വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ത്രഡ്‌നീഡിൽ തെരുവിലെ മുത്തശ്ശിയെ” പരിചയപ്പെടുക

“ത്രഡ്‌നീഡിൽ തെരുവിലെ മുത്തശ്ശിയെ” പരിചയപ്പെടുക

“ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി​യെ” പരിച​യ​പ്പെ​ടു​ക

ബ്രിട്ടനിലെ ഉണരുക! ലേഖകൻ

ജാലക​ങ്ങ​ളി​ല്ലാത്ത കൂറ്റൻ മതിൽക്കെ​ട്ടു​കൾ ആ മുത്തശ്ശി​യു​ടെ പ്രൗഢി​യാർന്ന വസതിയെ സംരക്ഷി​ക്കു​ന്നു. വെട്ടി​ത്തി​ള​ങ്ങുന്ന പിങ്ക്‌ നിറത്തി​ലുള്ള ടെയിൽകോ​ട്ടും ചുവന്ന വെയി​സ്റ്റ്‌കോ​ട്ടും കറുത്ത ടോപ്പ്‌ഹാ​റ്റും ധരിച്ച കാവൽക്കാർ അവരുടെ വീടിന്റെ കവാടങ്ങൾ കാക്കുന്നു. ക്യാമ​റ​ക്ക​ണ്ണു​കൾ സന്ദർശ​കരെ സശ്രദ്ധം വീക്ഷി​ക്കു​ന്നു. ‘ത്രഡ്‌നീ​ഡിൽ തെരു​വി​ലെ ഈ മുത്തശ്ശി’ ആരാണ്‌, അവർക്ക്‌ ഇത്ര കനത്ത സംരക്ഷണം ആവശ്യ​മു​ള്ളത്‌ എന്തു​കൊണ്ട്‌?

ലോക​ത്തി​ലെ പ്രമുഖ സാമ്പത്തിക സ്ഥാപന​ങ്ങ​ളി​ലൊ​ന്നായ ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ആണ്‌ ഈ “മുത്തശ്ശി.” എന്നാൽ ഒരു ബാങ്കിന്‌ അസാധാ​ര​ണ​മായ ഇത്തര​മൊ​രു പേരു ലഭിച്ചത്‌ എങ്ങനെ​യാണ്‌? ഒരു കാലത്ത്‌ ധാരാളം ഗിൽഡു​കൾ—മധ്യയു​ഗ​ത്തി​ലെ വ്യാപാ​രി​ക​ളു​ടെ അല്ലെങ്കിൽ കരകൗ​ശ​ല​വേ​ല​ക്കാ​രു​ടെ സംഘടന—ഉണ്ടായി​രുന്ന സ്ഥലമാണ്‌ ലണ്ടനിലെ ത്രഡ്‌നീ​ഡിൽ തെരുവ്‌. സൂചി​നിർമാ​ണ​ക്ക​മ്പ​നി​യു​ടെ ചിഹ്നത്തി​ലുള്ള മൂന്നു സൂചി​കളെ ആസ്‌പ​ദ​മാ​ക്കി​യാ​കാം തെരു​വിന്‌ ആ പേരു ലഭിച്ചത്‌. രാഷ്‌ട്രീ​യ​നേ​താ​വും നാടക​കൃ​ത്തും ആയ റിച്ചാർഡ്‌ ഷെറിഡൻ, ബാങ്ക്‌ സ്ഥാപി​ക്ക​പ്പെട്ട്‌ ഏകദേശം ഒരു നൂറ്റാ​ണ്ടി​നു​ശേഷം പാർല​മെ​ന്റിൽ പ്രസം​ഗി​ക്കവേ ആ ബാങ്കിനെ “സത്‌പേ​രുള്ള, വളരെ​ക്കാ​ലം ജീവി​ച്ചി​രുന്ന ഒരു മുത്തശ്ശി” എന്നു പരാമർശി​ക്കു​ക​യു​ണ്ടാ​യി. കാർട്ടൂ​ണിസ്റ്റ്‌ ആയിരുന്ന ജെയിംസ്‌ ഗിൽറേ​യു​ടെ തൂലിക ആ വാക്കുകൾ ചിത്ര​രൂ​പ​ത്തി​ലേക്കു മൊഴി​മാ​റ്റം നടത്തി. അന്നുമു​തൽ ബാങ്ക്‌, “ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി” എന്ന പേരിൽ പ്രസി​ദ്ധി​യാർജി​ച്ചു​തു​ടങ്ങി.

