വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നല്ല സുഹൃത്തുക്കളും അല്ലാത്തവരും

നല്ല സുഹൃത്തുക്കളും അല്ലാത്തവരും

നല്ല സുഹൃ​ത്തു​ക്ക​ളും അല്ലാത്ത​വ​രും

ഒരു യുവതി, നമുക്ക്‌ അവളെ സാറാ എന്നു വിളി​ക്കാം, തന്റെ ഹൃദയ​വ്യ​ഥകൾ പകരു​ക​യാ​യി​രു​ന്നു. തന്റെ സുഹൃ​ത്താ​ണെന്ന്‌ അവൾ കരുതിയ ഒരു പുരുഷൻ ഒരു കൊല​പാ​ത​കി​യാ​ണെന്ന്‌ അവൾ തിരി​ച്ച​റി​ഞ്ഞു. ‘ഞാൻ വിശ്വാ​സം അർപ്പി​ച്ച​യാൾ അത്തരക്കാ​ര​നാ​ണെ​ങ്കിൽ എനിക്ക്‌ എങ്ങനെ ഒരാളെ വിശ്വ​സി​ക്കാൻ കഴിയും?’ അവൾ ചോദി​ച്ചു. അയാൾക്ക്‌ ഏതുതരം മൂല്യ​ങ്ങ​ളാ​ണു​ള്ള​തെന്ന്‌ അവൾക്ക്‌ അറിയാ​മാ​യി​രു​ന്നോ എന്ന്‌ അപ്പോൾ അവൾ പറഞ്ഞതു കേട്ടു​കൊ​ണ്ടി​രു​ന്ന​യാൾ ചോദി​ച്ചു. “എന്നു​വെ​ച്ചാൽ എന്താണ്‌?” അവൾ പ്രതി​വ​ചി​ച്ചു. “മൂല്യങ്ങൾ” എന്നാൽ എന്താ​ണെ​ന്നു​പോ​ലും സാറാ​യ്‌ക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. നിങ്ങളു​ടെ കാര്യ​ത്തി​ലോ? നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്ക്‌ ഏതുതരം മൂല്യ​ങ്ങ​ളാ​ണു​ള്ള​തെന്നു നിങ്ങൾക്ക​റി​യാ​മോ?

സുഹൃ​ത്തു​ക്ക​ളു​ടെ മൂല്യങ്ങൾ അറിയു​ന്നത്‌ അക്ഷരാർഥ​ത്തിൽത്തന്നെ ജീവ​നെ​യോ മരണ​ത്തെ​യോ അർഥമാ​ക്കി​യേ​ക്കാം, അതാണ്‌ സാറാ​യു​ടെ അനുഭവം കാണി​ക്കു​ന്നത്‌. ആ വസ്‌തു​തയെ ഒരു ബൈബിൾ പഴമൊ​ഴി ഇപ്രകാ​രം വിവരി​ക്കു​ന്നു: “ജ്ഞാനി​ക​ളോ​ടു​കൂ​ടെ നടക്ക; നീയും ജ്ഞാനി​യാ​കും; ഭോഷ​ന്മാർക്കു കൂട്ടാ​ളി​യാ​യ​വ​നോ വ്യസനി​ക്കേ​ണ്ടി​വ​രും.” (സദൃശ​വാ​ക്യ​ങ്ങൾ 13:20) എന്നാൽ, സാറാ​യെ​പ്പോ​ലെ പലയാ​ളു​ക​ളും കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ അവർ മറ്റുള്ള​വ​രു​മാ​യി ചേർന്നു​പോ​കു​ന്നു​ണ്ടോ ഇല്ലയോ എന്നതിന്റെ, അല്ലെങ്കിൽ അവരോ​ടൊ​പ്പം ആയിരി​ക്കു​മ്പോൾ തങ്ങൾക്ക്‌ എന്തു തോന്നു​ന്നു എന്നതിന്റെ, അടിസ്ഥാ​ന​ത്തിൽ മാത്ര​മാണ്‌. സന്തോഷം പകരുന്ന ആളുക​ളോ​ടൊ​പ്പം ആയിരി​ക്കാൻ നാം സ്വാഭാ​വി​ക​മാ​യും ഇഷ്ടപ്പെ​ടു​ന്നു. എന്നാൽ അതു മാത്ര​മാണ്‌ സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ നമ്മുടെ മാനദ​ണ്ഡ​മെ​ങ്കിൽ, വ്യക്തി​യു​ടെ ആന്തരി​ക​ഗു​ണങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു യാതൊ​രു ശ്രമവും ചെയ്യു​ന്നി​ല്ലെ​ങ്കിൽ, അതു നമ്മെ വളരെ​യ​ധി​കം നിരാ​ശ​പ്പെ​ടു​ത്തി​യേ​ക്കാം. ഒരു വ്യക്തിക്കു നല്ല മൂല്യ​ങ്ങ​ളു​ണ്ടോ​യെന്നു നിങ്ങൾക്ക്‌ എങ്ങനെ അറിയാൻ കഴിയും?

ഉയർന്ന ധാർമിക മൂല്യ​ങ്ങ​ളു​ടെ ആവശ്യം

ഒന്നാമ​താ​യി, നമുക്കു​തന്നെ ഉത്തമ മൂല്യങ്ങൾ ഉണ്ടായി​രി​ക്കണം. തെറ്റും ശരിയും നല്ലതും തീയതും എന്താ​ണെ​ന്നതു സംബന്ധിച്ച്‌ നമുക്കു വ്യക്തമായ ഒരു ധാരണ വേണം, ഉയർന്ന ധാർമിക തത്ത്വങ്ങൾ എല്ലായ്‌പോ​ഴും മുറു​കെ​പ്പി​ടി​ക്കു​ക​യും ചെയ്യണം. മറ്റൊരു ബൈബിൾ പഴമൊ​ഴി ശ്രദ്ധി​ക്കുക: “ഇരിമ്പു ഇരിമ്പി​ന്നു മൂർച്ച​കൂ​ട്ടു​ന്നു; മനുഷ്യൻ മനുഷ്യ​ന്നു മൂർച്ച​കൂ​ട്ടു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 27:17) ഇരുമ്പു​സ​മാന ധാർമി​ക​ബ​ല​മുള്ള രണ്ടുപേർ സുഹൃ​ത്തു​ക്ക​ളാ​കു​ന്നെ​ങ്കിൽ തുടർന്നും മെച്ച​പ്പെ​ടു​ന്ന​തിൽ പരസ്‌പരം സഹായി​ക്കാൻ അവർക്കു കഴിയും, ആ സുഹൃ​ദ്‌ബന്ധം കരുത്തു​റ്റ​താ​യി​രി​ക്കു​ക​യും ചെയ്യും.

