വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സൗഹൃദത്തിനായുള്ള വാഞ്‌ഛ തൃപ്‌തിപ്പെടുത്തൽ

സൗഹൃദത്തിനായുള്ള വാഞ്‌ഛ തൃപ്‌തിപ്പെടുത്തൽ

സൗഹൃ​ദ​ത്തി​നാ​യുള്ള വാഞ്‌ഛ തൃപ്‌തി​പ്പെ​ടു​ത്തൽ

“ഏകാന്തത ഒരു രോഗമല്ല,ആത്മബന്ധ​ത്തി​നാ​യുള്ള അന്വേ​ഷണം എന്ന പുസ്‌തകം പറയുന്നു. “ആരോ​ഗ്യ​ക​ര​മായ ഒരു വാഞ്‌ഛ​യാണ്‌ അത്‌ . . . സുഹൃ​ദ്‌ബ​ന്ധ​ത്തി​ന്റെ അഭാവ​ത്തി​ലേക്കു വിരൽചൂ​ണ്ടുന്ന ഒരു സ്വാഭാ​വിക അടയാളം.” ഭക്ഷണത്തി​നാ​യുള്ള വാഞ്‌ഛ അല്ലെങ്കിൽ വിശപ്പ്‌ പോഷ​ക​പ്ര​ദ​മായ ആഹാരം കഴിക്കാൻ നമ്മെ പ്രേരി​പ്പി​ക്കു​ന്ന​തു​പോ​ലെ ഏകാന്തത, നല്ല സുഹൃ​ത്തു​ക്കളെ തേടാൻ നമ്മെ പ്രചോ​ദി​പ്പി​ക്കണം.

എന്നാൽ, ഫ്രാൻസി​ലെ യായെൽ എന്ന യുവതി അഭി​പ്രാ​യ​പ്പെ​ടു​ന്ന​തു​പോ​ലെ “ചിലയാ​ളു​കൾ മറ്റുള്ള​വ​രു​മാ​യുള്ള സകലബ​ന്ധ​ങ്ങ​ളും ഒഴിവാ​ക്കു​ന്നു.” കാരണം എന്തുമാ​യി​ക്കൊ​ള്ളട്ടെ സ്വയം ഒറ്റപ്പെ​ടു​ത്തു​ന്നതു പ്രശ്‌ന​നി​വാ​രണം വരുത്തു​ന്നില്ല, മറിച്ച്‌ നമ്മെ കൂടുതൽ ഏകാന്ത​ത​യി​ലേക്കു തള്ളിവി​ടു​കയേ ഉള്ളൂ. ഒരു ബൈബിൾ പഴമൊ​ഴി ശ്രദ്ധി​ക്കുക: “കൂട്ടം​വി​ട്ടു നടക്കു​ന്നവൻ സ്വേച്ഛയെ അന്വേ​ഷി​ക്കു​ന്നു; സകലജ്ഞാ​ന​ത്തോ​ടും അവൻ കയർക്കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 18:1) അതു​കൊണ്ട്‌ ആദ്യം നാം സുഹൃ​ദ്‌ബ​ന്ധ​ത്തി​ന്റെ ആവശ്യം തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌, എന്നിട്ട്‌ ആ ആവശ്യം തൃപ്‌തി​പ്പെ​ടു​ത്താ​നാ​യി എന്തെങ്കി​ലും ചെയ്യാൻ തീരു​മാ​ന​മെ​ടു​ക്കുക.

സൗഹൃ​ദ​ത്തി​നുള്ള പ്രാ​യോ​ഗിക പടികൾ സ്വീക​രി​ക്കു​ക

സ്വയം പരിത​പി​ക്കു​ക​യോ സഖിത്വ​ത്തി​ന്റെ മധുരം നുകരു​ന്ന​വ​രോട്‌ അസൂയ​പ്പെ​ടു​ക​യോ ചെയ്യു​ന്ന​തി​നു​പ​കരം ഒരു ക്രിയാ​ത്മക മനോ​ഭാ​വം പുലർത്ത​രു​തോ? അതാണ്‌ ഇറ്റലി​യിൽനി​ന്നുള്ള മാനൂ​വേലാ ചെയ്‌തത്‌, അവൾ പറയുന്നു: “പ്രത്യേ​കിച്ച്‌ കൗമാ​ര​ത്തി​ലാ​യി​രുന്ന എനിക്ക്‌ പുറന്ത​ള്ള​പ്പെ​ട്ടു​വെന്ന തോന്ന​ലു​ണ്ടാ​യി. ഇതിനെ മറിക​ട​ക്കാൻ, നല്ല സുഹൃ​ത്തു​ക്കളെ സ്വന്തമാ​ക്കി​യ​വരെ ഞാൻ അടുത്തു നിരീ​ക്ഷി​ച്ചു. എന്നിട്ട്‌ അവർക്കുള്ള നല്ല ഗുണങ്ങൾ വളർത്തി​യെ​ടു​ത്തു​കൊണ്ട്‌ കൂടുതൽ ആകർഷ​ക​മായ വ്യക്തി​ത്വ​മു​ള്ള​വ​ളാ​യി​ത്തീ​രാൻ ശ്രമിച്ചു.”

നല്ല സഖിത്വം ആസ്വദി​ക്കാ​നുള്ള ഒരു പ്രാ​യോ​ഗിക പടി, നിങ്ങളു​ടെ ശരീര​ത്തി​നും മനസ്സി​നും നല്ല പരിച​രണം നൽകുക എന്നതാണ്‌. ആരോ​ഗ്യ​ക​ര​മായ ഭക്ഷണം, ആവശ്യ​ത്തി​നു വിശ്രമം, വേണ്ടത്ര വ്യായാ​മം എന്നിവ​യെ​ല്ലാം നിങ്ങളു​ടെ അഴകും ഊർജ​സ്വ​ല​ത​യും വർധി​പ്പി​ക്കും. നിങ്ങളു​ടെ വൃത്തി​യും വെടി​പ്പും നിങ്ങൾ ഭംഗി​യാ​യി ഒരുങ്ങു​ന്ന​തും മറ്റുള്ള​വർക്കു നിങ്ങളു​ടെ സാന്നി​ധ്യം കൂടുതൽ ഹൃദ്യ​മാ​ക്കി​ത്തീർക്കു​മെന്നു മാത്രമല്ല, അതു നിങ്ങൾക്ക്‌ ഒരള​വോ​ളം ആത്മാഭി​മാ​നം നൽകു​ക​യും ചെയ്യും. എന്നിരു​ന്നാ​ലും, ഒരു കെണി ഒഴിവാ​ക്കുക: ബാഹ്യാ​കാ​ര​ത്തെ​പ്ര​തി​യുള്ള അമിത​മായ ചിന്ത. “യഥാർഥ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാൻ ഫാഷൻ വസ്‌ത്ര​ങ്ങ​ളിൽ അണി​ഞ്ഞൊ​രു​ങ്ങേ​ണ്ട​തില്ല,” ഫ്രാൻസിൽനി​ന്നുള്ള ഗായെൽ പറയുന്നു. “നല്ലവരായ ആളുകളെ ആകർഷി​ക്കു​ന്നത്‌ ആന്തരി​ക​വ്യ​ക്തി​ത്വ​മാണ്‌.”

