വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘വലിയ’ പണക്കാരുടെ നാട്‌

‘വലിയ’ പണക്കാരുടെ നാട്‌

‘വലിയ’ പണക്കാ​രു​ടെ നാട്‌

ഗ്വാമിലെ ഉണരുക! ലേഖകൻ

വിശാ​ല​മായ പസിഫിക്‌ സമു​ദ്ര​ത്തി​ലാണ്‌ യാപ്പ്‌ ദ്വീപു​കൾ സ്ഥിതി​ചെ​യ്യു​ന്നത്‌. ഉഷ്‌ണ​മേ​ഖലാ സൗന്ദര്യ​വും സുഖ​പ്ര​ദ​മായ കാലാ​വ​സ്ഥ​യും സ്വകാ​ര്യത തേടുന്ന സഞ്ചാരി​കളെ ഈ ദ്വീപു​ക​ളി​ലേക്ക്‌ ആകർഷി​ക്കു​ന്നു. എന്നാൽ ദ്വീപ​വാ​സി​കൾ അവരുടെ പണം വഴിവ​ക്കിൽ സൂക്ഷി​ച്ചി​രി​ക്കു​ന്നതു കാണു​മ്പോൾ സന്ദർശകർ ആശ്ചര്യ​ഭ​രി​ത​രാ​കു​ന്നു. ശരിക്കും ‘വലിയ’ കാശു​കാർ തന്നെ!

ദ്വീപു​ക​ളി​ലു​ട​നീ​ളം, വഴി​യോ​ര​ങ്ങ​ളി​ലും കെട്ടി​ട​ങ്ങ​ളു​ടെ മുൻവ​ശ​ത്തും വൃത്താ​കൃ​തി​യി​ലുള്ള പരന്ന കല്ലുകൾ കാണാം. പ്രാ​ദേ​ശിക ഭാഷയിൽ റായി എന്നറി​യ​പ്പെ​ടുന്ന ഈ കല്ലുക​ളാണ്‌ യാപ്പിലെ പരമ്പരാ​ഗത നാണയം. ചിലയാ​ളു​കൾ അവരുടെ ശിലാ​നാ​ണ​യങ്ങൾ വീട്ടിൽ സൂക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും മിക്കവ​രും ഗ്രാമ​ത്തി​ലെ ചില പ്രത്യേക സ്ഥലങ്ങൾ അവരുടെ ബാങ്കു​ക​ളാ​യി ഉപയോ​ഗി​ക്കു​ന്നു. ഈ ഗ്രാമീണ “ബാങ്കുകൾ”ക്ക്‌ സെക്യൂ​രി​റ്റി ഗാർഡു​ക​ളോ ഇടപാ​ടു​കാ​രെ സഹായി​ക്കാൻ കാഷ്യർമാ​രോ ഇല്ല. എന്തിന്‌, നിങ്ങൾ അവിടെ ഒരു കെട്ടി​ടം​പോ​ലും കണ്ടെന്നു​വ​രില്ല. സുരക്ഷി​ത​മായ അറകളിൽ പണം സൂക്ഷി​ക്കു​ന്ന​തി​നു പകരം ഈ “ബാങ്കുകൾ” അവരുടെ ആസ്‌തി പുറത്തു വെച്ചി​രി​ക്കു​ന്നു. അതാ അവിടെ, നടുവിൽ ദ്വാര​മുള്ള കൂടുതൽ കൽച്ച​ക്രങ്ങൾ തെങ്ങു​ക​ളി​ലും മതിലു​ക​ളി​ലു​മാ​യി ചാരി​നി​റു​ത്തി​യി​രി​ക്കു​ന്നു. അവയ്‌ക്ക്‌ നാലു മീറ്റർവരെ വ്യാസ​വും അഞ്ചു ടണ്ണി​ലേറെ ഭാരവും ഉണ്ടായി​രു​ന്നേ​ക്കാം.