ഫ്രാൻസിൽനി​ന്നുള്ള പാകോം പറയുന്നു: “ഞാൻ പറയു​മ്പോൾ ശ്രദ്ധി​ച്ചി​രി​ക്കുന്ന, എന്നോടു ദയയോ​ടെ സംസാ​രി​ക്കുന്ന, അതേസ​മയം ഞാൻ എന്തെങ്കി​ലും ബുദ്ധി​ശൂ​ന്യത കാണി​ക്കു​മ്പോൾ എന്നെ ശാസി​ക്കാൻ പ്രാപ്‌ത​നായ ഒരു സുഹൃ​ത്താണ്‌ എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം യഥാർഥ സുഹൃത്ത്‌.” അതേ, ശരിയായ പാതയിൽ തുടരാൻ നമ്മെ സഹായി​ക്കു​ന്നവർ, ബുദ്ധി​ശൂ​ന്യ​മാ​യി പ്രവർത്തി​ക്കാൻ മുതി​രു​മ്പോൾ നമ്മെ തിരു​ത്തു​ന്നവർ, ആണ്‌ ഉത്തമ സുഹൃ​ത്തു​ക്കൾ, അതു ചെറു​പ്പ​ക്കാ​രോ പ്രായ​മു​ള്ള​വ​രോ ആകാം. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്‌നേ​ഹി​തൻ വരുത്തുന്ന മുറി​വു​കൾ വിശ്വ​സ്‌ത​ത​യു​ടെ ഫലം.” (സദൃശ​വാ​ക്യ​ങ്ങൾ 27:6) ധാർമി​ക​വും ആത്മീയ​വും ആയി ശക്തിയാർജി​ക്കു​ന്ന​തി​നു നാം ദൈവ​ത്തെ​യും അവന്റെ തത്ത്വങ്ങ​ളെ​യും സ്‌നേ​ഹി​ക്കു​ന്ന​വ​രു​മാ​യി സഹവസി​ക്കേ​ണ്ട​തുണ്ട്‌. ഫ്രാൻസിൽനി​ന്നുള്ള സെലിൻ അനുസ്‌മ​രി​ക്കു​ന്നു: “എന്റെ ക്രിസ്‌തീയ മൂല്യ​ങ്ങ​ളും വിശ്വാ​സ​ങ്ങ​ളും ഉള്ള ആരെയും സ്‌കൂ​ളിൽ കണ്ടെത്താൻ കഴിയാ​തെ​വ​ന്ന​പ്പോൾ, ക്രിസ്‌തീയ സഭയ്‌ക്കു​ള്ളിൽ യഥാർഥ സുഹൃ​ത്തു​ക്കളെ കണ്ടെ​ത്തേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഞാൻ മനസ്സി​ലാ​ക്കി. സമനില കാത്തു​സൂ​ക്ഷി​ക്കാൻ ആ സുഹൃ​ത്തു​ക്കൾ എന്നെ വളരെ​യേറെ സഹായി​ച്ചി​രി​ക്കു​ന്നു.”

സുഹൃ​ത്തു​ക്ക​ളാ​ക്കാൻ പോകു​ന്ന​വരെ വിലയി​രു​ത്തൽ

നിങ്ങൾ പരിച​യ​പ്പെട്ട ആരെ​യെ​ങ്കി​ലും സുഹൃ​ത്താ​ക്കാൻ ഇഷ്ടപ്പെ​ടു​ന്നു​വെ​ങ്കിൽ നിങ്ങൾക്കു സ്വയം ഇങ്ങനെ ചോദി​ക്കാം, ‘അവന്റെ അല്ലെങ്കിൽ അവളുടെ സുഹൃ​ത്തു​ക്കൾ ആരൊ​ക്കെ​യാണ്‌?’ ഒരു വ്യക്തി​യു​ടെ അടുത്ത കൂട്ടു​കാർ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ അറിയു​ന്നത്‌ ആ വ്യക്തി​യെ​ക്കു​റി​ച്ചു വളരെ​യേറെ കാര്യങ്ങൾ വെളി​പ്പെ​ടു​ത്തും. ഇനി, സമൂഹ​ത്തി​ലെ പക്വത​യു​ള്ള​വ​രും ആദരണീ​യ​രു​മായ ആളുകൾക്ക്‌ അയാ​ളെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യ​മെ​ന്താണ്‌? കൂടാതെ, സുഹൃ​ത്താ​ക്കാൻ നാം ആഗ്രഹി​ക്കുന്ന വ്യക്തി നമ്മോട്‌ എങ്ങനെ ഇടപെ​ടു​ന്നു എന്നു മാത്രമല്ല മറ്റുള്ള​വ​രോട്‌, പ്രത്യേ​കി​ച്ചു വെറു​തെ​ക്കാ​രോട്‌ എങ്ങനെ പെരു​മാ​റു​ന്നു എന്നു നിരീ​ക്ഷി​ക്കു​ന്ന​തും ജ്ഞാനമാ​യി​രി​ക്കും. ഒരുവൻ എല്ലാവ​രോ​ടും എല്ലായ്‌പോ​ഴും സത്യസന്ധത, വിശ്വ​സ്‌തത, ക്ഷമ, പരിഗണന തുടങ്ങിയ നല്ല ഗുണങ്ങൾ പ്രകട​മാ​ക്കു​ന്നി​ല്ലാ​ത്ത​പക്ഷം, അയാൾ നിങ്ങ​ളോട്‌ എല്ലായ്‌പോ​ഴും നല്ല രീതി​യിൽ പെരു​മാ​റും എന്നതിന്‌ എന്ത്‌ ഉറപ്പാ​ണു​ള്ളത്‌?

ഒരാളു​ടെ തനിസ്വ​ഭാ​വം അറിയ​ണ​മെ​ങ്കിൽ ക്ഷമയും വൈദ​ഗ്‌ധ്യ​വും യഥാർഥ ജീവി​ത​ത്തിൽ അയാളെ നിരീ​ക്ഷി​ക്കാൻ സമയവും ഒക്കെ ആവശ്യ​മാണ്‌. ബൈബിൾ ഇങ്ങനെ പറയുന്നു: “മനുഷ്യ​ന്റെ ഹൃദയ​ത്തി​ലെ ആലോചന ആഴമുള്ള വെള്ളം; വിവേ​ക​മുള്ള പുരു​ഷ​നോ അതു കോരി എടുക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 20:5) സുഹൃ​ത്തു​ക്ക​ളാ​ക്കാൻ പോകു​ന്ന​വ​രു​മാ​യി നാം ഗൗരവ​മുള്ള വിഷയങ്ങൾ ചർച്ച​ചെ​യ്യേ​ണ്ട​തുണ്ട്‌, അവരുടെ യഥാർഥ വ്യക്തി​ത്വം, അവരെ പ്രചോ​ദി​പ്പി​ക്കുന്ന ഘടകങ്ങൾ, മൂല്യങ്ങൾ തുടങ്ങി​യവ വെളി​ച്ചത്തു കൊണ്ടു​വ​രുന്ന തരത്തി​ലുള്ള വിഷയങ്ങൾ. അവർ എങ്ങനെ​യു​ള്ള​വ​രാണ്‌? ദയാലു​ക്ക​ളാ​ണോ അതോ വികാ​ര​ശൂ​ന്യ​രാ​ണോ? അടിസ്ഥാ​ന​പ​ര​മാ​യി അവർ ശുഭാ​പ്‌തി​വി​ശ്വാ​സ​വും സന്തോ​ഷ​വും ഉള്ളവരാ​ണോ? അതോ നിഷേ​ധാ​ത്മ​ക​മാ​യി ചിന്തി​ക്കു​ന്ന​വ​രും കുറ്റം കണ്ടുപി​ടി​ക്കു​ന്ന​വ​രു​മാ​ണോ? നിസ്സ്വാർഥ​രാ​ണോ, അതോ സ്വാർഥ​ത​ത്‌പ​ര​രാ​ണോ? അവർ ആശ്രയ​യോ​ഗ്യ​രാ​ണോ, അതോ വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രാ​ണോ? ഒരാൾ മറ്റുള്ള​വ​രു​ടെ കുറ്റം നിങ്ങൾക്കു മുമ്പിൽ വിളമ്പു​ന്നെ​ങ്കിൽ നിങ്ങളു​ടെ അസാന്നി​ധ്യ​ത്തിൽ മറ്റുള്ള​വ​രോ​ടു നിങ്ങളു​ടെ കുറ്റം​പ​റ​യു​ക​യില്ല എന്നതിന്‌ എന്താണ്‌ ഉറപ്പ്‌? “ഹൃദയം നിറഞ്ഞു കവിയു​ന്ന​തിൽനി​ന്ന​ല്ലോ വായ്‌ സംസാ​രി​ക്കു​ന്നത്‌” എന്ന്‌ യേശു പറഞ്ഞു. (മത്തായി 12:34) അതു​കൊണ്ട്‌, ആളുക​ളു​ടെ സംസാരം എങ്ങനെ​യു​ള്ള​താണ്‌ എന്നതു നാം ശ്രദ്ധി​ക്കണം, അത്‌ അവരുടെ ആന്തരം വെളി​പ്പെ​ടു​ത്തു​ന്നു.

പൊതു​വാ​യി ഉണ്ടായി​രി​ക്കേണ്ട അതി​പ്ര​ധാന സംഗതി​കൾ

സുഹൃ​ത്തു​ക്കൾക്ക്‌ തങ്ങൾക്കുള്ള അതേ അഭിരു​ചി​കൾതന്നെ ഉണ്ടായി​രി​ക്ക​ണ​മെ​ന്നാണ്‌ ചിലരു​ടെ ചിന്ത. ഒരു കൊച്ചു​പയ്യൻ ഇങ്ങനെ നിർബ​ന്ധം​പി​ടി​ച്ചു: “ചീസ്‌കേക്ക്‌ ഇഷ്ടമി​ല്ലാത്ത ആളോടു ഞാൻ കൂട്ടു​കൂ​ടു​കയേ ഇല്ല.” പരസ്‌പരം മനസ്സി​ലാ​ക്കാൻ കഴിയ​ണ​മെ​ങ്കിൽ സുഹൃ​ത്തു​ക്ക​ളു​ടെ അഭിരു​ചി​ക​ളിൽ കുറെ​യൊ​ക്കെ സാമ്യം ഉണ്ടായി​രി​ക്കേ​ണ്ട​താ​ണെ​ന്നതു ശരിതന്നെ. അടിസ്ഥാന ധാർമിക-ആത്മിക മൂല്യ​ങ്ങ​ളിൽ സമാന​ത​യു​ണ്ടാ​യി​രി​ക്കേ​ണ്ടത്‌ ഏറ്റവും പ്രധാ​ന​മാണ്‌. എന്നാൽ വ്യക്തി​ത്വ​ത്തി​ലും ജീവിത പശ്ചാത്ത​ല​ത്തി​ലും അവർ ഒരേ​പോ​ലെ ആയിരി​ക്കേ​ണ്ട​തില്ല. വ്യത്യസ്‌ത ജീവി​താ​നു​ഭ​വങ്ങൾ, സുഹൃ​ത്തു​ക്കൾക്കു പരസ്‌പരം പ്രയോ​ജനം ചെയ്യും, അത്‌ അവരുടെ ബന്ധത്തെ സമ്പുഷ്ട​മാ​ക്കും.

ബൈബിൾ രേഖയി​ലെ രണ്ടു സൗഹൃ​ദങ്ങൾ ഇന്നും ജീവി​ക്കുന്ന ദൃഷ്ടാ​ന്ത​ങ്ങ​ളാ​യി ആളുക​ളിൽ പ്രഭാവം ചെലു​ത്തു​ന്നു. യോനാ​ഥാ​നും ദാവീ​ദും തമ്മിലും രൂത്തും നവോ​മി​യും തമ്മിലും ഉള്ള സൗഹൃദം. * സൗഹൃ​ദ​ത്തി​ന്റെ ഈ രണ്ടു ദൃഷ്ടാ​ന്ത​ങ്ങ​ളി​ലും, ഇരുകൂ​ട്ടർക്കും ദൈവ​ത്തോ​ടും അവന്റെ തത്ത്വങ്ങ​ളോ​ടും ആഴമായ ആദരവു​ണ്ടാ​യി​രു​ന്നു. അതായി​രു​ന്നു അവരുടെ ഗാഢസൗ​ഹൃ​ദ​ത്തിന്‌ ആധാരം. ഈ സൗഹൃ​ദങ്ങൾ ജീവി​ത​പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ലും പ്രായ​ത്തി​ലും ഉള്ള വലിയ അന്തരങ്ങളെ നിഷ്‌പ്ര​ഭ​മാ​ക്കു​ന്ന​താ​യി​രു​ന്നു എന്നതു ശ്രദ്ധേ​യ​മാണ്‌. അങ്ങനെ ഈ ദൃഷ്ടാ​ന്തങ്ങൾ സുഹൃ​ദ്‌ബന്ധം സംബന്ധി​ച്ചു മറ്റൊ​ന്നു​കൂ​ടെ നമ്മെ പഠിപ്പി​ക്കു​ന്നു: ചെറു​പ്പ​ക്കാർക്കും പ്രായ​മേ​റി​യ​വർക്കും പരസ്‌പരം താങ്ങും തണലു​മാ​യി​ക്കൊ​ണ്ടു മിത്ര​ങ്ങ​ളാ​യി​രി​ക്കാൻ കഴിയും.

