“ഞാൻ ഇന്റർനെറ്റ് ഡേറ്റിങ് പരീക്ഷിച്ചുനോക്കണമോ?”
യുവജനങ്ങൾ ചോദിക്കുന്നു . . .
“ഞാൻ ഇന്റർനെറ്റ് ഡേറ്റിങ് പരീക്ഷിച്ചുനോക്കണമോ?”
“ഞങ്ങൾ എന്നും പരസ്പരം ഇ-മെയ്ൽ അയയ്ക്കുമായിരുന്നു. എവിടെ ജോലി ചെയ്യണം, എവിടെ താമസിക്കണം എന്നതിനെക്കുറിച്ചൊക്കെ ഞങ്ങൾ ആസൂത്രണങ്ങൾ ചെയ്തു. വിവാഹനിശ്ചയത്തിനുള്ള മോതിരങ്ങൾ വാങ്ങേണ്ട ചുമതല എനിക്കായിരുന്നു. ഞങ്ങൾ പരിചയപ്പെട്ടിട്ട് ഒരു മാസംപോലും ആയിരുന്നില്ല. എന്തിന്, ഞങ്ങൾ പരസ്പരം കണ്ടിട്ടുതന്നെയില്ലായിരുന്നു.” —മോനിക്ക, ഓസ്ട്രിയ. *
ഒന്നടുത്തറിയാനും വിവാഹം കഴിക്കാനും പറ്റിയ ഒരാളെ കണ്ടെത്താൻ നിങ്ങൾ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ അങ്ങനെയൊരാളെ കണ്ടെത്താനുള്ള നിങ്ങളുടെ ശ്രമങ്ങളൊന്നും ഇതുവരെ വിജയിച്ചിട്ടില്ല. നിങ്ങൾക്കു ചേരുന്ന ഒരു വ്യക്തിയെ കണ്ടുപിടിച്ചുതരാനുള്ള ബന്ധുമിത്രാദികളുടെ സദുദ്ദേശ്യപൂർവകമായ ശ്രമങ്ങളാകട്ടെ നാണക്കേടിനും കൂടുതൽ നിരാശയ്ക്കും മാത്രമേ ഇടയാക്കിയിട്ടുള്ളൂ. അതുകൊണ്ട് ഇക്കാര്യത്തിൽ സാങ്കേതികവിദ്യയുടെ സഹായം തേടിയാലോ എന്നു നിങ്ങൾ ചിന്തിക്കുന്നു.
ഈ കമ്പ്യൂട്ടർ യുഗത്തിൽ, അനുയോജ്യ ഇണയെ കണ്ടെത്താൻ മൗസ് ബട്ടൻ ഏതാനും പ്രാവശ്യം ക്ലിക്ക് ചെയ്യുകയേ വേണ്ടൂ എന്നു തോന്നിയേക്കാം. നിങ്ങൾ ആകെ ചെയ്യേണ്ടത് അവിവാഹിതർക്കു വേണ്ടി പ്രത്യേകം ഡിസൈൻ ചെയ്തിരിക്കുന്ന വെബ്സൈറ്റോ ചാറ്റ് റൂമോ ബുള്ളറ്റിൻ ബോർഡോ ആയി ബന്ധപ്പെടുകയാണെന്ന് ചിലർ പറയുന്നു. ഒരു മാസം, ഐക്യനാടുകളിൽ മാത്രം 4.5 കോടി ആളുകൾ ഓൺ-ലൈൻ ഡേറ്റിങ് വെബ്സൈറ്റുകൾ സന്ദർശിച്ചതായി ദ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. 240 രാജ്യങ്ങളിലായി 90 ലക്ഷത്തിലധികം ആളുകൾ തങ്ങളുടെ സേവനം ഉപയുക്തമാക്കുന്നതായി, പ്രണയജോഡികളെ സൃഷ്ടിക്കുന്ന ഒരു ഇന്റർനെറ്റ് സർവീസ് അവകാശപ്പെടുന്നു.
ഓൺ-ലൈൻ ഡേറ്റിങ്ങിനോടുള്ള ആകർഷണം എന്തുകൊണ്ട്?
