എനിക്കു വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
യുവജനങ്ങൾ ചോദിക്കുന്നു . . .
എനിക്കു വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാൻ കഴിയും?
“മാതാപിതാക്കളുടെ നേരെ ഞാൻ പൊട്ടിത്തെറിക്കുകയും വായിൽവരുന്നതെല്ലാം വിളിച്ചുപറയുകയും ചെയ്യും. പിന്നെ എല്ലാമൊന്ന് കെട്ടടങ്ങുന്നതുവരെ ഞാൻ അവരിൽനിന്ന് ഒഴിഞ്ഞുമാറിനടക്കും.”—കെയ്റ്റ്, 13 വയസ്സ്.
“അരക്ഷിതത്വബോധമാണ് എന്റെ ഏറ്റവും വലിയ പ്രശ്നം. ഉള്ളിൽ ഞാൻ മരിച്ചുകൊണ്ടിരിക്കുകയാണെന്ന് ചിലപ്പോൾ എനിക്കു തോന്നാറുണ്ട്.” —ഐവൻ, 19 വയസ്സ്.
വികാരങ്ങൾ ശക്തമാണ്. നിങ്ങളുടെ ചിന്തയെയും പ്രവർത്തനത്തെയും അവ സ്വാധീനിക്കുന്നു. നല്ലതും മോശവുമായ കാര്യങ്ങൾക്ക് നിങ്ങളെ പ്രചോദിപ്പിക്കാൻ അവയ്ക്കു സാധിക്കും. ചില അവസരങ്ങളിൽ, അവ നിങ്ങളുടെ ചിന്താപ്രാപ്തിയെപ്പോലും കീഴ്പെടുത്തിയേക്കാം. 20 വയസ്സുകാരനായ ജേക്കബ് പറയുന്നു: “ഒന്നിനും കൊള്ളാത്തവനാണെന്ന തോന്നൽ എന്നെ വിടാതെ പിന്തുടരുന്നു. പലപ്പോഴും എന്റെതന്നെ പ്രതീക്ഷകൾക്കൊത്ത് ഉയരാൻ എനിക്കു സാധിക്കുന്നില്ല. ചിലപ്പോൾ ഞാൻ കരയും. മറ്റവസരങ്ങളിൽ എനിക്ക് എന്തെന്നില്ലാത്ത അരിശം തോന്നുകയും അത് മറ്റാരോടെങ്കിലും തീർക്കുകയും ചെയ്യും. എന്റെ വികാരങ്ങളെ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ്.”
എന്നാൽ, ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നത് പക്വതയും ഉത്തരവാദിത്വബോധവുമുള്ള ഒരു വ്യക്തിയായി വളരുന്നതിന്റെ ഭാഗമാണ്. വികാരങ്ങളെ നിയന്ത്രിക്കാനും അതുപോലെതന്നെ ആളുകളുമായി ഇടപെടാനുമുള്ള കഴിവ് ബുദ്ധിസാമർഥ്യത്തെക്കാളും മൂല്യവത്താണെന്നു ചില വിദഗ്ധർ ഇപ്പോൾ വിചാരിക്കുന്നു. എന്തായിരുന്നാലും, ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത് അങ്ങേയറ്റം പ്രാധാന്യമുള്ള സംഗതിയാണെന്ന് ബൈബിൾ പറയുന്നു. ഉദാഹരണത്തിന്, സദൃശവാക്യങ്ങൾ 25:28 പറയുന്നു: ‘നിന്റെ കോപം നിയന്ത്രിക്കാനായില്ലെങ്കിൽ, നീ ആക്രമണങ്ങൾക്കു വിധേയമാകുന്ന മതിലില്ലാത്ത നഗരംപോലെ നിസ്സഹായനാണ്.’ (ടുഡേയ്സ് ഇംഗ്ലീഷ് ഭാഷാന്തരം) ഒരുവന്റെ വികാരങ്ങളെ നിയന്ത്രിക്കുന്നത് ഇത്ര ബുദ്ധിമുട്ടാക്കിത്തീർക്കുന്നത് എന്താണ്?