നമ്മുടെ സംസാ​ര​വും ബാഹ്യാ​കാ​രം​പോ​ലും ഉള്ളിന്റെ ഉള്ളിലെ വികാ​ര​വി​ചാ​ര​ങ്ങളെ പ്രതി​ഫ​ലി​പ്പി​ക്കു​ന്നു എന്നതാണു വാസ്‌തവം. നിങ്ങൾക്കു ജീവി​ത​ത്തെ​ക്കു​റിച്ച്‌ ശുഭാ​പ്‌തി​വി​ശ്വാ​സം നിറഞ്ഞ കാഴ്‌ച​പ്പാ​ടാ​ണോ ഉള്ളത്‌? എങ്കിൽ അതു നിങ്ങളു​ടെ മുഖം പ്രസന്ന​മാ​ക്കും. ഹൃദയ​ത്തിൽനിന്ന്‌ ഒരു പുഞ്ചിരി എടുത്ത​ണി​യുക, നിങ്ങൾക്കു ധരിക്കാൻ കഴിയു​ന്ന​തിൽ ഏറ്റവും ആകർഷ​ക​മായ ഉടയാ​ട​യാണ്‌ അത്‌. ശരീര​ഭാ​ഷാ വിദഗ്‌ധ​നായ റോജർ ഇ. ആക്‌സ്റ്റെൽ പറയുന്നു: “അത്‌ ലോക​ത്തെ​ല്ലാ​യി​ട​ത്തും സുപരി​ചി​ത​മാണ്‌. . . . തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടാൻ സാധ്യത നന്നേ കുറവും.” * ഒപ്പം നർമത്തി​ന്റെ മേമ്പൊ​ടി​കൂ​ടി ആയാൽ ആളുകൾ നിങ്ങളി​ലേക്ക്‌ ആകർഷി​ക്ക​പ്പെ​ടും എന്നതിനു സംശയം​വേണ്ട.

ഓർക്കുക, ഇത്തരം നല്ലഗു​ണങ്ങൾ ഉള്ളിന്റെ ഉള്ളിൽനി​ന്നു വരുന്ന​താണ്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ മനസ്സി​നെ​യും ഹൃദയ​ത്തെ​യും ആരോ​ഗ്യാ​വ​ഹ​വും ക്രിയാ​ത്മ​ക​വും ആയ വികാ​ര​വി​ചാ​ര​ങ്ങൾകൊ​ണ്ടു നിറയ്‌ക്കാൻ യത്‌നി​ക്കുക. ആനുകാ​ലിക സംഭവങ്ങൾ, വ്യത്യസ്‌ത ജനസമൂ​ഹ​ങ്ങ​ളു​ടെ സംസ്‌കാ​രങ്ങൾ, പ്രകൃ​തി​യി​ലെ പ്രതി​ഭാ​സങ്ങൾ എന്നിങ്ങനെ രസകര​വും അർഥവ​ത്തു​മായ വിഷയ​ങ്ങ​ളെ​ക്കു​റി​ച്ചു വായി​ക്കുക. മനസ്സിനെ തണുപ്പി​ക്കുന്ന, ഹൃദ്യ​മായ സംഗീതം ശ്രവി​ക്കുക. എന്നാൽ, ടിവി പരിപാ​ടി​കൾ, സിനി​മകൾ, നോവ​ലു​കൾ എന്നിവ സാവധാ​നം നിങ്ങളു​ടെ മനസ്സി​നെ​യും വികാ​ര​ങ്ങ​ളെ​യും അയഥാർഥ സങ്കൽപ്പ​ങ്ങ​ളാൽ മൂടു​ന്ന​തി​നെ​തി​രെ ജാഗ്ര​ത​പാ​ലി​ക്കുക. വെള്ളി​ത്തി​ര​യി​ലും മറ്റും ചിത്രീ​ക​രി​ക്കുന്ന പല ബന്ധങ്ങൾക്കും ജീവി​ത​ത്തി​ന്റെ ഗന്ധമില്ല, അവ യഥാർഥ സൗഹൃ​ദമല്ല, ആരു​ടെ​യൊ​ക്കെ​യോ ഭാവന​യിൽ കുരു​ത്ത​വ​യാണ്‌.

ഹൃദയം തുറക്കൂ!

