വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കൗമാരപ്രായക്കാർ നേരിടുന്ന സമ്മർദങ്ങൾ

കൗമാരപ്രായക്കാർ നേരിടുന്ന സമ്മർദങ്ങൾ

കൗമാ​ര​പ്രാ​യ​ക്കാർ നേരി​ടുന്ന സമ്മർദങ്ങൾ

കൗമാരം, ഏറ്റവും അഭില​ഷ​ണീ​യ​മായ ചുറ്റു​പാ​ടു​ക​ളിൽപ്പോ​ലും അത്‌ പ്രക്ഷു​ബ്ധ​മായ സമയമാ​യി​രു​ന്നേ​ക്കാം. താരു​ണ്യം തളിരി​ടു​മ്പോൾ കുമാ​രീ​കു​മാ​ര​ന്മാ​രിൽ അതുവ​രെ​യി​ല്ലാത്ത വികാ​ര​ങ്ങ​ളു​ടെ​യും തോന്ന​ലു​ക​ളു​ടെ​യും ഒരു വേലി​യേ​റ്റം​തന്നെ ഉണ്ടാകു​ന്നു. അധ്യാ​പ​ക​രിൽനി​ന്നും സമപ്രാ​യ​ക്കാ​രിൽനി​ന്നു​മുള്ള നിരന്തര സമ്മർദങ്ങൾ, ടെലി​വി​ഷൻ, സിനി​മകൾ, സംഗീ​ത​ലോ​കം, ഇന്റർനെറ്റ്‌ എന്നിവ​യെ​ല്ലാം ഇടതട​വി​ല്ലാ​തെ ഈ യുവജ​ന​ങ്ങ​ളു​ടെ ജീവി​ത​ത്തി​ലേക്കു തള്ളിക്ക​യ​റു​ന്നു. അതു​കൊണ്ട്‌ ഒരു ഐക്യ​രാ​ഷ്‌ട്ര റിപ്പോർട്ട്‌ കൗമാ​രത്തെ “പൊതു​വേ സമ്മർദ​വും ഉത്‌ക​ണ്‌ഠ​യും മുഖമു​ദ്ര​യാ​യി​ട്ടുള്ള ഒരു പരിവർത്തന കാലഘട്ടം” എന്നു വിളി​ക്കു​ന്നു.

സങ്കടക​ര​മെ​ന്നു പറയട്ടെ, പലപ്പോ​ഴും സമ്മർദ​ത്തെ​യും ഉത്‌ക​ണ്‌ഠ​യെ​യു​മൊ​ക്കെ ക്രിയാ​ത്മ​ക​മാ​യി നേരി​ടാൻതക്ക അനുഭ​വ​പ​രി​ചയം ഇല്ലാത്ത​വ​രാ​ണു യുവജ​നങ്ങൾ. (സദൃശ​വാ​ക്യ​ങ്ങൾ 1:4) ശരിയായ മാർഗ​നിർദേ​ശ​ത്തി​ന്റെ അഭാവ​ത്തിൽ, അവർ അപകട​ക​ര​മായ സ്വഭാ​വ​രീ​തി​ക​ളി​ലേക്ക്‌ എളുപ്പ​ത്തിൽ വഴുതി​വീ​ണേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, യുഎൻ റിപ്പോർട്ട്‌ ഇങ്ങനെ പറയുന്നു: “മയക്കു​മ​രു​ന്നു​ക​ളു​ടെ ഉപയോ​ഗം തുടങ്ങു​ന്നത്‌ പലപ്പോ​ഴും കൗമാ​ര​ത്തി​ലോ യുവത്വ​ത്തി​ന്റെ പ്രാരം​ഭ​ത്തി​ലോ ആണെന്ന്‌ ഗവേഷ​ണങ്ങൾ കാണി​ക്കു​ന്നു.” അക്രമം, പല പങ്കാളി​ക​ളു​മാ​യുള്ള കുത്തഴിഞ്ഞ ലൈം​ഗി​കത എന്നിവ​പോ​ലുള്ള സ്വഭാ​വ​ദൂ​ഷ്യ​ങ്ങൾ നാമ്പെ​ടു​ക്കു​ന്ന​തും ഈ പ്രായ​ത്തിൽത്ത​ന്നെ​യാ​ണെന്നു പറയാൻ കഴിയും.

