വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തക്കാളി—ബഹുമുഖോപയോഗമുള്ള ഒരു “പച്ചക്കറി”

തക്കാളി—ബഹുമുഖോപയോഗമുള്ള ഒരു “പച്ചക്കറി”

തക്കാളി—ബഹുമു​ഖോ​പ​യോ​ഗ​മുള്ള ഒരു “പച്ചക്കറി”

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

“തക്കാളി​യി​ല്ലാ​തെ ഞാൻ എന്തു​ചെ​യ്യും!” ഇറ്റലി​ക്കാ​രി​യായ ഒരു വീട്ടമ്മ​യു​ടെ വാക്കുകൾ. ലോക​മെ​മ്പാ​ടു​മുള്ള നിരവധി വീട്ടമ്മ​മാ​രു​ടെ​യും മറ്റു പാചക​ക്കാ​രു​ടെ​യും വികാ​രങ്ങൾ ഈ വാക്കു​ക​ളിൽ നിഴലി​ക്കു​ന്നു. തക്കാളി അനേകം സംസ്‌കാ​ര​ങ്ങ​ളു​ടെ പാചക​വി​ധി​ക​ളിൽ സ്ഥാനം പിടി​ച്ചി​രി​ക്കു​ന്നു. വീട്ടു​വ​ള​പ്പി​ലെ പച്ചക്കറി​ത്തോ​ട്ട​ങ്ങ​ളിൽ ഏറ്റവും അധികം വളർത്തുന്ന ഭക്ഷ്യവ​സ്‌തു​വാണ്‌ ഇത്‌. എന്നാൽ ഇത്‌ ഒരു പച്ചക്കറി​യാ​ണോ അതോ പഴമാ​ണോ?

അകത്തു വിത്തുള്ള ഒരു മാംസള ഫലമാണ്‌ തക്കാളി. അതിനാൽ സസ്യശാ​സ്‌ത്ര​പ്ര​കാ​രം തക്കാളി പഴങ്ങളു​ടെ വിഭാ​ഗ​ത്തിൽപ്പെ​ടു​ന്നു. എന്നിരു​ന്നാ​ലും, സാധാ​ര​ണ​മാ​യി പ്രധാന ഭക്ഷണ​ത്തോ​ടൊ​പ്പം കഴിക്കു​ന്ന​തി​നാൽ മിക്കവ​രും ഇതിനെ പച്ചക്കറി​യാ​യി​ട്ടാ​ണു കരുതു​ന്നത്‌. ഈ രുചി​ക​ര​മായ ഭക്ഷ്യവ​സ്‌തു​വിന്‌ രസാവ​ഹ​മായ ഒരു ഭൂതകാ​ല​മുണ്ട്‌.

രസകര​മായ ചരിത്രം

മെക്‌സി​ക്കോ​യിൽ ആസ്‌ടെ​ക്കു​കാർ ഭക്ഷണത്തി​നാ​യി തക്കാളി കൃഷി​ചെ​യ്‌തി​രു​ന്നു. അവരു​ടെ​മേൽ വിജയം​നേടി സ്‌പെ​യി​നി​ലേക്കു മടങ്ങിയ സ്‌പാ​നീഷ്‌ യോദ്ധാ​ക്കൾ 16-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ ഈ വിള സ്‌പെ​യി​നിൽ എത്തിച്ചു. നാവാറ്റ്‌ൽ ജനത ഈ ചെടി​ക്കിട്ട റ്റൊമാറ്റ്‌ൽ എന്ന പേര്‌ കടമെ​ടുത്ത്‌ സ്‌പെ​യിൻകാർ അതിനെ റ്റൊമാ​റ്റെ എന്നു വിളിച്ചു. താമസി​യാ​തെ​തന്നെ, ഇറ്റലി, ഉത്തര ആഫ്രിക്ക, മധ്യപൂർവ​ദേശം എന്നിവി​ട​ങ്ങ​ളി​ലെ സ്‌പാ​നീഷ്‌ അധിവാസ കേന്ദ്ര​ങ്ങ​ളിൽ ആളുകൾ രുചി​ക​ര​മായ ഈ പുതിയ വിഭവം ആസ്വദി​ക്കാൻ തുടങ്ങി.

