മൃദുലസ്വഭാവം ബലഹീനതയുടെ ലക്ഷണമോ?
ബൈബിളിന്റെ വീക്ഷണം
മൃദുലസ്വഭാവം ബലഹീനതയുടെ ലക്ഷണമോ?
‘കർത്താവിന്റെ ദാസൻ ശണ്ഠ ഇടാതെ എല്ലാവരോടും ശാന്തനായി [അഥവാ മൃദുലഭാവം ഉള്ളവനായി] ഇരിക്കണം.’—2 തിമൊഥെയൊസ് 2:24.
ജനിക്കുന്നതിനു വളരെ മുമ്പുതന്നെ, സ്പർശനങ്ങൾ തിരിച്ചറിയാൻ നമ്മുടെ വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുന്ന ത്വക്ക് സജ്ജമാകുന്നു. ജനനത്തിനുശേഷം അമ്മയുടെ മൃദുലമായ തലോടലിനായി നാം വാഞ്ഛിക്കുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കളിൽനിന്നു ലഭിക്കുന്ന വാത്സല്യത്തിന്റെ അളവ്, നമ്മുടെ ചിരിക്കാനുള്ള പ്രവണതയെയും വൈകാരികമായി വളരാനുള്ള കഴിവിനെയും എന്തിന്, ആശയവിനിമയ പ്രാപ്തികൾ വശമാക്കാനുള്ള ആഗ്രഹത്തെപ്പോലും സ്വാധീനിക്കുന്നു.
എന്നിരുന്നാലും, അന്ത്യകാലത്തു മനുഷ്യർ “അമ്മയപ്പന്മാരെ അനുസരിക്കാത്തവരും നന്ദികെട്ടവരും അശുദ്ധരും വാത്സല്യമില്ലാത്തവരും” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. മനുഷ്യർ “സ്വസ്നേഹികളും . . . ഉഗ്രന്മാരും സൽഗുണദ്വേഷികളു”മായിരിക്കുമെന്നതിനാൽ മൃദുലഗുണങ്ങളായ ദയ, അനുകമ്പ എന്നിവ തുലോം കുറവായിരിക്കും.—2 തിമൊഥെയൊസ് 3:1-3.
ഇന്ന് അനേകരും വിചാരിക്കുന്നത് കഠിനഹൃദയരും വൈകാരികമായി മരവിച്ചവരും ആയിരുന്നാൽ മാത്രമേ ഇവിടെ ജീവിക്കാനാവൂ എന്നാണ്. മൃദുലസ്വഭാവം ബലഹീനതയുടെ അടയാളമാണെന്ന് അവർ അഭിപ്രായപ്പെടുന്നു. പക്ഷേ, അത് അങ്ങനെതന്നെയാണോ?
മൃദുലസ്വഭാവമുള്ളവരെങ്കിലും ശക്തർ
യഹോവയാം ദൈവത്തെ “യുദ്ധവീരൻ” എന്നു വിളിച്ചിരിക്കുന്നു. (പുറപ്പാടു 15:3) സകല ശക്തിയുടെയും ആത്യന്തിക ഉറവും അവനാണ്. (സങ്കീർത്തനം 62:11; റോമർ 1:20) എന്നിരുന്നാലും, വിശ്വസ്തനായ ഇയ്യോബിന് പ്രതിഫലം നൽകിയപ്പോൾ ‘മഹാകരുണയും മനസ്സലിവുമുള്ളവൻ’ ആയിരിക്കുന്നതിന് യഹോവയ്ക്ക് തന്റെ ശക്തി ഒരു തടസ്സമായിരുന്നില്ല. (യാക്കോബ് 5:11) ഇസ്രായേലുമായുള്ള അവന്റെ ഇടപെടലിൽ, “താൻ പ്രസവിച്ച മകനോടു” കരുണ തോന്നുന്ന, മുലയൂട്ടുന്ന ഒരമ്മയുടെ വികാരങ്ങളോട് തന്റെ വികാരങ്ങളെ ഉപമിച്ചുകൊണ്ട് തനിക്ക് അവരുമായി അങ്ങേയറ്റം ആർദ്രമായ ഒരു ബന്ധമുണ്ടെന്ന് യഹോവ സൂചിപ്പിച്ചു.—യെശയ്യാവു 49:15.