യുവാക്കൾക്ക് ഒരു വെല്ലുവിളി
എല്ലാ പ്രായത്തിലും പശ്ചാത്തലത്തിലുമുള്ള ആളുകൾ തങ്ങളുടെ വികാരങ്ങളെ നിയന്ത്രിക്കാൻ പോരാടുന്നു. എന്നിരുന്നാലും ഒരുവൻ കൗമാരത്തിൽനിന്നു പ്രായപൂർത്തിയിലേക്കു കടക്കുന്ന ഘട്ടത്തിൽ ഈ പോരാട്ടം പ്രത്യേകാൽ വെല്ലുവിളി നിറഞ്ഞതായിരുന്നേക്കാം. രൂത്ത് ബെലിന്റെ മാറുന്ന ശരീരങ്ങൾ, മാറുന്ന ജീവിതങ്ങൾ (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു: “ഉന്മാദം, സന്തോഷം, ഭയം എന്നിവയുടെ സമ്മിശ്രവികാരങ്ങൾ തങ്ങളെ കുഴക്കുന്നതായി മിക്ക കൗമാരപ്രായക്കാർക്കും തോന്നുന്നു. ഒരേ കാര്യത്തെ സംബന്ധിച്ചുതന്നെ ഒരേ സമയം വ്യത്യസ്ത വിധത്തിൽ തോന്നുന്ന നിരവധി ആളുകളുണ്ട്. . . . നിമിഷങ്ങൾകൊണ്ട് വികാരങ്ങൾ മാറിമറിഞ്ഞേക്കാം. ഒരു നിമിഷം തോന്നുന്നതിൽനിന്ന് തികച്ചും വ്യത്യസ്തമായിട്ടായിരിക്കാം അടുത്ത നിമിഷം തേന്നുന്നത്.
ഒരു യുവവ്യക്തിയെന്നനിലയിൽ, നിങ്ങൾക്ക് അനുഭവപരിചയത്തിന്റെ കുറവുമുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 1:4) അതുകൊണ്ട് പുതിയ സാഹചര്യങ്ങളെയും വെല്ലുവിളികളെയും ആദ്യമായി അഭിമുഖീകരിക്കുമ്പോൾ, അൽപ്പം അരക്ഷിതത്വബോധം തോന്നുന്നതോ ഒരുപക്ഷേ വികാരാധീനനാകുന്നതോ സ്വാഭാവികം മാത്രം. സന്തോഷകരമെന്നു പറയട്ടെ, നിങ്ങളുടെ സ്രഷ്ടാവ് നിങ്ങളുടെ വികാരങ്ങളെ നല്ലവണ്ണം മനസ്സിലാക്കുന്നു. നിങ്ങളുടെ “നിനവുകൾ,” ഏറെ കൃത്യമായി പറഞ്ഞാൽ നിങ്ങളെ അസ്വസ്ഥമാക്കുന്ന ചിന്തകൾപോലും അവന് അറിയാം. (സങ്കീർത്തനം 139:23) വികാരങ്ങൾ നിയന്ത്രിക്കുന്നതിനോടുള്ള ബന്ധത്തിൽ നിങ്ങളെ സഹായിക്കാൻ കഴിയുന്ന ചില തത്ത്വങ്ങൾ അവൻ തന്റെ വചനത്തിൽ നൽകിയിരിക്കുന്നു.
വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന മാർഗം
വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന പടി നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കാൻ പഠിക്കുകയെന്നതാണ്. നിഷേധാത്മക ചിന്തകൾ പ്രവർത്തനത്തിന് ആവശ്യമായ ഊർജം ചോർത്തിക്കളയും. (സദൃശവാക്യങ്ങൾ 24:10) എന്നാൽ ക്രിയാത്മകമായി ചിന്തിക്കാൻ പഠിക്കുന്നതിനും അതുവഴി വികാരങ്ങളെ നിയന്ത്രിക്കുന്നതിനും നിങ്ങൾക്ക് എങ്ങനെ കഴിയും?
