വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജന്തുലോകത്തെ ‘ശിശുപരിപാലനം’

ജന്തുലോകത്തെ ‘ശിശുപരിപാലനം’

ജന്തു​ലോ​കത്തെ ‘ശിശു​പ​രി​പാ​ലനം’

സ്‌പെയിനിലെ ഉണരുക! ലേഖകൻ

മക്കളെ വളർത്തു​ന്ന​തി​നാ​യി മനുഷ്യ​മാ​താ​പി​താ​ക്കൾ പലപ്പോ​ഴും രണ്ടു ദശകങ്ങ​ളോ​ളം ചെലവ​ഴി​ക്കു​ന്നു. എന്നാൽ, ജന്തു​ലോ​കത്തെ പല അച്ഛനമ്മ​മാ​രും വേനൽക്കാ​ലത്തെ ഏതാനും മാസം​കൊണ്ട്‌ അവയുടെ കുഞ്ഞു​ങ്ങളെ വളർത്തി വലുതാ​ക്കു​ന്നു. കുഞ്ഞു​ങ്ങളെ തീറ്റി​പ്പോ​റ്റു​ന്ന​തി​നു പുറമേ ആ കാലയ​ള​വു​കൊണ്ട്‌ അവ മക്കൾക്ക്‌ ഭാവി​ജീ​വി​ത​ത്തി​നു​വേണ്ട സമ്പൂർണ പരിശീ​ലനം നൽകു​ക​യും ചെയ്യുന്നു. വർഷം​തോ​റും അവ ഏറ്റെടു​ക്കുന്ന ദുഷ്‌ക​ര​മായ ദൗത്യ​ത്തെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ നമുക്ക്‌ ജന്തു​ലോ​ക​ത്തി​ലെ ചില അച്ഛനമ്മ​മാ​രെ പരിച​യ​പ്പെ​ടാം.

1. വെള്ള പെരു​ഞ്ഞാറ ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന പെരു​ഞ്ഞാ​റ​യ്‌ക്ക്‌ വേനൽക്കാ​ലത്ത്‌ വിശ്രമം തീരെ​യില്ല. വിശപ്പു​ഭ്രാ​ന്ത​ന്മാ​രായ കുഞ്ഞു​ങ്ങ​ളെ​പ്പോ​റ്റാൻ തവളകൾ, ചെറു​മ​ത്സ്യ​ങ്ങൾ, പല്ലികൾ, വിട്ടി​ലു​കൾ എന്നിവ​യെ​ത്തേടി അടുത്തുള്ള തടാക​ത്തി​ലേക്ക്‌ അതിനു നിരവധി പ്രാവ​ശ്യം പറക്കണം, ഒപ്പം ഇടയ്‌ക്കി​ടെ കൂടിന്റെ കേടു​പോ​ക്കു​ക​യും വേണം. ആൺപക്ഷി​യും പെൺപ​ക്ഷി​യും ദിവസം മുഴു​വ​നും ഇങ്ങനെ വന്നും പോയു​മി​രി​ക്കും. പെരു​വ​യ​റ​ന്മാ​രായ കുഞ്ഞുങ്ങൾ അകത്താ​ക്കുന്ന ഭക്ഷണത്തി​നു കണക്കില്ല. മുട്ടവി​രി​ഞ്ഞി​റ​ങ്ങുന്ന ആദ്യത്തെ ഏതാനും ആഴ്‌ച​ക​ളിൽ ഈ ഇത്തിരി​ക്കു​ഞ്ഞ​ന്മാർ തങ്ങളുടെ ശരീര​ഭാ​ര​ത്തി​ന്റെ പകുതി ഭക്ഷണം ദിവസ​വും അകത്താ​ക്കും! പറക്കാൻ പഠിച്ചു​ക​ഴി​ഞ്ഞാ​ലും കുഞ്ഞുങ്ങൾ കുറെ ആഴ്‌ച​കൂ​ടി അച്ഛനമ്മ​മാ​രു​ടെ തണലിൽത്തന്നെ കഴിയു​ന്നു.

