വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗമാരം പ്രതിസന്ധിയിൽ

കൗമാരം പ്രതിസന്ധിയിൽ

കൗമാരം പ്രതി​സ​ന്ധി​യിൽ

◼ ഐക്യ​നാ​ടു​ക​ളിൽ, ഒരു പതിന​ഞ്ചു​കാ​രൻ സഹപാ​ഠി​ക​ളു​ടെ നേർക്ക്‌ വെടി​യു​തിർത്തു. 2 പേർ മരിച്ചു, 13 പേർക്കു പരിക്കു​പറ്റി.

◼ റഷ്യയിൽ, മദ്യപി​ച്ചു ലക്കുകെട്ട ഒരുകൂ​ട്ടം കൗമാ​ര​ക്കാർ ഒമ്പതു വയസ്സുള്ള ഒരു പെൺകു​ട്ടി​യെ മൃഗീ​യ​മാ​യി കൊല​പ്പെ​ടു​ത്തി, അവളുടെ പിതാ​വി​നെ​യും അദ്ദേഹ​ത്തി​ന്റെ സഹോ​ദ​രീ​പു​ത്ര​നെ​യും തല്ലിച്ച​തച്ചു.

◼ ബ്രിട്ട​നിൽ, ഒരു പതി​നേ​ഴു​കാ​രൻ ഒരു പതിന്നാ​ലു​കാ​രനെ മർദി​ക്കു​ക​യും കുത്തി മുറി​വേൽപ്പി​ക്കു​ക​യും ചെയ്‌തു. “അവനെ കൊല്ല​ണ​മെ​ന്നൊ​ന്നും ആദ്യം ഞാൻ കരുതി​യില്ല,” അവൻ പോലീ​സി​നോ​ടു പറഞ്ഞു. “പക്ഷേ രക്തം കണ്ടപ്പോൾ പിന്നെ ഞാൻ പിൻവാ​ങ്ങി​യില്ല.”

ഇതു​പോ​ലെ​യുള്ള ഞെട്ടി​ക്കുന്ന വാർത്തകൾ ഒറ്റപ്പെട്ട സംഭവമല്ല. അസാധാ​രണം എന്നു മുദ്ര​കു​ത്തി അവയെ തള്ളിക്ക​ള​യാ​നു​മാ​വില്ല. “യുവജന അക്രമങ്ങൾ നമ്മുടെ സമൂഹ​ത്തി​ലെ കാതലായ ഒരു പ്രശ്‌ന​മാണ്‌,” പ്രൊ​ഫ​ഷണൽ സ്‌കൂൾ കൗൺസി​ലിങ്‌ എന്ന പ്രസി​ദ്ധീ​ക​ര​ണ​ത്തി​ലെ ഒരു ലേഖനം പറയുന്നു. കണക്കുകൾ ഇതിനെ പിന്താ​ങ്ങു​ന്നു.

ഐക്യ​നാ​ടു​ക​ളിൽ സ്‌കൂ​ളി​ലെ അക്രമ​പ്ര​വർത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​കൾക്ക്‌ അൽപ്പസ്വൽപ്പം കുറവു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും “2001-ൽ സ്‌കൂ​ളു​ക​ളിൽ നടന്ന മരണക​ര​മ​ല്ലാത്ത ഏകദേശം 20 ലക്ഷം അക്രമ​ങ്ങൾക്കും മോഷ​ണ​ത്തി​നും 12-18 വയസ്സുള്ള വിദ്യാർഥി​കൾ ഇരകളാ​യി​ട്ടുണ്ട്‌” എന്ന്‌ യു.എസ്‌.-ലെ നാഷണൽ സെന്റർ ഫോർ എഡ്യു​ക്കേഷൻ സ്റ്റാറ്റി​സ്റ്റി​ക്‌സ്‌ പറയുന്നു. സ്‌കൂ​ളി​ലെ മുട്ടാ​ള​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​ക​ളും വർധി​ച്ചി​രി​ക്കു​ക​യാണ്‌.

