വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അമ്മയുടെ ആദരണീയ പങ്ക്‌

അമ്മയുടെ ആദരണീയ പങ്ക്‌

അമ്മയുടെ ആദരണീയ പങ്ക്‌

അമ്മയുടെ ധർമത്തെ പലപ്പോ​ഴും ആളുകൾ വിലമ​തി​ക്കാ​തി​രി​ക്കു​ക​യും അവജ്ഞ​യോ​ടെ​പോ​ലും വീക്ഷി​ക്കു​ക​യും ചെയ്യുന്നു. ഏതാനും ദശകങ്ങൾക്കു മുമ്പ്‌, കുട്ടി​കളെ വളർത്താ​നാ​യി വീട്ടി​ലി​രി​ക്കു​ന്ന​തി​നെ ഒരു കുറച്ചി​ലാ​യി വീക്ഷി​ക്കുന്ന പ്രവണത രംഗ​പ്ര​വേശം ചെയ്‌തു. അത്‌ ഒരു ഉദ്യോ​ഗ​ത്തി​ന്റെ​യത്ര പ്രാധാ​ന്യ​മി​ല്ലാ​ത്ത​തോ ഒരുതരം അടിച്ച​മർത്തൽപോ​ലു​മോ ആണെന്നാ​യി​രു​ന്നു ചിലരു​ടെ​യൊ​ക്കെ വീക്ഷണം. ഇതൊക്കെ കുറെ കടന്ന ചിന്തയാ​ണെന്നു മിക്കവ​രും പറയു​മെ​ങ്കി​ലും വീട്ടു​കാ​ര്യ​ങ്ങ​ളും നോക്കി കുട്ടി​ക​ളെ​യും വളർത്തി കഴിഞ്ഞു​കൂ​ടു​ന്നത്‌ ഒരു രണ്ടാം​കിട ജോലി​യാ​ണെന്ന ചിന്ത പല അമ്മമാ​രു​ടെ​യും മനസ്സിൽ കയറി​ക്കൂ​ടാൻ പലപ്പോ​ഴും മറ്റുള്ളവർ ഇടയാ​ക്കു​ന്നു. സ്‌ത്രീ​യു​ടെ കഴിവു​കൾ മുഴു​വ​നും പുറ​ത്തെ​ടു​ക്ക​ണ​മെ​ങ്കിൽ അവൾക്കൊ​രു ഉദ്യോ​ഗം കൂടിയേ തീരൂ എന്നു​പോ​ലും ചിലർക്കു തോന്നു​ന്നു.

എന്നാൽ, കുടും​ബ​ത്തിൽ അമ്മയുടെ പങ്കിനെ വിലമ​തി​ക്കുന്ന നിരവധി ഭർത്താ​ക്ക​ന്മാ​രും മക്കളു​മുണ്ട്‌. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഫിലി​പ്പീൻസി​ലെ ബ്രാഞ്ച്‌ ഓഫീ​സിൽ സേവി​ക്കുന്ന കാർലോ പറയുന്നു: “എന്റെ അമ്മ തന്ന പരിശീ​ല​ന​മാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌. പിതാവ്‌ ഒരു ശിക്ഷകന്റെ റോളി​ലാ​യി​രു​ന്നു, ഉടനടി ശിക്ഷ നടപ്പാ​ക്കി​ക്ക​ഴി​യും. പക്ഷേ അമ്മ കാര്യങ്ങൾ വിശദീ​ക​രി​ച്ചു​കൊ​ണ്ടും ന്യായ​വാ​ദം ചെയ്‌തു​കൊ​ണ്ടും ഞങ്ങളെ സഹായി​ച്ചി​രു​ന്നു. അമ്മയുടെ പഠിപ്പി​ക്കൽ രീതി ഞാൻ ശരിക്കും വിലമ​തി​ക്കു​ന്നു.”