നിങ്ങൾ ഒരു നാണംകുണുങ്ങിയാണോ, അതായത് ആളുകളെ അഭിമുഖീകരിക്കാൻ മടിയുള്ളയാൾ? അല്ലെങ്കിൽ നിങ്ങളുടെ വിവാഹാഭ്യർഥന നിരസിക്കപ്പെടുമെന്ന ഭയം നിങ്ങൾക്കുണ്ടോ? അതുമല്ലെങ്കിൽ നിങ്ങൾ വസിക്കുന്ന പ്രദേശത്ത് അനുയോജ്യ ഇണയെ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു തോന്നുന്നുണ്ടോ? എങ്കിൽ കമ്പ്യൂട്ടർ ഡേറ്റിങ് നിങ്ങൾക്ക് ആകർഷകമായി തോന്നിയേക്കാം. ഓൺ-ലൈൻ മാച്ച്-മേക്കിങ് സർവീസുകൾ നിങ്ങളുടെ ‘ഡേറ്റിങ് പങ്കാളികളുടെ’ മേലുള്ള നിയന്ത്രണം വാഗ്ദാനം ചെയ്യുന്നു എന്നതാണ് അതിനെ ആകർഷകമാക്കുന്ന ഒരു വശം. പ്രായം, താമസിക്കുന്ന രാജ്യം, വ്യക്തിത്വം സംബന്ധിച്ച വിവരങ്ങൾ, ഫോട്ടോകൾ, ലോഗ് ഓൺ ചെയ്യുന്നതിന് ഉപയോഗിക്കുന്ന
സാങ്കൽപ്പിക പേര് എന്നിവയെല്ലാം കമ്പ്യൂട്ടർ സ്ക്രീനിൽ പ്രത്യക്ഷപ്പെടും. തിരഞ്ഞെടുപ്പിന് ഇഷ്ടംപോലെ അവസരം ഉള്ളതുകൊണ്ട് നേരിൽ കണ്ടുള്ള ഡേറ്റിങ്ങിനെ അപേക്ഷിച്ച് ഓൺ-ലൈൻ ഡേറ്റിങ് കൂടുതൽ ഫലപ്രദവും പിരിമുറുക്കം കുറഞ്ഞതും ആയി കാണപ്പെട്ടേക്കാം.എന്നാൽ യാഥാർഥ്യം എന്താണ്? സൈബർസ്പേസ് ഡേറ്റിങ് വാസ്തവത്തിൽ നിലനിൽക്കുന്ന സന്തുഷ്ടിയിലേക്കു നയിക്കുന്നുണ്ടോ? ഇതു പരിചിന്തിക്കുക: ഒരു മാച്ച്-മേക്കിങ് സർവീസിന് ആറുവർഷത്തേക്ക് 1.1 കോടി ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ അവർക്കിടയിൽ നടന്ന വിവാഹങ്ങളുടെ എണ്ണമോ? വെറും 1,475. പത്തു ലക്ഷത്തിലേറെ പേർ ഉപഭോക്താക്കളായുള്ള മറ്റൊരു ഡേറ്റിങ് സർവീസ് 75 വിവാഹങ്ങൾ മാത്രമാണ് റിപ്പോർട്ടു ചെയ്തത്! എന്താണ് പ്രശ്നം?
യഥാർഥ ചിത്രമോ?
