വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു

അമ്മമാർ വെല്ലുവിളികൾ തരണം ചെയ്യുന്നു

അമ്മമാർ വെല്ലു​വി​ളി​കൾ തരണം ചെയ്യുന്നു

കുടും​ബ​ത്തി​നു​വേണ്ടി സാമ്പത്തി​ക​മാ​യി കരുതാൻ ഇന്നു പല അമ്മമാർക്കും ജോലി​ചെ​യ്യേ​ണ്ടി​വ​രു​ന്നു, ഇത്‌ അവർക്ക്‌ ഒരു വലിയ വെല്ലു​വി​ളി​യാണ്‌. മാത്രമല്ല, പല കാരണങ്ങൾ നിമിത്തം മറ്റാരു​ടെ​യും കൈത്താ​ങ്ങി​ല്ലാ​തെ ചില അമ്മമാർക്കു മക്കളെ വളർത്തേ​ണ്ട​താ​യും വരുന്നു.

മെക്‌സി​ക്കോ​യി​ലുള്ള മാർഗാ​രീ​റ്റാ ഒറ്റയ്‌ക്കുള്ള ഒരു മാതാ​വാണ്‌, തന്റെ രണ്ടു മക്കളെ​യും അവൾ തനിച്ചാ​ണു വളർത്തി​ക്കൊ​ണ്ടു​വ​ന്നത്‌. “അവരെ ധാർമി​ക​മാ​യും ആത്മീയ​മാ​യും പരിശീ​ലി​പ്പി​ക്കു​ക​യെ​ന്നത്‌ ദുഷ്‌ക​ര​മാ​യി​രു​ന്നു” അവൾ പറയുന്നു. “ഒരു ദിവസം, കൗമാ​ര​പ്രാ​യ​ത്തി​ലുള്ള എന്റെ മകൻ ഒരു പാർട്ടി കഴിഞ്ഞ്‌ മദ്യപി​ച്ചാ​ണു വീട്ടി​ലെ​ത്തി​യത്‌. ഇനി ഇതാവർത്തി​ച്ചാൽ അവനെ വീട്ടിൽ കയറ്റു​ക​യി​ല്ലെന്നു ഞാൻ താക്കീ​തു​നൽകി. അടുത്ത​തവണ അവൻ മദ്യപി​ച്ചു​വ​ന്ന​പ്പോൾ ഞാൻ അവനെ പുറത്തു​നി​റു​ത്തി വാതി​ല​ട​ച്ചു​പൂ​ട്ടി, എനിക്ക്‌ അതിൽ വളരെ വിഷമം ഉണ്ടായി​രു​ന്നെ​ങ്കി​ലും. എന്നാൽ സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, പിന്നീ​ടൊ​രി​ക്ക​ലും അവൻ അത്‌ ആവർത്തി​ച്ചില്ല.”

താമസി​യാ​തെ മാർഗാ​രീ​റ്റാ ബൈബിൾ പഠിക്കാൻ തുടങ്ങി. മക്കളിൽ ധാർമിക മൂല്യങ്ങൾ ഉൾനടാൻ അത്‌ അവളെ സഹായി​ച്ചു. ഇന്ന്‌ രണ്ടു മക്കളും യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മുഴു​സമയ ശുശ്രൂ​ഷ​ക​രാണ്‌.

ഭർത്താ​ക്ക​ന്മാർ വിദേ​ശത്തു പോകു​മ്പോൾ

സാമ്പത്തി​ക​മാ​യി പിന്നോ​ക്കം നിൽക്കുന്ന രാജ്യ​ങ്ങ​ളി​ലെ നിരവധി ഭർത്താ​ക്ക​ന്മാർ മക്കളെ ഭാര്യ​യു​ടെ സംരക്ഷ​ണ​യി​ലേൽപ്പിച്ച്‌ ഏറെ സമ്പന്നമായ ദേശങ്ങ​ളി​ലേക്കു ജോലി​തേ​ടി​പ്പോ​കു​ന്നു. നേപ്പാ​ളി​ലുള്ള ഒരു അമ്മയായ ലക്ഷ്‌മി പറയുന്നു: “ഏഴു വർഷമാ​യി എന്റെ ഭർത്താവു വിദേ​ശ​ത്താണ്‌. മക്കൾ അവരുടെ അച്ഛനെ അനുസ​രി​ക്കു​ന്ന​തു​പോ​ലെ എന്നെ അനുസ​രി​ക്കു​ന്നില്ല. കുടും​ബ​ത്തിൽ നേതൃ​ത്വ​മെ​ടു​ക്കാൻ അദ്ദേഹം ഇവി​ടെ​യു​ണ്ടാ​യി​രു​ന്നെ​ങ്കിൽ കാര്യങ്ങൾ കൂടുതൽ എളുപ്പ​മാ​യി​രു​ന്നേനെ.”