ആ നൂറ്റാ​ണ്ടി​ന്റെ മധ്യ​ത്തോ​ടെ തക്കാളി ഉത്തര യൂറോ​പ്പി​ലെത്തി. ഇതു വിഷക​ര​മാ​ണെന്നു കരുതിയ ആളുകൾ ആദ്യ​മൊ​ക്കെ പൂന്തോ​ട്ട​ത്തി​ലെ അലങ്കാ​ര​ച്ചെ​ടി​യാ​യി​ട്ടാണ്‌ ഇതു വളർത്തി​യി​രു​ന്നത്‌. നൈറ്റ്‌ഷേഡ്‌ കുടും​ബ​ത്തിൽപ്പെട്ട തക്കാളി​ച്ചെ​ടി​യു​ടെ ഇലകൾക്ക്‌ രൂക്ഷഗ​ന്ധ​വും തണ്ടുകൾക്കു വിഷാം​ശ​വും ഉണ്ടെങ്കി​ലും തക്കാളിക്ക തികച്ചും ഭക്ഷ്യ​യോ​ഗ്യ​മാ​യി​രു​ന്നു.

യൂറോ​പ്പി​ലേ​ക്കു കുടി​യേ​റിയ ഈ പുതു​മു​ഖ​ത്തി​ന്റെ നിറം മഞ്ഞയാ​യി​രു​ന്നി​രി​ക്കണം, കാരണം ഇറ്റലി​ക്കാർ അതിനെ പോ​മോ​ഡോ​റോ (സ്വർണ ആപ്പിൾ) എന്നാണു വിളി​ച്ചത്‌. ഇംഗ്ലീ​ഷു​കാർ അതിനെ റ്റൊമാ​റ്റെ എന്നും പിന്നീട്‌ റ്റൊമാ​റ്റോ എന്നും വിളിച്ചു. “ലവ്‌ ആപ്പിൾ” എന്ന പേരി​ലും ഇതു വ്യാപ​ക​മാ​യി അറിയ​പ്പെ​ടാൻ തുടങ്ങി. യൂറോ​പ്പിൽനിന്ന്‌ തക്കാളി അറ്റ്‌ലാ​ന്റി​ക്കി​നു കുറുകെ ദീർഘ​ദൂര പ്രയാണം ചെയ്‌ത്‌ വടക്കേ അമേരി​ക്ക​യി​ലെത്തി. അവിടെ ക്രമേണ 19-ാം നൂറ്റാ​ണ്ടിൽ ഇത്‌ ഒരു പ്രമുഖ ഭക്ഷ്യവ​സ്‌തു​വാ​യി​ത്തീർന്നു.

വിസ്‌മ​യി​പ്പി​ക്കും​വി​ധം വൈവി​ധ്യ​മാർന്ന, അത്യന്തം പ്രിയ​ങ്ക​ര​മായ ഒരു ഭക്ഷ്യവ​സ്‌തു

തക്കാളി​യു​ടെ നിറ​മെ​ന്താ​ണെന്ന്‌ ചോദി​ച്ചാൽ, “ചെമപ്പ്‌” എന്നായി​രി​ക്കും മിക്കവാ​റും ഉത്തരം. എന്നാൽ തക്കാളിക്ക്‌ എന്തെല്ലാം നിറ​ഭേ​ദ​ങ്ങ​ളു​ണ്ടെ​ന്നോ? മഞ്ഞ, ഓറഞ്ച്‌, ഇളം ചുവപ്പ്‌, മാന്തളിർവർണം, തവിട്ട്‌, വെള്ള, പച്ച എന്നിങ്ങനെ. പുറത്തു​വ​ര​ക​ളുള്ള ഇനങ്ങൾപോ​ലു​മുണ്ട്‌. എല്ലാറ്റി​നും ഗോളാ​കൃ​തി​യല്ല. ചിലതു പരന്നതാണ്‌, മറ്റുചി​ല​തിന്‌ അണ്ഡാകൃ​തി​യും. നീണ്ട പേരയ്‌ക്ക​യു​ടെ ആകൃതി​യു​ള്ള​വ​യു​മുണ്ട്‌. ഒരു പയറു​മ​ണി​യു​ടെ വലുപ്പം​മു​തൽ മനുഷ്യ​ന്റെ മുഷ്ടി​യു​ടെ​യ​ത്ര​യും വലുപ്പ​മുള്ള തക്കാളി​വ​രെ​യുണ്ട്‌.

