ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
കഷ്ടപ്പാട് “യുവജനങ്ങൾ ചോദിക്കുന്നു . . . നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?” (2004 ഏപ്രിൽ 8) എന്ന ലേഖനത്തിനു വളരെ നന്ദി. എനിക്ക് 14 വയസ്സുണ്ട്. അടുത്തകാലത്ത് എന്റെ വല്യപ്പനെയും ഒരു ആന്റിയെയും മരണത്തിൽ എനിക്കു നഷ്ടപ്പെട്ടു. അവർ രണ്ടുപേരും എനിക്ക് വളരെ അടുപ്പമുള്ളവരായിരുന്നു. അവരുടെ മരണത്തിന് ദൈവത്തെ കുറ്റപ്പെടുത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. സാത്താനാണ് ഉത്തരവാദി, അവന് ഇനി അൽപ്പസമയമേ ശേഷിച്ചിട്ടുള്ളുതാനും. ഈ ലേഖനം എനിക്കു വളരെ സാന്ത്വനം പകർന്നു. ഇത്തരം ലേഖനങ്ങൾ തുടർന്നും എഴുതുമല്ലോ. നിങ്ങൾക്ക് എന്റെ ഹൃദയംനിറഞ്ഞ നന്ദി.
ബി. ബി., ഐക്യനാടുകൾ
ഞാൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടി ഒരു കാർ അപകടത്തിൽ കൊല്ലപ്പെട്ടത് അടുത്തകാലത്തായിരുന്നു. എന്നെയും സഭയെയും പ്രത്യേകിച്ച് അവളുടെ മാതാപിതാക്കളെയും ദുഃഖത്തിലാഴ്ത്തിയ ഒരു ഭീകരദുരന്തമായിരുന്നു അത്. നീറുന്ന ഹൃദയവ്യഥയിൽനിന്ന് പുറത്തുവരാൻ എന്നെ സഹായിച്ചതിന് ഞാൻ യഹോവയ്ക്കു നന്ദിപറയുന്നു. “നാം കഷ്ടപ്പെടാൻ ദൈവം അനുവദിക്കുന്നത് എന്തുകൊണ്ട്?” എന്ന ലേഖനത്തിനു ഞാൻ നന്ദിപറയട്ടെ. തക്കസമയത്താണ് അതു വന്നത്.
ഐ. ഡി., ജർമനി
ഈ ലേഖനം വായിക്കാൻ ആദ്യം എനിക്ക് ആഗ്രഹമില്ലായിരുന്നു. അതിന്റെ ഉള്ളടക്കം വളരെ ശോകാത്മകമായിരിക്കുമെന്നു ഞാൻ കരുതി. ഒരു രോഗത്തെത്തുടർന്ന് രണ്ടു വർഷംമുമ്പാണ് എന്റെ ജ്യേഷ്ഠൻ മരിച്ചത്. എന്റെ ഹൃദയത്തിൽ അതുണ്ടാക്കിയ മുറിപ്പാടുകൾ ഇനിയും ഉണങ്ങിയിട്ടില്ല. എന്നാൽ യഹോവ നല്ല ദാനങ്ങളുടെ ദാതാവാണെന്ന് ആ ലേഖനം എന്നെ അനുസ്മരിപ്പിച്ചു. എന്റെ വടുക്കൾ പെട്ടെന്ന് ഉണങ്ങുന്നതായി എനിക്കു തോന്നി. ഈ അസ്ഥിരമായ ലോകത്തിൽ തുടർന്നും ജീവിക്കാനുള്ള ധൈര്യം എനിക്കു ലഭിച്ചു.
എസ്. എച്ച്., ജപ്പാൻ
ലാക്ടോസ് അസഹനീയത “‘ലാക്ടോസ് അസഹനീയത’ അതേക്കുറിച്ചു മനസ്സിലാക്കിയിരിക്കുക” എന്ന ലേഖനത്തിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ ചില വർഷങ്ങളായി ഞാൻ സഹിക്കുകയായിരുന്നു. (2004 ഏപ്രിൽ 8) അതുകൊണ്ട് ഞാൻ ഉച്ഛ്വാസവായുവിൽ ഹൈഡ്രജൻ ഉണ്ടോ എന്നറിയാനുള്ള പരിശോധനയ്ക്കു വിധേയയായി, എനിക്ക് ലാക്ടോസ് അസഹനീയത ഉണ്ടെന്ന് അതിലൂടെ അറിയാൻ കഴിഞ്ഞു. ഈ ലേഖനം ഡോക്ടറെ കാണിച്ചപ്പോൾ വളരെ നന്നായി ഗവേഷണം ചെയ്ത് എഴുതിയതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഇത്തരമൊരു നല്ല ലേഖനം എഴുതിയതിന് നിങ്ങൾക്കു നന്ദിപറയാനും അദ്ദേഹം എന്നോടു പറഞ്ഞു. മുമ്പെന്നെങ്കിലും ഉണരുക! വായിച്ചതായി അദ്ദേഹം ഓർക്കുന്നില്ലായിരുന്നു.
