പർവതങ്ങൾ ഭീഷണിയിൽ
പർവതങ്ങൾ ഭീഷണിയിൽ
“വരുംതലമുറകൾക്കു നൽകാൻ ഭൂമുഖത്തെ പർവതപ്രദേശങ്ങൾക്ക് അക്ഷയനിധികൾ ഉണ്ടായിരിക്കുമെന്ന് ഉറപ്പുവരുത്തുന്നത് എല്ലാവർക്കും പ്രയോജനം ചെയ്യും.”—കോഫി അന്നൻ, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി-ജനറൽ.
ഗാംഭീര്യം, അചഞ്ചലത, കരുത്ത്—പർവതങ്ങളുടെ പര്യായമായി മനസ്സിലേക്ക് ഓടിയെത്തുന്ന വാക്കുകൾ. പ്രകൃതിയിലെ ഈ അതികായന്മാർക്കു ഭീഷണിയായി ആരുണ്ട്? ഭൂഗ്രഹത്തിലെ പർവതങ്ങൾ അപകടത്തിലാണെന്നു വിശ്വസിക്കാൻ ചിലർക്കു ബുദ്ധിമുട്ടു തോന്നിയേക്കാം. എന്നാൽ അതാണു വാസ്തവം, അവ ഭീഷണിയിലാണ്. പർവതങ്ങളിലെ ആവാസവ്യവസ്ഥകളുടെ അടിത്തറതോണ്ടുന്ന നിരവധി പ്രശ്നങ്ങളെ പരിസ്ഥിതി സംരക്ഷണവാദികൾ അക്കമിട്ടുനിരത്തുന്നു. എല്ലാം ഒന്നിനൊന്നു ഗുരുതരം, അവ കൂടുതൽ വഷളാകുകയുമാണ്. പർവതങ്ങൾക്കുമേൽ ഭീഷണിയുടെ നിഴൽവിരിക്കുന്ന ചില പ്രശ്നങ്ങളെക്കുറിച്ചു ചിന്തിക്കുക.
◼ വികസന പദ്ധതികൾ. ലോകത്തിലെ പർവതപ്രദേശങ്ങളിൽ ഏകദേശം 25 ശതമാനവും റോഡ്, ഖനനം, പൈപ്പ്ലൈൻ നിർമാണം, അണക്കെട്ടുകൾ തുടങ്ങി അടുത്ത 30 വർഷത്തേക്കുള്ള വികസനപദ്ധതികളുടെ ഭീഷണിയിലാണ്. റോഡുനിർമാണം കുത്തനെയുള്ള പർവതച്ചെരിവുകളിൽ മണ്ണൊലിപ്പിനു കാരണമായേക്കും, കൂടാതെ ഈ റോഡുകൾ മരംവെട്ടുകാർക്ക് പണി എളുപ്പമാക്കിക്കൊടുക്കുകയും അവർ അങ്ങനെ കൂടുതൽ നാശനഷ്ടങ്ങൾ വരുത്തിവെക്കുകയും ചെയ്യും. ഖനനത്തിലൂടെ ഏകദേശം ആയിരംകോടി ടൺ അയിരാണ് വർഷംതോറും മാന്തിയെടുക്കുന്നത്. ഇതിൽ അധികവും പർവതങ്ങളുടെ മാറുപിളർന്നിട്ടാണ്. ഖനനത്തിലൂടെ പുറത്തെടുക്കുന്നതിലധികം പാഴ്വസ്തുക്കൾ പുറന്തള്ളപ്പെടുകയും ചെയ്യുന്നു.◼ ആഗോളതപനം. “ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിലേക്കും ചൂടുകൂടിയ ഒമ്പത് വർഷങ്ങൾ 1990-ന് ശേഷമായിരുന്നു” എന്ന് വേൾഡ്വാച്ച് ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നു. ഇത് പർവതമേഖലയിലെ ആവാസവ്യവസ്ഥയെ വിശേഷാൽ ബാധിച്ചിട്ടുണ്ട്. ഹിമാനികൾ ഉരുകുകയും പർവതനെറുകയിലെ മഞ്ഞുതൊപ്പികൾ അപ്രത്യക്ഷമാകുകയും ചെയ്യുന്നു. ഇത് ജലസംഭരണികളെ ബാധിക്കുകയും ഗുരുതരമായ ഉരുൾപ്പൊട്ടലിനു കാരണമാകുകയും ചെയ്യുമെന്ന് ചില ശാസ്ത്രജ്ഞർ പറയുന്നു. ഹിമാലയത്തിലെ ഡസൻകണക്കിന് ഹിമതടാകങ്ങൾ അവയുടെ പ്രകൃതിദത്ത മതിൽക്കെട്ടുകളെയെല്ലാം ഭേദിക്കുമെന്ന മട്ടിലാണ്. അങ്ങനെയായാൽ ഫലം വിനാശകമായ പ്രളയമായിരിക്കും. കഴിഞ്ഞ ഏതാനും ദശകങ്ങളിൽ ഈ ദുരന്തം പലയാവർത്തി ആഞ്ഞടിച്ചുകഴിഞ്ഞു.
