ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീകരിക്കുന്നുവോ?
ബൈബിളിന്റെ വീക്ഷണം
ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹം ദൈവം അംഗീകരിക്കുന്നുവോ?
പള്ളിയിലെ ചടങ്ങുകളുടെ ഭാഗമായി, രണ്ടു പുരുഷന്മാർ പരസ്പരം കരംഗ്രഹിച്ച് പ്രസിദ്ധനായ ഒരു എപ്പിസ്കോപ്പൽ ബിഷപ്പിനു മുമ്പാകെ നിൽക്കുന്നു. അവർ “ദൈവത്തിനും സഭയ്ക്കും മുമ്പാകെ . . . ഒരു ഉടമ്പടി” ചെയ്യുന്നു. അലങ്കൃതവും സ്വർണ-ശുഭ്ര വർണത്തിലുള്ളതും ആയ സ്ഥാനവസ്ത്രം ധരിച്ച ബിഷപ്പ് അവരുടെ ബന്ധത്തെ കാണികളുടെ മുമ്പാകെ ആശീർവദിക്കുന്നു. തുടർന്ന് ദമ്പതിമാർ പരസ്പരം ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്യുമ്പോൾ സദസ്സ് എഴുന്നേറ്റുനിന്നു കരഘോഷം മുഴക്കുന്നു. ആ ബിഷപ്പിന്റെ അഭിപ്രായത്തിൽ അത്തരം സ്വവർഗബന്ധങ്ങൾ “വിശുദ്ധവും അനുഗ്രഹത്തിനു യോഗ്യവും . . . പാവനമായി ഗണിക്കപ്പെടേണ്ടതും ആണ്.”
എന്നിരുന്നാലും മറ്റു മതനേതാക്കൾ, ഒരേ ലിംഗവർഗത്തിൽപ്പെട്ടവരുടെ വിവാഹത്തിനെതിരെ ശക്തമായ സ്വരത്തിൽ പ്രതിഷേധിക്കുന്നു. “ഈ [ബിഷപ്പിന്റെ] തീരുമാനത്തിൽ ഞങ്ങൾ വളരെയധികം അസ്വസ്ഥരാണ്,” യാഥാസ്ഥിതിക എപ്പിസ്കോപ്പാലിയന്മാരുടെ ഒരു കൂട്ടമായ അമേരിക്കൻ ആംഗ്ലിക്കൻ കൗൺസിലിന്റെ വക്താവായ സിന്തിയ ബ്രസ്റ്റ് പ്രസ്താവിച്ചു. “ഒരേ ലിംഗവർഗത്തിൽപ്പെട്ടവരുടെ വിവാഹത്തെ ആശീർവദിക്കുന്നത് വിവാഹവും ലൈംഗികതയും സംബന്ധിച്ച ബൈബിളിന്റെ വ്യക്തമായ പഠിപ്പിക്കലിനു വിരുദ്ധമാണ്” എന്നു പറഞ്ഞ അവർ ഇങ്ങനെ കൂട്ടിച്ചേർത്തു: “ലൈംഗികത വിശുദ്ധ ദാമ്പത്യത്തിനുള്ളിൽ ഒരു പുരുഷനും സ്ത്രീയും തമ്മിൽ മാത്രമായി പരിമിതപ്പെടുത്തേണ്ടതാണ്.”
ഈ പ്രശ്നം ഉയർത്തിവിട്ട വാഗ്വാദങ്ങളുടെ കൊടുങ്കാറ്റു പിടിച്ചുലയ്ക്കുന്നതു മതരംഗത്തെ മാത്രമല്ല. ഇതുസംബന്ധിച്ച് അന്തർദേശീയ തലത്തിൽ ചൂടുപിടിച്ച രാഷ്ട്രീയ വാഗ്വാദങ്ങൾ കൊടുമ്പിരികൊള്ളുകയാണ്. പെൻഷൻ, ഒരു ഇണയുടെ ആരോഗ്യ ഇൻഷ്വറൻസ് മറ്റേയാൾക്കും ബാധകമാകുന്ന സംയോജിത ആരോഗ്യ
പരിരക്ഷ, നികുതികൾ എന്നിവ സംബന്ധിച്ച് സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാം എന്നതാണ് ഇതിനു കാരണം.പൗരാവകാശങ്ങളും നിയമപരമായ അംഗീകാരവും ഉൾപ്പെടുന്ന പ്രശ്നങ്ങൾ പലപ്പോഴും വളരെ സങ്കീർണവും പൊതുജനങ്ങൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾക്ക് ഇടയാക്കുന്നവയുമാണ്. എന്നാൽ സത്യക്രിസ്ത്യാനികൾ, രാഷ്ട്രീയ തർക്കവിതർക്കങ്ങൾ ഒഴിവാക്കിക്കൊണ്ട് നിഷ്പക്ഷത നിലനിറുത്തുന്ന കാര്യത്തിൽ ശ്രദ്ധാലുക്കളാണ്. (യോഹന്നാൻ 17:16) * എന്നിരുന്നാലും ബൈബിളിനോട് ആദരവുള്ള ചില ആളുകൾക്ക് സ്വവർഗ വിവാഹവും സ്വവർഗ ലൈംഗികതയും സംബന്ധിച്ച കാര്യങ്ങളിൽ ചില ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നു. ഒരേ ലിംഗവർഗത്തിൽപ്പെട്ടവർ തമ്മിലുള്ള വിവാഹത്തെ നിങ്ങൾ എങ്ങനെ വീക്ഷിക്കുന്നു? വിവാഹം സംബന്ധിച്ച ദൈവത്തിന്റെ നിലവാരം എന്താണ്? നിങ്ങളുടെ മനോഭാവത്തിന് ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തിന്മേൽ എന്തു സ്വാധീനമാണുള്ളത്?
