വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗമാരപ്രായക്കാർക്കു സഹായം

കൗമാരപ്രായക്കാർക്കു സഹായം

കൗമാ​ര​പ്രാ​യ​ക്കാർക്കു സഹായം

ഈ ലോകം ഇന്നത്തെ കൗമാ​ര​പ്രാ​യ​ക്കാർക്കു ചില​പ്പോ​ഴൊ​ക്കെ ഭീതി​ദ​മാ​യി തോന്നി​യേ​ക്കാം. മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ച​ന​ത്തി​ലൂ​ടെ​യോ മറ്റോ വഴിപി​രി​യു​മ്പോൾ അവരിൽ ചിലർക്ക്‌ നിസ്സഹാ​യ​രാ​യി നോക്കി​നിൽക്കാ​നേ കഴിയൂ. സ്വന്തം കൂട്ടു​കാർ മയക്കു​മ​രു​ന്നി​ന്റെ​യും അക്രമ​ത്തി​ന്റെ​യും പിടി​യി​ല​മ​രു​ന്നതു കണ്ടുനിൽക്കേ​ണ്ടി​വ​രു​ന്നു മറ്റു ചിലർക്ക്‌. ഇരുലിം​ഗ​വർഗ​ത്തി​ലും പെട്ട സമപ്രാ​യ​ക്കാ​രിൽനിന്ന്‌ ലൈം​ഗി​ക​ത​യി​ലേർപ്പെ​ടാ​നുള്ള സമ്മർദം വേറെ. മിക്കവാ​റും എല്ലാ കുമാ​രീ​കു​മാ​ര​ന്മാ​രും ഇടയ്‌ക്കൊ​ക്കെ ഏകാന്ത​ത​യോ വിഷാ​ദ​മോ അനുഭ​വി​ക്കു​ന്നു, തങ്ങൾ തെറ്റി​ദ്ധ​രി​ക്ക​പ്പെ​ടു​ന്നു​വെന്ന ചിന്തയും അവരെ മഥിക്കു​ന്നു.

ഈ വെല്ലു​വി​ളി​കളെ തരണം ചെയ്യാൻ യുവജ​ന​ങ്ങൾക്ക്‌ എന്താണ്‌ ആവശ്യം? “കുട്ടി​കൾക്ക്‌ സുസ്ഥി​ര​മായ ഒരു ധാർമിക മൂല്യ​സം​ഹിത അനിവാ​ര്യ​മാണ്‌” ഡോ. റോബർട്ട്‌ ഷാ എഴുതു​ന്നു, “നല്ല സുഹൃ​ത്തു​ക്കളെ തിര​ഞ്ഞെ​ടു​ക്കാ​നും ശരിയായ തീരു​മാ​നങ്ങൾ എടുക്കാ​നും മറ്റുള്ള​വ​രോ​ടു സഹാനു​ഭൂ​തി കാണി​ക്കാ​നും അവരെ സഹായി​ക്കുന്ന കരുത്ത്‌ അവർക്കു ലഭിക്കണം.” ഏറ്റവും നല്ല ധാർമിക മൂല്യങ്ങൾ ബൈബിൾ നൽകുന്നു. കാരണം അതിലു​ള്ളതു സ്രഷ്ടാ​വി​ന്റെ ചിന്തക​ളാണ്‌. നാം ജീവി​ക്കുന്ന പ്രക്ഷു​ബ്ധ​മായ കാലഘ​ട്ട​വു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാൻ നമുക്ക്‌ എന്താണ്‌ ആവശ്യ​മെന്ന്‌ യഹോ​വ​യാം ദൈവ​ത്തെ​ക്കാൾ നന്നായി അറിയാ​വു​ന്നതു മറ്റാർക്കാണ്‌?

വാസ്‌ത​വി​ക​മായ, പ്രാ​യോ​ഗി​ക​മായ സഹായി

ബൈബി​ളി​ന്റെ തത്ത്വങ്ങൾ വാസ്‌ത​വി​ക​വും പ്രാ​യോ​ഗി​ക​വു​മാണ്‌. യുവത്വ​ത്തി​ലേക്കു വളരുന്ന കൗമാ​ര​പ്രാ​യ​ക്കാ​രെ അവരുടെ ജീവി​ത​വി​ജ​യ​ത്തി​നു സഹായി​ക്കാൻ ആഗ്രഹി​ക്കുന്ന രക്ഷിതാ​ക്കൾക്കും മുതിർന്ന​വർക്കും വേണ്ടി​യുള്ള വിലതീ​രാത്ത മാർഗ​നിർദേ​ശ​ങ്ങ​ളാ​ണവ.