ഒരു ദേശീയ ബാങ്ക്‌ ആവശ്യ​മാ​യി വരുന്നു

17-ാം നൂറ്റാ​ണ്ടിൽ ലണ്ടനിലെ ബാങ്കു​ക​ളെ​ല്ലാം സ്വർണ​പ്പ​ണി​ക്കാ​രാ​ണു നിയ​ന്ത്രി​ച്ചി​രു​ന്നത്‌. ഈ ബാങ്കിങ്‌ ക്രമീ​ക​രണം ഭേദപ്പെട്ട നിലയിൽ മുന്നോ​ട്ടു​പോ​വു​ക​യും ചെയ്‌തി​രു​ന്നു. എന്നാൽ സ്റ്റുവർട്ട്‌ രാജവം​ശ​ത്തി​ലെ രാജാ​ക്ക​ന്മാർ, കടം വാങ്ങുന്ന പണം തിരി​കെ​ക്കൊ​ടു​ക്കാ​തി​രി​ക്കാൻ തുടങ്ങി​യ​തോ​ടെ കാര്യ​ങ്ങൾക്കു മാറ്റം വന്നു. സ്വർണ​പ്പ​ണി​ക്കാ​രായ ബാങ്കർമാർക്കി​ട​യി​ലെ പ്രമുഖർ ക്രമേണ പാപ്പരാ​യി​ത്തീർന്നു. അതോടെ, ഫ്രാൻസു​മാ​യുള്ള യുദ്ധത്തി​നു​വേണ്ട പണം കണ്ടെത്താ​നാ​കാ​തെ ഗവൺമെന്റ്‌ കുഴങ്ങി.

1689-ൽ വില്യം മൂന്നാ​മ​നും ഭാര്യ മേരി​യും സിംഹാ​സ​നാ​രൂ​ഢ​രാ​യ​തോ​ടെ, ഗവൺമെ​ന്റി​ന്റെ ബാങ്കറും ധനസമാ​ഹർത്താ​വും എന്ന നിലയിൽ പ്രവർത്തി​ക്കുന്ന ഒരു ദേശീയ ബാങ്കി​നു​വേ​ണ്ടി​യുള്ള അടിയ​ന്തിര ആഹ്വാനം നൽക​പ്പെട്ടു. നിരവധി പദ്ധതികൾ സമർപ്പി​ക്ക​പ്പെട്ടു. ഇതിൽ സ്‌കോ​ട്ട്‌ലൻഡി​ലെ വ്യാപാ​രി​യായ വില്യം പാറ്റേ​ഴ്‌സന്റെ പദ്ധതി​ക്കെ​തി​രെ ശക്തമായ എതിർപ്പു​ണ്ടാ​യെ​ങ്കി​ലും പാർല​മെന്റ്‌ അതാണു തിര​ഞ്ഞെ​ടു​ത്തത്‌. ലണ്ടനിലെ പൗരന്മാ​രോട്‌ പണം കടമായി നൽകാൻ ആവശ്യ​പ്പെട്ടു, 12,00,000 പൗണ്ട്‌ സമാഹ​രി​ക്കാ​നാ​ണു ലക്ഷ്യമി​ട്ടി​രു​ന്നത്‌. പ്രതി​ഫ​ല​മാ​യി ഗവൺമെന്റ്‌ അവർക്ക്‌ 8 ശതമാനം പലിശ നൽകു​ക​യും അവരെ ‘ദ ഗവർണർ ആൻഡ്‌ കമ്പനി ഓഫ്‌ ദ ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌’ എന്ന കോർപ്പ​റേ​ഷ​നി​ലെ അംഗങ്ങ​ളാ​യി നിയമി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു പ്രതീ​ക്ഷിച്ച പണം രണ്ടാഴ്‌ച​യ്‌ക്കു​ള്ളിൽ ലഭിച്ചു. അങ്ങനെ 1694-ൽ, ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌ പ്രവർത്ത​ന​മാ​രം​ഭി​ച്ചു.