പ്രായ​വ്യ​ത്യാ​സ​ത്തിൽനി​ന്നു പ്രയോ​ജനം നേടൽ

നമ്മെക്കാൾ പ്രായം കുറഞ്ഞ​വ​രോ കൂടി​യ​വ​രോ ആയ സുഹൃ​ത്തു​ക്ക​ളു​ള്ളത്‌ പരസ്‌പരം പരിപു​ഷ്ടി​പ്പെ​ടു​ത്തു​ന്നത്‌ ആയിരി​ക്കാൻ കഴിയും. ചില യുവജ​നങ്ങൾ തങ്ങളുടെ സ്വന്തം അനുഭ​വ​ങ്ങ​ളിൽനി​ന്നു പറയു​ന്നതു ശ്രദ്ധി​ക്കുക.

മാനൂ​വേ​ലാ (ഇറ്റലി): “കുറെ​നാൾ മുമ്പ്‌ ഞാൻ മുതിർന്ന ഒരു ദമ്പതി​കളെ എന്റെ സുഹൃ​ത്തു​ക്ക​ളാ​ക്കി. ഞാൻ അവരുടെ മുമ്പിൽ ഹൃദയം തുറന്നു, എന്നാൽ അവർ എന്റെ മുമ്പിൽ ഹൃദയം തുറന്ന​താണ്‌ എന്നെ സന്തോ​ഷി​പ്പിച്ച സംഗതി. എനിക്കു പ്രായം കുറവാ​ണ​ല്ലോ എന്നുവി​ചാ​രിച്ച്‌ അവർ എന്നെ വിലകു​റ​ച്ചു​ക​ണ്ടില്ല. അവരോ​ടു കൂടുതൽ അടുക്കാൻ ഇതെന്നെ പ്രേരി​പ്പി​ച്ചു. എനിക്കു പ്രശ്‌ന​ങ്ങ​ളു​ള്ള​പ്പോൾ അവർ വലി​യൊ​രു സഹായ​മാണ്‌. എന്റെ സമപ്രാ​യ​ക്കാ​രോ​ടു ഞാൻ പ്രശ്‌നങ്ങൾ വിവരി​ക്കു​മ്പോൾ, ചില​പ്പോ​ഴൊ​ക്കെ എന്റെ കൂട്ടു​കാ​രി​കൾ ചില ഉപദേ​ശങ്ങൾ തരാറുണ്ട്‌, എന്നാൽ അവ നല്ലവണ്ണം ചിന്തി​ച്ചു​ള്ളവ ആയിരി​ക്കില്ല. പക്ഷേ, എന്നെക്കാൾ പ്രായ​മുള്ള എന്റെ സുഹൃ​ത്തു​ക്കൾക്ക്‌ ഞങ്ങൾ യുവജ​നങ്ങൾ ഇതുവരെ നേടി​യി​ട്ടി​ല്ലാത്ത അനുഭ​വ​പ​രി​ച​യ​വും വിവേ​ച​നാ​പ്രാ​പ്‌തി​യും സമനി​ല​യു​മുണ്ട്‌. അവരുടെ സഹായ​ത്തോ​ടെ എനിക്കു മെച്ചപ്പെട്ട തീരു​മാ​നങ്ങൾ എടുക്കാ​നാ​കു​ന്നു.”

ഡ്‌സൂ​ലെ​യ്‌കാ (ഇറ്റലി): “ഞങ്ങളുടെ കൂടി​വ​ര​വു​ക​ളിൽ ചെറു​പ്പ​ക്കാ​രെ മാത്രമല്ല പ്രായ​മു​ള്ള​വ​രെ​യും ഞങ്ങൾ ഉൾപ്പെ​ടു​ത്താ​റുണ്ട്‌. പ്രായ​മു​ള്ള​വ​രും ചെറു​പ്പ​ക്കാ​രും ഒന്നിച്ചുള്ള അത്തര​മൊ​രു സായാ​ഹ്ന​ത്തി​ന്റെ ഒടുവിൽ ഞങ്ങൾക്കെ​ല്ലാം എത്ര പ്രോ​ത്സാ​ഹ​ന​മാ​ണു തോന്നു​ന്ന​തെ​ന്നോ, ഇത്‌ ഞാൻ വ്യക്തി​പ​ര​മാ​യി അനുഭ​വി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​താണ്‌. ഓരോ​രു​ത്ത​രും കാര്യ​ങ്ങളെ വീക്ഷി​ക്കുന്ന വിധത്തിൽ അൽപ്പസ്വൽപ്പം വ്യത്യാ​സ​മു​ള്ള​തി​നാൽ ആ ഒത്തുകൂ​ടൽ ഞങ്ങൾ ശരിക്കും ആസ്വദി​ക്കു​ന്നു.”

മുതിർന്ന​വ​രേ, നിങ്ങൾക്കും ചെറു​പ്പ​ക്കാ​രിൽ താത്‌പ​ര്യം പ്രകട​മാ​ക്കു​ന്ന​തി​നു കഴിയും. മേൽപ്പറഞ്ഞ അനുഭ​വങ്ങൾ തെളി​യി​ക്കു​ന്ന​തു​പോ​ലെ, നിങ്ങളു​ടെ ആഴമായ അനുഭ​വ​പ​രി​ച​യത്തെ അങ്ങേയറ്റം വിലമ​തി​ക്കു​ക​യും നിങ്ങളു​ടെ സഖിത്വം ആസ്വദി​ക്കു​ക​യും ചെയ്യുന്ന അനേകം യുവജ​ന​ങ്ങ​ളുണ്ട്‌. 80-കളിലാ​യി​രി​ക്കുന്ന അമില്യ എന്ന വിധവ ഇപ്രകാ​രം പറയുന്നു: “ചെറു​പ്പ​ക്കാ​രു​മാ​യി കൂട്ടു​കൂ​ടാൻ ഞാൻ മുൻ​കൈ​യെ​ടു​ക്കു​ന്നു. അവരുടെ ഉണർവും ചുറു​ചു​റു​ക്കും എന്നെ ഉന്മേഷ​വ​തി​യാ​ക്കു​ന്നു!” അത്തരം പരസ്‌പര പ്രോ​ത്സാ​ഹ​ന​ത്തി​ന്റെ സദ്‌ഫ​ലങ്ങൾ ദൂരവ്യാ​പ​ക​മാ​യി​രു​ന്നേ​ക്കാം. ഇപ്പോൾ പ്രായ​പൂർത്തി​യെ​ത്തിയ സന്തുഷ്ട​രായ പലയാ​ളു​ക​ളും, തങ്ങളുടെ ജീവി​ത​വി​ജ​യ​ത്തി​നുള്ള കീർത്തി​യി​ല​ധി​ക​വും നൽകു​ന്നത്‌ ചെറു​പ്പ​കാ​ലത്തെ സുഹൃ​ത്തു​ക്കൾക്കാണ്‌, തങ്ങളെ​ക്കാൾ അൽപ്പ​മെ​ങ്കി​ലും പ്രായ​ത്തി​നു മൂപ്പു​ണ്ടാ​യി​രുന്ന, ഉത്തമ മാതൃ​ക​ക​ളാ​യി​രുന്ന, തങ്ങൾക്ക്‌ ഉത്‌കൃഷ്ട ബുദ്ധി​യു​പ​ദേശം നൽകിയ സുഹൃ​ത്തു​ക്കൾക്ക്‌.

