വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

കോപി​ഷ്‌ഠ​മായ മനസ്സ്‌, ദുർബ​ല​മായ ഹൃദയം

“ക്രോ​ധാ​വേ​ശ​ത്താൽ പൊട്ടി​ത്തെ​റി​ക്കാ​നോ മുഖം​വീർപ്പി​ച്ചി​രി​ക്കാ​നോ പ്രവണ​ത​യുള്ള പുരു​ഷ​ന്മാർക്ക്‌ ആട്രിയൽ ഫൈ​ബ്രി​ലേഷൻ എന്നറി​യ​പ്പെ​ടുന്ന ക്രമര​ഹി​ത​മായ ഹൃദയ​സ്‌പ​ന്ദനം ഉണ്ടാകാ​നുള്ള സാധ്യത കൂടു​ത​ലാണ്‌” എന്ന്‌ ന്യൂ​യോർക്കി​ലെ ഡെയ്‌ലി ന്യൂസ്‌ റിപ്പോർട്ടു ചെയ്യുന്നു. ക്ഷിപ്ര​കോ​പി​ക​ളോ നിരാശ തോന്നു​മ്പോൾ മറ്റുള്ള​വ​രു​ടെ നേരെ തട്ടിക്ക​യ​റു​ന്ന​വ​രോ അതുമ​ല്ലെ​ങ്കിൽ വിമർശി​ക്ക​പ്പെ​ടു​മ്പോൾ രോഷാ​കു​ല​രാ​കു​ന്ന​വ​രോ ആയ പുരു​ഷ​ന്മാർക്ക്‌ ക്രമര​ഹി​ത​മായ ഹൃദയ​സ്‌പ​ന്ദനം ഉണ്ടാകാ​നുള്ള സാധ്യത 30 ശതമാനം കൂടു​ത​ലാ​ണെന്നു ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഈ പഠനത്തി​ന്റെ ഡയറക്ട​റായ ഇലെയ്‌ൻ ഏക്കെർ ഇപ്രകാ​രം പറയുന്നു: “കോപം അടക്കി​വെ​ക്കാ​തെ പ്രകടി​പ്പി​ക്കു​ന്ന​തി​ലൂ​ടെ അതുമൂ​ല​മു​ണ്ടാ​കുന്ന ദോഷ​ക​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളിൽനി​ന്നു രക്ഷപ്പെ​ടാൻ കഴിയു​മെന്ന്‌ അനേകം ആളുക​ളും വിശ്വ​സി​ക്കു​ന്നു. . . . എന്നിരു​ന്നാ​ലും ഈ പഠനത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പുരു​ഷ​ന്മാ​രു​ടെ കാര്യ​ത്തിൽ ഇത്‌ ഒട്ടും സത്യമല്ല—അവർക്കു ക്രമര​ഹി​ത​മായ ഹൃദയ​സ്‌പ​ന്ദനം മാത്രമല്ല നാനാ​വിധ കാരണ​ങ്ങ​ളാൽ മരണം​പോ​ലും സംഭവി​ക്കാ​നുള്ള സാധ്യത കൂടു​ത​ലാണ്‌.” (g04 12/8)

