വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞാൻ കായികാധ്വാനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

ഞാൻ കായികാധ്വാനം ചെയ്യേണ്ടത്‌ എന്തുകൊണ്ട്‌?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഞാൻ കായി​കാ​ധ്വാ​നം ചെയ്യേ​ണ്ടത്‌ എന്തു​കൊണ്ട്‌?

“ഇത്രയ​ധി​കം കായി​കാ​ധ്വാ​നം ആവശ്യ​മായ ഒരു ജോലി ചെയ്യേ​ണ്ടി​വ​രു​മെന്ന്‌ ഞാൻ സ്വപ്‌ന​ത്തിൽപ്പോ​ലും വിചാ​രി​ച്ചി​രു​ന്നില്ല. കമ്പ്യൂ​ട്ട​റി​ന്റെ മുമ്പി​ലി​രുന്ന്‌ എന്തെങ്കി​ലു​മൊ​ക്കെ ചെയ്യു​ന്ന​താ​യി​രു​ന്നു എനിക്ക്‌ ഏറെ ഇഷ്ടം.”—നേഥൻ.

“കായി​കാ​ധ്വാ​നം ചെയ്യുന്ന ഞങ്ങളെ​പ്പോ​ലു​ള്ള​വരെ ചില ചെറു​പ്പ​ക്കാർ പുച്ഛ​ത്തോ​ടെ​യാ​ണു വീക്ഷി​ക്കു​ന്നത്‌, മറ്റൊ​ന്നും ചെയ്യാ​നുള്ള സാമർഥ്യം ഞങ്ങൾക്കി​ല്ലെ​ന്നാണ്‌ അവരുടെ ധാരണ.”—സാറ.

കായി​കാ​ധ്വാ​നം—പലരും അതിനെ വിരസ​വും ഹീനവും അനഭി​കാ​മ്യ​വു​മാ​യി വീക്ഷി​ക്കു​ന്നു. ഒരു ധനതത്ത്വ​ശാ​സ്‌ത്ര പ്രൊ​ഫസർ നീല​ക്കോ​ളർ ജോലി​ക​ളെ​ക്കു​റിച്ച്‌ ഇപ്രകാ​രം പറയുന്നു: “സ്ഥാനമാ​ന​ങ്ങൾക്ക്‌ അമിത പ്രാധാ​ന്യം നൽകുന്ന ഈ ലോക​ത്തിൽ ഇത്തരം ജോലി​കൾക്ക്‌ യാതൊ​രു അന്തസ്സു​മില്ല.” അതു​കൊണ്ട്‌ പല യുവ​പ്രാ​യ​ക്കാ​രും കായി​കാ​ധ്വാ​ന​മെന്നു കേൾക്കു​മ്പോ​ഴേ നെറ്റി​ചു​ളി​ക്കു​ന്ന​തിൽ ഒട്ടും അതിശ​യ​മില്ല.

എന്നാൽ കഠിനാ​ധ്വാ​ന​ത്തെ​ക്കു​റി​ച്ചു തികച്ചും വ്യത്യ​സ്‌ത​മായ ഒരു വീക്ഷണം ഉണ്ടായി​രി​ക്കാ​നാണ്‌ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. “തിന്നു കുടിച്ചു തന്റെ പ്രയത്‌ന​ത്താൽ സുഖം അനുഭ​വി​ക്കു​ന്ന​ത​ല്ലാ​തെ മനുഷ്യ​ന്നു മറ്റൊരു നന്മയു​മില്ല” എന്നു ശലോ​മോൻ രാജാവ്‌ പറഞ്ഞു. (സഭാ​പ്ര​സം​ഗി 2:24) ബൈബിൾ കാലങ്ങ​ളിൽ, ഇസ്രാ​യേൽ ഒരു കർഷക സമൂഹ​മാ​യി​രു​ന്നു. നിലം ഉഴുന്ന​തി​നും കൊയ്യു​ന്ന​തി​നും മെതി​ക്കു​ന്ന​തി​നു​മെ​ല്ലാം വളരെ​യ​ധി​കം കായി​ക​ശ്രമം ആവശ്യ​മാ​യി​രു​ന്നു. എന്നിരു​ന്നാ​ലും, കഠിനാ​ധ്വാ​നം സമൃദ്ധ​മായ പ്രതി​ഫ​ലങ്ങൾ കൈവ​രു​ത്തു​മെന്ന്‌ ശലോ​മോൻ പറഞ്ഞു.

