ദൈവം എല്ലായിടത്തുമുണ്ടോ?
ബൈബിളിന്റെ വീക്ഷണം
ദൈവം എല്ലായിടത്തുമുണ്ടോ?
ദൈവത്തെ സർവശക്തനും സർവജ്ഞാനിയും എന്നു വിശേഷിപ്പിക്കാറുണ്ട്. അത് ഉചിതവുമാണ്. എന്നിരുന്നാലും ദൈവത്തിന്റെ മഹത്ത്വത്തെ കൂടുതലായി വർണിക്കാൻ ശ്രമിക്കുമ്പോൾ ചിലർ മൂന്നാമതൊരു പദം കൂടി ഉപയോഗിക്കുന്നു—സർവവ്യാപി. ദൈവം ഒരേസമയം എല്ലായിടത്തുമുണ്ടെന്ന് അവർ വിശ്വസിക്കുന്നു.
മുകളിൽ പറഞ്ഞിരിക്കുന്നതിൽ ആദ്യ രണ്ടു പദങ്ങളെ വ്യക്തമായും തിരുവെഴുത്തു പഠിപ്പിക്കലുകൾ പിന്താങ്ങുന്നുണ്ട്. (ഉല്പത്തി 17:1; എബ്രായർ 4:13; വെളിപ്പാടു 11:17) ദൈവം തീർച്ചയായും സർവശക്തനാണ്. യാതൊന്നും അവനിൽനിന്നു മറച്ചുവെക്കാൻ കഴിയുകയില്ല എന്ന അർഥത്തിൽ അവൻ സർവജ്ഞാനിയുമാണ്. എന്നാൽ അവൻ സർവവ്യാപിയാണോ? ദൈവം എല്ലായിടത്തുമുണ്ടോ, അതോ അവൻ നിശ്ചിത വാസസ്ഥലമുള്ള ഒരു വ്യക്തിയാണോ?
ദൈവം എവിടെയാണ്?
അനേകം ബൈബിൾ വാക്യങ്ങൾ, ദൈവത്തിന്റെ “വാസസ്ഥലം” “സ്വർഗ്ഗ”മാണെന്നു പരാമർശിച്ചിരിക്കുന്നു. (1 രാജാക്കന്മാർ 8:39, 43, 49; 2 ദിനവൃത്താന്തം 6:33, 39) എന്നിരുന്നാലും ഒരു ബൈബിൾ വിവരണം യഹോവയാം ദൈവത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “എന്നാൽ ദൈവം യഥാർത്ഥമായി ഭൂമിയിൽ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ.”—2 ദിനവൃത്താന്തം 6:18.
“ദൈവം ആത്മാവു ആകുന്നു,” എന്ന് ബൈബിൾ പറയുന്നു. (യോഹന്നാൻ 4:24) അതുകൊണ്ട് ഭൗതിക പ്രപഞ്ചത്തിൽനിന്നു തികച്ചും വേറിട്ട ഒരു ആത്മ മണ്ഡലത്തിലാണ് അവൻ വസിക്കുന്നത്. ദൈവത്തിന്റെ വാസസ്ഥലം “സ്വർഗ്ഗ”മാണെന്നു ബൈബിൾ പറയുമ്പോൾ, നാം ജീവിക്കുന്ന ഭൗതിക പരിസ്ഥിതിയോടുള്ള വിപരീത താരതമ്യത്തിൽ യഹോവ വസിക്കുന്ന സ്ഥലത്തിന്റെ ഔന്നത്യത്തെയാണ് അതു പരാമർശിക്കുന്നത്. സർവപ്രധാനമായി, ദൈവത്തിന്റെ വാസസ്ഥലം ഭൗതിക പ്രപഞ്ചത്തിൽനിന്നു തികച്ചും വേർപെട്ടതും അതേസമയം സുനിശ്ചിതമായ ഒരു സ്ഥാനവും ആണെന്ന് ബൈബിൾ പഠിപ്പിക്കുന്നു.—ഇയ്യോബ് 2:1, 2.
