പടച്ചട്ടയണിഞ്ഞ കടലിലെ കൊച്ചുവീരന്മാർ
പടച്ചട്ടയണിഞ്ഞ കടലിലെ കൊച്ചുവീരന്മാർ
ഓസ്ട്രേലിയയിലെ ഉണരുക! ലേഖകൻ
തിമിംഗലങ്ങൾ, ഡോൾഫിനുകൾ, സ്രാവുകൾ—കടലിലെ ഈ വമ്പന്മാരെ കണ്ട് നിങ്ങൾ അമ്പരക്കും എന്നതിനു സംശയമില്ല. എന്നിരുന്നാലും, കടലുകൾ “ചെറിയതും വലിയതുമായ” ജീവികളുടെ വാസഗൃഹമാണ്. (സങ്കീർത്തനം 104:25) ഒന്നു സൂക്ഷ്മനിരീക്ഷണം നടത്തുന്നവർക്ക് കടലിലെ കൊച്ചുകൊച്ചുജീവികളും നമ്മിൽ വിസ്മയമുണർത്താൻ പോന്നവയാണെന്നു മനസ്സിലാകും.
ഉദാഹരണത്തിന്, “കടലിലെ പടച്ചട്ടയണിഞ്ഞ പടയാളികൾ” എന്നു വർണിച്ചിരിക്കുന്ന ജീവികൾ കടൽത്തട്ടിലാകമാനം പാഞ്ഞുനടക്കുന്നതു കാണാം. ഇവയുടെ രൂപം മധ്യകാലഘട്ടത്തിലെ പടച്ചട്ടയണിഞ്ഞ ചില പടയാളികളെ (knights) അനുസ്മരിപ്പിക്കുന്നതിനാലാണ് ഇവയെ അങ്ങനെ വർണിച്ചിരിക്കുന്നത്. എന്നാൽ ഇവയ്ക്ക് ആ പടയാളികളിൽനിന്ന് ഒരു വ്യത്യാസമുണ്ട്. ഈ കൊച്ചു ‘പടയാളികളിൽ’ പലതിന്റെയും പടച്ചട്ടകൾ വിസ്മയം ജനിപ്പിക്കുംവിധം വൈവിധ്യമാർന്ന വർണങ്ങളോടും ഡിസൈനുകളോടും കൂടിയവയാണ്. ആഴികളിലെ, ചെമ്മീൻപോലെയുള്ള ഈ കൊച്ചുനിവാസികൾ ക്രസ്റ്റേഷ്യൻസ് എന്ന ജീവിഗണത്തിൽപ്പെടുന്നു. ഷ്രിംപ്സ് എന്നാണ് പൊതുവേ ഇവ അറിയപ്പെടുന്നത്.
പ്ലവകങ്ങളിൽനിന്നു നിങ്ങളുടെ പ്ലേറ്റിലേക്ക്
ഷ്രിംപുകളെക്കുറിച്ചു കേൾക്കുമ്പോൾ രുചികരമായ കടൽവിഭവങ്ങൾ എന്നതിലുപരിയൊന്നും നിങ്ങൾ ചിന്തിക്കാനിടയില്ല. * എന്നിരുന്നാലും, നിങ്ങളുടെ തീൻമേശയിലെ വിഭവമാകുന്നതിനുമുമ്പ് ഇവ അത്യന്തം വൈവിധ്യമാർന്ന ജീവിതഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ഇവയിൽ ചിലതിന്റെ പെൺവർഗം ബീജസങ്കലനം നടന്ന മുട്ടകൾ വിരിയുന്നതുവരെ ഉദരത്തോടു ചേർത്തുപിടിക്കുന്നു. മറ്റു ചിലതാകട്ടെ വെള്ളത്തിൽ മുട്ടകൾ നിക്ഷേപിക്കുന്നു, അവിടെ അവ സ്വതന്ത്രമായി വിരിയുന്നു.
ഷ്രിംപിന്റെ മുട്ടവിരിഞ്ഞു പുറത്തുവരുന്നവയെ സോയിയ എന്നാണു വിളിക്കുന്നത്. ഇവ തുടർന്ന് പല ലാർവാഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. ആ സമയത്ത് ഇവയുടെ രൂപം പൂർണവളർച്ചയെത്തിയ ജീവിയുടേതിൽനിന്നു വളരെ വ്യത്യസ്തമായിരിക്കും. വലിയ പ്ലവകക്കൂട്ടങ്ങൾക്കിടയിൽ കഴിഞ്ഞശേഷം സോയിയ ഒടുവിൽ കടലിന്റെ അടിത്തട്ടിലേക്കു പോകുന്നു, അവിടെ ഇവ തനതായ രൂപം കൈവരിക്കുകയും ക്രമേണ പൂർണവളർച്ചയിലെത്തുകയും ചെയ്യുന്നു.