നിങ്ങളു​ടെ സുഹൃ​ദ്‌ബ​ന്ധങ്ങൾ മെച്ച​പ്പെ​ടു​ത്തൽ

നല്ല സഖിത്വം ആസ്വദി​ക്കാൻ, എല്ലായ്‌പോ​ഴും പുതിയ സുഹൃ​ത്തു​ക്കളെ തേടി​പ്പോ​കേണ്ട ആവശ്യ​മില്ല. നല്ല കൂട്ടു​കാർ ഇപ്പോൾത്തന്നെ ഉണ്ടെങ്കിൽ അവരു​മാ​യുള്ള ബന്ധത്തിന്റെ ഇഴയടു​പ്പം കൂട്ടാൻ നിങ്ങൾക്ക്‌ എന്തു​ചെ​യ്യാൻ കഴിയു​മെന്ന്‌ പരി​ശോ​ധി​ക്ക​രു​തോ? ചിരകാല സുഹൃ​ത്തു​ക്കൾ പ്രത്യേ​കി​ച്ചും ഒരു വിലതീ​രാത്ത നിധി​യാണ്‌, അവരോ​ടു നാം അങ്ങനെ​തന്നെ പെരു​മാ​റണം. അവരുടെ വിശ്വ​സ്‌ത​തയെ ഒരിക്ക​ലും നാം നിസ്സാ​രീ​ക​രി​ക്ക​രുത്‌.

എല്ലാറ്റി​നു​മു​പരി, യഥാർഥ സന്തുഷ്ടി​യും യഥാർഥ സഖിത്വ​വും ഉരുത്തി​രി​യു​ന്നതു കൊടു​ക്ക​ലിൽനി​ന്നാണ്‌ എന്നോർക്കുക. നിങ്ങ​ളെ​ത്ത​ന്നെ​യും നിങ്ങളു​ടെ സമയവും വിഭവ​ങ്ങ​ളും നൽകുക. അതിന്റെ പ്രതി​ഫ​ലങ്ങൾ നിങ്ങളു​ടെ ശ്രമത്തി​ലും ത്യാഗ​ത്തി​ലും കവിഞ്ഞ മൂല്യ​മു​ള്ള​വ​യാണ്‌. എന്നിരു​ന്നാ​ലും, സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കു​മ്പോൾ നിങ്ങൾ നിങ്ങ​ളെ​ക്കു​റി​ച്ചു മാത്രം ചിന്തി​ക്കു​ന്നെ​ങ്കിൽ ഒരിക്ക​ലും വിജയി​ക്കില്ല. അതു​കൊണ്ട്‌ കൂട്ടു​കാ​രാ​ക്കാൻ പറ്റിയ​വരെ തിരയു​മ്പോൾ നിങ്ങൾ ആരാധ​ന​യോ​ടെ നോക്കു​ന്ന​വ​രി​ലോ, നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രയോ​ജനം കിട്ടു​മെന്നു നിങ്ങൾ കരുതു​ന്ന​വ​രി​ലോ മാത്രം അന്വേ​ഷണം ഒതുക്കി​നി​റു​ത്ത​രുത്‌. മറ്റുള്ളവർ അവഗണി​ക്കാൻ ഇടയു​ള്ള​വ​രെ​യോ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​വ​രെ​യോ സമീപി​ക്കുക. ഫ്രാൻസിൽനി​ന്നുള്ള ഗായെൽ പറയുന്നു: “ഞങ്ങൾ ഒന്നിച്ചു​കൂ​ടി എന്തെങ്കി​ലും ചെയ്യാൻ തീരു​മാ​നി​ക്കു​മ്പോൾ, ഒറ്റയ്‌ക്കാ​യി​രി​ക്കുന്ന ചെറു​പ്പ​ക്കാ​രെ​യും ക്ഷണിക്കും. ‘വീട്ടി​ലി​ങ്ങനെ ഒറ്റയ്‌ക്കി​രി​ക്കേണ്ട, നിനക്ക്‌ ഞങ്ങളോ​ടൊ​പ്പം കൂടാ​മ​ല്ലോ. നമുക്ക്‌ അടുത്തു പരിച​യ​പ്പെ​ടു​ക​യും ചെയ്യാം’ എന്നു ഞങ്ങൾ അവരോ​ടു പറയും.”—ലൂക്കൊസ്‌ 14:12-14.

അതേസ​മ​യം, നല്ല ആളുകൾ സുഹൃ​ത്തു​ക്ക​ളാ​കാൻ നിങ്ങളെ ക്ഷണിക്കു​മ്പോൾ അതു നിരസി​ക്കാൻ തിടുക്കം കാട്ടരുത്‌. ഇറ്റലി​യിൽനി​ന്നുള്ള ഏലിസാ പറയുന്നു: “ഇത്രയും നാളും ഈ സൗഹൃ​ദ​മൊ​ന്നു​മി​ല്ലാ​തെ ഒറ്റപ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്ന​ല്ലോ എന്ന തോന്ന​ലിൽനിന്ന്‌ അൽപ്പം നീരസം നിങ്ങളു​ടെ ഉള്ളിൽ ഉണ്ടായി​രു​ന്നേ​ക്കാം. ‘കൂട്ടു​കാ​രൊ​ന്നു​മി​ല്ലെ​ങ്കി​ലും എനിക്കു വലിയ കുഴപ്പ​മൊ​ന്നു​മില്ല’ എന്നു നിങ്ങൾ ചിന്തി​ച്ചു​തു​ട​ങ്ങാ​നി​ട​യുണ്ട്‌. അങ്ങനെ നിങ്ങൾ സ്വയം ഒറ്റപ്പെ​ടു​ത്തി, നിങ്ങ​ളെ​ക്കു​റി​ച്ചു മാത്രം ചിന്തിച്ച്‌ നിങ്ങളു​ടെ മാത്ര​മായ ലോക​ത്തി​ലേക്ക്‌ ഉൾവലി​യു​ന്നു. സൗഹൃദം തേടു​ന്ന​തി​നു പകരം നിങ്ങൾ ചുറ്റും മതിൽക്കെ​ട്ടു​കൾ സൃഷ്ടി​ക്കു​ന്നു.” അടിസ്ഥാ​ന​ര​ഹി​ത​മായ ഭയമോ സ്വാർഥ താത്‌പ​ര്യ​ങ്ങ​ളോ പുതിയ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കു​ന്ന​തിൽനി​ന്നു നിങ്ങളെ തടയരുത്‌, പകരം മറ്റുള്ള​വർക്കാ​യി നിങ്ങളു​ടെ സൗഹൃ​ദ​ത്തി​ന്റെ വാതിൽ തുറക്കുക. ആളുകൾ നമ്മിൽ താത്‌പ​ര്യ​മെ​ടു​ക്കു​ക​യും നമ്മുടെ സുഹൃ​ത്തു​ക്ക​ളാ​കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യു​മ്പോൾ അവരോട്‌ ആഴമായ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്കു നല്ല കാരണ​മുണ്ട്‌.