പഠിപ്പു​കു​റഞ്ഞ ഒരു അമ്മ വളർത്തി​ക്കൊ​ണ്ടു​വന്ന ആറുമ​ക്ക​ളിൽ ഒരാളാണ്‌ ദക്ഷിണാ​ഫ്രി​ക്ക​യി​ലുള്ള പീറ്റർ. പിതാവ്‌ അവരുടെ കുടും​ബത്തെ ഉപേക്ഷി​ച്ചു​പോ​യി​രു​ന്നു. പീറ്റർ സ്‌മരി​ക്കു​ന്നു: “വീട്ടു​വേ​ല​ക്കാ​രി​യും കെട്ടിടം സൂക്ഷി​പ്പു​കാ​രി​യും ആയി ജോലി​നോ​ക്കിയ അമ്മ അധിക​മൊ​ന്നും സമ്പാദി​ച്ചി​രു​ന്നില്ല. ഞങ്ങളു​ടെ​യെ​ല്ലാം സ്‌കൂൾ ഫീസ്‌ അടയ്‌ക്കാൻ അമ്മ നന്നേ ബുദ്ധി​മു​ട്ടി​യി​രു​ന്നു. പലപ്പോ​ഴും ഞങ്ങൾ വെറും​വ​യ​റോ​ടെ​യാണ്‌ ഉറങ്ങാൻ പോയി​രു​ന്നത്‌. ഞങ്ങൾക്കു തലചാ​യ്‌ക്കാ​നൊ​രി​ടം തരാൻ അമ്മ നന്നേ ക്ലേശിച്ചു. ഈ കഷ്ടപ്പാ​ടെ​ല്ലാം ഉണ്ടായി​രു​ന്നി​ട്ടും അമ്മ ഒരിക്ക​ലും മടുത്തു പിന്മാ​റി​യില്ല. മറ്റുള്ള​വ​രു​മാ​യി നമ്മെ ഒരിക്ക​ലും താരത​മ്യം ചെയ്യരു​തെന്ന്‌ അമ്മ ഞങ്ങളെ പഠിപ്പി​ച്ചു. അമ്മയുടെ ധീരോ​ദാ​ത്ത​മായ അർപ്പണ​മ​നോ​ഭാ​വം ഇല്ലായി​രു​ന്നെ​ങ്കിൽ ജീവി​ത​ത്തി​ലെ കടമ്പകൾ കടന്ന്‌ ഞങ്ങൾ ഒരിക്ക​ലും ഇവി​ടെ​വരെ എത്തില്ലാ​യി​രു​ന്നു.”

നൈജീ​രി​യ​യിൽനി​ന്നുള്ള അഹമ്മദ്‌, മക്കളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ ഭാര്യ തന്നെ സഹായി​ക്കുന്ന വിധ​ത്തെ​ക്കു​റിച്ച്‌ തനിക്ക്‌ എന്തു തോന്നു​ന്നു​വെന്നു പറയുന്നു: “എന്റെ ഭാര്യ ചെയ്യുന്ന കാര്യ​ങ്ങളെ ഞാൻ വിലമ​തി​ക്കു​ന്നു. ഞാൻ വീട്ടിൽ ഇല്ലാത്ത​പ്പോൾ കുട്ടി​ക​ളു​ടെ കാര്യ​ങ്ങൾക്ക്‌ ഒരു കുറവും വരി​ല്ലെന്ന്‌ എനിക്കു നല്ല ഉറപ്പുണ്ട്‌. ഭാര്യ ഒപ്പത്തി​നൊ​പ്പം കാര്യങ്ങൾ ചെയ്യു​ന്ന​തിൽ അസൂയ തോന്നു​ന്ന​തി​നു പകരം എനിക്ക്‌ അവളോ​ടു നന്ദിയാ​ണു​ള്ളത്‌. കുട്ടികൾ എന്നെ ബഹുമാ​നി​ക്കു​ന്ന​തു​പോ​ലെ​തന്നെ അവളെ​യും ആദരി​ക്ക​ണ​മെന്ന്‌ ഞാൻ അവരോ​ടു പറയാ​റുണ്ട്‌.”