ഉദാഹ​ര​ണ​ത്തിന്‌ ബൈബിൾ യാഥാർഥ്യ​ബോ​ധ​ത്തോ​ടെ ഇങ്ങനെ പറയുന്നു: “ബാലന്റെ ഹൃദയ​ത്തോ​ടു ഭോഷ​ത്വം പറ്റിയി​രി​ക്കു​ന്നു” അല്ലെങ്കിൽ, ടുഡേ​യ്‌സ്‌ ഇംഗ്ലീഷ്‌ വേർഷൻ പറയു​ന്ന​തു​പോ​ലെ, “സ്വതവേ ഭോഷ​ത്വ​പ​ര​വും ചിന്താ​ശൂ​ന്യ​വും ആയ പ്രവൃ​ത്തി​ക​ളാ​യി​രി​ക്കും കുട്ടി​ക​ളു​ടേത്‌.” (സദൃശ​വാ​ക്യ​ങ്ങൾ 22:15) ചില കുമാ​രീ​കു​മാ​ര​ന്മാർ അവരുടെ പ്രായ​ത്തി​നു തക്ക പക്വത​യു​ള്ള​വ​രാ​ണെന്നു തോന്നി​യേ​ക്കാം. എങ്കിലും അവർക്ക്‌ അനുഭ​വ​പ​രി​ചയം കുറവാണ്‌. അതുമൂ​ലം അവർക്ക്‌ അരക്ഷി​ത​ത്വം തോന്നി​യേ​ക്കാം, അവർ യൗവന​മോ​ഹ​ങ്ങ​ളു​ടെ​യും അസ്വസ്ഥ​വി​കാ​ര​ങ്ങ​ളു​ടെ​യും പിടി​യി​ല​മർന്നേ​ക്കാം. ഇവയെ​ല്ലാം വളർച്ച​യു​ടെ പടവു​ക​ളിൽ അവർ നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളാ​ണു​താ​നും. (2 തിമൊ​ഥെ​യൊസ്‌ 2:22) ഈ കൗമാ​ര​ങ്ങളെ എങ്ങനെ സഹായി​ക്കാം?

മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളും തമ്മിൽ ഇടമു​റി​യാത്ത ആശയവി​നി​മ​യ​ബന്ധം ഉണ്ടായി​രി​ക്കാൻ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. മാതാ​പി​താ​ക്ക​ളോട്‌ അത്‌ ഇങ്ങനെ ആഹ്വാനം ചെയ്യുന്നു: “നീ വീട്ടിൽ ഇരിക്കു​മ്പോ​ഴും വഴി നടക്കു​മ്പോ​ഴും കിടക്കു​മ്പോ​ഴും എഴു​ന്നേ​ല്‌ക്കു​മ്പോ​ഴും അവയെ​ക്കു​റി​ച്ചു [ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌] സംസാ​രി​ക്ക​യും വേണം.” (ആവർത്ത​ന​പു​സ്‌തകം 6:7) ഇത്തരം സംഭാ​ഷ​ണ​ങ്ങൾക്ക്‌ രണ്ടു പ്രയോ​ജ​ന​ങ്ങ​ളുണ്ട്‌. ഒന്ന്‌: ഇത്‌ അവനെ അല്ലെങ്കിൽ അവളെ ദൈവിക വഴി അഭ്യസി​പ്പി​ക്കു​ന്നു. (യെശയ്യാ​വു 48:17, 18) രണ്ട്‌: മാതാ​പി​താ​ക്കൾക്കും കുട്ടി​കൾക്കും തമ്മിൽ സംസാ​രി​ക്കാൻ അവസര​മൊ​രു​ക്കു​ന്നു. കൗമാ​ര​പ്രാ​യ​ത്തിൽ കുട്ടികൾ അന്തർമു​ഖ​രാ​യി​രു​ന്നേ​ക്കാം അല്ലെങ്കിൽ അവർക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ട്ടേ​ക്കാം. അതു​കൊണ്ട്‌ അവരുടെ ജീവി​ത​ത്തി​ന്റെ ഈ സമയത്ത്‌ ഇത്തരം ബന്ധം വിശേ​ഷാൽ പ്രധാ​ന​മാണ്‌.

