വെനീസ് “നീരാഴിയിലെ നഗരി”
വെനീസ് “നീരാഴിയിലെ നഗരി”
ഇറ്റലിയിലെ ഉണരുക! ലേഖകൻ
“അവൾ, നീരാഴിയിലെ നഗരി, പ്രൗഢയായ സാഗരപുത്രി. അവളുടെ വിശാല വീഥികളെയും ഊടുവഴികളെയും ആശ്ലേഷിക്കുന്ന അലകടലിന്റെ ഏറ്റിറക്കങ്ങൾ. അവളുടെ കൊട്ടാരക്കെട്ടുകളിലെ വെൺശിലകളെ ആലിംഗനം ചെയ്യുന്ന കടൽപ്പായൽക്കൂട്ടങ്ങൾ.”—ആംഗലേയ കവി സാമുവൽ റോജേഴ്സ്, 1822.
വെനീസ് നഗരം. അവളാണ് ‘പ്രൗഢയായ സാഗരപുത്രി.’ മഹത്തായ ഒരു റിപ്പബ്ലിക്കിന്റെ തലസ്ഥാനനഗരിയായി, നൂറ്റാണ്ടുകളോളം അവൾ ഒരു വിശാലദേശത്തെയും സാഗര സാമ്രാജ്യത്തെയും അടക്കിവാണിരുന്നു. ഈ നഗരം ‘നീരാഴിയിൽ’ പണിയപ്പെട്ടത് എങ്ങനെയാണ്? എന്തുകൊണ്ട്? എന്തൊക്കെയായിരുന്നു അതിന്റെ കീർത്തിമുദ്രകൾ? അതിന്റെ സാമ്രാജ്യം തകർന്നടിഞ്ഞത് എങ്ങനെ? വെനീസിന്റെ ഭൂതകാല പ്രൗഢി വിളിച്ചോതുന്ന എന്താണ് ഇന്ന് അവശേഷിച്ചിട്ടുള്ളത്?
അനാകർഷകമായ ഒരു സ്ഥലം
അഡ്രിയാറ്റിക് കടലിന്റെ വടക്കുപടിഞ്ഞാറെ അറ്റത്തുള്ള ഒരു തടാകമധ്യത്തിലാണു വെനീസ് സ്ഥിതിചെയ്യുന്നത്. 118 ദ്വീപുകൾ ചേർന്നതാണിത്. സമീപത്തായി കടലിലേക്ക് ഒഴുകിവീഴുന്ന നദികൾ ഈ ആഴംകുറഞ്ഞ തീരജലത്തിൽ ഭീമമായ അളവിൽ എക്കൽമണ്ണ് നിക്ഷേപിക്കുന്നു. വേലിയേറ്റ വേലിയിറക്കങ്ങളും സമുദ്രജലപ്രവാഹങ്ങളും കൂടി, ചുറ്റും മണൽത്തിട്ടകൾ അതിർ ചമയ്ക്കുന്ന ശാന്തമായ ഒരു ജലാശയത്തിനു രൂപംകൊടുത്തിരിക്കുന്നു. ഏകദേശം 51 കിലോമീറ്റർ നീളവും 14 കിലോമീറ്ററോളം വീതിയുമുള്ള ഈ തടാകത്തിന് കടലിലേക്കു തുറക്കുന്ന മൂന്നു ചെറിയ വാതായനങ്ങളുണ്ട്. അതിലൂടെ, വേലിയേറ്റ സമയത്ത് ഒരു മീറ്റർ ഉയരത്തിൽ കടൽജലം പ്രവേശിക്കുന്നു.