നിങ്ങൾക്ക്‌ യഥാർഥ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നാ​കും

യഥാർഥ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാൻ അതിനാ​യി ആഗ്രഹി​ച്ച​തു​കൊ​ണ്ടോ, കാത്തി​രു​ന്ന​തു​കൊ​ണ്ടോ, ഇതു​പോ​ലെ​യുള്ള ലേഖനങ്ങൾ വായി​ച്ച​തു​കൊ​ണ്ടോ മാത്രം മതിയാ​കു​ന്നില്ല. സൗഹൃദം സ്ഥാപി​ക്കാൻ പഠിക്കു​ന്നത്‌ സൈക്കിൾ ചവിട്ടാൻ പഠിക്കു​ന്ന​തു​പോ​ലെ​യാണ്‌. ഈ രണ്ടു വൈദ​ഗ്‌ധ്യ​ങ്ങ​ളും നമുക്ക്‌ പുസ്‌ത​ക​ങ്ങ​ളി​ലൂ​ടെ മാത്രം ലഭിക്കു​ക​യില്ല. നാം ഇറങ്ങി പ്രവർത്തി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌, അതിനി​ട​യിൽ ഏതാനും തവണ നാം വീണു​പോ​യേ​ക്കാ​മെ​ങ്കി​ലും. ഏറ്റവും ദൃഢമായ ബന്ധങ്ങൾ ദൈവ​വു​മാ​യി ഇരുകൂ​ട്ടർക്കു​മുള്ള സൗഹൃ​ദ​ത്തിൽ ആഴമായി വേരൂ​ന്നി​യ​താ​ണെന്നു ബൈബിൾ കാണി​ക്കു​ന്നു. സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നുള്ള നമ്മുടെ ശ്രമത്തെ ദൈവം അനു​ഗ്ര​ഹി​ക്ക​ണ​മെ​ങ്കിൽ നാം ആ വിധത്തിൽ ശ്രമി​ക്കേ​ണ്ട​തുണ്ട്‌. യഥാർഥ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാൻ നിങ്ങൾ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്നു​വോ? എങ്കിൽ ശ്രമം ഉപേക്ഷി​ക്ക​രുത്‌! സഹായ​ത്തി​നാ​യി ദൈവ​ത്തോ​ടു പ്രാർഥി​ക്കുക, നിസ്സ്വാർഥം മുൻ​കൈ​യെ​ടുത്ത്‌ പ്രവർത്തി​ക്കുക, ഒരു സുഹൃ​ത്താ​യി​രി​ക്കുക. (g04 12/8)

[അടിക്കു​റിപ്പ്‌]

^ ഈ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളെ​ക്കു​റിച്ച്‌ രൂത്ത്‌, ഒന്നു ശമൂവേൽ, രണ്ടു ശമൂവേൽ എന്നീ ബൈബിൾ പുസ്‌ത​ക​ങ്ങ​ളിൽനി​ന്നു നിങ്ങൾക്കു വായി​ക്കാൻ കഴിയും.

[11-ാം പേജിലെ ചതുരം/ചിത്രം]

മാതാപിതാക്കളുടെ ശ്രദ്ധയ്‌ക്ക്‌

മറ്റു പലതി​ന്റെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ സുഹൃ​ദ്‌ബ​ന്ധ​ത്തി​ന്റെ​യും ആദ്യപാ​ഠങ്ങൾ പഠിക്കു​ന്നതു വീട്ടിൽവെ​ച്ചാണ്‌. സൗഹൃ​ദ​ത്തി​നാ​യുള്ള ഒരു കൊച്ചു​കു​ട്ടി​യു​ടെ ആവശ്യങ്ങൾ മിക്കതും നിറ​വേ​റ്റാൻ ഉത്തമമായ ഒരു കുടും​ബാ​ന്ത​രീ​ക്ഷ​ത്തി​നു കഴിയും. അത്തരം ഒരു ചുറ്റു​പാ​ടിൽ വളരുന്ന കുട്ടി​യു​ടെ കാര്യ​ത്തിൽപ്പോ​ലും അവന്റെ ചിന്ത, വികാ​രങ്ങൾ, പെരു​മാ​റ്റം എന്നിവ കുടും​ബ​ത്തി​നു വെളി​യി​ലു​ള്ള​വ​രു​മാ​യുള്ള അവന്റെ സഹവാ​സ​ത്താൽ ഗണ്യമാ​യി സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, മറ്റു ദേശങ്ങ​ളി​ലേക്കു കുടി​യേ​റു​ന്ന​വ​രു​ടെ കുട്ടികൾ എത്ര വേഗമാണ്‌ ഒരു പുതിയ ഭാഷ പഠി​ച്ചെ​ടു​ക്കു​ന്നത്‌, മറ്റു കുട്ടി​ക​ളോ​ടൊ​ത്തുള്ള സഹവാ​സ​ത്തി​ലൂ​ടെ മാത്ര​മാണ്‌ ഇതു സംഭവി​ക്കു​ന്നത്‌.