നിങ്ങൾക്കു വിഷാദമോ അരക്ഷിതത്വബോധമോ തോന്നാൻ ഇടയാക്കുന്ന നിഷേധാത്മക കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാതിരിക്കുന്നതാണ് ഒരു മാർഗം. “ഘന”മായതും “നീതി”യായതുമായ കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കുക എന്ന ബൈബിൾ ബുദ്ധിയുപദേശം അനുസരിക്കുകയാണെങ്കിൽ നിങ്ങൾക്ക് നിഷേധാത്മകമായി ചിന്തിക്കുന്നതിനു പകരം ക്രിയാത്മകമായി ചിന്തിക്കാൻ കഴിയും. (ഫിലിപ്പിയർ 4:8) ഇങ്ങനെ ചെയ്യുന്നത് ഒരുപക്ഷേ എളുപ്പമായിരിക്കില്ല, എങ്കിലും ശ്രമിക്കുന്നപക്ഷം നിങ്ങൾക്ക് അതിനു സാധിക്കും.
ജാസ്മിൻ എന്ന യുവതിയുടെ കാര്യമെടുക്കുക. ഒരിക്കൽ അവൾ ഇങ്ങനെ വിലപിക്കുകയുണ്ടായി: “എനിക്കു ചെയ്യേണ്ടിവരുന്ന കാര്യങ്ങൾ എന്നെ അങ്ങേയറ്റം ക്ഷീണിതയാക്കുന്നു. പുതിയ ജോലി, പുതിയ ഉത്തരവാദിത്വങ്ങൾ. വൈകാരികമായി ഞാനാകെ തളർന്നുപോകുന്നു. നേരെ ഒന്നു ശ്വാസംവിടാൻപോലും എനിക്കു കഴിയുന്നില്ല.” അരക്ഷിതത്വബോധത്തിനും ആത്മവിശ്വാസക്കുറവിനും ഇടയാക്കുന്ന ഇത്തരത്തിലുള്ള തോന്നലുകൾ ചില സന്ദർഭങ്ങളിൽ യുവജനങ്ങൾക്ക് ഉണ്ടാകുന്നതിൽ ആശ്ചര്യപ്പെടാനില്ല. യുവാവായ തിമൊഥെയൊസിനെക്കുറിച്ച് ബൈബിൾ നമ്മോടു പറയുന്നു. അവൻ തന്നെ ഭരമേൽപ്പിച്ച ചുമതലകൾ ഏറ്റെടുക്കാൻ ഏറ്റവും യോഗ്യനായിരുന്നു. എന്നിട്ടും തനിക്ക് വേണ്ടത്ര കഴിവില്ല എന്നൊരു ചിന്ത അവന് ഉണ്ടായിരുന്നതായി തോന്നുന്നു.—1 തിമൊഥെയൊസ് 4:11-16; 2 തിമൊഥെയൊസ് 1:6, 7.
പുതിയതോ പരിചയമില്ലാത്തതോ ആയ ജോലികൾ ഏറ്റെടുക്കേണ്ടിവരുമ്പോൾ സുരക്ഷിതത്വമില്ലായ്മ തോന്നാൻ സാധ്യതയുണ്ട്. ‘എന്നെക്കൊണ്ട് ഇത് ഒരിക്കലും ചെയ്യാനാവില്ല’ എന്നു നിങ്ങൾ പറഞ്ഞേക്കാം. എന്നിരുന്നാലും നിഷേധാത്മക ചിന്തകളിൽ മനസ്സു കേന്ദ്രീകരിക്കുന്നത് ഒഴിവാക്കുകയാണെങ്കിൽ സുരക്ഷിതത്വമില്ലായ്മയുടെ ഇത്തരം വികാരങ്ങൾ നിയന്ത്രിക്കാനാകും. ജോലി വൈദഗ്ധ്യത്തോടെ ചെയ്യാൻ പഠിക്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിക്കുക. ചോദ്യങ്ങൾ ചോദിക്കുകയും നിർദേശങ്ങൾ അനുസരിക്കുകയും ചെയ്യുക.—സദൃശവാക്യങ്ങൾ 1:5, 7.