ബോട്ടുകൾ അകത്തു കടക്കുന്നതും ഇതുവഴിയാണ്. “നൂറ്റാണ്ടുകളോളം ഈ തടാകം തിരക്കേറിയ വാണിജ്യത്തിന്റെ സിരാകേന്ദ്രമായിരുന്നു. അഡ്രിയാറ്റിക് കടലിലൂടെയും ഉത്തര-മധ്യ യൂറോപ്പുകളിൽനിന്ന് നദീമാർഗവും കരമാർഗവും വന്നെത്തുന്ന വ്യാപാരികളുടെ ലക്ഷ്യസ്ഥാനമായിരുന്നു ഇവിടം” എന്ന് ഒരു ഉറവിടം പറയുന്നു.നഗരത്തിന്റെ ഉത്ഭവം തേടിപ്പോയാൽ പണ്ഡിതന്മാർ എത്തുന്നത് ഏകദേശം പൊതുയുഗം അഞ്ചും ഏഴും നൂറ്റാണ്ടുകൾക്ക് ഇടയ്ക്കാണ്. കൊള്ളയും കൊള്ളിവെപ്പും നടത്തി വൻകരയിലുള്ള ജനസമുദായങ്ങളെ വിറപ്പിച്ച് വടക്കുനിന്ന് എത്തിയ കിരാതന്മാരുടെ പടയോട്ടക്കാലത്ത് ആയിരിക്കാം ഈ നഗരം ജന്മംകൊണ്ടതെന്ന് അവർ കണക്കാക്കുന്നു. ഈ പ്രാകൃത അധിനിവേശകരുടെ ആക്രമണത്തിൽനിന്ന് അനേകരും പ്രാണരക്ഷാർഥം ഓടിയത് ഈ തടാക ദ്വീപുകളിലേക്കാണ്. അന്ന് ഇവിടം അനാകർഷകവും എത്തിപ്പെടാൻ പ്രയാസമുള്ളതും ആയിരുന്നെങ്കിലും താരതമ്യേന സുരക്ഷിതമായ ഒരു സ്ഥലമായിരുന്നു.
ഇവിടത്തെ ആദ്യകാല നിർമിതികൾ, നീണ്ട കഴകൾ ചെളിയിൽ താഴ്ത്തി അതിന്മേൽ വണ്ണംകുറഞ്ഞ മരക്കമ്പുകളോ ഈറ്റയോ പാകി അതിനു മുകളിൽ പണിതിരുന്നവ ആയിരുന്നെന്ന് പുരാതന രേഖകൾ സൂചിപ്പിക്കുന്നു. പിന്നീട്, വെനീസുകാർ ആയിരക്കണക്കിന് തടിക്കഷണങ്ങൾ അട്ടിയടുക്കിയിട്ട് അതിന്മേൽ കല്ലുകൊണ്ട് പാർപ്പിടങ്ങൾ നിർമിച്ചു. എന്നാൽ തടാകത്തിലെ റിയാൽട്ടോ ദ്വീപുകളിൽ—പിന്നീട് ഇത് നഗരത്തിന്റെ ഹൃദയഭാഗമായി മാറി—പലപ്പോഴും വെള്ളം കയറുമായിരുന്നു. ഇടമുറിയാതുള്ള ജനപ്രവാഹത്തെ ഉൾക്കൊള്ളാനുള്ള വലുപ്പമോ ശേഷിയോ ആ ദ്വീപുകൾക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് കുടിയേറ്റക്കാർക്കു താമസിക്കാൻ അപരിഷ്കൃതമായ രീതിയിലാണെങ്കിലും ദ്വീപുകളിലെ വെള്ളം വറ്റിച്ച് അതിന്റെ കരപ്രദേശം വാസയോഗ്യമാക്കി എടുക്കേണ്ടതുണ്ടായിരുന്നു. അങ്ങനെ, നിവാസികൾ തങ്ങളുടെ തോണികൾക്കു സഞ്ചരിക്കാനായി കനാലുകൾ കുഴിച്ചു, കെട്ടിടങ്ങൾ പണിയത്തക്കവിധം കരപ്രദേശത്തെ ഉറപ്പുള്ളതാക്കി. കനാലുകൾ അവരുടെ തെരുവുകളായി. കനാലുകൾക്കു മീതെ പണിത പാലങ്ങൾ കാൽനടക്കാർക്ക് ഒരു ദ്വീപിൽനിന്നു മറ്റൊന്നിലേക്കു പോകുന്നത് എളുപ്പമാക്കി.