നിലവാരം വെക്കുന്നത് നമ്മുടെ സ്രഷ്ടാവാണ്
ഭരണകൂടങ്ങൾ വിവാഹം സംബന്ധിച്ച് നിയമങ്ങൾ ഏർപ്പെടുത്തുന്നതിനു വളരെക്കാലം മുമ്പുതന്നെ നമ്മുടെ സ്രഷ്ടാവ് വിവാഹത്തെ സംബന്ധിക്കുന്ന നിയമങ്ങൾ സ്ഥാപിച്ചിരുന്നു. ബൈബിളിലെ ആദ്യത്തെ പുസ്തകം നമ്മോട് ഇങ്ങനെ പറയുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പറ്റിച്ചേരും, അവർ ഏകദേഹമായി തീരും.” (ഉല്പത്തി 2:24) വെൻസ് എക്സ്പോസിറ്ററി ഡിക്ഷണറി ഓഫ് ബിബ്ലിക്കൽ വേർഡ്സ് അനുസരിച്ച് “ഭാര്യ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ പദം “ഒരു മനുഷ്യസ്ത്രീയെയാണു കുറിക്കുന്നത്.” വിവാഹത്തിൽ യോജിപ്പിക്കപ്പെടുന്നവർ ‘ആണും പെണ്ണും’ ആയിരിക്കണമെന്ന് യേശുവും വ്യക്തമാക്കി.—മത്തായി 19:5.
അതുകൊണ്ട് വിവാഹം, ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള സ്ഥിരവും വളരെ അടുപ്പമുള്ളതും ആയ ബന്ധമായിരിക്കാനാണു ദൈവം ഉദ്ദേശിച്ചത്. വൈകാരികവും ആത്മീയവും ലൈംഗികവും ആയ ആവശ്യങ്ങളും ആഗ്രഹങ്ങളും പരസ്പരം തൃപ്തിപ്പെടുത്താൻ കഴിയത്തക്കവണ്ണം പരസ്പര പൂരകമായിരിക്കത്തക്കവിധമാണ് പുരുഷനെയും സ്ത്രീയെയും രൂപകൽപ്പന ചെയ്തിരിക്കുന്നത്.
സൊദോമിനെയും ഗൊമോരയെയും സംബന്ധിച്ച സുപരിചിതമായ ബൈബിൾ വിവരണം, സ്വവർഗ ലൈംഗികതയെ ദൈവം എങ്ങനെ വീക്ഷിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ദൈവം ഇങ്ങനെ പ്രഖ്യാപിച്ചു: “സൊദോമിന്റെയും ഗൊമോരയുടെയും നിലവിളി വലിയതും അവരുടെ പാപം അതികഠിനവും ആകുന്നു.” (ഉല്പത്തി 18:20) നീതിമാനായ ലോത്തിന്റെ വീട്ടിൽ രണ്ട് അതിഥികൾ വന്നപ്പോൾ സൊദോമിലെ ആളുകളുടെ അക്കാലത്തെ പാപപൂർണമായ അധാർമികതയുടെ വ്യാപ്തി വ്യക്തമായി. “സൊദോം പട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. അവർ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു.” (ഉല്പത്തി 19:4, 5) ബൈബിൾ പറയുന്നു: “സൊദോംനിവാസികൾ ദുഷ്ടന്മാരും യഹോവയുടെ മുമ്പാകെ മഹാപാപികളും ആയിരുന്നു.”—ഉല്പത്തി 13:13.
