വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പൂത്തുലയുന്ന താഴ്‌വര

പൂത്തുലയുന്ന താഴ്‌വര

പൂത്തു​ല​യുന്ന താഴ്‌വര

യൂക്രെയിനിലെ ഉണരുക! ലേഖകൻ

കാർപേ​ത്തി​യൻ പർവത​നി​ര​ക​ളു​ടെ മടിത്ത​ട്ടി​ലെ ഈ കൊച്ചു താഴ്‌വ​ര​യി​ലേക്ക്‌ വസന്തം വിരു​ന്നി​നെ​ത്തു​മ്പോൾ ഫലഭൂ​യി​ഷ്‌ഠ​മായ ഈ പ്രദേ​ശ​മാ​കെ ഒരു പരവതാ​നി​പോ​ലെ ധവളപു​ഷ്‌പങ്ങൾ നിറയു​ക​യാ​യി. ഇവിടം സന്ദർശി​ക്കാൻ ഏറ്റവും പറ്റിയ സമയം വസന്തം വിടവാ​ങ്ങാ​റാ​കു​മ്പോ​ഴാണ്‌. ആൽപൈൻ പുൽമേ​ടു​കളെ തഴുകി​യി​റ​ങ്ങുന്ന സുഗന്ധം അവിട​മാ​കെ പരക്കു​മ്പോൾ ആ സുന്ദര​ഭൂ​മി ഒന്ന്‌ അടുത്തു​കാ​ണാൻ സന്ദർശ​കർക്കു തിടുക്കം.

പ്രകൃ​തി​യു​ടെ കൺമയ​ക്കുന്ന ഈ പുഷ്‌പ​പ്ര​ദർശനം എവി​ടെ​യാണ്‌? നാർസി​സ്സി താഴ്‌വ​ര​യിൽ, പശ്ചിമ യൂ​ക്രെ​യി​നി​ലെ ഖുസ്റ്റിന്‌ അടുത്തുള്ള ഒരു പ്രകൃ​തി​സം​രക്ഷണ കേന്ദ്ര​മാ​ണത്‌. ഈ താഴ്‌വ​ര​യാ​കെ കാട്ടു നാർസി​സ്സി​പ്പൂ​ക്കൾ വിടർന്നു വിലസു​ന്നു. 400-ലധികം ചെടി​വർഗങ്ങൾ ഈ താഴ്‌വ​ര​യിൽ വളരു​ന്നു​ണ്ടെ​ങ്കി​ലും നാർസി​സ്സ​സാണ്‌ ഇവിടത്തെ പുഷ്‌പ​റാ​ണി.

ഈ പൂവിന്റെ പേരു​ത​ന്നെ​യാണ്‌ ഈ സംരക്ഷ​ണ​കേ​ന്ദ്ര​ത്തി​നും. വീതി കുറഞ്ഞ ഇലകളുള്ള നാർസി​സ്സസ്‌ അഥവാ ഡാഫൊ​ഡിൽ എന്നും ഈ പൂവ്‌ അറിയ​പ്പെ​ടു​ന്നു. ശൽക്കക​ന്ദ​ത്തിൽനിന്ന്‌ വളരുന്ന ഈ ചെടിക്ക്‌ വീതി​കു​റഞ്ഞ്‌ നീണ്ട ഇലകളും കാഹളത്തെ അനുസ്‌മ​രി​പ്പി​ക്കുന്ന ഒരു പുഷ്‌പ​മ​കു​ടത്തെ ചുറ്റി വെള്ളയോ മഞ്ഞയോ നിറത്തി​ലുള്ള ദളങ്ങളും ഉണ്ട്‌. ആൽപ്‌സ്‌, ബാൾക്കൻസ്‌ എന്നിവി​ട​ങ്ങ​ളി​ലും ഇവ വ്യാപ​ക​മാ​യി കാണാം.