ഒരു റിപ്പബ്ലിക്കിന്റെ പിറവിയും വളർച്ചയും
പടിഞ്ഞാറൻ റോമാസാമ്രാജ്യത്തിന്റെ പതനത്തോടെ, തടാകത്തിലെ ദ്വീപുകൾ ബൈസാന്റിയൻ സാമ്രാജ്യത്തിന്റെ അധീനത്തിൽവന്നു. ഇപ്പോഴത്തെ ഈസ്റ്റാൻബുൾ ആയ കോൺസ്റ്റാന്റിനോപ്പിൾ ആയിരുന്നു ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനം. ദ്വീപനിവാസികൾ ബൈസാന്റിയത്തെ എതിർക്കുകയും തങ്ങൾക്കു സ്വാതന്ത്ര്യം വേണമെന്നു ശഠിക്കുകയും ചെയ്തു. തത്ഫലമായി, വെനീസിനെ സ്വതന്ത്രമായി വിട്ടു. ബൈസാന്റിയംകാരുടെയും ഫ്രാങ്കുകളുടെയും “രണ്ടു വൻ സാമ്രാജ്യങ്ങൾക്കിടയിൽ ഒറ്റപ്പെട്ടുകിടക്കുന്ന, . . . ” അസാധാരണ “പദവിയുള്ള [ഒരു] കൊച്ചു സ്വതന്ത്ര ഭൂമി” എന്ന് അതു വർണിക്കപ്പെട്ടു. ഒരു വൻ “വാണിജ്യ ഇടത്താവളമായി” വികസിച്ച് സമ്പദ്സമൃദ്ധമാകാൻ നഗരത്തിന്റെ ഈ അനുപമ സാഹചര്യം വഴിയൊരുക്കി.
തുടർന്നുവന്ന നൂറ്റാണ്ടുകളിൽ വെനീസ് മെഡിറ്ററേനിയൻ പ്രദേശത്തെ നിരവധി രാഷ്ട്രീയ ശക്തികളുമായി തന്റെ കരുത്തു പരീക്ഷിച്ചു. സറാസിനുകൾ, നോർമൻകാർ, ബൈസാന്റിയൻ ജനത എന്നിവർ യുദ്ധത്തിനു വന്നപ്പോൾ വെനീസ് തിരിച്ചടിച്ചു. ഒടുവിൽ അവൾ ഈ ദേശങ്ങളെക്കാളെല്ലാം ശക്തയായിത്തീർന്നു. എന്നാൽ അവളുടെ ഈ പ്രൗഢി ഉജ്ജ്വലമായത് 1204-ൽ നാലാം കുരിശുയുദ്ധക്കാർ അവളുടെ അപ്രതിരോധ്യ എതിരാളിയായ കോൺസ്റ്റാന്റിനോപ്പിളിനെ കൊമ്പുകുത്തിച്ചതിനു ശേഷമായിരുന്നു. ബൈസാന്റിയം സാമ്രാജ്യത്തിന്റെ പതനം വെനീസ് മുതലെടുത്തു. അപ്പോൾ കരിങ്കടൽ, ഈജിയൻ കടൽ എന്നിവയുടെ തീരത്തും ഗ്രീസ്, കോൺസ്റ്റാന്റിനോപ്പിൾ, സിറിയ, പാലസ്തീൻ, സൈപ്രസ്, ക്രീറ്റ് എന്നിവിടങ്ങളിലും തനിക്കു നേരത്തേ ഉണ്ടായിരുന്ന വാണിജ്യകേന്ദ്രങ്ങളിൽ പലതും സ്വന്തം അധീനതയിലുള്ള അധിവാസകേന്ദ്രങ്ങളാക്കി അവൾ മാറ്റി.
