വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾക്ക്‌ ആവശ്യമായ ശ്രദ്ധ നൽകൽ

കുട്ടികൾക്ക്‌ ആവശ്യമായ ശ്രദ്ധ നൽകൽ

ബൈബി​ളി​ന്റെ വീക്ഷണം

കുട്ടി​കൾക്ക്‌ ആവശ്യ​മായ ശ്രദ്ധ നൽകൽ

ദൈവ​പു​ത്രന്‌ കുട്ടി​ക​ളോ​ടൊ​പ്പം ചെലവ​ഴി​ക്കാൻ സമയമു​ണ്ടാ​യി​രു​ന്നോ? ഉണ്ടെന്ന്‌ അവന്റെ ശിഷ്യ​ന്മാ​രിൽ ചിലർക്കു തോന്നി​യില്ല. ഒരു സന്ദർഭ​ത്തിൽ അവർ, കുഞ്ഞു​ങ്ങളെ യേശു​വി​ന്റെ അടുത്തു​പോ​കു​ന്ന​തിൽനി​ന്നു തടയു​ക​പോ​ലും ചെയ്‌തു. എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “ശിശു​ക്കളെ എന്റെ അടുക്കൽ വിടു​വിൻ, അവരെ തടുക്ക​രു​തു.” അവൻ കുട്ടി​കളെ സ്‌നേ​ഹ​പൂർവം അണയ്‌ക്കു​ക​യും അവരോ​ടു സംസാ​രി​ക്കു​ക​യും ചെയ്‌തു. (മർക്കൊസ്‌ 10:13-16) അങ്ങനെ കുട്ടി​കൾക്കു ശ്രദ്ധ നൽകാൻ താൻ സന്നദ്ധനാ​ണെന്ന്‌ യേശു പ്രകട​മാ​ക്കി. ഇന്നത്തെ മാതാ​പി​താ​ക്കൾക്ക്‌ അവന്റെ മാതൃക എങ്ങനെ അനുക​രി​ക്കാ​നാ​കും? കുട്ടി​കൾക്കു ശരിയായ പരിശീ​ലനം നൽകി​ക്കൊ​ണ്ടും അവരോ​ടൊ​പ്പം സമയം ചെലവ​ഴി​ച്ചു​കൊ​ണ്ടും അവർക്ക്‌ അതു ചെയ്യാൻ കഴിയും.

ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള മാതാ​പി​താ​ക്കൾ, കുട്ടി​കളെ നന്നായി പരിപാ​ലി​ക്കു​ന്ന​തിന്‌ തങ്ങളാ​ലാ​വു​ന്ന​തെ​ല്ലാം ചെയ്യും. ഒരിക്ക​ലും അവർ മക്കളെ ഉപദ്ര​വി​ക്കു​ക​യില്ല. മാതാ​പി​താ​ക്കൾ മക്കളോട്‌ ആദരവും പരിഗ​ണ​ന​യും കാണി​ക്കു​ന്നത്‌ ‘സ്വാഭാ​വി​ക​മായ’ ഒരു സംഗതി​യാ​ണെ​ന്നു​പോ​ലും പറയാൻ കഴിയും. എന്നിരു​ന്നാ​ലും നമ്മുടെ നാളിലെ പലർക്കും വാത്സല്യം അല്ലെങ്കിൽ സ്വാഭാ​വി​ക​പ്രി​യം ഉണ്ടായി​രി​ക്കു​ക​യി​ല്ലെന്ന്‌ ബൈബിൾ മുന്നറി​യി​പ്പു നൽകുന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-3) ഇനി, കുട്ടി​ക​ളിൽ സ്‌നേ​ഹ​പൂർവ​ക​മായ താത്‌പ​ര്യ​മെ​ടു​ക്കുന്ന മാതാ​പി​താ​ക്കളെ സംബന്ധി​ച്ചോ? തങ്ങളുടെ ധർമം കൂടുതൽ ഉത്തരവാ​ദി​ത്വ​ത്തോ​ടെ നിർവ​ഹി​ക്കു​ന്ന​തിന്‌ അവർക്കു പലതും പഠിക്കാ​നാ​കും. അതു​കൊ​ണ്ടു​തന്നെ തങ്ങളുടെ മക്കൾക്ക്‌ ഏറ്റവും നല്ലത്‌ ആഗ്രഹി​ക്കുന്ന മാതാ​പി​താ​ക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പിൻവ​രുന്ന ബൈബിൾ തത്ത്വങ്ങൾ സ്വീകാ​ര്യ​മായ ഓർമി​പ്പി​ക്ക​ലു​ക​ളാണ്‌.