2.ചീറ്റപ്പു​ലി ചീറ്റക്കു​ടും​ബ​ത്തിൽ കുഞ്ഞു​ങ്ങ​ളു​ടെ സംരക്ഷ​ണ​ച്ചു​മതല അമ്മയ്‌ക്കാണ്‌, സാധാ​ര​ണ​ഗ​തി​യിൽ അച്ഛൻ ഇവരെ തിരി​ഞ്ഞു​നോ​ക്കാ​റു​പോ​ലു​മില്ല. മൂന്നു​മു​തൽ അഞ്ചുവരെ കുഞ്ഞു​ങ്ങളെ പാലൂ​ട്ടേ​ണ്ട​തു​ള്ള​തി​നാൽ സ്വന്തം ആരോ​ഗ്യം സൂക്ഷി​ക്കാൻ ദിവസ​വും​തന്നെ അമ്മ ഇരതേ​ടി​യി​റ​ങ്ങും. വേട്ടയാ​ടൽ അത്ര നിസ്സാര ജോലി​യല്ല, പല ശ്രമങ്ങ​ളും പരാജ​യ​പ്പെ​ടു​ക​യാണ്‌ പതിവ്‌. മാത്രമല്ല, ഏതാനും ദിവസങ്ങൾ കൂടു​മ്പോ​ഴൊ​ക്കെ അവൾക്കു കുഞ്ഞു​ങ്ങളെ മറ്റൊരു ഗുഹയി​ലേക്കു മാറ്റേ​ണ്ട​തുണ്ട്‌, കാരണം അമ്മയുടെ കണ്ണു​തെ​റ്റി​യാൽ കുഞ്ഞു​ങ്ങളെ പിടിച്ചു ശാപ്പി​ടാ​നാ​യി സിംഹങ്ങൾ എപ്പോ​ഴും പിന്നാ​ലെ​ത്ത​ന്നെ​യു​ണ്ടാ​കും. കുഞ്ഞു​ങ്ങൾക്ക്‌ ഏഴുമാ​സം പ്രായ​മാ​യാൽപ്പി​ന്നെ വേട്ടയാ​ടാൻ അവൾ അവരെ പരിശീ​ലി​പ്പി​ക്കു​ക​യാ​യി, അത്‌ ഒരു വർഷം നീണ്ടു​നി​ന്നേ​ക്കും. സാധാരണ ഒന്നോ ഒന്നരയോ വർഷം കുഞ്ഞുങ്ങൾ അമ്മയോ​ടൊ​പ്പം കഴിയു​ന്നു.

3. മുങ്ങാ​ങ്കോ​ഴി മുങ്ങാ​ങ്കോ​ഴി​യും കുഞ്ഞു​ങ്ങ​ളും എപ്പോ​ഴും ഒരുമി​ച്ചാണ്‌. മുട്ടവി​രി​ഞ്ഞു പുറത്തു​വ​ന്നാ​ലു​ടൻ വെള്ളത്തിൽ പൊന്തി​ക്കി​ട​ക്കുന്ന കൂടൊ​ക്കെ ഉപേക്ഷിച്ച്‌ കുഞ്ഞുങ്ങൾ അച്ഛനമ്മ​മാ​രു​ടെ പുറത്ത്‌ സ്ഥലംപി​ടി​ക്കു​ക​യാ​യി. അമ്മയു​ടെ​യോ അച്ഛന്റെ​യോ ചിറകു​കൾക്കും മുതു​കി​നു​മി​ട​യി​ലുള്ള ഭാഗത്ത്‌ കുഞ്ഞുങ്ങൾ പറ്റിപ്പി​ടി​ച്ചു കയറുന്നു. അച്ഛനോ അമ്മയോ നീന്തി​ന​ട​ക്കു​മ്പോൾ കുഞ്ഞുങ്ങൾ ചൂടു​പറ്റി സുരക്ഷി​ത​രാ​യി ഇരിക്കു​ന്നു. ആൺപക്ഷി​യും പെൺപ​ക്ഷി​യും മുങ്ങി തീറ്റി​ക​ണ്ടെ​ത്തു​ന്ന​തും കുഞ്ഞു​ങ്ങളെ ചുമക്കു​ന്ന​തും ഊഴമ​നു​സ​രി​ച്ചാണ്‌. മുങ്ങാ​ങ്കു​ഴി​യി​ടാ​നും തനിയെ തീറ്റി​ക​ണ്ടെ​ത്താ​നും കുഞ്ഞുങ്ങൾ വേഗം പഠിക്കു​മെ​ങ്കി​ലും അച്ഛനമ്മ​മാ​രു​മാ​യുള്ള അടുപ്പം കുറേ​ക്കാ​ല​ത്തേ​ക്കു​കൂ​ടി തുടരു​ന്നു.

