നിങ്ങൾക്ക് മുതലകളെ നോക്കി പുഞ്ചിരിക്കാനാകുമോ?
നിങ്ങൾക്ക് മുതലകളെ നോക്കി പുഞ്ചിരിക്കാനാകുമോ?
ഇന്ത്യയിലെ ഉണരുക! ലേഖകൻ
ഒരു മുതലയെ നോക്കി പുഞ്ചിരിക്കുന്നതിനെക്കുറിച്ചു നിങ്ങൾ എപ്പോഴെങ്കിലും ചിന്തിക്കുമോ? കുട്ടികളുടെ കഥയായ പീറ്റർ പാൻ-ന്റെ ഒരു സംഗീത ആവിഷ്കാരത്തിൽ, ക്യാപ്റ്റൻ ഹുക്ക് എന്ന കഥാപാത്രം, “ഒരിക്കലും മുതലയെ നോക്കി പുഞ്ചിരിക്കരുത്” എന്ന് താൻ ഉപദേശിക്കുന്നതിന്റെ കാരണം വ്യക്തമാക്കുന്നു. അദ്ദേഹം പറയുന്നു, മുതല “നിങ്ങളെ അകത്താക്കുന്നതിനെക്കുറിച്ചാണു ചിന്തിച്ചുകൊണ്ടിരിക്കുന്നത്”!
ലോകത്താകമാനമുള്ള അനേകം ഇനം മുതലകളിൽ ചിലത് മനുഷ്യരെ ആക്രമിക്കുമെന്നുള്ളത് വാസ്തവമാണെങ്കിലും, “അതു വിരളമായി മാത്രം സംഭവിക്കുന്നതായതുകൊണ്ട് . . . മുതലകളെ പൊതുവേ നരഭോജികളായി കണക്കാക്കാൻ സാധിക്കുകയില്ല.” (എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക) ചിലർ ഈ ജീവികളെ വിരൂപികളും ഭയമുളവാക്കുന്നവയും ആയി വീക്ഷിക്കുമ്പോൾ മറ്റു ചിലർക്കു മുതലകൾ ഒരു വിസ്മയമാണ്. ഇന്ത്യൻ സ്വദേശികളായ മൂന്ന് ഇനം മുതലകളെ—അഴിമുഖ മുതല (ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ഇനം), മഗ്ഗർ (ശുദ്ധജല മുതല), ഗേവിയൽ—നമുക്കിപ്പോൾ പരിചയപ്പെടാം.
കൂറ്റൻ അഴിമുഖ മുതലകൾ
ഭൂമിയിലുള്ളതിൽവെച്ച് ഏറ്റവും വലുപ്പമുള്ള ഉരഗമാണ് അഴിമുഖ മുതല. അവയ്ക്ക് ഏഴോ അതിലധികമോ മീറ്റർ നീളവും 1,000 കിലോഗ്രാം ഭാരവും കാണും. ഉപ്പുവെള്ളത്തിൽ മാത്രം ജീവിക്കുന്ന ഇവ ഇന്ത്യമുതൽ വടക്കൻ ഓസ്ട്രേലിയവരെയുള്ള പ്രദേശത്തെ നദീമുഖങ്ങളിലും കടലുകളിലും കടലോരങ്ങളിലുള്ള കണ്ടൽ വൃക്ഷങ്ങൾ വളർന്നുനിൽക്കുന്ന ചതുപ്പുനിലങ്ങളിലുമാണു കാണപ്പെടുന്നത്. മാംസഭോജികളായതിനാൽ ഇവ എലികൾ, തവളകൾ, മീൻ, പാമ്പുകൾ, ഞണ്ടുകൾ, ആമകൾ, മാൻ തുടങ്ങിയവയെ ഭക്ഷിക്കുന്നു—എന്നാൽ ചെറിയ അളവിൽ മാത്രം. വലിയ ആൺ മുതലകൾ ദിവസവും ശരാശരി 500 മുതൽ 700 വരെ ഗ്രാം ഭക്ഷണമേ കഴിക്കാറുള്ളൂ. വെയിൽ കാഞ്ഞുകൊണ്ടോ വെള്ളത്തിൽ പൊന്തിക്കിടന്നുകൊണ്ടോ ഉള്ള ആയാസരഹിതമായ ജീവിതരീതിയും കാര്യക്ഷമമായ ദഹനവ്യൂഹവും കാരണം അവയ്ക്കു കുറച്ച് ഊർജമേ ആവശ്യമായി വരുന്നുള്ളൂ. ഒരു വലിയ അഴിമുഖ മുതല ചിലപ്പോൾ ജാഗ്രതയില്ലാത്ത ഒരാളെ ആക്രമിച്ചെന്നുവരും. നാസാരന്ധ്രങ്ങളും കണ്ണുകളും ഒഴികെയുള്ള മറ്റു ശരീരഭാഗങ്ങൾ വെള്ളത്തിനടിയിലാക്കി വാൽ ഇരു വശങ്ങളിലേക്കും ചലിപ്പിച്ചാണ് ഇവ നീന്തുന്നത്. കുറിയ കാലുകളുപയോഗിച്ച് നടക്കാനും ഇവയ്ക്കു കഴിയും. ആഹാരം ചാടിപ്പിടിക്കാനും ചില സമയങ്ങളിൽ ഇരയ്ക്കു പിന്നാലെ വേഗത്തിൽ ഓടാനും ഇവയ്ക്കു സാധിക്കും. മറ്റെല്ലാ മുതലകളെയുംപോലെതന്നെ ഇവയ്ക്കും നല്ല കാഴ്ചശക്തിയും ശ്രവണശക്തിയും ഘ്രാണശക്തിയുമുണ്ട്. ഇണചേരൽ കാലത്ത് തന്റെ പ്രദേശത്ത് അതിക്രമിച്ചു കയറുന്നവരെ ആൺ അഴിമുഖ മുതല ആക്രമിക്കും, മുട്ടകൾക്കു കാവൽ നിൽക്കുമ്പോൾ പെൺമുതലയ്ക്കും അത്രയുംതന്നെ ആക്രമണസ്വഭാവമുണ്ട്.
അർപ്പണ മനോഭാവമുള്ള അമ്മമാർ
പെൺമുതല ജലാശയത്തിനരികെ കൂടുണ്ടാക്കുന്നു. സാധാരണഗതിയിൽ, അഴുകുന്ന സസ്യപദാർഥങ്ങളും ചെളിയും ചേർത്തുണ്ടാക്കുന്ന ഒരു ചെറുകൂനയായിരിക്കും അത്. അവൾ കട്ടിയുള്ള തോടുകളോടുകൂടിയ, ദീർഘവൃത്താകൃതിയുള്ള മുട്ടകൾ ഇടുന്നു, ചിലപ്പോൾ 100 എണ്ണംവരെ. അതിനുശേഷം സസ്യപദാർഥങ്ങൾകൊണ്ട് അവ മൂടുകയും ഇരപിടിയന്മാരിൽനിന്ന് അവയെ സംരക്ഷിക്കുന്നതിനായി കൂടിനു കാവൽ നിൽക്കുകയും ചെയ്യുന്നു. പിന്നെ, സസ്യപദാർഥങ്ങളുടെ അഴുകൽ ത്വരിതപ്പെടുത്തുന്നതിനുവേണ്ടി അവൾ കൂട്ടിലേക്കു വെള്ളം തെറിപ്പിക്കുന്നു. ഇവ അഴുകുമ്പോൾ മുട്ടകൾക്ക് ആവശ്യമായ ചൂട് ലഭിക്കുന്നു.