ആ പുരുഷന്മാർ “അന്യോന്യം കാമം ജ്വലിച്ചു ആണോടു ആൺ അവലക്ഷണമായതു പ്രവർത്തിച്ചു.” (റോമർ 1:27) ‘അവർ അന്യജഡം മോഹിച്ചു നടന്നു [‘പ്രകൃതിവിരുദ്ധ മോഹങ്ങളിൽ മുഴുകി,’ ഓശാന ബൈബിൾ].’ (യൂദാ 7) സ്വവർഗ ലൈംഗികതയിൽ ഏർപ്പെടുന്നവരുടെ അവകാശങ്ങൾക്കുവേണ്ടി വ്യാപകമായി പ്രചാരണം നടക്കുന്ന രാജ്യങ്ങളിൽ, സ്വവർഗ ലൈംഗികതയെ ‘പ്രകൃതിവിരുദ്ധം’ എന്നു വിശേഷിപ്പിക്കുന്നതിനെ ചിലർ എതിർത്തേക്കാം. എന്നിരുന്നാലും പ്രകൃതിക്കു ചേർച്ചയിലുള്ളതെന്ത്, പ്രകൃതിവിരുദ്ധമെന്ത് എന്നതു സംബന്ധിച്ച് അന്തിമ തീർപ്പുകൽപ്പിക്കാനുള്ള അവകാശം ദൈവത്തിനല്ലേ ഉള്ളത്? അവൻ തന്റെ പുരാതന ജനത്തോട് ഇങ്ങനെ കൽപ്പിച്ചു: “സ്ത്രീയോടു എന്നപോലെ പുരുഷനോടുകൂടെ ശയിക്കരുതു; അതു മ്ലേച്ഛത.”—ലേവ്യപുസ്തകം 18:22.
ദൈവത്തോടു കണക്കുബോധിപ്പിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്
ബൈബിളിന്റെ വീക്ഷണം വ്യക്തമാണ്: ദൈവം സ്വവർഗ ലൈംഗികത അംഗീകരിക്കുകയോ വെച്ചുപൊറുപ്പിക്കുകയോ ചെയ്യുന്നില്ല. മാത്രമല്ല, ‘അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരിൽ പ്രസാദിക്കുന്നവരെയും’ അവൻ വെറുക്കുന്നു. (റോമർ 1:32) “വിവാഹം” സ്വവർഗ ലൈംഗികതയ്ക്കു മാന്യതയുടെ പരിവേഷം നൽകുകയുമില്ല. ‘വിവാഹം എല്ലാവർക്കും മാന്യം ആയിരിക്കട്ടെ’ എന്ന ദൈവത്തിന്റെ മാർഗനിർദേശം, അവൻ മ്ലേച്ഛമായി പരിഗണിക്കുന്ന സ്വവർഗ ലൈംഗികതയെ പുറന്തള്ളുന്നു.—എബ്രായർ 13:4.
എന്നിരുന്നാലും ദൈവത്തിന്റെ സഹായത്തോടെ ഏതൊരാൾക്കും സ്വവർഗ ലൈംഗികത ഉൾപ്പെടെയുള്ള ‘ദുർന്നടപ്പു വിട്ടൊഴിയാനും’ ‘വിശുദ്ധീകരണത്തിലും മാനത്തിലും താന്താന്റെ പാത്രത്തെ നേടാനും’ പഠിക്കാൻ കഴിയും. (1 തെസ്സലൊനീക്യർ 4:3-5) ഇത് എല്ലായ്പോഴും എളുപ്പമല്ലെന്നതു സത്യംതന്നെ. മുമ്പ് സ്വവർഗ ലൈംഗിക ജീവിതരീതി പിന്തുടർന്നിരുന്ന നേഥൻ * പറയുന്നു: “ഇതിൽനിന്നു മോചനമില്ലെന്നാണു ഞാൻ കരുതിയത്.” എന്നാൽ ‘ദൈവാത്മാവിന്റെ’ സഹായത്താൽ മാറ്റംവരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു. (1 കൊരിന്ത്യർ 6:11) തന്റെ നിലവാരങ്ങളിൽ എത്തിച്ചേരാനും അനുഗ്രഹങ്ങൾ സ്വീകരിക്കാനും ആവശ്യമായ ശക്തിയും സഹായവും പ്രദാനംചെയ്യാൻ കഴിയുന്ന യഹോവയ്ക്ക് ഏതു പ്രശ്നവും കൈകാര്യം ചെയ്യാൻ കഴിയും. നേഥന്റെ അനുഭവം അതാണു നമ്മെ പഠിപ്പിക്കുന്നത്.—സങ്കീർത്തനം 46:1.
[അടിക്കുറിപ്പുകൾ]
^ രാജ്യത്തെ നിയമങ്ങൾ തങ്ങളുടെ ബൈബിൾ പരിശീലിത മനസ്സാക്ഷിക്ക് എതിരായിരിക്കുമ്പോൾപ്പോലും യഹോവയുടെ സാക്ഷികൾ, അത്തരം നിയമങ്ങളിൽ മാറ്റം വരുത്തുന്നതിനുവേണ്ടിയുള്ള പ്രതിഷേധ പ്രകടനങ്ങളിലോ ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ പ്രചാരണപരിപാടികളിലോ ഏർപ്പെടുന്നില്ല.
^ യഥാർഥ പേര് അല്ല.
[26-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Photo by Chris Hondros/Getty Images