ഒരു ജോലിയിൽ എത്രയധികം വൈദഗ്ധ്യം നേടുന്നുവോ അത്ര കുറച്ചേ നിങ്ങൾക്കു സുരക്ഷിതത്വമില്ലായ്മ അനുഭവപ്പെടുകയുള്ളൂ. നിങ്ങളുടെ ബലഹീനതകളെക്കുറിച്ചു മാത്രം സദാ ചിന്തിച്ചുകൊണ്ടിരിക്കരുത്. അങ്ങനെ ചെയ്യുന്നത് മെച്ചപ്പെടാൻ കഠിനശ്രമം ചെയ്യുന്നതിൽനിന്നു നിങ്ങളെ തടയും. ഒരിക്കൽ വിമർശിക്കപ്പെട്ടപ്പോൾ അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: “ഞാൻ വാക്സാമർത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല.” (2 കൊരിന്ത്യർ 10:10; 11:6) ഇതുപോലെ, നിങ്ങൾക്കുള്ള കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ടും ബലഹീനതകൾ തരണം ചെയ്യാനുള്ള സഹായത്തിനായി ദൈവത്തിലേക്കു തിരിഞ്ഞുകൊണ്ടും നിങ്ങൾക്കും ആത്മവിശ്വാസം വളർത്തിയെടുക്കാൻ കഴിയും. കഴിഞ്ഞകാലത്ത് ദൈവം ആളുകളെ സഹായിച്ചതുപോലെതന്നെ അവനു നിങ്ങളെയും സഹായിക്കാൻ കഴിയും.—പുറപ്പാടു 4:10.
ന്യായവും പ്രായോഗികവുമായ ലക്ഷ്യങ്ങൾ വെക്കുകയും നിങ്ങളുടെ പരിമിതികൾ തിരിച്ചറിയുകയും ചെയ്യുക എന്നതാണു വികാരങ്ങളെ നിയന്ത്രിക്കാൻ സഹായിക്കുന്ന മറ്റൊരു കാര്യം. അതുപോലെതന്നെ നിങ്ങളെ മറ്റുള്ളവരുമായി അന്യായമായി താരതമ്യപ്പെടുത്തുന്നതും ഒഴിവാക്കുക. ഗലാത്യർ 6:4-ൽ (NW) ബൈബിൾ ഇതു സംബന്ധിച്ച് നല്ല ബുദ്ധിയുപദേശം നൽകുന്നു: “ഓരോരുത്തനും തന്റെ സ്വന്തം പ്രവൃത്തി എന്തെന്നു തെളിയിക്കട്ടെ. അപ്പോൾ അവനു തന്നേക്കുറിച്ചുതന്നെ ആഹ്ലാദത്തിനു കാരണമുണ്ടായിരിക്കും, മറ്റേയാളിനോടുള്ള താരതമ്യത്തിലല്ല.”
കോപത്തിനു താമസമുള്ളവരായിരിക്കുക
കോപം അടക്കുക എന്നത് ദുഷ്കരമായ മറ്റൊരു വെല്ലുവിളിയായിരുന്നേക്കാം. തുടക്കത്തിൽ പരാമർശിച്ച കെയ്റ്റിനെപ്പോലെ, വ്രണപ്പെടുത്തുന്നതോ വിനാശകരമോ ആയ വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതിനു കോപം പല യുവജനങ്ങളെയും പ്രേരിപ്പിക്കുന്നു.