ഇപ്പോൾ തികച്ചും രസാവഹമായ ഒന്നു സംഭവിക്കുന്നു. വിരിയുന്നതിനുവേണ്ടി മുട്ടകൾക്കു
ലഭിക്കുന്ന ചൂടാണ് മുതലക്കുഞ്ഞുങ്ങളുടെ ലിംഗം നിർണയിക്കുന്നത്! 28 ഡിഗ്രി സെൽഷ്യസിനും 31 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്ക് ചൂടു ലഭിക്കുന്ന മുട്ടകളിൽനിന്ന് ഏകദേശം 100 ദിവസത്തിനുള്ളിൽ പെൺ മുതലക്കുഞ്ഞുങ്ങൾ പുറത്തുവരുന്നു. എന്നാൽ 32.5 ഡിഗ്രി സെൽഷ്യസ് ചൂടു ലഭിക്കുന്ന മുട്ടകളിൽനിന്നു 64 ദിവസത്തിനുള്ളിൽ ആൺ മുതലക്കുഞ്ഞുങ്ങളാണ് പുറത്തുവരുന്നത്. 32.5 ഡിഗ്രി സെൽഷ്യസിനും 33 ഡിഗ്രി സെൽഷ്യസിനും ഇടയ്ക്ക് ചൂടു ലഭിക്കുന്ന മുട്ടകളിൽനിന്ന് രണ്ടു ലിംഗങ്ങളിലുമുള്ള മുതലക്കുഞ്ഞുങ്ങൾ പുറത്തുവരാറുണ്ട്. കൂടിന്റെ ഒരു വശം ജലാശയത്തോടു ചേർന്നും മറ്റേ വശം സൂര്യന് അഭിമുഖമായിട്ടും ആണ് പണിതിരിക്കുന്നതെങ്കിൽ ചൂടുള്ള വശത്തുനിന്ന് ആൺ മുതലക്കുഞ്ഞുങ്ങളും തണുപ്പുള്ള വശത്തുനിന്ന് പെൺ മുതലക്കുഞ്ഞുങ്ങളും ആയിരിക്കും പുറത്തുവരുന്നത്.മുട്ടയ്ക്കകത്തെ കുഞ്ഞുങ്ങളുടെ ശബ്ദം കേൾക്കുമ്പോൾ അമ്മ കൂടിന്റെ ആവരണം നീക്കുന്നു. പ്രത്യേകം നൽകപ്പെട്ടിരിക്കുന്ന പല്ല് ഉപയോഗിച്ച് കുഞ്ഞുങ്ങൾ സ്വയം തോടു പൊളിച്ചിട്ടില്ലെങ്കിൽ ചിലപ്പോൾ അമ്മതന്നെ മുട്ടകൾ പൊട്ടിക്കുന്നു. എന്നിട്ട് അവൾ അവയെ തന്റെ വലിയ താടിയെല്ലുകൾ ഉപയോഗിച്ച് മെല്ലെ ഉയർത്തി, തന്റെ നാക്കിനു താഴെയുള്ള സഞ്ചിയിൽവെച്ച് വെള്ളത്തിനരികിലേക്കു കൊണ്ടുപോകുന്നു. ജനിക്കുമ്പോൾതന്നെ സ്വന്തം കാര്യം നോക്കാനുള്ള പ്രാപ്തി അവയ്ക്കുണ്ട്. പെട്ടെന്നുതന്നെ അവ പ്രാണികൾ, തവളകൾ, ചെറുമീനുകൾ തുടങ്ങിയവയെ പിടിച്ചുതിന്നാനും തുടങ്ങുന്നു. എന്നിരുന്നാലും ചില അമ്മ മുതലകൾ മാസങ്ങളോളം കുഞ്ഞുങ്ങളോടൊപ്പം കഴിയുകയും അവയുടെ സംരക്ഷണാർഥം ചതുപ്പുനിലങ്ങളിൽ നഴ്സറികൾ സ്ഥാപിക്കുകയും ചെയ്യുന്നു. അവിടെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലും സംരക്ഷിക്കുന്നതിലും അച്ഛനും പങ്കുചേരുന്നു.