അങ്ങ്‌ വടക്ക്‌ ഐസ്‌ലൻഡി​ലും തെക്ക്‌ ന്യൂസി​ലൻഡി​ലും തക്കാളി കൃഷി​ചെ​യ്യ​പ്പെ​ടു​ന്നു. തക്കാളി​ക്കൃ​ഷി​യിൽ മുൻപ​ന്തി​യിൽ നിൽക്കു​ന്നത്‌ ഐക്യ​നാ​ടു​ക​ളും ദക്ഷിണ​യൂ​റോ​പ്യൻ രാജ്യ​ങ്ങ​ളു​മാണ്‌. ശൈത്യ​കാ​ലാ​വ​സ്ഥ​യുള്ള ഇടങ്ങളിൽ ഹരിത​ഗൃ​ഹ​ക്ര​മീ​ക​ര​ണ​ത്തി​ലൂ​ടെ​യും വരണ്ട പ്രദേ​ശ​ങ്ങ​ളിൽ, മണ്ണില്ലാ​തെ പോഷക സമൃദ്ധ​മായ ലായനി​യിൽ സസ്യങ്ങൾ കൃഷി​ചെ​യ്യുന്ന ഹൈ​ഡ്രോ​പോ​ണിക്‌ വിദ്യ​യി​ലൂ​ടെ​യും ഇതു വിളയി​ക്കു​ന്നു.

ഒരു നേര​മ്പോ​ക്കി​നു​വേണ്ടി തോട്ടങ്ങൾ വെച്ചു​പി​ടി​പ്പി​ക്കു​ന്ന​തിൽ താത്‌പ​ര്യ​മു​ള്ള​വ​രു​ടെ പ്രിയ​പ്പെട്ട വിളയാണ്‌ ഇന്നും തക്കാളി. ഇതു വളർത്താൻ എളുപ്പ​മാണ്‌, ഏതാനും ചെടി​ക​ളിൽനിന്ന്‌ ഒരു കൊച്ചു​കു​ടും​ബ​ത്തി​നു വേണ്ടത്ര തക്കാളി കിട്ടും. തോട്ട​ത്തി​നുള്ള സ്ഥലമി​ല്ലെ​ങ്കിൽ ചെടി​ച്ച​ട്ടി​യിൽ അല്ലെങ്കിൽ ചെടി​വ​ളർത്താ​നാ​യി ജനലി​നോ​ടു ചേർത്തു​ണ്ടാ​ക്കുന്ന കോൺക്രീറ്റ്‌ തൊട്ടി​ക​ളിൽ നട്ടുവ​ളർത്താൻ തക്കവിധം പ്രത്യേ​കം വികസി​പ്പി​ച്ചെ​ടു​ത്തി​ട്ടുള്ള തക്കാളി​യി​നങ്ങൾ പരീക്ഷി​ച്ചു​നോ​ക്കാം.

ചില നിർദേ​ശ​ങ്ങ​ളും ആരോഗ്യ നുറു​ങ്ങു​ക​ളും

ശീതോ​ഷ്‌മാവ്‌ തക്കാളി​യു​ടെ രുചി കെടു​ത്തും. അതു​കൊണ്ട്‌ ഇതു ഫ്രിഡ്‌ജിൽ സൂക്ഷി​ക്ക​രുത്‌. തക്കാളി വേഗം പഴുത്തു​കി​ട്ട​ണ​മെ​ങ്കിൽ വെയി​ലും വെളി​ച്ച​വു​മുള്ള ഒരു ജനലരി​കിൽ വെച്ചാൽ മതി, അല്ലെങ്കിൽ മുറി​യി​ലെ ഊഷ്‌മാ​വിൽത്തന്നെ ഒരു പഴുത്ത തക്കാളി​ക്ക​യു​ടെ​യോ വാഴപ്പ​ഴ​ത്തി​ന്റെ​യോ കൂടെ ഏതാനും ദിവസം ഒരു കുഴിയൻ പാത്ര​ത്തി​ലോ ബ്രൗൺ കടലാ​സു​കൊണ്ട്‌ ഉണ്ടാക്കിയ കൂടി​ലോ ഇട്ടു​വെ​ച്ചാ​ലും മതി.

