വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌

സുഹൃത്തുക്കളെ നമുക്കെല്ലാം ആവശ്യമാണ്‌

സുഹൃ​ത്തു​ക്കളെ നമു​ക്കെ​ല്ലാം ആവശ്യ​മാണ്‌

“നമുക്ക്‌ എന്തും തുറന്നു​സം​സാ​രി​ക്കാൻ പറ്റിയ ഒരാളാണ്‌ സുഹൃത്ത്‌, ഏതു സമയത്തും വിളി​ക്കാ​വുന്ന ഒരാൾ.”യായെൽ, ഫ്രാൻസ്‌

“നിങ്ങളു​ടെ മനസ്സു​വി​ങ്ങു​മ്പോൾ സുഹൃത്ത്‌ അത്‌ അറിയു​ന്നു, നിങ്ങളു​ടെ നൊമ്പരം അയാൾ സ്വന്തം ഹൃദയ​ത്തി​ലേക്ക്‌ ഏറ്റുവാ​ങ്ങു​ന്നു.”ഗായെൽ, ഫ്രാൻസ്‌

“സഹോ​ദ​ര​നെ​ക്കാ​ളും പറ്റുള്ള സ്‌നേ​ഹി​ത​ന്മാ​രും ഉണ്ട്‌.” (സദൃശ​വാ​ക്യ​ങ്ങൾ 18:24) ഏകദേശം 3,000 വർഷം​മു​മ്പാണ്‌ ഈ വാക്കുകൾ ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യത്‌. അന്നുമു​തൽ ഇന്നോളം മനുഷ്യ​ന്റെ പ്രകൃ​ത​ത്തി​നു മാറ്റ​മൊ​ന്നു​മില്ല. മനുഷ്യ ശരീര​ത്തിന്‌ ആഹാര​വും വെള്ളവും എത്ര പ്രധാ​ന​മാ​ണോ അങ്ങനെ​ത​ന്നെ​യാണ്‌ മനുഷ്യ​മ​ന​സ്സി​നു സഖിത്വ​വും. എന്നാൽ, അനേക​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം സൗഹൃദം എന്ന ഈ അടിസ്ഥാന ആവശ്യം തൃപ്‌തി​പ്പെ​ടു​ത്തു​ക​യെ​ന്നത്‌ എളുപ്പമല്ല. ഇന്ന്‌ എല്ലായി​ട​ത്തും ആളുകൾ ഏകാന്ത​ത​യു​ടെ പിടി​യി​ല​മ​രു​ക​യാണ്‌. “അതിന്റെ ചില കാരണങ്ങൾ തിരി​ച്ച​റി​യാൻ നമുക്കു ബുദ്ധി​മു​ട്ടൊ​ന്നു​മില്ല,” ആത്മബന്ധ​ത്തി​നാ​യുള്ള അന്വേ​ഷണം (ഇംഗ്ലീഷ്‌) എന്ന തങ്ങളുടെ പുസ്‌ത​ക​ത്തിൽ കാരിൻ റൂബെൻ​സ്റ്റൈ​നും ഫിലിപ്പ്‌ ഷെയ്‌വ​റും പറയുന്നു. “ആളുകൾ കൂടെ​ക്കൂ​ടെ താമസ​സ്ഥലം മാറ്റു​ന്നത്‌, . . . വ്യക്തി​ബ​ന്ധ​ങ്ങൾക്കു സ്ഥാനമി​ല്ലാത്ത, കുറ്റകൃ​ത്യ​ങ്ങൾ വിളയുന്ന നഗരങ്ങൾ, സമൂഹ​ത്തി​ലെ മറ്റുള്ള​വ​രു​മാ​യി നേരിട്ട്‌ ഇടപഴ​കു​ന്ന​തി​നു പകരം സ്വന്തം വീടു​ക​ളിൽത്തന്നെ ടെലി​വി​ഷ​നി​ലും വീഡി​യോ​ക​ളി​ലും കണ്ണും​ന​ട്ടി​രി​ക്കുന്ന പ്രവണത” തുടങ്ങി​യവ ഇതിനുള്ള കാരണ​ങ്ങ​ളാ​യി അവർ ചൂണ്ടി​ക്കാ​ണി​ക്കു​ന്നു.