അലോ​സ​ര​പ്പെ​ടു​ത്താ​തെ പരിശീ​ലനം നൽകൽ

ഒരു പ്രമുഖ അധ്യാ​പ​ക​നും മനഃശാ​സ്‌ത്ര ഗവേഷ​ക​നു​മായ ഡോ. റോ​ബെർട്ട്‌ കോൾസ്‌ ഒരിക്കൽ പറഞ്ഞു: “വികാസം പ്രാപി​ച്ചു​കൊ​ണ്ടി​രി​ക്കുന്ന ഒരു ധാർമിക ബോധം കുട്ടി​ക​ളിൽ ഉണ്ട്‌. ധാർമിക മാർഗ​നിർദേ​ശ​ത്തി​നാ​യി അവർ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു. എന്റെ അഭി​പ്രാ​യ​ത്തിൽ ഈ ധാർമിക ബോധം ദൈവ​ദ​ത്ത​മാണ്‌.” ധാർമിക മാർഗ​നിർദേ​ശ​ത്തി​നാ​യുള്ള ഈ വിശപ്പും ദാഹവും ആരാണ്‌ തൃപ്‌തി​പ്പെ​ടു​ത്തേ​ണ്ടത്‌?

എഫെസ്യർ 6:4 ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കളെ കോപി​പ്പി​ക്കാ​തെ കർത്താ​വി​ന്റെ ബാലശി​ക്ഷ​യി​ലും പത്ഥ്യോ​പ​ദേ​ശ​ത്തി​ലും പോറ്റി വളർത്തു​വിൻ.” ഈ തിരു​വെ​ഴു​ത്തിൽ, ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​വും ദിവ്യ നിലവാ​ര​ങ്ങ​ളോ​ടുള്ള വിലമ​തി​പ്പും മക്കളിൽ ഉൾനടേണ്ട മുഖ്യ ചുമതല പിതാ​വി​നാ​ണെന്നു പറഞ്ഞി​രി​ക്കു​ന്നതു നിങ്ങൾ ശ്രദ്ധി​ച്ചോ? എഫെസ്യർ 6:1-ൽ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ‘അമ്മയപ്പ​ന്മാ​രെ അനുസ​രി​ക്കാൻ’ * മക്കളെ ഉദ്‌ബോ​ധി​പ്പി​ച്ച​പ്പോൾ അവൻ പിതാ​വി​നെ​യും മാതാ​വി​നെ​യും പരാമർശി​ക്കു​ക​യു​ണ്ടാ​യി.

പിതാ​വി​ന്റെ അസാന്നി​ധ്യ​ത്തിൽ, തീർച്ച​യാ​യും മാതാവ്‌ ഈ ചുമതല ഏറ്റെടു​ക്കണം. ഒറ്റയ്‌ക്കുള്ള പല അമ്മമാ​രും തങ്ങളുടെ മക്കളെ യഹോ​വ​യാം ദൈവ​ത്തി​ന്റെ ശിക്ഷണ​ത്തി​ലും മാനസിക ക്രമവ​ത്‌ക​ര​ണ​ത്തി​ലും വളർത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിൽ വിജയി​ച്ചി​ട്ടുണ്ട്‌. ഇനി, അമ്മ പുനർവി​വാ​ഹം ചെയ്യു​ന്നെ​ങ്കിൽ, ആ ക്രിസ്‌തീയ ഭർത്താ​വാണ്‌ കുട്ടി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തി​ലും അവർക്കു ശിക്ഷണം നൽകു​ന്ന​തി​ലും നേതൃ​ത്വ​മെ​ടു​ക്കേ​ണ്ടത്‌. മാതാവ്‌ അപ്പോൾ മനസ്സോ​ടെ അതിനെ പിന്തു​ണ​യ്‌ക്കണം.

കുട്ടി​ക​ളെ “കോപി​പ്പി​ക്കാ​തെ” അല്ലെങ്കിൽ അലോ​സ​ര​പ്പെ​ടു​ത്താ​തെ അവർക്ക്‌ ശിക്ഷണ​വും പരിശീ​ല​ന​വും നൽകാൻ നിങ്ങൾക്ക്‌ എങ്ങനെ സാധി​ക്കും? അതിന്‌ സൂത്ര​വാ​ക്യ​ങ്ങ​ളൊ​ന്നു​മില്ല, വിശേ​ഷിച്ച്‌ ഓരോ കുട്ടി​യു​ടെ​യും വ്യക്തി​ത്വം വ്യത്യ​സ്‌ത​മാ​യി​രി​ക്കുന്ന സ്ഥിതിക്ക്‌. എന്നാൽ മക്കൾക്കു ശിക്ഷണം നൽകു​ന്നത്‌ എങ്ങനെ​യാ​ണെ​ന്നു​ള്ള​തിന്‌ മാതാ​പി​താ​ക്കൾ വളരെ​യ​ധി​കം ശ്രദ്ധ നൽകണം, സ്‌നേ​ഹ​ത്തോ​ടും ആദര​വോ​ടും​കൂ​ടെ അവർ എല്ലായ്‌പോ​ഴും മക്കളോട്‌ ഇടപെ​ടണം. ശ്രദ്ധേ​യ​മാ​യി, നിങ്ങളു​ടെ മക്കളെ കോപി​പ്പി​ക്ക​രു​തെന്ന്‌ കൊ​ലൊ​സ്സ്യർ 3:21-ലും ആവർത്തി​ച്ചി​രി​ക്കു​ന്നു. അവിടെ വീണ്ടും പിതാ​ക്ക​ന്മാ​രെ ഇങ്ങനെ പ്രബോ​ധി​പ്പി​ക്കു​ന്നു: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രുത്‌.”