“ഇന്റർനെറ്റിൽ എല്ലാവരും ആകർഷക വ്യക്തിത്വമുള്ളവരും സത്യസന്ധരും വിജയപ്രദരുമായി കാണപ്പെടും,” ഒരു പത്രലേഖനം പറയുന്നു. എന്നാൽ ആളുകൾ തങ്ങളെക്കുറിച്ചു നൽകുന്ന വിവരങ്ങൾ എത്രത്തോളം സത്യസന്ധമാണ്? മറ്റൊരു ലേഖനം ഇങ്ങനെ പറയുന്നു: “ആരും പൂർണമായും സത്യസന്ധരല്ല എന്ന വസ്തുത പൊതുവേ അവഗണിക്കപ്പെടുന്നതായി കാണുന്നു.” കൗമാരപ്രായക്കാർക്കായുള്ള പ്രചാരമേറിയ ഒരു മാസികയുടെ എഡിറ്റർ ഈ പ്രസ്താവന സംബന്ധിച്ച് അൽപ്പം വ്യക്തിപരമായ ഗവേഷണം നടത്തി. ഏറ്റവും ജനസമ്മിതിയാർജിച്ച മൂന്ന് ഡേറ്റിങ് വെബ്സൈറ്റുകളിൽ അവർ പേർ ചാർത്തി. താമസിയാതെ അവർക്ക് നിരവധി പ്രതികരണങ്ങൾ ലഭിച്ചു. തുടർന്ന് പല പുരുഷന്മാരുമൊത്ത് അവർ ഡേറ്റിങ്ങിൽ ഏർപ്പെട്ടു. ഫലം എന്തായിരുന്നു? എല്ലാം പരാജയപ്പെട്ടു! പുരുഷന്മാർ തങ്ങളെക്കുറിച്ചു പച്ചക്കള്ളമാണു പറഞ്ഞത്. അവർ മുന്നറിയിപ്പു നൽകുന്നു: “അവർ കള്ളം പറയുന്നു. എനിക്ക് സ്വന്തം അനുഭവത്തിൽനിന്ന് അതു പറയാൻ കഴിയും.”
ഉയരവും തൂക്കവും മറ്റും അൽപ്പം കൂട്ടിയോ കുറച്ചോ പറയുന്നതൊന്നും അത്ര വലിയ പ്രശ്നമല്ലെന്നു തോന്നിയേക്കാം. ‘ആകാരമല്ല പ്രധാനം,’ എന്നു ചിലർ വാദിച്ചേക്കാം. അതു ശരിയാണ്. “ലാവണ്യം വ്യാജവും സൌന്ദര്യം വ്യർത്ഥവും ആകുന്നു” എന്നു ബൈബിൾതന്നെയും പറയുന്നുണ്ട്. (സദൃശവാക്യങ്ങൾ 31:30) എന്നാൽ നിസ്സാരമെന്നു തോന്നുന്ന കാര്യങ്ങളെക്കുറിച്ചായാലും കള്ളം പറയുന്നത് ഒരു ബന്ധത്തിനു തുടക്കമിടാൻ പറ്റിയ ഒരു നല്ല മാർഗമാണോ? (ലൂക്കൊസ് 16:10) അങ്ങനെയൊരാൾ വ്യക്തിപരമായ ലക്ഷ്യങ്ങൾപോലെ കൂടുതൽ ഗൗരവമുള്ള കാര്യങ്ങളെക്കുറിച്ചു സത്യം പറയുമെന്നതിന് എന്താണുറപ്പ്? “ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു സത്യം പറവിൻ” എന്ന് ബൈബിൾ പറയുന്നു. (സെഖര്യാവു 8:16) അതേ, സത്യസന്ധതയിൽ അധിഷ്ഠിതമായ ഒരു ബന്ധത്തിനേ നല്ല രീതിയിൽ വളരാൻ കഴിയൂ.
എന്നാൽ, സൈബർസ്പേസ് ഡേറ്റിങ് മിക്കപ്പോഴും അയഥാർഥമായ പ്രതീക്ഷകൾക്കു വഴിയൊരുക്കും. ന്യൂസ്വീക്കിൽ വന്ന ഒരു റിപ്പോർട്ട് ഇങ്ങനെ അഭിപ്രായപ്പെടുന്നു: “മറ്റേയാൾക്കു തങ്ങളെക്കുറിച്ച് ഏറ്റവും നല്ല ചിത്രം ലഭിക്കുന്ന വിധത്തിൽ, വളരെ ശ്രദ്ധാപൂർവം ആയിരിക്കും ഉപയോക്താക്കൾ ഇ-മെയ്ലുകൾ എഴുതുന്നത്. . . . വായിക്കുന്ന ആൾ അതിൽ മയങ്ങിവീഴും: അവർ നല്ലവരും നിങ്ങളിൽ തത്പരരും ആണെന്നപോലെ കാണപ്പെടും, നിങ്ങളും തിരിച്ച് അങ്ങനെതന്നെ കാണിക്കാൻ ശ്രമിക്കും.” അത്തരം സാഹചര്യങ്ങളിൽ ശക്തമായ അടുപ്പം പെട്ടെന്നുതന്നെ ഉടലെടുത്തേക്കാം എന്ന് ഓൺ-ലൈൻ ബന്ധങ്ങളെക്കുറിച്ചു പഠിക്കുന്ന, ന്യൂയോർക്കിലെ റെൻസെലാർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു പ്രൊഫസർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും മിക്കപ്പോഴും നിരീക്ഷിക്കപ്പെട്ടിട്ടുള്ളതുപോലെ ഇത് ഒരു സന്തുഷ്ട ദാമ്പത്യത്തിലേക്കു നയിക്കുമെന്നു പ്രതീക്ഷിക്കാനാവില്ല. ഓൺ-ലൈൻ ഡേറ്റിങ്ങിനെക്കുറിച്ച് ഒരു മനുഷ്യൻ സ്വന്ത അനുഭവത്തിൽനിന്ന് ഇങ്ങനെ എഴുതി: “അത് ഒരു കെണിയാണ്. വിട്ടുപോയ കാര്യങ്ങൾ നിങ്ങളുടെ ആഗ്രഹത്തിനൊത്ത് നിങ്ങളുടെ ഭാവനതന്നെ പൂരിപ്പിക്കും.”
