പർവതങ്ങൾ—അവയെ ആർ രക്ഷിക്കും?
പർവതങ്ങൾ—അവയെ ആർ രക്ഷിക്കും?
മധ്യേഷ്യൻ രാജ്യമായ കിർഗിസ്ഥാനിലെ ബിഷ്കെക്കിൽ 2002-ൽ നാലു ദിവസത്തേക്ക് ഒരു ‘ആഗോള പർവത ഉച്ചകോടി’ നടത്തുകയുണ്ടായി. പർവതങ്ങളോടു ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനു വിളിച്ചുകൂട്ടിയ പ്രഥമ സാർവദേശീയ സമ്മേളനമായിരുന്നു ഇത്. 2002 എന്ന വർഷം “പർവതങ്ങളുടെ യഥാർഥ മൂല്യം തിരിച്ചറിയുന്ന ഒരു നവയുഗത്തിനു നാന്ദികുറിക്കുമെന്ന്” ഇതിന്റെ പ്രായോജകർ പ്രത്യാശിച്ചു.
ഈ ഉച്ചകോടിയിൽ സംബന്ധിച്ചവർ, പർവതങ്ങളുടെ സംരക്ഷണത്തിൽ തത്പരരായ ഏവർക്കുമുള്ള നിർദേശങ്ങളടങ്ങുന്ന “ബിഷ്കെക്ക് മൗണ്ടൻ പ്ലാറ്റ്ഫോം” ഐകകണ്ഠ്യേന അംഗീകരിക്കുകയുണ്ടായി. “പർവതനിവാസികളുടെ ഉപജീവനമാർഗങ്ങൾ മെച്ചപ്പെടുത്തുക, പർവതങ്ങളിലെ ആവാസവ്യവസ്ഥകളെ പരിരക്ഷിക്കുക, അവിടത്തെ വിഭവങ്ങൾ കൂടുതൽ ശ്രദ്ധാപൂർവം ഉപയോഗിക്കുക” എന്നതായിരുന്നു ഇതിന്റെ പ്രഖ്യാപിത ലക്ഷ്യം.
ഇതിനോടകം ചില പുരോഗതികൾ കൈവരിക്കാനായിട്ടുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള നാഷണൽ പാർക്കുകളുടെ ശൃംഖല പ്രകൃതിയിലെ സുന്ദരദൃശ്യങ്ങളെയും ജൈവവൈവിധ്യങ്ങളെയും സംരക്ഷിക്കുന്നുണ്ട്. ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ പരിസ്ഥിതി സംരക്ഷണത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്ന സംഘങ്ങൾ, പരിസ്ഥിതിയെ താറുമാറാക്കുന്ന ഘടകങ്ങൾക്കു കടിഞ്ഞാണിടുന്നതിൽ ഒരളവോളം വിജയിച്ചിട്ടുണ്ട്. കിർഗിസ്ഥാനിലെ പർവതങ്ങളിൽ കുന്നുകൂടിയിരിക്കുന്ന ന്യൂക്ലിയർ മാലിന്യങ്ങൾ നീക്കംചെയ്തു വെടിപ്പാക്കാൻ മുൻകൈയെടുക്കാനുള്ള ഉറച്ച തീരുമാനം ‘ബിഷ്കെക്കിലെ പർവത ഉച്ചകോടി’യിൽ ഉരുത്തിരിയുകയുണ്ടായി. മാരകമായ വിഷം അടങ്ങിയ ഈ മാലിന്യങ്ങൾ, മധ്യേഷ്യയിലെ 20 ശതമാനം ആളുകൾ ഉപയോഗപ്പെടുത്തുന്ന ജലവിതരണത്തിനു ഭീഷണി ഉയർത്തിയിരുന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും, ഭൂമുഖത്തെ പർവതങ്ങളെ സംരക്ഷിക്കുകയെന്ന ദൗത്യം ഇന്നും ഒരു കീറാമുട്ടിയായി അവശേഷിക്കുന്നു. ഉദാഹരണത്തിന്, 1995-ൽ കാനഡയിലെ അധികാരികൾ, വനങ്ങൾ ചൂഷണം ചെയ്യുന്ന കാര്യത്തിൽ പാലിക്കേണ്ട നിർദേശങ്ങളും വ്യവസ്ഥകളും അടങ്ങിയ “ഫോറസ്റ്റ് പ്രാക്ടീസ് കോഡ്” പ്രാബല്യത്തിൽ കൊണ്ടുവരുകയുണ്ടായി. ബ്രിട്ടീഷ് കൊളംബിയയിൽ അവശേഷിക്കുന്ന മഴവനങ്ങളെ സംരക്ഷിക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാൽ, തുടർന്നുള്ള ഒരു അന്വേഷണത്തിൽ തെളിഞ്ഞത്, മരക്കമ്പനികൾ ഈ വ്യവസ്ഥ ലംഘിക്കുകയും കിഴുക്കാംതൂക്കായ മലഞ്ചെരിവുകളിലെ വനങ്ങൾപോലും വെട്ടിവെളുപ്പിക്കുകയും ചെയ്യുന്നുവെന്നാണ്. മാത്രമല്ല, കോഡിലെ വ്യവസ്ഥകൾ കർക്കശമാണെന്നു തടിവ്യവസായികൾ പരാതിപ്പെട്ടതനുസരിച്ച് 1997-ൽ ഈ കോഡിന് അയവുവരുത്തുകയും ചെയ്തു.