ചില മാതാ​പി​താ​ക്കൾ മക്കളുടെ നേരെ ആക്രോ​ശി​ക്കാ​റുണ്ട്‌. നിസ്സം​ശ​യ​മാ​യും ഇത്‌ കുട്ടി​കളെ അലോ​സ​ര​പ്പെ​ടു​ത്തും. എന്നാൽ ബൈബിൾ ഇങ്ങനെ ഉദ്‌ബോ​ധി​പ്പി​ക്കു​ന്നു: “എല്ലാ കൈപ്പും കോപ​വും ക്രോ​ധ​വും കൂറ്റാ​ര​വും [ആക്രോ​ശ​വും] ദൂഷണ​വും സകലദുർഗ്ഗു​ണ​വു​മാ​യി നിങ്ങളെ വിട്ടു ഒഴിഞ്ഞു​പോ​കട്ടെ.” (എഫെസ്യർ 4:31) ബൈബിൾ ഇങ്ങനെ​യും പറയുന്നു: ‘കർത്താ​വി​ന്റെ ദാസൻ ശണ്‌ഠ ഇടാതെ എല്ലാവ​രോ​ടും ശാന്തനാ​യി അത്രേ ഇരി​ക്കേ​ണ്ടത്‌.’—2 തിമൊ​ഥെ​യൊസ്‌ 2:24.

കുട്ടി​കൾക്കാ​യി സമയം നീക്കി​വെ​ക്കു​ക

കുട്ടി​കൾക്ക്‌ ആവശ്യ​മായ ശ്രദ്ധ നൽകാ​നാ​യി, മക്കളുടെ ക്ഷേമം മുൻനി​റു​ത്തി വ്യക്തി​പ​ര​മായ ചില താത്‌പ​ര്യ​ങ്ങ​ളും സുഖങ്ങ​ളും ത്യജി​ക്കാൻ നിങ്ങൾ മനസ്സൊ​രു​ക്കം കാണി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കും. ബൈബിൾ പറയുന്നു: “ഇന്നു ഞാൻ നിന്നോ​ടു കല്‌പി​ക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയ​ത്തിൽ ഇരി​ക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേ​ശി​ച്ചു​കൊ​ടു​ക്ക​യും നീ വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും അവയെ​ക്കു​റി​ച്ചു സംസാ​രി​ക്ക​യും വേണം.”—ആവർത്ത​ന​പു​സ്‌തകം 6:6, 7.

ഇക്കാലത്ത്‌, വർധിച്ചു വരുന്ന സാമ്പത്തിക ബാധ്യ​തകൾ മൂലം പല മാതാ​പി​താ​ക്കൾക്കും മക്കളോ​ടൊ​പ്പം ദിവസം മുഴുവൻ ചെലവ​ഴി​ക്കാൻ കഴി​ഞ്ഞെന്നു വരില്ല. എന്നിരു​ന്നാ​ലും തങ്ങളുടെ കുഞ്ഞു​ങ്ങ​ളോ​ടൊ​പ്പം ചെലവ​ഴി​ക്കാൻ മാതാ​പി​താ​ക്കൾ സമയം കണ്ടെത്ത​ണ​മെന്ന്‌ ആവർത്ത​ന​പു​സ്‌തകം ഊന്നി​പ്പ​റ​യു​ന്നു. അങ്ങനെ ചെയ്യു​ന്ന​തിന്‌ നല്ല ആസൂ​ത്ര​ണ​വും അതു​പോ​ലെ​തന്നെ ത്യാഗ​വും ആവശ്യ​മാണ്‌. എന്തായാ​ലും കുട്ടി​കൾക്ക്‌ അത്തരം ശ്രദ്ധ കൂടി​യേ​തീ​രൂ.