നേരിൽ കാണൽ
എന്നിരുന്നാലും നേരിൽ കാണാത്തതുകൊണ്ട് ചില നേട്ടങ്ങളൊക്കെ ഉണ്ടെന്ന് ചിലർ വിശ്വസിക്കുന്നുണ്ടാകാം. ബാഹ്യാകാരത്താൽ സ്വാധീനിക്കപ്പെടാതെ ഭാവി ഇണയുടെ ആന്തരിക വ്യക്തിത്വത്തിന്മേൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഓൺ-ലൈൻ ഡേറ്റിങ് സഹായിക്കുന്നുവെന്നായിരിക്കാം അവർ കരുതുന്നത്. ആന്തരിക ഗുണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എന്നതു ശരിതന്നെ. (1 പത്രൊസ് 3:4) എന്നിരുന്നാലും ഒരു കമ്പ്യൂട്ടർ ബന്ധത്തിൽ ആംഗ്യങ്ങളോ പുഞ്ചിരിയോ മുഖഭാവങ്ങളോ ഒന്നും നിങ്ങൾക്കു നിരീക്ഷിക്കാൻ സാധിക്കില്ല. അവൾ അല്ലെങ്കിൽ അയാൾ മറ്റുള്ളവരോട് എങ്ങനെയാണ് ഇടപെടുന്നതെന്നോ സമ്മർദത്തിൻ കീഴിൽ എങ്ങനെയാണു പെരുമാറുന്നതെന്നോ നിങ്ങൾക്കു കാണാനാവില്ല. അതൊക്കെ ആ വ്യക്തി നിങ്ങൾക്ക് സ്നേഹിക്കാനും വിശ്വസിക്കാനും കൊള്ളാവുന്നവനാണോ എന്നു തീരുമാനിക്കുന്നതിന് അത്യന്താപേക്ഷിതമായ കാര്യങ്ങളാണുതാനും. 1 കൊരിന്ത്യർ 13:4, 5-ൽ സ്നേഹത്തെക്കുറിച്ചുള്ള ബൈബിളിന്റെ വർണന വായിക്കുക. സ്നേഹം നിർവചിക്കപ്പെട്ടിരിക്കുന്നത് പെരുമാറ്റത്താലാണ് അല്ലാതെ വാക്കുകളാലല്ല എന്ന കാര്യം ശ്രദ്ധിക്കുക. അതുകൊണ്ട് ഒരു വ്യക്തിയെ നിരീക്ഷിച്ച് വാക്കുകൾക്കു ചേർച്ചയിലാണോ അയാളുടെ അല്ലെങ്കിൽ അവളുടെ പെരുമാറ്റം എന്നു മനസ്സിലാക്കാൻ നിങ്ങൾ സമയമെടുക്കണം.