ഇറ്റലി​യിൽ താമസി​ക്കുന്ന ഡ്‌സൂ​ലെ​യ്‌കാ അനുസ്‌മ​രി​ക്കു​ന്നു: “ചെറു​പ്പ​ത്തിൽ ഞാൻ നാണം​കു​ണു​ങ്ങി​യാ​യി​രു​ന്നു. കൂട്ടു​കൂ​ടാൻ വളരെ ബുദ്ധി​മു​ട്ടി​യി​രു​ന്നു. എന്നാൽ നമുക്കു കൂട്ടു​കാ​രെ കിട്ടണ​മെ​ങ്കിൽ നാംതന്നെ മുൻ​കൈ​യെ​ടു​ക്ക​ണ​മെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു. നമ്മെക്കു​റി​ച്ചു നാം അവരോ​ടു പറയു​ക​യും അവരെ അറിയു​ക​യും​വേണം.” അതേ, നമുക്ക്‌ യഥാർഥ സുഹൃ​ത്തു​ക്കളെ കിട്ടണ​മെ​ങ്കിൽ നാം ഹൃദയം​തു​റ​ക്കാൻ തയ്യാറാ​കണം, നാം യഥാർഥ​ത്തിൽ ആരാ​ണെന്ന്‌ മറ്റുള്ളവർ മനസ്സി​ലാ​ക്കട്ടെ. അത്തരം ആശയവി​നി​മ​യ​വും ഉള്ളുതു​റ​ക്ക​ലും ഒരു യഥാർഥ സുഹൃ​ദ്‌ബ​ന്ധത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം അതി​പ്ര​ധാ​ന​മാണ്‌, ആകാര​ഭം​ഗി​യും വശ്യമായ വ്യക്തി​ത്വ​വും ഉണ്ടായി​രി​ക്കു​ന്ന​തി​നെ​ക്കാൾ വളരെ​യേറെ പ്രധാ​ന​മാണ്‌ അവ. “കാലങ്ങ​ളോ​ളം ആത്മസൗ​ഹൃ​ദ​ത്തി​ന്റെ മാധു​ര്യം നുകരു​ന്ന​വ​രിൽ അന്തർമു​ഖ​രും ബഹിർമു​ഖ​രും ചെറു​പ്പ​ക്കാ​രും പ്രായ​മേ​റി​യ​വ​രും മ്ലാനരും ബുദ്ധി​ശാ​ലി​ക​ളും ലാളി​ത്യ​പ്രി​യ​രും സൗന്ദര്യ​മു​ള്ള​വ​രും ഒക്കെയു​ണ്ടാ​യി​രി​ക്കാം. പക്ഷേ ഇവരി​ലെ​ല്ലാം എപ്പോ​ഴും പൊതു​വാ​യി കാണുന്ന ഒരു സവി​ശേ​ഷ​ത​യുണ്ട്‌, അവർ ഹൃദയം​തു​റ​ക്കു​ന്ന​വ​രാണ്‌,” കൗൺസി​ല​റായ ഡോ. ആലൻ ലോയ്‌ മഗിന്നിസ്‌ പറയുന്നു. “അവരുടെ [ഉള്ളം] സുതാ​ര്യ​മാണ്‌. ഹൃദയ​ത്തി​ലു​ള്ളതു കാണാൻ അവർ മറ്റുള്ള​വരെ അനുവ​ദി​ക്കു​ന്നു.”

അതിന്റെ അർഥം നിങ്ങൾ ഒരു തുറന്ന​പു​സ്‌ത​കം​പോ​ലെ ആയിരി​ക്ക​ണ​മെന്നല്ല. നിങ്ങളു​ടെ ഉള്ളി​ന്റെ​യു​ള്ളി​ലെ രഹസ്യങ്ങൾ നിങ്ങൾക്ക്‌ അടുപ്പം തോന്നാ​ത്ത​വ​രോ​ടു പറയേ​ണ്ട​തു​മില്ല. അതേസ​മയം, നിങ്ങളു​ടെ യഥാർഥ വികാ​ര​വി​ചാ​രങ്ങൾ പടിപ​ടി​യാ​യി മറ്റുള്ള​വ​രോ​ടു പങ്കു​വെ​ക്കു​ക​യും വേണം, എല്ലാം എല്ലാവ​രോ​ടും അല്ലെങ്കി​ലും. ഇറ്റലി​യിൽനി​ന്നുള്ള മിഖേല പറയുന്നു: “ആദ്യ​മൊ​ക്കെ ഞാൻ ഒന്നും തുറന്നു​പ​റ​ഞ്ഞി​രു​ന്നില്ല. എന്നാൽ അങ്ങനെ​യാ​യാൽ പറ്റി​ല്ലെന്ന്‌ എനിക്കു തോന്നി. എന്റെ ഉള്ളി​ലെ​ന്താ​ണെന്നു കൂട്ടു​കാർക്കു വ്യക്തമാ​കാ​നും അവർക്ക്‌ എന്നോടു കൂടുതൽ അടുപ്പം തോന്നാ​നും ഞാൻ അവരോ​ടു ഹൃദയം​തു​റ​ക്ക​ണ​മാ​യി​രു​ന്നു.”

നിങ്ങൾ പ്രകൃ​ത്യാ​തന്നെ സൗഹൃ​ദ​പ്രി​യ​നാ​ണെ​ങ്കി​ലും സുഹൃ​ത്തു​ക്കൾ തമ്മിൽ പരസ്‌പ​ര​വി​ശ്വാ​സം നെയ്‌തെ​ടു​ക്കു​ന്ന​തി​നു സമയ​മെ​ടു​ക്കും, ജീവി​ത​ത്തിൽ ഒരു​പോ​ലെ​യുള്ള അനുഭ​വങ്ങൾ ഉണ്ടായി​രി​ക്കു​ന്ന​തും ഒരു ഘടകമാണ്‌. ആ സമയത്ത്‌, മറ്റുള്ളവർ നിങ്ങ​ളെ​ക്കു​റിച്ച്‌ എന്തു ചിന്തി​ച്ചേ​ക്കാം എന്നോർത്ത്‌ തലപു​ണ്ണാ​ക്കാ​തി​രി​ക്കുക. ഇറ്റലി​യിൽനി​ന്നുള്ള ഏലിസാ അനുസ്‌മ​രി​ക്കു​ന്നു: “എന്തെങ്കി​ലും പറയണ​മെന്നു തോന്നു​മ്പോ​ഴൊ​ക്കെ അതു ശരിയാ​കില്ല എന്ന പേടി​യാ​യി​രു​ന്നു എനിക്ക്‌. എന്നാൽ, ‘അവർ ശരിക്കുള്ള കൂട്ടു​കാ​രാ​ണെ​ങ്കിൽ എന്നെ മനസ്സി​ലാ​ക്കു​മ​ല്ലോ’ എന്നു ഞാൻ ചിന്തിച്ചു. അതു​കൊണ്ട്‌ വല്ല മണ്ടത്തര​വും പറഞ്ഞൊ​പ്പി​ച്ചാൽ ഞാൻ തന്നെ ആദ്യം ചിരി​ക്കു​മാ​യി​രു​ന്നു, അപ്പോൾ എല്ലാവ​രും കൂടെ​ചി​രി​ക്കും.”