മാരക​മായ ഇന്ധനം

“വീട്ടി​ന​ക​ത്തു​വെച്ചു പാചകം ചെയ്യു​മ്പോ​ഴു​ണ്ടാ​കുന്ന പുക വികസ്വര രാജ്യ​ങ്ങ​ളിൽ ഓരോ ഇരുപതു സെക്കൻഡി​ലും ഒരാൾ മരിക്കു​ന്ന​തി​നു കാരണ​മാ​യി​ത്തീ​രു​ന്നു” എന്ന്‌ ഇന്ത്യയി​ലെ ന്യൂ ഡൽഹി​യിൽനി​ന്നുള്ള ഡൗൺ ടു എർത്ത്‌ മാസിക റിപ്പോർട്ടു ചെയ്യുന്നു. “ഈ സംഖ്യ മലമ്പനി മൂലം മരിക്കു​ന്ന​വ​രു​ടെ എണ്ണത്തെ​ക്കാൾ വളരെ ഉയർന്ന​തും മലിന​ജ​ല​ത്തി​ന്റെ ഉപയോ​ഗം, ശുചി​ത്വ​സം​വി​ധാ​ന​ങ്ങ​ളു​ടെ അഭാവം എന്നിവ മൂലം മരിക്കു​ന്ന​വ​രു​ടേ​തി​നു തുല്യ​വു​മാണ്‌.” ആവശ്യ​ത്തി​നു വായു​സ​ഞ്ചാ​ര​മി​ല്ലാത്ത മുറി​ക​ളിൽ തീ കത്തിക്കാൻ കൽക്കരി, ബയോ​മാസ്‌ (സസ്യപ​ദാർഥ​ങ്ങ​ളും ജന്തുക്ക​ളു​ടെ വിസർജ്യ​വും) എന്നിവ ഉപയോ​ഗി​ക്കു​മ്പോൾ മിക്ക​പ്പോ​ഴും അനുവ​ദ​നീ​യ​മായ അളവിന്റെ നൂറ്‌ മടങ്ങ്‌ മലിനീ​കാ​രി​കൾ വീട്ടിൽ നിറയു​ന്നു. ഇത്‌ വളരെ അപകട​ക​ര​മായ സ്ഥിതി​വി​ശേ​ഷ​മാണ്‌. ഈ മലിനീ​കാ​രി​കൾ ശ്വാസ​കോശ കാൻസർ, ആസ്‌ത്‌മ, ക്ഷയരോ​ഗം, വിട്ടു​മാ​റാത്ത ശ്വാസ​നാ​ള​വീ​ക്കം എന്നിവ​യ്‌ക്ക്‌ ഇടയാ​ക്കു​ന്ന​താ​യും പറയ​പ്പെ​ടു​ന്നു. ദി ഇന്റർമീ​ഡി​യറ്റ്‌ ടെക്‌നോ​ളജി ഡെവല​പ്‌മെന്റ്‌ ഗ്രൂപ്പ്‌ എന്ന ഗവേഷ​ണ​സ്ഥാ​പ​ന​ത്തി​ലെ വിദഗ്‌ധ​രു​ടെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ അനു​യോ​ജ്യ​മാ​യി രൂപകൽപ്പന ചെയ്യപ്പെട്ട പുകക്കു​ഴ​ലോ​ടു​കൂ​ടിയ അടുപ്പു​ക​ളോ പുക​പോ​ക്കി​മൂ​ടി​ക​ളോ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ കൂടുതൽ ശുദ്ധമായ ഇന്ധനങ്ങൾ വാങ്ങി​ക്കാൻ കഴിവി​ല്ലാത്ത ദരി​ദ്രർക്കു​പോ​ലും അപകട​ക​ര​മായ പുകയു​മാ​യുള്ള സമ്പർക്കം 80 ശതമാ​നം​വരെ കുറയ്‌ക്കാൻ സാധി​ക്കും. വീട്ടി​ന​കത്തെ വായു മലിനീ​ക​രണം കാരണം ഓരോ വർഷവും ഏകദേശം പത്തു ലക്ഷം കുട്ടി​ക​ളുൾപ്പെടെ പതിനാ​റു ലക്ഷം പേർ മരിക്കു​ന്നു. (g04 12/8)

ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യ​പ്പെ​ട്ടി​ട്ടുള്ള പുസ്‌ത​കം