പാലസ്‌തീൻകാ​ര​നായ ഒരു ഭർത്താ​വിന്‌ ഭാര്യയെ പ്രശം​സി​ക്കാൻ ഒരു മടിയു​മില്ല. ഒരു അമ്മയുടെ ഭാഗ​ധേയം അവൾ ഭംഗി​യാ​യി നിർവ​ഹി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “ഞങ്ങളുടെ മകളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലും കുടും​ബ​ത്തി​ന്റെ ആത്മീയത ഉന്നമി​പ്പി​ക്കു​ന്ന​തി​ലും ലിന വഹിക്കുന്ന പങ്ക്‌ വളരെ വലുതാണ്‌! അവളുടെ വിജയം അവളുടെ മതവി​ശ്വാ​സങ്ങൾ മൂലമാ​ണെ​ന്നാണ്‌ എന്റെ അഭി​പ്രാ​യം.” ലിന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാണ്‌. മകളെ അഭ്യസി​പ്പി​ക്കു​ന്ന​തിൽ അവൾ ബൈബിൾ തത്ത്വങ്ങൾ പിൻപ​റ്റു​ന്നു.

ഈ തത്ത്വങ്ങ​ളിൽ ചിലത്‌ ഏവയാണ്‌? അമ്മമാ​രെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ വീക്ഷണം എന്താണ്‌? കുട്ടി​കളെ പ്രബോ​ധി​പ്പി​ക്കു​ന്നവർ എന്ന നിലയിൽ പുരാതന കാലത്ത്‌ അമ്മമാർക്ക്‌ ആദരവും മാന്യ​ത​യും കൽപ്പി​ച്ചി​രു​ന്നത്‌ എങ്ങനെ​യാണ്‌?

അമ്മമാ​രെ​ക്കു​റി​ച്ചുള്ള സന്തുലിത വീക്ഷണം

സൃഷ്ടി​യു​ടെ സമയത്ത്‌ സ്‌ത്രീക്ക്‌ കുടുംബ ക്രമീ​ക​ര​ണ​ത്തിൽ ആദരണീ​യ​മായ ഒരു സ്ഥാനമാ​ണു കൽപ്പി​ച്ചു​കൊ​ടു​ത്തത്‌. ബൈബി​ളി​ന്റെ ആദ്യപു​സ്‌ത​ക​ത്തിൽ ഇങ്ങനെ പറയുന്നു: “അനന്തരം യഹോ​വ​യായ ദൈവം: മനുഷ്യൻ ഏകനാ​യി​രി​ക്കു​ന്നതു നന്നല്ല; ഞാൻ അവന്നു തക്കതാ​യൊ​രു തുണ [“ഞാൻ അവന്‌ അവന്റെ പൂരക​മെ​ന്ന​നി​ല​യിൽ ഒരു സഹായി​യെ,” NW] ഉണ്ടാക്കി​ക്കൊ​ടു​ക്കും എന്നു അരുളി​ച്ചെ​യ്‌തു.” (ഉല്‌പത്തി 2:18) അങ്ങനെ ആദ്യ സ്‌ത്രീ​യായ ഹവ്വായെ ആദാമി​ന്റെ പൂരക​മാ​യി, അവന്റെ ‘നല്ലപാതി’യായി അവനു നൽകി. അവന്‌ ഏറ്റവും യോജിച്ച ഒരു സഹായി​യെന്ന നിലയി​ലാണ്‌ അവൾ സൃഷ്ടി​ക്ക​പ്പെ​ട്ടത്‌. കുട്ടി​കളെ ജനിപ്പി​ച്ചു വളർത്തു​ക​യും ഭൂമി​യെ​യും അതിലെ ജന്തുജാ​ല​ങ്ങ​ളെ​യും പരിപാ​ലി​ക്കു​ക​യും ചെയ്യുക എന്ന അവരെ സംബന്ധിച്ച ദൈ​വോ​ദ്ദേ​ശ്യ​ത്തി​ന്റെ ഭാഗമാ​യി​രി​ക്കേ​ണ്ടി​യി​രു​ന്നു സ്‌ത്രീ. അവൾ അവനു ബൗദ്ധിക പ്രചോ​ദ​ന​വും പ്രോ​ത്സാ​ഹ​ന​വും നൽകി​ക്കൊണ്ട്‌ ഒരു യഥാർഥ സ്‌നേ​ഹിത ആയിരി​ക്കു​മാ​യി​രു​ന്നു. സ്രഷ്ടാ​വിൽനിന്ന്‌ ഈ സുന്ദര​മായ സമ്മാനം ലഭിച്ച​പ്പോൾ ആദാമിന്‌ എത്രമാ​ത്രം സന്തോഷം തോന്നി​യെ​ന്നോ!—ഉല്‌പത്തി 1:26-28; 2:23.