◼ ഉപജീവനത്തിനുവേണ്ടി മാത്രമുള്ള കൃഷി. ജനപ്പെരുപ്പം, തരിശുഭൂമികളിൽപ്പോലും കൃഷിചെയ്യാൻ ആളുകളെ നിർബന്ധിതരാക്കുന്നു. ഒരു പഠനമനുസരിച്ച്, ആഫ്രിക്കയുടെ പർവതപ്രദേശങ്ങളിൽ പകുതിയോളം ഇപ്പോൾ കൃഷിക്കും കാലിമേയ്ക്കലിനും ഉപയോഗിക്കുന്നു—10 ശതമാനം കൃഷിക്കും 34 ശതമാനം കാലിമേയ്ക്കലിനും. സ്വതവേ കൃഷിക്ക് പറ്റിയതല്ലാത്ത ഈ മലമേടുകളിൽ കൃഷിയിറക്കുമ്പോൾ മുടക്കുമുതൽ കഷ്ടിച്ച് തിരിച്ചുകിട്ടുമെന്നല്ലാതെ കൂടുതൽ പ്രയോജനമൊന്നുമില്ല. * അമിതമായ കാലിമേയ്ക്കലാകട്ടെ ലോലമായ സസ്യജാലങ്ങളെയൊക്കെ വേഗം നശിപ്പിക്കുകയും ചെയ്യുന്നു. മൊത്തം പർവതപ്രദേശങ്ങളുടെ മൂന്നു ശതമാനം മാത്രമേ പരിസ്ഥിതിക്കു ഹാനിതട്ടാതെ കൃഷിയിറക്കാൻ പറ്റിയതായുള്ളു എന്ന് ഒരു പഠനം സൂചിപ്പിക്കുന്നു.
◼ യുദ്ധം. അടുത്തകാലങ്ങളിൽ തലയുയർത്തിയ ആഭ്യന്തരയുദ്ധങ്ങൾ നിരവധി പർവതപ്രദേശങ്ങളെ താറുമാറാക്കി. തങ്ങളുടെ സൈനിക നീക്കങ്ങൾക്കുള്ള ഒളിത്താവളങ്ങളായി ആക്രമണകാരികൾ വൃക്ഷസമൃദ്ധമായ മലമടക്കുകൾ തിരഞ്ഞെടുത്തു. “വന്യമായ മാനവ പോരാട്ടങ്ങൾ” ആഫ്രിക്കയുടെ പർവതപ്രദേശങ്ങളിൽ 67 ശതമാനത്തെയും മുറിവേൽപ്പിച്ചതായി ഐക്യരാഷ്ട്രങ്ങളുടെ ഒരു റിപ്പോർട്ടു കാണിക്കുന്നു. കൂടാതെ, ചില മലമ്പ്രദേശങ്ങൾ നിയമവിരുദ്ധ മയക്കുമരുന്ന് ഉത്പാദനത്തിന്റെ വിളനിലങ്ങളായിത്തീർന്നിരിക്കുന്നു. ഇതാകട്ടെ ചിലപ്പോൾ അവിടങ്ങളിൽ സായുധപോരാട്ടങ്ങൾക്കു വഴിതെളിക്കുന്നു, പരിസ്ഥിതിയുടെ താളംതെറ്റുന്നതിനും അത് ഇടയാക്കുന്നു.
