‘ദൈവത്തിന്റെ പിന്തുണയുള്ള ഒരു മാസിക’
‘ദൈവത്തിന്റെ പിന്തുണയുള്ള ഒരു മാസിക’
നൈജീരിയയിൽ യഹോവയുടെ സാക്ഷികളോടൊത്തു ബൈബിൾ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ ‘ഇന്റർ-ആഫ്രിക്കൻ കമ്മിറ്റി ഓൺ വിമൻ ആന്റ് ചിൽഡ്രൻ’ സംഘടിപ്പിച്ച ഒരു സെമിനാറിൽ പങ്കെടുക്കാൻ പോയി. അദ്ദേഹം ഉണരുക! മാസികയുടെ രണ്ടു പുതിയ ലക്കങ്ങളും കൂടെക്കരുതിയിരുന്നു.
സെമിനാറിന്റെ ആദ്യ ദിവസം, പ്രസംഗകൻ ഉപയോഗിക്കുന്ന ആശയങ്ങൾ തന്റെ കൈവശമുള്ള ഉണരുക!യിലേതാണല്ലോ എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. “ജീവിച്ചിരിക്കുന്നത് മൂല്യവത്താണ്” (2001 നവംബർ 8) എന്ന ആമുഖ ലേഖനപരമ്പരയെ ആധാരമാക്കിയായിരുന്നു അത്. പെട്ടെന്നുതന്നെ അദ്ദേഹം തന്റെ കൈവശമുള്ള മാസികയെടുത്ത് പറയുന്ന ആശയങ്ങൾ ഒത്തുനോക്കാൻ തുടങ്ങി.
അന്നു വൈകുന്നേരം, പിറ്റേ ദിവസത്തെ പ്രഭാഷണം നടത്താൻ പോകുന്ന ഒരു അഭിഭാഷകൻ ഈ ബൈബിൾ വിദ്യാർഥിയുടെ കൈയിലിരിക്കുന്ന രണ്ടാമത്തെ ഉണരുക! കണ്ടു. “മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം” എന്ന വിഷയമായിരുന്നു ആമുഖ ലേഖനപരമ്പരയിൽ വിശേഷവത്കരിച്ചിരുന്നത്. അഭിഭാഷകൻ അതു കടംവാങ്ങി. അന്നു രാത്രികൊണ്ട് അദ്ദേഹം നേരത്തേ എഴുതിവെച്ചിരുന്ന തന്റെ കുറിപ്പുകളെല്ലാം കളഞ്ഞിട്ട്, ഉണരുക!യിലെ ലേഖനങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയൊരെണ്ണം തയ്യാറാക്കി. പിറ്റേന്ന് അദ്ദേഹം പ്രസംഗം നടത്തുമ്പോൾ ബൈബിൾ വിദ്യാർഥിയുടെ അതേ നിരയിലിരുന്ന ഒരു സ്‌ത്രീ തന്റെ പക്കലുള്ള ഉണരുക!യുടെ പ്രസ്‌തുത ലക്കം എടുത്തു നോക്കാൻ തുടങ്ങി.
ഉണരുക!യിലെ ലേഖനങ്ങൾ വായിച്ചിരുന്നതിനാൽ സെമിനാറിൽവെച്ചു നടന്ന ചർച്ചയിൽ സജീവമായി പങ്കുപറ്റാൻ ഈ ബൈബിൾ വിദ്യാർഥിക്കും കഴിഞ്ഞു. ‘ഈ മാസികയ്ക്ക് ദൈവത്തിന്റെ പിന്തുണയുണ്ടെന്ന കാര്യത്തിൽ എനിക്കൊരു സംശയവുമില്ല,’ അദ്ദേഹം പറഞ്ഞു.
ഈ മാസിക ക്രമമായി നിങ്ങളുടെ വീട്ടിൽ ലഭിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അതിനുള്ള ക്രമീകരണം ചെയ്യാൻ യഹോവയുടെ സാക്ഷികളിൽ ഒരാളോടു പറയരുതോ?