വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരിടുന്ന വെല്ലുവിളികൾ

അമ്മമാർ നേരി​ടുന്ന വെല്ലു​വി​ളി​കൾ

“മനുഷ്യ​രാ​ശി​യു​ടെ അടിസ്ഥാന ചുമത​ലകൾ കുടും​ബ​ത്തോ​ടു ബന്ധപ്പെ​ട്ട​വ​യാണ്‌. . . . ഒരമ്മ അവളുടെ കർത്തവ്യം നിറ​വേ​റ്റു​ന്നി​ല്ലെ​ങ്കിൽ വരും തലമുറ ഒന്നുകിൽ ഉണ്ടായി​രി​ക്കു​ക​യില്ല, അല്ലെങ്കിൽ അത്‌ ഇല്ലാതി​രു​ന്നെ​ങ്കി​ലെന്ന്‌ ആശിച്ചു​പോ​കും​വി​ധം അത്ര വഴിപി​ഴ​ച്ച​താ​യി​രി​ക്കും ആ തലമുറ.”—ഐക്യ​നാ​ടു​ക​ളു​ടെ 26-ാമത്തെ പ്രസി​ഡ​ന്റാ​യി​രുന്ന തിയോ​ഡർ റൂസ്‌വെൽറ്റ്‌.

മനുഷ്യ​ജീ​വൻ സ്‌പന്ദി​ച്ചു തുടങ്ങു​ന്നത്‌ അമ്മയി​ലാണ്‌. എന്നാൽ കുഞ്ഞു​ങ്ങളെ ഈ ലോക​ത്തി​ലേക്ക്‌ ആനയി​ക്കുക എന്നതു മാത്രമല്ല അവളുടെ ധർമത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. ഇന്ന്‌ ലോക​ത്തി​ന്റെ മിക്ക ഭാഗങ്ങ​ളി​ലു​മുള്ള അമ്മമാ​രു​ടെ പങ്കി​നെ​ക്കു​റിച്ച്‌ ഒരു എഴുത്തു​കാ​രന്റെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക: “അവൾ ഓരോ കുഞ്ഞി​ന്റെ​യും ആരോ​ഗ്യം, വിദ്യാ​ഭ്യാ​സം, ബുദ്ധി, വ്യക്തി​ത്വം, സ്വഭാവം, വൈകാ​രി​ക​സ്ഥി​രത എന്നിവ​യു​ടെ പ്രഥമ സംരക്ഷ​ക​യാണ്‌.”

അമ്മയുടെ ഒട്ടനവധി ധർമങ്ങ​ളിൽ ഒന്നാണ്‌ സ്വന്തം മക്കൾക്ക്‌ ഒരു അധ്യാ​പി​ക​യാ​യി​രി​ക്കുക എന്നത്‌. ഒരു കുഞ്ഞ്‌ തന്റെ ആദ്യ വാക്കു​ക​ളും സംസാര രീതി​യും സാധാ​ര​ണ​മാ​യി അമ്മയിൽനി​ന്നാ​ണു പഠിക്കു​ന്നത്‌. അതിനാൽ ഒരുവന്റെ ആദ്യഭാ​ഷയെ പലപ്പോ​ഴും മാതൃ​ഭാഷ എന്നു വിളി​ക്കു​ന്നു. ഓരോ ദിവസ​വും ഒരു പിതാവ്‌ കുഞ്ഞു​ങ്ങ​ളോ​ടൊ​ത്തു ചെലവി​ടു​ന്ന​തി​നെ​ക്കാൾ കൂടുതൽ സമയം സാധാ​ര​ണ​ഗ​തി​യിൽ അമ്മ തന്റെ കുഞ്ഞു​ങ്ങ​ളോ​ടൊ​ത്തു ചെലവി​ടു​ന്നു. അതിനാൽ അവരെ പഠിപ്പി​ക്കു​ക​യും അവർക്കു ശിക്ഷണം നൽകു​ക​യും ചെയ്യു​ന്ന​തിൽ മുഖ്യ​പങ്ക്‌ അമ്മയ്‌ക്കാ​യി​രു​ന്നേ​ക്കാം. അതു​കൊണ്ട്‌, “അമ്മിഞ്ഞ​പ്പാ​ലി​ന്നൊ​പ്പം വരും വിദ്യ​ത​ന്ന​മൃ​തും” എന്നർഥം വരുന്ന ഒരു മെക്‌സി​ക്കൻ പഴമൊ​ഴി അമ്മമാ​രു​ടെ സുപ്ര​ധാന പങ്കിനെ ആദരി​ക്കു​ന്നു.