നൂറ്റാ​ണ്ടു​കൾക്കു​ശേഷം അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ ഇങ്ങനെ ബുദ്ധി​യു​പ​ദേ​ശി​ച്ചു: “കള്ളൻ ഇനി കക്കാതെ . . . കൈ​കൊ​ണ്ടു നല്ലതു പ്രവർത്തി​ച്ചു അദ്ധ്വാ​നി​ക്ക​യ​ത്രേ വേണ്ടത്‌.” (എഫെസ്യർ 4:28) പൗലൊ​സു​തന്നെ കായി​കാ​ധ്വാ​നം ചെയ്‌തി​രുന്ന ആളായി​രു​ന്നു. ഉന്നതവി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കൂടാ​ര​പ്പണി ചെയ്‌തു​കൊ​ണ്ടാണ്‌ അവൻ ചില​പ്പോ​ഴൊ​ക്കെ ഉപജീ​വ​ന​മാർഗം കണ്ടെത്തി​യി​രു​ന്നത്‌.—പ്രവൃ​ത്തി​കൾ 18:1-3.

കായി​കാ​ധ്വാ​നം ചെയ്യു​ന്ന​തി​നെ​ക്കു​റി​ച്ചു നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? നിങ്ങൾ തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും കായി​കാ​ധ്വാ​ന​ത്തിന്‌ പല വിധങ്ങ​ളിൽ പ്രയോ​ജനം കൈവ​രു​ത്താൻ സാധി​ക്കും.

വിജയ​പ്ര​ദ​മായ ജീവി​ത​ത്തി​നുള്ള പരിശീ​ല​നം

കായി​കാ​ധ്വാ​ന​ത്തിൽ ഏർപ്പെ​ടു​ന്നത്‌—ചുറ്റി​ക​കൊ​ണ്ടു പണി​യെ​ടു​ക്കു​ന്ന​തും പുല്ലു​ചെ​ത്തു​ന്ന​തും എല്ലാം—നല്ല ആരോ​ഗ്യ​ത്തി​നു സംഭാവന ചെയ്യും. എന്നാൽ ശാരീ​രി​കാ​രോ​ഗ്യം നിലനി​റു​ത്താൻ സഹായി​ക്കു​ന്ന​തി​ലും ഉപരി മറ്റു പ്രയോ​ജ​ന​ങ്ങ​ളും ഇതു​കൊണ്ട്‌ ഉണ്ട്‌. കാറ്റു​പോയ ഒരു ടയർ ശരിയാ​ക്കാൻ അല്ലെങ്കിൽ കാറിലെ ഓയിൽ മാറ്റാൻ നിങ്ങൾക്ക്‌ അറിയാ​മോ? ഒരു പൊട്ടിയ ജനാല നന്നാക്കാ​നോ പൈപ്പി​ന്റെ തടസ്സം നീക്കാ​നോ നിങ്ങൾക്കാ​കു​മോ? ഭക്ഷണം പാകം ചെയ്യാൻ നിങ്ങൾക്ക​റി​യാ​മോ? കുളി​മു​റി വൃത്തി​യാ​ക്കാ​നും രോഗാ​ണു​വി​മു​ക്ത​മാ​യി സൂക്ഷി​ക്കാ​നും നിങ്ങൾക്കു കഴിയു​മോ? ചെറു​പ്പ​ക്കാ​രായ സ്‌ത്രീ​ക​ളും പുരു​ഷ​ന്മാ​രും നിശ്ചയ​മാ​യും അറിഞ്ഞി​രി​ക്കേണ്ട കാര്യ​ങ്ങ​ളാണ്‌ ഇവ, ഒരു കാലത്ത്‌ സ്വന്തം നിലയിൽ വിജയ​ക​ര​മാ​യി ജീവി​ക്കാൻ സഹായി​ക്കുന്ന വൈദ​ഗ്‌ധ്യ​ങ്ങൾ.