നിങ്ങളു​ടെ നാട്ടിൽ പോക്ക​റ്റി​ലാ​യി​രി​ക്കും ആളുകൾ നാണയ​ത്തു​ട്ടു​കൾ കൊണ്ടു​ന​ട​ക്കു​ന്നത്‌. എന്നാൽ ഇവി​ടെ​യുള്ള നാണയ​ത്തു​ട്ടു​കൾക്ക്‌ ഒരു കാറിൽ കൊള്ളാ​വു​ന്ന​തി​നെ​ക്കാൾ വലിപ്പ​മുണ്ട്‌. ഈ ശിലാ​നാ​ണ​യ​ങ്ങ​ളെ​ല്ലാം 1932-നു മുമ്പ്‌ നിർമി​ക്ക​പ്പെ​ട്ട​വ​യാണ്‌. എങ്കിലും, ദ്വീപു​ക​ളിൽ ഇപ്പോ​ഴും ഈ നാണയ​ങ്ങൾക്ക്‌ നിയമാം​ഗീ​കാ​ര​മുണ്ട്‌. ഈ അസാധാ​രണ കറൻസി എങ്ങനെ​യാ​ണു നിലവിൽ വന്നത്‌?

ക്ലേശപൂർണ​മായ സമ്പാദനം

പണ്ടുപണ്ട്‌, ഒരുകൂ​ട്ടം യാപ്പീസ്‌ സമു​ദ്ര​സ​ഞ്ചാ​രി​കൾ പലൗ ദ്വീപിൽ കാലു​കു​ത്തു​ക​യും അവർക്ക്‌ അവി​ടെ​നി​ന്നും ഭംഗി​യുള്ള കുറച്ചു കല്ലുകൾ ലഭിക്കു​ക​യും ചെയ്‌തു​വെ​ന്നാണ്‌ ഐതി​ഹ്യം. ഈ കല്ലുകൾ അവർ യാപ്പി​ലേക്ക്‌ കൊണ്ടു​പോ​യ​പ്പോൾ, അവിട​ത്തു​കാർ അവയെ നാണയ​മാ​യി ഉപയോ​ഗി​ക്കാൻ തീരു​മാ​നി​ച്ചു. അവർ അവയെ പൂർണ​ച​ന്ദ്രന്റെ ആകൃതി​യിൽ കൊത്തി​യെ​ടുത്ത്‌ ഒത്തനടു​വിൽ ദ്വാര​മി​ട്ടു.

ശിലാ​നാ​ണ​യ​ത്തിൽ അടങ്ങി​യി​രി​ക്കുന്ന ധാതു​ക്ക​ളു​ടെ കാര്യ​ത്തിൽ യാതൊ​രു വിട്ടു​വീ​ഴ്‌ച​യ്‌ക്കും അവർ തയ്യാറ​ല്ലാ​യി​രു​ന്നു. അരാഗ​ണൈറ്റ്‌, കാൽ​സൈറ്റ്‌ എന്നീ പേരു​ക​ളിൽ ഇന്ന്‌ അറിയ​പ്പെ​ടുന്ന ധാതു​ക്ക​ളാണ്‌ അവർ ഇഷ്ടപ്പെ​ട്ടി​രു​ന്നത്‌. ഭൂവൽക്ക നിക്ഷേ​പ​ങ്ങ​ളി​ലുള്ള അരാഗ​ണൈറ്റ്‌ എന്ന വസ്‌തു മുത്തു​ക​ളി​ലും കാണ​പ്പെ​ടു​ന്നു. കാൽ​സൈറ്റ്‌ ആകട്ടെ മാർബി​ളി​ന്റെ മുഖ്യ​ഘ​ട​ക​മാണ്‌. ഇവ രണ്ടും വിദഗ്‌ധ​മാ​യി കൊത്തി​യെ​ടു​ത്താൽ വളരെ ആകർഷ​ക​മാണ്‌. എന്നാൽ ഇവ രണ്ടും യാപ്പിൽ കാണ​പ്പെ​ടു​ന്നില്ല. അതു​കൊണ്ട്‌ കല്ലുകൾ ശേഖരി​ക്കു​ന്ന​തി​നു​വേണ്ടി യാപ്പ്‌ നിവാ​സി​കൾ തുടർന്നും പലൗവിൽ പോയി​ക്കൊ​ണ്ടി​രു​ന്നു. യാപ്പിന്‌ തെക്കു​പ​ടി​ഞ്ഞാ​റാ​യി ഏകദേശം 400 കിലോ​മീ​റ്റർ അകലെ​യാണ്‌ പലൗ സ്ഥിതി​ചെ​യ്യു​ന്നത്‌. അപകടങ്ങൾ നിറഞ്ഞ സമു​ദ്ര​ത്തി​ലൂ​ടെ വള്ളത്തിൽ അഞ്ചു ദിവസം യാത്ര​ചെ​യ്‌താ​ലേ പലൗവിൽ എത്തി​ച്ചേ​രു​മാ​യി​രു​ന്നു​ള്ളൂ. വള്ളം മറിയാ​തി​രി​ക്കാൻ അതിനു സമാന്ത​ര​മാ​യി നീളമുള്ള ഒരു തടി ബന്ധിപ്പി​ച്ചി​രു​ന്നു.

