വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയുമ്പോൾ ഞാൻ എന്തു ചെയ്യണം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

മറ്റുള്ളവർ തങ്ങളുടെ പ്രശ്‌നങ്ങൾ എന്നോടു പറയു​മ്പോൾ ഞാൻ എന്തു ചെയ്യണം?

“സ്‌കൂ​ളിൽ ഒരു പെൺകു​ട്ടി​യുണ്ട്‌. അവളുടെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചനം നേടു​ക​യാണ്‌. അവളുടെ ഗ്രേഡു​ക​ളൊ​ക്കെ കുറഞ്ഞു​തു​ടങ്ങി. അവൾ തന്റെ കുടും​ബ​പ്ര​ശ്‌ന​ങ്ങ​ളെ​ല്ലാം എന്നോടു പറയും.”—ജാൻ, 14 വയസ്സ്‌.

“താൻ ഒരു ആൺകു​ട്ടി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടെന്ന്‌ സ്‌കൂ​ളി​ലെ ഒരു പെൺകു​ട്ടി എന്നോടു തുറന്നു​പ​റഞ്ഞു. അവൾ ഗർഭി​ണി​യാ​യി, മാതാ​പി​താ​ക്കളെ അറിയി​ക്കു​ക​പോ​ലും ചെയ്യാതെ ഗർഭം അലസി​പ്പി​ക്കു​ക​യും ചെയ്‌തു.”—മീര, 15 വയസ്സ്‌.

നിങ്ങൾ ഒരു സുഹൃ​ത്തു​മാ​യോ സഹപാ​ഠി​യു​മാ​യോ സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌ എന്നിരി​ക്കട്ടെ. പെട്ടെന്ന്‌ അവൻ തന്റെ പ്രശ്‌ന​ങ്ങ​ളു​ടെ ഭാണ്ഡം നിങ്ങളു​ടെ മുമ്പിൽ “ഇറക്കി​വെ​ക്കു​ന്നു.” * ചില​പ്പോൾ വസ്‌ത്രങ്ങൾ, പണം, സൗന്ദര്യം, സമപ്രാ​യ​ക്കാർ, ഗ്രേഡ്‌ എന്നിങ്ങനെ കൗമാ​ര​ത്തി​ന്റേ​തായ ആകുല​ത​ക​ളാ​കാം അവനു​ള്ളത്‌. അതല്ലെ​ങ്കിൽ അതി​നെ​ക്കാ​ളൊ​ക്കെ വെല്ലു​വി​ളി​നി​റ​ഞ്ഞ​തും ഗൗരവ​മേ​റി​യ​തും ആയ പ്രശ്‌ന​ങ്ങ​ളും ആകാം.