പിന്നീട്‌, സ്‌ത്രീ​ക​ളോട്‌ എങ്ങനെ പെരു​മാ​റണം എന്നതി​നെ​ക്കു​റിച്ച്‌ ദൈവം വ്യക്തമായ മാർഗ​നിർദേ​ശങ്ങൾ നൽകി. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേല്യ അമ്മമാ​രോട്‌ ആദര​വോ​ടെ ഇടപെ​ട​ണ​മാ​യി​രു​ന്നു, അവരോട്‌ അവജ്ഞ​യോ​ടെ പെരു​മാ​റാൻ പാടി​ല്ലാ​യി​രു​ന്നു. ഒരു പുത്രൻ ‘അപ്പനെ​യോ അമ്മയെ​യോ ശപിച്ചാൽ’ മരണശി​ക്ഷ​യാ​യി​രു​ന്നു ഫലം. “അമ്മയപ്പ​ന്മാ​രെ . . . അനുസ​രി​പ്പിൻ” എന്ന്‌ ക്രിസ്‌തീയ യുവജ​ന​ങ്ങളെ ഉദ്‌ബോ​ധി​പ്പി​ക്കു​ക​യു​ണ്ടാ​യി.—ലേവ്യ​പു​സ്‌തകം 19:3; 20:9; എഫെസ്യർ 6:1; ആവർത്ത​ന​പു​സ്‌തകം 5:16; 27:16; സദൃശ​വാ​ക്യ​ങ്ങൾ 30:17.

ഭർത്താ​വി​ന്റെ നേതൃ​ത്വ​ത്തിൻ കീഴിൽ അമ്മ ആൺമക്ക​ളെ​യും പെൺമ​ക്ക​ളെ​യും പഠിപ്പി​ക്ക​ണ​മാ​യി​രു​ന്നു. ‘അമ്മയുടെ ഉപദേശം ഉപേക്ഷി​ക്ക​രുത്‌’ എന്ന്‌ പുത്ര​ന്മാ​രോ​ടു കൽപ്പി​ക്ക​പ്പെട്ടു. (സദൃശ​വാ​ക്യ​ങ്ങൾ 6:20) കൂടാതെ, സദൃശ​വാ​ക്യ​ങ്ങൾ 31-ാം അധ്യാ​യ​ത്തിൽ ‘ലെമൂ​വേൽ രാജാ​വിന്‌ അവന്റെ അമ്മ ഉപദേ​ശി​ച്ചു​കൊ​ടുത്ത അരുള​പ്പാ​ടി’നെക്കു​റി​ച്ചു പറയുന്നു. പിൻവ​രു​ന്ന​പ്ര​കാ​രം പറഞ്ഞു​കൊണ്ട്‌ മദ്യത്തി​ന്റെ ദുരു​പ​യോ​ഗം ഒഴിവാ​ക്കാൻ ജ്ഞാനപൂർവം അവൾ തന്റെ പുത്രനെ ഉപദേ​ശി​ച്ചു: “വീഞ്ഞു കുടി​ക്കു​ന്നതു രാജാ​ക്ക​ന്മാർക്കു കൊള്ള​രു​തു; . . . മദ്യാ​സക്തി പ്രഭു​ക്ക​ന്മാർക്കു കൊള്ള​രു​തു. അവർ കുടി​ച്ചി​ട്ടു നിയമം മറന്നു​പോ​കു​വാ​നും അരിഷ്ട​ന്മാ​രു​ടെ ന്യായം മറിച്ചു​ക​ള​വാ​നും ഇടവര​രു​തു.”—സദൃശ​വാ​ക്യ​ങ്ങൾ 31:1, 4, 5.