ഐക്യ​നാ​ടു​ക​ളി​ലെ എല്ലാ യുവജന അക്രമ​ങ്ങ​ളും വിദ്യാർഥി​ക​ളു​ടെ നേർക്കല്ല. “സ്‌കൂ​ളു​ക​ളിൽ, 1997 മുതൽ 2001 വരെയുള്ള അഞ്ചുവർഷത്തെ കാലയ​ള​വിൽ, മരണക​ര​മ​ല്ലാത്ത ഏകദേശം 13 ലക്ഷം കുറ്റകൃ​ത്യ​ങ്ങൾക്ക്‌ അധ്യാ​പകർ ഇരകളാ​യി​ട്ടുണ്ട്‌. ഇതിൽ 8,17,000 മോഷ​ണ​ങ്ങ​ളും 4,73,000 ആക്രമ​ണ​ങ്ങ​ളും ഉൾപ്പെ​ടു​ന്നു” എന്ന്‌ മേൽപ്പറഞ്ഞ അതേ ഉറവിടം ചൂണ്ടി​ക്കാ​ട്ടു​ന്നു. ഇനി, “എല്ലാ പ്രൈ​മറി സ്‌കൂ​ളി​ലെ​യും സെക്കന്ററി സ്‌കൂ​ളി​ലെ​യും 9 ശതമാനം അധ്യാ​പകർ ഏതെങ്കി​ലും ഒരു വിദ്യാർഥി​യിൽനിന്ന്‌ അക്രമ​ഭീ​ഷണി നേരി​ട്ടി​ട്ടു​ള്ള​വ​രാണ്‌. 4 ശതമാ​നം​പേർ ഒരു വിദ്യാർഥി​യിൽനി​ന്നുള്ള ശാരീ​രിക ആക്രമ​ണ​ത്തിന്‌ ഇരയാ​യ​വ​രാണ്‌.”

മറ്റു ദേശങ്ങ​ളി​ലെ ചിത്ര​മോ? “ചൈന​യിൽ 69,780 യുവ നിയമ​ലം​ഘി​കളെ 2003-ൽ അറസ്റ്റു ചെയ്യു​ക​യു​ണ്ടാ​യി” എന്ന്‌ ഒരു വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു, “2002-ലേതിൽനിന്ന്‌ 12.7 ശതമാ​ന​ത്തി​ന്റെ വർധന.” “കൂട്ടം ചേർന്നുള്ള അക്രമ​ങ്ങ​ളിൽ ഉൾപ്പെ​ടു​ന്ന​വ​രിൽ 70 ശതമാ​ന​വും യുവ നിയമ​ലം​ഘി​ക​ളാണ്‌” എന്നാണ്‌ റിപ്പോർട്ടു പറയു​ന്നത്‌. കഴിഞ്ഞ പത്തു വർഷത്തി​നു​ള്ളിൽ നടന്ന അക്രമ​പ്ര​വർത്ത​ന​ങ്ങ​ളിൽ പകുതി​ക്കും ഉത്തരവാ​ദി​കൾ യുവജ​ന​ങ്ങ​ളാ​ണെന്ന്‌ ജപ്പാനിൽനി​ന്നുള്ള 2003-ലെ ഒരു റിപ്പോർട്ടു പറയുന്നു.