പർവതങ്ങൾക്കു ക്ഷതമേൽപ്പിക്കുന്നത് വ്യാപാരദുര മാത്രമല്ല. യുദ്ധം, ദാരിദ്ര്യം, പട്ടിണി എന്നിവയെല്ലാം പർവതങ്ങളിലെ ആവാസവ്യവസ്ഥകൾക്ക് ഇടതടവില്ലാതെ ഹാനിവരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ബിഷ്കെക്ക് ഉച്ചകോടിയിലെ അന്ത്യപ്രഖ്യാപനം വിലയിരുത്തുകയുണ്ടായി. പരിസ്ഥിതിയുടെ അടിത്തറതോണ്ടുന്ന ക്ഷുദ്രഘടകങ്ങളെ ഉന്മൂലനം ചെയ്യുന്നതുവരെ ഭൂഗ്രഹത്തിലെ മറ്റു ഭാഗങ്ങളോടൊപ്പം പർവതങ്ങളും ദുരിതം അനുഭവിക്കേണ്ടിവരും.
തന്റെ സൃഷ്ടിയോടുള്ള ദൈവത്തിന്റെ കരുതൽ
ചിത്രം വളരെ ശോകാത്മകമാണെങ്കിലും പ്രത്യാശയ്ക്കു വകയുണ്ട്. തന്റെ സൃഷ്ടികൾക്കു സംഭവിക്കുന്ന കാര്യങ്ങൾ സർവശക്തനായ ദൈവം ശ്രദ്ധിക്കാതിരിക്കുന്നില്ല. “പർവ്വതങ്ങളുടെ ശിഖരങ്ങളും” ദൈവത്തിനുള്ളവയാണെന്നു ബൈബിൾ പറയുന്നു. (സങ്കീർത്തനം 95:4) പർവതങ്ങളിലെ ജന്തുജാലങ്ങളെക്കുറിച്ചും അവൻ കരുതലുള്ളവനാണ്. സങ്കീർത്തനം 50:10, 11-ൽ യഹോവ പറയുന്നു: “കാട്ടിലെ സകലമൃഗവും പർവ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു. മലകളിലെ പക്ഷികളെ ഒക്കെയും ഞാൻ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.”
ഭൂമിയുടെ താറുമാറായ പരിസ്ഥിതിയെ രക്ഷിക്കാൻ ദൈവത്തിന്റെ പക്കൽ എന്തെങ്കിലും മാർഗമുണ്ടോ? തീർച്ചയായും! “ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപി”ച്ചിരിക്കുന്നതായി ബൈബിൾ പറയുന്നു. (ദാനീയേൽ 2:44) ഈ സ്വർഗീയ ഗവണ്മെന്റിന്റെ നിയമിത ഭരണാധിപനായി അവരോധിക്കപ്പെട്ടിരിക്കുന്ന യേശുക്രിസ്തുവിന് ഭൂമിയുടെയും അതിലെ മനുഷ്യവർഗത്തിന്റെയും കാര്യത്തിൽ പ്രത്യേക താത്പര്യമുണ്ട്. (സദൃശവാക്യങ്ങൾ 8:31) അവന്റെ ഭരണം ഭൂമിയിൽ സമാധാനം സ്ഥാപിക്കും, സകലചൂഷണത്തിനും വിരാമമിടും, ഭൂഗ്രഹത്തിനേറ്റിരിക്കുന്ന മുറിവുകൾ അതു സുഖപ്പെടുത്തും.—വെളിപ്പാടു 11:18.
അത്തരമൊരു പരിഹാരം വന്നുകാണാൻ ആഗ്രഹിക്കുന്നെങ്കിൽ ‘ദൈവത്തിന്റെ രാജ്യം വരേണമേ’ എന്നു നിങ്ങൾ തുടർന്നും പ്രാർഥിക്കുകതന്നെ ചെയ്യണം. (മത്തായി 6:9, 10) അത്തരം പ്രാർഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുകയില്ല. ദൈവത്തിന്റെ രാജ്യം ഉടൻതന്നെ അനീതിക്ക് അവസാനം വരുത്തും, അത് ഭൂമിക്കേറ്റ ക്ഷതങ്ങൾ സുഖപ്പെടുത്തും. അപ്പോൾ, ആലങ്കാരികമായ ഒരർഥത്തിൽ പർവതങ്ങൾ ‘ഉല്ലസിച്ചു ഘോഷിക്കും.’—സങ്കീർത്തനം 98:8.