അതു​കൊണ്ട്‌, നിങ്ങൾ സ്വാഭാ​വി​ക​മാ​യി എങ്ങനെ​യാ​ണോ അങ്ങനെ പെരു​മാ​റുക, നാട്യ​ങ്ങൾക്ക്‌ ഇവിടെ സ്ഥാനമില്ല. “കൃത്രി​മ​ത്വ​മോ കാപട്യ​മോ ഇല്ലാത്ത, സ്വാഭാ​വി​ക​പ്ര​കൃ​ത​മാണ്‌ ഒരുവനെ ഏറ്റവും ആകർഷ​ണീ​യ​നാ​ക്കു​ന്നത്‌” എന്ന്‌ ഒരു കുടുംബ കൗൺസി​ല​റായ എഫ്‌. അലക്‌സാ​ണ്ടർ മഗൂൺ എഴുതി. യഥാർഥ​ത്തിൽ സന്തുഷ്ട​രാ​യ​വർക്കു സന്തോഷം നടി​ക്കേ​ണ്ട​തില്ല. തങ്ങൾ അങ്ങനെ​യാ​ണെന്നു മറ്റുള്ള​വരെ കാണി​ക്കാ​നാ​യി അവർ ശ്രമം നടത്തു​ക​യു​മില്ല. നമ്മു​ടേത്‌ കലർപ്പി​ല്ലാത്ത പെരു​മാ​റ്റ​രീ​തി​ക​ളാ​ണെ​ങ്കിൽ മാത്രമേ കലർപ്പി​ല്ലാത്ത സഖിത്വം ആസ്വദി​ക്കാ​നും നമുക്കു കഴിയൂ. അതു​പോ​ലെ മറ്റുള്ള​വരെ അവർ ആയിരി​ക്കുന്ന രീതി​യിൽ നാം സ്വീക​രി​ക്കണം. സന്തുഷ്ട​രായ ആളുകൾ അങ്ങനെ ചെയ്യും, അല്ലാതെ അവരുടെ നിസ്സാര ന്യൂന​ത​ക​ളിൽ അസ്വസ്ഥ​രാ​കില്ല. തങ്ങൾതന്നെ ധരിച്ചു​വെ​ച്ചി​ട്ടുള്ള ചിന്താ​ഗ​തി​ക​ളോ​ടു സമരസ​പ്പെ​ടുന്ന വിധത്തിൽ സുഹൃ​ത്തു​ക്ക​ളു​ടെ വ്യക്തി​ത്വ​ത്തെ ഉടച്ചു​വാർക്കേ​ണ്ട​തു​ണ്ടെ​ന്നും അവർക്കു തോന്നില്ല. അങ്ങനെ​യുള്ള സന്തുഷ്ട​രും വിമർശ​ന​ബു​ദ്ധി​യി​ല്ലാ​ത്ത​വ​രും ആയ വ്യക്തി​ക​ളാ​യി​രി​ക്കാൻ യത്‌നി​ക്കുക.

ഒരു സുഹൃ​ത്തു​ണ്ടാ​യി​രി​ക്കാൻ ഒരു സുഹൃ​ത്താ​യി​രി​ക്കുക

എല്ലാറ്റി​ലും സർവ​പ്ര​ധാ​ന​മായ ഒരു ഘടകമുണ്ട്‌. സകല മാനുഷ ബന്ധങ്ങ​ളെ​യും വിജയി​പ്പി​ക്കുന്ന താക്കോൽ നിസ്സ്വാർഥ സ്‌നേഹം ആണെന്ന്‌ ഏകദേശം 2,000 വർഷം​മുമ്പ്‌ യേശു കാണി​ച്ചു​ത​രു​ക​യു​ണ്ടാ​യി. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കു​ന്ന​തു​പോ​ലെ തന്നേ അവർക്കും ചെയ്‌വിൻ” എന്ന്‌ അവൻ പഠിപ്പി​ച്ചു. (ലൂക്കൊസ്‌ 6:31) ഈ പഠിപ്പി​ക്കൽ സുവർണ​നി​യമം എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. അതേ, യഥാർഥ സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നുള്ള ഏകമാർഗം നിങ്ങൾതന്നെ നിസ്സ്വാർഥ​നായ, കൊടു​ക്കൽ മനോ​ഭാ​വ​മുള്ള ഒരു സുഹൃ​ത്താ​യി​രി​ക്കു​ന്ന​താണ്‌. മറ്റുവാ​ക്കു​ക​ളിൽ പറഞ്ഞാൽ ഒരു സുഹൃ​ത്തു​ണ്ടാ​യി​രി​ക്കു​ന്ന​തിന്‌ നാം ഒരു സുഹൃ​ത്താ​യി​രി​ക്കുക. വിജയ​ക​ര​മായ സുഹൃ​ദ്‌ബന്ധം ആസ്വദി​ക്കു​ന്ന​തിന്‌ സ്വീക​രി​ക്കു​ന്ന​തി​നെ​ക്കാൾ മുൻതൂ​ക്കം കൊടു​ക്കു​ന്ന​തി​ലാ​യി​രി​ക്കണം. നമ്മുടെ ഇഷ്ടാനി​ഷ്ട​ങ്ങൾക്കും സൗകര്യ​ങ്ങൾക്കും ഉപരി​യാ​യി സുഹൃ​ത്തി​ന്റെ ആവശ്യങ്ങൾ പ്രതി​ഷ്‌ഠി​ക്കാൻ നാം തയ്യാറാ​യി​രി​ക്കണം.

