വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ശേഖരണം സമനില ആവശ്യമുള്ള ഒരു ഹോബി

ശേഖരണം സമനില ആവശ്യമുള്ള ഒരു ഹോബി

ശേഖരണം സമനില ആവശ്യ​മുള്ള ഒരു ഹോബി

ഓസ്‌ട്രേലിയയിലെ ഉണരുക! ലേഖകൻ

“ഒരിക്കൽ” ഇതെല്ലാം ആവശ്യം​വ​രു​മെന്നു പറഞ്ഞ്‌ എന്തെങ്കി​ലു​മൊ​ക്കെ കൂട്ടി​വെ​ക്കാ​റു​ണ്ടോ നിങ്ങൾ? പക്ഷേ കാലാ​ന്ത​ര​ത്തിൽ, അവകൊണ്ട്‌ യാതൊ​രു ഉപയോ​ഗ​വു​മി​ല്ലെന്നു തിരി​ച്ച​റി​യു​മ്പോൾ കൂട്ടി​വെ​ച്ചി​രി​ക്കുന്ന ആ സാധന​ങ്ങ​ളെ​ല്ലാം എടുത്തു​ക​ള​യാൻ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം. കൗതു​ക​ക​ര​മെന്നു പറയട്ടെ, അനേകം ആളുകൾ തങ്ങൾക്കു യാതൊ​രു പ്രാ​യോ​ഗിക ഉപയോ​ഗ​വും ഒരിക്ക​ലും കിട്ടു​ക​യി​ല്ലാത്ത സാധനങ്ങൾ ശേഖരി​ച്ചു​വെ​ക്കു​ന്നു. അവർക്ക്‌ അതൊരു രസമാണ്‌. അതേ, ശേഖരണം ഒരു ഹോബി​യാ​ക്കി​യി​രി​ക്കുന്ന ആളുക​ളെ​ക്കു​റി​ച്ചാണ്‌ നാം ഇവിടെ പറയു​ന്നത്‌.

ഇക്കൂട്ട​രിൽ ചിലർ പരമ്പരാ​ഗ​ത​രീ​തി പിൻപ​റ്റു​ന്ന​വ​രാണ്‌. പാറക്ക​ഷ​ണങ്ങൾ, സ്റ്റാമ്പുകൾ, പഴയ നാണയങ്ങൾ എന്നിവ​യോ​ടാണ്‌ അവർക്കു പ്രിയം. മറ്റു ചിലർക്കാ​കട്ടെ പാവക്കു​ട്ടി​കൾ, സ്റ്റഫ്‌ചെയ്‌ത മൃഗങ്ങൾ, സ്‌പൂ​ണു​കൾ, മെഡലു​കൾ, പോസ്റ്റ്‌കാർഡു​കൾ, പുരാ​വ​സ്‌തു​ക്കൾ, മ്യൂസിക്‌ റെക്കോർഡി​ങ്ങു​കൾ, അവധി​ക്കാ​ലം ചെലവ​ഴി​ച്ച​തി​ന്റെ സ്‌മര​ണി​കകൾ തുടങ്ങി​യ​വ​യോ​ടു വലിയ ആസക്തി​യാണ്‌. ശേഖരി​ക്കാ​നാ​ണെ​ങ്കിൽ എന്തെല്ലാ​മു​ണ്ടെ​ന്നോ! ഉദാഹ​ര​ണ​ത്തിന്‌, ഒരു യു.എസ്‌. അറ്റോർണി​യു​ടെ ശേഖര​ത്തിൽ റെയിൽപ്പാ​ള​ത്തി​ന്റെ ഏകദേശം 2,00,000 ആണികൾ ഉണ്ടത്രേ! തലയ്‌ക്കൽ തീയതി മുദ്രണം ചെയ്‌തി​ട്ടുള്ള ഇത്തരം പഴയ ആണികൾ തിരഞ്ഞ്‌ നാട്ടിൻപു​റ​ങ്ങ​ളി​ലൂ​ടെ അലയുന്ന നൂറു​ക​ണ​ക്കി​നു ശേഖര​പ്രി​യ​രിൽ ഒരാളാണ്‌ അദ്ദേഹം.