ബുദ്ധി​മു​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും ലക്ഷ്‌മി വെല്ലു​വി​ളി​ക​ളെ​യൊ​ക്കെ വിജയ​ക​ര​മാ​യി നേരി​ടു​ന്നുണ്ട്‌. അവൾക്കു വിദ്യാ​ഭ്യാ​സം കുറവാ​യ​തി​നാൽ മൂത്ത കുട്ടി​കളെ സ്‌കൂൾപ​ഠ​ന​ത്തിൽ സഹായി​ക്കാൻ അവൾ ട്യൂഷൻ ഏർപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. എന്നിരു​ന്നാ​ലും, ആഴ്‌ച​തോ​റും മക്കളോ​ടൊ​പ്പം ബൈബിൾ പഠിച്ചു​കൊണ്ട്‌ അവർക്ക്‌ ആത്മീയ വിദ്യാ​ഭ്യാ​സം നൽകു​ന്ന​തിൽ അവൾ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. ഓരോ ദിവസ​വും അവൾ അവരോ​ടൊ​പ്പം ഒരു ബൈബിൾ വാക്യം പരിചി​ന്തി​ക്കു​ക​യും അവരെ ക്രമമാ​യി ക്രിസ്‌തീയ യോഗ​ങ്ങൾക്കു കൊണ്ടു​പോ​കു​ക​യും ചെയ്യുന്നു.

വിദ്യാ​ഭ്യാ​സം കുറവുള്ള അമ്മമാർ

സ്‌ത്രീ​കൾക്കി​ട​യി​ലെ താരത​മ്യേന ഉയർന്ന നിരക്ഷ​ര​ത​യാണ്‌ ചില രാജ്യ​ങ്ങ​ളി​ലെ മറ്റൊരു വെല്ലു​വി​ളി. അമ്മയ്‌ക്ക്‌ വിദ്യാ​ഭ്യാ​സ​മി​ല്ലെ​ങ്കിൽ സംഭവി​ക്കാ​വുന്ന ദോഷ​ഫ​ല​ങ്ങൾക്ക്‌ ഉദാഹ​ര​ണ​മാണ്‌ മെക്‌സി​ക്കോ​യിൽനി​ന്നുള്ള ഔറി​ല്യാ​യു​ടെ അനുഭവം. ആറുമ​ക്ക​ളു​ടെ അമ്മയായ അവർ പറയുന്നു: “പഠിത്തം പെണ്ണു​ങ്ങൾക്കു​ള്ള​ത​ല്ലെന്ന്‌ എന്റെ അമ്മ എല്ലായ്‌പോ​ഴും പറയു​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ഞാൻ ഒരിക്ക​ലും വായി​ക്കാൻ പഠിച്ചില്ല. ഫലമോ? എന്റെ മക്കളെ ഗൃഹപാ​ഠ​ത്തിൽ സഹായി​ക്കാൻ എനിക്കു കഴിഞ്ഞില്ല. എത്ര നിരാശ തോന്നി​യെ​ന്നോ. എന്നാൽ മക്കളെ​ങ്കി​ലും എന്നെ​പ്പോ​ലെ ആകാതി​രി​ക്ക​ട്ടെ​യെന്നു കരുതി അവർക്കു വിദ്യാ​ഭ്യാ​സം നൽകാൻ ഞാൻ ആവുന്നത്ര ശ്രമിച്ചു.”

വിദ്യാ​ഭ്യാ​സം കുറവുള്ള ഒരു അമ്മയ്‌ക്കു​പോ​ലും നിർണാ​യക സ്വാധീ​നം ചെലു​ത്താൻ കഴിയും. “സ്‌ത്രീ​കൾക്കു വിദ്യാ​ഭ്യാ​സം നൽകു​ക​വഴി, നിങ്ങൾ പുരു​ഷ​ന്മാ​രു​ടെ അധ്യാ​പ​കരെ പഠിപ്പി​ക്കു​ക​യാണ്‌” എന്ന ചൊല്ല്‌ അർഥനിർഭ​ര​മാണ്‌. നേപ്പാ​ളിൽനി​ന്നുള്ള, മൂന്ന്‌ ആൺമക്ക​ളു​ടെ അമ്മയായ ബിഷ്‌ണു​വിന്‌ അക്ഷരാ​ഭ്യാ​സ​മി​ല്ലാ​യി​രു​ന്നു. എന്നാൽ ബൈബിൾ സത്യങ്ങൾ മനസ്സി​ലാ​ക്കാ​നും കുട്ടി​കളെ അവ പഠിപ്പി​ക്കാ​നു​മുള്ള ആഗ്രഹം നിമിത്തം കഠിന​ശ്രമം ചെയ്‌ത്‌ അവൾ എഴുത്തും വായന​യും പഠിച്ചു. കുട്ടികൾ ഗൃഹപാ​ഠം ചെയ്യു​ന്നു​ണ്ടെന്ന്‌ അവൾ ഉറപ്പു​വ​രു​ത്തു​ക​യും അവരുടെ പഠനകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അധ്യാ​പ​ക​രു​മാ​യി സംസാ​രി​ക്കാൻ അവൾ പതിവാ​യി അവരുടെ സ്‌കൂ​ളു​കൾ സന്ദർശി​ക്കു​ക​യും ചെയ്‌തു.