നാർസി​സ്സി പുഷ്‌പ​ങ്ങളെ നൂറ്റാ​ണ്ടു​ക​ളാ​യി കവിക​ളും സംഗീ​ത​ജ്ഞ​രും പാടി​പ്പു​ക​ഴ്‌ത്തി​യി​രി​ക്കു​ന്നു. ഇതിന്റെ ഒരു ഇനത്തിന്റെ പേരു​തന്നെ നാർസി​സ്സസ്‌ പൊ​യെ​റ്റി​ക്കസ്‌ അഥവാ കവിയു​ടെ നാർസി​സ്സസ്‌ എന്നാണ്‌. എന്നാൽ ഇവയുടെ സൗന്ദര്യ​ത്തിൽ ആകൃഷ്ട​രാ​യി​ട്ടു​ള്ളത്‌ കവികൾ മാത്രമല്ല. ഒരുകാ​ലത്ത്‌ പുരാതന റോമി​ലെ ഭരണാ​ധി​കാ​രി​കൾ, ജയിച്ചു​വ​രുന്ന പടയാ​ളി​കളെ വരവേൽക്കാൻ മഞ്ഞ നാർസി​സ്സി​പ്പൂ​ക്കൾ ഉപയോ​ഗി​ച്ചി​രു​ന്നു. പ്രഷ്യ​യിൽ ഈ പുഷ്‌പം സ്‌നേ​ഹ​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും ചിഹ്നമാ​യി​രു​ന്നു. ഇന്ന്‌, ലോക​മെ​ങ്ങു​മുള്ള ജനസമു​ദാ​യങ്ങൾ വാർഷിക ഉത്സവങ്ങ​ളി​ലും ആഘോ​ഷ​ങ്ങ​ളി​ലും ഈ പൂക്കളു​ടെ മനോ​ഹാ​രി​തയെ പ്രകീർത്തി​ക്കു​ന്നു.

എന്നാൽ ഈ പൂക്കൾക്ക്‌ മനോ​ഹാ​രിത മാത്രമേ ഉള്ളൂ എന്നു കരുതാൻ വരട്ടെ. നാർസി​സ്സസ്‌ എന്ന പേരിന്‌ “മന്ദിപ്പ്‌ ഉണ്ടാകുക” എന്നർഥം വരുന്ന നാർക്കാ​യോ എന്ന ഗ്രീക്ക്‌ പദവു​മാ​യി ബന്ധമുണ്ട്‌. ഇവ ശരിക്കും മന്ദിപ്പ്‌ ഉണ്ടാക്കു​ന്നു​ണ്ടോ? നാർസി​സ്സി താഴ്‌വ​ര​യിൽ ഈ ചെടികൾ പൂത്തു​ല​യുന്ന സമയത്ത്‌ പടരുന്ന സുഗന്ധം സന്ദർശ​കരെ ലഹരി​പി​ടി​പ്പി​ക്കും, തലയ്‌ക്കു പിടി​ച്ച​തു​പോ​ലുള്ള ഒരു നേരിയ മന്ദത അനുഭ​വ​പ്പെ​ടു​ക​പോ​ലും ചെയ്‌തേ​ക്കാം!

മയക്കം​വ​രു​ത്തു​ന്ന സുഗന്ധം നിമിത്തം ഈ പൂക്കൾക്കു ചില ഔഷധ​ഗു​ണ​ങ്ങ​ളു​ണ്ടെന്ന്‌ ചിലർ കരുതി​പ്പോ​ന്നി​ട്ടുണ്ട്‌. കഷണ്ടിക്ക്‌ മരുന്നാ​യി അറബികൾ നാർസി​സ്സസ്‌ എണ്ണ ഉപയോ​ഗി​ച്ചി​രു​ന്നു. ഫ്രഞ്ചു​കാർ ഇതുപ​യോ​ഗിച്ച്‌ ചുഴലി​ദീ​ന​വും ഹിസ്റ്റീ​രി​യ​യും ചികി​ത്സി​ച്ചി​രു​ന്നു. ഇന്ന്‌, നാർസി​സ്സസ്‌ എണ്ണ സുഗന്ധ​ദ്ര​വ്യ​ങ്ങ​ളിൽ ചേർക്കാ​റുണ്ട്‌. സുഗന്ധ​ദ്രവ്യ ചികി​ത്സ​യിൽ ഇതു ശുദ്ധീ​ക​രിച്ച്‌ ഉപയോ​ഗി​ക്കു​ന്നു.

ഇത്‌ സംരക്ഷി​ക്ക​പ്പെ​ടു​മോ?

വീതി​കു​റഞ്ഞ ഇലകളുള്ള നാർസി​സ്സസ്‌ ഉയർന്ന പർവത​നി​ര​ക​ളി​ലെ അന്തേവാ​സി​യാ​യി​ട്ടാണ്‌ കരുത​പ്പെ​ടു​ന്നത്‌. ഈ ചെടി സമു​ദ്ര​നി​ര​പ്പിൽനിന്ന്‌ 1,100 മുതൽ 2,060 വരെ മീറ്റർ ഉയരത്തി​ലുള്ള പ്രദേ​ശ​ങ്ങ​ളി​ലാ​ണു സാധാരണ വളരു​ന്നത്‌. എന്നാൽ നാർസി​സ്സി താഴ്‌വര സ്ഥിതി​ചെ​യ്യു​ന്നത്‌ സമു​ദ്ര​നി​ര​പ്പിൽനി​ന്നു 200 മീറ്റർ ഉയരത്തി​ലാണ്‌. ഈ പ്രത്യേക പൂക്കൾ വിരി​യുന്ന ഏറ്റവും താഴ്‌ന്ന പ്രദേ​ശ​മാ​ണിത്‌.