“മെഡിറ്ററേനിയന്റെ റാണി”
12-ാം നൂറ്റാണ്ടിൽത്തന്നെ വെനീസിന്റെ ബൃഹത്തായ കപ്പൽനിർമാണ കേന്ദ്രങ്ങളിൽ
ഏതാനും മണിക്കൂറുകൾകൊണ്ട് സർവസന്നാഹങ്ങളോടുംകൂടിയ ഒരു കപ്പൽ നിർമിച്ചു പുറത്തിറക്കുമായിരുന്നു. ദ്വീപിലുള്ള വ്യവസായ ശാലകൾ സ്ഫടികത്തിനു പുറമേ ലേസ്, ബ്രൊക്കേഡ് (എഴുന്നുനിൽക്കുന്ന ചിത്രപ്പണികളോടുകൂടിയ തുണിത്തരങ്ങൾ), ഡമാസ്ക് (ചിത്രപ്പണികൾ തുന്നിപ്പിടിപ്പിച്ച പട്ടുചേലകൾ), വെൽവെറ്റ് എന്നിവയും ഉത്പാദിപ്പിച്ചിരുന്നു. വെനീസിലെയും വിദേശരാജ്യങ്ങളിലെയും വ്യാപാരികൾ പാശ്ചാത്യനാടുകളിൽനിന്ന് തോക്കുകൾ, കുതിരകൾ, ആംബർ, രോമത്തോൽ, തടി, കമ്പിളി, തേൻ, മെഴുക്, അടിമകൾ എന്നിവ കൊണ്ടുവന്നിരുന്നു. മെഡിറ്ററേനിയന്റെ കിഴക്കൻ തീരപ്രദേശങ്ങളിലുള്ള മുസ്ലീം കച്ചവടക്കാരിൽനിന്ന് സ്വർണം, വെള്ളി, പട്ട്, സുഗന്ധവ്യഞ്ജനങ്ങൾ, പരുത്തി, ചായങ്ങൾ, ആനക്കൊമ്പ്, സുഗന്ധദ്രവ്യങ്ങൾ തുടങ്ങിയ വസ്തുക്കളും ഇറക്കുമതി ചെയ്തിരുന്നു. വിപണിയിലേക്കു വരുകയും പോകുകയും ചെയ്യുന്ന കച്ചവടച്ചരക്കുകൾക്കെല്ലാം നികുതി ഈടാക്കിയിട്ടുണ്ടെന്ന് നഗര ഉദ്യോഗസ്ഥന്മാർ ഉറപ്പുവരുത്തിയിരുന്നു.പല്ലാഡിയോ, റ്റിഷ്യാൻ, റ്റിൻറ്റൊറെറ്റോ തുടങ്ങിയ പുകൾപെറ്റ ശിൽപ്പികളും ചിത്രകാരന്മാരും വെനീസിനെ അണിയിച്ചൊരുക്കി. ലാ സേറേനിസ്സിമാ എന്നാണ് വെനീസ് വർണിക്കപ്പെട്ടത്. “ശാന്തത വഴിഞ്ഞൊഴുകുന്ന” അല്ലെങ്കിൽ “പ്രൗഢോജ്ജ്വലമായ” എന്നാണ് അതിന് അർഥം. അതുകൊണ്ട് ഈ നഗരിയെ “മെഡിറ്ററേനിയന്റെ റാണി, . . . പരിഷ്കൃത ലോകത്തിലെ ഏറ്റവും സമ്പന്നവും ഐശ്വര്യസമൃദ്ധവും ആയ വാണിജ്യകേന്ദ്രം” എന്നൊക്കെ വിളിച്ചിരിക്കുന്നത് സമുചിതമാണ്. വെനീസ് നൂറ്റാണ്ടുകളോളം ഈ മകുടം ചാർത്തിനിന്നു. 16-ാം നൂറ്റാണ്ടിൽ പ്രധാന വാണിജ്യപാത അറ്റ്ലാന്റിക്കിലേക്കും പശ്ചിമാർധ ഗോളത്തിലേക്കും തിരിഞ്ഞപ്പോൾ മാത്രമാണ് അവളുടെ പ്രൗഢിക്കു മങ്ങലേറ്റു തുടങ്ങിയത്.
വെനീസിന്റെ കോളനികൾ മെഡിറ്ററേനിയൻ പ്രദേശത്താകമാനം ചിതറിക്കിടന്നു. അവയ്ക്ക് ഭൂമിശാസ്ത്രപരമായും ഭരണപരമായും ഐക്യമില്ലായിരുന്നു. വെനീസിന് കോളനികൾ കൈവിടാതെ രക്ഷയില്ലെന്നായി. അയൽരാജ്യങ്ങൾ അവളുടെ പ്രദേശങ്ങൾ ഒന്നൊന്നായി പിടിച്ചടക്കാൻ തുടങ്ങി. ഒടുവിൽ 1797-ൽ നെപ്പോളിയൻ ഒന്നാമൻ ഈ നഗരിയെ കീഴടക്കി ഓസ്ട്രിയയ്ക്കു കൈമാറി. 1866-ൽ വെനീസ് ഇറ്റലിയുടെ ഭാഗമായി.