തങ്ങൾക്കു ലഭിച്ച ആത്മീയ​വും ധാർമി​ക​വു​മായ വിദ്യാ​ഭ്യാ​സ​ത്തെ​ക്കു​റിച്ച്‌ ബിഷ്‌ണു​വി​ന്റെ മകൻ സിലാഷ്‌ പറയുന്നു: “ഞങ്ങൾ തെറ്റു ചെയ്യു​മ്പോൾ തിരു​ത്താ​നാ​യി അമ്മ ഞങ്ങളോ​ടു ബൈബിൾ ദൃഷ്ടാ​ന്തങ്ങൾ പറയു​മാ​യി​രു​ന്നു. അമ്മയുടെ പഠിപ്പി​ക്കൽ രീതി​ക​ളിൽ എനി​ക്കേ​റ്റ​വും ഇഷ്ടം അതായി​രു​ന്നു. ഫലപ്ര​ദ​മായ ഈ രീതി തിരുത്തൽ സ്വീക​രി​ക്കാൻ എന്നെ സഹായി​ച്ചു.” ബിഷ്‌ണു തന്റെ ആൺമക്ക​ളു​ടെ വിദഗ്‌ധ​യായ അധ്യാ​പി​ക​യാണ്‌, ഇന്ന്‌ അവർ മൂന്നു​പേ​രും ദൈവ​ഭ​ക്ത​രായ യുവാ​ക്ക​ന്മാ​രാണ്‌.

രണ്ടു മക്കളുടെ അമ്മയായ, മെക്‌സി​ക്കോ​യിൽനി​ന്നുള്ള ആന്റോ​ണി​യാ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഞാൻ പ്രൈ​മ​റി​സ്‌കൂൾവ​രെയേ പഠിച്ചി​ട്ടു​ള്ളൂ. ഞങ്ങൾ ഒറ്റപ്പെട്ട ഒരു ഗ്രാമ​ത്തി​ലാ​ണു താമസി​ച്ചി​രു​ന്നത്‌. ഏറ്റവും അടുത്ത സെക്കൻഡറി സ്‌കൂ​ളാ​കട്ടെ വളരെ ദൂരെ​യും. എന്നാൽ എന്റെ മക്കൾക്ക്‌ എന്നെക്കാ​ളും വിദ്യാ​ഭ്യാ​സം വേണ​മെന്നു ഞാൻ ആഗ്രഹി​ച്ചു. അതു​കൊണ്ട്‌ അവർക്കു​വേണ്ടി ഞാൻ ഏറെ സമയം ചെലവ​ഴി​ച്ചു. അക്ഷരങ്ങ​ളും സംഖ്യ​ക​ളും ഞാൻ അവരെ പഠിപ്പി​ച്ചു. എന്റെ മകൾക്ക്‌ സ്‌കൂ​ളിൽ പോകു​ന്ന​തി​നു മുമ്പു​തന്നെ അവളുടെ പേരും മുഴുവൻ അക്ഷരങ്ങ​ളും എഴുതാൻ അറിയാ​മാ​യി​രു​ന്നു. കിൻഡർഗാർട്ട​നിൽ പോകാൻ പ്രായ​മാ​യ​പ്പോ​ഴേക്ക്‌ എന്റെ മകൻ നന്നായി വായി​ക്കാൻ പഠിച്ചി​രു​ന്നു.”