സമാനമായി കരുത്തും മൃദുലസ്വഭാവവും ഒരുപോലെ പ്രകടമാക്കിയ മറ്റൊരു വ്യക്തിയാണ് യേശു. തന്റെ നാളിലെ കപടഭക്തിക്കാരായ മതനേതാക്കന്മാരെ അവൻ ശക്തമായി കുറ്റംവിധിച്ചു. (മത്തായി 23:1-33) തന്നെയുമല്ല, അത്യാർത്തിപൂണ്ട നാണയമാറ്റക്കാരെ ദേവാലയത്തിൽനിന്നു ബലമായി പുറത്താക്കുകയും ചെയ്തു. (മത്തായി 21:12, 13) എന്നാൽ അഴിമതിയോടും അത്യാഗ്രഹത്തോടുമുള്ള യേശുവിന്റെ വെറുപ്പ് അവനെ കഠിനഹൃദയനാക്കിയോ? അശേഷമില്ല! മറ്റുള്ളവരോട് മൃദുലമായി ഇടപെടുന്നവനെന്ന് അവൻ അറിയപ്പെട്ടു. അവൻ തന്നെത്തന്നെ “കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ചേർക്കു”ന്ന തള്ളക്കോഴിയോട് ഉപമിക്കുകപോലും ചെയ്തു.—ലൂക്കൊസ് 13:34.
പരുക്കൻ പ്രകൃതമോ ഉൾക്കരുത്തോ?
“ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ” ധരിച്ചുകൊണ്ട് ക്രിസ്തുവിനെ അനുകരിക്കാൻ സത്യക്രിസ്ത്യാനികൾ പ്രോത്സാഹിപ്പിക്കപ്പെട്ടിരിക്കുന്നു. (എഫെസ്യർ 4:20-24) വളർച്ച സാധ്യമാകുന്നതിനുവേണ്ടി ഞണ്ട് അതിന്റെ പഴയ തോട് പൊഴിക്കുന്നതുപോലെ “പഴയ മനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകള”യാൻ നമ്മെ ബുദ്ധിയുപദേശിച്ചിരിക്കുന്നു. (കൊലൊസ്സ്യർ 3:9) പഴയ തോട് ഉപേക്ഷിച്ചു കഴിഞ്ഞാൽ പെട്ടെന്നുതന്നെ ഞണ്ടിന്റെ ശരീരം വീണ്ടും കട്ടിയുള്ളതായിത്തീരും. എന്നാൽ ഇതിനു വിപരീതമായി മൃദുലഗുണങ്ങളായ “മനസ്സലിവു, ദയ, . . . ദീർഘക്ഷമ” എന്നിവ സ്ഥിരമായി ധരിക്കാനാണ് നമ്മോടു കൽപ്പിച്ചിരിക്കുന്നത്. (കൊലൊസ്സ്യർ 3:12) ഇതിന്റെ വീക്ഷണത്തിൽ, മൃദുലസ്വഭാവം നമ്മെ തിരിച്ചറിയിക്കുന്ന ഒരു സവിശേഷ ഗുണമായിരിക്കണം.
മൃദുലഗുണങ്ങൾ ധരിക്കുന്നത് ബലഹീനതയുടെ ലക്ഷണമല്ല. മറിച്ച്, അവ ധരിക്കുന്നതിന് ‘[യഹോവയുടെ] ആത്മാവിനാൽ’ നമ്മുടെ ‘അകത്തെ മനുഷ്യൻ ശക്തിയോടെ ബലപ്പെടേണ്ടത്’ ആവശ്യമാണ്. (എഫെസ്യർ 3:16) ഉദാഹരണത്തിന്, ലി എന്നു പേരുള്ള വ്യക്തി പറയുന്നു: “അടുത്തകാലംവരെ ഞാൻ നിഷ്ഠുരനും ദുഷ്ടനുമായിരുന്നു. ശരീരഭാഗങ്ങൾ കുത്തിത്തുളച്ച് ആഭരണങ്ങൾ ധരിച്ചിരുന്നതിനാൽ എന്റെ രൂപംപോലും ഭയാനകമായിരുന്നു. എങ്ങനെയും ധാരാളം പണമുണ്ടാക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. അതിനായി അസഭ്യഭാഷ ഉപയോഗിക്കാനോ അക്രമത്തിൽ ഏർപ്പെടാനോ എനിക്ക് മടിയില്ലായിരുന്നു. മനസ്സലിവ് എനിക്ക് ലവലേശം ഇല്ലായിരുന്നു.” എന്നിരുന്നാലും, ലി തന്റെ സഹജോലിക്കാരനോടൊത്ത് ബൈബിൾ പഠിക്കാൻ തുടങ്ങുകയും യഹോവയാം ദൈവത്തെ അറിയാനും സ്നേഹിക്കാനും ഇടയാകുകയും ചെയ്തു. അദ്ദേഹം തന്റെ പഴയ വ്യക്തിത്വം ഉരിഞ്ഞുകളയുകയും ആത്മനിയന്ത്രണം പാലിക്കാൻ പഠിക്കുകയും ചെയ്തിരിക്കുന്നു. ഇപ്പോൾ ആളുകളെ ബൈബിൾ പഠിക്കാൻ സഹായിക്കുന്നതിനായി സമയം സ്വമേധയാ വിനിയോഗിച്ചുകൊണ്ട് ലി അവരോടുള്ള തന്റെ സ്നേഹം പ്രകടമാക്കുന്നു.