ചില സമയങ്ങളിൽ കോപം തോന്നുന്നതു സ്വാഭാവികമാണ് എന്നതു ശരിതന്നെ. എന്നിരുന്നാലും ആദ്യ കൊലപാതകിയായ കയീനെക്കുറിച്ച് ഓർക്കുക. അവന് “ഏറ്റവും കോപമുണ്ടായ”പ്പോൾ അത്തരം കോപം അവനെ ഗുരുതരമായ പാപം ചെയ്യുന്നതിലേക്കു നയിക്കുമെന്ന് ദൈവം മുന്നറിയിപ്പു നൽകി. ദൈവം അവനോടു കൽപ്പിച്ചു: “നീയോ അതിനെ [പാപത്തെ] കീഴടക്കേണം.” (ഉല്പത്തി 4:5-7) ഈ ദിവ്യ ഉപദേശം അനുസരിക്കുന്നതിൽ കയീൻ പരാജയപ്പെട്ടു, എന്നിരുന്നാലും ദൈവത്തിന്റെ സഹായത്തോടെ നിങ്ങൾക്കു കോപത്തെ നിയന്ത്രിക്കാനും പാപം ചെയ്യുന്നത് ഒഴിവാക്കാനും സാധിക്കും!
നിങ്ങളുടെ ചിന്തകളെ നിയന്ത്രിക്കുന്നതാണ് ഇവിടെയും ഉൾപ്പെട്ടിരിക്കുന്നത്. സദൃശവാക്യങ്ങൾ 19:11-ൽ ബൈബിൾ പറയുന്നു: “വിവേകബുദ്ധിയാൽ മനുഷ്യന്നു ദീർഘക്ഷമവരുന്നു; ലംഘനം ക്ഷമിക്കുന്നതു അവന്നു ഭൂഷണം.” ആരെങ്കിലും നിങ്ങളെ വേദനിപ്പിക്കുമ്പോൾ അവൻ അല്ലെങ്കിൽ അവൾ എന്തുകൊണ്ട് ആ വിധത്തിൽ പെരുമാറി എന്നു മനസ്സിലാക്കാൻ ശ്രമിക്കുക. ആ വ്യക്തി മനഃപൂർവം നിങ്ങളെ വേദനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നോ? അതോ അറിവില്ലായ്മ മൂലം അല്ലെങ്കിൽ ചിന്തിക്കാതെ എടുത്തുചാടി പ്രവർത്തിച്ചതായിരിക്കുമോ? മറ്റുള്ളവരുടെ പിഴവുകൾ സഹിക്കുന്നത് ദൈവത്തിന്റെ കരുണയെ പ്രതിഫലിപ്പിക്കുകയും കോപത്തിനു താമസമുള്ളവരായിരിക്കാൻ നിങ്ങളെ സഹായിക്കുകയും ചെയ്യും.
ഇനി കോപിക്കുന്നതിനു തക്കതായ കാരണമുണ്ടെങ്കിലോ? തിരുവെഴുത്തുകൾ പറയുന്നു: “കോപിച്ചാൽ പാപം ചെയ്യാതിരിപ്പിൻ.” (എഫെസ്യർ 4:26) ആവശ്യമെങ്കിൽ മറ്റേ വ്യക്തിയുമായി കാര്യം തുറന്നു സംസാരിക്കുക. (മത്തായി 5:23, 24) അല്ലെങ്കിൽ ഒരുപക്ഷേ ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല സംഗതി ആ കാര്യം മറന്നുകളയുന്നതാണ്. അതേ, കോപം വിട്ടുകളഞ്ഞ് നിങ്ങളുടെ അനുദിന ജീവിത കാര്യാദികളുമായി മനസ്സമാധാനത്തോടെ മുന്നോട്ടു പോകുക.