എന്നാൽ മക്കൾക്ക്‌ ആത്മീയ​വും ധാർമി​ക​വു​മായ വിദ്യാ​ഭ്യാ​സം നൽകാൻ എന്താണു ചെയ്യാ​റു​ണ്ടാ​യി​രു​ന്ന​തെന്ന്‌ ചോദി​ച്ച​പ്പോൾ ആന്റോ​ണി​യാ ഇങ്ങനെ പറയുന്നു: “ഞാൻ അവരെ ബൈബിൾ കഥകൾ പഠിപ്പി​ച്ചു. സംസാ​രി​ക്കാ​റാ​കു​ന്ന​തി​നു മുമ്പേ​തന്നെ എന്റെ മകൾ ബൈബിൾ കഥകൾ ആംഗ്യ​ങ്ങ​ളി​ലൂ​ടെ അവതരി​പ്പി​ക്കു​മാ​യി​രു​ന്നു. ക്രിസ്‌തീയ യോഗ​ത്തിൽ എന്റെ മകൻ ആദ്യമാ​യി പരസ്യ ബൈബിൾവാ​യന നടത്തി​യ​പ്പോൾ അവനു നാലു​വ​യസ്സേ ഉണ്ടായി​രു​ന്നു​ള്ളൂ.” പരിമിത വിദ്യാ​ഭ്യാ​സ​മുള്ള നിരവധി അമ്മമാർ മക്കൾക്ക്‌ അധ്യാ​പ​ക​രാ​യി​രി​ക്കുക എന്ന വെല്ലു​വി​ളി വിജയ​ക​ര​മാ​യി നേരി​ടു​ന്നു.

ദ്രോ​ഹ​ക​ര​മായ ആചാര​ങ്ങ​ളോ​ടു പൊരു​തൽ

മെക്‌സി​ക്കോ​യി​ലെ, റ്റ്‌സോ​ട്‌സിൽ വംശജ​രു​ടെ ഇടയിൽ 12-ഓ 13-ഓ വയസ്സായ പെൺകു​ട്ടി​കളെ ഭാര്യ​മാ​രാ​യി വിൽക്കുന്ന ഒരു ഏർപ്പാ​ടുണ്ട്‌. പലപ്പോ​ഴും പെൺകു​ട്ടി​ക​ളെ​ക്കാൾ വളരെ പ്രായ​മുള്ള, ഒരു രണ്ടാം ഭാര്യ​യെ​യോ മൂന്നാം ഭാര്യ​യെ​യോ ആഗ്രഹി​ക്കുന്ന പുരു​ഷ​ന്മാർക്കാണ്‌ ഇവരെ വിൽക്കു​ന്നത്‌. അയാൾക്കു പിന്നീട്‌ കുട്ടിയെ ഇഷ്ടമല്ലാ​താ​കു​ന്നെ​ങ്കിൽ അവളെ തിരി​കെ​യേൽപ്പിച്ച്‌ പണം മടക്കി​വാ​ങ്ങാം. പെ​ട്രോ​ണാ ഒരു കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഈ ആചാര​ത്തി​ന്റെ കുരു​ക്കിൽപ്പെ​ടേ​ണ്ട​താ​യി​രു​ന്നു. ഒരു കൊച്ചു​പെൺകു​ട്ടി​യാ​യി​രി​ക്കെ അവളുടെ അമ്മയെ ഇങ്ങനെ വിറ്റതാണ്‌, ആ ബന്ധത്തിൽ അവർക്ക്‌ ഒരു കുഞ്ഞു​ണ്ടാ​യി. പിന്നെ അവരെ വിവാ​ഹ​മോ​ച​ന​വും നടത്തി. എല്ലാം വെറും 13 വയസ്സി​നു​ള്ളിൽത്തന്നെ! ആ കുഞ്ഞു മരിച്ചു​പോ​യി, പെ​ട്രോ​ണാ​യു​ടെ അമ്മയെ പിന്നെ​യും രണ്ടു പ്രാവ​ശ്യം വിറ്റു. എല്ലാ വിവാ​ഹ​ബ​ന്ധ​ങ്ങ​ളി​ലും​കൂ​ടി എട്ടു കുട്ടി​കൾക്ക്‌ അവർ ജന്മം നൽകി.

പെ​ട്രോ​ണാ അത്തര​മൊ​രു കുരു​ക്കിൽ ചെന്നു​പെ​ടാ​തി​രി​ക്കാൻ ആഗ്രഹി​ച്ചു. എങ്ങനെ​യാണ്‌ അതിനു കഴിഞ്ഞ​തെന്ന്‌ അവൾ വിശദീ​ക​രി​ക്കു​ന്നു: “എനിക്കു കല്യാണം വേണ്ട, പഠിച്ചാൽ മതി​യെന്ന്‌ എന്റെ പ്രൈ​മറി സ്‌കൂൾ പഠനം കഴിഞ്ഞ​പ്പോൾ ഞാൻ അമ്മയോ​ടു പറഞ്ഞു. പക്ഷേ അമ്മയ്‌ക്ക്‌ ഇക്കാര്യ​ത്തിൽ ഒന്നും ചെയ്യാ​നാ​വി​ല്ലെ​ന്നും പോയി അപ്പനോ​ടു സംസാ​രി​ക്കാ​നും അമ്മ പറഞ്ഞു.”