ലോക​ത്തിൽ ഏറ്റവും കൂടുതൽ പരിഭാഷ ചെയ്യ​പ്പെ​ട്ടി​ട്ടുള്ള പുസ്‌തകം ഇപ്പോ​ഴും ബൈബിൾതന്നെ. നിലവിൽ ഏകദേശം 6,500 ഭാഷകൾ ഉള്ളതിൽ, 2,355 ഭാഷക​ളിൽ അത്‌ മുഴു​വ​നാ​യോ ഭാഗി​ക​മാ​യോ കാണ​പ്പെ​ടു​ന്നു. ആഫ്രി​ക്ക​യിൽ 665-ഉം ഏഷ്യയിൽ 585-ഉം ഓഷ്യാ​നി​യ​യിൽ 414-ഉം ലാറ്റിൻ അമേരി​ക്ക​യി​ലും കരീബി​യ​നി​ലും 404-ഉം യൂറോ​പ്പിൽ 209-ഉം വടക്കേ അമേരി​ക്ക​യിൽ 75-ഉം ഭാഷക​ളിൽ ഇപ്പോൾ ബൈബിൾ ലഭ്യമാണ്‌. യു​ണൈ​റ്റഡ്‌ ബൈബിൾ സൊ​സൈ​റ്റി​കൾ ഇപ്പോൾ ഏകദേശം 600 ഭാഷക​ളി​ലുള്ള ബൈബിൾ-പരിഭാ​ഷാ പദ്ധതി​ക​ളിൽ സഹായി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. (g04 12/8)

സ്രാവു​ക​ളു​ടെ ആക്രമ​ണ​ത്തിൽനി​ന്നു സംരക്ഷി​ക്കുന്ന ഉപകരണം

ഒരു സ്രാവി​നെ മുഖാ​മു​ഖം കാണേ​ണ്ടി​വ​രു​മെന്ന ചിന്തതന്നെ നീന്താൻ ഇഷ്ടപ്പെ​ടുന്ന പലരെ​യും സമു​ദ്ര​ത്തിൽനി​ന്നു വിട്ടു​നിൽക്കാൻ പ്രേരി​പ്പി​ക്കു​ന്നു. എന്നാൽ, സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ദക്ഷിണാ​ഫ്രി​ക്ക​യി​ലെ നാറ്റാൽ ഷാർക്‌സ്‌ ബോർഡ്‌, സ്രാവു​ക​ളു​ടെ ആക്രമ​ണ​ത്തിൽനി​ന്നു സംരക്ഷണം നൽകുന്ന ഒരു ഉപകരണം കണ്ടുപി​ടി​ച്ചി​രി​ക്കു​ന്നു. “ഒരു പ്രത്യേ​ക​തരം വൈദ്യു​ത തരംഗം സ്രാവു​ക​ളു​ടെ മോന്ത​യിൽ സ്ഥിതി​ചെ​യ്യുന്ന സംവേ​ദ​ക​ശേ​ഷി​യുള്ള സ്വീകാ​രി​കളെ സ്വാധീ​നി​ക്കു​ന്ന​താ​യി” ബോർഡ്‌ “കണ്ടെത്തി​യി​രി​ക്കു​ന്നു” എന്ന്‌ ക്വാസൂ​ലൂ-നാറ്റാൽ പ്രവി​ശ്യ​യി​ലെ വീക്കെൻഡ്‌ വിറ്റ്‌നെസ്‌ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. പ്രൊ​ട്ട​ക്ടിവ്‌ ഓഷ്യാ​നിക്‌ ഡി​വൈസ്‌ എന്നു പേരുള്ള ഒരു ട്രാൻസ്‌മി​റ്റർ, ബോർഡ്‌ രൂപകൽപ്പന ചെയ്‌തു. ഈ ഉപകര​ണ​ത്തി​ന്റെ സാന്നി​ധ്യം സ്രാവിൽ അസ്വസ്ഥ​ത​യു​ള​വാ​ക്കു​ന്നു. ഉപകര​ണ​ത്തോട്‌ അടുത്തു വരു​ന്തോ​റും ഈ അസ്വസ്ഥത വർധി​ക്കു​ന്നു. ഒടുവിൽ അസ്വസ്ഥത അസഹ്യ​മാ​കു​മ്പോൾ, “സ്രാവ്‌ അതിന്റെ ദിശ മാറ്റു​ക​യും ആ പ്രദേശം വിട്ടു​പോ​കു​ക​യും ചെയ്യുന്നു.” ഒരു ഓസ്‌​ട്രേ​ലി​യൻ കമ്പനി​യാണ്‌ കടലിൽ സർഫിങ്‌ നടത്തു​ന്ന​വർക്കും നീന്തൽക്കാർക്കും വേണ്ടി ഇത്തരം ട്രാൻസ്‌മി​റ്റ​റു​കൾ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌. ഈ ഉപകരണം കാൽമു​ട്ടി​നു താഴെ ഘടിപ്പി​ച്ചാൽ അതു നീന്തൽക്കാ​രനു ചുറ്റു​മുള്ള പ്രദേ​ശത്തെ ഒരു “വ്യക്തിഗത സ്രാവ്‌-വിമു​ക്ത​മേഖല”യാക്കി മാറ്റും. എന്നിരു​ന്നാ​ലും അതുണ്ടാ​ക്കുന്ന കമ്പനി ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു: “[ഈ ഉപകരണം] എല്ലാ സാഹച​ര്യ​ത്തി​ലും എല്ലാ സ്രാവു​ക​ളെ​യും പിന്തി​രി​പ്പി​ക്കു​മെന്ന്‌ ഒരു പ്രകാ​ര​ത്തി​ലും ഉറപ്പു നൽകാ​നാ​കില്ല.” (g04 12/22)