മഗ്ഗറും നീളൻ മോന്തയുള്ള ഗേവിയലും
മഗ്ഗറും ഗേവിയലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ സ്വന്തമാണ്. ഏകദേശം നാലു മീറ്റർ നീളമുള്ള മഗ്ഗർ ഇന്ത്യയിൽ ഉടനീളമുള്ള ശുദ്ധജല തടാകങ്ങളിലും നദികളിലും ചതുപ്പുകളിലും കാണപ്പെടുന്നു. അഴിമുഖ മുതലയെക്കാൾ വളരെ ചെറിയ ഇനമാണിത്. ബലിഷ്ഠമായ താടിയെല്ലുകളോടുകൂടിയ ഈ മുതലകൾ ചെറിയ ജന്തുക്കളെ കടിച്ചുപിടിച്ച് വെള്ളത്തിൽ മുക്കിക്കൊല്ലുകയും കഴിക്കാൻ പാകത്തിലുള്ള കഷണങ്ങളാക്കുന്നതിനുവേണ്ടി അവയെ ചുഴറ്റുകയും ചെയ്യുന്നു.
മഗ്ഗർ എങ്ങനെയാണ് ഇണയെ കണ്ടുപിടിക്കുന്നത്? ഒരു ഇണയെ അന്വേഷിക്കുമ്പോൾ ആൺ മുതല തന്റെ താടിയെല്ലുകൾ വെള്ളത്തിലിട്ടടിക്കുകയും മുരളുകയും ചെയ്യുന്നു. പിന്നീട് പെൺമുതല മുട്ടയിട്ടു കഴിയുമ്പോൾ അവൻ കൂടിനു കാവൽനിൽക്കുന്ന വേലയിൽ അവളോടൊപ്പം ചേരുകയും മുട്ടയിൽനിന്നു പുറത്തുവരാൻ കുഞ്ഞുങ്ങളെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ അവൻ കുറച്ചുകാലം അവയോടൊപ്പം കഴിയുകയും ചെയ്യുന്നു.
അപൂർവമായി മാത്രം കാണപ്പെടുന്ന ഗേവിയലിനു തനതായ പല സവിശേഷതകളുമുണ്ട്. ഗേവിയൽ യഥാർഥ മുതലയല്ല. അതിനെ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന വളരെ നീണ്ടതും ഒതുങ്ങിയതുമായ താടിയെല്ലുകൾ മുഖ്യ ഭക്ഷണമായ മീൻ പിടിക്കുന്നതിന് ഏറ്റവും അനുയോജ്യമാണ്. അഴിമുഖ മുതലയോളംതന്നെ നീളമുണ്ടെങ്കിലും ഇത് മനുഷ്യരെ ആക്രമിക്കുന്നതായി കേട്ടിട്ടില്ല. അതിന്റെ മിനുസമുള്ളതും ചലനതടസ്സങ്ങളെ പരമാവധി കുറയ്ക്കാൻ സഹായിക്കുന്ന ആകൃതിയിലുള്ളതുമായ ശരീരം ഉത്തരേന്ത്യയിലെ ആഴവും ഒഴുക്കുമുള്ള നദികളിൽ വേഗത്തിൽ നീങ്ങാൻ ഇതിനെ സഹായിക്കുന്നു. പ്രജനന കാലത്ത് ആൺ ഗേവിയലിന്റെ മോന്തയുടെ അറ്റത്ത് ഒരു മുഴ വളർന്നുവരുന്നു. ഇത് അവയുടെ സാധാരണ സീൽക്കാരശബ്ദം പെൺമുതലകളെ ആകർഷിക്കാൻ തക്കവണ്ണം ഉച്ചത്തിലുള്ള മുരളലായി തീവ്രത പ്രാപിക്കുന്നതിന് ഇടയാക്കുന്നു.
