“മിച്ചംവന്ന” ഡിഎൻഎ-യോ?
“മിച്ചംവന്ന” ഡിഎൻഎ-യോ?
ഗവേഷകരിൽ അനേകരും പരിണാമ സിദ്ധാന്തത്തിന്റെ ചുവടുപിടിച്ചാണ് ജീവശാസ്ത്രം, ജനിതകശാസ്ത്രം തുടങ്ങിയവയെയും അവയോടു ബന്ധപ്പെട്ട മേഖലകളെയും പഠനവിധേയമാക്കുന്നത്. ഫലമോ? പലപ്പോഴും ഇത് അവരെ തെറ്റായ നിഗമനങ്ങളിലേക്കു നയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, അപ്പെൻഡിക്സ്, പിറ്റ്യൂട്ടറി ഗ്രന്ഥി, ടോൺസിൽസ് തുടങ്ങിയ ചില ശരീരഭാഗങ്ങൾ യാതൊരു ധർമവും നിർവഹിക്കുന്നില്ലെന്നാണ് ആദ്യകാല ഡാർവിൻ അനുഭാവികൾ കരുതിയിരുന്നത്. അതുകൊണ്ട് അവ പരിണാമപ്രക്രിയയിൽ മിച്ചം വന്നതാണെന്ന് അവർ നിഗമനം ചെയ്തു. എന്നാൽ കാലാന്തരത്തിൽ ഈ അവയവങ്ങളുടെ സുപ്രധാന ധർമം കണ്ടുപിടിക്കപ്പെട്ടു. അപ്പോൾ, പരിണാമ വാദികൾക്ക് അവരുടെ മുൻധാരണകൾ മാറ്റേണ്ടിവന്നു.
ജനിതകശാസ്ത്ര മേഖലയിൽ അടുത്തകാലത്ത് സമാനമായ ഒരു സംഗതി സംഭവിച്ചു. മനുഷ്യനിലെയും മറ്റു ജീവികളിലെയും ഡിഎൻഎ-യുടെ ഏതാണ്ട് 98 ശതമാനം യാതൊരു ധർമവും നിർവഹിക്കുന്നില്ലെന്നായിരുന്നു ഗവേഷകരുടെ അഭിപ്രായം. അതുകൊണ്ട്, പരിണാമ സിദ്ധാന്തത്താൽ സ്വാധീനിക്കപ്പെട്ട പലരും ഈ ഡിഎൻഎ-യെ “പരിണാമപ്രക്രിയയിൽ മിച്ചംവന്ന”തായി കരുതി. ഈ വീക്ഷണമാകട്ടെ പൊടുന്നനെ അംഗീകരിക്കപ്പെടുകയും ചെയ്തു.
എന്നിരുന്നാലും, ഡാർവിന്റെ സിദ്ധാന്തത്തിൽ വേരൂന്നിയ ആ സങ്കൽപ്പവും കാലം പിഴുതെറിഞ്ഞു. ‘മിച്ചംവന്നത്’ എന്നു മുദ്രകുത്തപ്പെട്ട ഡിഎൻഎ, ജീവന് അതിപ്രധാനമായ പ്രത്യേക തരങ്ങളിലുള്ള ആർഎൻഎ (റൈബോ ന്യൂക്ലിക് അമ്ലം) ഉത്പാദിപ്പിച്ചുകൊണ്ട് ശരീരത്തിൽ മർമപ്രധാനമായ ഒരു ധർമം നിർവഹിക്കുന്നതായി അടുത്തയിടെ ശാസ്ത്രജ്ഞർ കണ്ടെത്തി. “മിച്ചംവന്ന” ഡിഎൻഎ-യെ സംബന്ധിച്ചുള്ള സിദ്ധാന്തം തിടുക്കത്തിൽ സ്വീകരിച്ചത്, “സ്ഥാപിത അഭിപ്രായത്തിൽ കടിച്ചുതൂങ്ങുന്നതു വസ്തുതകൾ വസ്തുനിഷ്ഠമായി അപഗ്രഥിക്കുന്നതിനെ എങ്ങനെ വികലമാക്കും എന്നതിന്റെ ഒരു ഉത്തമോദാഹരണമാണ്. ഈ കേസിൽ അത് കാൽനൂറ്റാണ്ടു കാലം നിലനിന്നു,” എന്ന് ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡ് സർവകലാശാലയിലെ തന്മാത്രാ ബയോസയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായ ജോൺ എസ്. മാറ്റിക് അഭിപ്രായപ്പെടുന്നു. ഈ പരാജയം, “തന്മാത്രാ ജീവശാസ്ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പാളിച്ചകളിൽ ഒന്നായി സ്മരിക്കപ്പെടാൻ വളരെ സാധ്യതയുണ്ട്,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
ഡിഎൻഎ-യ്ക്ക് ബുദ്ധിശാലിയായ ഒരു രൂപരചയിതാവ് ഉണ്ടെന്നു വിശ്വസിക്കുന്നതല്ലേ കൂടുതൽ ജ്ഞാനമായിരിക്കുന്നത്? അങ്ങനെ വിശ്വസിക്കുന്നവർ, ദൈവത്തിന്റെ കരവേലയുടെ പിടികിട്ടാത്ത വശങ്ങൾ സാധാരണഗതിയിൽ കാലം ചുരുളഴിക്കുമെന്നു തിരിച്ചറിയുന്നു. അത്തരം കണ്ടെത്തലുകൾ അവരെ നിരാശപ്പെടുത്തുന്നതിനു പകരം അവരിൽ കൂടുതൽ ഭയാദരവു നിറയ്ക്കുന്നു.—സദൃശവാക്യങ്ങൾ 1:7; സഭാപ്രസംഗി 3:11.
[21-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഡിഎൻഎ: ചിത്രം: www.comstock.com; ഗവേഷകൻ: Agricultural Research Service, USDA