ഇനി, വിവാ​ഹ​ത്തെ​പ്പറ്റി ചിന്തി​ക്കുന്ന ഓരോ യുവാ​വും “സാമർത്ഥ്യ​മുള്ള ഭാര്യയെ”ക്കുറി​ച്ചുള്ള ലെമൂ​വേൽ രാജാ​വി​ന്റെ അമ്മയുടെ വർണന പരിചി​ന്തി​ക്കു​ന്നതു ജ്ഞാനമാ​യി​രി​ക്കും. “അവളുടെ വില മുത്തു​ക​ളി​ലും ഏറും” എന്ന്‌ അവർ പറയു​ക​യു​ണ്ടാ​യി. തുടർന്ന്‌, അത്തര​മൊ​രു ഭാര്യ വീടിന്‌ ഒരു വിളക്കാ​യി​രി​ക്കു​ന്നത്‌ എങ്ങനെ​യെന്നു വിവരി​ച്ച​തി​നു ശേഷം രാജമാ​താവ്‌ ഇങ്ങനെ പറഞ്ഞു: “ലാവണ്യം വ്യാജ​വും സൌന്ദ​ര്യം വ്യർത്ഥ​വും ആകുന്നു; യഹോ​വാ​ഭ​ക്തി​യുള്ള സ്‌ത്രീ​യോ പ്രശം​സി​ക്ക​പ്പെ​ടും.” (സദൃശ​വാ​ക്യ​ങ്ങൾ 31:10-31) അതേ, കുടും​ബ​ത്തിൽ ഉത്തരവാ​ദി​ത്വ​വും ആദരവും ഉള്ള ഒരു സ്ഥാനം അലങ്കരി​ക്കാ​നാണ്‌ നമ്മുടെ സ്രഷ്ടാവ്‌ സ്‌ത്രീ​കളെ സൃഷ്ടി​ച്ച​തെന്നു വ്യക്തമാണ്‌.

ഭാര്യ​മാ​രെ​യും അമ്മമാ​രെ​യും ആദരി​ക്കു​ക​യും വിലമ​തി​ക്കു​ക​യും ചെയ്യുന്ന ഒരിട​മാണ്‌ ക്രിസ്‌തീയ സഭ. എഫെസ്യർ 5:25 പറയുന്നു: “ഭർത്താ​ക്ക​ന്മാ​രേ, . . . നിങ്ങളു​ടെ ഭാര്യ​മാ​രെ സ്‌നേ​ഹി​പ്പിൻ.” “തിരു​വെ​ഴു​ത്തു​കളെ” ആദരി​ക്കാൻ പഠിപ്പിച്ച്‌ അമ്മയും വല്യമ്മ​യും വളർത്തി​ക്കൊ​ണ്ടു​വന്ന യുവാ​വായ തിമൊ​ഥെ​യൊ​സിന്‌ “മൂത്ത സ്‌ത്രീ​കളെ അമ്മമാ​രെ​പ്പോ​ലെ” കരുതുക എന്ന നിശ്വസ്‌ത ബുദ്ധി​യു​പ​ദേശം ലഭിക്കു​ക​യു​ണ്ടാ​യി. (2 തിമൊ​ഥെ​യൊസ്‌ 3:14; 1 തിമൊ​ഥെ​യൊസ്‌ 5:2) അതു​കൊണ്ട്‌, ഒരു പുരുഷൻ തന്നെക്കാൾ മൂത്ത ഒരു സ്‌ത്രീ​യെ സ്വന്തം അമ്മയെ​പ്പോ​ലെ കരുതി ആദരി​ക്കേ​ണ്ട​തുണ്ട്‌. തീർച്ച​യാ​യും ദൈവം സ്‌ത്രീ​കൾക്കു മൂല്യം കൽപ്പി​ക്കു​ക​യും അവർക്കു മാന്യ​മായ ഒരു സ്ഥാനം നൽകു​ക​യും ചെയ്‌തി​രി​ക്കു​ന്നു.