ഇ. എസ്., ജർമനി
അമിത മദ്യപാനം “ബൈബിളിന്റെ വീക്ഷണം: അമിത മദ്യപാനം തീർത്തും അനഭികാമ്യമോ?” എന്ന ലേഖനത്തിനു നന്ദി. (2004 ഏപ്രിൽ 8) ഭാര്യയും ഞാനും തമ്മിലുള്ള വഴക്കിന്റെ മൂലകാരണം എന്റെ മദ്യപാനമായിരുന്നെന്ന് ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു, അതിനു ഞാൻ എന്തുമാത്രം പണമാണ് പാഴാക്കിക്കളഞ്ഞത്. ഇപ്പോൾ ഞാൻ മദ്യത്തിന്റെ അളവു കുറച്ചു, കൂടെക്കൂടെ കഴിക്കുന്ന രീതിയും ഉപേക്ഷിച്ചു.
ജി. കെ., ടാൻസാനിയ
പദപ്രശ്നങ്ങൾ ഉണരുക!യിലെ പദപ്രശ്നങ്ങൾ ഞാൻ ആസ്വദിക്കുന്നു. അവ പ്രബോധനാത്മകമാണ്. ആദ്യമൊക്കെ ശരിയായ വാക്ക് കണ്ടുപിടിക്കാൻ എനിക്കു മിക്കപ്പോഴും ബൈബിൾ പരിശോധിക്കേണ്ടിവന്നിരുന്നു. ഇപ്പോൾ വിരളമായേ അതു വേണ്ടിവരുന്നുള്ളൂ. അതിനു കാരണം എന്റെ ബൈബിൾ പഠനപരിപാടിയാണ്. വാസ്തവത്തിൽ ഈ പംക്തിയാണ് വ്യക്തിപരമായ ബൈബിൾ പഠനപരിപാടി ഉണ്ടായിരിക്കാൻ എന്നെ പ്രേരിപ്പിച്ചത്!
ഡബ്ലിയു. കെ., പോളണ്ട്
“ഉണരുക!”യുടെ പ്രതികരണം: “ഉണരുക!” (ഇംഗ്ലീഷ്) മാസികയിലെ പദപ്രശ്നം എന്ന പംക്തി, ചില ഭാഷാപതിപ്പുകളിൽ “നിങ്ങൾക്ക് അറിയാമോ?” എന്ന പേരിലുള്ള ഒരു ബൈബിൾ ക്വിസ്സാണ്. (g05 1/8)
ദുശ്ശീലങ്ങൾ “ബൈബിളിന്റെ വീക്ഷണം: ദുശ്ശീലങ്ങളെ മറികടക്കാൻ സാധിക്കുമോ?” എന്ന ലേഖനത്തിനു നന്ദിപറയാൻ നിങ്ങൾക്കെഴുതിയേ തീരൂ എന്ന് എനിക്കു തോന്നി. (2004 മേയ് 8) കുറെനാളുകളായി ഞാൻ തൂക്കക്കൂടുതലുമായി മല്ലിടുകയായിരുന്നു. എനിക്കു തൂക്കം കുറയും, പക്ഷേ പിന്നെയും കൂടും. ഈ ലേഖനം അതിനെക്കുറിച്ചുള്ളത് ആയിരുന്നില്ലെങ്കിലും ഇതിലെ വിവരങ്ങൾ എനിക്കു പ്രയോജനം ചെയ്തു. എന്റെ ദുശ്ശീലങ്ങളെക്കുറിച്ച് ഒരു വിശകലനം നടത്താനും അവ എന്റെ തൂക്കക്കൂടുതലിന് ഇടയാക്കിയിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കാനും ലേഖനം എന്നെ സഹായിച്ചു. നമുക്കു പോരാടേണ്ടിവരുന്ന വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് യഹോവയ്ക്ക് അറിയാമെന്നും അവന് അതിൽ താത്പര്യമുണ്ടെന്നും ഓർമിപ്പിച്ചതിനു നിങ്ങൾക്കു വളരെ നന്ദി.
എം. എസ്., ഐക്യനാടുകൾ