അത്തരം നിർണായക വിവരങ്ങൾ ഇല്ലാതെതന്നെ പല പ്രണയജോടികളും കോർട്ടിങ്ങിന്റെ ആരംഭത്തിൽത്തന്നെ തങ്ങളുടെ ഉള്ളിന്റെയുള്ളിലെ വികാരവിചാരങ്ങൾ പങ്കിടാൻ തുടങ്ങുന്നു. പരസ്പരം കാര്യമായൊന്നും അറിയില്ലായിരിക്കാമെങ്കിലും മുമ്പും പിമ്പും നോക്കാതെ എടുത്തുചാടി അവർ ഗൗരവാവഹമായ പ്രണയവാഗ്ദാനങ്ങൾ കൈമാറുന്നു. “ഇന്റർനെറ്റിൽ പ്രേമത്തിനു കണ്ണില്ല” എന്ന ഒരു ലേഖനം പരസ്പരം 12,800 കിലോമീറ്റർ അകലത്തിൽ താമസിച്ചിരുന്ന രണ്ടു വ്യക്തികളെക്കുറിച്ചു പറയുന്നു. ഓൺ-ലൈനിലൂടെ പ്രണയബദ്ധരായ അവർ മൂന്നാഴ്ചയ്ക്കുശേഷം നേരിൽ കണ്ടു. “അവൾ കൺപീലികളിൽ നല്ല കനത്തിൽ മസ്ക്കാര തേച്ചുപിടിപ്പിച്ചിരുന്നു. ഞാനാണെങ്കിൽ മസ്ക്കാര ഉപയോഗിക്കുന്ന സ്ത്രീകളുമായി ഡേറ്റിങ്ങിൽ ഏർപ്പെടാനേ ഇഷ്ടപ്പെടുന്നില്ല,” പുരുഷൻ പറഞ്ഞു. ആ ബന്ധത്തിനു പെട്ടെന്നുതന്നെ തിരശ്ശീല വീണു. നേരിൽ കാണാനിടയായ മറ്റൊരു ഓൺ-ലൈൻ പ്രണയജോഡികളുടെ അനുഭവവും നിരാശാജനകമായിരുന്നു. കാമുകിയുടെ സന്ദർശനത്തിനുള്ള ടിക്കറ്റിനു പണം മുടക്കിയ കാമുകൻ കൂടിക്കാഴ്ചയ്ക്കു ശേഷം മടക്കയാത്രയ്ക്കുള്ള എയർലൈൻ ടിക്കറ്റ് കാൻസൽ ചെയ്തു!
എഡ്ഡ എന്നൊരു യുവതി തന്റെ ഓൺ-ലൈൻ ഡേറ്റിങ്ങിനെക്കുറിച്ച് അനുസ്മരിക്കുന്നു. അവൾ പറയുന്നു: “ഞങ്ങളുടെ ബന്ധം അവിശ്വസനീയമാംവിധം നല്ലതാണെന്നു തോന്നിപ്പോയി. ഞങ്ങൾ വിവാഹിതരാകാൻ തീരുമാനിച്ചു.” എന്നാൽ നേരിൽ കണ്ടപ്പോൾ ബന്ധം പൊട്ടിത്തകർന്നു. “ഞാൻ വിചാരിച്ചതു പോലുള്ള ഒരു വ്യക്തിയേ അല്ലായിരുന്നു അയാൾ. കുറ്റംകണ്ടുപിടിക്കലും പരാതിപ്പെടലും മാത്രമായിരുന്നു പണി. അതു ശരിയാവില്ലെന്നു മനസ്സിലായി.” ഒരാഴ്ച കഴിഞ്ഞപ്പോൾ ആ ബന്ധത്തിനു തിരശ്ശീല വീണു. എഡ്ഡ ആകെ നിരാശിതയായി.
കമ്പ്യൂട്ടർ ഡേറ്റിങ്ങിന്റെ മായാലോകത്ത് വികാരങ്ങൾ അകാലത്തിൽ തീവ്രമായി വളർന്നുവന്നേക്കാം. അതുകൊണ്ടുതന്നെ, ബന്ധം വിജയിക്കുന്നില്ലെങ്കിൽ—അതു വിജയിക്കാനുള്ള സാധ്യത കുറവാണുതാനും—വൈകാരികമായി നിങ്ങൾ തകർന്നുപോയേക്കാം. “സ്വന്തഹൃദയത്തിൽ ആശ്രയിക്കുന്നവൻ മൂഢൻ” എന്ന് സദൃശവാക്യങ്ങൾ 28:26 മുന്നറിയിപ്പു നൽകുന്നു. അതേ, മിഥ്യാസങ്കൽപ്പങ്ങളെയും വികാരങ്ങളെയും അടിസ്ഥാനമാക്കി ഗൗരവാവഹമായ തീരുമാനങ്ങളെടുക്കുന്നതു ഭോഷത്തമാണ്. അതുകൊണ്ട്, “ജ്ഞാനത്തോടെ നടക്കുന്നവനോ രക്ഷിക്കപ്പെടും” എന്ന് സദൃശവാക്യം തുടർന്നു പറയുന്നു.