ടെലി​വി​ഷൻ കൊച്ചു കുട്ടി​കൾക്കു ഹാനി​ക​രം

“ടെലി​വി​ഷൻ കാണുന്ന വളരെ ചെറു​പ്രാ​യ​ത്തി​ലുള്ള കുട്ടികൾ സ്‌കൂ​ളിൽ പോകാൻ പ്രായ​മാ​കു​മ്പോ​ഴേ​ക്കും ശ്രദ്ധക്കു​റ​വു​മാ​യി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നേരി​ടാ​നുള്ള സാധ്യത കൂടു​ത​ലാണ്‌” എന്ന്‌ മെക്‌സി​ക്കോ നഗരത്തി​ലെ ദ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്‌തു. വൈദ്യ​ശാ​സ്‌ത്ര മാസി​ക​യായ പീഡി​യാ​ട്രി​ക്‌സിൽ പ്രസി​ദ്ധീ​ക​രി​ച്ചു​വന്ന ഒരു പഠന​ത്തെ​ക്കു​റിച്ച്‌ ഈ റിപ്പോർട്ട്‌ പരാമർശി​ക്കു​ക​യു​ണ്ടാ​യി. രണ്ടു ഗ്രൂപ്പു​ക​ളി​ലാ​യി—ഒരു വയസ്സു​കാ​രു​ടെ​യും മൂന്നു വയസ്സു​കാ​രു​ടെ​യും—മൊത്തം 1,345 കുട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ആ പഠനം. ദിവസേന ടെലി​വി​ഷൻ വീക്ഷിച്ച ഓരോ മണിക്കൂ​റും, കുട്ടി​യു​ടെ ഏഴാം വയസ്സിൽ ശ്രദ്ധാ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങൾ ഉണ്ടാകാ​നുള്ള സാധ്യത പത്ത്‌ ശതമാനം വർധി​പ്പി​ച്ച​താ​യി ഈ പഠനം കണ്ടെത്തി. “മിക്ക ടിവി പരിപാ​ടി​ക​ളു​ടെ​യും മുഖമു​ദ്ര​യായ അസാധാ​ര​ണ​മായ വേഗത്തിൽ മിന്നി​മ​റ​യുന്ന ദൃശ്യ​രൂ​പങ്ങൾ” കൊച്ചു​കു​ട്ടി​ക​ളു​ടെ “സാധാരണ മസ്‌തിഷ്‌ക വളർച്ചയെ ദോഷ​ക​ര​മാ​യി ബാധി​ച്ചേ​ക്കാം” എന്ന്‌ ഗവേഷകർ കരുതു​ന്നു. പ്രസ്‌തുത പഠനം നടത്തിയ ഡോ. ദിമി​ട്രി ക്രിസ്റ്റാ​കിസ്‌ ഇപ്രകാ​രം പറഞ്ഞു: “കുട്ടികൾ ടെലി​വി​ഷൻ വീക്ഷി​ക്കു​ന്നത്‌ നിരു​ത്സാ​ഹ​പ്പെ​ടു​ത്താൻ നിരവധി കാരണ​ങ്ങ​ളുണ്ട്‌ എന്നതാണു വാസ്‌തവം. [ടിവി കാണു​ന്നത്‌] പൊണ്ണ​ത്ത​ടി​യും അക്രമ​വാ​സ​ന​യും ഉണ്ടാകാ​നി​ട​യാ​ക്കു​മെന്നു മറ്റു പഠനങ്ങൾ കാണി​ച്ചി​രി​ക്കു​ന്നു.” (g04 12/22)