നമ്മുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​വും അമ്മമാരെ ആദരി​ക്കു​ന്നു. കൽപ്പല​ക​ക​ളിൽ “ദൈവ​ത്തി​ന്റെ വിരൽകൊ​ണ്ടു” എഴുതിയ പത്തുകൽപ്പ​ന​ക​ളിൽ ഒന്ന്‌ കുട്ടി​കളെ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക.” (പുറപ്പാ​ടു 20:12; 31:18; ആവർത്ത​ന​പു​സ്‌തകം 9:10) കൂടാതെ, ഒരു ബൈബിൾ സദൃശ​വാ​ക്യം “അമ്മയുടെ ഉപദേശ”ത്തെക്കു​റി​ച്ചു പരാമർശി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 1:8) മിക്ക കുഞ്ഞു​ങ്ങ​ളും അധിക സമയവും അമ്മമാ​രു​ടെ പരിച​ര​ണ​ത്തി​ലാ​യി​രി​ക്കുന്ന ആദ്യമൂ​ന്നു വർഷങ്ങ​ളിൽ അവരെ പഠിപ്പി​ക്കേ​ണ്ട​തി​ന്റെ പ്രാധാ​ന്യം ഇന്നു വ്യാപ​ക​മാ​യി തിരി​ച്ച​റി​ഞ്ഞി​ട്ടുണ്ട്‌.

ചില വെല്ലു​വി​ളി​കൾ ഏതെല്ലാം?

അനേകം അമ്മമാർക്കും കുടും​ബത്തെ സാമ്പത്തി​ക​മാ​യി പിന്തു​ണ​യ്‌ക്കു​ന്ന​തി​നു​വേണ്ടി ജോലി​ക്കു പോ​കേ​ണ്ടി​വ​രു​ന്നു. ഇത്‌ കുഞ്ഞു​ങ്ങ​ളു​ടെ സ്വഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ന്റെ നിർണാ​യക കാലയ​ള​വിൽ അവരെ പഠിപ്പി​ക്കു​ക​യെന്ന ധർമം നിർവ​ഹി​ക്കു​ന്ന​തിന്‌ ഒരു വെല്ലു​വി​ളി​യാ​കു​ന്നു. നിരവധി വികസിത രാജ്യ​ങ്ങ​ളിൽ മൂന്നു വയസ്സിൽതാ​ഴെ പ്രായ​മുള്ള കുഞ്ഞു​ങ്ങ​ളുള്ള അമ്മമാ​രിൽ 50 ശതമാ​ന​ത്തി​ല​ധി​ക​വും ജോലി​ക്കാ​രാ​ണെന്ന്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ കാണി​ക്കു​ന്നു.

ഇനി, ഭർത്താ​ക്ക​ന്മാർ തൊഴിൽ തേടി മറ്റൊരു നഗരത്തി​ലേ​ക്കോ വേറൊ​രു രാജ്യ​ത്തേ​ക്കോ പോകു​മ്പോൾ കുട്ടി​കളെ വളർത്തുക എന്ന ഭാരം ഒറ്റയ്‌ക്കു ചുമലി​ലേ​റ്റേ​ണ്ടി​വ​രുന്ന ധാരാളം അമ്മമാ​രുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, അർമേ​നി​യ​യു​ടെ ചില പ്രദേ​ശ​ങ്ങ​ളിൽ പുരു​ഷ​ന്മാ​രിൽ ഏതാണ്ട്‌ മൂന്നി​ലൊ​ന്നും ജോലി​തേടി മറ്റു​ദേ​ശ​ങ്ങ​ളിൽ പോയി​രി​ക്കു​ക​യാ​ണെന്നു റിപ്പോർട്ടു​കൾ കാണി​ക്കു​ന്നു. ഭർത്താ​ക്ക​ന്മാർ മരിക്കു​ക​യോ ഉപേക്ഷി​ച്ചു​പോ​കു​ക​യോ ചെയ്യു​മ്പോൾ കുഞ്ഞു​ങ്ങ​ളു​മാ​യി ജീവി​ത​പാ​ത​യിൽ തനിച്ചാ​വുന്ന അമ്മമാ​രു​മുണ്ട്‌.