ശ്രദ്ധേ​യ​മാ​യി, യേശു​ക്രി​സ്‌തു​പോ​ലും ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ ചില കൈ​ത്തൊ​ഴി​ലു​ക​ളിൽ വൈദ​ഗ്‌ധ്യം നേടി​യി​രു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. അവൻ തന്റെ വളർത്ത​ച്ഛ​നായ യോ​സേ​ഫിൽനിന്ന്‌ ആശാരി​പ്പണി പഠിച്ചു. അതു​കൊ​ണ്ടു​തന്നെ അവൻ തച്ചനെന്ന്‌ അറിയ​പ്പെ​ടു​ക​യും ചെയ്‌തു. (മത്തായി 13:55; മർക്കൊസ്‌ 6:3) കായി​കാ​ധ്വാ​നം ചെയ്യു​ന്ന​തി​ലൂ​ടെ പ്രയോ​ജ​ന​പ്ര​ദ​മായ അനേകം വൈദ​ഗ്‌ധ്യ​ങ്ങൾ ആർജി​ച്ചെ​ടു​ക്കാൻ നിങ്ങൾക്കും സാധി​ക്കും.

ആകർഷ​ക​മായ ഗുണങ്ങൾ നട്ടുവ​ളർത്താൻ

കഠിനാ​ധ്വാ​നം ചെയ്യു​ന്നത്‌ നിങ്ങൾക്കു നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ​യുള്ള വീക്ഷണ​ത്തെ​യും സ്വാധീ​നി​ക്കു​ന്നു. കായി​കാ​ധ്വാ​നം ചെയ്യാൻ പഠിക്കു​ന്നത്‌ “സ്വയം-പര്യാ​പ്‌തതാ ബോധ​വും ആത്മവി​ശ്വാ​സ​വും” വർധി​പ്പി​ക്കു​മെന്നു മാത്രമല്ല, “തൊഴി​ലിൽ വിജയം വരിക്കാൻ ആവശ്യ​മാ​യി​രി​ക്കുന്ന അടിസ്ഥാ​ന​ഗു​ണ​ങ്ങ​ളായ ആത്മശി​ക്ഷ​ണ​വും അടുക്കും ചിട്ടയും വളർത്തി​യെ​ടു​ക്കാൻ സഹായി​ക്കു​ക​യും ചെയ്യും” എന്ന്‌ യു.എസ്‌. നാഷനൽ മെന്റൽ ഹെൽത്ത്‌ ആൻഡ്‌ എഡ്യൂ​ക്കേഷൻ സെന്ററി​നു​വേണ്ടി എഴുതിയ ഒരു ലേഖന​ത്തിൽ ഡോ. ഫ്രെഡ്‌ പ്രൊ​വെൻസാ​നോ അഭി​പ്രാ​യ​പ്പെട്ടു. ഒരു യുവവ്യ​ക്തി​യായ ജോൺ പറയുന്നു: “കായി​കാ​ധ്വാ​നം ചെയ്യു​മ്പോൾ നിങ്ങൾ കൂടുതൽ ക്ഷമാശീ​ല​രാ​യി​ത്തീ​രു​ന്നു. പ്രശ്‌നങ്ങൾ എങ്ങനെ പരിഹ​രി​ക്കാ​മെ​ന്നും നിങ്ങൾ പഠിക്കു​ന്നു.”