നാൽപ്പതു വർഷത്തി​നു​ശേഷം ബാങ്ക്‌, ത്രഡ്‌നീ​ഡിൽ തെരു​വിൽ പ്രവർത്തനം തുടങ്ങി. ഇപ്പോ​ഴുള്ള കെട്ടി​ട​സ​മു​ച്ചയം 1930-ൽ നിർമി​ച്ച​താണ്‌. മൂന്ന്‌ ഏക്കർ പ്രദേശം കയ്യടക്കി​യി​രി​ക്കുന്ന ഏഴു നിലയുള്ള ആ കെട്ടി​ട​ത്തി​ന്റെ വിശാ​ല​മായ ഭൂഗർഭ അറകളിൽ ഉരുപ്പ​ടി​കൾ സൂക്ഷി​ച്ചു​വെ​ക്കു​ന്ന​തി​നുള്ള സൗകര്യ​മുണ്ട്‌.

കയറ്റവും ഇറക്കവും

പൗണ്ട്‌, ഷില്ലിങ്‌, പെനി എന്നിവ​യു​ടെ രൂപത്തിൽ പണം സൂക്ഷി​ക്കാൻ ഏൽപ്പി​ക്കു​ന്ന​വർക്ക്‌ ആദ്യ​മൊക്ക ബാങ്ക്‌പേ​പ്പ​റിൽ എഴുതി​ത്ത​യ്യാ​റാ​ക്കിയ രസീതു​കൾ (ബാങ്ക്‌നോ​ട്ടു​കൾ) ആണു കൊടു​ത്തി​രു​ന്നത്‌. ഈ ബാങ്ക്‌നോ​ട്ടു​കൾ തിരി​കെ​ക്കൊ​ടു​ത്തു​കൊണ്ട്‌ പണം സ്വർണ​മോ നാണയ​ങ്ങ​ളോ ആയി മാറ്റി​യെ​ടു​ക്കാ​മാ​യി​രു​ന്നു. എല്ലാവ​രും ഒരേ സമയം പണം ആവശ്യ​പ്പെ​ട്ടാൽ ബാങ്ക്‌ തീർച്ച​യാ​യും പാപ്പരാ​യി​പ്പോ​കു​മാ​യി​രു​ന്നു. ഏറെക്കു​റെ അങ്ങനെ സംഭവിച്ച സാഹച​ര്യ​ങ്ങൾ ഉണ്ടായി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌ 1797-ഓടെ ഫ്രാൻസു​മാ​യി ഉണ്ടായ യുദ്ധം വീണ്ടും രാജ്യത്തെ ആകമാനം പാപ്പരാ​ക്കി. പരി​ഭ്രാ​ന്ത​രായ നിക്ഷേ​പകർ ഒന്നടങ്കം തങ്ങളുടെ നിക്ഷേ​പങ്ങൾ പിൻവ​ലി​ച്ച​പ്പോൾ പണത്തിനു ഞെരു​ക്ക​മ​നു​ഭ​വ​പ്പെട്ടു. കുറഞ്ഞ മൂല്യ​മുള്ള ബാങ്ക്‌നോ​ട്ടു​കൾ ഇറക്കു​ക​യ​ല്ലാ​തെ ബാങ്കിന്‌ ഗത്യന്ത​ര​മി​ല്ലാ​യി​രു​ന്നു. സ്വർണ​ത്തി​നു പകരം ഇറക്കിയ ഈ നോട്ടു​കൾ അടുത്ത 24 വർഷം ഉപയോ​ഗ​ത്തി​ലി​രു​ന്നു. ഈ പ്രതി​സന്ധി കാലത്താണ്‌ ബാങ്കിന്‌ ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി​യെന്ന പേരു കിട്ടി​യത്‌. തിടു​ക്ക​ത്തിൽ തയ്യാറാ​ക്കിയ ഈ ബാങ്ക്‌നോ​ട്ടു​കൾ വ്യാജ​മാ​യി നിർമി​ക്കാൻ വളരെ എളുപ്പ​മാ​യി​രു​ന്നു. എന്നാൽ അന്ന്‌ അതിനുള്ള ശിക്ഷ വളരെ കഠിന​മാ​യി​രു​ന്നു. മുന്നൂ​റി​ല​ധി​കം ആളുക​ളെ​യാണ്‌ കള്ളനോ​ട്ട​ടി​ച്ച​തി​നു തൂക്കി​ക്കൊ​ന്നത്‌.