എടുത്തുചാട്ടത്തിന്റെ അപകടങ്ങൾ
പരസ്പരം അടുത്ത് അറിയില്ലാതിരിക്കെ ഒരു ബന്ധത്തിലേക്ക് എടുത്തുചാടുന്നത് തീർച്ചയായും ബുദ്ധിശൂന്യതയാണ്. “ദ്രുതമംഗല്യം വിജയിക്കുക വിരളം” എന്ന് ആംഗലേയ എഴുത്തുകാരനായ ഷേക്സ്പിയർ പറയുകയുണ്ടായി. ബൈബിളിന്റെ ബുദ്ധിയുപദേശം കുറേക്കൂടെ ശക്തമായ ഭാഷയിലുള്ളതാണ്: “ബദ്ധപ്പാടുകാരൊക്കെയും ബുദ്ധിമുട്ടിലേക്കത്രേ ബദ്ധപ്പെടുന്നത്.”—സദൃശവാക്യങ്ങൾ 21:5.
ദുഃഖകരമെന്നു പറയട്ടെ, ഇന്റർനെറ്റ് ഡേറ്റിങ്ങിൽ ഏർപ്പെടുന്ന പലരും ഇതു സത്യമാണെന്നു കണ്ടെത്തിയിരിക്കുന്നു. വെറും ഒരു മാസം ഒരാളുമായി ഇന്റർനെറ്റിലൂടെ സമ്പർക്കം പുലർത്തിയശേഷം തുടക്കത്തിൽ ഉദ്ധരിച്ച മോനിക്ക താൻ ഒരു ഇണയെ കണ്ടെത്തിയതായി വ്യാമോഹിച്ചു. വിവാഹിതരാകാനുള്ള തീരുമാനത്തോടെ വിവാഹനിശ്ചയത്തിനുള്ള മോതിരങ്ങൾ വാങ്ങാനുള്ള ക്രമീകരണങ്ങൾചെയ്യുന്ന ഘട്ടത്തോളംപോലും ആ ബന്ധം വളർന്നെങ്കിലും, എടുത്തുചാടിയുള്ള ആ ബന്ധം “വലിയ ഹൃദയവേദന”യിലാണു കലാശിച്ചത്.
ബൈബിളിന്റെ ഈ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുകവഴി നിങ്ങൾക്ക് ആ ഹൃദയവേദന ഒഴിവാക്കാം: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു.” (സദൃശവാക്യങ്ങൾ 22:3) എന്നാൽ, നിരാശയും വ്രണിത വികാരങ്ങളും മാത്രമല്ല കമ്പ്യൂട്ടർ ഡേറ്റിങ്ങിന്റെ അപകടങ്ങൾ. കൂടുതലായ പ്രശ്നങ്ങളെക്കുറിച്ച് പിന്നീടൊരു ലക്കത്തിൽ ചർച്ച ചെയ്യുന്നതായിരിക്കും.
[അടിക്കുറിപ്പ്]
^ ചില പേരുകൾ മാറ്റിയിട്ടുണ്ട്.
[13-ാം പേജിലെ ചിത്രം]
ഓൺലൈനിൽ ആളുകൾ മിക്കപ്പോഴും തങ്ങളെ കൂടുതൽ നന്നായി ചിത്രീകരിക്കുന്നു അല്ലെങ്കിൽ തങ്ങളെക്കുറിച്ചു കള്ളം പറയുന്നു
[14-ാം പേജിലെ ചിത്രം]
ഇ-മെയ്ലിലൂടെ പല പ്രണയലേഖനങ്ങൾ കൈമാറിയശേഷം നേരിൽ കാണുമ്പോൾ മിക്കപ്പോഴും നിരാശയായിരിക്കും ഫലം