പരിസ്ഥിതി വ്യവസ്ഥയിൽ മുതലകൾക്കുള്ള സ്ഥാനം
നമ്മുടെ പരിസ്ഥിതിയിൽ മുതലകൾ എത്രത്തോളം പ്രധാനമാണ്? ചത്തജീവികളെ തിന്നുന്ന ഇവ നദികളിലും തടാകങ്ങളിലും
സമീപത്തുള്ള കര പ്രദേശങ്ങളിലുംനിന്ന് ചത്ത മീനുകളെയും മൃഗങ്ങളെയും നീക്കം ചെയ്യുന്നു. ഇത് ജലാശയം ശുദ്ധമായിരിക്കുന്നതിനു സഹായിക്കുന്നു. ഇരപിടിയന്മാരെന്ന നിലയിൽ ഇവ അവശരും മുറിവേറ്റവരും രോഗബാധിതരുമായ ജീവികളെ ഉന്നംവെക്കുന്നു. തന്നെയുമല്ല മനുഷ്യരുടെ ഉപഭോഗത്തിനായി വാണിജ്യ അടിസ്ഥാനത്തിൽ പിടികൂടുന്ന പ്രധാന മത്സ്യങ്ങളായ കാർപ്പിനെയും തിലാപ്പിയയെയും അകത്താക്കുന്ന വിനാശകാരിയായ മുഷി പോലുള്ള മീനുകളെയും ഇവ ഭക്ഷിക്കുന്നു.നിലനിൽപ്പിനായുള്ള പോരാട്ടം—മുതലക്കണ്ണീരല്ല
‘അവൻ മുതലക്കണ്ണീർ പൊഴിക്കുകയാണ്’ എന്നു പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടോ? കള്ളക്കണ്ണീർ പൊഴിച്ചുകൊണ്ട് കപട ദുഃഖം പ്രകടിപ്പിക്കുന്നതിനെയാണ് അത് അർഥമാക്കുന്നത്. വാസ്തവത്തിൽ, മുതല കണ്ണീരൊഴുക്കുന്നത് അതിന്റെ ശരീരത്തിൽ അധികമുള്ള ഉപ്പ് നീക്കംചെയ്യുന്നതിനാണ്. എന്നാൽ, മുതലകൾക്കുവേണ്ടി ഒരുപക്ഷേ ആത്മാർഥമായിത്തന്നെ കണ്ണീരൊഴുക്കേണ്ടിയിരുന്ന ഒരു സ്ഥിതിവിശേഷമാണ് 1970-കളുടെ ആരംഭത്തിൽ ഉണ്ടായിരുന്നത്. ഇന്ത്യയിൽ ഏതാനും ആയിരം മുതലകൾ, അതായത് മുമ്പുണ്ടായിരുന്ന എണ്ണത്തിന്റെ ഏകദേശം 10 ശതമാനം മാത്രമേ അവശേഷിച്ചിരുന്നുള്ളൂ. എന്തുകൊണ്ട്? മുതലകളുടെ സ്വാഭാവിക പരിസ്ഥിതി മനുഷ്യർ കയ്യേറാൻ തുടങ്ങിയതോടെ ദുർബലരായ വളർത്തു മൃഗങ്ങൾക്കും മൃഗക്കുട്ടികൾക്കും മുതലകൾ ഒരു ഭീഷണിയാകുമെന്ന് കരുതി അവയെ കൊന്നൊടുക്കാൻ തുടങ്ങി. മുതലയുടെ ഇറച്ചിയും മുട്ടകളും വളരെ സ്വാദിഷ്ഠമാണെന്ന് പലരും കണ്ടെത്തി. മുതലകളുടെ സുഗന്ധഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സുഗന്ധവസ്തു ഉപയോഗിച്ച് വാസനദ്രവ്യങ്ങൾ ഉണ്ടാക്കിയിരുന്നു. ഇതോടൊപ്പം അണക്കെട്ടുകളുടെ നിർമാണവും ജലമലിനീകരണവും മുതലകളുടെ എണ്ണം കുറയുന്നതിന് ഇടയാക്കി. എന്നിരുന്നാലും അവയുടെ തോലിന് ആവശ്യക്കാർ ഏറിയതായിരുന്നു സാധ്യതയനുസരിച്ച് അവയെ വംശനാശത്തിന്റെ വക്കോളം എത്തിച്ചത്. മുതലയുടെ തോലിൽ നിന്നുണ്ടാക്കുന്ന ഷൂസ്, ഹാൻഡ് ബാഗുകൾ, യാത്രാബാഗുകൾ, ബെൽറ്റുകൾ മുതലായവ മനോഹരവും ഈടു നിൽക്കുന്നതും വളരെ അഭികാമ്യവുമാണ്. ഈ ഭീഷണികൾ ഇപ്പോഴുമുണ്ടെങ്കിലും മുതലകളെ സംരക്ഷിക്കാനുള്ള നടപടികൾ വളരെ ഫലപ്രദമാണെന്നു തെളിഞ്ഞിരിക്കുന്നു.—താഴെ കൊടുത്തിരിക്കുന്ന ചതുരം കാണുക.