ഇത്തരം സംഭവങ്ങൾ “ദരിദ്രർ”ക്കിടയി​ലും ചില വംശീയ കൂട്ടങ്ങൾക്കി​ട​യി​ലും മാത്രമേ സംഭവി​ക്കാ​റു​ള്ളൂ എന്നു ധരിക്കുന്ന മാതാ​പി​താ​ക്കൾക്കു പലപ്പോ​ഴും തെറ്റു​പ​റ്റി​യി​രി​ക്കു​ന്നു. ഇന്നത്തെ യുവജ​ന​ങ്ങളെ വലയം​ചെ​യ്‌തി​രി​ക്കുന്ന പ്രശ്‌നങ്ങൾ സാമൂ​ഹിക, സാമ്പത്തിക, വംശീയ പശ്ചാത്ത​ല​ങ്ങൾക്കെ​ല്ലാം അതീത​മാണ്‌. “‘കൗമാര കുറ്റവാ​ളി’ എന്നു​വെ​ച്ചാൽ ജനങ്ങൾ തിങ്ങി​പ്പാർക്കുന്ന ഉൾനഗ​ര​ത്തി​ലെ ന്യൂന​പ​ക്ഷ​വി​ഭാ​ഗ​ത്തിൽപ്പെട്ട 17 വയസ്സു​കാ​ര​നായ ആൺകുട്ടി, മറ്റുള്ള​വ​രു​ടെ സഹായ​ഹ​സ്‌ത​ങ്ങൾകൊ​ണ്ടു മാത്രം ജീവിതം തള്ളിനീ​ക്കേ​ണ്ടി​വ​രുന്ന ദരി​ദ്ര​യായ അമ്മയുടെ മകൻ എന്നൊ​ക്കെ​യാണ്‌ നിങ്ങൾ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്ന​തെ​ങ്കിൽ അടുത്ത​കാ​ലത്തെ സംഭവ​വി​കാ​സങ്ങൾ സംബന്ധി​ച്ചൊ​ക്കെ നിങ്ങൾ അജ്ഞരാ​ണെന്നേ പറയാൻ കഴിയൂ,” എഴുത്തു​കാ​ര​നായ സ്‌കോട്ട്‌ വാൾട്ടർ എഴുതു​ന്നു. “ഇക്കാലത്ത്‌, ‘പ്രശ്‌നം സൃഷ്ടി​ക്കുന്ന കുട്ടി’ വെള്ളക്കാ​ര​നാ​യി​രി​ക്കാം, ഒരു സാധാരണ മധ്യവർഗ കുടും​ബ​ത്തിൽനി​ന്നോ നല്ലനി​ല​യിൽ കഴിയുന്ന മധ്യവർഗ കുടും​ബ​ത്തിൽനി​ന്നോ ഉള്ളവനാ​യി​രി​ക്കാം. പ്രായം 16-ൽ താഴെ​യാ​യി​രി​ക്കാം (അല്ലെങ്കിൽ അതിലും വളരെ കുറച്ചും ആകാം). ഇനി, അത്‌ ആൺകു​ട്ടി​യാ​യി​രി​ക്ക​ണ​മെ​ന്നില്ല, ഒരു പെൺകു​ട്ടി ആണെന്നും​വ​രാം,” അദ്ദേഹം തുടരു​ന്നു.

ഇത്രയ​ധി​കം യുവജ​നങ്ങൾ അപകട​ത്തി​ലാ​യി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കഴിഞ്ഞ തലമു​റ​ക​ളി​ലെ യുവജ​ന​ങ്ങ​ളും, വെല്ലു​വി​ളി​ക​ളും പ്രലോ​ഭ​ന​ങ്ങ​ളും നേരി​ട്ടി​ട്ടി​ല്ലേ? ഉണ്ട്‌, എന്നാൽ നാം ഇന്നു ജീവി​ക്കു​ന്നത്‌ ‘ദുർഘ​ട​സ​മ​യങ്ങൾ നിറഞ്ഞ അന്ത്യകാ​ലം’ എന്നു ബൈബിൾ വിളി​ക്കുന്ന ഒരു കാലഘ​ട്ട​ത്തി​ലാണ്‌. (2 തിമൊ​ഥെ​യൊസ്‌ 3:1-5) മാനവ ചരി​ത്ര​ത്തിൽ ഈ കാലത്തി​ന്റെ മാത്രം പ്രത്യേ​ക​ത​ക​ളായ ചില സാഹച​ര്യ​ങ്ങ​ളും സമ്മർദ​ങ്ങ​ളും യുവജ​ന​ങ്ങളെ വലയം ചെയ്യുന്നു. ഇവയിൽ ചിലത്‌ നമുക്കു പരി​ശോ​ധി​ക്കാം.