ഹാർപേ​ഴ്‌സ്‌ മാഗസിൻ ഇപ്രകാ​രം പറയുന്നു: “ആളുകൾ ശേഖരി​ക്കുന്ന വസ്‌തു​ക്ക​ളെ​ക്കു​റി​ച്ചു കേട്ടാൽ അന്തിച്ചു​പോ​കും—പല്ല്‌, ചിലതരം വിഗ്ഗുകൾ, തലയോ​ട്ടി​കൾ, മിഠായി ഭരണികൾ, ട്രോളി-കാർ ടിക്കറ്റു​കൾ, മുടി, ഫാനുകൾ, പട്ടങ്ങൾ, കൊടി​ലു​കൾ, നായ്‌ക്കൾ, നാണയങ്ങൾ, ഊന്നു​വ​ടി​കൾ, കാനറി​പ്പ​ക്ഷി​കൾ, ഷൂസുകൾ . . . ബട്ടൺസു​കൾ, എല്ലുകൾ, ഹാറ്റ്‌പി​ന്നു​കൾ, കള്ളയൊ​പ്പിട്ട രേഖകൾ, ആദ്യപ​തി​പ്പു​കൾ, ഗ്യാസ്‌ മാസ്‌കു​കൾ” തുടങ്ങി​യവ.

ഇനി, വളരെ വിചി​ത്ര​മായ വസ്‌തു​ക്കൾ ശേഖരി​ക്കു​ന്ന​വ​രു​മുണ്ട്‌. ഒരു റഷ്യൻ പ്രഭ്വി ശേഖരി​ച്ചി​രു​ന്നത്‌ എന്തായി​രു​ന്നെ​ന്നോ? കുലീ​ന​രും പ്രശസ്‌ത​രും ഉപയോ​ഗി​ച്ചി​രുന്ന ബെഡ്‌പാ​നു​കൾ. ജപ്പാനി​ലെ ഒരു നാടു​വാ​ഴിക്ക്‌ 5,000 നായ്‌ക്കൾ ഉണ്ടായി​രു​ന്നു. വളരെ ആർഭാ​ട​മാ​യി അലങ്കരിച്ച കൂടു​ക​ളി​ലാണ്‌ അവയെ പാർപ്പി​ച്ചി​രു​ന്നത്‌. സമ്പന്നനായ ഒരു ശേഖര​പ്രി​യൻ ആയിര​ക്ക​ണ​ക്കിന്‌ ചെള്ളു​കളെ “സ്‌പി​രി​റ്റു നിറച്ച ഓരോ ചെറു​കു​പ്പി​യിൽ സൂക്ഷി​ച്ചി​രു​ന്നു. അതിനെ ഏതു സ്ഥലത്തു​നി​ന്നാ​ണു കിട്ടി​യ​തെ​ന്നും ഏതു മൃഗത്തി​ന്റെ അല്ലെങ്കിൽ മനുഷ്യ​ന്റെ ശരീര​ത്തിൽനി​ന്നാ​ണു കിട്ടി​യ​തെ​ന്നും ആ കുപ്പി​ക​ളി​ന്മേൽ രേഖ​പ്പെ​ടു​ത്തി​യി​രു​ന്നു” എന്ന്‌ ഹാർപേ​ഴ്‌സ്‌ മാഗസിൻ പറയുന്നു.

ഇങ്ങനെ വിചി​ത്ര​മായ വസ്‌തു​ക്കൾ ശേഖരി​ക്കു​ന്നവർ ഉണ്ടെങ്കി​ലും ശേഖര​ണ​മെന്ന ആശയം ആധുനി​ക​കാ​ലത്ത്‌ ഉത്ഭവിച്ച ഒന്നല്ല. ഉദാഹ​ര​ണ​ത്തിന്‌, പുസ്‌ത​ക​ങ്ങ​ളു​ടെ​യും കയ്യെഴു​ത്തു​പ്ര​തി​ക​ളു​ടെ​യും ബൃഹത്തായ ശേഖരം സ്വന്തമാ​ക്കി​യി​രു​ന്ന​വ​രെ​ക്കു​റിച്ച്‌ ചരി​ത്ര​ത്തി​ന്റെ ഏടുക​ളിൽ കാണാം. പൗരാ​ണി​ക​ത​യിൽനി​ന്നൊ​രു വെളിച്ചം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽ, (പൊതു​യു​ഗ​ത്തി​നു മുമ്പ്‌ ഏഴാം നൂറ്റാ​ണ്ടിൽ) അസ്സീറി​യൻ രാജാ​വാ​യി​രുന്ന അശൂർബാ​നി​പ്പാൽ നീനെ​വേ​യി​ലെ തന്റെ വിശാ​ല​മായ വായന​ശാ​ല​യി​ലേ​ക്കാ​യി പുരാതന രേഖക​ളു​ടെ​യും പ്രമാ​ണ​ങ്ങ​ളു​ടെ​യും പ്രതികൾ ശേഖരി​ക്കാൻ വിദൂ​ഷ​ക​ന്മാ​രെ അയച്ചതാ​യി പറയുന്നു. അശൂർബാ​നി​പ്പാ​ലി​ന്റെ കൊട്ടാ​ര​ത്തി​ലെ ഈ വിസ്‌മ​യ​ക​ര​മായ വായന​ശാല 1853-ൽ കുഴി​ച്ചെ​ടു​ക്കു​ക​യു​ണ്ടാ​യി.