നേരത്തേ ഉദ്ധരിച്ച സാറ പറയുന്നു: “കായി​കാ​ധ്വാ​നം ചെയ്യു​ന്നത്‌ കഠിനാ​ധ്വാ​നി​യും പരി​ശ്ര​മ​ശാ​ലി​യും ആയിരി​ക്കാൻ എന്നെ പഠിപ്പി​ച്ചി​രി​ക്കു​ന്നു. ശാരീ​രി​ക​വും മാനസി​ക​വും ആയി അച്ചടക്കം പാലി​ക്കാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു.” കഠിനാ​ധ്വാ​നം മുഷി​പ്പി​ക്കുന്ന ഒന്നായി​രി​ക്കേ​ണ്ട​തു​ണ്ടോ? നേഥൻ പറയുന്നു: “അങ്ങനെ​യുള്ള ജോലി​കൾ ചെയ്യു​ന്നത്‌ ആസ്വദി​ക്കാൻ ഞാൻ പഠിച്ചി​രി​ക്കു​ന്നു. എന്റെ പ്രാപ്‌തി​കൾ മെച്ച​പ്പെ​ട്ട​തോ​ടെ ഞാൻ ചെയ്യുന്ന ജോലി​യു​ടെ ഗുണ​മേ​ന്മ​യും മെച്ച​പ്പെ​ടു​ന്ന​താ​യി ഞാൻ നിരീ​ക്ഷി​ച്ചു. ഇത്‌ എനിക്കു കൂടുതൽ ആത്മസം​തൃ​പ്‌തി പകർന്നു.”

ജോലി വിജയ​ക​ര​മാ​യി പൂർത്തി​യാ​ക്കു​മ്പോ​ഴുള്ള ആ സന്തോഷം അനുഭ​വി​ച്ച​റി​യാ​നും കായി​കാ​ധ്വാ​നം സഹായി​ക്കും. ജെയിംസ്‌ എന്ന ഒരു യുവാവ്‌ ഇങ്ങനെ പറയുന്നു: “മരപ്പണി​കൾ ചെയ്യു​ന്നത്‌ ഞാൻ ആസ്വദി​ക്കു​ന്നു. ചില സമയങ്ങ​ളിൽ അതു ശാരീ​രി​ക​മാ​യി ക്ഷീണി​പ്പി​ക്കു​ന്ന​താ​ണെ​ങ്കി​ലും ഞാൻ ഉണ്ടാക്കിയ സാധന​ങ്ങ​ളെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ ഞാൻ എന്തൊ​ക്കെ​യോ ചെയ്‌തെന്ന ഒരു തോന്നൽ എനിക്ക്‌ ഉണ്ടാകു​ന്നു. അതു തികച്ചും സംതൃ​പ്‌തി​ദാ​യ​ക​മാണ്‌.” ബ്രയനും സമാന​മായ വികാ​ര​ങ്ങ​ളാ​ണു​ള്ളത്‌. “വാഹനങ്ങൾ നന്നാക്കാൻ എനിക്കി​ഷ്ട​മാണ്‌. കേടായ എന്തെങ്കി​ലും നന്നാക്കാ​നും അത്‌ പുതി​യ​തു​പോ​ലെ പ്രയോ​ജ​ന​മു​ള്ളത്‌ ആക്കിത്തീർക്കാ​നു​മുള്ള കഴിവ്‌ ഉണ്ടെന്ന അറിവ്‌ എനിക്ക്‌ ആത്മവി​ശ്വാ​സ​വും സംതൃ​പ്‌തി​യും നൽകുന്നു.”