രസാവഹമായി, നിങ്ങൾ കോപം കൈകാര്യം ചെയ്യുന്ന വിധത്തിന്മേൽ നിങ്ങളുടെ സുഹൃത്തുക്കൾക്കു സ്വാധീനമുണ്ടായിരിക്കും. ബൈബിൾ ഇങ്ങനെ മുന്നറിയിപ്പു നൽകുന്നു: “കോപശീലനോടു സഖിത്വമരുതു; ക്രോധമുള്ള മനുഷ്യനോടുകൂടെ നടക്കയും അരുതു. നീ അവന്റെ വഴികളെ പഠിപ്പാനും നിന്റെ പ്രാണൻ കെണിയിൽ അകപ്പെടുവാനും സംഗതി വരരുതു.”—സദൃശവാക്യങ്ങൾ 22:24, 25.
കോപം നിയന്ത്രിക്കാൻ ശ്രമം ചെയ്യുന്നവരോടൊപ്പം സഹവസിക്കുന്നത് ആത്മനിയന്ത്രണം വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കും. യഹോവയുടെ സാക്ഷികളുടെ ക്രിസ്തീയ സഭകൾ പക്വതയുള്ള ഇത്തരം വ്യക്തികളെക്കൊണ്ടു സമ്പന്നമാണ്. അവരിൽ പലരും നിങ്ങളെക്കാൾ പ്രായവും അനുഭവപരിചയവുമുള്ളവരാണ്. അവരിൽ ചിലരെ അടുത്തറിയാൻ ശ്രമിക്കുക. അവർ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നു നിരീക്ഷിക്കുക. ബുദ്ധിമുട്ടുകൾ നേരിടുമ്പോൾ നിങ്ങൾക്ക് ‘വിദഗ്ധ മാർഗനിർദേശം’ നൽകാനും അവർക്കു കഴിഞ്ഞേക്കാം. (സദൃശവാക്യങ്ങൾ 24:6, NW) നേരത്തേ ഉദ്ധരിച്ച ജേക്കബ് പറയുന്നു: “എന്നെ ദൈവവചനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന പക്വതയുള്ള ഒരു സുഹൃത്ത് അങ്ങേയറ്റം വിലപ്പെട്ടവനാണ്. യഹോവ എന്റെ കുറവുകൾ കണക്കിലെടുക്കാതെ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് ഓർക്കുമ്പോൾ, വികാരങ്ങളെ നിയന്ത്രിക്കാനും ശാന്തനായിരിക്കാനും എനിക്കു സാധിക്കുന്നു.”
മറ്റു പ്രായോഗിക പടികൾ
ഏറെ പ്രചാരമുള്ള ഒരു വ്യായാമ പുസ്തകം പറയുന്നു: “ശരീരം ചലിപ്പിക്കുന്ന വിധം മാനസ്സികഭാവത്തെ സ്വാധീനിക്കുന്നുവെന്ന് അസംഖ്യം പഠനങ്ങൾ തെളിയിച്ചിരിക്കുന്നു. ജീവരസതന്ത്രം മുഖാന്തരമാണ് ഇതു സാധ്യമാകുന്നത്. ശരീരചലനങ്ങളുടെ രീതിയനുസരിച്ച് ഹോർമോണുകളുടെയും ഓക്സിജന്റെയും അളവുകൾക്കു മാറ്റം സംഭവിക്കുന്നു.” വ്യായാമം പ്രയോജനപ്രദമാണെന്നുള്ളതിനു സംശയമില്ല. ബൈബിൾ നമ്മോടു പറയുന്നു: “ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ” (1 തിമൊഥെയൊസ് 4:8) ന്യായമായ രീതിയിൽ ക്രമമായി വ്യായാമം ചെയ്യുകയെന്നത് എന്തുകൊണ്ട് ഒരു ശീലമാക്കിക്കൂടാ? അതിന് നിങ്ങളുടെ വികാരങ്ങളുടെമേൽ നല്ല ഫലമുളവാക്കാനാകും. അതുപോലെതന്നെ ആരോഗ്യകരമായ ഭക്ഷണക്രമമുണ്ടായിരിക്കുന്നതും പ്രയോജനങ്ങൾ കൈവരുത്തും.