യുവജ​ന​ങ്ങ​ളു​ടെ പ്രശ്‌നങ്ങൾ എത്ര ഗുരു​ത​ര​മാ​യി​രി​ക്കാൻ കഴിയു​മെന്നു മനസ്സി​ലാ​ക്കാൻ ഐക്യ​നാ​ടു​ക​ളി​ലെ അവസ്ഥ നോക്കി​യാൽ മതി. “കൗമാ​ര​പ്രാ​യ​ക്കാ​രിൽ എട്ടു ശതമാ​ന​ത്തി​നും കുട്ടി​ക​ളിൽ (ചിലർ വെറും നാലു​വ​യ​സ്സു​കാ​രാണ്‌) രണ്ടു ശതമാ​ന​ത്തി​നും വിഷാ​ദ​ത്തി​ന്റെ ലക്ഷണങ്ങ​ളു​ണ്ടെന്ന്‌ നാഷണൽ ഇൻസ്റ്റി​റ്റ്യൂ​ട്ട്‌സ്‌ ഓഫ്‌ മെന്റൽ ഹെൽത്ത്‌ (എൻഐ​എം​എച്ച്‌) കണക്കാ​ക്കു​ന്നു,” ന്യൂസ്‌വീക്ക്‌ മാസിക പറയുന്നു. മറ്റൊരു സർവേ അനുസ​രിച്ച്‌, “15-നും 19-നും ഇടയ്‌ക്കു പ്രായ​മുള്ള പെൺകു​ട്ടി​കൾ ഏകദേശം 1,000-ത്തിൽ 97 പേർ എന്ന കണക്കിൽ—പത്തുലക്ഷം അമേരി​ക്കൻ കൗമാ​ര​ക്കാർ—ഓരോ വർഷവും ഗർഭി​ണി​ക​ളാ​കു​ന്നു. ഈ ഗർഭങ്ങ​ളിൽ ഭൂരി​പ​ക്ഷ​വും—78 ശതമാനം—ആഗ്രഹി​ക്കാ​ത്ത​താണ്‌.” കൂടാതെ, ലക്ഷക്കണ​ക്കി​നു യുവജ​ന​ങ്ങ​ളാണ്‌ അസ്ഥിര​മായ കുടുംബ ചുറ്റു​പാ​ടു​ക​ളിൽ ജീവി​ക്കു​ന്നത്‌. ശാരീ​രി​ക​മോ ലൈം​ഗി​ക​മോ ആയ ദ്രോ​ഹ​ത്തിന്‌ ഇരകളാ​കുന്ന ആയിര​ങ്ങ​ളുണ്ട്‌. യു.എസ്‌.-ലെ മുതിർന്ന ഹൈസ്‌കൂൾ വിദ്യാർഥി​ക​ളിൽ പകുതി​യി​ലേ​റെ​യും മദ്യം ദുരു​പ​യോ​ഗം ചെയ്യു​ന്ന​വ​രാണ്‌. ആഹാര​ശീല വൈക​ല്യ​മുള്ള യുവജ​ന​ങ്ങ​ളു​ടെ സംഖ്യ​യാ​കട്ടെ ഞെട്ടി​പ്പി​ക്കു​ന്ന​തും.

അതു​കൊണ്ട്‌ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കാ​നും ഹൃദയം തുറക്കാ​നും അനേകം യുവജ​ന​ങ്ങ​ളും അതിയാ​യി വാഞ്‌ഛി​ക്കു​ന്ന​തിൽ അത്ഭുത​പ്പെ​ടാ​നില്ല. പലപ്പോ​ഴും അവർ ആദ്യം തിരി​യു​ന്നത്‌ സമപ്രാ​യ​ക്കാ​രിൽപ്പെട്ട ഒരാളി​ലേ​ക്കാ​യി​രി​ക്കും. ആ ആൾ നിങ്ങളാ​ണെ​ങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങൾ ഒരു ക്രിസ്‌ത്യാ​നി​യാ​ണെ​ങ്കിൽ, അവർ തങ്ങളുടെ ഹൃദയം തുറക്കാൻ നിങ്ങളെ തിര​ഞ്ഞെ​ടു​ത്ത​തിൽ അതിശ​യി​ക്കാ​നില്ല. പെരു​മാ​റ്റ​ത്തിൽ ഒരു ‘മാതൃ​ക​യാ​യി​രി​ക്കാൻ’ ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോ​ടു കൽപ്പി​ക്കു​ന്നു, അതു​പോ​ലെ ന്യായ​ബോ​ധ​മു​ള്ളവർ ആയിരി​ക്കാ​നും. (1 തിമൊ​ഥെ​യൊസ്‌ 4:12; ഫിലി​പ്പി​യർ 4:5, NW) അതു​കൊണ്ട്‌ അവിശ്വാ​സി​കൾ ഉൾപ്പെ​ടെ​യുള്ള മറ്റു യുവജ​നങ്ങൾ തങ്ങളുടെ മനസ്സിന്റെ ഭാരമി​റ​ക്കി​വെ​ക്കാൻ നിങ്ങളെ സമീപി​ച്ചേ​ക്കാം. അത്തര​മൊ​രു സാഹച​ര്യ​ത്തെ നിങ്ങൾ എങ്ങനെ കൈകാ​ര്യം ചെയ്യണം? അവരുടെ വിഷമ​തകൾ നിങ്ങൾക്കു കൈകാ​ര്യം ചെയ്യാ​വു​ന്ന​തി​ലും അധിക​മാ​ണെന്നു തോന്നു​ന്നെ​ങ്കി​ലോ?