ഒരു സ്വപ്നനഗരി
വെനീസിൽ കാലുകുത്തുമ്പോൾ മിക്ക സന്ദർശകർക്കും തങ്ങൾ രണ്ടോ മൂന്നോ നൂറ്റാണ്ട് പിമ്പോട്ടു പോയതുപോലെ തോന്നും. ഈ നഗരത്തിന് അവൾക്കുമാത്രം സ്വന്തമായ ചാരുതകളുണ്ട്.
തികച്ചും സ്വച്ഛമായ അന്തരീക്ഷമാണിവിടെ. കാൽനടക്കാർക്കുള്ള ഇടുങ്ങിയ പാതകൾ ജലഗതാഗതപാതയിൽനിന്നും മിക്കവാറും അകന്നാണ്. നടപ്പാതകൾ കനാലുകളുടെ തീരത്തുകൂടെ പോകുമ്പോഴോ കനാലുകൾക്കു കുറുകെ കമാനാകൃതിയിലുള്ള കൽപ്പാലങ്ങൾ വരുമ്പോഴോ മാത്രമേ ഈ രണ്ടുഗതാഗത മാർഗങ്ങൾ സംഗമിക്കാറുള്ളൂ. മോട്ടോർ ഘടിപ്പിച്ച ഏക വാഹനം വെള്ളം “പാകിയ” തെരുവുകളിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളാണ്. കൺമയക്കുന്ന ദൃശ്യങ്ങൾകൊണ്ട് അനുഗൃഹീതയാണു വെനീസ്. സെന്റ് മാർക്ക്സ് ചത്വരവും അതിന്റെ ബസിലിക്കയും മണിഗോപുരവും മുഖംനോക്കുന്ന വശ്യമായ തടാകത്തിലെ പച്ചനിറമുള്ള ജലവിതാനത്തിലേക്കു സൂര്യൻ കിരണങ്ങളെറിയുന്ന രംഗം കലാഹൃദയങ്ങളെ ത്രസിപ്പിക്കുന്ന ഒരു ദൃശ്യവിസ്മയമാണ്.
സെന്റ് മാർക്ക് ചത്വരത്തിലെ തുറസ്സായ കഫേകൾ സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിക്കുന്നു. ഇവിടെനിന്നു നിങ്ങൾക്ക് ഒരു ചെറിയ വാദ്യവൃന്ദത്തിന്റെ പരമ്പരാഗത സംഗീതം ആസ്വദിച്ചുകൊണ്ട് എന്തെങ്കിലും പാനീയമോ ഗലേറ്റൊയോ (ഒരുതരം ഐസ്ക്രീം) കഴിക്കാം. വാഹനങ്ങളുടെ ശല്യമില്ലാതെ വെറുതെയിരുന്ന്, അതുവഴി കടന്നുപോകുന്നവരെയും ചുറ്റും നിറഞ്ഞുനിൽക്കുന്ന വിസ്മയിപ്പിക്കുന്ന ശിൽപ്പകലാവൈഭവങ്ങളെയും നിരീക്ഷിക്കുമ്പോൾ ശരിക്കും നിങ്ങൾക്ക് ഭൂതകാലത്തിലേക്കു സഞ്ചരിച്ച അനുഭൂതി തോന്നും.