“ഞാൻ നിന്നെ വിവാഹം കഴിപ്പി​ക്കാൻ പോകു​ക​യാണ്‌,” അപ്പൻ പറഞ്ഞു. “സ്‌പാ​നീഷ്‌ സംസാ​രി​ക്കാൻ നിനക്ക​റി​യാം, വായി​ക്കാ​നും അറിയാം, ഇത്ര​യൊ​ക്കെ പോരേ? ഇനിയും പഠിക്ക​ണ​മെ​ങ്കിൽ സ്‌കൂൾചെ​ലവ്‌ നീതന്നെ വഹിച്ചു​കൊ​ള്ളണം.”

“ഞാൻ അങ്ങനെ​തന്നെ ചെയ്‌തു” പെ​ട്രോ​ണാ പറയുന്നു. “തുണി​യിൽ എം​ബ്രോ​യി​ഡറി ചെയ്‌തു​കൊണ്ട്‌ എന്റെ ചെലവു​കൾക്കു വേണ്ടതു ഞാൻ സമ്പാദി​ച്ചു.” അങ്ങനെ അവൾ ഈ ആചാര​ത്തി​ന്റെ കെണി​യിൽനി​ന്നു രക്ഷപ്പെട്ടു. പെ​ട്രോ​ണാ മുതിർന്ന​പ്പോ​ഴേ​ക്കും അവളുടെ അമ്മ ബൈബിൾ പഠിക്കാൻ തുടങ്ങി. ഇത്‌ പെ​ട്രോ​ണാ​യു​ടെ അനുജ​ത്തി​മാ​രിൽ ബൈബി​ള​ധി​ഷ്‌ഠിത മൂല്യങ്ങൾ ഉൾനടാൻ അവർക്കു ധൈര്യം പകർന്നു. കൊച്ചു​പെൺകു​ട്ടി​കളെ ഭാര്യ​മാ​രാ​യി വിൽക്കുന്ന ആചാര​ത്തി​ന്റെ കയ്‌പേ​റിയ ഫലങ്ങ​ളെ​ക്കു​റിച്ച്‌ സ്വന്തം അനുഭ​വ​ത്തിൽനി​ന്നു​തന്നെ മക്കളെ പഠിപ്പി​ക്കാൻ ആ അമ്മയ്‌ക്കു കഴിഞ്ഞു.

ഇനി, പലയി​ട​ങ്ങ​ളി​ലും ആൺകു​ട്ടി​കളെ ഗുണ​ദോ​ഷി​ക്കാൻ പിതാ​ക്ക​ന്മാർക്കു മാത്രമേ അധികാ​ര​മു​ള്ളൂ. പെ​ട്രോ​ണാ പറയുന്നു: “സ്‌ത്രീ​കൾ പുരു​ഷ​ന്മാ​രെ​ക്കാൾ താണവ​രാ​ണെ​ന്നാണ്‌ റ്റ്‌സോ​ട്‌സിൽ വംശജ​രായ സ്‌ത്രീ​കളെ പഠിപ്പി​ക്കു​ന്നത്‌. പുരു​ഷ​ന്മാർ വളരെ മേധാ​വി​ത്വ​മ​നോ​ഭാ​വം ഉള്ളവരാണ്‌. ചെറിയ ആൺകു​ട്ടി​കൾ തങ്ങളുടെ അപ്പന്മാരെ അനുക​രി​ക്കു​ന്നു. അവർ അമ്മമാ​രോ​ടു പറയും: ‘എന്തു ചെയ്യണ​മെന്ന്‌ എന്നോടു പറയാൻ അമ്മയ്‌ക്ക്‌ അധികാ​ര​മില്ല. അപ്പൻ പറഞ്ഞാലേ ഞാൻ അനുസ​രി​ക്കൂ.’ ഇത്തരം സാഹച​ര്യ​ത്തിൽ അമ്മമാർക്ക്‌ സ്വന്തം പുത്ര​ന്മാ​രെ പഠിപ്പി​ക്കാൻ കഴിയു​ക​യില്ല. എന്നാൽ എന്റെ അമ്മ ഇപ്പോൾ ബൈബിൾ പഠിച്ചി​രി​ക്കുന്ന സ്ഥിതിക്ക്‌ എന്റെ ആങ്ങളമാ​രെ വിജയ​ക​ര​മാ​യി ബുദ്ധി​യു​പ​ദേ​ശി​ക്കാൻ അമ്മയ്‌ക്കു കഴിയു​ന്നു. എഫെസ്യർ 6:1-3 അവർക്കു മനഃപാ​ഠ​മാണ്‌: ‘മക്കളേ, നിങ്ങളു​ടെ അമ്മയപ്പ​ന്മാ​രെ . . . അനുസ​രി​പ്പിൻ; . . . നിന്റെ അപ്പനെ​യും അമ്മയെ​യും ബഹുമാ​നിക്ക.’”