നല്ല ഒരു ശ്രോ​താ​വാ​യി​രി​ക്കുക

“മിണ്ടാ​തി​രി​പ്പാൻ ഒരു കാലം, സംസാ​രി​പ്പാൻ ഒരു കാലം” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:7) ഒരാൾ തന്റെ വ്യഥക​ളു​മാ​യി നിങ്ങളെ സമീപിച്ച്‌ നിങ്ങളു​ടെ മുമ്പിൽ അവയുടെ കെട്ടഴി​ക്കു​മ്പോൾ, എല്ലാം കേട്ടി​രി​ക്കുക എന്നതാണ്‌ പലപ്പോ​ഴും ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി. വാസ്‌ത​വ​ത്തിൽ, “എളിയ​വന്റെ നിലവി​ളി​ക്കു ചെവി പൊത്തി​ക്ക​ള​യുന്ന”തിനെ ബൈബിൾ കുറ്റം​വി​ധി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 21:13) കുറെ​യേറെ ചിന്തിച്ച്‌ ധൈര്യം സംഭരി​ച്ചാ​യി​രി​ക്കാം കൂട്ടു​കാ​രൻ സംസാ​രി​ക്കാ​നാ​യി നിങ്ങളെ സമീപി​ച്ചത്‌. അവൻ പറയു​ന്നതു കേൾക്കാ​നുള്ള നിങ്ങളു​ടെ സന്മനസ്സ്‌ കാര്യങ്ങൾ സംസാ​രി​ക്കു​ന്നത്‌ അവന്‌ എളുപ്പ​മാ​ക്കി​ത്തീർത്തേ​ക്കാം. “സാധാ​ര​ണ​ഗ​തി​യിൽ ഞാൻ മറ്റേയാ​ളെ സംസാ​രി​ക്കാൻ അനുവ​ദി​ക്കു​ന്നു,” ഹൈരം എന്ന ക്രിസ്‌തീയ യുവാവ്‌ പറയുന്നു. “അവനെ വിഷമി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു പറയാൻ ഞാൻ അവസരം നൽകുന്നു, അവനോ​ടു സഹതാപം കാണി​ക്കാൻ ഞാൻ ശ്രമി​ക്കു​ന്നു.” വിൻസെന്റ്‌ സമാന​മാ​യി ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “ചില​പ്പോൾ അവർക്ക്‌ ഒന്നു സംസാ​രി​ച്ചാൽ മാത്രം മതി.”

നിങ്ങൾ പ്രശ്‌നങ്ങൾ പരിഹ​രി​ക്കും എന്നു കൂട്ടു​കാ​രൻ പ്രതീ​ക്ഷി​ക്കു​ന്നി​ല്ലാ​യി​രി​ക്കാം. അവൻ പറയു​ന്നതു കേട്ടി​രി​ക്കാൻ ഒരാൾ, അത്രയേ അവനു​വേണ്ടൂ. അതു​കൊണ്ട്‌ നന്നായി ശ്രദ്ധി​ക്കുക! അവൻ സംസാ​രി​ക്കു​മ്പോൾ നിങ്ങൾ ചുറ്റു​പാ​ടു​മൊ​ക്കെ നോക്കി അലസമാ​യി​രി​ക്കു​ക​യോ അനാവ​ശ്യ​മാ​യി ഇടയ്‌ക്കു​ക​യറി പറയു​ക​യോ ചെയ്യാ​തി​രി​ക്കുക. നിങ്ങളു​ടെ സാന്നി​ധ്യ​വും ശ്രദ്ധി​ക്കാ​നുള്ള മനസ്സൊ​രു​ക്ക​വും അവനു വലിയ സഹായ​മാ​യി​രു​ന്നേ​ക്കാം. നിങ്ങൾ ശരിക്കും കരുത​ലുള്ള ഒരു സുഹൃ​ത്താ​ണെ​ന്നാണ്‌ അതു കാണി​ക്കു​ന്നത്‌.