4. ജിറാഫ്‌ ജിറാ​ഫു​കൾക്ക്‌ സാധാരണ ഒറ്റപ്ര​സ​വ​ത്തിൽ ഒന്നില​ധി​കം കുഞ്ഞു​ങ്ങ​ളു​ണ്ടാ​വാ​റില്ല. അത്‌ എന്തു​കൊ​ണ്ടെന്നു മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലുള്ള ഒരു കുഞ്ഞു​ജി​റാ​ഫിന്‌ ജനിക്കു​മ്പോൾ 60 കിലോ​ഗ്രാം വരെ ഭാരവും രണ്ടുമീ​റ്റർ നീളവും വരും! പിറന്നു​വീണ്‌ ഒരു മണിക്കൂർ കഴിയു​മ്പോൾത്തന്നെ അവനു കാലിൽ നിവർന്നു​നിൽക്കാ​റാ​കും, എന്നിട്ട്‌ അമ്മയുടെ പാൽകു​ടി​ക്കാൻ തുടങ്ങും. ജനിച്ച്‌ അധികം താമസി​യാ​തെ അവൻ മേഞ്ഞു​ന​ട​ക്കാൻ തുടങ്ങു​മെ​ങ്കി​ലും അമ്മ കുഞ്ഞിനെ ഒമ്പതു മാസം പാലൂ​ട്ടും. അപകടം മണത്തറി​യുന്ന കുഞ്ഞ്‌ അമ്മയുടെ കാലു​കൾക്കി​ട​യി​ലാണ്‌ അഭയം​തേ​ടുക. അവളുടെ ശക്തമായ തൊഴി മിക്ക ഇരപി​ടി​യ​ന്മാ​രു​ടെ​യും പേടി​സ്വ​പ്‌ന​മാണ്‌.