കൂടുതൽ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ?
പർവതങ്ങളോടുള്ള മനുഷ്യന്റെ പരാക്രമങ്ങളുടെ തിക്തഫലങ്ങൾ ഇതിനോടകംതന്നെ വ്യക്തമായിക്കഴിഞ്ഞു. വെള്ളപ്പൊക്കം, ഉരുൾപ്പൊട്ടൽ, ജലദൗർലഭ്യം എന്നിവ അതിന്റെ ഏതാനും സൂചനകളാണ്. ഇക്കാര്യത്തിൽ ഗവണ്മെന്റുകൾ ഉണർന്നുതുടങ്ങിയിട്ടുണ്ട്. ചില പ്രദേശങ്ങളിൽ വനഭൂമികൾ പുനരുദ്ധരിക്കുകയും മരംവെട്ട് നിരോധിക്കുകയും ചെയ്തിരിക്കുന്നു. അന്യംനിന്നുപോകുന്ന ജീവിവർഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥകളെയും പ്രകൃതിയിലെ പല ദൃശ്യവിസ്മയങ്ങളെയും സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തിൽ നാഷണൽ പാർക്കുകൾക്കു രൂപംകൊടുത്തിട്ടുണ്ട്.
പക്ഷേ, ഇങ്ങനെയുള്ള സംരക്ഷിത മേഖലകളിൽപ്പോലും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയരുന്നു. (“പ്രകൃതിയിലെ ചില അഭയകേന്ദ്രങ്ങൾ” എന്ന ചതുരം കാണുക.) വിവിധ ജീവിവർഗങ്ങൾ അമ്പരപ്പിക്കുന്ന തോതിൽ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത ഈ അഭയകേന്ദ്രങ്ങളെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ വെളിച്ചംകാണുന്നില്ല എന്നതിന്റെ സൂചനയാണ്. പ്രശ്നങ്ങളെക്കുറിച്ചു വിദഗ്ധർ ബോധവാന്മാരാണ്, എങ്കിലും ഈ അപങ്കിലഭൂവിഭാഗങ്ങൾ വലിയതോതിൽ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ സഫലമായിട്ടില്ല. “നമ്മുടെ ശാസ്ത്രീയ ജ്ഞാനത്തിൽ ഞാൻ അഭിമാനിക്കുന്നു, എന്നാൽ ജൈവവൈവിധ്യത്തിന്റെ മുഖ്യ കലവറകൾ
നശിപ്പിക്കപ്പെടുന്നതിൽ ഞാൻ നിരാശനാണ്,” വിഖ്യാത ജീവശാസ്ത്രജ്ഞൻ ഇ. ഒ. വിൽസൺ പറയുന്നു.ജൈവവൈവിധ്യത്തിന്റെ നഷ്ടത്തെക്കുറിച്ച് ഓർത്ത് ഇത്രയ്ക്ക് ഉത്കണ്ഠപ്പെടേണ്ടതുണ്ടോ? ഭൂമിയിലെ ജൈവവൈവിധ്യം മനുഷ്യവർഗത്തിന് ഒട്ടേറെ പ്രയോജനങ്ങൾ കൈവരുത്തുന്നുവെന്ന് നിരവധി ജീവശാസ്ത്രജ്ഞർ പറയുന്നു. ഉദാഹരണത്തിന്, ജൈവവൈവിധ്യത്തിന്റെ പണ്ടകശാലയായ മഡഗാസ്കറിന്റെ മലമേടുകളിൽ വളരുന്ന ഒരു ചെടിയാണ് റോസി പെറിവിങ്കിൾ (ശവക്കോട്ടപ്പച്ച). രക്താർബുദചികിത്സയ്ക്കുള്ള ഒരു സുപ്രധാന ഔഷധം ഈ ചെടിയിൽനിന്നാണ് എടുക്കുന്നത്. ഇനി, ദശാബ്ദങ്ങളോളം മലേറിയയെ ചൊൽപ്പടിയിൽ നിറുത്താനുതകിയ കൊയിനാ മരത്തിൽനിന്നെടുക്കുന്ന ക്വിനൈന്റെയും മറ്റ് ഔഷധങ്ങളുടെയും തറവാട് ആൻഡീസ് പർവതനിരകളാണ്. പർവതപ്രദേശങ്ങളിൽ