എന്നാൽ പ്രതി​ക​ര​ണ​മാ​യി യാതൊ​ന്നും പറയരു​തെന്ന്‌ ഇതിന്‌ അർഥമു​ണ്ടോ? പ്രശ്‌നം എങ്ങനെ​യു​ള്ള​താണ്‌ എന്നതിനെ ആശ്രയി​ച്ചി​രി​ക്കും അധിക​വും. മിക്ക സന്ദർഭ​ങ്ങ​ളി​ലും പരിഗ​ണ​ന​യോ​ടെ​യും ദയയോ​ടെ​യും പ്രതി​ക​രി​ക്കു​ന്നത്‌ ഉചിത​മാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 25:11) ഉദാഹ​ര​ണ​ത്തിന്‌, ആ വ്യക്തി​യു​ടെ ജീവി​ത​ത്തിൽ എന്തെങ്കി​ലും ദുരന്തം സംഭവി​ച്ചെ​ന്നി​രി​ക്കട്ടെ, അപ്പോൾ അവനോ​ടു സഹതാപം പ്രകട​മാ​ക്കു​ന്നത്‌ ഏറ്റവും മെച്ചമായ സംഗതി​യാ​യി​രി​ക്കാം. (റോമർ 12:15) “മനോ​വ്യ​സനം ഹേതു​വാ​യി മനുഷ്യ​ന്റെ മനസ്സി​ടി​യു​ന്നു; ഒരു നല്ല വാക്കോ അതിനെ സന്തോ​ഷി​പ്പി​ക്കു​ന്നു” എന്ന്‌ സദൃശ​വാ​ക്യ​ങ്ങൾ 12:25 പറയുന്നു. അവനു ധൈര്യം​പ​ക​രുക, അതായി​രി​ക്കാം ചില​പ്പോൾ ആവശ്യം. നേരി​ടുന്ന വെല്ലു​വി​ളി​യെ വിജയ​ക​ര​മാ​യി തരണം​ചെ​യ്യാൻ അവനു കഴിയു​മെന്നു നിങ്ങൾക്ക്‌ ഉറപ്പു​ണ്ടെന്ന്‌ അവനോ​ടു പറയുക. “നിനക്ക്‌ അങ്ങനെ തോന്നു​ന്നത്‌ എന്തു​കൊ​ണ്ടെന്ന്‌ എനിക്കു മനസ്സി​ലാ​കു​ന്നു,” “നിനക്ക്‌ ഇങ്ങനെ​യൊ​രു പ്രശ്‌നം കൈകാ​ര്യം ചെയ്യേ​ണ്ട​തു​ള്ള​തിൽ എനിക്കു വിഷമ​മുണ്ട്‌” എന്നൊ​ക്കെ​യുള്ള അഭി​പ്രാ​യങ്ങൾ, നിങ്ങൾക്ക്‌ ആത്മാർഥ​ത​യും സഹായി​ക്കാൻ ആഗ്രഹ​വും ഉണ്ടെന്നു മനസ്സി​ലാ​ക്കാൻ അവനെ സഹായി​ക്കും.

എന്നിരു​ന്നാ​ലും, സദൃശ​വാ​ക്യ​ങ്ങൾ 12:18 ഇങ്ങനെ മുന്നറി​യി​പ്പു​ത​രു​ന്നു: “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ട്‌.” ചില അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ ഒഴിവാ​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌, “അതിനി​പ്പം എന്താ,” “അതൊക്കെ മറന്നുകള,” “അങ്ങനെ​യൊ​ന്നും ചിന്തി​ക്ക​രുത്‌” എന്നിങ്ങ​നെ​യു​ള്ളവ. അവന്റെ പ്രശ്‌ന​ങ്ങളെ തമാശ​യാ​യി ചിരി​ച്ചു​ത​ള്ളാ​തി​രി​ക്കാ​നും ശ്രദ്ധി​ക്കുക. അല്ലെങ്കിൽ നിങ്ങൾ അവന്റെ വികാ​ര​ങ്ങൾക്ക്‌ ഒരു വിലയും കൽപ്പി​ക്കു​ന്നി​ല്ലെന്ന്‌ അവനു തോന്നി​യേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 25:20.

ഇനി, എന്താണു പറയേ​ണ്ട​തെന്ന്‌ നിങ്ങൾക്ക്‌ അറിയി​ല്ലെ​ങ്കി​ലോ? ആ കാര്യം സത്യസ​ന്ധ​മാ​യി തുറന്നു​പ​റ​യുക. അതേസ​മയം, സഹായി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വെന്ന കാര്യ​വും കൂട്ടു​കാ​രനെ അറിയി​ക്കുക. “നിന്നെ സഹായി​ക്കാൻ എനി​ക്കെന്തു ചെയ്യാൻ കഴിയും?” എന്നു ചോദി​ക്കുക. അതേ, അവന്റെ മനസ്സിന്റെ ഭാരം ലഘൂക​രി​ക്കാൻ നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ചില പ്രാ​യോ​ഗിക സംഗതി​കൾ ഉണ്ടായി​രു​ന്നേ​ക്കാം.—ഗലാത്യർ 6:2.