12,000-ത്തിലധി​കം കൗമാ​ര​പ്രാ​യ​ക്കാ​രെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു പഠനത്തി​ന്റെ ഫലങ്ങൾ പരിചി​ന്തി​ക്കുക. ഗവേഷ​ക​രു​ടെ നിഗമനം ഇപ്രകാ​ര​മാ​യി​രു​ന്നു: “പിതാ​വു​മാ​യുള്ള അല്ലെങ്കിൽ മാതാ​വു​മാ​യുള്ള ശക്തമായ വൈകാ​രിക ബന്ധം കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ ആരോ​ഗ്യ​ത്തി​നു സംഭാവന ചെയ്യുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട ഒരു ഘടകമാണ്‌. കൂടാതെ, അപകട​ക​ര​മായ സ്വഭാ​വ​രീ​തി​കളെ ചെറു​ത്തു​നിൽക്കാ​നും അത്‌ അവരെ സഹായി​ക്കു​ന്നു.” അതേ, മാതാ​പി​താ​ക്ക​ളു​ടെ ശ്രദ്ധ ലഭിക്കാൻ കുട്ടികൾ അതിയാ​യി വാഞ്‌ഛി​ക്കു​ന്നു. ഒരിക്കൽ ഒരമ്മ തന്റെ മക്കളോട്‌ ഇങ്ങനെ ചോദി​ച്ചു, “നിങ്ങൾക്ക്‌ എന്തു​വേ​ണ​മെ​ങ്കി​ലും ആവശ്യ​പ്പെ​ടാ​മെന്നു പറഞ്ഞാൽ, എന്തായി​രി​ക്കും നിങ്ങൾ ആദ്യം ആവശ്യ​പ്പെ​ടുക?” നാലു മക്കളും ഒരേ സ്വരത്തിൽ പറഞ്ഞു, “മമ്മിയും ഡാഡി​യും ഇനിയും കൂടുതൽ സമയം ഞങ്ങളോ​ടൊ​പ്പം ചെലവ​ഴി​ക്ക​ണ​മെന്ന്‌.”

അതു​കൊണ്ട്‌, ഉത്തരവാ​ദി​ത്വ​മുള്ള ഒരു പിതാവ്‌ അല്ലെങ്കിൽ മാതാവ്‌ ആണ്‌ നിങ്ങ​ളെ​ങ്കിൽ, മക്കളുടെ ആത്മീയ വിദ്യാ​ഭ്യാ​സ​വും മാതാ​പി​താ​ക്ക​ളു​മാ​യുള്ള അടുത്ത സൗഹൃ​ദ​വും ഉൾപ്പെ​ടെ​യുള്ള അവരുടെ ആവശ്യങ്ങൾ നിറ​വേ​റ്റ​പ്പെ​ടു​ന്നു​വെന്ന്‌ നിങ്ങൾ ഉറപ്പാ​ക്കും. അതു​പോ​ലെ, സഹമനു​ഷ്യ​രോ​ടു ദയാപൂർവം ഇടപെ​ടു​ക​യും തങ്ങളുടെ സ്രഷ്ടാ​വി​നു മഹത്ത്വം കരേറ്റു​ക​യും ചെയ്യുന്ന സമർഥ​രും ബഹുമാ​ന്യ​രും സത്യസ​ന്ധ​രു​മായ മുതിർന്ന വ്യക്തി​ക​ളാ​യി വളരു​ന്ന​തിന്‌ നിങ്ങൾ മക്കളെ സഹായി​ക്കും. (1 ശമൂവേൽ 2:26) അതേ, മക്കൾക്ക്‌ ദൈവിക രീതി​യിൽ പരിശീ​ല​ന​വും ശിക്ഷണ​വും നൽകു​മ്പോ​ഴാണ്‌ മാതാ​പി​താ​ക്കൾ ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​ണെന്നു തെളി​യു​ന്നത്‌.

[അടിക്കു​റിപ്പ്‌]

^ ഇവിടെ പൗലൊസ്‌ ‘മാതാ​വി​നെ​യോ പിതാ​വി​നെ​യോ’ അർഥമാ​ക്കുന്ന ഗോ​ണെഫ്‌ എന്ന ഗ്രീക്ക്‌ വാക്കിന്റെ ഒരു രൂപമായ ഗോ​ണെ​ഫ്‌സിൻ എന്ന പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ 4-ാം വാക്യ​ത്തിൽ അവൻ ഉപയോ​ഗി​ച്ചത്‌ “പിതാ​ക്ക​ന്മാർ” എന്നർഥ​മുള്ള പാറ്റെ​റെസ്‌ എന്ന ഗ്രീക്ക്‌ പദമാണ്‌.

[13-ാം പേജിലെ ചിത്രം]

കുട്ടിയുടെ നേരെ ആക്രോ​ശി​ക്കു​ന്നത്‌ അവനെ അധൈ​ര്യ​പ്പെ​ടു​ത്തും

[13-ാം പേജിലെ ചിത്രം]

മക്കളോടൊപ്പം സമയം ചെലവ​ഴി​ക്കു​ക