ഗ്രീസി​ലെ​യും റോമി​ലെ​യും പ്രഭു​വർഗ​വും ശേഖര​ണ​ക​ല​യ്‌ക്കു പേരു​കേ​ട്ട​വ​രാ​യി​രു​ന്നു. ശേഖരണം—ഒരു അടങ്ങാത്ത ആസക്തി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ പറയുന്നു: “സിസെ​റോ​യു​ടെ​യും സീസെ​റി​ന്റെ​യും കാലത്ത്‌ റോം വിജയ​ശ്രീ​ലാ​ളി​ത​മായ ഒരു സാമ്രാ​ജ്യ​ത്തി​ന്റെ പ്രൗഢി​യിൽ മുങ്ങി​ക്കു​ളി​ച്ചു​നി​ന്നി​രു​ന്നു, ഏറ്റവും മികച്ച​തെന്നു പറയാ​വു​ന്ന​തെ​ല്ലാം അന്ന്‌ അവരുടെ സ്വന്തമാ​യി​രു​ന്നു.  . . കലാവ​സ്‌തു വിൽപ്പ​ന​ക്കാർ നഗരച​ത്വ​ര​ങ്ങ​ളി​ലെ​ങ്ങും സ്ഥാനം പിടി​ച്ചി​രു​ന്നു. അവിടത്തെ സമ്പന്നരായ പൗരന്മാ​രിൽ ചിലർക്ക്‌ സ്വന്തമാ​യി മ്യൂസി​യ​ങ്ങൾപോ​ലും ഉണ്ടായി​രു​ന്നു.”

ശേഖര​ണ​ത്തിൽ രസകര​മാ​യി എന്താണു​ള്ളത്‌?

സാധനങ്ങൾ ശേഖരി​ക്കു​ന്നത്‌ ഇന്ന്‌ ആളുകൾ ഒരു ഹോബി​യാ​ക്കി​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ദി എൻ​സൈ​ക്ലോ​പീ​ഡിയ അമേരി​ക്കാ​നാ ഇങ്ങനെ പറയുന്നു: “ആളുകൾ ഹോബി​യിൽ ഏർപ്പെ​ടു​ന്ന​തിന്‌ പല കാരണങ്ങൾ ഉണ്ടാകാം, മുഖ്യ​മാ​യും വെറുതെ ഒരു രസത്തി​നാണ്‌. ഹോബി​കൾ പതിവു ജോലി​ക​ളിൽനി​ന്നു മനസ്സിന്‌ അയവു നൽകുന്നു.” അതേ, തങ്ങൾ സ്വരു​ക്കൂ​ട്ടി​വെ​ച്ചി​രി​ക്കുന്ന പ്രിയ​ങ്ക​ര​മായ വസ്‌തു​ക്കൾ ഒന്ന്‌ എടുത്തു​നോ​ക്കു​ന്ന​തും പരി​ശോ​ധി​ക്കു​ന്ന​തും അവർക്കൊ​രു സന്തോ​ഷ​മാണ്‌.