തക്കാളി ആരോ​ഗ്യ​ത്തി​നു നല്ലതാണ്‌. അതിൽ എ, സി, ഇ എന്നീ വിറ്റാ​മി​നു​ക​ളും പൊട്ടാ​സ്യം, കാൽസ്യം, ധാതു​ല​വ​ണങ്ങൾ എന്നിവ​യും അടങ്ങി​യി​രി​ക്കു​ന്നു. തക്കാളി ശക്തി​യേ​റിയ ഒരു ആന്റിഓ​ക്‌സി​ഡ​ന്റായ ലൈ​കോ​പി​നി​ന്റെ ഒന്നാന്തരം കലവറ​യാ​ണെന്ന്‌ ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു. ഈ ആന്റിഓ​ക്‌സി​ഡന്റ്‌ കാൻസ​റും ഹൃ​ദ്രോ​ഗ​വും പോലുള്ള ചില രോഗ​ങ്ങ​ളു​ടെ സാധ്യത കുറയ്‌ക്കു​ന്ന​താ​യി പറയ​പ്പെ​ടു​ന്നു. തക്കാളി​യു​ടെ 93 മുതൽ 95 വരെ ശതമാനം വെള്ളമാണ്‌. തൂക്കം​വർധി​ക്കാ​തെ നോക്കു​ന്ന​വർക്കൊ​രു സന്തോ​ഷ​വാർത്ത, ഈ ഫലം കലോറി തീരെ​ക്കു​റ​ഞ്ഞ​താണ്‌.

തക്കാളി​വി​ഭ​വ​ത്തി​ന്റെ വൈവി​ധ്യ​മാർന്ന രുചി​ഭേ​ദ​ങ്ങൾ

തക്കാളി വാങ്ങാൻ പോകു​ക​യാ​ണെ​ങ്കിൽ ഏതിനം തക്കാളി​യാണ്‌ നിങ്ങൾ തിര​ഞ്ഞെ​ടു​ക്കുക? സാധാരണ കിട്ടുന്ന ചെമന്ന തക്കാളി സാലഡി​നും സൂപ്പി​നും സോസു​കൾക്കും പറ്റിയ​താണ്‌. ചെമപ്പ്‌, ഓറഞ്ച്‌, മഞ്ഞ നിറങ്ങ​ളി​ലുള്ള ചെറിയ തക്കാളിക്ക്‌ നല്ല മധുര​മുണ്ട്‌. ചെറി​പോ​ലുള്ള അവയിൽ പഞ്ചസാര കൂടുതൽ അടങ്ങി​യി​ട്ടു​ള്ള​തി​നാൽ പാകം ചെയ്യാ​തെ​തന്നെ തിന്നാൻ നല്ല രസമാണ്‌. നിങ്ങൾ പിറ്റ്‌സ​യോ പാസ്റ്റയോ ഉണ്ടാക്കു​ക​യാ​ണെ​ങ്കിൽ നല്ല ഉറച്ച മാംസ​ള​ഭാ​ഗ​മുള്ള അണ്ഡാകൃ​തി​യി​ലുള്ള പ്ലം തക്കാളി നല്ലതാ​യി​രി​ക്കും. വലിയ ബീഫ്‌ റ്റൊമാ​റ്റോ—കട്ടിയുള്ള മാംസ​ള​ഭാ​ഗം ഉള്ളതു​കൊ​ണ്ടാണ്‌ ഇതിന്‌ ഈ പേര്‌—സ്റ്റഫ്‌ ചെയ്യു​ന്ന​തി​നോ ബേക്കു ചെയ്യു​ന്ന​തി​നോ പറ്റിയ​താണ്‌. പച്ചനി​റ​മുള്ള തക്കാളി—ചില​പ്പോൾ ഇവയുടെ പുറത്തു വരകൾ കാണും—പച്ചയ്‌ക്ക്‌ അരിഞ്ഞു കൂട്ടാൻ ഒന്നാന്ത​ര​മാണ്‌. പച്ചക്കറി, മുട്ട, പാസ്റ്റ, ഇറച്ചി, മത്സ്യം എന്നിവ​കൊ​ണ്ടുള്ള സ്വാദി​ഷ്ട​മായ നാനാ​തരം വിഭവ​ങ്ങ​ളിൽ തക്കാളി തനതായ രുചി​യും നിറവും പകരുന്നു. നല്ല പുതിയ തക്കാളിക്ക നിങ്ങൾക്കു വാങ്ങാൻ കിട്ടു​ക​യി​ല്ലെ​ങ്കിൽ പല വിധത്തിൽ സംസ്‌ക​രി​ച്ചെ​ടുത്ത തക്കാളി​യു​ത്‌പ​ന്നങ്ങൾ നിങ്ങളു​ടെ നാട്ടിലെ കടകളിൽ ലഭ്യമാ​യി​രി​ക്കും എന്നതിനു സംശയ​മില്ല.