കുടും​ബ​ത്തി​ലെ മാറ്റങ്ങൾ

കുടും​ബ​ജീ​വി​ത​ത്തി​ന്റെ താളപ്പി​ഴ​ക​ളെ​ക്കു​റി​ച്ചു ചിന്തി​ക്കുക. “അമേരി​ക്ക​യി​ലെ കുട്ടി​ക​ളിൽ മൂന്നി​ലൊ​ന്നിൽ അധിക​വും 18 വയസ്സാ​കു​ന്ന​തി​നു മുമ്പു​തന്നെ മാതാ​പി​താ​ക്കൾ വിവാ​ഹ​മോ​ചി​ത​രാ​കു​ന്ന​തി​ന്റെ ഹൃദയ​വേദന അനുഭ​വി​ക്കു​ന്നു,” ജേർണൽ ഓഫ്‌ ഇൻസ്‌ട്ര​ക്‌ഷണൽ സൈ​ക്കോ​ളജി റിപ്പോർട്ടു ചെയ്യുന്നു. മറ്റ്‌ പാശ്ചാ​ത്യ​നാ​ടു​ക​ളിൽനി​ന്നു സമാന​മായ കണക്കുകൾ റിപ്പോർട്ടു ചെയ്യാ​നാ​കും. മാതാ​പി​താ​ക്കൾ വിവാ​ഹ​ബന്ധം പൊട്ടി​ച്ചെ​റി​യു​മ്പോൾ, ഈ യുവജ​ന​ങ്ങൾക്ക്‌ പലപ്പോ​ഴും അതുള​വാ​ക്കുന്ന കടുത്ത ഹൃദയ​വ്യ​ഥ​യു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​രു​ന്നു. “സ്വച്ഛമായ കുടും​ബാ​ന്ത​രീ​ക്ഷ​മു​ള്ള​വ​രോ ഒറ്റയ്‌ക്കുള്ള ഒരു രക്ഷിതാ​വി​ന്റെ സംരക്ഷ​ണ​യിൽ ദീർഘ​നാ​ളാ​യി കഴിയു​ന്ന​വ​രോ രണ്ടാനപ്പൻ അല്ലെങ്കിൽ രണ്ടാനമ്മ ഉള്ള കുടും​ബാ​ന്ത​രീ​ക്ഷ​വു​മാ​യി പൊരു​ത്ത​പ്പെട്ടു കഴിഞ്ഞ​വ​രോ ആയ കുട്ടി​ക​ളെ​ക്കാൾ പൊതു​വേ സ്‌കൂ​ളി​ലും മറ്റുള്ള​വ​രോ​ടുള്ള ഇടപെ​ട​ലു​ക​ളി​ലും പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ ഉയരാൻ ബുദ്ധി​മു​ട്ടു നേരി​ടു​ന്നത്‌ സമീപ​കാ​ലത്ത്‌ കുടും​ബ​ത്ത​കർച്ച​യു​ടെ ബലിയാ​ടു​ക​ളായ കുട്ടി​കൾക്കാണ്‌ . . . കൂടാതെ, മാതാ​പി​താ​ക്കൾ വിവാ​ഹ​ബന്ധം വേർപെ​ടു​ത്തു​ന്നത്‌ മിക്ക​പ്പോ​ഴും കുട്ടി​യു​ടെ വൈകാ​രിക സ്ഥിരത​യെ​യും ആത്മാഭി​മാ​ന​ത്തെ​യും ബാധി​ക്കു​ന്നു,” ജേർണൽ പറയുന്നു.

കുടും​ബി​നി​കൾ ഉദ്യോ​ഗ​സ്ഥ​ക​ളാ​യി മാറുന്ന സാഹച​ര്യം വർധി​ക്കു​ക​യാണ്‌. ഇതും കുടും​ബാ​ന്ത​രീ​ക്ഷ​ത്തി​നു ഗതിഭം​ഗം വരുത്തു​ന്നു. മാതാ​പി​താ​ക്ക​ളിൽ ഒരാൾ വീട്ടി​ലി​രി​ക്കുന്ന കുടും​ബ​ങ്ങളെ അപേക്ഷി​ച്ചു നോക്കു​മ്പോൾ മാതാ​പി​താ​ക്കൾ രണ്ടു​പേ​രും ജോലി​ക്കാ​രായ കുടും​ബ​ങ്ങ​ളിൽ കുട്ടി​ക​ളു​ടെ കാര്യ​ങ്ങ​ളിൽ ശ്രദ്ധി​ക്കുക ഏറെ ദുഷ്‌ക​ര​മാ​ണെന്ന്‌ കൗമാര കുറ്റകൃ​ത്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ജപ്പാനിൽ നടന്ന ഒരു പഠനറി​പ്പോർട്ട്‌ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഉപജീ​വ​ന​ത്തി​നു​വേണ്ടി മാത്രം​പോ​ലും ചില കുടും​ബ​ങ്ങൾക്ക്‌ രണ്ടു പേരുടെ വരുമാ​നം ആവശ്യ​മാ​യി​വ​രു​ന്നു​വെ​ന്നതു ശരിതന്നെ. രണ്ടു പേരുടെ വരുമാ​ന​മു​ണ്ടെ​ങ്കിൽ കുട്ടി​കൾക്ക്‌ കുറച്ചു​കൂ​ടി മെച്ചപ്പെട്ട ജീവി​ത​സൗ​ക​ര്യ​ങ്ങൾ നൽകാ​നും കഴിയും. എന്നാൽ ഇതിന്‌ ഒരു ഇരുണ്ട​വ​ശ​മുണ്ട്‌: കോടി​ക്ക​ണ​ക്കി​നു കുട്ടികൾ സ്‌കൂ​ളിൽനി​ന്നു തിരി​ച്ചെ​ത്തു​ന്നത്‌ ഒഴിഞ്ഞു​കി​ട​ക്കുന്ന ഭവനങ്ങ​ളി​ലേ​ക്കാണ്‌. മാതാ​പി​താ​ക്കൾ വീടണ​യു​ന്നത്‌ ആകെ ക്ഷീണിച്ച്‌ അവശരാ​യി​ട്ടാ​യി​രി​ക്കും, ഒപ്പം ജോലി​സ്ഥ​ലത്തെ പ്രശ്‌ന​ങ്ങ​ളും. ഫലമോ? അനേകം കൗമാ​ര​പ്രാ​യ​ക്കാർക്കും മാതാ​പി​താ​ക്ക​ളിൽനി​ന്നു വളരെ​ക്കു​റച്ചു ശ്രദ്ധയേ കിട്ടു​ന്നു​ള്ളൂ. “ഞങ്ങളുടെ വീട്ടിൽ കുടും​ബം ഒന്നിച്ചു സമയം ചെലവി​ടാ​റില്ല,” ഒരു യുവാവ്‌ സങ്കട​ത്തോ​ടെ പറയുന്നു.