ഇങ്ങനെ ശേഖരി​ച്ചു​വെ​ക്കുന്ന വസ്‌തു​ക്കൾക്ക്‌ “സ്‌മൃ​തി​പ​ഥ​ത്തിൽനിന്ന്‌ അപ്രത്യ​ക്ഷ​മായ ആളുക​ളെ​യും സ്ഥലങ്ങ​ളെ​യും വീണ്ടും മനസ്സി​ലേക്കു കൊണ്ടു​വ​രാൻ കഴിയും. ശേഖരം പൗരാ​ണി​ക​ത​യു​ടെ ഗന്ധമു​ള്ള​താ​കു​മ്പോൾ അവ പോയ​ത​ല​മു​റ​ക​ളു​ടെ വൈദ​ഗ്‌ധ്യ​വും അഭിലാ​ഷ​ങ്ങ​ളും നാമിന്ന്‌ ആസ്വദി​ക്കുന്ന സുഖ സൗകര്യ​ങ്ങ​ളും തമ്മിൽ കൂട്ടി​യി​ണ​ക്കുന്ന ഒരു ചരടായി വർത്തി​ക്കു​ന്നു” എന്ന്‌ ഓസ്‌​ട്രേ​ലി​യ​യു​ടെ കാൻബെറാ ടൈംസ്‌ പത്രത്തിൽവന്ന ഒരു ലേഖനം പറയുന്നു. അതേ, വസ്‌തു​ക്കൾ ശേഖരി​ക്കു​ന്നത്‌ പ്രബോ​ധ​നാ​ത്മ​ക​മാണ്‌, വിദ്യാ​ഭ്യാ​സ​മൂ​ല്യ​മു​ള്ള​താണ്‌. ഉദാഹ​ര​ണ​ത്തിന്‌, ശേഖര​ണ​ത്തി​നു പേരു​കേ​ട്ട​യാ​ളാണ്‌ ഓസ്‌​ട്രേ​ലി​യ​യി​ലെ റെക്‌സ്‌ നാൻ കിവെൽ. അദ്ദേഹ​ത്തി​ന്റെ അന്യാ​ദൃ​ശ​മായ ശേഖര​ത്തിൽ ഓസ്‌​ട്രേ​ലി​യ​യു​ടെ​യും ന്യൂസി​ലൻഡി​ന്റെ​യും ആദിമ ചരി​ത്ര​മു​റ​ങ്ങുന്ന ഏതാണ്ട്‌ 15,000 ഇനം വസ്‌തു​ക്ക​ളുണ്ട്‌.

ഇനി, ഇങ്ങനെ ശേഖരി​ച്ചു​വെ​ക്കുന്ന വസ്‌തു​ക്കൾ ഒരു കനപ്പെട്ട സാമ്പത്തിക നിക്ഷേ​പ​മാ​ണെന്ന്‌ ആളുകൾ വിശ്വ​സി​ക്കു​ന്നു. ഇതൊരു ഹോബി​യാ​ക്കാൻ ആളുകളെ പ്രേരി​പ്പി​ക്കുന്ന മറ്റൊരു കാരണ​മാ​ണിത്‌. ഉട്ട്‌നെ റീഡർ ഇപ്രകാ​രം പറയുന്നു: “അല്ലെങ്കിൽപ്പി​ന്നെ ആളുകൾ എന്തിനാണ്‌ 80 യു.എസ്‌. ഡോളർ മുടക്കി, ആധികാ​രി​കത ഉറപ്പാ​ക്കുന്ന കത്തുസ​ഹി​ത​മുള്ള ‘1969-ലെ വുഡ്‌സ്റ്റോക്ക്‌ [റോക്ക്‌ സംഗീ​ത​പ​രി​പാ​ടി] ടിക്കറ്റു​കൾ’ കൈവ​ശ​പ്പെ​ടു​ത്തു​ന്നത്‌, അതും അവർ ആ പരിപാ​ടി​യിൽ പങ്കെടു​ക്കാ​തി​രു​ന്നി​ട്ടു​കൂ​ടെ? . . . ജനസമ്മി​തി​നേ​ടുന്ന എന്തി​നെ​ക്കു​റി​ച്ചു​മുള്ള സ്‌മര​ണി​കകൾ ശേഖരി​ക്കു​ന്നത്‌ ലാഭക​ര​മായ ഒരു ബിസി​ന​സ്സാ​യി​ത്തീർന്നി​രി​ക്കു​ന്നു.”

