വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

തോട്ടനിർമാണം അതു നിങ്ങൾക്കു പ്രയോജനം ചെയ്യും

തോട്ടനിർമാണം അതു നിങ്ങൾക്കു പ്രയോജനം ചെയ്യും

തോട്ട​നിർമാ​ണം അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും

തോട്ട​നിർമാ​ണം നിങ്ങൾ ആസ്വദി​ക്കു​ന്നു​ണ്ടോ? അതിൽനി​ന്നു സന്തോഷം മാത്രമല്ല നിങ്ങൾക്കു ലഭിക്കു​ന്നത്‌. “തോട്ട​നിർമാ​ണം മാനസിക സമ്മർദ​ങ്ങ​ളും രക്തസമ്മർദ​വും കുറച്ചു​കൊണ്ട്‌ നിങ്ങളു​ടെ ആരോ​ഗ്യം മെച്ച​പ്പെ​ടു​ത്തു​ന്നു. എന്തിന്‌, അത്‌ നിങ്ങളു​ടെ ആയുർ​ദൈർഘ്യം വർധി​പ്പി​ക്കു​ക​പോ​ലും ചെയ്യുന്നു” എന്നതി​നുള്ള തെളി​വു​കൾ ഗവേഷകർ കണ്ടെത്തി​യി​ട്ടു​ണ്ടെന്ന്‌ ലണ്ടനിലെ ഇൻഡി​പെൻഡന്റ്‌ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു​ചെ​യ്യു​ന്നു.

“തിര​ക്കേ​റി​യ​തും സമ്മർദ​പൂ​രി​ത​വും ആയ ഒരു ദിവസ​ത്തി​നു​ശേഷം വീട്ടി​ലെത്തി നിങ്ങളു​ടെ തോട്ട​ത്തിൽ സമയം ചെലവ​ഴി​ക്കു​ന്നതു വലിയ ആശ്വാസം നൽകുന്നു,” എഴുത്തു​കാ​രി​യായ ഗേ സാർച്ച്‌ പറയുന്നു. അതു പ്രതി​ഫ​ല​ദാ​യ​ക​വും രസകര​വും ആണെന്നു മാത്രമല്ല, ഒരു ജിം​നേ​ഷ്യ​ത്തിൽ പോകു​ന്ന​തി​നെ​ക്കാൾ മെച്ചപ്പെട്ട വ്യായാ​മം നൽകു​ക​യും ചെയ്‌തേ​ക്കാം. അതെങ്ങനെ? സാർച്ചി​ന്റെ അഭി​പ്രാ​യ​ത്തിൽ, “കുഴി​കു​ത്തു​ന്ന​തും വരണ്ടി​ക്കൂ​ട്ടു​ന്ന​തും നല്ല വ്യായാ​മം നൽകുന്നു, തത്‌ഫ​ല​മാ​യി സൈക്കി​ളി​ങ്ങിൽ ഏർപ്പെ​ടു​മ്പോൾ വിനി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​തി​നെ​ക്കാൾ കൂടുതൽ കലോറി ഊർജം ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നു.”

തോട്ട പരിച​രണം പ്രായം​ചെ​ന്ന​വർക്കു വിശേ​ഷാൽ പ്രയോ​ജ​ന​പ്ര​ദ​മാണ്‌. ഒരു പുതു​നാ​മ്പു പൊട്ടി​മു​ള​യ്‌ക്കാൻ കാത്തി​രി​ക്കു​ന്നത്‌, ഭാവി​യി​ലേക്ക്‌ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ നോക്കാൻ അവരെ സഹായി​ക്കു​ന്നു. മാത്രമല്ല “തോട്ടം,” വാർധ​ക്യ​ത്തി​ന്റെ “വേദന​കൾക്കും ഫലശൂ​ന്യ​താ​ബോ​ധ​ത്തി​നും ഉള്ള ഒരു പ്രതി​വി​ധി​യാണ്‌,” റോയൽ ഹോർട്ടി​ക്കൾച്ചറൽ സൊ​സൈ​റ്റി​യി​ലെ ഡോക്ടർ ബ്രിജിഡ്‌ ബോർഡ്‌മാൻ പ്രസ്‌താ​വി​ക്കു​ന്നു. മറ്റുള്ള​വരെ അധിക​മ​ധി​കം ആശ്രയി​ക്കേ​ണ്ടി​വ​രു​ന്ന​തി​നാൽ പ്രായ​മാ​യ​വർക്കു പലപ്പോ​ഴും നിരു​ത്സാ​ഹം അനുഭ​വ​പ്പെ​ടു​ന്നു. എന്നാൽ ഡോക്ടർ ബോർഡ്‌മാൻ അഭി​പ്രാ​യ​പ്പെ​ടു​ന്ന​തു​പോ​ലെ, “നാം എന്തു നടുന്നു, ഏതു വിധത്തിൽ തോട്ടം രൂപകൽപ്പന ചെയ്യുന്നു, എങ്ങനെ സംരക്ഷി​ക്കു​ന്നു എന്നീ കാര്യ​ങ്ങ​ളിൽ നിയ​ന്ത്ര​ണം​ചെ​ലു​ത്തു​ന്നതു മുഖാ​ന്തരം, കാര്യാ​ദി​കളെ നിയ​ന്ത്രി​ച്ചു നിറു​ത്തു​ക​യെന്ന ആവശ്യം സാധി​ക്കു​ന്നു. പരിപാ​ലി​ക്കു​ക​യെന്ന ആവശ്യ​വും നിറ​വേ​റ്റ​പ്പെ​ടു​ന്നു.”