ഒരുകാലത്ത് അപ്പൊസ്തലനായ പൗലൊസും തന്റെ ലക്ഷ്യങ്ങൾ നേടുന്നതിനായി അക്രമത്തെ അവലംബിച്ച ഒരു ‘നിഷ്ഠുരൻ’ ആയിരുന്നു. (1 തിമൊഥെയൊസ് 1:13; പ്രവൃത്തികൾ 9:1, 2) എന്നിരുന്നാലും, യഹോവയാം ദൈവവും യേശുക്രിസ്തുവും തന്നോടു കാണിച്ച കരുണയും സ്നേഹവും മനസ്സിലാക്കുകയും വിലമതിക്കുകയും ചെയ്തപ്പോൾ ഇതേ ഗുണങ്ങൾ അനുകരിക്കാനായി പ്രയത്നിക്കാൻ അവൻ പ്രേരിതനായി. (1 കൊരിന്ത്യർ 11:1) ക്രിസ്തീയ തത്ത്വങ്ങൾക്കുവേണ്ടി ഉറച്ച നിലപാടു സ്വീകരിച്ചപ്പോൾത്തന്നെ, മറ്റുള്ളവരോടു മൃദുലമായി ഇടപെടാൻ അവൻ പഠിച്ചു. തീർച്ചയായും, പൗലൊസ് തന്റെ സഹോദരങ്ങളോട് കലവറയില്ലാത്ത ആർദ്ര സ്നേഹം പ്രകടമാക്കി.—പ്രവൃത്തികൾ 20:31, 36-38; ഫിലേമോൻ 12.
മൃദുലസ്വഭാവം ഉള്ളവരായിരിക്കാനുള്ള കരുത്ത് എങ്ങനെ നേടാം?
ലിയുടെയും പൗലൊസ് അപ്പൊസ്തലന്റെയും അനുഭവങ്ങൾ കാണിക്കുന്നത്, മറ്റുള്ളവരോടു മൃദുലഭാവത്തോടെ ഇടപെടാൻ പഠിക്കുമ്പോൾ ഒരാൾ ദുർബലനായിത്തീരുന്നില്ലെന്നാണ്. വാസ്തവത്തിൽ, നേർ വിപരീതമാണ് സംഭവിക്കുന്നത്. ചിന്താരീതിക്കും പ്രവർത്തനങ്ങൾക്കും പാടേ മാറ്റം വരുത്താനും “തിന്മെക്കു പകരം, തിന്മ ചെയ്യാ”നുള്ള ജഡിക ചായ്വിനെതിരെ പോരാടാനും ഒരാൾ ശരിക്കും കരുത്തനായിരിക്കേണ്ടതുണ്ട്.—റോമർ 12:2, 17.
ദൈവവചനം ക്രമമായി വായിച്ചുകൊണ്ടും യഹോവയാം ദൈവവും അവന്റെ പുത്രനായ യേശുക്രിസ്തുവും ഇപ്പോൾത്തന്നെ നമ്മോടു പ്രകടിപ്പിച്ചിരിക്കുന്ന സ്നേഹത്തെയും കരുണയെയും കുറിച്ചു ധ്യാനിച്ചുകൊണ്ടും ആർദ്രാനുകമ്പ വളർത്തിയെടുക്കാൻ നമുക്കും സാധിക്കും. അങ്ങനെ ചെയ്യുകവഴി നമ്മുടെ ഹൃദയങ്ങളെ അലിയിക്കാൻ അഥവാ മയപ്പെടുത്താൻ നാം ദൈവവചനത്തിന്റെ ശക്തിയെ അനുവദിക്കുന്നു. (2 ദിനവൃത്താന്തം 34:26, 27; എബ്രായർ 4:12) നമ്മുടെ കുടുംബ പശ്ചാത്തലം എന്തായിരുന്നാലും ജീവിതാനുഭവങ്ങൾ എത്രതന്നെ കയ്പേറിയതായിരുന്നാലും, എല്ലാവരോടും മൃദുലഭാവമുള്ളവരായിരിക്കുന്നതിനു പഠിക്കാൻ നമുക്കു കഴിയും.—2 തിമൊഥെയൊസ് 2:24.
[18-ാം പേജിലെ ചിത്രം]
ഒരു നല്ല പിതാവ് തന്റെ മക്കളോട് മൃദുലഭാവത്തോടെ ഇടപെടുന്നു