പലൗവി​ലെ​ത്തി​യ​തി​നു ശേഷം, അവർ അവിടത്തെ പ്രാ​ദേ​ശിക തലവനിൽനി​ന്നു കല്ലു​വെ​ട്ടു​ന്ന​തി​നുള്ള അനുവാ​ദം നേടി​യെ​ടു​ത്തു. തുടർന്ന്‌ പ്രാകൃ​ത​മായ ഉപകര​ണങ്ങൾ ഉപയോ​ഗിച്ച്‌ ഭൂഗർഭ ഗുഹക​ളിൽ നിന്നും കൽപ്പല​കകൾ വെട്ടി​യെ​ടുത്ത്‌ അതിനെ വൃത്താ​കൃ​തി​യിൽ രൂപ​പ്പെ​ടു​ത്തി. ഒരു കഷണം കല്ല്‌ ചുറ്റി​ക​കൊ​ണ്ട​ടിച്ച്‌ രൂപ​പ്പെ​ടു​ത്തു​ന്ന​തി​നും ചെത്തി​മി​നു​ക്കി​യെ​ടു​ക്കു​ന്ന​തി​നും മാസങ്ങ​ളോ ചില​പ്പോൾ വർഷങ്ങൾപോ​ലു​മോ വേണ്ടി​വന്നു!

അതിനു​ശേ​ഷം കല്ലുക​ളു​ടെ നടുവിൽ ഉണ്ടാക്കിയ ദ്വാര​ത്തി​ലൂ​ടെ ബലമുള്ള കോലു​കൾ കടത്തി അവയെ തീര​ത്തേക്കു ചുമന്നു​കൊ​ണ്ടു​പോ​യി വള്ളങ്ങളി​ലോ മുള​കൊ​ണ്ടുള്ള ചങ്ങാട​ങ്ങ​ളി​ലോ കയറ്റി​യി​രു​ന്നു. വലിയ ശിലാ​നാ​ണ​യങ്ങൾ കൊണ്ടു​പോ​കേണ്ടി വന്നപ്പോൾ പണിക്കാർ അതിനെ വെള്ളത്തിൽ നേരെ നിറു​ത്തി​യിട്ട്‌ അതിനു​ചു​റ്റും ഒരു വലിയ ചങ്ങാടം പണിയു​മാ​യി​രു​ന്നു. ഒടുവിൽ, ഈ പണം കയറ്റിയ ചങ്ങാട​വും കെട്ടി​വ​ലി​ച്ചു​കൊണ്ട്‌ അവർ യാപ്പി​ലേക്ക്‌ തിരികെ പോകു​മാ​യി​രു​ന്നു. ശക്തമായി തുഴയു​ന്ന​തോ​ടൊ​പ്പം കാറ്റിന്റെ സഹായ​വും പ്രയോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ടാണ്‌ പായ്‌ കെട്ടിയ വള്ളങ്ങൾ അവർ ലക്ഷ്യസ്ഥാ​നത്ത്‌ എത്തിച്ചി​രു​ന്നത്‌.