പടച്ചട്ട മാറ്റുന്നു
ശരീരം ഒരു കട്ടിയുള്ള പടച്ചട്ടയ്ക്കകത്ത് ആയതിനാൽ പ്രായപൂർത്തിയെത്തിയ ഷ്രിംപുകൾ പിന്നെ വലുപ്പം വെക്കുന്നത് എങ്ങനെയാണ്? ഇവയുടെ, “(തോടിളക്കൽ എന്നും വിളിക്കപ്പെടുന്ന) ഈ പ്രക്രിയയിൽ, പഴയ പുറംതോടിനുള്ളിൽ മൃദുവായ ഒരു പുതിയ പുറംതോടു രൂപംകൊള്ളുന്നത് ഉൾപ്പെടുന്നു” എന്ന് എ ഫീൽഡ് ഗൈഡ് റ്റു ക്രസ്റ്റേഷ്യൻസ് ഓഫ് ഓസ്ട്രേലിയൻ വാട്ടേഴ്സ് എന്ന പുസ്തകം പറയുന്നു. “പഴയ പുറംതോടു പൊഴിക്കുന്നതാണ് അടുത്ത പടി. തുടർന്ന് ജീവി ജലം ആഗിരണം ചെയ്യുന്നതിന്റെ ഫലമായി വഴക്കമുള്ള പുതിയ പുറംതോട് വീർക്കുന്നു, അങ്ങനെ വലുപ്പം വെക്കാൻ സ്ഥലം ഉണ്ടാകുന്നു.” ഓസ്ട്രേലിയൻ കടൽത്തീരങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ഈ ജീവിക്ക് അതിന്റെ ശരീരം മുഴുവനും, അതായത് വലുതും ബലമുള്ളതുമോ ചെറുതും ലോലമായതുമോ ആയ (ഒട്ടനവധി വരുന്ന) ശരീരഭാഗങ്ങൾ കട്ടിയുള്ള ആ പഴയ പുറംകുപ്പായത്തിൽനിന്നു വലിച്ചൂരിയെടുക്കേണ്ടതുണ്ട്. കയ്യുറയ്ക്കകത്തുനിന്ന് ഒരാൾ വിരലുകൾ വലിച്ചെടുക്കുന്നതുപോലെയാണ് ഇവ ഉപാംഗങ്ങൾ വലിച്ചെടുക്കുന്നത്.”
സന്ധികളുടെ ഭാഗത്ത് രൂപംകൊള്ളുന്ന ഇടുങ്ങിയ വിള്ളലുകളിലൂടെ ഇറുക്കുകാലുകളുടെ പേശികൾപോലെയുള്ള വലിയ ഉപാംഗങ്ങൾ എങ്ങനെയാണ് ക്രസ്റ്റേഷ്യനുകൾ പുറത്തേക്കു വലിച്ചെടുക്കുന്നത്? ഗ്രന്ഥകാരനായ ഡബ്ലിയു. ജെ. ഡേകിൻ പറയുന്നു: “[തോടിനുള്ളിലെ] ഇവയുടെ ശരീരഭാഗങ്ങൾ വളരെ മൃദുവും ഇടുങ്ങിയ വിള്ളലുകളിലൂടെ പുറത്തേക്കു വലിച്ചെടുക്കാൻ പറ്റിയതും ആയതുകൊണ്ടു മാത്രമാണ് ഇതു സാധ്യമാകുന്നത്. വാസ്തവത്തിൽ, തോടിളക്കൽ പ്രക്രിയയുടെ സമയത്ത് ഇവ കാലുകളിൽനിന്ന് രക്തത്തെ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു ഗതിമാറ്റിവിടുന്നു, ആ അവയവങ്ങൾ എളുപ്പത്തിൽ വലിച്ചെടുക്കാൻ കഴിയുന്നതിനുവേണ്ടിയാണിത്.” പുതിയതായി രൂപംകൊള്ളുന്ന പുറംചട്ടയിൽ പഴയ കുപ്പായത്തിലെ അതേ ചുഴികളും വരകളും നിറപ്പകർച്ചകളും ഉണ്ടായിരിക്കും, നല്ല കാരണത്തോടെതന്നെ.