വളരുന്ന ഒട്ടനവധി സസ്യങ്ങൾ കോടിക്കണക്കിനു മനുഷ്യജീവൻ രക്ഷിക്കാൻ ഉതകിയിട്ടുണ്ട്. ഈ സസ്യങ്ങളിൽ ചിലത് മറ്റു പ്രദേശങ്ങളിലും നട്ടുവളർത്താൻ കഴിഞ്ഞിട്ടുണ്ട് എന്നുള്ളതു ശരിതന്നെ. എന്നിരുന്നാലും, പർവത സസ്യജാലങ്ങളുടെ വൻതോതിലുള്ള നശീകരണം, ഇതുവരെ കണ്ടുപിടിച്ചിട്ടില്ലെങ്കിലും ചികിത്സാരംഗത്തും ഭക്ഷ്യവിളയെന്ന നിലയിലും വലിയ സാധ്യതകളുള്ള സസ്യജാലങ്ങൾ അറിയാതെയെങ്കിലും നഷ്ടമാകാൻ ഇടയാക്കുന്നു.ഇപ്പോഴത്തെ നശീകരണഘടകങ്ങൾക്ക് എങ്ങനെയെങ്കിലും കടിഞ്ഞാണിടാൻ കഴിയുമോ? ഏറ്റ മുറിവുകൾ സുഖപ്പെടുത്താനാകുമോ? പർവതങ്ങൾ സൗന്ദര്യത്തിന്റെയും ജൈവവൈവിധ്യങ്ങളുടെയും അഭയകേന്ദ്രമായി തുടരുമോ?
[അടിക്കുറിപ്പുകൾ]
^ ശരാശരി, ഒരു സ്വർണമോതിരം ഉണ്ടാക്കുമ്പോൾത്തന്നെ മൂന്നു ടൺ പാഴ്വസ്തുക്കൾ ഉണ്ടാകുന്നു.
^ നേരെമറിച്ച്, പർവതനിവാസികൾ നൂറ്റാണ്ടുകളിലൂടെ, മലയോരങ്ങളിൽ പരിസ്ഥിതിക്കു ഹാനിതട്ടാതെ കൃഷിചെയ്യാൻ പഠിച്ചിരിക്കുന്നു.
[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മലമേടുകളിലെ ജന്തുജാലങ്ങൾ
പർവത സിംഹം എന്നറിയപ്പെടുന്ന പ്യൂമ അതിന്റെ പേരു സൂചിപ്പിക്കുന്നതുപോലെതന്നെ മലമടക്കുകളിലാണ് മുഖ്യമായും കാണപ്പെടുന്നത്. റോക്കി, ആൻഡീസ് എന്നീ പർവതനിരകളാണ് ഇതിന്റെ പ്രധാന വിഹാരരംഗങ്ങൾ. മിക്ക ഇരപിടിയന്മാരെയുംപോലെ ഈ മാർജാരനും മനുഷ്യന്റെ ഭീഷണിമൂലം ദുർഗമമായ വനഹൃദയങ്ങളിലേക്കു പിൻവാങ്ങുകയാണ്.
ചുവന്ന പാൻഡകളെ ഹിമാലയസാനുക്കളിൽ മാത്രമാണു കണ്ടുവരുന്നത് (എവറസ്റ്റിന്റെ താഴ്ന്ന മലഞ്ചെരിവുകളിലും കാണാം). ഇത്രയും വിദൂരങ്ങളിലാണ് ആവാസകേന്ദ്രമെങ്കിലും അതിജീവനത്തിനായി ഇവ പാടുപെടുകയാണ്, കാരണം ഇവയെ തീറ്റിപ്പോറ്റുന്ന മുളങ്കാടുകൾ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.