പ്രകൃ​തി​യി​ലെ ഈ വിസ്‌മ​യത്തെ സംരക്ഷി​ക്കു​ന്ന​തി​നു​വേണ്ടി നാർസി​സ്സി താഴ്‌വ​രയെ 1979-ൽ ഒരു സംരക്ഷണ കേന്ദ്ര​മാ​ക്കി. ഏതാണ്ട്‌ 20 വർഷങ്ങൾക്കു ശേഷം യൂറോ​പ്യൻ കൗൺസിൽ വീതി​കു​റഞ്ഞ ഇലകളുള്ള നാർസി​സ്സ​സി​നെ സംരക്ഷിത ഇനമായി പ്രഖ്യാ​പി​ച്ചു.

പൂക്കാലം കഴിയു​മ്പോൾ താഴ്‌വ​ര​യിൽ പുല്ലു ചെത്തു​ന്നത്‌ ആദ്യ​മൊ​ക്കെ നിരോ​ധി​ച്ചി​രു​ന്നു. ഫലമോ? ഏതാനും വർഷങ്ങൾക്കു​ള്ളിൽ പൂക്കളു​ടെ എണ്ണം കുറഞ്ഞു. എന്തായി​രു​ന്നു കാരണം? അനിയ​ന്ത്രി​ത​മാ​യി വളരുന്ന പുല്ലുകൾ ചെടി​യി​ലെ പൂവി​ടാ​നുള്ള ചെറു​നാ​മ്പു​കളെ മുരടി​പ്പി​ച്ചു കളയു​ന്ന​താ​യി ശാസ്‌ത്രജ്ഞർ മനസ്സി​ലാ​ക്കി. പുല്ലു​ചെത്തു നിരോ​ധനം പിൻവ​ലി​ച്ച​പ്പോൾ താഴ്‌വര വീണ്ടും പഴയപടി പൂത്തു​ലഞ്ഞു. ഇപ്പോൾ ഈ താഴ്‌വര വസന്തകാ​ലത്ത്‌ വശ്യമ​നോ​ഹ​ര​മാണ്‌. മഞ്ഞുകാ​ല​ത്തു​ട​നീ​ളം കന്നുകാ​ലി​കൾക്കുള്ള തീറ്റയും ഇവി​ടെ​നി​ന്നു തരപ്പെ​ടു​ന്നു.

കൺമയ​ക്കു​ന്ന ഈ പുഷ്‌പ​സൗ​ന്ദ​ര്യം, മനോ​ഹ​ര​മാ​യി പൂത്തു​ല​യു​ന്ന​തി​നുള്ള മുഴു ഭൗമഗൃ​ഹ​ത്തി​ന്റെ​യും പ്രാപ്‌തി വിളി​ച്ചോ​തു​ന്നു. വാസ്‌ത​വ​ത്തിൽ, അനേകം ബൈബിൾ വിദ്യാർഥി​കൾ ദൈവ​രാ​ജ്യ​ത്തി​ന്റെ ഭരണത്തിൻ കീഴിൽ ഭൂമി സൗന്ദര്യ​പൂർണ​മാ​കുന്ന കാലത്തി​നാ​യി കാത്തി​രി​ക്കു​ക​യാണ്‌. അന്ന്‌, “മരുഭൂ​മി​യും വരണ്ട നിലവും ആനന്ദി​ക്കും; നിർജ്ജ​ന​പ്ര​ദേശം ഉല്ലസിച്ചു പനിനീർപു​ഷ്‌പം പോലെ പൂക്കും.” (യെശയ്യാ​വു 35:1) അതേ, ആദിയി​ലെ ഏദെൻതോ​ട്ടം​പോ​ലെ ഭൂമി ഒരു പറുദീ​സ​യാ​യി​ത്തീ​രും, അപ്പോൾ നാർസി​സ്സി താഴ്‌വ​ര​യിൽ കാണു​ന്ന​തു​പോ​ലുള്ള പ്രകൃ​തി​സൗ​ന്ദ​ര്യം മുഴു​ഭൂ​മി​യി​ലും ദൃശ്യ​മാ​യി​രി​ക്കും.—ഉല്‌പത്തി 2:8-15.