നൈജീ​രി​യ​യിൽനി​ന്നുള്ള മേരി ഇങ്ങനെ പറയുന്നു: “ആൺകു​ട്ടി​കളെ പഠിപ്പി​ക്കാ​നോ അവർക്കു ശിക്ഷണം നൽകാ​നോ ഞാൻ വളർന്നു​വന്ന സ്ഥലത്തെ സംസ്‌കാ​രം അമ്മമാരെ അനുവ​ദി​ക്കു​ന്നില്ല. എന്നാൽ തിമൊ​ഥെ​യൊ​സി​ന്റെ അമ്മ യൂനീ​ക്ക​യു​ടെ​യും വല്യമ്മ ലോവീ​സി​ന്റെ​യും ബൈബിൾ ദൃഷ്ടാന്തം പിൻപ​റ്റി​ക്കൊണ്ട്‌ എന്റെ മക്കളെ പഠിപ്പി​ക്കാൻതന്നെ ഞാൻ തീരു​മാ​നി​ച്ചു. അതിൽനിന്ന്‌ എന്നെ തടയാൻ പ്രാ​ദേ​ശിക ആചാര​ങ്ങളെ അനുവ​ദി​ക്കി​ല്ലെന്ന്‌ ഞാൻ ദൃഢനി​ശ്ചയം ചെയ്‌തു.”—2 തിമൊ​ഥെ​യൊസ്‌ 1:5.

ചില രാജ്യ​ങ്ങ​ളിൽ സാധാ​ര​ണ​മാ​യി​രി​ക്കുന്ന മറ്റൊരു ആചാരം, “സ്‌ത്രീ പരി​ച്ഛേദന” എന്നു ചിലർ വിളി​ക്കുന്ന ഒന്നാണ്‌. സ്‌ത്രീ ജനനേ​ന്ദ്രിയ ഛേദനം എന്ന പേരി​ലാണ്‌ ഇപ്പോൾ ഇത്‌ പൊതു​വേ അറിയ​പ്പെ​ടു​ന്നത്‌. പെൺകു​ട്ടി​യു​ടെ ബാഹ്യ​ജ​ന​നേ​ന്ദ്രി​യ​ങ്ങ​ളു​ടെ ഒരു ഭാഗമോ മിക്ക ഭാഗങ്ങ​ളോ നീക്കം ചെയ്യുന്ന പ്രക്രി​യ​യാ​ണിത്‌. ഈ ആചാര​ത്തി​നെ​തി​രെ ശബ്ദമു​യർത്തി​ക്കൊണ്ട്‌ പൊതു​ജ​ന​ശ്ര​ദ്ധ​യാ​കർഷി​ച്ചത്‌ ഐക്യ​രാ​ഷ്‌ട്ര ജനസം​ഖ്യാ നിധി​യു​ടെ പ്രത്യേക അംബാ​സി​ഡ​റും പേരു​കേട്ട ഒരു ഫാഷൻ മോഡ​ലു​മാ​യി​രുന്ന വാരിസ്‌ ഡിരി ആയിരു​ന്നു. സൊമാ​ലി​യ​യി​ലെ പ്രാ​ദേ​ശിക ആചാര​മ​നു​സ​രിച്ച്‌ ഒരു കൊച്ചു​കു​ട്ടി​യാ​യി​രി​ക്കെ അമ്മ അവരെ ഈ പ്രക്രി​യ​യ്‌ക്കു വിധേ​യ​യാ​ക്കി​യി​രു​ന്നു. ഒരു റിപ്പോർട്ട്‌ അനുസ​രിച്ച്‌, മധ്യപൂർവ​ദേ​ശ​ത്തും ആഫ്രി​ക്ക​യി​ലു​മാ​യി 80 ലക്ഷത്തി​നും ഒരു കോടി​ക്കും ഇടയിൽ സ്‌ത്രീ​ക​ളും പെൺകു​ട്ടി​ക​ളും ഈ പ്രക്രി​യ​യ്‌ക്കു വിധേ​യ​രാ​കാ​നി​ട​യുണ്ട്‌. ഐക്യ​നാ​ടു​ക​ളിൽപ്പോ​ലും 10,000 പെൺകു​ട്ടി​കൾ ഈ ആചാര​ത്തി​ന്റെ കരിനി​ഴ​ലി​ലാ​ണെന്ന്‌ കണക്കുകൾ കാണി​ക്കു​ന്നു.