ചില രാജ്യ​ങ്ങ​ളിൽ പല അമ്മമാർക്കും വിദ്യാ​ഭ്യാ​സം ഇല്ല. ഇത്‌ മറ്റൊരു വെല്ലു​വി​ളി​യാണ്‌. ലോക​ത്തി​ലെ നിരക്ഷ​ര​രായ 87.6 കോടി ആളുക​ളു​ടെ മൂന്നിൽ രണ്ടും സ്‌ത്രീ​ക​ളാ​ണെന്ന്‌ ‘ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ സാമ്പത്തിക-സാമൂ​ഹിക വിഭാഗം’ കണക്കാ​ക്കു​ന്നു. യുനെ​സ്‌കോ​യു​ടെ അഭി​പ്രാ​യ​ത്തിൽ, ആഫ്രിക്ക, അറബി​രാ​ഷ്‌ട്രങ്ങൾ, ദക്ഷിണ-പൂർവ ഏഷ്യ എന്നിവി​ട​ങ്ങ​ളി​ലെ 60 ശതമാ​ന​ത്തി​ല​ധി​കം സ്‌ത്രീ​കൾ അക്ഷരാ​ഭ്യാ​സ​മി​ല്ലാ​ത്ത​വ​രാണ്‌. മാത്രമല്ല, സ്‌ത്രീ​കളെ വിദ്യാ​ഭ്യാ​സം ചെയ്യി​ക്കു​ന്നത്‌ ആവശ്യ​മി​ല്ലാത്ത കാര്യ​മാ​ണെ​ന്നും അത്‌ കുഞ്ഞു​ങ്ങൾക്കു ജന്മം നൽകു​ക​യെന്ന അവരുടെ ധർമത്തിന്‌ അവരെ അയോ​ഗ്യ​രാ​ക്കു​ക​പോ​ലും ചെയ്യു​മെ​ന്നും വിശ്വ​സി​ക്കുന്ന പുരു​ഷ​ന്മാർ ഏറെയാണ്‌.

ഔട്ട്‌ലുക്ക്‌ മാസിക പറയു​ന്ന​ത​നു​സ​രിച്ച്‌ ഇന്ത്യയി​ലെ കേരള​സം​സ്ഥാ​ന​ത്തി​ലുള്ള ഒരു ജില്ലയിൽ—അവിടെ സാധാ​ര​ണ​മാ​യി 15 വയസ്സോ​ടെ പെൺകു​ട്ടി​കൾ അമ്മമാ​രാ​കു​ന്നു—പുരു​ഷ​ന്മാർക്കാർക്കും പഠിപ്പുള്ള വധുവി​നെ വേണ്ട. അയൽരാ​ജ്യ​മായ പാകി​സ്ഥാ​നി​ലാ​ണെ​ങ്കിൽ ആൺകു​ട്ടി​കൾക്കാണ്‌ പ്രാധാ​ന്യം. വലുതാ​കു​മ്പോൾ സാമാ​ന്യം നല്ല വരുമാ​ന​മുള്ള ജോലി​യൊ​ക്കെ സമ്പാദിച്ച്‌ വയസ്സു​കാ​ലത്തു മാതാ​പി​താ​ക്കൾക്കൊ​രു തുണയാ​കാൻ പറ്റിയ വിധത്തി​ലാണ്‌ അവിടെ ആൺകു​ട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌. അതേസ​മയം, “പെൺകു​ട്ടി​കളെ പഠിപ്പി​ക്കാൻ പണം മുടക്കാൻ മാതാ​പി​താ​ക്കൾ ഇഷ്ടപ്പെ​ടു​ന്നില്ല. കാരണം പെൺകു​ട്ടി​കൾ കുടും​ബ​ത്തിന്‌ സാമ്പത്തിക പിന്തുണ നൽകാൻ അവർ പ്രതീ​ക്ഷി​ക്കു​ന്നില്ല,” വികസ്വര രാജ്യ​ങ്ങ​ളി​ലെ സ്‌ത്രീ​വി​ദ്യാ​ഭ്യാ​സം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