ദൈവം ഒരു വ്യക്തിയാണ്
“എന്റെ പിതാവിന്റെ ഭവനത്തിൽ അനേകം വാസസ്ഥലങ്ങൾ ഉണ്ടു; . . . ഞാൻ നിങ്ങൾക്കു സ്ഥലം ഒരുക്കുവാൻ പോകുന്നു” എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞപ്പോൾ അവൻ യഹോവയുടെ വാസസ്ഥലത്തെക്കുറിച്ചു സംസാരിക്കുകയായിരുന്നു. (യോഹന്നാൻ 14:2) യേശു എവിടേക്കാണ് പോയത്? അവൻ “ഇപ്പോൾ നമുക്കു വേണ്ടി ദൈവസന്നിധിയിൽ പ്രത്യക്ഷനാവാൻ സ്വർഗ്ഗത്തിലേക്കത്രേ പ്രവേശിച്ചത്.” (എബ്രായർ 9:24) ഈ വിവരണം യഹോവയാം ദൈവത്തെപ്പറ്റി രണ്ടു സുപ്രധാന വസ്തുതകൾ നമ്മെ പഠിപ്പിക്കുന്നു. ഒന്ന്, അവന് അക്ഷരീയമായ ഒരു വാസസ്ഥലമുണ്ട്. രണ്ട്, അവൻ എല്ലായിടത്തും വ്യാപിച്ചിരിക്കുന്ന ഒരു അനിർവചനീയ ശക്തിയല്ല, മറിച്ച് ഒരു വ്യക്തിയാണ്.
അതുകൊണ്ടാണ് “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത്. അതിനർഥം ആത്മീയ സ്വർഗത്തിൽ വസിക്കുന്ന, യഹോവ എന്ന വ്യക്തിയോടു പ്രാർഥിക്കണം എന്നായിരുന്നു. (മത്തായി 6:9;12:50) ഈ പഠിപ്പിക്കൽ 1,500-ലധികം വർഷമായി ദൈവജനം പിന്തുടരുന്ന പ്രാർഥനാരീതിയോടു യോജിപ്പിലായിരുന്നു. ഏറ്റവും പഴക്കംചെന്ന ദൈവനിശ്വസ്ത ലിഖിതങ്ങളിൽ പിൻവരുന്ന പ്രാർഥന അടങ്ങിയിരിക്കുന്നു: ‘നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനത്തെ അനുഗ്രഹിക്കേണമേ.’—ആവർത്തനപുസ്തകം 26:15.
എല്ലാവരിലും, എല്ലായിടത്തും എത്തുന്ന ദൈവത്തിന്റെ പരിശുദ്ധാത്മാവ്
ദൈവത്തെ ഒരു നിശ്ചിത വാസസ്ഥലമുള്ളവനായി എല്ലായ്പോഴും പരാമർശിക്കുമ്പോൾത്തന്നെ, അവന്റെ പരിശുദ്ധാത്മാവ് സർവവ്യാപിയാണെന്നു ബൈബിൾ പറയുന്നു. “നിന്റെ ആത്മാവിനെ ഒളിച്ചു ഞാൻ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാൻ എവിടേക്കു ഓടും?” എന്ന് സങ്കീർത്തനക്കാരനായ ദാവീദ് ചോദിച്ചു. (സങ്കീർത്തനം 139:7) ഇത്തരം പരാമർശങ്ങൾ ചിലരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു. തന്നിമിത്തം, ദൈവം സർവവ്യാപിയാണെന്ന നിഗമനത്തിൽ അവർ എത്തിച്ചേർന്നേക്കാം. എന്നിരുന്നാലും ഈ വാക്യത്തിന്റെയും മറ്റു വാക്യങ്ങളുടെയും സന്ദർഭം പരിശോധിക്കുകയാണെങ്കിൽ, യഹോവയ്ക്ക് തന്റെ നിശ്ചിത വാസസ്ഥലത്തുനിന്നും തന്റെ പരിശുദ്ധാത്മാവിനെ—അല്ലെങ്കിൽ പ്രവർത്തനനിരതമായ ശക്തിയെ—ഭൗതിക പ്രപഞ്ചത്തിലെ ഏതൊരു സ്ഥലത്തേക്കും വ്യാപിപ്പിക്കാൻ സാധിക്കും എന്നുള്ളത് വ്യക്തമാകും.