എങ്കിലും ശ്രദ്ധി​ക്കുക! ദ കാൻബെറാ ടൈം​സിൽവന്ന ഒരു ലേഖനം ഈ മുന്നറി​യി​പ്പു നൽകുന്നു: “സാധനങ്ങൾ ശേഖരി​ക്കു​ന്നത്‌ രസമുള്ള ഒരു കാര്യം​തന്നെ, പക്ഷേ കെണി​ക​ളു​മുണ്ട്‌. വിൽപ്പ​ന​ക്കാ​രെ​ല്ലാം സത്യസ​ന്ധരല്ല. പല വ്യാജ​വ​സ്‌തു​ക്ക​ളും അമൂല്യ​വ​സ്‌തു​ക്ക​ളാ​ണെന്ന വ്യാജേന പ്രത്യ​ക്ഷ​പ്പെ​ടാ​റുണ്ട്‌, ഇവിടെ മാന്യ​ത​യ്‌ക്കും ധാർമി​ക​ത​യ്‌ക്കും ഒന്നും ഒരു വിലയു​മില്ല.” ഒരുവന്റെ “നിക്ഷേപം” മുഴു​വ​നും വെള്ളത്തി​ലാ​യെ​ന്ന​റി​യു​ന്നത്‌ എത്ര ഹൃദയ​ഭേ​ദ​ക​മാ​യി​രി​ക്കും! അങ്ങനെ​യെ​ങ്കിൽ, ശേഖര​ണ​ത്തിൽ താത്‌പ​ര്യ​മു​ള്ളവർ സദൃശ​വാ​ക്യ​ങ്ങൾ 14:15-ലെ വാക്കുകൾ നന്നേ പ്രാ​യോ​ഗി​ക​മെന്നു കണ്ടെത്തി​യേ​ക്കാം: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.”

സമനി​ല​യു​ടെ ആവശ്യം

ഈ ഹോബിക്ക്‌ ഒരുവന്റെ ധാരാളം സമയവും ഊർജ​വും പണവും കവർന്നെ​ടു​ക്കാൻ കഴിയും. ഒരു വനിത അവരുടെ ശേഖര​ണ​പ്രി​യത്തെ “അടക്കാ​നാ​വാത്ത ത്വര” എന്നാണു വിശേ​ഷി​പ്പി​ച്ചത്‌. ജീവി​ത​കാ​ലം മുഴു​വ​നും ശേഖരണം ഒരു ഹോബി​യാ​ക്കിയ അലെസ്റ്റാർ മാർട്ടിൻ, ചില ശേഖര​ണ​ക്കാ​രു​ടെ പെരു​മാ​റ്റം കണ്ടാൽ “ഏതാണ്ട്‌ കിറു​ക്കു​ള്ള​തു​പോ​ലെ തോന്നും” എന്നുവരെ സമ്മതി​ച്ചു​പ​റഞ്ഞു.

ശേഖരണം—ഒരു അടങ്ങാത്ത ആസക്തി എന്ന തന്റെ പുസ്‌ത​ക​ത്തിൽ മൂയെൻസ്റ്റെർബർഗർ ഇപ്രകാ​രം പറഞ്ഞു: “ഈ ഹോബി ഉള്ളവരെ നിരീ​ക്ഷി​ക്കുന്ന ഒരാൾക്ക്‌ ഇവരിൽ ശേഖര​ങ്ങൾക്കാ​യുള്ള ഒരു ഒടുങ്ങാത്ത ആഗ്രഹം, ത്വര പെട്ടെ​ന്നു​തന്നെ കാണാ​നാ​കും. . . . മാറി​നി​ന്നു നോക്കുന്ന ഒരാൾക്ക്‌ സാധനങ്ങൾ ശേഖരി​ക്കുന്ന പ്രക്രിയ മാത്രമല്ല ഒരു വിചിത്ര പ്രതി​ഭാ​സ​മാ​യി തോന്നു​ന്നത്‌. ഇവരുടെ അസാധാ​രണ വ്യക്തി​ത്വം, ശേഖര​ണ​വ​സ്‌തു​ക്കൾ തിരയു​മ്പോ​ഴുള്ള ശക്തമായ വികാ​ര​പ്ര​ക​ട​നങ്ങൾ, എന്തെങ്കി​ലും കണ്ടെത്തു​മ്പോ​ഴോ നഷ്ടപ്പെ​ടു​മ്പോ​ഴോ പ്രകട​മാ​കുന്ന അത്യാ​ഹ്ലാ​ദ​വും കടുത്ത നിരാ​ശ​യും, ചില​പ്പോ​ഴൊ​ക്കെ പ്രകട​മാ​കുന്ന വിചി​ത്ര​മായ മനോ​ഭാ​വ​വും പെരു​മാ​റ്റ​വും ഒക്കെ വല്ലാ​ത്തൊ​രു പ്രതീതി ജനിപ്പി​ച്ചേ​ക്കാം.”

ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തി​ക്കാ​നോ ബുദ്ധി​മു​ട്ടു​കൾ വരുത്തി​വെ​ക്കുന്ന അളവോ​ളം പോകാ​നോ ഏതെങ്കി​ലും ഹോബി​യോ​ടുള്ള ആസക്തിയെ ഒരു ക്രിസ്‌ത്യാ​നി അനുവ​ദി​ക്ക​ണ​മോ? വേണ്ട. കാരണം “സമചി​ത്ത​ത​യു​ള്ള​വ​രാ​യി​രി​ക്കു​വിൻ” എന്നു ബൈബിൾ നമ്മോട്‌ ആഹ്വാനം ചെയ്യുന്നു. (1 പത്രൊസ്‌ 1:13, പി.ഒ.സി. ബൈബിൾ) ഒരു ഹോബി ആസ്വാ​ദ്യ​മാ​യി​രി​ക്കും എന്നതിനു സംശയ​മില്ല. എന്നാൽ, ദൈവ​ഭ​ക്ത​നായ ഒരു വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം അത്‌ ‘കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​ക​ളു​ടെ’ പട്ടിക​യിൽ വരുന്നില്ല. (ഫിലി​പ്പി​യർ 1:10, NW) ഇക്കാര്യ​ത്തിൽ ശലോ​മോൻ രാജാ​വിൽനിന്ന്‌ ഒരു പാഠം ഉൾക്കൊ​ള്ളാ​നാ​കും. തന്റെ അളവറ്റ സമ്പത്ത്‌ ഉപയോ​ഗിച്ച്‌ അവൻ മണിമാ​ളി​കകൾ, മുന്തി​രി​ത്തോ​പ്പു​കൾ, കന്നുകാ​ലി​കൾ എന്നിവ​യു​ടെ​യും വിവി​ധ​തരം ഫലവൃ​ക്ഷ​ങ്ങ​ളു​ടെ​യും ഒരു ശേഖരം സ്വന്തമാ​ക്കി. “എന്റെ കണ്ണു ആഗ്രഹി​ച്ച​തൊ​ന്നും ഞാൻ അതിന്നു നിഷേ​ധി​ച്ചില്ല,” അവൻ സമ്മതി​ക്കു​ന്നു. എന്നാൽ ഈ സംഗതി​കൾക്കു​വേണ്ടി ജീവിതം ഉഴിഞ്ഞു​വെ​ച്ചിട്ട്‌ അവന്‌ എന്തെങ്കി​ലും സംതൃ​പ്‌തി ലഭിച്ചോ? ശലോ​മോൻ പറയുന്നു: “ഞാൻ എന്റെ കൈക​ളു​ടെ സകല​പ്ര​വൃ​ത്തി​ക​ളെ​യും ഞാൻ ചെയ്‌വാൻ ശ്രമിച്ച സകലപ​രി​ശ്ര​മ​ങ്ങ​ളെ​യും നോക്കി; എല്ലാം മായയും വൃഥാ​പ്ര​യ​ത്‌ന​വും അത്രേ.”—സഭാ​പ്ര​സം​ഗി 2:3-11.