ഇങ്ങനെ പോയാൽ കുട്ടി​ക​ളു​ടെ ഭാവി ശോഭ​ന​മാ​യി​രി​ക്കില്ല എന്നാണ്‌ നിരീ​ക്ഷ​ക​രു​ടെ അഭി​പ്രാ​യം. “കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ കഴിഞ്ഞ മുപ്പതു വർഷം​കൊണ്ട്‌ ഉണ്ടായ പരിണാ​മം ആത്മബന്ധ​മോ ആശയവി​നി​മ​യ​മോ ഇല്ലാത്ത, പഠന​വൈ​ക​ല്യ​ങ്ങ​ളുള്ള, നിയ​ന്ത്രി​ക്കാൻ നന്നേ ബുദ്ധി​മു​ട്ടുള്ള കുട്ടി​കളെ വാർത്തെ​ടു​ക്കു​ന്ന​തി​ലേക്കു നയിക്കു​ന്നു​വെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു,” ഡോ. റോബർട്ട്‌ ഷാ പറയുന്നു. “ഭൗതി​ക​ത്വം തലയ്‌ക്കു​പി​ടിച്ച, നേട്ടങ്ങൾ ആർത്തി​യോ​ടെ വാരി​ക്കൂ​ട്ടാൻ ആഹ്വാനം നൽകുന്ന ഒരു സമൂഹ​ത്തി​ന്റെ കെണി​യി​ലാണ്‌ മാതാ​പി​താ​ക്കൾ. ആ സ്വാധീ​നം മണിക്കൂ​റു​ക​ളോ​ളം ജോലി​ചെ​യ്യാ​നും പണമൊ​ഴു​ക്കാ​നും അവരെ നിർബ​ന്ധി​ത​രാ​ക്കു​ന്നു. അതിനാൽ കുട്ടി​ക​ളു​മാ​യി ഒരു ആത്മബന്ധം വളർത്തി​യെ​ടു​ക്കാ​നാ​യി സമയം ചെലവി​ടാൻ അവർക്കു കഴിയു​ന്നില്ല,” അദ്ദേഹം തുടരു​ന്നു.

കൗമാ​ര​ങ്ങൾ വഴുതി​വീ​ണേ​ക്കാ​വുന്ന മറ്റൊരു അപകട​മേഖല ഇതാണ്‌: ജോലി​ക്കാ​രായ മാതാ​പി​താ​ക്ക​ളു​ടെ മക്കൾക്ക്‌, ആരു​ടെ​യും മേൽനോ​ട്ട​മി​ല്ലാ​തെ ചെലവ​ഴി​ക്കാൻ പറ്റിയ സമയം ഇഷ്ടം​പോ​ലെ വീണു​കി​ട്ടു​ന്നു. മാതാ​പി​താ​ക്കൾ മക്കൾക്കു വേണ്ടത്ര ശ്രദ്ധ​കൊ​ടു​ക്കാ​ത്തത്‌ ആപത്തു ക്ഷണിച്ചു​വ​രു​ത്തും.

ശിക്ഷണം—മാറുന്ന വീക്ഷണങ്ങൾ

ശിക്ഷണം നൽകുന്ന കാര്യ​ത്തിൽ മാതാ​പി​താ​ക്ക​ളു​ടെ വീക്ഷണങ്ങൾ മാറു​ക​യാണ്‌. ഇന്നത്തെ യുവജ​ന​ങ്ങളെ ബാധി​ക്കുന്ന മറ്റൊരു ഘടകമാണ്‌ ഇത്‌. ഡോ. റോൺ ടാഫെൽ തുറന്ന​ടി​ക്കു​ന്ന​തു​പോ​ലെ മിക്ക മാതാ​പി​താ​ക്ക​ളും “തങ്ങളുടെ അധികാ​രം വിട്ടൊ​ഴി​യു​ക​യാണ്‌.” ഇങ്ങനെ സംഭവി​ക്കു​മ്പോൾ വളർന്നു​വ​രുന്ന യുവ​പ്രാ​യ​ക്കാ​രു​ടെ സ്വഭാ​വ​രൂ​പീ​ക​ര​ണ​ത്തിന്‌ ആവശ്യ​മായ നിയമങ്ങൾ ഇല്ലാതെ വരുന്നു. അല്ലെങ്കിൽ അത്‌ അവരെ കയറൂ​രി​വിട്ട ഒരവസ്ഥ​യി​ലാ​ക്കു​ന്നു.