മയക്കു​മ​രു​ന്നു​കൾ—ഇളംശ​രീ​ര​ത്തി​നൊ​രു പ്രഹരം

ഇനി, ഇവർ സ്വന്ത ശരീര​ങ്ങളെ ആക്രമി​ക്കു​ന്നു. കൗമാ​രങ്ങൾ കുഴപ്പ​ത്തി​ലാ​ണെ​ന്നു​ള്ള​തി​ന്റെ മറ്റൊരു തെളി​വാ​ണിത്‌. മയക്കു​മ​രുന്ന്‌ ഉപയോ​ഗം സംബന്ധിച്ച ഐക്യ​നാ​ടു​ക​ളി​ലെ ദേശീയ ഇൻസ്റ്റി​റ്റ്യൂ​ട്ടി​ന്റെ റിപ്പോർട്ട്‌ അനുസ​രിച്ച്‌, ആ ദേശത്തെ കൗമാ​ര​ക്കാ​രിൽ ഏതാണ്ട്‌ പകുതി​യും ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സം പൂർത്തി​യാ​ക്കു​ന്ന​തി​നു മുമ്പ്‌ ഏതെങ്കി​ലു​മൊ​രു മയക്കു​മ​രുന്ന്‌ പരീക്ഷി​ച്ചു​നോ​ക്കി​യി​ട്ടുണ്ട്‌ എന്നാണ്‌. റിപ്പോർട്ട്‌ തുടരു​ന്നു: “ഇന്നത്തെ കൗമാ​ര​ക്കാർക്കി​ട​യിൽ മദ്യത്തി​ന്റെ ഉപയോ​ഗം അങ്ങേയറ്റം വ്യാപ​ക​മാണ്‌. ഏതാണ്ട്‌ അഞ്ചു വിദ്യാർഥി​ക​ളിൽ നാലു​പേ​രും (77 ശതമാനം) ഹൈസ്‌കൂ​ളി​ന്റെ പടിയി​റ​ങ്ങു​മ്പോ​ഴേക്ക്‌ മദ്യം കഴിച്ചി​ട്ടു​ണ്ടാ​യി​രി​ക്കും (ഏതാനും സിപ്പ്‌ മദ്യം അകത്താ​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ); ഇതിൽ പകുതി​പ്പേർ (46 ശതമാനം) 8-ാം ഗ്രേഡിൽവെ​ച്ചു​തന്നെ അതു ചെയ്‌തി​രി​ക്കും.”

പലരു​മാ​യുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങൾ

എയ്‌ഡ്‌സ്‌ നടമാ​ടുന്ന ഈ യുഗത്തിൽ പലരു​മാ​യുള്ള ലൈം​ഗി​ക​ബ​ന്ധങ്ങൾ അങ്ങേയറ്റം ആപത്‌ക​ര​മാ​ണെ​ന്ന​തി​നു രണ്ടുപ​ക്ഷ​മില്ല. എന്നാൽ, അനേകം യുവജ​ന​ങ്ങ​ളും ലൈം​ഗി​ക​തയെ വെറും നിർദോ​ഷ​മായ ഒരു വിനോ​ദ​മാ​യാ​ണു കാണു​ന്ന​തെന്നു തോന്നു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ചില അമേരി​ക്കൻ യുവജ​നങ്ങൾ വൈകാ​രിക പ്രതി​ബ​ദ്ധ​ത​യോ വിശ്വ​സ്‌ത​ത​യോ ഒന്നും കടന്നു​വ​രാത്ത ലൈം​ഗി​ക​തയെ പരാമർശി​ക്കാൻ “ഹുക്കിങ്‌-അപ്പ്‌” എന്ന ഒരു പദപ്ര​യോ​ഗം നടത്താ​റുണ്ട്‌, ഇങ്ങനെ​യുള്ള കാര്യ​ങ്ങ​ളെ​യൊ​ക്കെ വളരെ നിസ്സാ​ര​മ​ട്ടിൽ വീക്ഷി​ച്ചു​കൊണ്ട്‌. “ഉപകാ​ര​മുള്ള ഒരു സുഹൃത്ത്‌” അതായത്‌ വൈകാ​രി​ക​മായ യാതൊ​രു ആവശ്യ​ങ്ങ​ളും ഉന്നയി​ക്കാത്ത ഒരു ലൈം​ഗി​ക​പ​ങ്കാ​ളി ഉണ്ടായി​രി​ക്കു​ന്ന​തി​നെ​പ്പ​റ്റി​യും അവർ സംസാ​രി​ക്കു​ന്നു.