5.നീല​പ്പൊ​ന്മാൻ കുഞ്ഞു​ങ്ങളെ തീറ്റി​പ്പോ​റ്റാൻ പൊന്മാ​നു​കൾക്കു നല്ല സാമർഥ്യം ആവശ്യ​മാണ്‌. അവർക്കു​വേണ്ടി കുഞ്ഞു​മീ​നു​ക​ളെ​വേണം തിരഞ്ഞു​പി​ടി​ക്കാൻ. മുട്ടവി​രി​ഞ്ഞു പുറത്തു​വന്ന കുഞ്ഞു​ങ്ങൾക്ക്‌ അച്ഛനമ്മ​മാർ നൽകു​ന്നത്‌ ഒന്നോ രണ്ടോ സെന്റി​മീ​റ്റർ വലുപ്പ​മുള്ള ചെറു​മ​ത്സ്യ​ങ്ങ​ളെ​യാണ്‌. ആൺപക്ഷി​യോ പെൺപ​ക്ഷി​യോ ചെറു​മീ​നു​കളെ അവയുടെ തല പുറ​ത്തേക്കു തള്ളിനിൽക്കുന്ന രീതി​യിൽ കൊക്കിൽ വെച്ചു​കൊ​ണ്ടാ​ണു പറക്കു​ന്നത്‌. വിശന്നി​രി​ക്കുന്ന കുഞ്ഞു​ങ്ങ​ളു​ടെ വായിൽ വെച്ചു​കൊ​ടു​ക്കുന്ന ഇരയെ പെട്ടെന്നു വിഴു​ങ്ങാൻ ഇതു സഹായി​ക്കു​ന്നു. കുഞ്ഞുങ്ങൾ വളരു​മ്പോൾ അച്ഛനമ്മ​മാർ അവർക്കു കുറച്ചു​കൂ​ടി വലിയ മീനു​കളെ പിടി​ച്ചു​കൊ​ടു​ക്കു​ന്നു. അപ്പോൾ കൂടുതൽ തവണ ഭക്ഷണം കൊടു​ക്കേ​ണ്ട​താ​യും​വ​രു​ന്നു. ആദ്യ​മൊ​ക്കെ ഓരോ കുഞ്ഞി​നും ഓരോ 45 മിനി​ട്ടി​ലു​മാണ്‌ ഭക്ഷണം കൊടു​ക്കു​ന്നത്‌. കുഞ്ഞു​ങ്ങൾക്ക്‌ ഏകദേശം 18 ദിവസം പ്രായ​മാ​കു​മ്പോൾ അവർക്കു വിശപ്പു​കൂ​ടും, പിന്നെ ഓരോ 15 മിനി​ട്ടി​ലും മീൻശാ​പ്പാട്‌ തരപ്പെ​ടു​ന്നു! ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന കൊച്ചു​പൊ​ന്മാൻ പറക്കമു​റ്റി​യ​താണ്‌, സ്വന്തം​കാ​ലിൽ നിൽക്കാ​നുള്ള പുറപ്പാ​ടി​ലാ​ണത്‌. ഇനിയി​പ്പോൾ അച്ഛനമ്മ​മാർക്ക്‌ കുറേ​ക്കാ​ലം സ്വസ്ഥമാ​യി​രി​ക്കാ​മ​ല്ലോ എന്നു നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ പൊന്മാൻദ​മ്പ​തി​കൾക്ക്‌ ഒരു വിശ്ര​മ​വു​മില്ല! പലപ്പോ​ഴും ആ വേനൽ അവസാ​നി​ക്കും മുമ്പേ​തന്നെ അവർ അതു​പോ​ലുള്ള മറ്റൊരു പരിപാ​ല​ന​ത്തിന്‌ തയ്യാ​റെ​ടു​ക്കു​ക​യാ​യി.

ഒട്ടനവധി പക്ഷിമൃ​ഗാ​ദി​കൾ തങ്ങളുടെ കുഞ്ഞു​ങ്ങളെ എങ്ങനെ പരിപാ​ലി​ക്കു​ന്നു എന്നതിന്റെ വിശദാം​ശങ്ങൾ ഇപ്പോ​ഴും അജ്ഞാത​മാണ്‌. എന്നാൽ ജന്തു​ലോ​കത്തെ അച്ഛനമ്മ​മാർക്ക്‌ കുഞ്ഞു​ങ്ങ​ളോ​ടുള്ള കരുതൽ ശക്തമായ ജന്മവാ​സ​ന​യാ​ണെ​ന്ന​തി​നു പ്രകൃ​തി​സ്‌നേ​ഹി​കൾക്കു കൂടുതൽ തെളി​വു​കൾ കിട്ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു. അത്തരം സഹജവാ​സ​നകൾ തന്റെ മൃഗസൃ​ഷ്ടി​കൾക്കു ദൈവം നൽകി​യെ​ങ്കിൽ മനുഷ്യ​മാ​താ​പി​താ​ക്കൾ തങ്ങളുടെ കുട്ടി​കളെ അവർ അർഹി​ക്കുന്ന വിധത്തിൽ പോറ്റു​ക​യും പരിശീ​ലി​പ്പി​ക്കു​ക​യും ചെയ്യണ​മെന്ന്‌ അവൻ തീർച്ച​യാ​യും ആഗ്രഹി​ക്കു​ന്നു.