ബാങ്ക്‌ തലനാ​രി​ഴ​യ്‌ക്കു രക്ഷപ്പെട്ട വേറൊ​രു സംഭവ​വും ഉണ്ടായി​ട്ടുണ്ട്‌. 1780-ൽ ലണ്ടനിൽ കലാപ​കാ​രി​കൾ ബാങ്കി​ലേക്ക്‌ ഇരച്ചു​ക​യ​റാൻ ശ്രമിച്ചു. അതിനു​ശേഷം 1973 വരെ, രാജ്യ​ത്തി​ന്റെ സ്വർണ​നി​ക്ഷേ​പ​ത്തി​ന്റെ സുരക്ഷി​ത​ത്വം ഉറപ്പു​വ​രു​ത്താൻ എല്ലാ രാത്രി​ക​ളി​ലും ഒരു സൈനി​ക​വി​ഭാ​ഗം കെട്ടി​ട​ത്തി​നു ചുറ്റും റോന്തു​ചു​റ്റു​മാ​യി​രു​ന്നു.

19-ാം നൂറ്റാ​ണ്ടിൽ ബ്രിട്ടീഷ്‌ പൗണ്ടും ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടി​ന്റെ ബാങ്ക്‌നോ​ട്ടു​ക​ളും ലോക​ത്തി​ലെ ഏറ്റവും ആശ്രയ​യോ​ഗ്യ​മായ കറൻസി ആയിത്തീർന്നു. എന്നാൽ ഒന്നാം ലോക​മ​ഹാ​യു​ദ്ധം എല്ലാം മാറ്റി​മ​റി​ച്ചു. യുദ്ധത്തി​നു വേണ്ടിവന്ന ഭാരിച്ച ചെലവു​കൾ രാജ്യ​ത്തി​നു സാമ്പത്തി​ക​മാ​യി കനത്ത പ്രഹര​മേൽപ്പി​ച്ചു. അതു​കൊണ്ട്‌ പല നിക്ഷേ​പ​ക​രും തങ്ങളുടെ കൈവ​ശ​മു​ണ്ടാ​യി​രുന്ന ബാങ്ക്‌നോ​ട്ടു​കൾ സ്വർണ​മാ​ക്കി മാറ്റാൻ തിടു​ക്കം​കൂ​ട്ടി, പെട്ടെ​ന്നു​തന്നെ സ്വർണ നാണയങ്ങൾ അപ്രത്യ​ക്ഷ​മാ​യി. സ്വർണ നാണയ​ങ്ങൾക്കു പകരം കുറഞ്ഞ മൂല്യ​മുള്ള ബാങ്ക്‌നോ​ട്ടു​കൾ വീണ്ടും രംഗ​ത്തെത്തി. അനുദിന ഉപയോ​ഗ​ത്തി​നുള്ള സ്വർണ നാണയങ്ങൾ എന്നെ​ന്നേ​ക്കു​മാ​യി തിരോ​ഭ​വി​ച്ചു. 1931-ൽ ബ്രിട്ടൻ സ്വർണാ​ധി​ഷ്‌ഠിത മൂല്യ​നിർണയം പൂർണ​മാ​യും ഒഴിവാ​ക്കി, അതായത്‌ പൗണ്ട്‌ സ്റ്റെർലി​ങ്ങി​ന്റെ മൂല്യം മേലാൽ ഒരു നിശ്ചിത അളവ്‌ സ്വർണ​ത്തോ​ടു ബന്ധപ്പെ​ട്ടി​രി​ക്കു​മാ​യി​രു​ന്നില്ല.

ബാങ്കിന്റെ ചരി​ത്ര​ത്തി​ലു​ട​നീ​ളം അത്‌ സ്വകാര്യ ഉടമസ്ഥ​ത​യി​ലുള്ള ഒരു കമ്പനി​യാ​യി​രു​ന്നു. എന്നാൽ 1946-ൽ അത്‌ ദേശസാ​ത്‌ക​രി​ക്ക​പ്പെട്ടു.