മിക്ക കുമാ​രീ​കു​മാ​ര​ന്മാർക്കും ഇടയ്‌ക്കി​ട​യ്‌ക്കൊ​ക്കെ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്നു എന്നതു ശരിയാണ്‌. എന്നാൽ ചിലർ തീവ്ര​മായ ഏകാന്ത​ത​യു​ടെ പിടി​യി​ല​മ​രു​ന്നു. “സ്‌കൂ​ളിൽ കൂട്ടു​കൂ​ടാൻ വളരെ ബുദ്ധി​മു​ട്ടാണ്‌, സംസാ​രി​ക്കാൻ ആരുമില്ല, ഒറ്റയ്‌ക്കേ​യു​ള്ളൂ, മറ്റു കുട്ടി​ക​ളു​ടെ ഇഷ്ടം പിടി​ച്ചു​പ​റ്റാൻ നന്നേ പ്രയാ​സ​മാണ്‌ എന്നൊക്കെ ഈ കുട്ടികൾ പറയും. കൂടാതെ, സഹായം ആവശ്യ​മു​ള്ള​പ്പോൾ തങ്ങൾക്കു സമീപി​ക്കാൻ പറ്റിയ​വ​രാ​യി ആരുമി​ല്ലെ​ന്നും അവർ പരാതി​പ്പെ​ടു​ന്നു,” കൗമാ​ര​ത്തെ​ക്കു​റി​ച്ചുള്ള ഒരു പരാമർശ കൃതി പറയുന്നു. *

മാതാ​പി​താ​ക്കൾക്കും മറ്റു മുതിർന്ന​വർക്കും ഈ കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ താത്‌പ​ര്യ​മെ​ടു​ക്കാ​നും അവരെ കുഴയ്‌ക്കുന്ന പ്രശ്‌ന​ങ്ങ​ളിൽ സഹായി​ക്കാ​നും കഴിയും. എങ്ങനെ? “അവരുടെ ഉള്ളറി​യാ​നുള്ള ഒരേ​യൊ​രു മാർഗം അവരോ​ടു കാര്യങ്ങൾ ചോദി​ച്ച​റി​യുക എന്നതാണ്‌,” കൗമാ​ര​പ്രാ​യ​ക്കാർക്കു​വേ​ണ്ടി​യുള്ള ഒരു മാസി​ക​യു​ടെ എക്‌സി​ക്യൂ​ട്ടീവ്‌ എഡിറ്റർ എഴുതു​ന്നു. അതേ, ഈ യുവജ​ന​ങ്ങ​ളു​ടെ ഉള്ളിന്റെ ഉള്ളിലെ വികാ​ര​വി​ചാ​രങ്ങൾ അറിയ​ണ​മെ​ങ്കിൽ സമയവും ക്ഷമയും കൂടിയേ തീരൂ. എന്നാൽ ആ ശ്രമം തക്ക മൂല്യ​മു​ള്ള​താണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 20:5.

ന്യായ​മായ അതിർവ​ര​മ്പു​ക​ളു​ടെ അനിവാ​ര്യ​ത

ആശയവി​നി​മ​യ​ത്തി​നു പുറമേ, കുമാ​രീ​കു​മാ​ര​ന്മാ​രു​ടെ കാര്യ​ത്തിൽ ന്യായ​മായ അതിർവ​ര​മ്പു​കൾ വെക്കേ​ണ്ടത്‌ അനിവാ​ര്യ​മാണ്‌. ഉള്ളിന്റെ ഉള്ളിൽ അവർ അത്‌ ആഗ്രഹി​ക്കു​ന്നു​മുണ്ട്‌. “തന്നിഷ്ട​ത്തി​ന്നു വിട്ടി​രുന്ന ബാലനോ അമ്മെക്കു ലജ്ജ വരുത്തു​ന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശ​വാ​ക്യ​ങ്ങൾ 29:15) വ്യക്തമായ അതിർവ​ര​മ്പു​ക​ളു​ടെ അഭാവം യുവജന അക്രമ​ത്തി​നു വഴി​തെ​ളി​ക്കു​മെന്ന്‌ വിദഗ്‌ധർ വിശ്വ​സി​ക്കു​ന്നു. “കടിഞ്ഞാ​ണി​ല്ലാ​തെ വിട്ടി​രി​ക്കുന്ന, ‘അരുത്‌’ എന്ന്‌ ഒരിക്ക​ലും കേൾക്കു​ന്നി​ല്ലാത്ത, അഥവാ പരിധി​കൾ എന്താ​ണെന്ന്‌ അറിയി​ല്ലാത്ത ഒരു കുട്ടി, സഹമനു​ഷ്യർക്കും അവരു​ടേ​തായ വികാ​ര​വി​ചാ​ര​ങ്ങ​ളും ആവശ്യ​ങ്ങ​ളും തീരു​മാ​ന​ങ്ങ​ളും ഒക്കെയു​ണ്ടെന്ന്‌ ഒരിക്ക​ലും മനസ്സി​ലാ​ക്കു​ക​യില്ല. സമാനു​ഭാ​വം നന്നായി വികസി​പ്പി​ച്ചെ​ടു​ക്കാത്ത ഒരു കുട്ടിക്ക്‌ സ്‌നേ​ഹി​ക്കാൻ കഴിയില്ല,” മുമ്പ്‌ പരാമർശിച്ച ഡോ. ഷാ പറയുന്നു.