പട്ടണ​പ്രാ​ന്ത​ങ്ങ​ളി​ലുള്ള ചില യുവജ​നങ്ങൾ തങ്ങളുടെ മാതാ​പി​താ​ക്കൾ ജോലി​ക്കു​പോ​കുന്ന സമയത്തു തരപ്പെ​ടു​ത്തുന്ന, ലഹരി​ക്കൂ​ത്താ​ട്ട​ങ്ങ​ളുള്ള ചില പാർട്ടി​ക​ളെ​ക്കു​റിച്ച്‌ എഴുത്തു​കാ​ര​നായ സ്‌കോട്ട്‌ വോൾട്ടർ വിവരി​ക്കു​ന്നു. അത്തര​മൊ​രു പാർട്ടി​യിൽ ഒരു കൊച്ചു​പെൺകു​ട്ടി “താൻ അവി​ടെ​യുള്ള എല്ലാ ആൺകു​ട്ടി​ക​ളു​മാ​യും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ പോകു​ക​യാ​ണെന്ന്‌ വിളി​ച്ചു​കൂ​വി . . . 12 വയസ്സു​മാ​ത്ര​മുള്ള കുട്ടി​ക​ളും പാർട്ടി​ക​ളിൽ ഉണ്ടായി​രു​ന്നു.”

ഞെട്ടി​ക്കു​ന്ന​തു​തന്നെ അല്ലേ? കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ പെരു​മാ​റ്റ​ത്തെ​ക്കു​റി​ച്ചു പഠിക്കുന്ന വിദഗ്‌ധരെ പക്ഷേ ഇതൊ​ന്നും അതിശ​യി​പ്പി​ക്കു​ന്നില്ല. “കഴിഞ്ഞ 20 വർഷം​കൊണ്ട്‌, ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടുന്ന കൗമാ​ര​ക്കാ​രു​ടെ ശരാശരി പ്രായം കുറഞ്ഞു​കു​റഞ്ഞു വരുന്ന​താ​യി ഞങ്ങൾ കണ്ടിരി​ക്കു​ന്നു. 12-ാം വയസ്സിൽത്തന്നെ ലൈം​ഗി​ക​ത​യി​ലേർപ്പെ​ടുന്ന ആൺകു​ട്ടി​ക​ളെ​യും പെൺകു​ട്ടി​ക​ളെ​യും കാണു​ന്നത്‌ മേലാൽ ഒരു അതിശ​യമല്ല,” ഡോ. ആൻഡ്രിയ പെന്നി​ങ്‌ടൺ എഴുതു​ന്നു.

ഇനി, തികച്ചും നിരാ​ശാ​ജ​ന​ക​മായ ഒരു റിപ്പോർട്ടാണ്‌ വർത്തമാ​ന​പ്പ​ത്ര​മായ യുഎസ്‌എ ടുഡേ​യിൽ വന്നത്‌: “രാജ്യത്തെ ഏറ്റവും പ്രായം​കു​റഞ്ഞ കൗമാ​ര​ക്കാർക്കി​ട​യിൽ . . . അധരസം​ഭോ​ഗ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രു​ടെ . . . എണ്ണം വർധി​ച്ചു​വ​രി​ക​യാണ്‌ . . . ‘ഇത്‌ ശരിക്കുള്ള ലൈം​ഗി​ക​ബ​ന്ധമല്ല’ എന്ന്‌ കുട്ടികൾ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്നു.” 10,000 പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു സർവേ​യിൽ “എൺപതു ശതമാനം പേർ പറഞ്ഞത്‌ തങ്ങൾ കന്യക​മാ​രാ​ണെ​ന്നാണ്‌. എന്നാൽ അവരിൽ 25 ശതമാനം പേർ അധരസം​ഭോ​ഗ​ത്തിൽ ഏർപ്പെ​ട്ടി​ട്ടുണ്ട്‌. 27 ശതമാനം ഈ സംഗതി​യെ, ഏതെങ്കി​ലും ഒരാളു​മാ​യി ‘വെറുതെ ഒരു രസത്തി​നു​വേണ്ടി ചെയ്യുന്ന കാര്യം’ എന്നാണ്‌ വിവരി​ച്ചത്‌.”