നിങ്ങളു​ടെ വിലമ​തിപ്പ്‌ തുറന്നു പ്രകടി​പ്പി​ക്കു​ക

സ്‌ത്രീ​കളെ തരംതാ​ണ​വ​രാ​യി വീക്ഷി​ക്കുന്ന ഒരു സംസ്‌കാ​ര​ത്തിൽ വളർന്നു​വന്ന ഒരു മനുഷ്യൻ പറയുന്നു: “പുരുഷ മേധാ​വി​ത്വം ഉയർത്തി​ക്കാ​ട്ടു​ന്ന​തരം വിദ്യാ​ഭ്യാ​സ​മാണ്‌ എനിക്കു ലഭിച്ചത്‌. സ്‌ത്രീ​ക​ളോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റു​ന്ന​തും അവരോ​ടുള്ള ആദരവി​ല്ലാ​യ്‌മ​യും ഞാൻ കണ്ടിട്ടുണ്ട്‌. അതു​കൊ​ണ്ടു സ്രഷ്ടാവ്‌ വീക്ഷി​ക്കു​ന്ന​തു​പോ​ലെ സ്‌ത്രീ​കളെ വീക്ഷി​ക്കാൻ അതായത്‌, ഭവനത്തി​ലും കുട്ടി​കളെ അഭ്യസി​പ്പി​ക്കുന്ന കാര്യ​ത്തി​ലും സ്‌ത്രീ​യെ ഒരു തുണയും സഹായി​യു​മാ​യി കാണാൻ എനിക്കു ബുദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. പ്രശം​സാ​വാ​ക്കു​ക​ളി​ലൂ​ടെ എന്റെ ഭാര്യയെ അഭിന​ന്ദി​ക്കാൻ എനിക്കു വിമു​ഖ​ത​യു​ണ്ടെ​ങ്കി​ലും എന്റെ മക്കളിൽ കാണുന്ന സദ്‌സ്വ​ഭാ​വം അവളുടെ കഠിനാ​ധ്വാ​ന​ത്തി​ന്റെ ഫലമാ​ണെന്ന്‌ ഞാൻ അംഗീ​ക​രി​ക്കു​ന്നു.”

അധ്യാ​പ​ക​രെന്ന നിലയി​ലുള്ള തങ്ങളുടെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കുന്ന അമ്മമാർക്ക്‌ തീർച്ച​യാ​യും അഭിമാ​നം​കൊ​ള്ളാം. അത്‌ മൂല്യ​വ​ത്തായ ഒരു ഉദ്യോ​ഗം​ത​ന്നെ​യാണ്‌. ഈ അമ്മമാർ അഭിന​ന്ദ​ന​ങ്ങൾക്കും ഹൃദയം​നി​റഞ്ഞ വിലമ​തി​പ്പിൻ പ്രകട​ന​ങ്ങൾക്കും തികച്ചും യോഗ്യ​രാണ്‌. നമ്മൾ അമ്മമാ​രിൽനിന്ന്‌ ഒട്ടനവധി കാര്യങ്ങൾ പഠിക്കു​ന്നു. ജീവി​ത​കാ​ല​ത്തു​ട​നീ​ളം മുതൽക്കൂ​ട്ടാ​കുന്ന ശീലങ്ങൾ, നല്ല ബന്ധങ്ങൾ നിലനി​റു​ത്തു​ന്ന​തിന്‌ അനിവാ​ര്യ​മായ നല്ല പെരു​മാറ്റ രീതികൾ, യുവജ​ന​ങ്ങളെ നേർവ​ഴി​യിൽ നയിക്കാൻ ഉതകുന്ന ധാർമി​ക​വും ആത്മീയ​വു​മായ പരിശീ​ലനം എന്നിങ്ങനെ പലതും. അമ്മ നിങ്ങൾക്കു ചെയ്‌തു​ത​ന്നി​ട്ടുള്ള കാര്യ​ങ്ങൾക്കെ​ല്ലാം അടുത്ത​കാ​ല​ത്തെ​ങ്ങാ​നും നിങ്ങൾ അമ്മയോ​ടു നന്ദിപ​റ​യു​ക​യു​ണ്ടാ​യോ?

[9-ാം പേജിലെ ചിത്രം]

മടുത്തു പിന്മാ​റാ​തി​രി​ക്കാൻ പീറ്ററി​ന്റെ അമ്മ അദ്ദേഹത്തെ പഠിപ്പി​ച്ചു

[10-ാം പേജിലെ ചിത്രം]

കുട്ടികളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ലുള്ള ഭാര്യ​യു​ടെ സഹായം അഹമ്മദ്‌ വളരെ​യേറെ വിലമ​തി​ക്കു​ന്നു

[10-ാം പേജിലെ ചിത്രം]

മകളുടെ നല്ല പെരു​മാ​റ്റം ഭാര്യ​യു​ടെ മതവി​ശ്വാ​സങ്ങൾ മൂലമാ​ണെന്ന്‌ ലിനയു​ടെ ഭർത്താവ്‌