നിറങ്ങളിൽ ഒളിക്കുന്നവയും നിറങ്ങളിൽ ഒരുങ്ങിയവയും
സീ അനിമോണി അഥവാ കടൽപ്പൂ എന്നറിയപ്പെടുന്ന ഒരുതരം കടൽജീവികളുടെ ഗ്രാഹികൾക്കിടയിൽ താവളമുറപ്പിക്കുന്ന ചില ഷ്രിംപുകൾക്ക് ഭാഗികമായി സുതാര്യമായ ശരീരമോ ആതിഥേയരുടെ അതേ നിറത്തിലുള്ള പുറംചട്ടയോ ആണുള്ളത്. ശത്രുക്കളുടെ കണ്ണിൽപ്പെടാതിരിക്കാൻ പരിസരത്തിന് ഇണങ്ങുന്ന വേഷവും ധരിച്ചു കഴിയുന്ന ഈ വിരുതന്മാർക്ക് കടൽപ്പൂക്കളുടെ ‘കരങ്ങളാണ്’ സംരക്ഷണം നൽകുന്നത്. ഈ ഉപകാരത്തിനു പകരമായി ഇക്കൂട്ടർ അവയ്ക്കു ചില വീട്ടുജോലികൾ ചെയ്തുകൊടുക്കാറുണ്ട്. ആതിഥേയരുടെ ശരീരത്തിൽ കാണുന്ന മാലിന്യങ്ങൾ ഇവ വെടിപ്പാക്കും.
മറ്റുചിലവ കടുംനിറങ്ങളിൽ അണിഞ്ഞൊരുങ്ങിയവരാണ്. ക്ലീനർ ഷ്രിംപാണ് ഉദാഹരണം. മിക്കപ്പോഴും കടലിലെ പവിഴപ്പാറകളുടെ തട്ടുകൾക്കടിയിൽ കൂട്ടത്തോടെയാണ് ഇവയുടെ താമസം. ഇവയുടെ കടുംനിറം ‘കസ്റ്റമേഴ്സിന്’ ഇവ ലഭ്യമാക്കുന്ന സേവനം പരസ്യപ്പെടുത്താൻ ഉതകുന്നു. പരാദങ്ങളുടെ ശല്യമുള്ള മത്സ്യങ്ങൾ ഈ ജീവികളുടെ ‘വീട്ടുപടിക്കൽ’ കാത്തുനിൽക്കുകയായി. വൃത്തിയാക്കാൻ എത്തുന്ന ഇക്കൂട്ടർ ദേഹപരിശോധന നടത്തുമ്പോൾ മത്സ്യങ്ങൾ യാതൊരു ഉപദ്രവവും ചെയ്യില്ല. ഇവ ഒട്ടുംപേടിക്കാതെ മത്സ്യങ്ങളുടെ വായ്ക്കുള്ളിലും ചെകിളകളിൽപ്പോലും കയറിയിറങ്ങുന്നു. മത്സ്യങ്ങളുടെ ശരീരത്തിലുള്ള ഏതൊരു പരാദത്തെയും നീക്കംചെയ്തു ഭക്ഷിക്കുന്ന ഈ “ഷ്രിംപ് വൈദ്യന്മാർ” അവയുടെ വഴുവഴുത്ത പുറംകുപ്പായത്തിൽനിന്നും കുശാലായ ശാപ്പാട് തരപ്പെടുത്തുന്നു.
ഇവയുടെ നിറവും ജോലിയും എന്തുതന്നെ ആയിക്കൊള്ളട്ടെ ഒരു കാര്യത്തിൽ സംശയമില്ല; ജീവനുള്ള ഈ കൊച്ചുരത്നങ്ങളുടെ പടച്ചട്ട പുരാതനകാലത്തെ ഏതൊരു പടയാളിയുടെ പടച്ചട്ടയെക്കാളും അത്യന്തം കമനീയമാണ്.
[അടിക്കുറിപ്പ്]
^ ചില ശാസ്ത്രജ്ഞർ ഷ്രിംപ്സിനും പ്രോൺസിനും വ്യത്യാസം കൽപ്പിക്കുന്നുണ്ട്, ഇവയുടെ പ്രജനനരീതികളും പുറന്തോടിന്റെ ആകൃതിയും കണക്കിലെടുത്താണിത്.
[17-ാം പേജിലെ ചിത്രം]
ഹിൻജ്ബീക്ക് ഷ്രിംപ്
[17-ാം പേജിലെ ചിത്രം]
സുതാര്യമായ കടൽപ്പൂ ഷ്രിംപ്
[17-ാം പേജിലെ ചിത്രം]
ചക്രവർത്തി ഷ്രിംപ്
[17-ാം പേജിലെ ചിത്രം]
കടൽപ്പൂ ഷ്രിംപ്
[17-ാം പേജിലെ ചിത്രം]
ക്ലീനർ ഷ്രിംപ്
[17-ാം പേജിലെ ചിത്രം]
ക്ലീനർ ഷ്രിംപിന്റേത് ഒഴികെയുള്ള എല്ലാ ചിത്രങ്ങളും: © J and V Stenhouse