[കടപ്പാട്]
Cortesía del Zoo de la Casa de Campo, Madrid
തവിട്ടുകരടി ഒരിക്കൽ യൂറോപ്പ്, ഏഷ്യ, വടക്കേഅമേരിക്ക എന്നിവിടങ്ങളിൽ യഥേഷ്ടം വിഹരിച്ചിരുന്നു. കനേഡിയൻ റോക്കീസ്, അലാസ്ക, സൈബീരിയ എന്നിവിടങ്ങളിൽ ഇതിനെ സാധാരണ കാണാമെങ്കിലും യൂറോപ്പിൽ ഇന്ന് ഇവ ഏതാനും ഒറ്റപ്പെട്ട പർവതപ്രദേശങ്ങളിൽ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഐക്യനാടുകളിൽ ഇതിന്റെ എണ്ണം 99 ശതമാനം കുറഞ്ഞിരിക്കുന്നു.
സ്വർണക്കഴുകൻ ഉത്തരാർധഗോളത്തിലെ പർവതനിരകൾക്കു മീതെയുള്ള ആകാശം അടക്കിവാണിരുന്നു. എന്നാൽ സങ്കടകരമെന്നു പറയട്ടെ, യൂറോപ്പിൽ ഇവ ഇപ്പോൾ 5,000 ജോഡിയിൽ കുറവേ ഉള്ളൂ. കാരണം കഴിഞ്ഞ കാലത്ത് ഇവ ‘അങ്ങേയറ്റത്തെ വെറുപ്പിന് ഇരയായ’ പക്ഷികളായിരുന്നു.
ഭീമൻ പാൻഡയുടെ “നിലനിൽപ്പ് മൂന്ന് അനിവാര്യഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്: ഉയർന്ന മലനിരകളും അഗാധമായ താഴ്വരകളും, ഇടതൂർന്ന മുളങ്കാടുകൾ, ഓജസ്സുറ്റ അരുവികൾ,” ചൈനയിലെ പ്രകൃതിശാസ്ത്രജ്ഞനായ ടാങ് സിയാങ് പറയുന്നു. ഒരു കണക്കുപ്രകാരം, കാടുകളിൽ ജീവിച്ചിരിക്കുന്ന പാൻഡകളുടെ എണ്ണം 1,600-ൽ താഴെയാണ്.
[8, 9 പേജുകളിലെ ചതുരം/ചിത്രങ്ങൾ]
പ്രകൃതിയിലെ ചില അഭയകേന്ദ്രങ്ങൾ
യോസെമിറ്റ് നാഷണൽ പാർക്ക് (കാലിഫോർണിയ, യു.എസ്.എ.) പ്രകൃതിശാസ്ത്രജ്ഞനായ ജോൺ മൂയിറിന്റെ അശ്രാന്തപരിശ്രമം മൂലം 1890-ൽ ഇതു നിലവിൽവന്നു. ഇതിന്റെ കൺമയക്കുന്ന രമണീയതകൾ പ്രതിവർഷം 40 ലക്ഷം സന്ദർശകരെ ഇവിടേക്കു മാടിവിളിക്കുന്നു. പക്ഷേ, ഈ ഭൂവിഭാഗത്തെ സംരക്ഷിക്കുകയും ഒപ്പം പ്രകൃതിസ്നേഹികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും ചെയ്യാൻ പാർക്കിന്റെ അധികാരികൾ പാടുപെടുകയാണ്.
പോഡോകാർപുസ് നാഷണൽ പാർക്ക് (ഇക്വഡോർ) സദാ മേഘങ്ങളെ തൊട്ടുരുമ്മുന്ന, ആൻഡിയൻ ഉഷ്ണമേഖലാ വനത്തിന്റെ ഒരു പ്രദേശത്തെ പരിരക്ഷിക്കുന്നു. വിവിധയിനം ജന്തു-സസ്യജാലങ്ങൾ—600-ലധികം ഇനം പക്ഷികളും ഏകദേശം 4,000 ഇനം സസ്യജാലങ്ങളും—ഇവിടെയുണ്ട്. കോടിക്കണക്കിനാളുകളുടെ ജീവൻ രക്ഷിച്ചിട്ടുള്ള ക്വിനൈൻ എന്ന ഔഷധം കണ്ടുപിടിക്കപ്പെട്ടത് ഇവിടെനിന്നാണ്. മിക്ക നാഷണൽ പാർക്കുകളിലെയുംപോലെ ഇവിടെയും അനിയന്ത്രിത മരംവെട്ടലും അനധികൃത വേട്ടയാടലും നടക്കുന്നുണ്ട്.