മുമ്പ്‌ പരാമർശിച്ച മാനൂ​വേലാ ഇപ്രകാ​രം പറയുന്നു: “യേശു പറഞ്ഞതു​പോ​ലെ, യഥാർഥ സന്തോഷം കൊടു​ക്കു​ന്ന​തിൽനി​ന്നാ​ണു ലഭിക്കു​ന്നത്‌. സ്വീക​രി​ക്കുന്ന വ്യക്തിക്കു സന്തോഷം തോന്നു​ന്നു, എന്നാൽ കൊടു​ക്കു​ന്ന​യാൾക്കാണ്‌ അതി​ലേറെ സന്തോഷം. ആത്മാർഥ​ത​യോ​ടെ ക്ഷേമാ​ന്വേ​ഷണം നടത്തി​ക്കൊ​ണ്ടും സുഹൃ​ത്തു​ക്ക​ളു​ടെ പ്രശ്‌നങ്ങൾ മനസ്സി​ലാ​ക്കാൻ ശ്രമി​ച്ചു​കൊ​ണ്ടും നമ്മോട്‌ ആവശ്യ​പ്പെ​ടാൻ കാത്തു​നിൽക്കാ​തെ നമുക്കു ചെയ്യാൻ കഴിയു​ന്ന​തെ​ല്ലാം ചെയ്‌തു​കൊ​ടു​ത്തു​കൊ​ണ്ടും നമുക്കു കൊടു​ക്കാൻ കഴിയും.” അതു​കൊണ്ട്‌ മറ്റുള്ള​വ​രോ​ടു താത്‌പ​ര്യം പ്രകട​മാ​ക്കാൻ മുൻ​കൈ​യെ​ടു​ക്കുക, നിങ്ങൾക്ക്‌ ഇപ്പോൾത്ത​ന്നെ​യുള്ള സുഹൃ​ത്തു​ക്ക​ളിൽ ഉൾപ്പെടെ. നിങ്ങളു​ടെ സഖിത്വം ഊട്ടി​യു​റ​പ്പി​ക്കുക. അത്ര കാര്യ​ഗൗ​ര​വ​മി​ല്ലാ​ത്ത​തും മൂല്യം കുറഞ്ഞ​തും ആയ സംഗതി​കൾക്കു നിങ്ങളു​ടെ സമയം ചെലവി​ട്ടു​കൊ​ണ്ടു സുഹൃ​ദ്‌ബ​ന്ധത്തെ ബലിക​ഴി​ക്ക​രുത്‌. സുഹൃ​ത്തു​ക്കൾ നിങ്ങളു​ടെ സമയവും ശ്രദ്ധയും അർഹി​ക്കു​ന്നു. ഇറ്റലി​യിൽനി​ന്നുള്ള രൂബെൻ പറയുന്നു: “സമയം ചെലവി​ടു​ന്നത്‌ സുഹൃ​ത്തു​ക്കളെ കണ്ടെത്താ​നും സൗഹൃദം നിലനി​റു​ത്താ​നും അത്യന്തം അനിവാ​ര്യ​മാണ്‌. ആദ്യം​തന്നെ, ഒരു നല്ല കേൾവി​ക്കാ​രൻ ആയിരി​ക്കാൻ സമയ​മെ​ടു​ക്കും. മറ്റുള്ളവർ സംസാ​രി​ക്കു​മ്പോൾ ഇടയ്‌ക്കു​ക​യ​റാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ, ശ്രദ്ധി​ച്ചു​കേൾക്കു​ന്ന​തി​ലും അവർ പറയുന്ന കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം കാണി​ക്കു​ന്ന​തി​ലും നമു​ക്കെ​ല്ലാ​വർക്കും മെച്ച​പ്പെ​ടാൻ കഴിയും.”

മറ്റുള്ള​വ​രോ​ടു ബഹുമാ​നം കാണി​ക്കു​ക

ഹൃദ്യ​മായ ഒരു ചിരകാല സൗഹൃ​ദ​ത്തി​ന്റെ മറ്റൊരു ആണിക്കല്ല്‌ പരസ്‌പര ബഹുമാ​ന​മാണ്‌. ഇതിൽ മറ്റുള്ള​വ​രു​ടെ വികാ​ര​ങ്ങ​ളോ​ടു പരിഗണന കാണി​ക്കു​ന്നത്‌ ഉൾപ്പെ​ടു​ന്നു. നിങ്ങളു​ടെ അഭിരു​ചി​ക​ളും അഭി​പ്രാ​യ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളു​ടേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി​രി​ക്കു​മ്പോൾ അവർ നിങ്ങ​ളോ​ടു നയചാ​തു​ര്യ​ത്തോ​ടെ​യും വിവേ​ച​ന​യോ​ടെ​യും ഇടപെ​ടാൻ നിങ്ങൾ ആഗ്രഹി​ക്കും, അല്ലേ? അപ്പോൾ നിങ്ങൾ അവരോ​ടും അങ്ങനെ​തന്നെ ഇടപെ​ടേ​ണ്ട​തല്ലേ?—റോമർ 12:10.

സുഹൃ​ത്തി​നു കൂച്ചു​വി​ല​ങ്ങി​ടാ​തി​രി​ക്കുക, സുഹൃ​ത്തു​ക്കളെ ബഹുമാ​നി​ക്കു​ന്ന​തി​ന്റെ മറ്റൊരു വശമാ​ണിത്‌. സ്‌പർധ അഥവാ അസൂയ, സ്വന്തമാ​ക്കി​വെക്കൽ എന്നിവ​യൊ​ന്നും യഥാർഥ സൗഹൃ​ദ​ത്തി​ന്റെ ലക്ഷണങ്ങളല്ല. 1 കൊരി​ന്ത്യർ 13:4-ൽ ബൈബിൾ പറയുന്നു: “സ്‌നേഹം സ്‌പർദ്ധി​ക്കു​ന്നില്ല.” അതു​കൊണ്ട്‌ നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾ നിങ്ങളു​ടേ​തു​മാ​ത്രം ആയിരി​ക്കണം എന്ന ചിന്തയ്‌ക്കെ​തി​രെ ജാഗ്രത പുലർത്തുക. അവർ മറ്റാ​രോ​ടെ​ങ്കി​ലും ഹൃദയം​തു​റ​ക്കു​ന്നെ​ങ്കിൽ അതുകണ്ടു നീരസ​പ്പെ​ടു​ക​യും അവരെ ഒഴിവാ​ക്കു​ക​യും ചെയ്യരുത്‌. നാമെ​ല്ലാം നമ്മുടെ സുഹൃ​ദ്‌വ​ലയം വികസി​പ്പി​ക്കേ​ണ്ട​തു​ണ്ടെന്നു മനസ്സിൽപ്പി​ടി​ക്കുക. നിങ്ങളു​ടെ കൂട്ടു​കാ​രു​ടെ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും പടർന്നു പന്തലി​ക്കട്ടെ.