പ്രാ​ദേ​ശി​ക ആചാര​ങ്ങ​ളാണ്‌ മറ്റൊരു വെല്ലു​വി​ളി. ഉദാഹ​ര​ണ​ത്തിന്‌, ചില രാജ്യ​ങ്ങ​ളിൽ പുരു​ഷ​ന്മാർക്ക്‌ കൊച്ചു​പെൺകു​ട്ടി​കളെ ഭാര്യ​മാ​രാ​യി വിൽക്കുന്ന ആചാര​മുണ്ട്‌. അതു​പോ​ലെ മറ്റൊ​ന്നാണ്‌ സ്‌ത്രീ ജനനേ​ന്ദ്രിയ ഛേദനം. അമ്മ ഇതി​നെ​യൊ​ക്കെ പിന്താ​ങ്ങാൻ സമൂഹം പ്രതീ​ക്ഷി​ക്കു​ന്നു. ഇനി, ആൺമക്കളെ പഠിപ്പി​ക്കാ​നും അവർക്കു ശിക്ഷണം നൽകാ​നും ചിലയി​ട​ങ്ങ​ളിൽ അമ്മയ്‌ക്ക്‌ അവകാ​ശ​മില്ല, അതു നിഷി​ദ്ധ​മാണ്‌. ഒരമ്മ തന്റെ പുത്ര​ന്മാ​രെ പഠിപ്പി​ക്കാ​നുള്ള ചുമതല മറ്റുള്ള​വരെ ഏൽപ്പി​ച്ചു​കൊണ്ട്‌ അത്തരം ആചാരങ്ങൾ പാലി​ക്കേ​ണ്ട​തു​ണ്ടോ?

ഇത്തരം വെല്ലു​വി​ളി​കളെ ചില അമ്മമാർ എങ്ങനെ​യാ​ണു വിജയ​ക​ര​മാ​യി നേരി​ടു​ന്ന​തെന്ന്‌ തുടർന്നുള്ള ലേഖന​ങ്ങ​ളിൽ നാം കാണും. കൂടാതെ, അമ്മമാ​രെ​യും മാതൃ​ത്വ​ത്തെ​യും ഏറെ അറിയാ​നും വിലമ​തി​ക്കാ​നും നാം ശ്രമി​ക്കു​ന്ന​താ​യി​രി​ക്കും. അതു​പോ​ലെ, സ്വന്തം കുട്ടി​കളെ പഠിപ്പി​ക്കുന്ന കാര്യ​ത്തി​ലുള്ള അമ്മമാ​രു​ടെ പങ്കി​നെ​ക്കു​റിച്ച്‌ ഒരു സന്തുലിത വീക്ഷണം നേടാ​നും നാം ശ്രമി​ക്കും.

[4-ാം പേജിലെ ചതുരം/ചിത്രം]

“കുട്ടി​യു​ടെ ബുദ്ധി​യും ജിജ്ഞാ​സ​യും ഉത്തേജി​പ്പി​ക്കു​ന്ന​തി​ലും, അവന്റെ/അവളുടെ സർഗാ​ത്മകത വളർത്തി​യെ​ടു​ക്കു ന്നതിലും അമ്മയ്‌ക്ക്‌ മർമ​പ്ര​ധാ​ന​മായ പങ്കാണു​ള്ളത്‌.”‘കുട്ടി​ക​ളു​ടെ അവകാ​ശങ്ങൾ സംബന്ധിച്ച പ്രാ​ദേ​ശിക ഉച്ചകോ​ടി,’ ബുർക്കി​നാ ഫാസോ, 1997.

[3-ാം പേജിലെ ചിത്രങ്ങൾ]

ഓരോ കുഞ്ഞി​ന്റെ​യും ആരോ​ഗ്യം, വിദ്യാ​ഭ്യാ​സം, വ്യക്തി​ത്വം, വൈകാ​രിക സ്ഥിരത എന്നിവ വലിയ ഒരളവു​വരെ അമ്മമാ​രു​ടെ കൈക​ളിൽ നിക്ഷി​പ്‌ത​മാണ്‌