ചിരി ഒരു ഉത്തമ ഔഷധം

“ചിരി സുഖാ​നു​ഭൂ​തി പകരു​ന്ന​തി​ന്റെ മറ്റൊരു കാരണം കൂടി സ്റ്റാൻഫോർഡ്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ നാഡീ​ശാ​സ്‌ത്രജ്ഞർ കണ്ടെത്തി​യി​രി​ക്കു​ന്നു” എന്ന്‌ യുസി ബെർക്ലി വെൽനസ്‌ ലെറ്റർ റിപ്പോർട്ടു ചെയ്യുന്നു. “കാർട്ടൂൺ ഫലിതങ്ങൾ വായി​ക്കു​ന്ന​വ​രു​ടെ മസ്‌തിഷ്‌ക പ്രവർത്തനം നിരീ​ക്ഷി​ച്ച​തിൽനിന്ന്‌ നർമവും ചിരി​യും തലച്ചോ​റി​ലെ ‘റിവാർഡ്‌ സെന്ററു​കളെ’ ഉത്തേജി​പ്പി​ക്കു​ന്ന​താ​യി അവർ കണ്ടെത്തി.” ഉത്തേജക മരുന്നു​ക​ളും തലച്ചോ​റി​ലെ ഇതേ ഭാഗങ്ങ​ളെ​യാ​ണു ബാധി​ക്കു​ന്നത്‌. “ചിരി മാനസിക പിരി​മു​റു​ക്കം കുറയ്‌ക്കു​ക​യും മനസ്സിനെ ശാന്തമാ​ക്കു​ക​യും ഉന്മേഷം പകരു​ക​യും ചെയ്യുന്നു”വെന്ന്‌ വെൽനസ്‌ ലെറ്റർ പറയുന്നു. ചിരി ഹോർമോൺ ഉത്‌പാ​ദ​ന​വും ഹൃദയ​മി​ടി​പ്പും വർധി​പ്പി​ക്കു​ക​യും രക്തചം​ക്ര​മ​ണ​ത്തെ​യും പേശീ​ബ​ല​ത്തെ​യും മെച്ച​പ്പെ​ടു​ത്തു​ക​യും ചെയ്യുന്നു. “തീർച്ച​യാ​യും, ഹൃദയം​നി​റഞ്ഞ ചിരി ഒരുതരം വ്യായാ​മ​മാണ്‌. എന്നിരു​ന്നാ​ലും അതു വളരെ​യ​ധി​കം കലോ​റി​കൾ നഷ്ടപ്പെ​ടാൻ ഇടയാ​ക്കു​ന്നില്ല. നിങ്ങൾക്ക്‌ എത്ര വേണ​മെ​ങ്കി​ലും പൊട്ടി​ച്ചി​രി​ക്കാൻ കഴിയും പക്ഷേ അതു നിങ്ങൾ മെലി​യാൻ ഇടയാ​ക്കു​ക​യില്ല” എന്ന്‌ വെൽനസ്‌ ലെറ്റർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. (g04 12/22)