അമൂല്യമായ കലാവസ്തുക്കൾ കാണാൻ ആഗ്രഹിക്കുന്നവർക്ക് ഈ നഗരം ഒരു വിരുന്നുശാലയാണ്. വെനീസിന്റെ എണ്ണമറ്റ കൊട്ടാരങ്ങളിലും മ്യൂസിയങ്ങളിലും പള്ളികളിലുമൊക്കെ വിഖ്യാതരായ നിരവധി കലാകാരന്മാരുടെ സൃഷ്ടികൾ ഉറങ്ങിക്കിടപ്പുണ്ട്. എന്നാൽ ചില സന്ദർശകർക്ക് ഊടുവഴികളിലൂടെ ചുറ്റിനടന്ന് മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾ കണ്ണിമയ്ക്കാതെ നോക്കിനിൽക്കാനാണ് ഇഷ്ടം. വിനോദസഞ്ചാരികൾക്കു വേണ്ടി നഗരത്തിന്റെ പ്രിയങ്കരമായ ഉത്പന്നങ്ങൾ നിരത്തിയിരിക്കുന്ന ഒട്ടനവധി കടകൾ ഇവിടെയുണ്ട്. ലേസും ചിത്രത്തുന്നലുകളോടു കൂടിയ വസ്ത്രങ്ങളും മറ്റും തടാകത്തിലെ
ബുരാനോ ദ്വീപിൽനിന്നുള്ളവയാണ്. മേന്മയേറിയ സുന്ദരമായ ക്രിസ്റ്റലും ഗ്ലാസ്സും കൊണ്ടുള്ള ഉത്പന്നങ്ങളാകട്ടെ മുരാനോയിൽനിന്നും. ഒരു കനാൽബസ്സിലോ മോട്ടോർ ബോട്ടിലോ കയറി അൽപ്പം യാത്രചെയ്താൽ മതി മേൽപ്പറഞ്ഞ ദ്വീപുകളിലേതിലെങ്കിലും ചെന്നെത്താം. കനാലിലൂടെയുള്ള യാത്രതന്നെ നിങ്ങൾക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിക്കും. അവിടെനിന്ന് ആ ഉത്പന്നങ്ങളുടെ നിർമാണവിധം നിങ്ങൾക്കു കണ്ടുമനസ്സിലാക്കാനും കഴിഞ്ഞേക്കും.കമനീയമായ കൊട്ടാരക്കെട്ടുകളുടെ അഗ്രംകൂർത്ത കമാനാകൃതിയുള്ള ജനലുകൾ പോയകാലങ്ങളിലെ പൗരസ്ത്യ സ്വാധീനം വിളിച്ചോതുന്നു. നഗരത്തിലെ പ്രധാന ഗതാഗതമാർഗമായ ഗ്രാൻഡ് കനാലിനു കുറുകെ പണിതിരിക്കുന്ന പ്രശസ്തമായ റിയൾട്ടോ പാലവും അതിനടിയിലെ ജലവീഥിയിലൂടെ നിശ്ശബ്ദമായി തെന്നിനീങ്ങുന്ന കറുത്തുതിളങ്ങുന്ന വള്ളങ്ങളും സന്ദർശകരിൽ കൗതുകമുണർത്തും.
നിലനിൽപ്പിനായുള്ള പോരാട്ടം തുടരുന്നു
വെനീസ് എന്ന “പ്രൗഢോജ്വലമായ റിപ്പബ്ലിക്കിന്റെ” പതനത്തിന് രണ്ടു നൂറ്റാണ്ടുകൾക്കുശേഷം ഇന്ന് അതു നിലനിൽപ്പിനായി പൊരുതുകയാണ്. എന്നാൽ വ്യത്യസ്തമായ ഒരു തരത്തിലാണെന്നുമാത്രം. ഈ ചരിത്രപ്രധാന നഗരിയിലെ നിവാസികളുടെ സംഖ്യ 1951-ൽ 1,75,000 ആയിരുന്നത് 2003-ൽ 64,000 ആയി ചുരുങ്ങി. കുതിച്ചുയരുന്ന വസ്തുവില, തൊഴിലില്ലായ്മ, ആധുനിക സൗകര്യങ്ങളുടെ കുറവ് എന്നിവയാണു കാരണം. ജീർണിച്ചുകൊണ്ടിരിക്കുന്ന നഗരം പുതുക്കിപ്പണിയേണ്ടതുണ്ടോ, ഉണ്ടെങ്കിൽ അത് എങ്ങനെ ചെയ്യും എന്നതുപോലെയുള്ള സങ്കീർണമായ സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്.