പ്രക്ഷു​ബ്ധ​മാ​യ കൗമാര മനസ്സു​കളെ സഹായി​ക്കാ​നാ​യി നിരവധി വർഷങ്ങൾ ചെലവ​ഴിച്ച ഡോ. സ്റ്റാൻടൺ സാമ​നോ​യ്‌ക്കും സമാന​മായ ഒരു ആശയമുണ്ട്‌. “കുട്ടി​കളെ സ്വത​ന്ത്ര​രാ​യി വിടണം എന്നാണ്‌ ചില മാതാ​പി​താ​ക്കൾ കരുതു​ന്നത്‌,” അദ്ദേഹം എഴുതു​ന്നു, “മക്കളെ കടപ്പാ​ടു​ക​ളിൻ കീഴി​ലാ​ക്കു​ക​യോ അവരിൽനിന്ന്‌ എന്തെങ്കി​ലും ആവശ്യ​പ്പെ​ടു​ക​യോ ചെയ്യു​ന്നത്‌ അവരു​ടെ​മേൽ അനുചി​ത​മായ ഭാരം ചുമത്ത​ലാ​ണെ​ന്നും കുട്ടി​യു​ടെ ബാല്യം അപഹരി​ക്ക​ലാ​ണെ​ന്നും അവർ പറയുന്നു. തികച്ചും ചിന്താ​ശൂ​ന്യ​മായ അഭി​പ്രാ​യം. അവർ പരിധി​കൾ വെക്കു​ന്നി​ല്ലെ​ങ്കിൽ ഫലം ദാരു​ണ​മാ​യേ​ക്കാം. തന്നിഷ്ട​ത്തി​നു വിട്ടി​രി​ക്കുന്ന ആൺകു​ട്ടി​യോ പെൺകു​ട്ടി​യോ ആത്മശി​ക്ഷണം ഉള്ളവരാ​യി​ത്തീ​രാൻ സാധ്യത വിരള​മാ​ണെന്ന്‌ ഈ മാതാ​പി​താ​ക്കൾ തിരി​ച്ച​റി​യു​ന്നില്ല.”

ഇതി​ന്റെ​യർഥം വിലക്കു​കൾ വെച്ചാൽ മാത്രം മതി എന്നാണോ? തീർച്ച​യാ​യു​മല്ല. പരിധി​കൾ വെക്കു​ന്നത്‌ ഫലപ്ര​ദ​മാ​യി മക്കളെ വളർത്തു​ന്ന​തി​ന്റെ ഒരു വശം മാത്രമേ ആകുന്നു​ള്ളൂ. കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ പട്ടാള​ച്ചിട്ട അനുവർത്തി​ക്കു​ന്നത്‌ കുടും​ബാ​ന്ത​രീ​ക്ഷ​ത്തിൽ പിരി​മു​റു​ക്കം സൃഷ്ടി​ക്കു​കയേ ഉള്ളൂ. ബൈബിൾ ഇങ്ങനെ പറയുന്നു: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രു​തു.”—കൊ​ലൊ​സ്സ്യർ 3:21; എഫെസ്യർ 6:4.

