പർവതങ്ങൾ—അവയുടെ പ്രാധാന്യം
പർവതങ്ങൾ—അവയുടെ പ്രാധാന്യം
“ശൈലശൃംഗങ്ങളിലേറി അവയുടെ കുളിരേകുന്ന സദ്വർത്തമാനങ്ങൾക്കു കാതോർക്കൂ. അവിടെ വൃക്ഷത്തലപ്പുകളിലേക്കു സൂര്യകിരണങ്ങൾ ഒഴുകിയിറങ്ങുന്നതുപോലെ പ്രകൃതിയുടെ പ്രശാന്തത നിങ്ങളിലേക്ക് അലിഞ്ഞിറങ്ങും. കാറ്റിന്റെ സുഖശീതളിമ നിങ്ങളിൽ ഉന്മേഷം നിറയ്ക്കും. തിമിർത്തുപെയ്യുന്ന വർഷമേഘങ്ങൾ അവയുടെ ഓജസ്സു നിങ്ങൾക്കേകും. നിങ്ങളുടെ ആകുലതകൾ അപ്പോൾ ശരത്കാലപത്രങ്ങൾപോലെ കൊഴിഞ്ഞുവീഴും.”—അമേരിക്കൻ എഴുത്തുകാരനും പ്രകൃതിശാസ്ത്രജ്ഞനുമായ ജോൺ മൂയിർ.
ഒരു നൂറ്റാണ്ടുമുമ്പ് ജോൺ മൂയിർ കണ്ടെത്തിയതുപോലെ പർവതങ്ങൾ നമ്മുടെ വികാരങ്ങളെ തൊട്ടുണർത്തുന്നു. അവയുടെ ഗാംഭീര്യം നമ്മെ വിസ്മയഭരിതരാക്കുന്നു. അവയുടെ മടിത്തട്ടിൽ വിഹരിക്കുന്ന വനജന്തുജാലങ്ങൾ നമ്മെ ഹർഷപുളകിതരാക്കുന്നു. അവയുടെ ശാന്തഭാവം മനസ്സിനെ കുളിരണിയിക്കുന്നു. ഓരോ വർഷവും കോടിക്കണക്കിനാളുകളാണ് പർവതപ്രദേശങ്ങൾ സന്ദർശിക്കുന്നത്. അവയുടെ മാസ്മരസൗന്ദര്യം ദർശിക്കാനും മനസ്സിൽ ഉന്മേഷം നിറയ്ക്കാനുമാണ് ഈ യാത്ര. “എത്രയോ കാലം മുമ്പു മുതൽക്കേ മാനവ സമൂഹങ്ങളും സംസ്കാരങ്ങളും പർവതങ്ങളെനോക്കി വിസ്മയിച്ചുനിന്നിട്ടുണ്ട്, അവ അവരുടെ മനസ്സിൽ ഭയാദരവുണർത്തിയിട്ടുണ്ട്” എന്ന് ‘ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി’യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ക്ലൗസ് ടോപ്ഫർ പറയുന്നു.
പക്ഷേ പർവതങ്ങൾ അങ്ങനെ സുഖമായി കഴിയുകയല്ല. കഴിഞ്ഞ കാലങ്ങളിൽ മനുഷ്യന്റെ ആർത്തിപൂണ്ട ചൂഷണത്തിൽനിന്ന് അവ വലിയൊരളവോളം സുരക്ഷിതമായിരുന്നു. കാരണം ജനവാസകേന്ദ്രങ്ങൾ പർവതങ്ങളിൽനിന്നു വളരെ അകലെയായിരുന്നു. എന്നാൽ ഇന്ന് സ്ഥിതി അതല്ല, അവ ഭീഷണിയിലാണ്. “കൃഷി, വികസനപരിപാടികൾ എന്നിങ്ങനെ സാവധാനം നുഴഞ്ഞുകയറുന്ന ചൂഷണ ഘടകങ്ങളുടെ മുന്നിൽ, അവശേഷിക്കുന്ന ഈ വനഭൂമികളിൽ ചിലതും അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്” എന്ന് അടുത്തയിടെ ഐക്യരാഷ്ട്രങ്ങളുടെ ഒരു വർത്തമാനപത്രത്തിനുവേണ്ടി തയ്യാറാക്കപ്പെട്ട ഒരു ഔദ്യോഗിക റിപ്പോർട്ട് പ്രസ്താവിക്കുകയുണ്ടായി.