തിര​ക്കോ​ടെ പ്രവർത്തി​ക്കുന്ന മുത്തശ്ശി

ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ട്‌ ഒരു കേന്ദ്ര​ബാങ്ക്‌ ആണ്‌. അത്‌ ഗവൺമെ​ന്റി​ന്റെ ബാങ്ക്‌ ആയി പ്രവർത്തി​ക്കു​ന്ന​തോ​ടൊ​പ്പം സാമ്പത്തിക കാര്യ​ങ്ങ​ളിൽ ഗവൺമെ​ന്റി​നു വേണ്ട ഉപദേ​ശങ്ങൾ നൽകു​ക​യും ഉചിത​മായ പലിശ​നി​ര​ക്കു​കൾ നിശ്ചയി​ച്ചു​കൊണ്ട്‌ നാണയ​ത്തി​ന്റെ മൂല്യം സാധ്യ​മാ​കു​ന്നി​ട​ത്തോ​ളം ഭദ്രമാ​ക്കു​ക​യും ചെയ്യുന്നു. അതിന്റെ മറ്റ്‌ ഇടപാ​ടു​കാർ വാണിജ്യ ബാങ്കു​ക​ളും വിദേശ രാജ്യ​ങ്ങ​ളു​ടെ കേന്ദ്ര​ബാ​ങ്കു​ക​ളും ആണ്‌. അത്‌ ഭൂഗർഭ അറകളിൽ രാജ്യ​ത്തി​ന്റെ സ്വർണ നിക്ഷേപം സുരക്ഷി​ത​മാ​യി കാക്കുന്നു, ലണ്ടനു​പു​റ​ത്തുള്ള മറ്റൊരു സുരക്ഷിത കേന്ദ്ര​ത്തിൽ പുതിയ ബാങ്ക്‌നോ​ട്ടു​ക​ളു​ടെ മുദ്ര​ണ​ത്തി​നു മേൽനോ​ട്ടം വഹിക്കു​ക​യും ചെയ്യുന്നു.

ലോക​ത്തി​ലെ സമയ​മേ​ഖ​ല​ക​ളു​ടെ കേന്ദസ്ഥാ​ന​ത്തി​ന​ടു​ത്തു സ്ഥിതി​ചെ​യ്യുന്ന ലണ്ടൻ നഗരം ഒരിക്ക​ലും ഉറങ്ങു​ന്നില്ല. നഗരാ​ന്തർഭാ​ഗത്ത്‌ ബാങ്ക്‌ ഓഫ്‌ ഇംഗ്ലണ്ടിന്‌ ഒരു നിർണാ​യക സ്ഥാനമുണ്ട്‌. ജാലക​ങ്ങ​ളി​ല്ലാത്ത ആ മതിലി​ന​കത്തു നടക്കുന്ന പ്രവർത്ത​നങ്ങൾ അന്തർദേ​ശീയ സാമ്പത്തിക ചലനങ്ങളെ ബാധി​ക്കു​ന്നു. അതേ, രാജ്യ​ത്തി​ന്റെ സമ്പത്ത്‌ മടിശ്ശീ​ല​യിൽ സൂക്ഷി​ക്കുന്ന “ത്രഡ്‌നീ​ഡിൽ തെരു​വി​ലെ മുത്തശ്ശി” എന്നത്തെ​യും​പോ​ലെ തിരക്കി​ലാണ്‌.

[24-ാം പേജിലെ ചിത്രം]

ബാങ്കിന്റെ ആദ്യത്തെ ചാർട്ടർ, 1694

[24-ാം പേജിലെ ചിത്രം]

എഴുതിത്തയ്യാറാക്കിയ അഞ്ചു പൗണ്ട്‌ നോട്ട്‌, 1793

[24-ാം പേജിലെ ചിത്രം]

ത്രഡ്‌നീഡിൽ തെരു​വിൽ, 1794

[24-ാം പേജിലെ ചിത്രം]

ഒരു പവൻ, 1911

[24-ാം പേജിലെ ചിത്രം]

ജെയിംസ്‌ ഗിൽറേ​യു​ടെ ആദ്യത്തെ കാർട്ടൂൺ ശകലം, 1797

[25-ാം പേജിലെ ചിത്രം]

പത്തു ഷില്ലി​ങ്ങി​ന്റെ നോട്ട്‌, 1928

[25-ാം പേജിലെ ചിത്രം]

1939 മുതൽ ഉപയോ​ഗ​ത്തി​ലുള്ള കെട്ടിടം