ഇനി, നിങ്ങളു​ടെ സുഹൃ​ത്തു​ക്കൾക്കു സ്വകാ​ര്യത ആവശ്യ​മാ​ണെന്നു തിരി​ച്ച​റി​യുക. ദമ്പതി​കൾക്കും അല്ലാത്ത​വർക്കും അവർക്കാ​യി​ത്തന്നെ അൽപ്പം ഏകാന്ത​വേ​ളകൾ അനിവാ​ര്യ​മാണ്‌. നിങ്ങൾക്കു മറ്റുള്ള​വരെ സമീപി​ക്കാൻ സ്വാത​ന്ത്ര്യം തോന്ന​ണ​മെ​ന്നു​ള്ളതു ശരിതന്നെ. എങ്കിലും സമനി​ല​പാ​ലി​ക്കുക, പരിഗ​ണ​ന​യു​ള്ള​വ​രാ​യി​രി​ക്കുക. സുഹൃ​ത്തു​ക്കൾ നിങ്ങ​ളെ​ക്കൊ​ണ്ടു മുഷി​യാൻ ഇടവരു​മാറ്‌ അവരോ​ടൊ​പ്പം ഒരുപാ​ടു സമയം ചെലവ​ഴി​ക്കാ​തി​രി​ക്കുക. ബൈബിൾ ഇപ്രകാ​രം മുന്നറി​യി​പ്പു നൽകുന്നു: “കൂട്ടു​കാ​രൻ നിന്നെ​ക്കൊ​ണ്ടു മടുത്തു നിന്നെ വെറു​ക്കാ​തെ​യി​രി​ക്കേ​ണ്ട​തി​ന്നു അവന്റെ വീട്ടിൽ കൂടക്കൂ​ടെ ചെല്ലരു​തു.”—സദൃശ​വാ​ക്യ​ങ്ങൾ 25:17.

പൂർണ​ത​യ്‌ക്കാ​യി ശഠിക്ക​രുത്‌

അടുത്ത​റി​യു​മ്പോൾ മറ്റേയാ​ളു​ടെ മോശ​വും നല്ലതും ആയ ഗുണങ്ങൾ സംബന്ധി​ച്ചു നമുക്കു കൂടുതൽ ധാരണ ലഭിക്കും. എന്നിരു​ന്നാ​ലും, ഇതൊ​ന്നും സൗഹൃദം സ്ഥാപി​ക്കു​ന്ന​തിൽനി​ന്നു നമ്മെ തടയരുത്‌. “സുഹൃ​ത്തു​ക്ക​ളാ​യി​ത്തീ​രാൻ സാധ്യ​ത​യു​ള്ള​വ​രിൽനി​ന്നു ചിലർ കണക്കി​ലേറെ പ്രതീ​ക്ഷി​ക്കു​ന്നു,” ഫ്രാൻസി​ലെ പാകോം പറയുന്നു. “തങ്ങളുടെ സുഹൃ​ത്തു​ക്കൾ നന്മകൾ മാത്രം ഉള്ളവരാ​ക​ണ​മെ​ന്നാണ്‌ അവരുടെ ആഗ്രഹം, അത്‌ ഏതായാ​ലും സാധ്യമല്ല.” നാമാ​രും പൂർണരല്ല, മറ്റുള്ള​വ​രിൽനിന്ന്‌ അത്‌ ആവശ്യ​പ്പെ​ടാ​നുള്ള അവകാ​ശ​വും നമുക്കില്ല. നമ്മുടെ തെറ്റു​കു​റ്റ​ങ്ങ​ളും ബലഹീ​ന​ത​ക​ളും കണക്കി​ലെ​ടു​ക്കാ​തെ സുഹൃ​ത്തു​ക്കൾ നമ്മെ സ്വീക​രി​ക്ക​ണ​മെന്നു നാം ആഗ്രഹി​ക്കു​ന്നു. അപ്പോൾ, സുഹൃ​ത്തു​ക്ക​ളു​ടെ കുറവു​കളെ കാര്യ​മാ​ക്കാ​തി​രി​ക്കാൻ നാമും ശ്രമി​ക്കേ​ണ്ട​തല്ലേ? അവരുടെ ന്യൂന​തകൾ പെരു​പ്പി​ച്ചു​കാ​ട്ടു​ക​യോ ഓരോ​ന്നു ചിന്തി​ച്ചു​ണ്ടാ​ക്കു​ക​യോ ചെയ്യാ​തി​രി​ക്കു​ന്ന​തി​ലൂ​ടെ നമുക്ക​തി​നു കഴിയും. ഗ്രന്ഥകാ​ര​നായ ഡെന്നിസ്‌ പ്രാഗ ഇങ്ങനെ ഓർമി​പ്പി​ക്കു​ന്നു: “(ഒരിക്ക​ലും പരാതി​പ്പെ​ടാത്ത, ഒരിക്ക​ലും മുഖം കറുപ്പി​ക്കാത്ത, നമ്മെമാ​ത്രം ചുറ്റി​പ്പ​റ്റി​ന​ട​ക്കുന്ന, എപ്പോ​ഴും സ്‌നേ​ഹി​ക്കു​ക​മാ​ത്രം ചെയ്യുന്ന, നമ്മെ ഒരിക്ക​ലും നിരാ​ശ​പ്പെ​ടു​ത്തു​ക​യി​ല്ലാത്ത) കുറ്റമറ്റ സുഹൃ​ത്തു​ക്കൾ ആയിരി​ക്കാൻ ഓമന​മൃ​ഗ​ങ്ങൾക്കു മാത്രമേ കഴിയൂ.” നമ്മുടെ ഗാഢസൗ​ഹൃ​ദം ഓമന​മൃ​ഗ​ങ്ങ​ളിൽ മാത്രം ഒതുങ്ങി​പ്പോ​കാൻ നാം ആഗ്രഹി​ക്കു​ന്നി​ല്ലെ​ങ്കിൽ ‘സ്‌നേ​ഹ​ത്താൽ പാപങ്ങ​ളു​ടെ ബഹുത്വ​ത്തെ മറെക്കുക’ എന്ന അപ്പൊ​സ്‌ത​ല​നായ പത്രൊ​സി​ന്റെ ബുദ്ധി​യു​പ​ദേശം നാം ചെവി​ക്കൊ​ള്ളേ​ണ്ട​തുണ്ട്‌.—1 പത്രൊസ്‌ 4:8.

നമ്മുടെ ആനന്ദം ഇരട്ടി​യാ​ക്കാ​നും ദുഃഖങ്ങൾ പാതി​യാ​ക്കാ​നും സഖിത്വ​ത്തി​നു കഴിയു​മെന്നു പറയ​പ്പെ​ട്ടി​രി​ക്കു​ന്നു. എന്നിരു​ന്നാ​ലും, സുഹൃ​ത്തു​ക്കൾ നമ്മുടെ എല്ലാ ആവശ്യ​ങ്ങ​ളും നിറ​വേ​റ്റു​മെ​ന്നും നമ്മുടെ എല്ലാ പ്രശ്‌ന​ങ്ങ​ളും പരിഹ​രി​ക്കു​മെ​ന്നും നമുക്കു പ്രതീ​ക്ഷി​ക്കാ​നാ​വില്ല എന്നതാണു യാഥാർഥ്യം. അത്‌ സൗഹൃ​ദ​ത്തോ​ടുള്ള സ്വാർഥത നിറഞ്ഞ വീക്ഷണ​മാണ്‌.