സൗഹൃ​ദ​ത്തിൽ പൊതിഞ്ഞ ഉപദേശം നൽകുക

സ്‌നേ​ഹി​തന്‌ ഉപദേശം ആവശ്യ​മാ​ണെന്നു നിങ്ങൾക്കു തോന്നു​ന്നെ​ങ്കി​ലോ? ഒരു യുവവ്യ​ക്തി​യെന്ന നിലയിൽ നിങ്ങൾക്ക്‌ അനുഭ​വ​പ​രി​ചയം കുറവാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 1:4) അതു​കൊണ്ട്‌ എല്ലാ പ്രശ്‌ന​ങ്ങൾക്കു​മുള്ള ഉപദേശം നൽകാൻ നിങ്ങൾക്കു കഴി​ഞ്ഞെന്നു വരില്ല. എന്നിരു​ന്നാ​ലും സങ്കീർത്തനം 19:7 ഇങ്ങനെ പറയുന്നു: “യഹോ​വ​യു​ടെ സാക്ഷ്യം വിശ്വാ​സ്യ​മാ​കു​ന്നു; അതു അല്‌പ​ബു​ദ്ധി​യെ [“അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്ത​വനെ,” NW] ജ്ഞാനി​യാ​ക്കു​ന്നു.” അതേ, ‘അനുഭ​വ​പ​രി​ച​യ​മി​ല്ലാ​ത്തവൻ’ ആണെങ്കി​ലും കൂട്ടു​കാ​രനു കുറെ​യൊ​ക്കെ സഹായം പ്രദാനം ചെയ്യാൻ ആവശ്യ​മാ​യത്ര, ബൈബിൾത​ത്ത്വ​ങ്ങൾ സംബന്ധിച്ച പരിജ്ഞാ​നം നിങ്ങൾക്ക്‌ ഉണ്ടായി​രി​ക്കാം. (സദൃശ​വാ​ക്യ​ങ്ങൾ 27:9) അവന്റെ മുമ്പിൽ ഒരു പ്രസംഗം നടത്താതെ ബൈബി​ളിൽനിന്ന്‌ അവനു​മാ​യി ചില ആശയങ്ങൾ പങ്കു​വെ​ക്ക​രു​തോ? ഏതു ബൈബിൾത​ത്ത്വ​ങ്ങ​ളാണ്‌ ഇവിടെ ബാധക​മാ​ക്കേ​ണ്ട​തെന്നു നിശ്ചയ​മി​ല്ലെ​ങ്കിൽ അൽപ്പം ഗവേഷണം നടത്തുക. വർഷങ്ങ​ളാ​യി ഈ മാസി​ക​യി​ലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ” എന്ന പംക്തി ഒട്ടനവധി വിഷയ​ങ്ങ​ളിൽ വളരെ​യേറെ ബൈബി​ള​ധി​ഷ്‌ഠിത ബുദ്ധി​യു​പ​ദേശം പ്രദാനം ചെയ്‌തി​രി​ക്കു​ന്നു. വിവര​ങ്ങ​ളു​ടെ മറ്റൊരു അമൂല്യ ഭണ്ഡാര​മാണ്‌ യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന പുസ്‌തകം. *