ചില കേസു​ക​ളിൽ, കയ്‌പേ​റിയ സ്വന്തം ജീവി​താ​നു​ഭ​വങ്ങൾ ശിക്ഷണം സംബന്ധിച്ച മാതാ​പി​താ​ക്ക​ളു​ടെ കാഴ്‌ച​പ്പാ​ടു​കളെ സ്വാധീ​നി​ക്കു​ന്നു. ശിക്ഷക​രു​ടെ റോൾ ഏറ്റെടു​ക്കാ​തെ മക്കളുടെ സുഹൃ​ത്തു​ക്ക​ളാ​യി​രി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. “ഞാൻ തീരെ അയഞ്ഞമ​ട്ടാ​യി​രു​ന്നു,” ഒരു അമ്മ സമ്മതി​ക്കു​ന്നു. “എന്റെ മാതാ​പി​താ​ക്കൾ വളരെ കർക്കശ​രാ​യി​രു​ന്നു. എന്റെ കുട്ടി​യു​ടെ അടുത്ത്‌ അങ്ങനെ​യാ​യി​രി​ക്കാൻ ഞാൻ ആഗ്രഹി​ച്ചില്ല. പക്ഷേ എനിക്കു തെറ്റി​പ്പോ​യി.”

ശിക്ഷക​രു​ടെ റോൾ നിർവ​ഹി​ക്കാ​തി​രി​ക്കുന്ന കാര്യ​ത്തിൽ ചില മാതാ​പി​താ​ക്കൾ എത്ര​ത്തോ​ളം പോകു​ന്നു? യുഎസ്‌എ ടുഡേ ഇങ്ങനെ റിപ്പോർട്ടു ചെയ്യുന്നു: “ന്യൂ​യോർക്ക്‌, ടെക്‌സസ്‌, ഫ്‌ളോ​റിഡ, കാലി​ഫോർണിയ എന്നിവി​ട​ങ്ങ​ളിൽ മയക്കു​മ​രു​ന്നി​ന്റെ അടിമ​ത്ത​ത്തിൽനി​ന്നു മോചി​ത​രാ​കാൻ ചികിത്സ നേടി​ക്കൊ​ണ്ടി​രി​ക്കുന്ന ഏകദേശം 600 കൗമാ​ര​ക്കാ​രിൽ നടത്തിയ ഒരു പുതിയ സർവേ സൂചി​പ്പി​ച്ചത്‌, അവരിൽ 20 ശതമാനം പേർ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മി​രുന്ന്‌ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌ എന്നാണ്‌. ഇതിൽ 5 ശതമാനം കൗമാ​ര​ക്കാർ മയക്കു​മ​രു​ന്നു​കൾ—സാധാ​ര​ണ​മാ​യി മാരി​ഹ്വാ​ന—ആദ്യമാ​യി പരീക്ഷി​ച്ചു​നോ​ക്കി​യത്‌ മമ്മിയു​ടെ​യോ ഡാഡി​യു​ടെ​യോ കൈയിൽനി​ന്നാണ്‌.” ഇത്ര നിരു​ത്ത​ര​വാ​ദി​ത്വ​പ​ര​മായ ഒരു കൃത്യം ചെയ്യാൻ ഒരു മാതാ​വി​നെ​യോ പിതാ​വി​നെ​യോ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? ഒരു അമ്മ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നീ വീട്ടിൽവെച്ചു മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ക​യാ​ണെ​ങ്കിൽ നിന്റെ​മേൽ ഒരു കണ്ണുണ്ടാ​യി​രി​ക്കാൻ എനിക്കു കഴിയു​മ​ല്ലോ എന്ന്‌ ഞാൻ അവളോ​ടു പറഞ്ഞു.” മക്കളു​മാ​യി മയക്കു​മ​രു​ന്നു പങ്കു​വെ​ക്കു​ന്നത്‌ അവരു​മാ​യി “ഉറ്റബന്ധം” സ്ഥാപി​ക്കാ​നുള്ള ഒരു വഴിയാ​ണെന്ന്‌ വേറെ ചില രക്ഷിതാ​ക്കൾ ധരിച്ചു​വെ​ച്ചി​രി​ക്കു​ന്ന​താ​യി തോന്നു​ന്നു.

മാധ്യ​മ​ങ്ങ​ളു​ടെ സ്വാധീ​നം

മാധ്യ​മ​ങ്ങ​ളു​ടെ ശക്തമായ സ്വാധീ​നം, അതാണ്‌ അടുത്ത അപായ​മേഖല. ഐക്യ​നാ​ടു​ക​ളി​ലെ കുട്ടികൾ ടിവി​യു​ടെ​യോ കമ്പ്യൂ​ട്ട​റി​ന്റെ​യോ മുമ്പിൽ ഒരു ദിവസം ശരാശരി നാലു മണിക്കൂ​റും 48 മിനി​ട്ടും ചെലവി​ടു​മെന്ന്‌ ഒരു സർവേ വെളി​പ്പെ​ടു​ത്തു​ന്ന​താ​യി ഗവേഷക മാരീറ്റാ മോൾ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