പ്രതി​സ​ന്ധി​ക​ളി​ലും വിശ്വ​സ്‌ത​രാ​യി

ഒരാൾ നമ്മുടെ സുഹൃ​ത്താ​യി​ക്ക​ഴി​ഞ്ഞാൽ നാം ഒരിക്ക​ലും ആ ബന്ധത്തെ ലാഘവ​ത്തോ​ടെ എടുക്ക​രുത്‌. കാലവും ദൂരവും സുഹൃ​ത്തു​ക്കളെ തമ്മിൽ വേർപെ​ടു​ത്തു​മ്പോൾ അവർ പരസ്‌പരം ഓർക്കു​ക​യും പ്രാർഥി​ക്കു​ക​യും ചെയ്യുന്നു. തമ്മിൽ കാണു​ന്നത്‌ വല്ലപ്പോ​ഴു​മാ​ണെ​ങ്കിൽക്കൂ​ടി പെട്ടെ​ന്നു​തന്നെ തങ്ങളുടെ സൗഹൃദം പഴയപ​ടി​യാ​ക്കാൻ അവർക്കു കഴിയും. പ്രത്യേ​കി​ച്ചു സുഹൃ​ത്തിന്‌ ഒരു ആവശ്യ​മോ ബുദ്ധി​മു​ട്ടോ നേരി​ടു​മ്പോൾ നാം സഹായ​ത്തി​നു​ണ്ടാ​യി​രി​ക്കു​ന്നത്‌ അതി​പ്ര​ധാ​ന​മാണ്‌. മിത്ര​ങ്ങൾക്കു പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ കഴിവ​തും നാം അവരോ​ടൊ​പ്പം ഉണ്ടായി​രി​ക്കണം. അപ്പോ​ഴാ​യി​രി​ക്കാം അവർക്കു നമ്മെ ഏറ്റവും ആവശ്യ​മാ​യി​രി​ക്കു​ന്നത്‌. “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ലത്തു അവൻ സഹോ​ദ​ര​നാ​യ്‌തീ​രു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 17:17) യഥാർഥ മിത്ര​ങ്ങൾക്കി​ട​യിൽ തെറ്റി​ദ്ധാ​ര​ണകൾ ഉടലെ​ടു​ക്കു​മ്പോൾ അവർ പെട്ടെ​ന്നു​തന്നെ അതു പറഞ്ഞു​തീർത്തു പരസ്‌പരം ക്ഷമിക്കു​ന്നു. ആത്മാർഥ സുഹൃ​ത്തു​ക്കൾ ജീവി​ത​പാത ദുർഗ​മ​മാണ്‌ എന്ന ഒറ്റക്കാ​ര​ണ​ത്താൽ തങ്ങളുടെ സുഹൃ​ത്തു​ക്കളെ കൈ​വെ​ടി​യു​ക​യില്ല.

നമുക്ക്‌ നിസ്സ്വാർഥ​മായ ഉദ്ദേശ്യ​ങ്ങ​ളു​ണ്ടാ​യി​രി​ക്കു​ക​യും ക്രിയാ​ത്മ​ക​മായ മനോ​ഭാ​വ​ത്തോ​ടെ മറ്റുള്ള​വരെ സമീപി​ക്കു​ക​യും ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കു സുഹൃ​ത്തു​ക്കളെ സമ്പാദി​ക്കാ​നാ​കും. എന്നാൽ ഏതുതരം സുഹൃ​ത്തു​ക്ക​ളാണ്‌ ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്നതും പ്രധാ​ന​മാണ്‌. നല്ല സുഹൃ​ത്തു​ക്കളെ എങ്ങനെ തിര​ഞ്ഞെ​ടു​ക്കാൻ കഴിയും? അടുത്ത ലേഖനം ആ ചോദ്യം ചർച്ച​ചെ​യ്യും.

[അടിക്കു​റിപ്പ്‌]

^ 2000 ജൂലൈ 8 ലക്കം ഉണരുക!-യിലെ “പുഞ്ചി​രി​ക്കൂ—അതു നിങ്ങൾക്കു നല്ലതാണ്‌!” എന്ന ലേഖനം​കൂ​ടി കാണുക.

[6, 7 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

സ്‌ത്രീകൾക്കും പുരു​ഷ​ന്മാർക്കും “വെറുതെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ” കഴിയു​മോ?

ദമ്പതി​മാ​ര​ല്ലാത്ത പുരു​ഷ​ന്മാർക്കും സ്‌ത്രീ​കൾക്കും സുഹൃ​ത്തു​ക്കൾ ആയിരി​ക്കാൻ കഴിയു​മോ? “സുഹൃത്ത്‌” എന്ന വാക്കു​കൊണ്ട്‌ നമ്മൾ അർഥമാ​ക്കു​ന്ന​തെ​ന്താണ്‌ എന്നതിനെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യി​രി​ക്കും അത്‌. ബേഥാ​ന്യ​യി​ലെ മറിയ​യു​ടെ​യും മാർത്ത​യു​ടെ​യും ഒരു അടുത്ത സുഹൃ​ത്താ​യി​രു​ന്നു യേശു, ആ സ്‌ത്രീ​കൾ ഇരുവ​രും അവിവാ​ഹി​ത​രാ​യി​രു​ന്നു. (യോഹ​ന്നാൻ 11:1, 5) അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ പ്രിസ്‌കി​ല്ല​യു​ടെ​യും ഭർത്താവ്‌ അക്വി​ലാ​സി​ന്റെ​യും സുഹൃ​ത്താ​യി​രു​ന്നു. (പ്രവൃ​ത്തി​കൾ 18:2, 3) ഈ വ്യക്തികൾ തമ്മിൽ ഊഷ്‌മ​ള​സ്‌നേഹം ഉണ്ടായി​രു​വെ​ന്ന​തി​നു യാതൊ​രു സംശയ​വു​മില്ല. എന്നാൽ, യേശു​വോ പൗലൊ​സോ ഒരിക്ക​ലും ഈ ബന്ധങ്ങളെ ഒരു പ്രണയ​ബ​ന്ധ​മാ​യി വളരാൻ അനുവ​ദി​ക്കു​മാ​യി​രു​ന്നെന്ന്‌ നമുക്കു സങ്കൽപ്പി​ക്കാൻ കഴിയില്ല.