കൂടുതൽ പ്രാധാ​ന്യ​മുള്ള കാര്യ​ങ്ങളെ മൂടി​ക്ക​ള​യാ​തി​രി​ക്കാൻ തക്കവണ്ണം നിങ്ങളു​ടെ ഹോബി​ക്കു കടിഞ്ഞാ​ണി​ടാൻ എങ്ങനെ കഴിയും? നിങ്ങൾക്ക്‌ സ്വയം ഇങ്ങനെ ചോദി​ക്കാം. ‘ഈ ഹോബി​യി​ലോ നേര​മ്പോ​ക്കി​ലോ എനിക്കു ന്യായ​മാ​യി എത്രസ​മയം ചെലവ​ഴി​ക്കാ​നാ​കും?’ ഓർക്കുക, ഇഷ്ടപ്പെട്ട വസ്‌തു സ്വന്തമാ​ക്കു​ന്ന​തു​കൊ​ണ്ടു തീർന്നില്ല. നിങ്ങളു​ടെ ശേഖരങ്ങൾ നന്നായി പരിപാ​ലി​ക്കു​ന്ന​തി​നും പതിവാ​യി വൃത്തി​യാ​ക്കു​ന്ന​തി​നും അടുക്കി​നും​ചി​ട്ട​യ്‌ക്കും വെക്കു​ന്ന​തി​നും കണ്ട്‌ ആസ്വദി​ക്കു​ന്ന​തി​നും അവയുടെ സുരക്ഷി​ത​ത്വം ഉറപ്പാ​ക്കു​ന്ന​തി​നും എല്ലാം സമയം ആവശ്യ​മാണ്‌. ഇനി, പണത്തിന്റെ കാര്യ​മോ? വീട്ടാ​വ​ശ്യ​ങ്ങൾക്കു​വേണ്ടി വെച്ചി​രി​ക്കുന്ന പണം നിങ്ങൾ ഹോബി​ക്കു​വേണ്ടി ചെലവി​ട്ടു തീർക്കു​ക​യാ​ണോ? (1 തിമൊ​ഥെ​യൊസ്‌ 5:8) കൊക്കി​ലൊ​തു​ങ്ങാ​ത്തതു കൊത്താ​നുള്ള ആഗ്രഹ​ത്തി​നു കടിഞ്ഞാ​ണി​ടാ​നുള്ള ആത്മനി​യ​ന്ത്രണം നിങ്ങൾക്കു​ണ്ടോ? നിങ്ങൾ എത്രതന്നെ ശ്രമി​ച്ചാ​ലും ശേഖരി​ക്കാൻ കൊള്ളുന്ന വസ്‌തു​ക്ക​ളെ​ല്ലാം നിങ്ങൾക്കു സ്വന്തമാ​ക്കാ​നാ​വി​ല്ല​ല്ലോ. പുസ്‌ത​ക​ങ്ങ​ളെ​ക്കു​റിച്ച്‌ ശലോ​മോൻ പറഞ്ഞത്‌ മറ്റു ശേഖര​ങ്ങ​ളെ​ക്കു​റി​ച്ചും സത്യമാണ്‌: “പുസ്‌തകം ഓരോ​ന്നു​ണ്ടാ​ക്കു​ന്ന​തി​ന്നു അവസാ​ന​മില്ല; അധികം പഠിക്കു​ന്നതു ശരീര​ത്തി​ന്നു ക്ഷീണം തന്നേ.” (സഭാ​പ്ര​സം​ഗി 12:12) അതു​കൊണ്ട്‌ ക്രിസ്‌തീയ സമചിത്തത അനിവാ​ര്യ​മാണ്‌.

ശേഖര​ണ​ത്തെ “ഒരു അടങ്ങാത്ത ആസക്തി” എന്നു വിളി​ച്ചി​രി​ക്കു​ന്ന​താ​യി നാം കാണു​ക​യു​ണ്ടാ​യി. എന്നാൽ അത്‌ അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. ഈ ഹോബി​യെ ഉചിത​മായ സ്ഥാനത്തു നിറു​ത്തി​ക്കൊണ്ട്‌ സമനി​ല​യോ​ടെ വീക്ഷി​ക്കു​ന്നെ​ങ്കിൽ അതു മനസ്സിന്‌ അയവും ആസ്വാ​ദ്യ​ത​യും കൈവ​രു​ത്തുന്ന, വിജ്ഞാനം പകരുന്ന ഒരു നേര​മ്പോക്ക്‌ ആയിരു​ന്നേ​ക്കാം.

[26-ാം പേജിലെ ചിത്രം]

ഒരു ഹോബി തിര​ഞ്ഞെ​ടു​ക്കു​മ്പോൾ അതിനു വേണ്ടി​വ​ന്നേ​ക്കാ​വുന്ന സമയവും പണവും മുന്നമേ കണക്കു കൂട്ടേ​ണ്ട​താണ്‌