പുഞ്ചിരിക്കാൻ മറക്കരുത്!
മുതലക്കുടുംബത്തിലെ ചില അംഗങ്ങളെ പരിചയപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ഇപ്പോൾ അവരെപ്പറ്റി നിങ്ങൾക്ക് എന്തു തോന്നുന്നു? നിഷേധാത്മക വീക്ഷണങ്ങൾ താത്പര്യത്തിനു വഴിമാറിയിരിക്കുന്നെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലോകവ്യാപകമായി അനേകം മൃഗസ്നേഹികൾ, വമ്പൻ അഴിമുഖ മുതലയെപ്പോലും ഭയപ്പെടേണ്ടി വരുകയില്ലാത്ത കാലത്തിനായി നോക്കിപ്പാർത്തിരിക്കുന്നു. ഉരഗങ്ങളുടെ സ്രഷ്ടാവ് ഭൂമിയെ പുതുക്കുന്ന ആ കാലത്ത് എല്ലാ മുതലകളെയും നോക്കി പുഞ്ചിരിക്കാൻ നമുക്കു കഴിയും.—യെശയ്യാവു 11:8, 9. (g05 3/8)
[25-ാം പേജിലെ ചതുരം/ചിത്രം]
മദിരാശി മുതല ബാങ്ക്
ഏഷ്യയുടെ ചില ഭാഗങ്ങളിലെ വന്യചുറ്റുപാടുകളിൽ വളരെക്കുറച്ചു മുതലകളേ അവശേഷിക്കുന്നുള്ളുവെന്ന് ഒരു സർവേയിൽ കണ്ടെത്തിയതിനെ തുടർന്ന് 1972-ൽ ‘മദിരാശി പാമ്പു വളർത്തൽ കേന്ദ്ര’ത്തിൽ മുതലകളെയും സംരക്ഷിക്കാൻ തുടങ്ങി. ഇന്ത്യയിലുള്ള 30-ലധികം ഉരഗ പ്രജനന കേന്ദ്രങ്ങളിൽവെച്ച് ഏറ്റവും വലിയതും പഴക്കമുള്ളതുമാണ് മദിരാശി മുതല ബാങ്ക്. 1976-ൽ ഇഴജന്തുശാസ്ത്രജ്ഞനായ റോമ്യുലസ് വിറ്റക്കറാണ് അതു സ്ഥാപിച്ചത്. കൊറൊമാൻഡൽ തീരത്ത് 8.5 ഏക്കർ വ്യാപിച്ചു കിടക്കുന്ന ആ മുതല ബാങ്കിൽ മനോഹരമായ പക്ഷികളെയും പ്രാണികളെയും ആകർഷിക്കുന്ന 150 ഇനങ്ങളിലുള്ള മരങ്ങളുണ്ട്.
പ്രജനനം നടത്തിയ ശേഷം മുതലകളെയും ഗേവിയലുകളെയും ചതുപ്പുനിലങ്ങളിലേക്കും നദികളിലേക്കും സ്വതന്ത്രമായി വിടുന്നു. അല്ലെങ്കിൽ അവയെ മറ്റു പ്രജനന കേന്ദ്രങ്ങളിലേക്കോ ഗവേഷണ കേന്ദ്രങ്ങളിലേക്കോ കൊണ്ടുപോകുന്നു. ബാങ്കിൽ മുതലക്കുഞ്ഞുങ്ങൾക്കായി ഒരു നഴ്സറിയുണ്ട്. അവിടെയുള്ള കുളങ്ങളിൽ ഒരേസമയം 2,500 മുതലക്കുഞ്ഞുങ്ങൾവരെ ഉണ്ടായിരിക്കും. പ്രദേശത്തെ മുക്കുവന്മാർ ദിവസവും എത്തിച്ചുകൊടുക്കുന്ന വെട്ടിനുറുക്കിയ മത്സ്യങ്ങളാണ് അവയുടെ തീറ്റ. കുളങ്ങളുടെ മീതെയുള്ള വലകൾ, ഇരപിടിയന്മാരായ പക്ഷികൾ മത്സ്യങ്ങളെയും ദുർബലരായ മുതലക്കുഞ്ഞുങ്ങളെയും റാഞ്ചുന്നത് തടയുന്നു. കുഞ്ഞുങ്ങൾ വളർന്നുവരുമ്പോൾ അവയെ കുറേക്കൂടെ വലുപ്പമുള്ള കുളങ്ങളിലേക്കു മാറ്റുന്നു. 1.25 മീറ്ററിനും 1.5 മീറ്ററിനും ഇടയ്ക്ക് നീളം വെക്കുകയും ഏതാണ്ട് മൂന്ന് വയസ്സ് തികയുകയും ചെയ്യുന്നതുവരെ അവിടെ കഴിയുന്ന അവയുടെ ഭക്ഷണം മുഴുവനോടെയുള്ള മത്സ്യങ്ങളാണ്. പിന്നീട് ഒരു വലിയ ഇറച്ചി സംസ്കരണ കമ്പനിയിൽനിന്നുള്ള മാട്ടിറച്ചിയുടെ അവശിഷ്ടങ്ങൾ അവയ്ക്കു തീറ്റയായി കൊടുക്കുന്നു. പ്രാരംഭത്തിൽ ഇന്ത്യൻ സ്വദേശികളായ മൂന്നിനം മുതലകളെ മാത്രം പ്രജനനം നടത്തിയിരുന്ന ബാങ്കിൽ ഇപ്പോൾ ഇവയെ കൂടാതെ ഏഴ് ഇനങ്ങളുണ്ട്. ലോകത്തിൽ അറിയപ്പെടുന്ന എല്ലാ ഇനങ്ങളുടെയും ശേഖരം ഇവിടെ ഉണ്ടായിരിക്കാനാണ് പദ്ധതിയിടുന്നത്. തോലിനും ഇറച്ചിക്കും വേണ്ടി മുതലകളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടന്നുവരുന്നു. മുതലയുടെ ഇറച്ചി രുചിയുള്ളതും കൊളസ്ട്രോളിന്റെ അളവ് കുറഞ്ഞതുമാണെന്ന് വിറ്റക്കർ ഉണരുക!-യോടു പറഞ്ഞു. കാര്യക്ഷമമായ സംരക്ഷണം ഈ വലിയ ജീവികളെ വംശനാശത്തിന്റെ വക്കിൽനിന്നും രക്ഷപ്പെടുത്തി അവയുടെ എണ്ണം ഏതാണ്ട് ക്രമാതീതമായി വർധിക്കുന്നതിലേക്കു നയിച്ചിരിക്കുന്നു. അറിയപ്പെടുന്ന ഒരു ടൂറിസ്റ്റുകേന്ദ്രമായ മദിരാശി മുതല ബാങ്കിന്റെ മറ്റൊരു ലക്ഷ്യം മുതലകളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുകയും അവയുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയും ചെയ്യുകയെന്നതാണ്.
[കടപ്പാട്]
റോമ്യുലസ് വിറ്റക്കർ, മദിരാശി മുതല ബാങ്ക്
[23-ാം പേജിലെ ചിത്രം]
കൂറ്റൻ അഴിമുഖ മുതല
[24-ാം പേജിലെ ചിത്രം]
താടിയെല്ലുകൾക്കിടയിൽ തന്റെ കുഞ്ഞുമായി ഒരു പെൺ അഴിമുഖ മുതല
[കടപ്പാട്]
© Adam Britton, http://crocodilian.com
[24-ാം പേജിലെ ചിത്രം]
മഗ്ഗർ
[കടപ്പാട്]
© E. Hanumantha Rao/Photo Researchers, Inc.
[24-ാം പേജിലെ ചിത്രം]
നീളൻ മോന്തയുള്ള ഗേവിയൽ