ഏതൊക്കെ വിശ്വാ​സ​ങ്ങ​ളു​ടെ പിൻബ​ല​ത്തി​ലാണ്‌ ഈ ആചാരം? സ്‌ത്രീ ജനനേ​ന്ദ്രി​യങ്ങൾ നിന്ദ്യ​മാ​ണെ​ന്നും അവ ഒരു പെൺകു​ട്ടി​യെ അശുദ്ധ​യാ​ക്കു​ന്നു​വെ​ന്നും അതു​കൊ​ണ്ടു​തന്നെ അവളെ വിവാ​ഹ​ത്തിന്‌ യോഗ്യ​യ​ല്ലാ​താ​ക്കു​ന്നു​വെ​ന്നു​മുള്ള ധാരണ​യാ​ണു ചിലർക്ക്‌. കൂടാതെ, ഇവ മുറി​ച്ചു​നീ​ക്കു​ന്നത്‌ കുട്ടി​യു​ടെ കന്യകാ​ത്വ​വും ദാമ്പത്യ​വി​ശ്വ​സ്‌ത​ത​യും ഉറപ്പാ​ക്കു​മെ​ന്നും അവർ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നു. മകളുടെ കാര്യ​ത്തിൽ ഈ ആചാരം പിന്തു​ട​രാ​തി​രി​ക്കുന്ന ഒരു അമ്മ ഭർത്താ​വി​ന്റെ​യും പ്രാ​ദേ​ശിക സമുദാ​യ​ത്തി​ന്റെ​യും ക്രോ​ധ​ത്തി​നു പാത്ര​മാ​യി​ത്തീർന്നേ​ക്കാം.

എന്നിരു​ന്നാ​ലും, ഈ വേദനാ​ക​ര​മായ ആചാര​ത്തിന്‌ മതപര​മോ വൈദ്യ​ശാ​സ്‌ത്ര​പ​ര​മോ ശുചി​ത്വ​സം​ബ​ന്ധ​മോ ആയ ന്യായ​മായ ഒരു പിൻബ​ല​വും ഇല്ലെന്ന്‌ പല അമ്മമാ​രും തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. അതു​കൊണ്ട്‌ തങ്ങളുടെ പെൺകു​ഞ്ഞു​ങ്ങളെ ഈ ആചാര​ത്തി​നു വിധേ​യ​രാ​ക്കാൻ നിരവധി അമ്മമാർ ധൈര്യ​പൂർവം വിസമ്മ​തി​ച്ചി​രി​ക്കു​ന്ന​താ​യി നിന്ദ്യ​മായ ആചാര​ങ്ങളെ നിഷേ​ധി​ക്കൽ (ഇംഗ്ലീഷ്‌) എന്ന നൈജീ​രി​യൻ പുസ്‌തകം വെളി​പ്പെ​ടു​ത്തു​ന്നു.

അതേ, നിരവധി വെല്ലു​വി​ളി​ക​ളു​ണ്ടാ​യി​രു​ന്നി​ട്ടും ലോക​മെ​മ്പാ​ടു​മുള്ള അമ്മമാർ മക്കളെ സംരക്ഷി​ക്കു​ക​യും പ്രബോ​ധി​പ്പി​ക്കു​ക​യും ചെയ്യു​ന്ന​തിൽ വിജയം​വ​രി​ക്കു​ന്നു. അവരുടെ ശ്രമങ്ങൾ യഥാർഥ​ത്തിൽ വിലമ​തി​ക്ക​പ്പെ​ടു​ന്നു​ണ്ടോ?

[5-ാം പേജിലെ ചതുരം/ചിത്രം]

“പുരോ​ഗ​തി​ക്കും വികസ​ന​ത്തി​നും മുതൽക്കൂ​ട്ടാ​കുന്ന പദ്ധതി​ക​ളി​ലൊ​ക്കെ സ്‌ത്രീ​കൾക്കു നിർണാ​യക പങ്കു​ണ്ടെന്ന്‌ പഠനങ്ങൾ ആവർത്തി​ച്ചു വ്യക്തമാ​ക്കു​ന്നു. സ്‌ത്രീ​കൾ പൂർണ​മാ​യും ഉൾപ്പെ​ടു​മ്പോൾ പ്രയോ​ജ​നങ്ങൾ സത്വരം ദൃശ്യ​മാണ്‌: കുടും​ബങ്ങൾ നന്നായി പോഷി​പ്പി​ക്ക​പ്പെ​ടു​ന്നു, ആരോ​ഗ്യം മെച്ച​പ്പെ​ടു​ന്നു. അവരുടെ വരുമാ​നം, സമ്പാദ്യം, പുനഃ​നി​ക്ഷേപം എന്നിവ​യും ഉയരുന്നു. കുടും​ബ​ങ്ങ​ളു​ടെ മാത്രമല്ല സമുദാ​യ​ങ്ങ​ളു​ടെ​യും കാലാ​ന്ത​ര​ത്തിൽ മുഴു​രാ​ജ്യ​ങ്ങ​ളു​ടെ​ത​ന്നെ​യും കാര്യ​ത്തിൽ ഇതു സത്യമാണ്‌.”—യുഎൻ സെക്ര​ട്ടറി ജനറൽ കോഫി അന്നൻ, 2003 മാർച്ച്‌ 8.