ഭൂമിയിലെ കരഭാഗത്തിന്റെ നല്ലൊരുഭാഗവും പർവതപ്രദേശങ്ങളാണ്. ലോകജനസംഖ്യയുടെ പകുതി വനവിഭവങ്ങളെ ആശ്രയിക്കുന്നു. കോടിക്കണക്കിന് ആളുകൾക്കു പർവതങ്ങൾ പാർപ്പിടമൊരുക്കുന്നു. അതുകൊണ്ട് കാലിക്കൂട്ടങ്ങൾ മേഞ്ഞുനടക്കുന്ന പ്രശാന്തസുന്ദരമായ ഒരു ഭൂവിഭാഗത്തിനു പശ്ചാത്തലമൊരുക്കുന്ന ചേതോഹരദൃശ്യം മാത്രമല്ല ഈ മാമലകൾ. മാനവരാശിയുടെ ക്ഷേമത്തിന് ഇവ പല സംഭാവനകളും ചെയ്യുന്നു. എങ്ങനെയെന്ന് നമുക്കു നോക്കാം.
പർവതങ്ങളുടെ പ്രാധാന്യം
◼ പ്രകൃതിയുടെ ജലകുംഭങ്ങൾ. നമ്മുടെ മഹാനദികളെല്ലാം പിറക്കുന്നത് പർവതങ്ങളിൽനിന്നാണ്, മിക്ക ജലസംഭരണികളുടെയും ജലസമൃദ്ധിക്കു നിദാനവും ഇവയാണ്. വടക്കേ അമേരിക്കയിലെ, മഹാനദിയായ കോളറാഡോയിലെയും റിയോ ഗ്രാൻഡിലെയും മുഴുവൻ ജലവും റോക്കി പർവതനിരകളിൽനിന്നാണെന്നു പറയാം. ഭൂമുഖത്തെ ജനസംഖ്യയിൽ ഏകദേശം പകുതിയും അധിവസിക്കുന്നത് ദക്ഷിണ-പൂർവ ഏഷ്യയിലാണ്. ഈ ജനതതിയുടെ ഭൂരിഭാഗവും ആശ്രയിക്കുന്നത്, ഹിമാലയം, കാറക്കോറം, പാമിർസ്, ടിബറ്റൻ പർവതനിരകളിൽ പെയ്യുന്ന മഴയെയാണ്.
“ഭൂമിയുടെ ജലഭരങ്ങളായ പർവതങ്ങൾ, ഭൂമുഖത്തെ സമസ്ത ജീവജാലങ്ങളുടെയും നിലനിൽപ്പിനും ജനവർഗങ്ങളുടെ ക്ഷേമത്തിനും അനുപേക്ഷണീയമാണ്,” ടോപ്ഫർ പറയുന്നു. “ഒരു ഉത്തുംഗ പർവതത്തിന്റെ നെറുകയിൽ സംഭവിക്കുന്ന കാര്യങ്ങൾ താഴെ സമതലത്തിലെയും, ശുദ്ധജലപ്രവാഹങ്ങളിലെയും
സമുദ്രങ്ങളിലെതന്നെയും ജീവനെ ബാധിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർക്കുന്നു. പല ദേശങ്ങളിലെയും മാമലകൾ ശീതകാലമഞ്ഞ് സംഭരിച്ചുവെച്ചിട്ട് വസന്തത്തിലും വേനലിലും ജീവസന്ധായകമായ ഈർപ്പം കുറേശ്ശേയായി പുറത്തുവിടുന്നു. വിദൂര പർവതങ്ങളിൽനിന്ന് മഞ്ഞുരുകി കിട്ടുന്ന വെള്ളത്തെ ആശ്രയിച്ചാണ് പലപ്പോഴും വരൾച്ചബാധിത പ്രദേശങ്ങളിലെ ജലസേചനം. നിരവധി പർവതച്ചെരിവുകളിൽ നിബിഡവനങ്ങളുണ്ട്. ഇവിടെയുള്ള മരങ്ങൾ മഴവെള്ളത്തിന്റെ നല്ലൊരു ഭാഗത്തെ ഒരു സ്പോഞ്ചുപോലെ വലിച്ചെടുക്കുന്നു. അങ്ങനെ, പ്രളയത്തിന് ഇടവരുത്താതെ ഈ ജലം സാവധാനം ഒഴുകി നദികളിലെത്തുന്നു.