ഈ ജോലി​ക​ളെ​ല്ലാം കൈ​കൊ​ണ്ടാ​ണു ചെയ്‌തി​രു​ന്നത്‌. തന്നെയു​മല്ല അവ വളരെ അപകട​ക​ര​വു​മാ​യി​രു​ന്നു. ഭീമൻ കൽക്കഷ​ണങ്ങൾ വെട്ടി​യെ​ടു​ക്കു​മ്പോ​ഴും അവ ഒരു സ്ഥലത്തു​നി​ന്നും മറ്റൊരു സ്ഥലത്തേക്ക്‌ മാറ്റു​മ്പോ​ഴു​മെ​ല്ലാം കരയിൽവെച്ച്‌ അനേകർക്ക്‌ പരു​ക്കേൽക്കു​ക​യോ മരണം സംഭവി​ക്കു​ക​യോ ചെയ്‌തി​ട്ടുണ്ട്‌. കടൽമാർഗം യാപ്പി​ലേ​ക്കുള്ള മടക്കയാ​ത്ര​യും അപകടം നിറഞ്ഞ​താ​യി​രു​ന്നു. പണം മുഴു​വ​നു​മോ പണവും​കൊ​ണ്ടു പോന്ന എല്ലാവ​രു​മോ സുരക്ഷി​ത​മാ​യി യാപ്പിൽ എത്തി​ച്ചേർന്നി​ല്ലെ​ന്നാണ്‌ യാപ്പി​നും പലൗവി​നും സമീപം സമു​ദ്ര​ത്തി​ന്റെ അടിത്ത​ട്ടിൽ കാണ​പ്പെ​ടുന്ന ശിലാ​നാ​ണ​യങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. മുങ്ങി​പ്പോയ ആ പണമ​ത്ര​യും യാപ്പി​ലുള്ള ആരു​ടേ​തെ​ങ്കി​ലു​മൊ​ക്കെ​യാണ്‌. കരയി​ലുള്ള ശിലാ​നാ​ണ​യ​ങ്ങൾക്കു​ള്ള​തു​പോ​ലെ​തന്നെ ആ നാണയ​ങ്ങൾക്കും മൂല്യ​മുണ്ട്‌.

നാണയ​ങ്ങ​ളു​ടെ മൂല്യം സംബന്ധി​ച്ചെന്ത്‌?

ഒരു ബിസി​നസ്സ്‌ ഇടപാട്‌ നടക്കു​മ്പോൾ റായി കൈമാ​റ​പ്പെ​ടു​ന്നു, എന്നിരു​ന്നാ​ലും അതിന്റെ പുതിയ ഉടമസ്ഥൻ മിക്ക​പ്പോ​ഴും അത്‌ പഴയ സ്ഥാനത്തു​തന്നെ വെച്ചി​ട്ടു​പോ​കു​ന്നു. പല നാണയ​ങ്ങ​ളും ഇപ്പോ​ഴത്തെ സ്ഥാനത്തി​രി​ക്കാൻ തുടങ്ങി​യിട്ട്‌ പതിറ്റാ​ണ്ടു​ക​ളാ​യി. തന്നെയു​മല്ല അവ ഇപ്പോ​ഴത്തെ ഉടമസ്ഥ​രു​ടെ വീടു​ക​ളിൽനി​ന്നും വളരെ അകലെ​യു​മാണ്‌. മോഷ്ടി​ക്ക​പ്പെ​ടു​മെ​ന്നുള്ള ഭയം അസ്ഥാന​ത്താണ്‌.

ഒരു ശിലാ​നാ​ണ​യ​ത്തിൽ കണ്ണു​വെ​ക്കുന്ന മോഷ്ടാ​വിന്‌ അത്‌ എടുത്തു​കൊ​ണ്ടു​പോ​ക​ണ​മെ​ങ്കിൽ ആദ്യം അത്‌ എടുത്തു​പൊ​ക്കാ​നുള്ള ആരോ​ഗ്യ​വും പിന്നെ മോഷ്ടി​ക്കാ​നുള്ള തന്റേട​വും ഉണ്ടായി​രി​ക്കണം. മോഷ്ടി​ക്കാ​നുള്ള തന്റേടം ഉണ്ടായി​രി​ക്കുക ഏറെ ബുദ്ധി​മു​ട്ടാണ്‌, കാരണം അയൽക്കാർക്ക്‌ ഓരോ ശിലാ​നാ​ണ​യ​ത്തി​ന്റെ​യും ഉടമസ്ഥൻ ആരാ​ണെന്ന്‌ വ്യക്തമാ​യി അറിയാം, മറ്റുള്ള​വ​രു​ടെ സ്വത്തവ​കാ​ശത്തെ അവർ അങ്ങേയറ്റം മാനി​ക്കു​ന്നു.