ശരപ്പക്ഷി​ക​ളു​ടെ സഞ്ചാര വൈദ​ഗ്‌ധ്യം

ശരപ്പക്ഷി​കൾ “ഏപ്രിൽ അവസാ​ന​ത്തോ​ടെ ആഫ്രി​ക്ക​യിൽനിന്ന്‌ ഇംഗ്ലണ്ടി​ലേക്ക്‌ 6,000-ത്തിലധി​കം കിലോ​മീ​റ്റർ ദേശാ​ടനം നടത്തുന്നു” എന്ന്‌ ലണ്ടനിലെ ദ സൺഡേ ടെല​ഗ്രാഫ്‌ റിപ്പോർട്ടു ചെയ്യുന്നു. അവയ്‌ക്ക്‌ “ആഗോള സ്ഥാനനിർണയ ഉപഗ്ര​ഹ​വും എയർ ട്രാഫിക്‌ കൺ​ട്രോ​ളും വൈമാ​നി​ക​രും” ഇല്ലെങ്കി​ലും ആധുനിക വിമാ​ന​ത്തെ​ക്കാ​ളും മികച്ച പറക്കൽ വിദ്യ ഉപയോ​ഗി​ച്ചു​കൊണ്ട്‌ അവ പതിവാ​യി രാത്രി​യിൽ 3,000 മീറ്റർ ഉയരത്തിൽ പറക്കുന്നു. കാറ്റിൽപ്പെട്ട്‌ മാർഗ​ഭ്രം​ശം സംഭവി​ക്കാ​തി​രി​ക്കാ​നാ​യി പക്ഷികൾ അവയുടെ പറക്കൽ ക്രമീ​ക​രി​ക്കു​ന്നു. ഇങ്ങനെ ചെയ്യവേ അവ സ്ഥാനം നിർണ​യി​ക്കു​ന്നത്‌, നേരത്തേ ധരിച്ചി​രു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി നിലത്തെ ഏതെങ്കി​ലും അടയാ​ള​മ​നു​സ​രി​ച്ചല്ല മറിച്ച്‌ കാറ്റി​ന​നു​സ​രി​ച്ചാണ്‌. റഡാർ ഉപയോ​ഗിച്ച്‌ 225 പക്ഷിക​ളു​ടെ സഞ്ചാരം നിരീ​ക്ഷിച്ച സ്വീഡ​നി​ലെ ലുൻഡ്‌ സർവക​ലാ​ശാ​ല​യി​ലെ ഡോ. യൂഹാൻ ബെക്ക്‌മൻ ഇപ്രകാ​രം പറയുന്നു: “പക്ഷികൾക്കു സാധി​ക്കു​ന്ന​തു​പോ​ലെ കാറ്റിന്റെ ഗതി നിർണ​യി​ക്കാൻ ഒരുപക്ഷേ വളരെ മികച്ച ഗതിനിർണയ ഉപകര​ണ​ങ്ങ​ളുള്ള അത്യാ​ധു​നിക വിമാ​ന​ങ്ങൾക്കു​പോ​ലും ആവില്ല.” ശ്രദ്ധേ​യ​മാ​യി, രാത്രി​കാ​ലത്തു പറക്കു​മ്പോൾ പക്ഷികൾ തലച്ചോ​റി​ന്റെ പകുതി ഭാഗത്തെ പ്രവർത്തനം നിറു​ത്തി​വ​യ്‌ക്കു​ന്ന​താ​യി ചില പഠനങ്ങൾ കാണി​ക്കു​ന്നു. എന്നിരു​ന്നാ​ലും ചില ചോദ്യ​ങ്ങൾ അവശേ​ഷി​ക്കു​ന്ന​താ​യി പക്ഷി സംരക്ഷ​ണ​ത്തി​നു​വേ​ണ്ടി​യുള്ള റോയൽ സൊ​സൈ​റ്റി​യി​ലെ ഗ്രഹാം മാജ്‌ പറയുന്നു. ഉദാഹ​ര​ണ​ത്തിന്‌, “പറന്നു​കൊ​ണ്ടി​രി​ക്കു​മ്പോൾ അവ എന്താണു ഭക്ഷിക്കു​ന്ന​തെന്ന ചോദ്യം ഉത്തരമി​ല്ലാ​തെ അവശേ​ഷി​ക്കു​ന്നു.” (g04 12/22)