1920-ൽ, പ്രാദേശിക സമ്പദ്വ്യവസ്ഥയെ കരുപ്പിടിപ്പിക്കാമെന്ന പ്രതീക്ഷയിൽ കരപ്രദേശത്ത് ഒരു പുതിയ വ്യവസായ മേഖല തുറന്നു. എണ്ണടാങ്കറുകൾക്ക് ശുദ്ധീകരണശാലകളിൽ എത്തിച്ചേരുന്നതിനായി തടാകത്തിനു കുറുകെ ആഴത്തിൽ ഒരു കനാലും വെട്ടി. വ്യവസായശാല തൊഴിൽ സാധ്യതകൾ വാഗ്ദാനം ചെയ്തെങ്കിലും മലിനീകരണത്തിന്റെ പേരിൽ അവ വിമർശനവിധേയമായി. അതുപോലെ അക്വാ ആൾട്ടാ എന്നു വിളിക്കുന്ന നാശകരമായ വേലിയേറ്റങ്ങൾ നഗരത്തിന്റെ ചരിത്രപ്രാധാന്യമുള്ള മിക്ക ഭാഗങ്ങളെയും കൂടെക്കൂടെ ആഴ്ത്തിക്കളയുകയും ചെയ്യുന്നു.
തടാകത്തിന്റെ പരിസ്ഥിതിയും വെള്ളത്തിന്റെ ചലനങ്ങളും മൂലം നഗരം ഭീഷണിയിലാകുന്നത് ആദ്യമായിട്ടൊന്നുമല്ല. 1324-ൽത്തന്നെ വെനീസുകാർ ഒരു ബൃഹത്തായ എൻജിനീയറിങ് പരിപാടി നടപ്പാക്കിയിരുന്നു. തടാകത്തിൽ എക്കൽനിറയ്ക്കുന്ന നദികളുടെ ഗതി തിരിച്ചുവിട്ടുകൊണ്ടായിരുന്നു അത്. 18-ാം നൂറ്റാണ്ടിൽ അവർ കടൽഭിത്തികൾ കെട്ടി, അഡ്രിയാറ്റിക് കടലിലെ ജലം തടാകത്തിലേക്ക് ഇരച്ചുകയറി നാശം വരുത്താതിരിക്കാനായിരുന്നു ഇത്.
ഇന്നത്തെ സാഹചര്യം മുമ്പെന്നത്തേതിലും ഗുരുതരമാണെന്നു തോന്നുന്നു. ഭൂമിക്കടിയിലെ ജലഭരങ്ങളിൽനിന്നുള്ള വെള്ളം വ്യാവസായികാവശ്യത്തിന് ഊറ്റിയെടുക്കുന്നതു മൂലം കരഭാഗം താഴുന്ന പ്രക്രിയയ്ക്ക് തടയിടപ്പെട്ടതായി പ്രത്യാശിക്കുന്നുണ്ടെങ്കിലും, സമുദ്രനിരപ്പ് ലോകവ്യാപകമായി ഉയർന്നുകൊണ്ടിരിക്കുകയാണ്. കൂടാതെ, തടാകം നികത്തി കരഭാഗങ്ങൾ ഉണ്ടാക്കിയെടുക്കുന്നതിനാൽ കരഭാഗവും ജലാശയവും തമ്മിലുള്ള സന്തുലിതാവസ്ഥ താറുമാറായിരിക്കുന്നു. ജലനിരപ്പ് ഉയരുന്നത് പണ്ടുമുതൽക്കേ ഒരു ഭീഷണിയായിരുന്നു, പക്ഷേ അത് ഇന്നത്തെ അത്രയും ഗുരുതരമായിരുന്നില്ല. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ സെന്റ് മാർക്കിന്റെ ചത്വരം വർഷത്തിൽ ഏതാണ്ട് അഞ്ചുമുതൽ ഏഴുവരെ തവണ വെള്ളത്തിൽ മൂടിപ്പോയിരുന്നു. എന്നാൽ അടുത്ത നൂറ്റാണ്ടിൽ, 2000-ത്തിൽത്തന്നെ അവിടെ 80 തവണ വെള്ളംകയറി.
വെനീസിന്റെ ചരിത്രപരവും കലാപരവുമായ അസാധാരണ പൈതൃകവും ആ നഗരിക്കു മുമ്പിൽ ഭീഷണി ഉയർത്തുന്ന പ്രശ്നങ്ങളും അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. നഗരത്തിൽ വെള്ളം കയറുന്നതു തടയുകയും തുറമുഖങ്ങളുടെ പ്രവർത്തനത്തിനോ നിവാസികളുടെ അനുദിന ജീവിതത്തിനോ ഭംഗംവരുത്താതെ പരിസ്ഥിതിയെ സംരക്ഷിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തിൽ പ്രത്യേക നിയമങ്ങൾ പ്രാബല്യത്തിൽ കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇത് ഏറ്റവും മെച്ചമായി എങ്ങനെ ചെയ്യാമെന്നത് ഒരു ചോദ്യമായി അവശേഷിക്കുന്നു.