കിളിമഞ്ചാരോ പർവതം (ടാൻസാനിയ) ആഫ്രിക്കയുടെ മേൽക്കൂരയും ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതങ്ങളിലൊന്നുമാണ്. അതിന്റെ താഴ്വാരങ്ങളിൽ ആനക്കൂട്ടങ്ങൾ വിഹരിക്കുന്നു. ഭീമൻ ലോബിലിയ, ഭീമൻ ഗ്രൗണ്ട്സെൽ എന്നിങ്ങനെയുള്ള അസുലഭങ്ങളായ സസ്യജാലങ്ങൾ ഈ ആൽപൈൻ മേഖലയിൽ വളരുന്നു. നിയമവിരുദ്ധ നായാട്ട്, വനനശീകരണം, അമിതമായ കാലിമേയ്ക്കൽ എന്നിവ ഇതിനു ഭീഷണി ഉയർത്തുന്നു.
റ്റാതാ നാഷണൽ പാർക്ക് (കാനറി ദ്വീപുകൾ) ശവപ്പറമ്പുപോലുള്ള അഗ്നിപർവത പ്രദേശത്തിന് ഉണർവേകുന്ന, വിരളമായി മാത്രം കാണപ്പെടുന്ന സസ്യജാലങ്ങൾ ഇവിടെ സംരക്ഷിക്കപ്പെടുന്നു. അഗ്നിപർവതങ്ങൾ നിറഞ്ഞ ദ്വീപുകളുടേത് മിക്കവാറും ലോലമായ ആവാസവ്യവസ്ഥയാണ്, മറ്റിടങ്ങളിൽനിന്നുള്ള ജീവജാലങ്ങളെ കൊണ്ടുവന്നു വളർത്തുന്നത് അതിനെ പ്രതികൂലമായി ബാധിക്കും.
പിറേനേ, ഓർഡെസാ നാഷണൽ പാർക്കുകൾ (ഫ്രാൻസ്, സ്പെയിൻ) ഗംഭീരമായ ആൽപൈൻ രമണീയതകളെയും അവിടെ വളരുന്ന ജന്തുസസ്യജാലങ്ങളെയും സംരക്ഷിക്കുന്നു. യൂറോപ്പിലെ മറ്റു മലനിരകളെപ്പോലെതന്നെ പിറേനേസിന്റെ ചരിവുകളിലും സ്കീയിങ് നടത്തുന്നവരുടെ തിരക്കുകൂടുകയാണ്. അതുപോലെ വിനോദസഞ്ചാരികൾക്കായുള്ള മറ്റു സുഖസൗകര്യങ്ങളും ഇവിടെ വർധിച്ചുവരുന്നു. പരമ്പരാഗതമായ കാർഷികരീതികൾ നിറുത്തിയതും ഇവിടത്തെ പരിസ്ഥിതിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.
സൊരാക്സാൻ നാഷണൽ പാർക്ക് കൊറിയൻ റിപ്പബ്ലിക്കിലെ ഏറ്റവും പ്രശസ്തമായ പാർക്കാണ്. ഇവിടത്തെ കരിങ്കൽകൊടുമുടികളും വൃക്ഷനിബിഡമായ മലഞ്ചെരിവുകളും ശരത്കാലത്ത് ഇവിടം ഒരു മാസ്മരലോകമാക്കുന്നു. വാരാന്തങ്ങളിൽ ഇവിടെ ചില സ്ഥലങ്ങൾ നഗരത്തിലെ നടപ്പാതകൾ പോലെയാകും, അത്രയ്ക്കാണ് സന്ദർശകരുടെ തിരക്ക്.