സ്‌ത്രീ​ക​ളെ​യും പുരു​ഷ​ന്മാ​രെ​യും മുമ്പെ​ന്ന​ത്തെ​ക്കാ​ളും അടുത്ത സഹവാ​സ​ത്തിൽ ആക്കുന്ന ഒരു സ്ഥിതി​വി​ശേ​ഷ​മാണ്‌ ആധുനിക സമൂഹ​ത്തി​ലു​ള്ളത്‌. വിപരീത ലിംഗ​വർഗ​ത്തിൽപ്പെ​ട്ടവർ തമ്മിൽ ഉചിത​മായ സുഹൃ​ദ്‌ബ​ന്ധങ്ങൾ സ്ഥാപി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ അറി​യേ​ണ്ടത്‌ ഇരുകൂ​ട്ട​രെ​യും സംബന്ധി​ച്ചി​ട​ത്തോ​ളം ഇപ്പോൾ ഒരു അനിവാ​ര്യ സംഗതി​യാ​യി​ത്തീർന്നു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഇനി ദമ്പതി​ക​ളാ​ണെ​ങ്കി​ലും അവർ മറ്റു ദമ്പതി​ക​ളു​ടെ​യും അവിവാ​ഹി​ത​രായ വ്യക്തി​ക​ളു​ടെ​യും ഉചിത​മായ സഹവാ​സ​ത്തിൽനി​ന്നു പ്രയോ​ജനം അനുഭ​വി​ക്കു​ന്നു.

എന്നിരു​ന്നാ​ലും, സൈ​ക്കോ​ളജി ടുഡേ മാസിക ഇങ്ങനെ മുന്നറി​യി​പ്പു നൽകുന്നു. “പ്രണയം, ലൈം​ഗിക വികാരം, സൗഹൃദം എന്നീ വികാ​ര​ങ്ങളെ പരസ്‌പരം വേർതി​രി​ച്ച​റി​യുക അങ്ങേയറ്റം ബുദ്ധി​മു​ട്ടാ​യി​രി​ക്കാൻ കഴിയും. പുരു​ഷ​നും സ്‌ത്രീ​യും തമ്മിലുള്ള സൗഹൃ​ദ​ത്തിൽ കരുതി​ക്കൂ​ട്ടി​യ​ല്ലെ​ങ്കി​ലും ലൈം​ഗിക ആകർഷണം പെട്ടെന്നു പൊട്ടി​മു​ള​യ്‌ക്കാ​നുള്ള സാധ്യത എപ്പോ​ഴും പതിയി​രു​പ്പുണ്ട്‌ എന്നതാണു വാസ്‌തവം. ലൈം​ഗി​ക​ത​യു​ടെ ചുവയി​ല്ലാത്ത, വെറു​മൊ​രു ആലിം​ഗ​ന​ത്തിന്‌ നൊടി​യി​ട​യിൽ ലൈം​ഗി​ക​ത​യു​ടെ പരി​വേഷം കൈവ​രാം.”

ദമ്പതികൾ, യാഥാർഥ്യ ബോധ​മു​ള്ള​വ​രും പ്രാ​യോ​ഗി​ക​മാ​യി ചിന്തി​ക്കു​ന്ന​വ​രും ആയിരി​ക്കേ​ണ്ടതു വിശേ​ഷാൽ പ്രധാ​ന​മാണ്‌. “മറ്റുള്ള​വ​രു​മാ​യുള്ള എല്ലാത്തരം ഉറ്റബന്ധ​വും ദാമ്പത്യ​ത്തി​നു ഭീഷണി​യാ​യേ​ക്കും” എന്ന്‌ ഗ്രന്ഥകാ​ര​നായ ഡെന്നിസ്‌ പ്രാഗ സന്തുഷ്ടി ഒരു ഗുരു​ത​ര​മായ പ്രശ്‌നം (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌ത​ക​ത്തിൽ എഴുതി. ദാമ്പത്യ​ത്തെ, “ഉറ്റബന്ധ​മാ​ക്കു​ന്നതു ലൈം​ഗി​കത മാത്രമല്ല. എതിർലിം​ഗ​വർഗ​ത്തിൽപ്പെട്ട, നിങ്ങളു​ടെ ഒരേ​യൊ​രു യഥാർഥ ആത്മമി​ത്ര​മാ​കാ​നുള്ള അവകാശം നിങ്ങളു​ടെ ഇണയ്‌ക്കുണ്ട്‌.” ഹൃദയ​ത്തിൽപ്പോ​ലും ധാർമിക ശുദ്ധി കാത്തു​കൊ​ള്ളേ​ണ്ട​തി​ന്റെ പ്രാധാ​ന്യം യേശു ചൂണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. (മത്തായി 5:28) അതു​കൊണ്ട്‌, വിപരീത ലിംഗ​വർഗ​ത്തി​ലു​ള്ള​വ​രോ​ടു സൗഹൃദം കാട്ടു​ന്ന​തോ​ടൊ​പ്പം നിങ്ങളു​ടെ ഹൃദയത്തെ കാത്തു​സൂ​ക്ഷി​ക്കു​ക​യും വേണം. വിപരീത ലിംഗ​വർഗ​ത്തിൽപ്പെട്ട ആരോ​ടെ​ങ്കി​ലും അനുചി​ത​മായ ചിന്തക​ളോ വികാ​ര​ങ്ങ​ളോ തോന്നാ​നി​ട​യാ​ക്കി​യേ​ക്കാ​വു​ന്ന​തോ അവരോ​ടുള്ള അനുചി​ത​മായ പെരു​മാ​റ്റ​ങ്ങ​ളി​ലേക്കു നയി​ച്ചേ​ക്കാ​വു​ന്ന​തോ ആയ സാഹച​ര്യ​ങ്ങൾ കണിശ​മാ​യി ഒഴിവാ​ക്കുക.

[7-ാം പേജിലെ ചിത്രങ്ങൾ]

ശരീരത്തിനും മനസ്സി​നും നല്ല പരിച​രണം നൽകു​ന്നത്‌ നിങ്ങളെ കൂടുതൽ ആകർഷ​ക​ത്വ​മു​ള്ള​വ​രാ​ക്കും

[8-ാം പേജിലെ ചിത്രം]

സുഹൃത്തുക്കൾ പരസ്‌പരം ഹൃദയം തുറക്കും