നല്ല കൂട്ടു​കാ​രെ തിര​ഞ്ഞെ​ടു​ക്കാൻ മക്കളെ സഹായി​ക്കാ​നുള്ള പദവി മാതാ​പി​താ​ക്ക​ളെന്ന നിലയിൽ നിങ്ങൾക്കുണ്ട്‌. ഇത്തരം സംഗതി​ക​ളിൽ മാതാ​പി​താ​ക്ക​ളു​ടെ മാർഗ​നിർദേശം ഇല്ലാതെ, കാര്യങ്ങൾ നന്നായി വിശക​ലനം ചെയ്‌ത്‌ ഒരു തീരു​മാ​ന​മെ​ടു​ക്കാ​നുള്ള പൂർണ​മായ പ്രാപ്‌തി കൊച്ചു​കു​ട്ടി​കൾക്കോ കൗമാ​ര​പ്രാ​യ​ക്കാർക്കോ ഇല്ല. എന്നിരു​ന്നാ​ലും, പ്രശ്‌ന​മി​താണ്‌: പല യുവജ​ന​ങ്ങൾക്കും മാതാ​പി​താ​ക്ക​ളോ​ടോ തങ്ങളെ​ക്കാൾ പ്രായ​മുള്ള മറ്റാ​രോ​ടെ​ങ്കി​ലു​മോ ഉള്ളതി​നെ​ക്കാൾ അടുപ്പം സമപ്രാ​യ​ക്കാ​രോ​ടാണ്‌.

കുമാ​രീ​കു​മാ​ര​ന്മാർ മാർഗ​നിർദേ​ശ​ത്തി​നാ​യി മാതാ​പി​താ​ക്ക​ളി​ലേക്കു നോക്കാ​തെ സമപ്രാ​യ​ക്കാ​രി​ലേക്കു തിരി​യു​ന്ന​തി​നുള്ള ഒരു കാരണം ചില വിദഗ്‌ധർ ചൂണ്ടി​ക്കാ​ട്ടു​ക​യു​ണ്ടാ​യി. ധാർമിക കാര്യങ്ങൾ മക്കൾക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ക്കാ​നുള്ള തങ്ങളുടെ സ്വന്തം പ്രാപ്‌തി​യിൽ പല മാതാ​പി​താ​ക്കൾക്കും വിശ്വാ​സ​മില്ല. കുട്ടി​കൾക്കു മാർഗ​നിർദേശം നൽകു​ന്ന​തിൽ മുൻ​കൈ​യെ​ടു​ക്കാ​നും കുട്ടി​ക​ളു​ടെ കാര്യാ​ദി​ക​ളിൽ ഉൾപ്പെ​ടാ​നും ഉള്ള തങ്ങളുടെ ദൈവദത്ത ഉത്തരവാ​ദി​ത്വം മാതാ​പി​താ​ക്കൾ നിറ​വേ​റ്റണം. (എഫെസ്യർ 6:1-4) എങ്ങനെ? കൗമാ​ര​പ്രാ​യ​ത്തി​ലുള്ള മക്കളോട്‌ എങ്ങനെ ഇടപെ​ടണം എന്നതി​നെ​ക്കു​റിച്ച്‌ ഒരെത്തും​പി​ടി​യും കിട്ടാത്ത അനേകം രക്ഷിതാ​ക്കളെ കുടുംബ ചികി​ത്സ​ക​നായ ഡോ. റോൺ ടാഫെൽ കാണാ​റുണ്ട്‌. പലരും “മക്കളെ വളർത്തു​ന്നതു സംബന്ധിച്ച്‌ മാധ്യ​മങ്ങൾ കൊട്ടി​ഘോ​ഷി​ക്കുന്ന കാര്യ​ങ്ങ​ളു​ടെ പിന്നാ​ലെ​പോ​കു​ന്നു” എന്ന്‌ അദ്ദേഹം എഴുതു​ന്നു. അല്ലാതെ അവർ മക്കൾക്ക്‌ യഥാർഥ മാതാ​പി​താ​ക്കൾ ആകുന്നില്ല. അവർ എന്തു​കൊ​ണ്ടാണ്‌ മാധ്യ​മ​ങ്ങ​ളു​ടെ പിന്നാലെ പോകു​ന്നത്‌? “മക്കളു​മാ​യി ഒരു നല്ല ബന്ധം സ്ഥാപി​ക്കാൻ തക്കവണ്ണം സ്വന്തം മക്കളെ അവർക്കു വേണ്ടത്ര നന്നായി അറിയില്ല.”

എന്നാൽ, കൗമാ​ര​ക്കാ​രു​മാ​യി നല്ല ബന്ധം സ്ഥാപി​ക്കുക മാതാ​പി​താ​ക്കൾക്കു സാധ്യ​മാണ്‌. മക്കൾക്കു വേണ്ടത്‌ അവർക്കു വീട്ടിൽനി​ന്നു കിട്ടു​ന്നി​ല്ലെ​ങ്കിൽ അവർ കൂട്ടു​കാ​രി​ലേക്കു തിരി​യു​മെന്ന വസ്‌തുത മാതാ​പി​താ​ക്കൾ നിശ്ചയ​മാ​യും തിരി​ച്ച​റി​യണം. എന്താണ്‌ മക്കൾക്കു വേണ്ടത്‌? “യുവജ​ന​ങ്ങൾക്ക്‌ എല്ലാ കാലത്തും ആവശ്യ​മാ​യി​രു​ന്നി​ട്ടുള്ള സംഗതി​കൾത​ന്നെ​യാണ്‌ അവർക്കാ​വ​ശ്യം, അതായത്‌ ആർദ്ര​പ​രി​പാ​ലനം, അംഗീ​കാ​രം, സുരക്ഷി​ത​ത്വം, വ്യക്തമായ നിയമ​ങ്ങ​ളും വ്യവസ്ഥ​ക​ളും, തങ്ങളിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കു​ന്നു എന്നതു സംബന്ധിച്ച വ്യക്തമായ ധാരണ, വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന തോന്നൽ എന്നിവ,” ടാഫെൽ പറയുന്നു. “മുതിർന്നവർ മിക്ക കുമാ​രീ​കു​മാ​ര​ന്മാ​രു​ടെ​യും ഈ അടിസ്ഥാന ആവശ്യങ്ങൾ തൃപ്‌തി​പ്പെ​ടു​ത്തു​ന്നില്ല എന്നത്‌ നമ്മുടെ നാളിലെ ഒരു ദാരുണ യാഥാർഥ്യ​മാണ്‌. അവർ സ്വന്തം കുടും​ബ​ത്തി​നു​ള്ളിൽ ഏതാണ്ട്‌ അപരി​ചി​ത​രെ​പ്പോ​ലെ ജീവി​ക്കു​ന്നു.”