[10-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
മലമേടുകളിലെ സസ്യജാലങ്ങൾ
ടവർ ഓഫ് ജുവൽസ്. വസന്തകാലത്ത് ഏതാനും ആഴ്ചകൊണ്ട് ഈ സുന്ദരപുഷ്പം ഒരു മനുഷ്യന്റെയത്ര ഉയരം വെക്കും. കാനറി ദ്വീപുകളിലെ രണ്ട് അഗ്നിപർവതമുടികളിൽ മാത്രമേ ഇതു കാണാൻ കഴിയൂ, അതും ഏതാണ്ട് 1,800 മീറ്റർ ഉയരത്തിൽ. പർവതങ്ങളിൽനിന്നുള്ള പല സസ്യജാലങ്ങളും ഇങ്ങനെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളിൽ ഒതുങ്ങുന്നു.
കാർലിൻ ഞെരിഞ്ഞിലുകൾ ആൽപ്സിലും പിറേനേയിലും വളരുന്നു. തീജ്വാലപോലുള്ള ഈ വനപുഷ്പങ്ങൾ വേനൽക്കാലം അവസാനിക്കവേ പർവതപ്രദേശങ്ങളിലെ പുൽമേടുകളെ ഉജ്ജ്വലമാക്കുന്നു. ഈ പുഷ്പങ്ങൾ ചെറുപ്രാണികളെ വിരുന്നൂട്ടുകയും ചെയ്യുന്നു.
ഇംഗ്ലീഷ് ഐറിസ്. മനോഹരമായ ഈ വനപുഷ്പങ്ങളുടെ സങ്കരയിനങ്ങളെ പലരും പൂന്തോട്ടങ്ങളിൽ വളർത്തുന്നുണ്ട്. ഇത്തരം ഉദ്യാനപുഷ്പങ്ങളിൽ മിക്കവയുടെയും തറവാട് ആൽപൈൻ മലനിരകളാണ്.
മൗണ്ടെൻ ഹൗസ്ലീക്ക് പാറപ്പിളർപ്പുകളിൽ പറ്റിപ്പിടിച്ചു വളരുന്ന നിരവധി ആൽപൈൻ ചെടികളിലൊന്നാണ്. ദക്ഷിണയൂറോപ്പിന്റെ മലമേടുകളാണ് ഈ ഇനങ്ങളുടെ സ്വദേശം. കരുത്താർന്ന ഈ പുഷ്പത്തിന് ഏറെക്കാലത്തെ ആയുസ്സുള്ളതിനാൽ നിത്യപുഷ്പം എന്നും ഇതിനെ വിളിക്കാറുണ്ട്.
ബ്രോമെലിയാഡ്സ്. ഈ ചെടികളുടെയും ഓർക്കിഡുകളുടെയും ഒട്ടനവധി ഇനങ്ങൾ, മേഘങ്ങളെ തൊട്ടുരുമ്മുന്ന ഉത്തുംഗങ്ങളായ ഉഷ്ണമേഖലാ വനാന്തരങ്ങളിൽ തഴച്ചു വളരുന്നു. 4,500 മീറ്റർ ഉയരത്തിൽവരെ ഇവയെ കാണാം.
അൾജീരിയൻ ഐറിസ് വളരുന്നത് വടക്കൻ ആഫ്രിക്കയിലെ എർ റിഫ് മലനിര കളിലും അറ്റ്ലസ് പർവതനിരകളിലുമാണ്. മെഡിറ്ററേനിയൻ സസ്യജാലങ്ങളുടെ ഹോട്ട്സ്പോട്ട് എന്നറിയപ്പെടുന്ന പ്രദേശമാണിത്.
[6-ാം പേജിലെ ചിത്രം]
ഇന്തൊനീഷ്യയിലെ മാവോക്കെ പർവതങ്ങൾക്കടുത്ത് ചെമ്പും സ്വർണവും ഖനനം ചെയ്തെടുക്കുന്നു
[കടപ്പാട്]
© Rob Huibers/Panos Pictures
[8-ാം പേജിലെ ചിത്രം]
റോസി പെറിവിങ്കിൾ