◼ വന്യജീവികളുടെ ആവാസകേന്ദ്രവും, ജൈവവൈവിധ്യവും. പർവതപ്രദേശങ്ങൾ ചെന്നെത്താൻ പറ്റാത്തവിധം ദൂരത്തായതിനാലും കൃഷിക്ക് അത്ര യോജിച്ചതല്ലാത്തതിനാലും അവയെ അധികം ചൂഷണം ചെയ്യാൻ മനുഷ്യനു കഴിഞ്ഞിട്ടില്ല. അതുകൊണ്ടുള്ള നേട്ടം? സമനിലപ്രദേശങ്ങളിൽനിന്ന് ഒരുപക്ഷേ അപ്രത്യക്ഷമായിട്ടുള്ള ജന്തുസസ്യജാലങ്ങളെ പർവതങ്ങളിൽ ധാരാളമായി കാണാം. ഉദാഹരണത്തിന്, മലേഷ്യയുടെ നാഷണൽ പാർക്കായ കിനാബലു, ന്യൂയോർക്ക് നഗരത്തെക്കാൾ ചെറിയ ഒരു പർവതപ്രദേശമാണ്. ഇവിടെ 4,500 ഇനം ചെടികൾ വളരുന്നു. ഇത് ഐക്യനാടുകളിൽ ആകെ കാണപ്പെടുന്ന സസ്യവർഗങ്ങളുടെ എണ്ണത്തിന്റെ 25 ശതമാനത്തിലും അധികമാണ്. ചൈനയിലെ ഭീമൻ പാൻഡ, ആൻഡീസിലെ വലിയ കഴുകന്മാർ, മധ്യേഷ്യയിലെ ഹിമപുള്ളിപ്പുലി എന്നിവയുടെയെല്ലാം വാസസ്ഥാനമാണ് പർവതപ്രദേശങ്ങൾ. അതുപോലെ വംശനാശത്തിന്റെ വക്കിലെത്തിനിൽക്കുന്ന എണ്ണമറ്റ മറ്റു ജീവിവർഗങ്ങളുടെയും ആശ്രയമാണിവിടം.
“കരയിൽ വളരുന്ന അറിയപ്പെടുന്ന സസ്യജാലങ്ങളുടെയും കശേരുകികളുടെയും മൂന്നിലൊന്നിലേറെയും വസിക്കുന്നത് മൊത്തം ഭൂവിസ്തൃതിയുടെ രണ്ടു ശതമാനംപോലും വരാത്ത പ്രദേശത്താണ്” എന്ന് ചില പരിസ്ഥിതിവാദികൾ കണക്കാക്കിയിരിക്കുന്നതായി നാഷണൽ ജിയോഗ്രഫിക് മാസിക പറയുന്നു. ജീവിവർഗങ്ങൾ സമൃദ്ധമായുള്ള, മനുഷ്യസ്പർശമേൽക്കാത്ത ഭൂവിഭാഗങ്ങളെ ശാസ്ത്രജ്ഞർ ബയോളജിക്കൽ ഹോട്ട് സ്പോട്ടുകൾ എന്നാണു വിളിക്കുന്നത്. മറ്റെങ്ങും കാണാത്ത, വംശനാശഭീഷണിയിലായിരിക്കുന്ന ജീവിവർഗങ്ങൾ കൂട്ടമായി കാണപ്പെടുന്ന സ്വാഭാവിക ചുറ്റുപാടുകളാണിവിടം. നമുക്കെല്ലാം പ്രയോജനം ചെയ്യുന്ന ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ ഹോട്ട് സ്പോട്ടുകളിൽ മിക്കവയും പർവതപ്രദേശങ്ങളാണ്. ലോകത്തിലെ സുപ്രധാന ഭക്ഷ്യവിളകളിൽ ചിലത് ഉത്ഭവിച്ചത് ഈ മലമടക്കുകളിൽ വളരുന്ന വനസസ്യങ്ങളിൽനിന്നാണ്. അവ ഇപ്പോഴും അവിടെ വളരുന്നു. ചോളത്തിന്റെ ജന്മദേശം മെക്സിക്കോയുടെ പർവതപ്രദേശങ്ങളാണ്. ഉരുളക്കിഴങ്ങ്, തക്കാളി മുതലായവയുടെ സ്വന്തംനാട് പെറൂവിയൻ ആൻഡീസ് മലനിരകളും ഗോതമ്പിന്റേത് കാക്കസസ് പർവതവുമാണ്. ഇവ ഏതാനും ഉദാഹരണങ്ങൾ മാത്രം.