സൗഹൃ​ദ​ത്തി​ന്റെ കാര്യ​ത്തിൽ നിങ്ങൾക്കു മക്കളെ എങ്ങനെ സഹായി​ക്കാ​നാ​കും? ആദ്യം​തന്നെ നിങ്ങളു​ടെ സ്വന്തം ജീവി​ത​രീ​തി​യും സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും വിലയി​രു​ത്തുക. നിങ്ങളു​ടെ​യും സുഹൃ​ത്തു​ക്ക​ളു​ടെ​യും ലക്ഷ്യങ്ങ​ളും ജീവി​ത​രീ​തി​ക​ളും ഉദാത്ത​വും നിസ്സ്വാർഥ​വും ആണോ? അവ ആത്മീയ​വും ഭൗതി​കത്വ ചിന്താ​ഗ​തി​യി​ല്ലാ​ത്ത​തു​മാ​ണോ? “പ്രവൃ​ത്തി​കൾ വാക്കു​ക​ളെ​ക്കാൾ ഉച്ചത്തിൽ സംസാ​രി​ക്കു​മെ​ന്നോർക്കുക. മക്കൾ നിങ്ങളെ നിരീ​ക്ഷി​ക്കും, ഒപ്പം നിങ്ങളു​ടെ സുഹൃ​ത്തു​ക്ക​ളെ​യും അവരുടെ മക്കളെ​യും. നിങ്ങളു​ടെ​യും അവരു​ടെ​യും മനോ​ഭാ​വ​ങ്ങ​ളെ​യും പ്രവർത്ത​ന​ങ്ങ​ളെ​യും ജീവി​ത​ത്തിൽ പകർത്താൻ അവർ തീർച്ച​യാ​യും ചായ്‌വു കാണി​ക്കും,” ഒരു ക്രിസ്‌തീയ മൂപ്പനും പിതാ​വു​മായ ഡഗ്ലസ്‌ പറയുന്നു.

പല ജന്തുക്ക​ളും അപകട​കാ​രി​ക​ളായ ജീവി​ക​ളിൽനിന്ന്‌ അവയുടെ കുഞ്ഞു​ങ്ങളെ സഹജമാ​യി, മിക്ക​പ്പോ​ഴും അത്യന്തം ശൗര്യ​ത്തോ​ടെ സംരക്ഷി​ക്കു​ന്നു. കരടി​ക​ളെ​ക്കു​റി​ച്ചു പഠിക്കുന്ന ഒരു വിദഗ്‌ധൻ പറയുന്നു: “അപകടം മണത്തറിഞ്ഞ്‌ അവയിൽനി​ന്നെ​ല്ലാം കുഞ്ഞു​ങ്ങളെ സംരക്ഷി​ക്കാ​നുള്ള തള്ളക്കര​ടി​ക​ളു​ടെ സാമർഥ്യം പ്രസി​ദ്ധ​മാണ്‌.” മനുഷ്യ മാതാ​പി​താ​ക്കൾ അതിൽക്കു​റ​ഞ്ഞ​താ​ണോ ചെയ്യേ​ണ്ടത്‌? ഇറ്റലി​യിൽനി​ന്നുള്ള രൂബെൻ പറയുന്നു: “എന്റെ മാതാ​പി​താ​ക്കൾ തിരു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ എന്നോടു ന്യായ​വാ​ദം ചെയ്‌തു. ചില കൂട്ടു​കെ​ട്ടു​കൾ ഒഴിവാ​ക്കു​ന്ന​താ​ണു നല്ലതെന്നു മനസ്സി​ലാ​ക്കാൻ അവർ എന്നെ സഹായി​ച്ചു. എന്നാൽ, എന്റെ ആദ്യ പ്രതി​ക​രണം ഇതായി​രു​ന്നു: ‘ഇതെന്തു കഥ! എനിക്കു​മാ​ത്രം കൂട്ടൊ​ന്നും കൂടാൻ പറ്റില്ലേ!’ പക്ഷേ അവർ പറഞ്ഞതാ​യി​രു​ന്നു ശരി എന്നു കാലം തെളി​യി​ച്ചു. അവർ എന്നോടു ക്ഷമ കാണി​ച്ച​തി​നാൽ ഞാൻ സംരക്ഷി​ക്ക​പ്പെട്ടു.”

കൂടാതെ, നല്ല മാതൃക ആയിരി​ക്കു​ന്ന​വ​രും നല്ല ലക്ഷ്യങ്ങൾ വെക്കാൻ കുട്ടി​കളെ സഹായി​ക്കു​ന്ന​വ​രു​മായ ആളുക​ളു​മാ​യി മക്കൾ സഹവാസം ആസ്വദി​ക്കേ​ണ്ട​തിന്‌ ബോധ​പൂർവം അവസരം ഒരുക്കുക. സഫലമായ ഒരു ജീവിതം നയിക്കുന്ന ഫ്രാൻസിസ്‌ എന്ന സന്തുഷ്ട​നായ യുവാവ്‌ അനുസ്‌മ​രി​ക്കു​ന്നു: “ഞങ്ങൾ കുട്ടികൾ, മറ്റാ​രോ​ടും സഹവസി​ക്കാ​തി​രി​ക്കു​ന്നത്‌ അമ്മ ശ്രദ്ധിച്ചു. അതു​കൊണ്ട്‌, മുഴു​സമയ ക്രിസ്‌തീയ ശുശ്രൂ​ഷ​യിൽ വളരെ സജീവ​രാ​യി​രുന്ന ആളുകളെ വീട്ടി​ലേക്കു ക്ഷണിച്ച്‌ അമ്മ ഞങ്ങളെ ഇക്കാര്യ​ത്തിൽ സഹായി​ച്ചു. ഞങ്ങൾക്ക്‌ ആ വ്യക്തി​കളെ അടുത്ത​റി​യാൻ കഴിഞ്ഞു, ഞങ്ങൾ സുഹൃ​ത്തു​ക്ക​ളാ​യി, വീട്ടിൽവെ​ച്ചു​തന്നെ.” നിങ്ങളും ഇത്തരം ശ്രമങ്ങൾ ചെയ്യു​ന്നെ​ങ്കിൽ, ഭവനാ​ന്ത​രീ​ക്ഷ​ത്തി​ലെ നിങ്ങളു​ടെ മക്കളുടെ ജീവിതം വളമിട്ട്‌ ഒരുക്കിയ ഒരു കൃഷി​ത്ത​ടം​പോ​ലെ ആയിരി​ക്കും, അതിൽ ഉത്തമ സൗഹൃ​ദ​ത്തി​ന്റെ വിത്തുകൾ വീണു മുളച്ചു വളർന്നു കരുത്താർജി​ക്കും.

[9-ാം പേജിലെ ചിത്രം]

സുഹൃത്തുക്കളാക്കാൻ ഉദ്ദേശി​ക്കു​ന്ന​വ​രു​ടെ പെരു​മാ​റ്റം നിരീ​ക്ഷി​ക്കു​ക

[10-ാം പേജിലെ ചിത്രം]

പ്രായ-പശ്ചാത്തല വ്യത്യാ​സ​ങ്ങ​ളി​ലും നിസ്സ്വാർഥ സൗഹൃദം പൂത്തു​ല​യു​ന്നു