കനാലിന്റെ വരമ്പുകൾ ഉയർത്തിക്കെട്ടാനും മണ്ണിൽനിന്നു നടപ്പാതകളിലേക്കു വെള്ളം അരിച്ച് മുകളിലേക്ക് എത്താത്തവണ്ണം തറപാകാനും അക്വാ ആൾട്ടായുടെ സമയത്ത് മലിനജലവാഹിനികളിലെ വെള്ളം വീടുകളിലേക്കു തിരിച്ചൊഴുകാതിരിക്കാനുമുള്ള ക്രമീകരണം ചെയ്യുന്നുണ്ട്. ഇതിൽ ഏറ്റവും വിവാദം ഉയർത്തിയിരിക്കുന്ന ഒരു പദ്ധതിയാണ് തടാകത്തിലേക്കുള്ള പ്രവേശനദ്വാരങ്ങൾക്കു കുറുകെ, വേലിയേറ്റ സമയത്തു മാത്രം ഉയർത്തിവെക്കാവുന്ന തരത്തിലുള്ള പ്രതിരോധങ്ങൾ നിർമിക്കുന്നത്.
എന്തായിരുന്നാലും ലക്ഷ്യം പൂവണിയിക്കുകയെന്നതു ചില്ലറക്കാര്യമല്ല. ‘നീരാഴിയിലെ ഈ പ്രൗഢനഗരിക്ക്’ വർണാഭമായ ഒരു ഗതകാലമുണ്ടായിരുന്നു. എന്നാൽ “സന്ദർശകർ നാട്ടുകാരുടെ ആവശ്യങ്ങളെ തൃണവത്ഗണിച്ചുകൊണ്ട്, അവരെ സ്ഥലംവിടാൻപോലും നിർബന്ധിതരാക്കിക്കൊണ്ട് ഈ നഗരിയെ ഒരു മ്യൂസിയമാക്കി മാറ്റിയേക്കും” എന്ന് വിവിധ എഴുത്തുകാർ ആശങ്ക പ്രകടിപ്പിക്കുന്നു. മുഖം കറുപ്പിക്കുന്ന പരിസ്ഥിതിയോട് വെനീസിന് എന്നും പോരാടേണ്ടി വന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ “അതിനെ വെള്ളത്തിന്റെ ഭീഷണിയിൽനിന്നും സംരക്ഷിച്ചാൽമാത്രം പോരാ. സാമൂഹികമായും സാമ്പത്തികമായും അതിനെ കരുത്തുറ്റതാക്കണം. ജനവാസമുള്ളതും പ്രവർത്തനക്ഷമവും സജീവവുമായ ഒരു നഗരമായിത്തീരാൻ ആവശ്യമായതെല്ലാം അതിനു ചെയ്തുകൊടുക്കുകയും വേണം.”
[16-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
വെനീസ്
[16-ാം പേജിലെ ചിത്രം]
ഗ്രാൻഡ് കനാലിനു മുകളിലുള്ള റിയൾട്ടോ പാലം
[16, 17 പേജുകളിലെ ചിത്രം]
സാൻ ജോർജോ മാജോറെ
[17-ാം പേജിലെ ചിത്രം]
സാന്റാ മാരിയ ഡെല്ലാ സാലൂറ്റെ
[18-ാം പേജിലെ ചിത്രം]
ഗ്രാൻഡ് കനാലിലെ റസ്റ്ററന്റുകൾ
[19-ാം പേജിലെ ചിത്രം]
സെന്റ് മാർക്ക് ചത്വരത്തിലെ വെള്ളപ്പൊക്കം
[കടപ്പാട്]
Lepetit Christophe/ GAMMA
[16-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
ഭൂപടം: Mountain High Maps® Copyright © 1997 Digital Wisdom, Inc.; പശ്ചാത്തല ചിത്രം: © Medioimages