മാനസി​കാ​രോ​ഗ്യ പ്രശ്‌ന​ങ്ങ​ളു​ള്ള​വർക്ക്‌ മനോ​ഹ​ര​വും ശാന്തവും ആയ ഒരു ചുറ്റു​പാ​ടിൽ വേല ചെയ്യു​മ്പോൾ മിക്ക​പ്പോ​ഴും പിരി​മു​റു​ക്കം ഇല്ലാത്ത​തു​പോ​ലെ തോന്നു​ന്നു. മാത്രമല്ല, മറ്റുള്ള​വർക്കു​വേണ്ടി പുഷ്‌പ​ങ്ങ​ളോ പച്ചക്കറി​ക​ളോ ഉത്‌പാ​ദി​പ്പി​ക്കു​ന്നത്‌ ആത്മവി​ശ്വാ​സ​വും ആത്മാഭി​മാ​ന​വും വീണ്ടെ​ടു​ക്കാൻ അത്തരം വ്യക്തി​കളെ സഹായി​ച്ചേ​ക്കാം.

എന്നിരു​ന്നാ​ലും, തോട്ട നിർമാ​ണ​ത്തിൽ ഏർപ്പെ​ടു​ന്നവർ മാത്രമല്ല തോട്ട​ത്തി​ന്റെ പച്ചപ്പിൽനി​ന്നു പ്രയോ​ജനം നേടു​ന്നത്‌. ടെക്‌സാസ്‌ സർവക​ലാ​ശാ​ല​യി​ലെ പ്രൊ​ഫസർ റോജർ ഉൾറിച്ച്‌, പിരി​മു​റു​ക്ക​ത്തി​നി​ട​യാ​ക്കുന്ന ഒരു സാഹച​ര്യ​ത്തി​നു വിധേ​യ​രാ​ക്ക​പ്പെട്ട ഒരു കൂട്ടം ആളുകളെ ഉപയോ​ഗിച്ച്‌ പരീക്ഷണം നടത്തി. അവരിൽ ചിലരെ പച്ചപ്പുള്ള, വൃക്ഷനി​ബി​ഡ​മായ ഒരു പ്രദേ​ശ​ത്തേക്ക്‌ കൊണ്ടു​പോ​യി. അവർക്ക്‌, അത്തരം ചുറ്റു​പാ​ടു​ക​ളി​ലേക്കു പോകാ​തി​രുന്ന ആളുക​ളെ​ക്കാൾ വേഗത്തിൽ പിരി​മു​റു​ക്ക​ത്തിൽനി​ന്നു മുക്തി നേടാൻ സാധി​ച്ചെന്ന്‌ അദ്ദേഹം കണ്ടെത്തി. ഹൃദയ​മി​ടി​പ്പും രക്തസമ്മർദ്ദ​ത്തി​ന്റെ തോതും ആസ്‌പ​ദ​മാ​ക്കി​യാണ്‌ ഇതു നിശ്ചയി​ച്ചത്‌. ശസ്‌ത്ര​ക്രി​യ​യ്‌ക്കു​ശേഷം ആശുപ​ത്രി​യിൽ ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്നവർ, വൃക്ഷങ്ങൾ കാണാൻ കഴിയും​വി​ധ​മുള്ള മുറി​ക​ളിൽ കഴിയു​ന്നതു സഹായ​ക​മാ​ണെന്ന്‌ മേൽപ്പ​റ​ഞ്ഞ​തി​നു സമാന​മായ ഒരു പരീക്ഷണം കണ്ടെത്തി. മറ്റു രോഗി​ക​ളോ​ടുള്ള താരത​മ്യ​ത്തിൽ അവർ “പെട്ടെന്നു സുഖം​പ്രാ​പി​ച്ചു വീട്ടി​ലേക്കു പോയി. വേദനാ​ശ​മ​ന​ത്തി​നു കുറച്ചു ചികിത്സ മാത്രമേ അവർക്കു വേണ്ടി​വ​ന്നു​ള്ളൂ, മാത്രമല്ല അവർക്കു പരാതി​യും കുറവാ​യി​രു​ന്നു.”