[കടപ്പാട്‌]

UN/DPI photo by Milton Grant

[8-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

അമ്മ ഞങ്ങൾക്കു​വേണ്ടി ചെയ്‌ത ത്യാഗങ്ങൾ

ബ്രസീ​ലിൽനി​ന്നുള്ള ഷൂലി​യാ​നൂ എന്ന യുവാവ്‌ പറയുന്നു: “എനിക്ക്‌ അഞ്ചുവ​യ​സ്സു​ണ്ടാ​യി​രു​ന്ന​പ്പോൾ അമ്മയ്‌ക്ക്‌ വളരെ നല്ല ഒരു ജോലി​യു​ണ്ടാ​യി​രു​ന്നു. എന്റെ പെങ്ങളു​ടെ ജനന​ത്തോ​ടെ ഞങ്ങളുടെ കാര്യ​ത്തിൽ ശ്രദ്ധി​ക്കു​ന്ന​തി​നാ​യി ജോലി രാജി​വെച്ച്‌ വീട്ടി​ലി​രി​ക്കാൻ അമ്മ തീരു​മാ​നി​ച്ചു. ജോലി രാജി​വെ​പ്പി​ക്കാ​തി​രി​ക്കാൻ ജോലി​സ്ഥ​ലത്തെ ഉപദേ​ശ​ക​രൊ​ക്കെ കഴിവ​തും ശ്രമിച്ചു. കുട്ടികൾ വിവാ​ഹി​ത​രാ​യി വീടു​വി​ട്ടു​പോ​കു​ന്ന​തോ​ടെ അവർക്കു​വേണ്ടി ചെയ്‌ത​തെ​ല്ലാം വൃഥാ​വാ​കും, ഒരു ലാഭവും കിട്ടാത്ത നിക്ഷേ​പ​മാണ്‌ അമ്മ നടത്താൻ പോകു​ന്നത്‌ എന്നൊ​ക്കെ​യാ​യി​രു​ന്നു അവരുടെ അഭി​പ്രാ​യങ്ങൾ. എന്നാൽ അവർ പറഞ്ഞ​തെ​ല്ലാം തെറ്റാ​യി​രു​ന്നു​വെന്ന്‌ ഞാൻ പറയുന്നു; അമ്മ കാണിച്ച സ്‌നേഹം ഞാൻ ഒരിക്ക​ലും മറക്കു​ക​യില്ല.”

[ചിത്രങ്ങൾ]

മക്കളോടൊത്ത്‌, ഷൂലി​യാ​നൂ​വി​ന്റെ അമ്മ; ഇടത്ത്‌: ഷൂലി​യാ​നൂ​വിന്‌ അഞ്ചുവ​യസ്സ്‌ ഉള്ളപ്പോൾ

[6-ാം പേജിലെ ചിത്രങ്ങൾ]

ബിഷ്‌ണു എഴുത്തും വായന​യും പഠിച്ചു, എന്നിട്ട്‌ നല്ല വിദ്യാ​ഭ്യാ​സം നേടാൻ തന്റെ പുത്ര​ന്മാ​രെ സഹായി​ച്ചു

[7-ാം പേജിലെ ചിത്രങ്ങൾ]

ആന്റോണിയായുടെ മകൻ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ ബൈബിൾ വായന നിർവ​ഹി​ക്കു​ന്നു

[7-ാം പേജിലെ ചിത്രങ്ങൾ]

യഹോവയുടെ സാക്ഷി​ക​ളു​ടെ മെക്‌സി​ക്കോ​യി​ലെ ബ്രാഞ്ചിൽ സ്വമേ​ധ​യാ​സേ​വ​ക​യാണ്‌ പെ​ട്രോ​ണാ. സാക്ഷി​യാ​യി​ത്തീർന്ന അവളുടെ അമ്മ അവളുടെ കൂടപ്പി​റ​പ്പു​കളെ പഠിപ്പി​ക്കു​ന്നു

[8-ാം പേജിലെ ചിത്രം]

വാരിസ്‌ ഡിരി, സ്‌ത്രീ ജനനേ​ന്ദ്രിയ ഛേദന​ത്തി​നെ​തി​രെ ശബ്ദമു​യർത്തിയ ഒരു പ്രശസ്‌ത വ്യക്തി

[കടപ്പാട്‌]

Photo By Sean Gallup/ Getty Images