അതു​കൊണ്ട്‌, മക്കൾക്കു പ്രബോ​ധ​ന​വും ശിക്ഷണ​വും നൽകുന്ന രീതി മാതാ​പി​താ​ക്കൾ ഇടയ്‌ക്കി​ടെ പുനർവി​ചി​ന്തനം ചെയ്‌തു​കൊ​ണ്ടി​രി​ക്കണം, പ്രത്യേ​കിച്ച്‌ കുട്ടികൾ വളരു​ക​യും അവർ പക്വത​യു​ടെ ലക്ഷണങ്ങൾ പ്രകട​മാ​ക്കാൻ തുടങ്ങു​ക​യും ചെയ്യു​മ്പോൾ. കുട്ടിക്ക്‌ ഉത്തരവാ​ദി​ത്വ​പൂർവം കാര്യങ്ങൾ ചെയ്യാ​നുള്ള പ്രാപ്‌തി​യാ​യി എന്നു വ്യക്തമാ​കു​ന്നെ​ങ്കിൽ നേരത്തേ വെച്ചി​രുന്ന ചില ചട്ടങ്ങൾക്കോ നിബന്ധ​ന​കൾക്കോ ഒരുപക്ഷേ അയവു​വ​രു​ത്താ​വു​ന്ന​താണ്‌.—ഫിലി​പ്പി​യർ 4:5, NW.

ആത്മബന്ധം സ്ഥാപിക്കൽ

ഞങ്ങളുടെ മുൻ ലേഖന​ത്തിൽ പ്രസ്‌താ​വി​ച്ച​തു​പോ​ലെ ദുഷ്ടത​നി​റഞ്ഞ ഈ ലോകത്തെ ഇവി​ടെ​നി​ന്നു തുടച്ചു​മാ​റ്റാ​നാ​യി ദൈവം ഇടപെ​ടു​ന്ന​തി​നു മുമ്പ്‌ ഈ ലോകം ‘ദുർഘ​ട​സ​മ​യങ്ങൾ [നിറഞ്ഞ] അന്ത്യകാ​ലത്തെ’ അഭിമു​ഖീ​ക​രി​ക്കും എന്നു ബൈബിൾ മുൻകൂ​ട്ടി​പ്പ​റഞ്ഞു. നാം ജീവി​ക്കു​ന്നത്‌ ആ കാലത്തു​ത​ന്നെ​യാണ്‌ എന്ന്‌ തെളി​വു​കൾ വ്യക്തമാ​ക്കു​ന്നു. അതേ, ഈ ഭക്തികെട്ട വ്യവസ്ഥി​തി​യു​ടെ ‘അന്ത്യത്തിൽ.’ മുതിർന്ന​വ​രെ​പ്പോ​ലെ​തന്നെ യുവജ​ന​ങ്ങൾക്കും “സ്വസ്‌നേ​ഹി​ക​ളും . . . വാത്സല്യ​മി​ല്ലാ​ത്ത​വ​രും . . . അജി​തേ​ന്ദ്രി​യ​ന്മാ​രും” നിറഞ്ഞ ഈ ലോക​ത്തിൽ ജീവി​ച്ചു​പോ​കാൻ മല്ലി​ടേ​ണ്ട​തുണ്ട്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5. *

കൗമാ​ര​പ്രാ​യ​ത്തി​ലുള്ള തങ്ങളുടെ മകനു​മാ​യോ മകളു​മാ​യോ അടുപ്പ​മി​ല്ലെന്നു തോന്നുന്ന മാതാ​പി​താ​ക്കൾക്ക്‌ ഉറ്റബന്ധം സ്ഥാപി​ക്കു​ന്ന​തി​നുള്ള നടപടി​കൾ സ്വീക​രി​ക്കാൻ കഴിയും, ദിവസ​വും അവനു​മാ​യി അല്ലെങ്കിൽ അവളു​മാ​യി സംസാ​രി​ച്ചു​കൊണ്ട്‌. കുട്ടി​കൾക്ക്‌ ഒരു ക്രിയാ​ത്മക സ്വാധീ​ന​മാ​യി​രി​ക്കാൻ, അവരുടെ ജീവി​ത​ത്തി​ലെ സജീവ​സാ​ന്നി​ധ്യ​മാ​യി​രി​ക്കാൻ നിരവധി മാതാ​പി​താ​ക്കൾ കഠിന​ശ്രമം ചെയ്യു​ന്നതു ശ്ലാഘനീ​യ​മാണ്‌.