ലൈം​ഗി​കത സംബന്ധിച്ച ഇത്തരം ചിന്താ​ഗ​തി​കൾ മറ്റിട​ങ്ങ​ളി​ലേ​ക്കും നുഴഞ്ഞു കയറി​യി​രി​ക്കു​ന്നു. “നിരവധി പങ്കാളി​ക​ളു​മാ​യി ലൈം​ഗിക ബന്ധം പുലർത്തി​ക്കൊണ്ട്‌ എച്ച്‌ഐ​വി​യു​ടെ കരാള​ഹ​സ്‌ത​ത്തിൽ അകപ്പെ​ടുന്ന യുവജ​ന​ങ്ങ​ളു​ടെ എണ്ണം ഏഷ്യയിൽ വർധി​ച്ചു​വ​രി​ക​യാണ്‌. ചെറു​പ്രാ​യ​ത്തിൽത്തന്നെ ഇവർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ തുടങ്ങു​ന്നു,” യുനെ​സ്‌കോ റിപ്പോർട്ട്‌ ചെയ്യുന്നു. അത്‌ ഇങ്ങനെ തുടരു​ന്നു: “കുമാ​രീ​കു​മാ​ര​ന്മാർ തങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ‘ഏഷ്യൻ മൂല്യ​ങ്ങളെ’ കാറ്റിൽപ്പ​റ​ത്തു​ക​യാണ്‌, അവർ വിവാ​ഹ​പൂർവ ലൈം​ഗി​ക​ത​യി​ലേർപ്പെ​ടു​ന്നു, പലപ്പോ​ഴും നിരവധി ലൈം​ഗിക പങ്കാളി​ക​ളു​മാ​യി.”

യുവജ​ന​ങ്ങ​ളെ കുഴപ്പ​ത്തി​ലാ​ക്കുന്ന മറ്റെ​ന്തെ​ങ്കി​ലു​മു​ണ്ടോ? കാനഡ​യി​ലെ വനിത​ക​ളു​ടെ ആരോഗ്യ വാരിക ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “16-നും 19-നും ഇടയ്‌ക്കുള്ള 25 ശതമാനം വനിത​ക​ളും കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​ക​ളാ​കും.” എന്നാൽ വിഷാദം പുരു​ഷ​ന്മാ​രെ​യും സ്‌ത്രീ​ക​ളെ​യും ബാധി​ക്കുന്ന രോഗ​മാണ്‌. ഓരോ വർഷവും അയ്യായി​ര​ത്തോ​ളം യുവജ​നങ്ങൾ ജീവ​നൊ​ടു​ക്കു​ന്ന​താ​യി യു.എസ്‌. ന്യൂസ്‌ & വേൾഡ്‌ റിപ്പോർട്ട്‌ പറയുന്നു. ചില കാരണ​ങ്ങ​ളാൽ “ആൺകു​ട്ടി​ക​ളു​ടെ ആത്മഹത്യാ​നി​രക്ക്‌ പെൺകു​ട്ടി​ക​ളു​ടേ​തി​നെ​ക്കാൾ ആറിരട്ടി കൂടു​ത​ലാണ്‌” എന്ന്‌ റിപ്പോർട്ടു പറയുന്നു.

ഇന്നത്തെ യുവത​ല​മുറ കുഴപ്പ​ത്തി​ലേക്കു കൂപ്പു​കു​ത്തി​യി​രി​ക്കു​ക​യാണ്‌ എന്നതിൽ സംശയ​മില്ല. എന്തു​കൊ​ണ്ടാണ്‌ ഇങ്ങനെ?

[3-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

STR/AFP/Getty Images