ഇനി, നിങ്ങളു​ടെ സ്വന്തം അനുഭ​വങ്ങൾ അവനു​മാ​യി പങ്കു​വെ​ക്കു​ന്നതു ഫലപ്ര​ദ​മാ​യി​രു​ന്നേ​ക്കാം. ഒരുപക്ഷേ ചില പ്രാ​യോ​ഗിക നിർദേ​ശങ്ങൾ നൽകാൻപോ​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. സമാന​മായ ഒരു സാഹച​ര്യ​ത്തിൽ നിങ്ങളെ സഹായി​ച്ചത്‌ എന്താ​ണെന്ന്‌ സ്വന്തം വീക്ഷണങ്ങൾ അവനിൽ അടി​ച്ചേൽപ്പി​ക്കാ​തെ​തന്നെ നിങ്ങൾക്കു വിശദീ​ക​രി​ക്കാ​വു​ന്ന​താണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 27:17) എന്നാൽ ഓരോ സാഹച​ര്യ​വും വ്യത്യ​സ്‌ത​മാ​ണെന്നു മനസ്സിൽപ്പി​ടി​ക്കുക. നിങ്ങളു​ടെ കാര്യ​ത്തിൽ സഹായ​ക​മാ​യി​രു​ന്നത്‌ എല്ലാവ​രു​ടെ​യും കാര്യ​ത്തിൽ ഗുണക​ര​മാ​യി​രി​ക്ക​ണ​മെ​ന്നില്ല.

മുന്നറി​യിപ്പ്‌

യഹോ​വയെ ഭയപ്പെ​ടു​ക​യോ ക്രിസ്‌തീയ നിലവാ​ര​ങ്ങളെ ആദരി​ക്കു​ക​യോ ചെയ്യാത്ത യുവജ​ന​ങ്ങ​ളു​ടെ പ്രശ്‌നങ്ങൾ കേൾക്കാൻ ഒരുപാ​ടു സമയം ചെലവി​ടാ​തി​രി​ക്കുക. അവരുടെ പ്രശ്‌ന​ങ്ങ​ളിൽ നല്ലൊ​രു​പ​ങ്കും ബൈബി​ളി​നു പുറം​തി​രി​ഞ്ഞുള്ള ജീവി​ത​രീ​തി​യിൽനിന്ന്‌ ഉരുത്തി​രി​യു​ന്ന​താ​കാം. ബൈബി​ളി​ന്റെ ബുദ്ധി​യു​പ​ദേ​ശത്തെ പുച്ഛി​ക്കു​ന്ന​വരെ സഹായി​ക്കാൻ ശ്രമി​ക്കു​ന്നത്‌ ഇരുകൂ​ട്ടർക്കും മടുപ്പു​ള​വാ​ക്കു​കയേ ഉള്ളൂ. (സദൃശ​വാ​ക്യ​ങ്ങൾ 9:7) മാത്രമല്ല, മൗഢ്യ​മോ അസഭ്യം​പോ​ലു​മോ ആയ സംസാരം നിങ്ങൾക്കു കേൾക്കേ​ണ്ട​താ​യും വന്നേക്കാം. (എഫെസ്യർ 5:3) അതു​കൊണ്ട്‌ സംസാരം നിങ്ങൾക്ക്‌ അസ്വസ്ഥ​ജ​ന​ക​മാ​ണെ​ങ്കിൽ, നിങ്ങൾ സഹായി​ക്കാൻ പറ്റിയ അവസ്ഥയി​ല​ല്ലെ​ന്നോ, ആ വിഷയം നിങ്ങൾക്ക്‌ അസ്വസ്ഥ​ത​യു​ള​വാ​ക്കു​ന്നെ​ന്നോ തുറന്നു​പ​റ​യാൻ ധൈര്യം കാണി​ക്കുക.

വിപരീത ലിംഗ​വർഗ​ത്തിൽപ്പെട്ട ഒരാൾ തന്റെ വ്യഥകൾ പങ്കു​വെ​ക്കാൻ നിങ്ങളെ സമീപി​ക്കു​ന്നെ​ങ്കിൽ ജാഗ്ര​ത​പാ​ലി​ക്കുക. ഹൃദയ​ത്തിന്‌ വഞ്ചനാ​ത്മ​ക​മാ​യി​രി​ക്കാൻ കഴിയു​മെന്നു ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (യിരെ​മ്യാ​വു 17:9) എതിർ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​വ​രു​മാ​യുള്ള അടുത്ത സഹവാസം പ്രണയ​വി​കാ​രങ്ങൾ മൊട്ടി​ടു​ന്ന​തി​നും, എന്തിന്‌ ലൈം​ഗിക അധാർമി​ക​ത​യ്‌ക്കു​പോ​ലും ഇടയാ​ക്കി​യേ​ക്കാം.