◼ വിനോദവും സൗന്ദര്യവും. പർവതങ്ങൾ അപങ്കിലമായ സൗന്ദര്യത്തിന്റെ കേദാരമാണ്. വെള്ളച്ചാട്ടങ്ങൾ, മനോഹരമായ തടാകങ്ങൾ എന്നുവേണ്ട ലോകത്തിലെ ഏറ്റവും മനംമയക്കുന്ന പ്രകൃതിരമണീയതകളിൽ മിക്കവയും പർവതപ്രദേശങ്ങളുടെ സ്വന്തമാണ്. ഭൂമുഖത്തെ മൊത്തം സംരക്ഷിത മേഖലകളിൽ മൂന്നിലൊന്നും പർവതപ്രദേശങ്ങളാണ്. അവയാകട്ടെ വിനോദസഞ്ചാരികളുടെ സ്വപ്നഭൂമിയും.
എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള നാഷണൽ പാർക്കുകളിലേക്കുപോലും ലോകമെമ്പാടുംനിന്ന് കോടിക്കണക്കിനു സന്ദർശകരെത്തുന്നു. അലാസ്കയിലെ ദനാലി നാഷണൽ പാർക്കിലാണ് വടക്കേ അമേരിക്കയിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ മക്കിൻളി പർവതം. വിദൂരദേശങ്ങളിൽനിന്നുപോലും ആളുകൾ ഇവിടേക്കു പ്രവഹിക്കുന്നു. പ്രൗഢഗംഭീരമായ കിളിമഞ്ചാരോ പർവതവും മേരുപർവതവും തലയെടുപ്പോടെ നിൽക്കുന്ന ദൃശ്യം ആസ്വദിക്കുന്നതിന് അനേകർ മഹാ ഭ്രംശതാഴ്വര സന്ദർശിക്കാറുണ്ട്. ഒപ്പം ഈ രണ്ടു ഗിരിനിരകൾക്കിടയിൽ സ്വച്ഛന്ദം വിഹരിക്കുന്ന വന്യമൃഗങ്ങളുടെ നിരവധി കൂട്ടങ്ങളെ കാണുന്നതും കണ്ണിനു കുളിരേകുന്ന അനുഭവമാണ്. മാമലകളുടെ മടിയിൽ ജനിച്ചുവളരുന്ന നിരവധി മനുഷ്യസമുദായങ്ങൾക്ക് വിനോദസഞ്ചാരികളുടെ ഇടതടവില്ലാത്ത പ്രവാഹംകൊണ്ട് നേട്ടമുണ്ട്, അനിയന്ത്രിതമായ വിനോദസഞ്ചാരം ലോലമായ ഈ ആവാസവ്യവസ്ഥകളുടെ താളംതെറ്റിച്ചേക്കുമെങ്കിലും.
പർവതങ്ങൾ അറിവിന്റെ കലവറ
പരുക്കൻ പരിസ്ഥിതിയിൽ ജീവിതം പണിതുയർത്തേണ്ടത് എങ്ങനെയെന്ന് പർവത നിവാസികൾ നൂറ്റാണ്ടുകൾകൊണ്ടു പഠിച്ചിരിക്കുന്നു. അവർ മലഞ്ചെരിവുകളെ തട്ടുകളായി തിരിച്ച് പലതരം കൃഷികൾ തുടങ്ങി. രണ്ടു സഹസ്രാബ്ദങ്ങൾക്കുശേഷം ഇന്നും ആ രീതി തുടരുന്നു. ലാമ, യാക്ക് തുടങ്ങിയ ചില മൃഗങ്ങളെ അവർ മെരുക്കിവളർത്തുന്നു. മലമടക്കുകളിലെ ദുഷ്കരമായ ചുറ്റുപാടുകളോട് ഇണങ്ങാനുള്ള കഴിവ് ഈ ജന്തുക്കൾക്കുണ്ട്. നാമെല്ലാം ആശ്രയിക്കുന്ന പർവതങ്ങളെ സംരക്ഷിക്കുന്നതിന് ഈ മലയുടെ മക്കൾ കാലങ്ങളായി ശേഖരിച്ചുപോന്ന അറിവുകൾ അമൂല്യങ്ങളെന്നു തെളിഞ്ഞേക്കാം.