ഇത്‌ അത്ര ദോഷം ചെയ്യു​മോ? മാധ്യ​മ​ങ്ങ​ളിൽ ചിത്രീ​ക​രി​ക്കുന്ന അക്രമ​ങ്ങൾക്ക്‌ “ചില കുട്ടി​ക​ളി​ലെ അക്രമാ​സക്ത പെരു​മാ​റ്റ​വു​മാ​യി” ബന്ധമു​ണ്ടെന്ന്‌ അമേരി​ക്കൻ മെഡിക്കൽ അസ്സോ​സി​യേഷൻ ഉൾപ്പെടെ “ഐക്യ​നാ​ടു​ക​ളി​ലെ ആറ്‌ പ്രമുഖ പ്രൊ​ഫ​ഷണൽ സൊ​സൈ​റ്റി​കൾ,” ഐകക​ണ്‌ഠ്യേന നിഗമനം ചെയ്‌ത​താ​യി സയൻസ്‌ മാസി​ക​യിൽ വന്ന ഒരു ലേഖനം റിപ്പോർട്ടു ചെയ്‌തു. “മാധ്യ​മ​ങ്ങ​ളിൽ കാണുന്ന അക്രമ​രം​ഗങ്ങൾ സമൂഹ​ത്തി​ലെ അക്രമ​ങ്ങൾക്ക്‌ ആക്കം കൂട്ടു​ന്നു​വെന്ന്‌ വിദഗ്‌ധർ ഒന്നടങ്കം അഭി​പ്രാ​യ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും, ഈ സന്ദേശം പൊതു​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജനങ്ങൾക്കു ലഭിക്കു​ന്നി​ല്ലെന്നു തോന്നു​ന്നു,” സയൻസ്‌ മാസിക പറഞ്ഞു.

ഉദാഹ​ര​ണ​ത്തിന്‌, സംഗീത വീഡി​യോ​ക​ളു​ടെ കാര്യ​മെ​ടു​ക്കുക. ഈ വീഡി​യോ​ക​ളിൽ ചിലത്‌ ലൈം​ഗി​ക​തയെ എത്ര പച്ചയായി ചിത്രീ​ക​രി​ക്കു​ക​യും വർണി​ക്കു​ക​യും ചെയ്യു​ന്നു​വെന്ന്‌ മനസ്സി​ലാ​ക്കുന്ന മാതാ​പി​താ​ക്കൾ പലപ്പോ​ഴും ഞെട്ടി​പ്പോ​കു​ന്നു. ഇത്തരം വീഡി​യോ​കൾക്ക്‌ ചില കുമാ​രീ​കു​മാ​ര​ന്മാ​രു​ടെ പെരു​മാറ്റ രീതി​കളെ സ്വാധീ​നി​ക്കാൻ കഴി​ഞ്ഞേ​ക്കു​മോ? 500 കോ​ളേജ്‌ വിദ്യാർഥി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു പഠനം ഇപ്രകാ​രം പറയുന്നു: “അക്രമം നിഴലി​ക്കുന്ന പാട്ടിന്റെ വരികൾ മനസ്സിൽ അക്രമാ​സക്ത വികാ​ര​ങ്ങ​ളും തോന്ന​ലു​ക​ളും ഇളക്കി​വി​ടു​ന്നു.” അടുത്ത​കാ​ലത്തെ മറ്റൊരു പഠനം അനുസ​രിച്ച്‌, “‘ഗാംങ്‌സ്റ്റ’ റാപ്പ്‌ സംഗീത വീഡി​യോ​ക​ളിൽ ലൈം​ഗി​ക​ത​യും അക്രമ​വും കണ്ടു​കൊ​ണ്ടു കൂടുതൽ സമയം ചെലവി​ടുന്ന കൗമാ​ര​പ്രാ​യ​ക്കാർ ഇവ യഥാർഥ ജീവി​ത​ത്തിൽ പകർത്താ​നുള്ള സാധ്യത ഏറെയാണ്‌.” 500-ലധികം പെൺകു​ട്ടി​കളെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഈ പഠനം വെളി​പ്പെ​ടു​ത്തി​യത്‌, ഗാംങ്‌സ്റ്റ വീഡി​യോ കാണു​ന്ന​തിൽ മുഴു​കി​യി​രി​ക്കു​ന്നവർ അറസ്റ്റു ചെയ്യ​പ്പെ​ടാ​നോ ഒരു അധ്യാ​പ​കനെ പ്രഹരി​ക്കാ​നോ ഒന്നില​ധി​കം പേരു​മാ​യി ലൈം​ഗിക ബന്ധം പുലർത്താ​നോ ഉള്ള സാധ്യത കൂടൂ​ത​ലാണ്‌ എന്നായി​രു​ന്നു.