തക്കാളി​വി​ഭ​വ​ങ്ങൾ ഉണ്ടാക്കു​ന്ന​തിൽ ഓരോ പാചക​ക്കാ​ര​നും തനതായ പാചക​വി​ധി​കൾ ഉണ്ടായി​രി​ക്കും, താഴെ​ക്കൊ​ടു​ക്കുന്ന ചില രീതികൾ പരീക്ഷി​ച്ചു​നോ​ക്കാൻ നിങ്ങൾ ഇഷ്ടപ്പെ​ട്ടേ​ക്കാം.

1. തക്കാളി, മോറ്റ്‌സ​രെല പാൽക്കട്ടി, വെണ്ണപ്പഴം എന്നിവ കനംകു​റച്ചു മുറി​ച്ചെ​ടുത്ത്‌ വർണപ്പ​കി​ട്ടാർന്ന ഒരു അപ്പെ​റ്റൈസർ പെട്ടെന്നു തയ്യാറാ​ക്കാം. ഇതിൽ ഒലിവെണ്ണ, കുരു​മു​ളക്‌ എന്നിവ ഡ്രസിങ്‌ ആയി ചേർക്കാം. എന്നിട്ട്‌ ബേസിൽ ഇലകൾകൊണ്ട്‌ അലങ്കരി​ക്കു​ക​യും ചെയ്യാം.

2. ഇനി ഒരു ഗ്രീക്ക്‌ സാലഡ്‌. തക്കാളി കനത്തിൽ മുറി​ച്ചത്‌, വെള്ളരിക്ക, ഫെറ്റ പാൽക്കട്ടി, കറുത്ത ഒലീവ്‌ കായ്‌, കനംകു​റച്ചു മുറിച്ച ചുവന്ന ഉള്ളി എന്നിവ എടുക്കുക. രുചി​ക്കാ​യി ഉപ്പും കുരു​മു​ള​കും ചേർക്കുക. ഒലി​വെ​ണ്ണ​യും നാരങ്ങാ​നീ​രും ഡ്രസിങ്‌ ആയി ചേർത്തു വിളമ്പുക.

3. ഒരു മെക്‌സി​ക്കൻ സോൽസ ആയാലോ. തക്കാളി, ഉള്ളി, പച്ചമു​ളക്‌, മല്ലിയില എന്നിവ അരിഞ്ഞ്‌ അൽപ്പം നാരങ്ങാ​നീ​രും ചേർത്തി​ള​ക്കുക.

4. ഇനി പാസ്റ്റ​യോ​ടൊ​പ്പം കഴിക്കാൻ രുചി​ക​ര​വും ലളിത​വു​മായ ഒരു തക്കാളി സോസ്‌ തയ്യാറാ​ക്കാം. കാനിൽ കിട്ടുന്ന അരിഞ്ഞ തക്കാളി ചീനച്ച​ട്ടി​യി​ലേക്ക്‌ ഇട്ട്‌ ഒരു നുള്ള്‌ പഞ്ചസാര (അല്ലെങ്കിൽ കെച്ചപ്പ്‌), അൽപ്പം ഒലിവെണ്ണ, കൊത്തി​യ​രിഞ്ഞ ഒരല്ലി വെളു​ത്തു​ള്ളി, ബേസിൽ ഇല, യൂറോ​പ്യൻ ലോറ​ലി​ന്റെ ഉണങ്ങിയ ഇല, അല്ലെങ്കിൽ ഒറെഗാ​നോ ഇല, അൽപ്പം ഉപ്പ്‌, കുരു​മു​ളക്‌ എന്നിവ​യെ​ല്ലാം ചേർത്ത്‌ ഇളക്കുക. ഇതു തിളയ്‌ക്കു​മ്പോൾ കുറഞ്ഞ തീയിൽ 20 മിനിട്ടു വെക്കുക, സോസ്‌ കുറു​കാ​നാ​ണിത്‌. ഇനി പാകം ചെയ്‌തു വെച്ചി​രി​ക്കുന്ന വെള്ളം​വാർന്ന പാസ്റ്റയിൽ ഒഴിച്ചു കഴിക്കു​കയേ വേണ്ടൂ.

നമ്മുടെ ഉപയോ​ഗ​ത്തി​നാ​യി സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന അനന്ത​വൈ​വി​ധ്യ​മാർന്ന ആഹാര​പ​ദാർഥ​ങ്ങ​ളിൽ ഒന്നുമാ​ത്ര​മാണ്‌ ബഹുമു​ഖോ​പ​യോ​ഗ​മുള്ള തക്കാളി​ക്കാ​യ്‌കൾ.