മക്കളെ ആശ്വസിപ്പിക്കാനും താങ്ങാനും ഒരു പിതാവിന്റെ കരങ്ങൾ നീളുന്നതുപോലെ, യഹോവയ്ക്ക് തന്റെ കൈകളെ—പരിശുദ്ധാത്മാവിനെ—തന്റെ ഉദ്ദേശ്യങ്ങൾ നിവർത്തിക്കുന്നതിനുവേണ്ടി ആത്മമണ്ഡലത്തിന്റെയോ ഭൗതിക പ്രപഞ്ചത്തിന്റെയോ ഏതൊരു ഭാഗത്തേക്കും നീട്ടാൻ സാധിക്കും. അതുകൊണ്ട് സങ്കീർത്തനക്കാരന് ഇങ്ങനെ പറയാൻ സാധിച്ചു: “ഞാൻ ഉഷസ്സിൻ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാർത്താൽ അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.”—സങ്കീർത്തനം 139:9, 10.
നിങ്ങൾക്കു ദൈവത്തിന്റെ സ്നേഹിതനായിരിക്കാൻ കഴിയും
താൻ എവിടെ വസിക്കുന്നുവെന്നും ഏതുതരം അസ്തിത്വമാണ് തനിക്കുള്ളതെന്നും ഉചിതമായി വെളിപ്പെടുത്തുന്നതിന് തന്നെക്കുറിച്ചും തന്റെ വാസസ്ഥലത്തെക്കുറിച്ചും മാനുഷികമായ രീതിയിൽ വർണിക്കാൻ താഴ്മയോടും സ്നേഹത്തോടും കൂടെ യഹോവ അനുവദിച്ചിരിക്കുന്നു. ഈ വിധത്തിലും മറ്റു വിധങ്ങളിലും ‘ആകാശത്തിലും ഭൂമിയിലും ഉള്ളവയെ അവൻ കുനിഞ്ഞുനോക്കുന്നു.’ (സങ്കീർത്തനം 113:6) എന്നിരുന്നാലും, ദൈവം എങ്ങനെയുള്ളവനാണെന്നു പൂർണമായി ഗ്രഹിക്കുക മനുഷ്യർക്ക് അസാധ്യമാണ്.
പൂർണമായും മാനുഷികമായ രീതിയിൽ വർണിക്കാനാവാത്തത്ര ശ്രേഷ്ഠനും മഹാനും വിശിഷ്ടനുമാണ് യഹോവ. അതുകൊണ്ട് ദൈവത്തിന്റെ സ്വർഗീയ വാസസ്ഥലം ഒരു സുനിശ്ചിത സ്ഥാനമാണെന്നു തിരുവെഴുത്തുകൾ പറയുമ്പോൾ, അത്തരമൊരു ആത്മമണ്ഡലത്തെക്കുറിച്ചു പൂർണമായി മനസ്സിലാക്കുക മനുഷ്യർക്ക് അസാധ്യമാണ്.—സങ്കീർത്തനം 139:6.
യഹോവ യഥാർഥത്തിൽ എങ്ങനെയുള്ളവനാണ് എന്നതു സംബന്ധിച്ച ന്യായമായ അളവിലുള്ള അറിവ്, അതായത് അവൻ പ്രപഞ്ചത്തിലുള്ള എല്ലാറ്റിലും സ്ഥിതിചെയ്യുന്ന അനിർവചനീയവും അമൂർത്തവുമായ ഒരു ശക്തിയല്ലെന്നുള്ള തിരിച്ചറിവ്, വലിയ ആശ്വാസത്തിനു വക നൽകുന്നു. സ്നേഹം, ആർദ്രത എന്നീ ഗുണങ്ങൾ മുഖമുദ്രയായുള്ള സുനിശ്ചിത വ്യക്തിത്വവും പ്രത്യേക വാസസ്ഥലവുമുള്ള ഒരു വ്യക്തിയാണ് അവൻ. ഇത്തരം അറിവ് എല്ലാ വ്യക്തികൾക്കും, സങ്കൽപ്പിക്കാവുന്നതിൽവെച്ച് ഏറ്റവും വിസ്മയകരവും മഹത്തരവുമായ ഒരു പദവി വെച്ചുനീട്ടുന്നു—സർവശക്തനായ അഖിലാണ്ഡപരമാധികാരിയുമായി ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വ്യക്തിപരമായ സൗഹൃദം വളർത്തിയെടുക്കുന്നതിനുള്ള പദവി.—യാക്കോബ് 4:8.