കൗമാ​ര​ക്കാ​രും കമ്പ്യൂ​ട്ട​റും

സമീപ കാലങ്ങ​ളിൽ യുവമ​ന​സ്സു​കളെ രൂപ​പ്പെ​ടു​ത്തു​ന്ന​തിൽ കമ്പ്യൂ​ട്ട​റും ഒരു പ്രധാന സ്ഥാനം വഹിക്കു​ന്നുണ്ട്‌. “അടുത്ത ദശകങ്ങ​ളിൽ വീടു​ക​ളി​ലുള്ള സ്വകാര്യ കമ്പ്യൂ​ട്ട​റു​ക​ളു​ടെ എണ്ണത്തിൽ വൻ വർധന ഉണ്ടായി​ട്ടുണ്ട്‌,” പീഡി​യാ​ട്രി​ക്‌സ്‌ എന്ന ജേർണൽ പറയുന്നു. “രാജ്യ​ത്തു​ട​നീ​ളം [ഐക്യ​നാ​ടു​ക​ളിൽ] സ്‌കൂൾപ്രാ​യ​ത്തി​ലുള്ള (6-17 പ്രായം) കുട്ടി​യുള്ള മൂന്നിൽ രണ്ടു വീടു​ക​ളി​ലും ഒരു കമ്പ്യൂ​ട്ട​റു​ണ്ടാ​യി​രു​ന്നു . . . ഐക്യ​നാ​ടു​ക​ളിൽ, കമ്പ്യൂ​ട്ട​റുള്ള വീട്ടിൽ ജീവി​ക്കുന്ന 3 മുതൽ 17 വരെ പ്രായ​മുള്ള കുട്ടികൾ 1998-ൽ 55 ശതമാനം ആയിരു​ന്നത്‌ 2000-ത്തിൽ 65 ശതമാ​ന​മാ​യി വർധിച്ചു.” കമ്പ്യൂ​ട്ട​റി​ന്റെ ഉപയോ​ഗം മറ്റു ദേശങ്ങ​ളി​ലും വ്യാപ​ക​മാ​യി​രി​ക്കു​ക​യാണ്‌.

എന്നിരു​ന്നാ​ലും, കമ്പ്യൂട്ടർ ഉപയോ​ഗി​ക്കാൻ അവസരം കിട്ടു​ന്ന​തിന്‌ ഒരു യുവവ്യ​ക്തിക്ക്‌ സ്വന്തമാ​യി ഒരു കമ്പ്യൂട്ടർ ഉണ്ടായി​രി​ക്ക​ണ​മെ​ന്നില്ല. “ഏകദേശം 5 മുതൽ 17 വരെ വയസ്സുള്ള യുവജ​ന​ങ്ങ​ളിൽ 90 ശതമാ​ന​വും കമ്പ്യൂട്ടർ ഉപയോ​ഗി​ക്കു​ന്ന​വ​രാണ്‌, അവരിൽ 59 ശതമാനം ഇന്റർനെ​റ്റും ഉപയോ​ഗി​ക്കു​ന്നുണ്ട്‌” എന്ന്‌ ഒരു ഗവേഷകൻ അവകാ​ശ​പ്പെ​ടു​ന്നു. മുൻകാ​ല​ങ്ങ​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി യുവമ​ന​സ്സു​കൾക്ക്‌ ഇപ്പോൾ വിവരങ്ങൾ വിരൽത്തു​മ്പി​ലാണ്‌. കമ്പ്യൂട്ടർ പ്രയോ​ജ​ന​പ്ര​ദ​മായ കാര്യ​ങ്ങൾക്ക്‌, മുതിർന്ന​വ​രു​ടെ മേൽനോ​ട്ട​ത്തിൻ കീഴിൽ ഉപയോ​ഗി​ച്ചാൽ നല്ലതു​തന്നെ. പക്ഷേ, നിരവധി മാതാ​പി​താ​ക്കൾ ഈ ഉപാധി ഇഷ്ടാനു​സ​രണം ഉപയോ​ഗി​ക്കാൻ കുട്ടി​കളെ കയറൂരി വിട്ടി​രി​ക്കു​ക​യാണ്‌.

ഇതിനുള്ള തെളി​വു​കൾ നോക്കാം. ഗവേഷ​ക​യായ മാരീറ്റാ മോൾ ഫി ഡെൽറ്റാ കാപ്പൻ എന്ന ജേർണ​ലിൽ എഴുതി​യ​ത​നു​സ​രിച്ച്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന​വരെ ഉൾപ്പെ​ടു​ത്തി​ക്കൊണ്ട്‌ 2001-ൽ നടത്തിയ ഒരു സർവേ പ്രകാരം “മാതാ​പി​താ​ക്ക​ളിൽ 71 ശതമാ​നം​പേർ തങ്ങളുടെ കുട്ടി​യു​ടെ ഇന്റർനെറ്റ്‌ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ‘നന്നായി​ത്തന്നെ അല്ലെങ്കിൽ വേണ്ടത്ര അറിയാ​മെന്ന്‌’ വിചാ​രി​ച്ചു. എന്നാൽ കുട്ടി​ക​ളോട്‌ ഇതേ ചോദ്യം ചോദി​ച്ച​പ്പോൾ അവരിൽ 70 ശതമാ​ന​വും പറഞ്ഞത്‌, തങ്ങളുടെ ഇന്റർനെറ്റ്‌ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ‘മാതാ​പി​താ​ക്കൾക്കു വളരെ​ക്കു​റച്ചേ അറിയാ​മാ​യി​രു​ന്നു​ള്ളൂ അല്ലെങ്കിൽ ഒട്ടും അറിയി​ല്ലാ​യി​രു​ന്നു’” എന്നാണ്‌. ഈ സർവേ പ്രകാരം, “9-നും 10-നും ഇടയ്‌ക്കു പ്രായ​മുള്ള 30 ശതമാനം പേർ, മുതിർന്ന​വർക്കു മാത്ര​മുള്ള സ്വകാര്യ ചാറ്റ്‌-റൂമുകൾ സന്ദർശി​ച്ചി​ട്ടു​ണ്ടെന്നു പറയു​ക​യു​ണ്ടാ​യി. എന്നാൽ 11-നും 12-നും ഇടയ്‌ക്കു പ്രായ​മുള്ള 58 ശതമാനം പേരും 13-നും 14-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രിൽ 70 ശതമാനം പേരും 15-17 വരെയുള്ള പ്രായ​ക്കാ​രിൽ 72 ശതമാനം പേരും ഇതു ചെയ്‌തി​ട്ടു​ണ്ടെന്ന്‌ അറിയു​മ്പോൾ പ്രശ്‌ന​ത്തി​ന്റെ ഗൗരവം വർധി​ക്കു​ന്നു. . . . വീടു​ക​ളി​ലെ ഇന്റർനെറ്റ്‌ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ നടത്തിയ ഒരു ബ്രിട്ടീഷ്‌ സർവേ​യിൽ കുട്ടികൾ ഇന്റർനെ​റ്റിൽ എന്താണു കാണു​ന്ന​തെന്ന്‌ തങ്ങൾക്ക​റി​യില്ല എന്ന്‌ ഏഴു മാതാ​പി​താ​ക്ക​ളിൽ ഒരാൾവീ​തം, സമ്മതി​ക്കു​ക​യു​ണ്ടാ​യി.”