മുതിർന്ന​വർക്കു വിഷബാ​ധ​യേൽക്കാൻ കൂടുതൽ സാധ്യത

ബ്രിട്ടീഷ്‌ കൊളം​ബിയ ഡ്രഗ്‌ ആൻഡ്‌ പോയി​സൺ ഇൻഫൊർമേഷൻ സെന്ററി​ലെ ഡെബ്‌റ കെന്റ്‌ ഇപ്രകാ​രം പറയുന്നു: “അബദ്ധത്തിൽ വിഷം ഉള്ളിൽച്ചെ​ല്ലു​ന്ന​തു​മൂ​ലം ഉണ്ടാകുന്ന മരണങ്ങൾ തടയു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ ഇത്‌ പൊതു​വെ കൊച്ചു​കു​ട്ടി​കൾക്കു സംഭവി​ക്കുന്ന കാര്യ​മാ​യി​ട്ടാണ്‌ അനേക​മാ​ളു​ക​ളും കരുതു​ന്നത്‌.” എന്നിരു​ന്നാ​ലും, കെന്റ്‌ തുടരു​ന്നു, “വിഷബാ​ധ​യേറ്റു മരിക്കു​ന്ന​വ​രിൽ അധിക​വും കൗമാ​ര​പ്രാ​യ​ക്കാ​രും മുതിർന്ന​വ​രു​മാണ്‌.” “അടയാ​ള​പ്പെ​ടു​ത്താത്ത മറ്റൊരു പാത്ര​ത്തിൽ, ഉദാഹ​ര​ണ​ത്തിന്‌ വെള്ള​മെ​ടു​ക്കുന്ന ഒരു പ്ലാസ്റ്റിക്‌ കുപ്പി​യിൽ, വിഷവ​സ്‌തു വെച്ചതാണ്‌” മുതിർന്ന​വ​രിൽ ഭൂരി​ഭാ​ഗ​ത്തി​നും അബദ്ധത്തിൽ വിഷബാ​ധ​യേൽക്കാൻ ഇടയാ​ക്കി​യ​തെന്ന്‌ ദ വാൻകൂ​വർ സൺ പറയുന്നു. മറ്റു കേസു​ക​ളു​ടെ കാര്യ​ത്തിൽ, ലൈറ്റിട്ട്‌ ലേബൽ വായി​ച്ച​തി​നു​ശേഷം മാത്രം ഉത്‌പന്നം ഉപയോ​ഗി​ച്ചി​രു​ന്നെ​ങ്കിൽ അപകടം ഒഴിവാ​ക്കാ​മാ​യി​രു​ന്നു. “മുതിർന്ന​വ​രു​ടെ​യി​ട​യിൽ ക്ഷതം സംഭവി​ച്ചു​ണ്ടാ​കുന്ന മരണങ്ങൾക്ക്‌ ഇടയാ​ക്കുന്ന പത്തു പ്രമുഖ കാരണ​ങ്ങ​ളിൽ വിഷബാ​ധ​യ്‌ക്കു നാലാം സ്ഥാനമാ​ണു​ള്ളത്‌” എന്ന്‌ സൺ റിപ്പോർട്ടു ചെയ്യുന്നു.