ബൈബിൾ ഇക്കാര്യ​ത്തിൽ ഒരു വിലതീ​രാത്ത ഉപകര​ണ​മാണ്‌. തങ്ങളുടെ പങ്ക്‌ ഭംഗി​യാ​യി നിർവ​ഹി​ക്കാൻ മാതാ​പി​താ​ക്ക​ളെ​യും, നാശക​ര​മായ ചതിക്കു​ഴി​ക​ളിൽ വീഴാ​തി​രി​ക്കാൻ യുവജ​ന​ങ്ങ​ളെ​യും ഇതു സഹായി​ച്ചി​ട്ടുണ്ട്‌. (ആവർത്ത​ന​പു​സ്‌തകം 6:6-9; സങ്കീർത്തനം 119:9) ബൈബിൾ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തിൽനി​ന്നു​ള്ള​താണ്‌, അതു​കൊണ്ട്‌ ഇന്നത്തെ കൗമാ​ര​ങ്ങൾക്കുള്ള ഉത്‌കൃഷ്ട സഹായം അതു നൽകു​ന്നു​വെന്ന്‌ നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും. *

[അടിക്കു​റി​പ്പു​കൾ]

^ ഇടയ്‌ക്കൊക്കെ ഏകാന്തത തോന്നുന്ന കൗമാ​ര​പ്രാ​യ​ക്കാ​രിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി തീവ്ര​മായ ഏകാന്തത അനുഭ​വ​പ്പെ​ടുന്ന കുട്ടി​കൾക്ക്‌ മിക്കവാ​റും എല്ലാ സമയങ്ങ​ളി​ലും തങ്ങൾ ഒറ്റപ്പെ​ട്ടു​വെന്ന തോന്ന​ലു​ണ്ടാ​കു​ന്നു, ദീർഘ​മായ ഒരു കാലഘ​ട്ട​ത്തേക്ക്‌ അവർക്കിത്‌ അനുഭ​വ​പ്പെ​ടു​ന്നു. തനിക്ക്‌ “ഒരിക്ക​ലും കൂട്ടു​കാർ ഉണ്ടാകാൻ പോകു​ന്നി​ല്ലെ​ന്നും, അതിനാ​യി തനിക്ക്‌ ഒന്നും ചെയ്യാ​നാ​കി​ല്ലെ​ന്നും സ്വന്തം കുറവു​ക​ളാണ്‌ അതിനു കാരണ​മെ​ന്നും,” ഈ സാഹച​ര്യ​ത്തിന്‌ “മാറ്റം വരില്ല വരുത്താ​നു​മാ​വില്ല” എന്നും കുട്ടി വിശ്വ​സി​ക്കു​ന്നു.

^ യുവജനങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്ന ബൈബി​ള​ധി​ഷ്‌ഠിത പുസ്‌തകം ഒരു വലിയ സഹായ​മാ​ണെന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ കണ്ടെത്തി​യി​രി​ക്കു​ന്നു. അതിലെ 39 അധ്യാ​യ​ങ്ങ​ളിൽ ഓരോ​ന്നും ചിന്തോ​ദ്ദീ​പ​ക​മായ ഒരു ചോദ്യം പരിചി​ന്തി​ക്കു​ന്നു. പിൻവ​രു​ന്നവ ചില തലക്കെ​ട്ടു​ക​ളാണ്‌: “എനിക്ക്‌ യഥാർത്ഥ സുഹൃ​ത്തു​ക്കളെ എങ്ങനെ നേടാൻ കഴിയും?” “സമപ്രാ​യ​ക്കാ​രിൽനി​ന്നുള്ള സമ്മർദ്ദത്തെ എനിക്ക്‌ എങ്ങനെ നേരി​ടാൻ കഴിയും?” “എനിക്ക്‌ എങ്ങനെ എന്റെ ഏകാന്ത​താ​ബോ​ധം അകറ്റാൻ കഴിയും?” “എനിക്ക്‌ ഡെയി​റ​റിംഗ്‌ ആരംഭി​ക്കാ​റാ​യോ?” “മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ക്ക​രു​താ​ത്തത്‌ എന്തു​കൊണ്ട്‌?” “വിവാ​ഹ​ത്തിന്‌ മുമ്പേ​യുള്ള ലൈം​ഗി​കത സംബന്ധി​ച്ചെന്ത്‌?”

[10-ാം പേജിലെ ചിത്രം]

നിങ്ങളിൽ താത്‌പ​ര്യ​മെ​ടു​ക്കുന്ന ഒരു മുതിർന്ന വ്യക്തി​യു​മാ​യി ആകുല​തകൾ പങ്കു​വെ​ക്കു​ക