കൂടാതെ, ഈ കാര്യ​ങ്ങ​ളൊ​ന്നും ആരോ​ടും പറയു​ക​യി​ല്ലെ​ന്നുള്ള വാഗ്‌ദാ​നം നൽകി​ക്കൊണ്ട്‌ കെണി​യി​ലാ​ക​രുത്‌. നിങ്ങൾക്കു നൽകാൻ കഴിയു​ന്ന​തി​ല​ധി​കം സഹായം അയാൾക്ക്‌ ആവശ്യ​മാ​യി​രു​ന്നേ​ക്കാ​മെന്ന്‌ എളിമ​യോ​ടെ തിരി​ച്ച​റി​യുക.—സദൃശ​വാ​ക്യ​ങ്ങൾ 11:2.

മറ്റുള്ള​വ​രു​ടെ സഹായം ആവശ്യ​മാ​യി വരു​മ്പോൾ

പല സന്ദർഭ​ങ്ങ​ളി​ലും സുഹൃ​ത്തി​നെ സഹായി​ക്കാൻ നിങ്ങൾതന്നെ സഹായം തേടു​ന്നത്‌ ഏറ്റവും നന്നായി​രി​ക്കും. തുടക്ക​ത്തിൽ പരാമർശിച്ച മീര ഇങ്ങനെ പറഞ്ഞു: “എന്റെ സഹപാ​ഠി​യെ എങ്ങനെ സഹായി​ക്ക​ണ​മെന്ന്‌ എനിക്ക​റി​യി​ല്ലാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ സഭയിലെ ഒരു മൂപ്പ​നോ​ടു സംസാ​രി​ച്ചു. അവളെ എങ്ങനെ സഹായി​ക്കാം എന്നതു സംബന്ധിച്ച ചില ഉത്‌കൃഷ്ട ബുദ്ധി​യു​പ​ദേശം അദ്ദേഹം നൽകി.” അതേ, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭയിൽ നിങ്ങളെ സഹായി​ക്കാൻ പ്രാപ്‌ത​രായ അനുഭ​വ​സ​മ്പ​ന്ന​രായ പുരു​ഷ​ന്മാ​രുണ്ട്‌. (എഫെസ്യർ 4:11, 13) സഹപാ​ഠി​യെ അവളുടെ മാതാ​പി​താ​ക്ക​ളു​മാ​യി സംസാ​രി​ക്കു​ന്ന​തി​നു പ്രോ​ത്സാ​ഹി​പ്പി​ക്കാൻ മൂപ്പൻ മീര​യോ​ടു നിർദേ​ശി​ച്ചു. അവൾ മീരയു​ടെ ഉപദേശം കൈ​ക്കൊ​ണ്ടു. മീര പറയുന്നു: “അവളുടെ സാഹച​ര്യം മെച്ച​പ്പെട്ടു. ബൈബി​ളി​നെ​ക്കു​റി​ച്ചു കൂടുതൽ അറിയാൻ അവൾക്കി​പ്പോൾ ആഗ്രഹ​മുണ്ട്‌.”

ഒരു സഹക്രി​സ്‌ത്യാ​നി നിങ്ങളു​ടെ മുമ്പിൽ ഹൃദയം തുറക്കു​ന്നെ​ങ്കി​ലോ? ന്യായ​മാ​യി നിങ്ങ​ളെ​ക്കൊണ്ട്‌ ആകുന്ന സഹായ​മൊ​ക്കെ ചെയ്യാൻ നിങ്ങൾ ആഗ്രഹി​ക്കു​മെ​ന്ന​തി​നു സംശയ​മില്ല. (ഗലാത്യർ 6:10) എന്നാൽ അവൻ യഹോ​വ​യു​ടെ ധാർമിക നിലവാ​ര​ങ്ങ​ളിൽനിന്ന്‌ ഒഴുകി​യ​ക​ലു​ക​യാ​ണെന്നു നിങ്ങൾ ഭയപ്പെ​ടു​ന്നെ​ങ്കി​ലോ? അപ്പോൾ അവനോ​ടു “സത്യം സംസാരി”ക്കാൻ നിങ്ങൾ തെല്ലും മടിക്ക​രുത്‌. (എഫെസ്യർ 4:25) സത്യസ​ന്ധ​രാ​യി​രി​ക്കുക, അതേസ​മയം സ്വയനീ​തി​ക്കാർ ആയിരി​ക്കു​ക​യു​മ​രുത്‌. കൂട്ടു​കാ​ര​നോ​ടു കാര്യങ്ങൾ മറകൂ​ടാ​തെ സംസാ​രി​ക്കു​ന്നത്‌ ഒരു യഥാർഥ മിത്ര​ത്തി​ന്റെ ലക്ഷണമാണ്‌.—സങ്കീർത്തനം 141:5; സദൃശ​വാ​ക്യ​ങ്ങൾ 27:6.