“എല്ലാ ഭൂഖണ്ഡങ്ങളിലെയും ഒറ്റപ്പെട്ടുകിടക്കുന്ന വിശാലമായ ആവാസവ്യവസ്ഥകളെ മുറിവേൽപ്പിക്കാതെ നോക്കുന്ന ഏക സംരക്ഷകർ അവിടത്തെതന്നെ നിവാസികളാണ്” എന്ന് വേൾഡ് വാച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ അലൻ താൻ ഡെർണിങ് അഭിപ്രായപ്പെട്ടു. “അവരുടെ പക്കൽ പരിസ്ഥിതിയെ സംബന്ധിച്ചുള്ള അറിവിന്റെ ഭണ്ഡാരമുണ്ട് . . . ആധുനിക ശാസ്ത്രത്തിന്റെ ലൈബ്രറികളോടു കിടപിടിക്കാൻ പോന്ന ഒന്നാണ് അത്.” മറ്റു പർവതവിഭവങ്ങൾക്കു നൽകുന്ന അതേ സംരക്ഷണം ഈ അറിവിന്റെ കലവറകൾക്കും നൽകേണ്ടതുണ്ട്.
‘ഐക്യരാഷ്ട്ര പരിസ്ഥിതി പരിപാടി,’ ‘അന്താരാഷ്ട്ര പർവത വർഷാചരണം 2002’ ഏറ്റെടുത്തു നടത്തുകയുണ്ടായി. പർവതങ്ങൾ മാനവരാശിയുടെ നിലനിൽപ്പിന് അനുപേക്ഷണീയമാണ് എന്നതിന് ഊന്നൽനൽകാനായി സംഘാടകർ “നാമെല്ലാം മലയുടെ മക്കളാണ്” എന്ന ഒരു വാചകത്തിനു രൂപംനൽകി. ലോകത്തിലെ പർവതങ്ങളുടെമേൽ നിഴൽവിരിച്ചിരിക്കുന്ന ഭീഷണിയെക്കുറിച്ച് ആളുകളിൽ അവബോധം വർധിപ്പിക്കുക, അവയെ സംരക്ഷിക്കുന്നതിനുള്ള മാർഗങ്ങൾ ആരായുക എന്നിവയായിരുന്നു സംഘാടകരുടെ ലക്ഷ്യം.
ഇത്തരത്തിൽ താത്പര്യമെടുക്കുന്നത് തികച്ചും ന്യായയുക്തമായ ഒരു സംഗതിയാണ്. “പർവതങ്ങളെ പ്രകൃതിവിഭവങ്ങളുടെ അക്ഷയഖനികളായി കാണുന്നതിലുപരി ഒന്നും ചെയ്യുന്നില്ല. പർവതനിവാസികളുടെ പ്രശ്നങ്ങളെയോ അവിടത്തെ ആവാസവ്യൂഹങ്ങളുടെ നിലനിൽപ്പിനെയോ കുറിച്ച് വേണ്ടത്ര ശ്രദ്ധിക്കുന്നില്ല” എന്ന് കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ സംഘടിപ്പിക്കപ്പെട്ട ‘ആഗോള പർവത ഉച്ചകോടി’യിൽ മുഖ്യവിഷയ പ്രസംഗം നടത്തിയ വ്യക്തി പ്രസ്താവിക്കുകയുണ്ടായി.
ലോകത്തിലെ പർവതങ്ങളും അവിടത്തെ നിവാസികളും നേരിടുന്ന ചില പ്രശ്നങ്ങൾ എന്തൊക്കെയാണ്? ഈ പ്രശ്നങ്ങൾ നമ്മെ എങ്ങനെ ബാധിക്കുന്നു?