ഇതിനു പുറമേ, ആധുനിക ജീവി​ത​രീ​തി നമ്മുടെ സമയവും ഊർജ​വും ഊറ്റി​യെ​ടു​ക്കു​ക​യാണ്‌. “പതി​നേ​ഴാം നൂറ്റാ​ണ്ടി​ലെ ഒരു ഗ്രാമീ​ണൻ ഒരു വർഷം​കൊ​ണ്ടോ തന്റെ ജീവി​ത​കാ​ലം മുഴു​വൻകൊ​ണ്ടോ അറിയാ​നി​ട​യാ​കു​ന്ന​തി​ലും അധികം ആളുക​ളു​മാ​യി ഇന്നത്തെ ഒരു നഗരവാ​സി ഒരാഴ്‌ച​യ്‌ക്കകം സമ്പർക്ക​ത്തിൽവ​രു​ന്നു,” സുഹൃ​ത്തു​ക്കൾക്കി​ട​യിൽ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ ലെറ്റി പോഗ്‌റെ​ബിൻ എഴുതു​ന്നു. നമ്മുടെ ജീവി​തത്തെ പൊതി​ഞ്ഞു​നിൽക്കുന്ന നൂറു​ക​ണ​ക്കി​നു പരിച​യ​ക്കാ​രു​ണ്ടാ​യി​രി​ക്കാം, അതു​കൊണ്ട്‌ ഒരു ഗാഢസൗ​ഹൃ​ദം ഉരുത്തി​രി​യാ​നും അതു നിലനി​റു​ത്താ​നും​മാ​ത്രം സമയം വ്യക്തി​ക​ളിൽ ശ്രദ്ധ​കേ​ന്ദ്രീ​ക​രി​ക്കുക ബുദ്ധി​മു​ട്ടാ​യി​രു​ന്നേ​ക്കാം.

കുറച്ചു​നാൾമു​മ്പു​വരെ ജീവിതം ശാന്തമാ​യൊ​ഴു​കി​യി​രുന്ന സ്ഥലങ്ങളിൽപ്പോ​ലും സാമൂ​ഹിക അവസ്ഥകൾ എത്ര വേഗമാ​ണു മാറി​മ​റി​യു​ന്നത്‌. പൂർവ​യൂ​റോ​പ്പിൽ ജീവി​ക്കുന്ന ഉല്ലാ പറയുന്നു: “സുഹൃ​ത്തു​ക്ക​ളു​മാ​യി ഞങ്ങൾക്ക്‌ എത്രമാ​ത്രം അടുപ്പം തോന്നി​യി​രു​ന്നെ​ന്നോ. പക്ഷേ ഇപ്പോൾ പലരും സ്വന്തം തൊഴി​ലു​ക​ളി​ലോ ഉദ്യമ​ങ്ങ​ളി​ലോ ആമഗ്നരാ​കു​ക​യാണ്‌ പതിവ്‌. എല്ലാവർക്കും തിര​ക്കോ​ടു​തി​ര​ക്കാണ്‌. ഞങ്ങളുടെ ആ പഴയ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളു​ടെ ഇഴയടു​പ്പം കുറഞ്ഞു​കു​റ​ഞ്ഞു​വ​രു​ന്നതു ഞങ്ങളറി​യു​ന്നു.” ആധുനിക ജീവി​ത​ത്തി​ന്റെ തിക്കും തിരക്കും സഖിത്വ​ത്തെ ജീവി​ത​ത്തി​ന്റെ പിന്നാ​മ്പു​റ​ത്തേക്കു തള്ളി​യേ​ക്കാം.

പക്ഷേ സുഹൃ​ത്തു​ക്കൾ വേണം എന്ന നമ്മു​ടെ​യൊ​ക്കെ ആവശ്യ​ത്തി​നു തെല്ലും മങ്ങലേ​റ്റി​ട്ടില്ല. പ്രത്യേ​കിച്ച്‌ യുവജ​നങ്ങൾ സൗഹൃ​ദ​ത്തി​നാ​യി വാഞ്‌ഛി​ക്കു​ന്നു. മുകളിൽ പരാമർശിച്ച യായെൽ, പറയുന്നു: “ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾ അംഗീ​ക​രി​ക്ക​പ്പെ​ടാ​നും വേണ്ട​പ്പെ​ട്ട​വ​രാ​ണെന്നു തോന്നാ​നും ആരെങ്കി​ലു​മാ​യി ഉറ്റബന്ധ​വും അടുപ്പ​വും ഉണ്ടായി​രി​ക്കാ​നും നിങ്ങൾ ആഗ്രഹി​ക്കും.” ചെറു​പ്പ​ക്കാ​രോ പ്രായ​മാ​യ​വ​രോ ആയി​ക്കൊ​ള്ളട്ടെ നമു​ക്കെ​ല്ലാം സന്തോ​ഷ​നിർഭ​ര​മായ അർഥവ​ത്തായ സുഹൃ​ദ്‌ബ​ന്ധങ്ങൾ ആവശ്യ​മാണ്‌. അതിനു വെല്ലു​വി​ളി​കൾ ഉണ്ടായി​രു​ന്നാ​ലും യഥാർഥ മിത്ര​ങ്ങളെ സമ്പാദി​ക്കാ​നും ആ ബന്ധം നിലനി​റു​ത്താ​നും നമുക്കു ചെയ്യാൻ കഴിയുന്ന ഏറെക്കാ​ര്യ​ങ്ങ​ളുണ്ട്‌. ഇതി​നെ​ക്കു​റിച്ച്‌ തുടർന്നു​വ​രുന്ന ലേഖനങ്ങൾ ചർച്ച​ചെ​യ്യും.