വിശുദ്ധ സേവനം

ക്രിസ്‌തീയ യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം കഠിനാ​ധ്വാ​നം ചെയ്യാ​നുള്ള അവരുടെ പ്രാപ്‌തി ദൈവ​സേ​വ​ന​ത്തിൽ സഹായ​ക​മാ​യി​രി​ക്കും. യഹോ​വ​യ്‌ക്ക്‌ മഹനീ​യ​മായ ഒരു ആലയം പണിയാൻ ശലോ​മോൻ രാജാ​വി​നു നിയമനം ലഭിച്ച​പ്പോൾ, വലിയ ശ്രമവും വൈദ​ഗ്‌ധ്യ​വും ആവശ്യ​മായ ഒരു വേലയാണ്‌ അതെന്ന്‌ അവൻ തിരി​ച്ച​റി​ഞ്ഞു. ബൈബിൾ പറയുന്നു: “ശലോ​മോൻരാ​ജാ​വു സോരിൽനി​ന്നു ഹീരാം എന്നൊ​രു​വനെ വരുത്തി. അവൻ നഫ്‌താ​ലി​ഗോ​ത്ര​ത്തിൽ ഒരു വിധവ​യു​ടെ മകൻ ആയിരു​ന്നു; അവന്റെ അപ്പനോ സോര്യ​നായ ഒരു മൂശാ​രി​യ​ത്രേ: അവൻ താമ്രം​കൊ​ണ്ടു സകലവി​ധ​പ​ണി​യും ചെയ്‌വാൻ തക്കവണ്ണം ജ്ഞാനവും ബുദ്ധി​യും സാമർത്ഥ്യ​വും ഉള്ളവനാ​യി​രു​ന്നു. അവൻ ശലോ​മോൻരാ​ജാ​വി​ന്റെ അടുക്കൽ വന്നു, അവൻ കല്‌പിച്ച പണി ഒക്കെയും തീർത്തു.”—1 രാജാ​ക്ക​ന്മാർ 7:13, 14.

യഹോ​വ​യു​ടെ ആരാധന ഉന്നമി​പ്പി​ക്കു​ന്ന​തി​നാ​യി തന്റെ കഴിവു​കൾ ഉപയോ​ഗി​ക്കാ​നാ​യത്‌ ഹീരാ​മി​നെ സംബന്ധി​ച്ചി​ട​ത്തോ​ളം എത്ര വലിയ പദവി​യാ​യി​രു​ന്നു! ഹീരാ​മി​ന്റെ അനുഭവം സദൃശ​വാ​ക്യ​ങ്ങൾ 22:29-ലെ വാക്കു​ക​ളു​ടെ സത്യത​യ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു: “പ്രവൃ​ത്തി​യിൽ സാമർത്ഥ്യ​മുള്ള പുരു​ഷനെ നീ കാണു​ന്നു​വോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ മുമ്പിൽ നില്‌ക്കും; നീചന്മാ​രു​ടെ മുമ്പിൽ അവൻ നില്‌ക്ക​യില്ല.”

ഇന്ന്‌, കാര്യ​മായ അല്ലെങ്കിൽ ഒട്ടും​തന്നെ നിർമാ​ണ​വൈ​ദ​ഗ്‌ധ്യ​മി​ല്ലാത്ത യുവജ​ന​ങ്ങൾക്കു​പോ​ലും രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിൽ പങ്കുപ​റ്റാ​നുള്ള വിശേ​ഷാ​വ​സ​ര​മുണ്ട്‌. ഇത്തരം പദ്ധതി​ക​ളിൽ പങ്കെടു​ത്ത​തു​മൂ​ലം ചിലർ ഇലക്‌ട്രി​ക്കൽ ജോലി, പ്ലമിങ്‌, കൽപ്പണി, മരപ്പണി എന്നിവ​പോ​ലുള്ള പ്രയോ​ജ​ന​പ്ര​ദ​മായ തൊഴി​ലു​കൾ പഠിച്ചി​രി​ക്കു​ന്നു. ഒരുപക്ഷേ രാജ്യ​ഹാൾ നിർമാ​ണ​ത്തിൽ നിങ്ങൾക്കു പങ്കെടു​ക്കാ​നാ​കു​മോ എന്നതു സംബന്ധിച്ച്‌ പ്രാ​ദേ​ശിക സഭയിലെ മൂപ്പന്മാ​രോ​ടു സംസാ​രി​ക്കാ​വു​ന്ന​താണ്‌.