സംഗീതവും വിനോദവും സംബന്ധിച്ച നിങ്ങളുടെ തിരഞ്ഞെടുപ്പുകൾക്കും ശ്രദ്ധ നൽകുക. ദ ഹാർവാർഡ് മെന്റൽ ഹെൽത്ത് ലെറ്ററിൽ പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോർട്ട് ഇപ്രകാരം പറയുന്നു: “അക്രമം വീക്ഷിക്കുന്നത് . . . കോപത്തെയും അക്രമവികാരങ്ങളെയും ഉണർത്തുന്നു. . . . അക്രമാസക്തമായ ചലച്ചിത്രങ്ങൾ വീക്ഷിക്കുന്ന ആളുകളിൽ അക്രമ ചിന്തകൾ കൂടുതലായിരുന്നു. മാത്രമല്ല അവരുടെ രക്തസമ്മർദം ഉയരുകയും ചെയ്തു.” അതുകൊണ്ട് എന്തു കാണുകയും കേൾക്കുകയും വേണമെന്നതു സംബന്ധിച്ച് ജ്ഞാനപൂർവകമായ തീരുമാനങ്ങളെടുക്കുക.—സങ്കീർത്തനം 1:1-3; 1 കൊരിന്ത്യർ 15:33, NW.
അവസാനമായി, വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കുന്നതിനുള്ള ഏറ്റവും നല്ല വഴി സ്രഷ്ടാവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുക എന്നതാണ്. പ്രാർഥനയിൽ അവനോടു സംസാരിക്കാനും നമ്മുടെ ചിന്തകളും വികാരങ്ങളും അവനെ അറിയിക്കാനും അവൻ നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു. പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; . . . നിങ്ങളുടെ ആവശ്യങ്ങൾ . . . ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും . . . കാക്കും.” അതേ, ജീവിതത്തിൽ ഏതൊരു സാഹചര്യത്തെയും നേരിടാനുള്ള ഉൾക്കരുത്ത് നിങ്ങൾക്ക് ആർജിച്ചെടുക്കാൻ സാധിക്കും. അപ്പൊസ്തലനായ പൗലൊസ് കൂട്ടിച്ചേർത്തു: “എന്നെ ശക്തനാക്കുന്നവൻ മുഖാന്തരം ഞാൻ സകലത്തിന്നും മതിയാകുന്നു.”—ഫിലിപ്പിയർ 4:6, 7, 13.
ചെറുപ്പക്കാരിയായ മലികാ പറയുന്നു: “ഞാൻ കൂടെക്കൂടെ പ്രാർഥിക്കാൻ പഠിച്ചിരിക്കുന്നു. യഹോവ കരുതുന്നുണ്ടെന്ന അറിവ് ശാന്തയായിരിക്കാനും വികാരങ്ങളെ മെച്ചമായി നിയന്ത്രിക്കാനും എന്നെ സഹായിക്കുന്നു.” ദൈവത്തിന്റെ സഹായത്താൽ നിങ്ങൾക്കും വികാരങ്ങളെ നിയന്ത്രിക്കാൻ പഠിക്കാനാകും.
[19-ാം പേജിലെ ആകർഷക വാക്യം]
വികാരങ്ങളെ നിയന്ത്രിക്കുന്നതിനുള്ള ഒരു സുപ്രധാന പടി ചിന്തകളെ നിയന്ത്രിക്കാൻ പഠിക്കുകയെന്നതാണ്
[20-ാം പേജിലെ ചിത്രം]
മുതിർന്നവരോടു സഹവസിക്കുന്നതിലൂടെ വികാരങ്ങളെ കൈകാര്യം ചെയ്യേണ്ട വിധം പഠിക്കാനാകും