കുട്ടികൾ മേൽനോ​ട്ട​മി​ല്ലാ​തെ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നത്‌ അവർ അശ്ലീല​വു​മാ​യി സമ്പർക്ക​ത്തിൽ വരാൻ ഇടയാ​ക്കും. എന്നാൽ, അപകടം ഇവിടം​കൊണ്ട്‌ തീരു​ന്നില്ല. “നമ്മുടെ കുട്ടികൾ സ്‌കൂ​ളി​ലും സൈബർസ്‌പേ​സി​ലും കൂട്ടു​കാ​രെ കണ്ടെത്തു​ക​യാണ്‌. ഫലമോ? പലപ്പോ​ഴും, നാം കണ്ടുമു​ട്ടാ​നി​ട​യി​ല്ലാത്ത കുട്ടി​ക​ളു​മാ​യി​ട്ടാണ്‌ അവർ സമയം ചെലവ​ഴി​ക്കു​ന്നത്‌” എന്ന്‌ മുമ്പ്‌ പരാമർശിച്ച ടാഫെൽ വ്യസന​പൂർവം പറയുന്നു.

അതേ, മുൻത​ല​മു​റ​കൾക്ക്‌ അജ്ഞാത​മാ​യി​രുന്ന സമ്മർദ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളു​മാണ്‌ ഇന്നത്തെ കൗമാ​ര​ങ്ങളെ ചൂഴ്‌ന്നു നിൽക്കു​ന്നത്‌. മനോ​വേ​ദ​ന​യു​ള​വാ​ക്കുന്ന തരത്തിൽ നിരവധി യുവജ​നങ്ങൾ പെരു​മാ​റു​ന്ന​തിൽ അതിശ​യി​ക്കാ​നൊ​ന്നു​മില്ല! ഇന്നത്തെ കൗമാ​ര​ങ്ങളെ സഹായി​ക്കാൻ എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?

[6-ാം പേജിലെ ആകർഷക വാക്യം]

“കുട്ടി​കളെ വളർത്തുന്ന കാര്യ​ത്തിൽ കഴിഞ്ഞ മുപ്പതു വർഷം​കൊണ്ട്‌ ഉണ്ടായ പരിണാ​മം ആത്മബന്ധ​മോ ആശയവി​നി​മ​യ​മോ ഇല്ലാത്ത, പഠന​വൈ​ക​ല്യ​ങ്ങ​ളുള്ള, നിയ​ന്ത്രി​ക്കാൻ നന്നേ ബുദ്ധി​മു​ട്ടുള്ള കുട്ടി​കളെ വാർത്തെ​ടു​ക്കു​ന്ന​തി​ലേക്കു നയിക്കു​ന്നു​വെന്ന്‌ ഞാൻ വിശ്വ​സി​ക്കു​ന്നു.”—ഡോ. റോബർട്ട്‌ ഷാ

[6, 7 പേജു​ക​ളി​ലെ ചിത്രം]

നിരവധി വീട്ടമ്മ​മാർ ഉദ്യോ​ഗ​സ്ഥ​ക​ളാ​യത്‌ കുടും​ബാ​ന്ത​രീ​ക്ഷത്തെ മാറ്റി​മ​റി​ച്ചി​രി​ക്കു​ക​യാണ്‌

[7-ാം പേജിലെ ചിത്രം]

മേൽനോട്ടമില്ലാത്ത യുവ ജനങ്ങൾ എളുപ്പം കുഴപ്പ​ത്തിൽ അകപ്പെ​ട്ടേ​ക്കാം

[8-ാം പേജിലെ ചിത്രം]

അക്രമസ്വഭാവത്തെ അക്രമാ​സക്ത സംഗീത വീഡി​യോ​ക​ളു​മാ​യി ഗവേഷകർ ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു

[9-ാം പേജിലെ ചിത്രം]

നിങ്ങളുടെ കുട്ടി ഇന്റർനെ​റ്റിൽ കണ്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌ എന്താ​ണെന്ന്‌ നിങ്ങൾക്ക്‌ അറിയാ​മോ?