അനേകം രാജ്യ​ഹാ​ളു​ക​ളു​ടെ നിർമാ​ണ​ത്തിൽ പങ്കെടു​ത്തി​ട്ടുള്ള ജെയിംസ്‌ പറയുന്നു: “സഭയിലെ അനേകർക്കും നിർമാ​ണ​ത്തിൽ സഹായി​ക്കാ​നുള്ള സമയമോ പ്രാപ്‌തി​യോ ഉണ്ടാ​യെ​ന്നു​വ​രില്ല. അതു​കൊണ്ട്‌ സഹായി​ക്കു​ന്ന​തി​ലൂ​ടെ, നിങ്ങൾ മുഴു സഭയെ​യു​മാ​ണു പിന്താ​ങ്ങു​ന്നത്‌.” കോൺക്രീ​റ്റു​മാ​യി ബന്ധപ്പെട്ട ജോലി​കൾ ചെയ്യാൻ പഠിച്ചി​രുന്ന നേഥൻ, തന്റെ ഈ പ്രാപ്‌തി ദൈവ​സേ​വ​ന​ത്തി​ന്റെ മറ്റൊരു മണ്ഡലത്തിൽ ഉപയോ​ഗി​ക്കാ​മെന്നു കണ്ടെത്തി. അവൻ അനുസ്‌മ​രി​ക്കു​ന്നു: “സിംബാ​ബ്‌വേ​യി​ലുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീസ്‌ നിർമാ​ണ​ത്തിൽ സഹായി​ച്ചു​കൊണ്ട്‌ എന്റെ പ്രാപ്‌തി​കൾ ഉപയോ​ഗ​പ്പെ​ടു​ത്താൻ എനിക്കു കഴിഞ്ഞു. മൂന്നു മാസം ഞാൻ അവിടെ ജോലി ചെയ്‌തു, അത്‌ എന്റെ ജീവി​ത​ത്തി​ലെ ഏറ്റവും അവിസ്‌മ​ര​ണീ​യ​മായ അനുഭ​വ​മാ​യി​രു​ന്നു.” മറ്റു ചില യുവജ​ന​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം കഠിനാ​ധ്വാ​നം ചെയ്യാ​നുള്ള സന്നദ്ധത, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രാ​ദേ​ശിക ബ്രാഞ്ച്‌ ഓഫീ​സിൽ സ്വമേ​ധ​യാ​സേ​വ​ക​രാ​യി സേവി​ക്കു​ന്ന​തിന്‌ അപേക്ഷി​ക്കാൻ അവരെ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു.

കായി​കാ​ധ്വാ​ന​ത്തിൽ വൈദ​ഗ്‌ധ്യം നേടു​ന്നത്‌ ഒരളവു​വരെ “സ്വയം​പ​ര്യാ​പ്‌തത” കൈവ​രി​ക്കാൻ നിങ്ങളെ സഹായി​ക്കും. (1 തിമൊ​ഥെ​യൊസ്‌ 6:6, NW) യഹോ​വ​യു​ടെ സാക്ഷി​ക​ളായ പല ചെറു​പ്പ​ക്കാ​രും പയനി​യർമാ​രോ മുഴു​സമയ ശുശ്രൂ​ഷ​ക​രോ ആയി സേവി​ക്കു​ന്നു. ഒരു തൊഴിൽ പഠിച്ചത്‌, ലൗകിക വിദ്യാ​ഭ്യാ​സ​ത്തിൽ വളരെ​യേറെ സമയവും പണവും ചെലവ​ഴി​ക്കാ​തെ​തന്നെ സ്വന്തമാ​യി ഒരു ഉപജീ​വ​ന​മാർഗം കണ്ടെത്താൻ ചിലരെ സഹായി​ച്ചി​രി​ക്കു​ന്നു.

കായി​കാ​ധ്വാ​നം എങ്ങനെ പരിശീ​ലി​ക്കാ​നാ​കും?