ഒരു ശിലാ​നാ​ണ​യ​ത്തി​ന്റെ മൂല്യം നിങ്ങൾ എങ്ങനെ നിശ്ചയി​ക്കും? ആദ്യം ആ നാണയ​ത്തി​ന്റെ വലുപ്പം, പ്രകൃ​തി​ദത്ത സൗന്ദര്യം, കൊത്തു​പ​ണി​യു​ടെ ഗുണമേന്മ എന്നിവ നോക്കണം. എന്നിട്ട്‌ അതിന്റെ ചരിത്രം പരി​ശോ​ധി​ക്കണം. എന്തുമാ​ത്രം പഴക്കമുണ്ട്‌, കല്ല്‌ വെട്ടി​യെ​ടു​ക്കാ​നും കൊത്താ​നും വളരെ പ്രയാ​സ​മാ​യി​രു​ന്നോ, യാപ്പി​ലേക്ക്‌ കടൽമാർഗം കൊണ്ടു​വ​ന്ന​പ്പോൾ ആളുക​ളു​ടെ ജീവൻ അപകട​ത്തി​ലാ​കു​ക​യോ നഷ്ടപ്പെ​ടു​ക​യോ ചെയ്‌തി​ട്ടു​ണ്ടോ തുടങ്ങിയ കാര്യങ്ങൾ വിലയി​രു​ത്തണം. ഒടുവിൽ, ഇടപാ​ടിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ സാമൂ​ഹി​ക​നില എന്താ​ണെ​ന്നും പരി​ശോ​ധി​ക്കണം. ഒരു മുഖ്യന്റെ കൈവ​ശ​മുള്ള ശിലാ​നാ​ണ​യ​ത്തിന്‌ സാധാ​ര​ണ​ക്കാ​രന്റെ കൈവ​ശ​മുള്ള നാണയ​ത്തെ​ക്കാൾ വിലയുണ്ട്‌.

1960-ൽ, ഒരു വിദേശ ബാങ്ക്‌ 1.5 മീറ്റർ വ്യാസ​മുള്ള ഒരു ശിലാ​നാ​ണയം വാങ്ങി​ച്ച​പ്പോൾ അതിന്റെ ചരിത്രം പുറം​ലോ​കം അറിയാ​നി​ട​യാ​യി. ഈ നാണയം 1880-കൾമുതൽ ഉപയോ​ഗ​ത്തി​ലി​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. ഒരിക്കൽ ഇത്‌ ഒരു വീടു പണിത തൊഴി​ലാ​ളി​കൾക്ക്‌ കൂലി​യാ​യി കൊടു​ത്തു. മറ്റൊരു സന്ദർഭ​ത്തിൽ ഒരു ഗ്രാമ​ത്തി​ലെ ആളുകൾ, ഒരു പ്രത്യേക നൃത്തം അവതരി​പ്പിച്ച തങ്ങളുടെ അയൽഗ്രാ​മ​ക്കാർക്ക്‌ ഈ നാണയം പാരി​തോ​ഷി​ക​മാ​യി നൽകി. പിന്നീട്‌ ഒരാൾ ഈ നാണയം കൊടുത്ത്‌ വീടു മേയാ​നുള്ള ടിൻ ഷീറ്റ്‌ വാങ്ങി. ഈ ഇടപാ​ടു​ക​ളെ​ല്ലാം നടന്നെ​ങ്കി​ലും കല്ല്‌ അതിന്റെ പഴയ സ്ഥാനത്തു​തന്നെ തുടർന്നു. യാതൊ​രു ലിഖി​ത​രേ​ഖ​ക​ളും ഉണ്ടായി​രു​ന്നു​മില്ല. എന്നിരു​ന്നാ​ലും നാണയ​ത്തി​ന്റെ ഉടമസ്ഥ​ത​യും ചരി​ത്ര​വും യാപ്പിൽ പരക്കെ അറിയ​പ്പെ​ടുന്ന വസ്‌തു​ത​ക​ളാ​യി​രു​ന്നു.

