച്ചി​രി​ക്കുന്ന വി-1 റോക്ക​റ്റു​കൾ, 1945-ലെ ചിത്രം

[കടപ്പാട്‌]

Quelle: Dokumentationsstelle Mittelbau-Dora

[31-ാം പേജിലെ ചിത്രം]

തുരങ്കങ്ങൾ സന്ദർശി​ക്കു​ന്നവർ, തറയിൽ ഇപ്പോ​ഴും ചിതറി​ക്കി​ട​ക്കുന്ന റോക്ക​റ്റി​ന്റെ ഭാഗങ്ങൾ