വ്യക്തമാ​യും, വരുമാ​ന​മാർഗ​മെന്ന നിലയിൽ എന്തെങ്കി​ലും തൊഴിൽ ചെയ്യാ​നാ​യാ​ലും, വീട്ടിൽ അറ്റകു​റ്റ​പ്പ​ണി​കൾ ഉൾപ്പെ​ടെ​യുള്ള ജോലി​കൾ ചെയ്യാ​നാ​യാ​ലും, കായി​കാ​ധ്വാ​നം ചെയ്യാൻ പഠിക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാണ്‌. നിങ്ങളു​ടെ പ്രാ​ദേ​ശിക സ്‌കൂ​ളിൽ ഒരുപക്ഷേ തൊഴി​ല​ധി​ഷ്‌ഠിത കോഴ്‌സു​ക​ളു​ണ്ടാ​യി​രി​ക്കാം. ഇനി, മറ്റെവി​ടെ​യും പോകാ​തെ വീട്ടിൽവെ​ച്ചു​തന്നെ കുറച്ചു പരിശീ​ലനം നേടാൻ നിങ്ങൾക്കു സാധി​ക്കും. എങ്ങനെ? വീട്ടു​ജോ​ലി​കൾ ചെയ്യാൻ പഠിക്കു​ന്ന​തി​ലൂ​ടെ. നേരത്തേ ഉദ്ധരിച്ച ഡോ. പ്രൊ​വെൻസാ​നോ പറയുന്നു: “വീട്ടിലെ ജോലി​കൾ ചെയ്യു​ന്നത്‌ കൗമാ​ര​പ്രാ​യ​ക്കാ​രെ സംബന്ധി​ച്ചി​ട​ത്തോ​ളം വിശേ​ഷി​ച്ചും പ്രധാ​ന​മാണ്‌. കാരണം നിത്യ​ജീ​വി​തം വിജയ​ക​ര​മാ​യി മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ ആവശ്യ​മായ അടിസ്ഥാന വൈദ​ഗ്‌ധ്യ​ങ്ങൾ അത്‌ അവർക്കു പ്രദാനം ചെയ്യുന്നു. ഇത്‌ തങ്ങളുടെ മാതാ​പി​താ​ക്ക​ളിൽനി​ന്നും മാറി​ത്താ​മ​സി​ക്കേ​ണ്ടി​വ​രു​മ്പോൾ വിജയ​ക​ര​മാ​യും കാര്യ​നിർവ​ഹ​ണ​ശേ​ഷി​യോ​ടും കൂടെ ജീവി​ക്കാൻ അവരെ സഹായി​ക്കും.” അതു​കൊണ്ട്‌ വീട്ടിലെ ജോലി​കൾ ചെയ്യാൻ സദാ ഒരുക്ക​മു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങളു​ടെ വീട്ടിൽ മുറ്റത്തു പുല്ലു​പ​റി​ക്കാ​നോ എന്തെങ്കി​ലും അറ്റകു​റ്റ​പ്പ​ണി​കൾ ചെയ്യാ​നോ ഉണ്ടോ?

കായി​കാ​ധ്വാ​നം അന്തസ്സ്‌ ഇല്ലാത്ത ജോലി​യല്ല, മറിച്ച്‌ നിരവധി പ്രയോ​ജ​നങ്ങൾ കൈവ​രു​ത്താൻ കഴിയുന്ന ഒന്നാണ്‌. കായി​കാ​ധ്വാ​നത്തെ ഒഴിവാ​ക്കാ​തി​രി​ക്കുക! പകരം കഠിനാ​ധ്വാ​ന​ത്തിൽനി​ന്നു ‘സുഖം അനുഭ​വി​ക്കാൻ’ ശ്രമി​ക്കുക. കാരണം അത്‌ “ദൈവ​ത്തി​ന്റെ ദാനം ആകുന്നു” എന്ന്‌ സഭാ​പ്ര​സം​ഗി 3:13 പറയുന്നു.

[21-ാം പേജിലെ ആകർഷക വാക്യം]

തൊഴിൽ പഠിച്ചത്‌ അനേകം യുവജ​ന​ങ്ങളെ തങ്ങളുടെ ദൈവ​സേ​വനം വികസി​പ്പി​ക്കാൻ സഹായി​ച്ചി​രി​ക്കു​ന്നു

[22-ാം പേജിലെ ചിത്രങ്ങൾ]

മിക്കപ്പോഴും മാതാ​പി​താ​ക്കൾക്കു നിങ്ങളെ അടിസ്ഥാന വൈദ​ഗ്‌ധ്യ​ങ്ങൾ പഠിപ്പി​ക്കാ​നാ​കും