വലുപ്പ​മേ​റി​യവ എല്ലായ്‌പോ​ഴും മൂല്യ​മേ​റി​യ​വയല്ല

നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ റായി രംഗ​പ്ര​വേശം ചെയ്‌ത​പ്പോൾ, ആ ശിലാ​നാ​ണ​യങ്ങൾ അപൂർവ​വും വളരെ വിലപി​ടി​പ്പു​ള്ള​തു​മാ​യി​രു​ന്ന​തി​നാൽ മുഖ്യ​ന്മാ​രു​ടെ കൈവശം മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. പിന്നീട്‌, 19-ാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ത്തോ​ടെ ഇരുമ്പാ​യു​ധ​ങ്ങ​ളും ചരക്കു​ക​പ്പ​ലു​ക​ളും ഇത്തരത്തി​ലുള്ള വളരെ​യേറെ നാണയങ്ങൾ—വലുപ്പം കൂടി​യത്‌ ഉൾപ്പെടെ—കൊത്തി​യു​ണ്ടാ​ക്കു​ന്ന​തും കൊണ്ടു​വ​രു​ന്ന​തും സാധ്യ​മാ​ക്കി​ത്തീർത്തു. പുതിയ നാണയ​ങ്ങൾക്ക്‌ പഴയതി​നെ​ക്കാൾ വലുപ്പ​മു​ണ്ടെ​ങ്കി​ലും അതിന്റെ നിർമാ​ണ​ത്തിൽ പരമ്പരാ​ഗത രീതി​യി​ലുള്ള കഠിനാ​ധ്വാ​നം ഉൾപ്പെ​ട്ടി​ട്ടി​ല്ലാ​ത്ത​തി​നാൽ മൂല്യം കുറവാണ്‌.

1929-ലെ ഒരു ഔദ്യോ​ഗിക കണക്ക്‌ സൂചി​പ്പി​ക്കു​ന്ന​പ്ര​കാ​രം ദ്വീപു​ക​ളിൽ 13,281 കല്ലുകൾ ഉണ്ടായി​രു​ന്നു—അവിടത്തെ ജനസം​ഖ്യ​യെ​ക്കാ​ള​ധി​കം! എന്നാൽ രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തോ​ടെ ഈ സംഖ്യക്ക്‌ മാറ്റം​വന്നു. ശിലാ​നാ​ണ​യ​ങ്ങ​ളിൽ ഏറെയും സൈന്യം പിടി​ച്ചെ​ടു​ക്കു​ക​യും, അതിൽ കുറെ​യെണ്ണം പൊട്ടിച്ച്‌ റൺവേ​ക​ളു​ടെ​യും പ്രതി​രോ​ധ​മ​തി​ലു​ക​ളു​ടെ​യും നിർമാ​ണ​ത്തി​നാ​യി ഉപയോ​ഗി​ക്കു​ക​യും ചെയ്‌തു. യുദ്ധത്തെ തുടർന്ന്‌ മേൽപ്പറഞ്ഞ സംഖ്യ​യു​ടെ പകുതി ശിലാ​നാ​ണ​യങ്ങൾ മാത്രമേ അവശേ​ഷി​ച്ചു​ള്ളൂ. പിന്നീട്‌, സ്‌മര​ണി​കകൾ അന്വേ​ഷി​ക്കു​ന്ന​വ​രും സ്വകാര്യ ശേഖക​രും കുറെ കൽച്ച​ക്രങ്ങൾ എടുത്തു​കൊ​ണ്ടു​പോ​യി. ഇപ്പോൾ ഗവൺമെന്റ്‌ ശിലാ​നാ​ണ​യ​ങ്ങളെ സാംസ്‌കാ​രിക സമ്പത്തായി കണക്കാക്കി അതിനു നിയമ​പ​രി​രക്ഷ നൽകി​വ​രു​ന്നു.

യാപ്പിൽ പണം കായ്‌ക്കുന്ന മരങ്ങൾ ഇല്ല, അവിടത്തെ നിരത്തു​കൾ സ്വർണം പാകി​യ​വ​യും അല്ല. അതേ അവർ സമ്പന്നരല്ല, എങ്കിലും അവി​ടെ​യുള്ള ആളുകൾ തങ്ങളുടെ സമ്പത്ത്‌ എല്ലാവ​രും കാണത്തക്ക രീതി​യിൽ വഴിവ​ക്കിൽ ഇട്ടിരി​ക്കു​ന്നു.

[20-ാം പേജിലെ മാപ്പുകൾ]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ജപ്പാൻ

പസിഫിക്‌ സമുദ്രം

ഫിലിപ്പീൻസ്‌

സയ്‌പാൻ

ഗ്വാം

യാപ്പ്‌

പലൗ

[കടപ്പാട്‌]

ഗ്ലോബ്‌: Mountain High Maps® Copyright © 1997 Digital Wisdom, Inc.

[21-ാം പേജിലെ ചിത്രം]

ശിലാനാണയ “ബാങ്ക്‌”

[22-ാം പേജിലെ ചിത്രം]

യാപ്പിലെ ചില നാണയ​ങ്ങൾക്ക്‌ അഞ്ചു ടണ്ണി​ലേറെ ഭാരമുണ്ട്‌