ഇത്തരം സാഹച​ര്യ​ങ്ങ​ളിൽ അതി​പ്ര​ധാ​ന​മായ മറ്റൊരു സംഗതി​യു​മുണ്ട്‌. സഹായ​ത്തി​നാ​യി മാതാ​പി​താ​ക്ക​ളെ​യോ ഒരു മൂപ്പ​നെ​യോ അവൻ ആദരി​ക്കുന്ന ഏതെങ്കി​ലും പക്വത​യുള്ള ക്രിസ്‌ത്യാ​നി​യെ​യോ സമീപി​ക്കാൻ സുഹൃ​ത്തി​നെ നിങ്ങൾ പ്രോ​ത്സാ​ഹി​പ്പി​ക്കണം. ന്യായ​മായ സമയം അനുവ​ദി​ച്ചി​ട്ടും അവൻ ഇതേക്കു​റിച്ച്‌ ആരോ​ടും പറഞ്ഞി​ട്ടി​ല്ലെ​ങ്കിൽ, അവനു​വേണ്ടി നിങ്ങൾതന്നെ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. (യാക്കോബ്‌ 5:13-15) അത്തര​മൊ​രു നടപടിക്ക്‌ നിങ്ങളു​ടെ ഭാഗത്തു ധൈര്യം ആവശ്യ​മാണ്‌. എന്നാൽ നിങ്ങൾക്ക്‌ അവന്റെ ക്ഷേമ​ത്തെ​ക്കു​റി​ച്ചു ചിന്തയു​ണ്ടെ​ന്നും കൂട്ടു​കാ​രന്‌ ഏറ്റവും നല്ലതു സംഭവി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നെ​ന്നും ഉള്ളതിന്റെ തെളി​വാ​ണത്‌.

എല്ലാവ​രു​ടെ​യും പ്രശ്‌നങ്ങൾ നിങ്ങൾ പരിഹ​രി​ക്കാ​നൊ​ന്നും യഹോവ പ്രതീ​ക്ഷി​ക്കു​ന്നില്ല. എന്നാൽ ആരെങ്കി​ലും നിങ്ങളു​ടെ മുമ്പിൽ ഉള്ളുതു​റ​ക്കു​മ്പോൾ നിങ്ങൾക്കു നിസ്സഹാ​യത തോ​ന്നേ​ണ്ട​തില്ല. നിങ്ങളു​ടെ ക്രിസ്‌തീയ പരിശീ​ലനം അപ്പോൾ പ്രവൃ​ത്തി​പ​ഥ​ത്തിൽ വരുത്തുക, യഥാർഥ “സ്‌നേ​ഹി​തൻ” ആണെന്നു തെളി​യി​ക്കുക.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

[അടിക്കു​റി​പ്പു​കൾ]

^ ലാളിത്യത്തിനുവേണ്ടി, പ്രശ്‌നങ്ങൾ ഉള്ളവരെ ഞങ്ങൾ പുല്ലിം​ഗ​ത്തി​ലാ​ണു പരാമർശി​ക്കു​ന്നത്‌. എന്നാൽ ഈ വിവരങ്ങൾ ആൺകു​ട്ടി​കൾക്കും പെൺകു​ട്ടി​കൾക്കും ഒരു​പോ​ലെ ബാധക​മാണ്‌.

^ യഹോവയുടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌.

[15-ാം പേജിലെ ചിത്രം]

പ്രശ്‌നത്തിലകപ്പെട്ട ഒരു സുഹൃ​ത്തി​നു​വേണ്ടി ചില​പ്പോൾ നിങ്ങൾ സഹായം തേടേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം