വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രോഗത്തെ നർമ ബോധത്തോടെ നേരിടാം

രോഗത്തെ നർമ ബോധത്തോടെ നേരിടാം

രോഗത്തെ നർമ ബോധ​ത്തോ​ടെ നേരി​ടാം

സ്‌പെയിനിലെ ഉണരുക! ലേഖകൻ

കോൻചി പ്രസന്ന​വ​തി​യായ ഒരു മധ്യവ​യ​സ്‌ക​യാണ്‌. കാൻസ​റു​മാ​യി അവർ മല്ലിടാൻ തുടങ്ങി​യിട്ട്‌ ഏഴു വർഷമാ​യി. സ്‌തനാർബു​ദം ഉള്ളതായി സ്ഥിരീ​ക​രി​ക്ക​പ്പെ​ട്ട​തിൽപ്പി​ന്നെ, ശരീര​ത്തിൽനി​ന്നു മാരക​മായ ട്യൂമ​റു​കൾ നീക്കം ചെയ്യാൻ ഏഴു തവണ അവർക്ക്‌ ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​യാ​കേ​ണ്ടി​വന്നു. അവർ തന്റെ സാഹച​ര്യ​വു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നത്‌ എങ്ങനെ​യാണ്‌?

“ഡോക്‌ടർമാർ ആ ദുർവാർത്ത എന്നെ ഓരോ തവണ അറിയി​ക്കു​മ്പോ​ഴും, കരയണ​മെന്നു തോന്നി​യാൽ എന്റെ ദുഃഖ​മൊ​ക്കെ ഞാൻ കരഞ്ഞു​തീർക്കും,” അവർ പറയുന്നു. “പിന്നെ ഞാൻ എന്റെ ചര്യയു​മാ​യി മുമ്പോ​ട്ടു​പോ​കാൻ ശ്രമി​ക്കും, എനിക്ക്‌ ആസ്വാ​ദനം തരുന്ന കാര്യ​ങ്ങ​ളിൽ മുഴു​കും—ചൈനീസ്‌ പഠിക്കൽ, ക്രിസ്‌തീയ കൺ​വെൻ​ഷ​നു​ക​ളിൽ സംബന്ധി​ക്കൽ, കുടും​ബ​വും സുഹൃ​ത്തു​ക്ക​ളു​മൊത്ത്‌ യാത്ര​പോ​കൽ എന്നിങ്ങ​നെ​യുള്ള കാര്യ​ങ്ങ​ളിൽ. ‘ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്ന​തി​നാൽ തന്റെ ആയുസ്സി​നോട്‌ ഒരു മുഴം കൂട്ടാൻ ആർക്കു കഴിയും’ എന്ന യേശു​വി​ന്റെ വാക്കുകൾ ഞാൻ എല്ലായ്‌പോ​ഴും ഓർക്കാ​റുണ്ട്‌.—മത്തായി 6:27, NW.

“കൂടാതെ എപ്പോ​ഴും നർമ​ബോ​ധം പുലർത്താ​നും ഞാൻ ശ്രമി​ക്കാ​റുണ്ട്‌,” അവർ കൂട്ടി​ച്ചേർക്കു​ന്നു. “ഞാൻ ഡോക്ടർമാ​രോ​ടു തമാശ പറയും, ചിരി​പ്പി​ക്കുന്ന സിനി​മകൾ കാണും, എല്ലാറ്റി​ലു​മു​പരി സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും ആയി നിരന്തരം സമ്പർക്കം പുലർത്താൻ ശ്രമി​ക്കും. തമാശകൾ പറഞ്ഞ്‌ ചിരി​ക്കാൻ പറ്റിയ സുഹൃ​ത്തു​ക്കൾ ഉണ്ടായി​രി​ക്കു​ന്നത്‌ ഒരു ഒന്നാന്തരം ടോണി​ക്കാണ്‌. ഒരിക്കൽ ശസ്‌ത്ര​ക്രി​യ​യ്‌ക്കു തൊട്ടു​മുമ്പ്‌ സുഹൃ​ത്തു​ക്ക​ളും ബന്ധുക്ക​ളും തലേന്നു രാത്രി നടന്ന രസകര​മായ ഒരു സംഭവ​ത്തെ​പ്പറ്റി എന്നോടു പറഞ്ഞു. ചിരി​ച്ചു​ചി​രിച്ച്‌ ഞാൻ വശം​കെട്ടു, അതു​കൊണ്ട്‌ ഓപ്പ​റേഷൻ തീയേ​റ്റ​റി​ലേക്ക്‌ യാതൊ​രു പിരി​മു​റു​ക്ക​വു​മി​ല്ലാ​തെ​യാ​ണു ഞാൻ പോയത്‌.”

ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്ന​തിന്‌ നർമ​ബോ​ധ​വും ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടു കൂടിയ മനോ​ഭാ​വ​വും സഹായ​ക​മാ​ണെന്ന്‌ കോൻചി​യെ​പ്പോ​ലെ മറ്റു പലരും കണ്ടെത്തി​യി​ട്ടുണ്ട്‌. വേദന​യും രോഗ​വും ആയുള്ള പോരാ​ട്ട​ത്തിൽ നർമ​ബോ​ധ​ത്തി​നുള്ള അമൂല്യ പങ്ക്‌ ആധുനിക വൈദ്യ​ശാ​സ്‌ത്ര​വും തിരി​ച്ച​റി​ഞ്ഞു തുടങ്ങി​യി​ട്ടുണ്ട്‌.

ശരീര​ത്തി​നും മനസ്സി​നും പ്രയോ​ജ​ന​പ്ര​ദം

ഈ ആശയം പുതിയ ഒന്നല്ല. “സന്തുഷ്ട​ഹൃ​ദയം നല്ലോരു ഔഷധ​മാ​കു​ന്നു” എന്ന്‌ 3,000 വർഷം മുമ്പ്‌ ശലോ​മോൻ രാജാവ്‌ എഴുതി. (സദൃശ​വാ​ക്യ​ങ്ങൾ 17:22) സമാന​മാ​യി, 17-ാം നൂറ്റാ​ണ്ടി​ലെ ലോപേ ഡെ വേഗ എന്ന സ്‌പാ​നീഷ്‌ നാടക​കൃത്ത്‌ ഇങ്ങനെ എഴുതി: “നർമ​ബോ​ധം പ്രകട​മാ​ക്കു​ന്ന​പക്ഷം നമുക്ക്‌ കൂടുതൽ ആരോ​ഗ്യ​ത്തോ​ടെ ജീവി​ക്കാൻ സാധി​ക്കു​മെന്നു ഞാൻ കരുതു​ന്നു.” എന്നാൽ സമ്മർദം നിറഞ്ഞ ഇന്നത്തെ ലോക​ത്തിൽ നർമ​ബോ​ധം പ്രകട​മാ​ക്കു​ന്ന​തി​നു പകരം ആളുകൾ അത്‌ തങ്ങളിൽത്തന്നെ അടക്കി​വെ​ക്കു​ന്ന​താ​യാ​ണു കാണു​ന്നത്‌. സാങ്കേ​തി​ക​വി​ദ്യാ​പ​ര​മാ​യി പ്രത്യ​ക്ഷ​ത്തിൽ ഒരു സുവർണ​യു​ഗ​ത്തി​ലാ​ണു നാം ജീവി​ക്കു​ന്ന​തെ​ങ്കി​ലും നർമ​ബോ​ധ​ത്തിന്‌ അപക്ഷയം സംഭവി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആധുനിക സമൂഹ​ത്തിൽ “ഹോമോ സാപ്പി​യൻസി​ന്റെ [മനുഷ്യ​വർഗ​ത്തി​ന്റെ] സ്ഥാനം ഹോമോ ഡിജി​റ്റാ​ലിസ്‌ കയ്യടക്കി​യി​രി​ക്കു​ന്ന​താ​യി” തോന്നു​ന്നു എന്ന്‌ ദി ആർട്ട്‌ ഓഫ്‌ ലാഫ്‌റ്റർ എന്ന കൃതി പറയുന്നു. അതേ, ഡിജിറ്റൽ ഭാഷയും കമ്പ്യൂ​ട്ട​റു​ക​ളും, പൊട്ടി​ച്ചി​രി​ക​ളും പുഞ്ചി​രി​യും ആംഗ്യ​ങ്ങ​ളു​മൊ​ക്കെ അടങ്ങിയ മനുഷ്യ​ഭാ​ഷ​യു​ടെ സ്ഥാനം കയ്യടക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

കൂടുതൽ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ ചിന്തി​ക്കാ​നും പെരു​മാ​റാ​നും നർമ​ബോ​ധം രോഗി​കളെ സഹായി​ക്കു​ന്നു. നർമ​ബോ​ധം “ആശയവി​നി​മയം എളുപ്പ​മാ​ക്കി​ത്തീർക്കു​ക​യും രോഗ​പ്ര​തി​രോ​ധ​ശക്തി മെച്ച​പ്പെ​ടു​ത്തു​ക​യും വേദന​യും ഉത്‌ക​ണ്‌ഠ​യും ലഘൂക​രി​ക്കു​ക​യും ചെയ്യുന്നു, വൈകാ​രിക പിരി​മു​റു​ക്ക​വും പേശി​കൾക്കു​ണ്ടാ​കുന്ന സമ്മർദ​വും കുറയ്‌ക്കു​ന്നു, സർഗവാ​സ​ന​യും പ്രത്യാ​ശ​യും ഉളവാ​ക്കു​ന്നു” എന്ന്‌ കാൻസർ ചികി​ത്സ​യി​ലും പാലി​യേ​റ്റിവ്‌ മെഡി​സി​നി​ലും സ്‌പെ​ഷ്യ​ലി​സ്റ്റായ ഡോ. ഹൈമേ സാൻസ്‌-ഓർട്ടിസ്‌ അടുത്ത​കാ​ലത്ത്‌ എഴുതിയ ഒരു ലേഖന​ത്തിൽ അഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

നർമ​ബോ​ധം—വളരെ മൂല്യ​വ​ത്തായ ഒന്ന്‌

നർമ​ബോ​ധം ഫലപ്ര​ദ​മായ ഒരു ഔഷധം ആയിരി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അത്‌ പ്രതി​കൂല സാഹച​ര്യ​ങ്ങ​ളിൽപ്പോ​ലും കാര്യങ്ങൾ ശുഭാ​പ്‌തി​വി​ശ്വാ​സ​ത്തോ​ടെ കൈകാ​ര്യം ചെയ്യാൻ സഹായി​ക്കുന്ന ഒരു ഗുണമാണ്‌. “നർമര​സ​വും പൊട്ടി​ച്ചി​രി​യും നിത്യ​ജീ​വി​ത​ത്തി​ന്റെ ഭാഗമാ​ക്കു​ന്നെ​ങ്കിൽ നമ്മുടെ പ്രസരി​പ്പു നിലനി​റു​ത്താൻ നമുക്കു കഴിയും, ക്ഷീണവും തളർച്ച​യും കുറയ്‌ക്കാ​നും സ്വാനു​താ​പം ഇല്ലാതാ​ക്കാ​നും സാധി​ക്കും,” സാൻസ്‌-ഓർട്ടിസ്‌ ഉറപ്പു​നൽകു​ന്നു.

സ്വാഭാ​വി​ക​മാ​യും, ചിരി​യു​ണർത്തുന്ന സംഗതി​കൾ വ്യക്തി​ക​ളെ​യും സംസ്‌കാ​ര​ത്തെ​യും ആശ്രയി​ച്ചു വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. “സൗന്ദര്യം കാഴ്‌ച​ക്കാ​രന്റെ കണ്ണുകളെ ആശ്രയി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ നർമരസം നിരീ​ക്ഷ​കന്റെ മനസ്സിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു,” സാൻസ്‌-ഓർട്ടിസ്‌ വിശദീ​ക​രി​ക്കു​ന്നു. എങ്കിലും നമ്മുടെ പശ്ചാത്ത​ല​മോ വിദ്യാ​ഭ്യാ​സ​യോ​ഗ്യ​ത​യോ എന്തായി​രു​ന്നാ​ലും നർമ​ബോ​ധം മിക്ക​പ്പോ​ഴും ആശയവി​നി​മ​യ​ത്തി​നുള്ള ഫലപ്ര​ദ​മായ ഒരു ഉപാധി​യാണ്‌, ഉള്ളിൽ കെട്ടി​നിൽക്കുന്ന ഉത്‌ക​ണ്‌ഠ​യോ പിരി​മു​റു​ക്ക​മോ അരക്ഷി​ത​ബോ​ധ​മോ പുറത്തു​വി​ടു​ന്ന​തി​നുള്ള ഉപയോ​ഗ​പ്ര​ദ​മായ ഒരു മാർഗ​വു​മാണ്‌ അത്‌. നർമ​ബോ​ധം ഇത്ര സഹായ​ക​മായ ഒരു ഗുണം ആയിരി​ക്കുന്ന സ്ഥിതിക്ക്‌ അതു വളർത്തി​യെ​ടു​ക്കാൻ നമുക്ക്‌ എന്തു ചെയ്യാ​നാ​വും?

നമുക്കു സ്വീക​രി​ക്കാൻ കഴിയുന്ന ആദ്യത്തെ പടി നമ്മുടെ പ്രശ്‌ന​ത്തി​ലോ രോഗ​ത്തി​ലോ മാത്രം ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​തെ ഓരോ നിമി​ഷ​ത്തെ​യും ജീവി​ത​ത്തി​ന്റെ നല്ല വശങ്ങൾ ആസ്വദി​ക്കുക എന്നതാണ്‌. കൂടാതെ, നമ്മുടെ ദുരവ​സ്ഥയെ പെരു​പ്പി​ച്ചു​കാ​ട്ടുന്ന വികല​വും യുക്തി​ഹീ​ന​വു​മായ ചിന്തകളെ ആട്ടി​യോ​ടി​ച്ചു​കൊണ്ട്‌ യുക്തി​സ​ഹ​മായ വിധത്തിൽ ചിന്തി​ക്കാ​നും നാം യത്‌നി​ക്കേ​ണ്ട​തുണ്ട്‌. ഇതിനു പുറമേ, വ്യത്യ​സ്‌ത​മായ ഒരു വിധത്തിൽ കാര്യങ്ങൾ വീക്ഷി​ക്കാൻ പഠിച്ചു​കൊ​ണ്ടും നമുക്ക്‌ നർമ​ബോ​ധം വളർത്തി​യെ​ടു​ക്കാൻ കഴിയും. എപ്പോ​ഴും ചിരി​ച്ചു​കൊണ്ട്‌ നടക്കണ​മെന്നല്ല അതിനർഥം, പിന്നെ​യോ സാഹച​ര്യ​ത്തി​ന്റെ രസകര​മായ വശം കാണാൻ ശ്രമി​ക്കുക എന്നാണ്‌. അങ്ങനെ ചെയ്യു​ന്നത്‌ നമ്മെ പൊരു​ത്ത​പ്പെ​ടാൻ സഹായി​ക്കും. “നർമ​ബോ​ധം താത്‌കാ​ലി​ക​മാ​യി​ട്ടാ​ണെ​ങ്കി​ലും നമ്മുടെ ആശങ്കക​ളിൽനിന്ന്‌ നമ്മുടെ ശ്രദ്ധ തിരി​ച്ചു​വി​ടു​ന്നു, പ്രശ്‌നത്തെ പുതി​യൊ​രു തലത്തിൽനി​ന്നു​കൊ​ണ്ടു വീക്ഷി​ക്കാൻ സഹായി​ക്കു​ന്നു . . . അങ്ങനെ പ്രശ്‌നം വിജയ​ക​ര​മാ​യി കൈകാ​ര്യം ചെയ്യാൻ പുതിയ വഴികൾ നമ്മുടെ മുമ്പാകെ തുറക്ക​പ്പെ​ടു​ന്നു,” സാൻസ്‌-ഓർട്ടിസ്‌ പറയുന്നു.

തീർച്ച​യാ​യും, ജീവി​ത​ത്തിൽ നേരി​ടുന്ന എല്ലാ പ്രതി​സ​ന്ധി​കൾക്കും ഉള്ള മരുന്നല്ല നർമ​ബോ​ധം. എന്നിരു​ന്നാ​ലും കൂടുതൽ ക്രിയാ​ത്മ​ക​മാ​യും സന്തുലി​ത​മാ​യും പ്രശ്‌ന​ങ്ങളെ കൈകാ​ര്യം ചെയ്യാൻ അതു മിക്ക​പ്പോ​ഴും നമ്മെ സഹായി​ക്കും. അതി​നെ​ക്കു​റിച്ച്‌ കോൻചി പറയു​ന്നത്‌ ഇപ്രകാ​ര​മാണ്‌: “രോഗം തമാശ​യോ​ടെ കാണാൻ പറ്റിയ ഒരു കാര്യമല്ല. എങ്കിലും നർമ​ബോ​ധം നിലനി​റു​ത്താൻ ശ്രമി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. എന്റെ ജീവി​തത്തെ പലവിധ പച്ചക്കറി​കൾ വിളയുന്ന ഒരു തോട്ട​മാ​യി ഞാൻ സങ്കൽപ്പി​ക്കു​ന്നു, അതിൽ ഒന്ന്‌ എന്റെ രോഗ​മാണ്‌. എങ്കിലും ജീവി​ത​ത്തി​ലെ മറ്റു പ്രവർത്ത​ന​ങ്ങളെ ഞെരു​ക്കി​ക്ക​ള​യാ​തി​രി​ക്ക​ത്ത​ക്ക​വി​ധം അതിനെ അതിന്റെ സ്ഥാനത്തു നിറു​ത്താൻ ഞാൻ ശ്രദ്ധി​ക്കു​ന്നു. ഞാൻ കാൻസ​റി​നെ കീഴട​ക്കി​യെ​ന്നൊ​ന്നും എനിക്കു പറയാ​നാ​വില്ല, എങ്കിലും ഞാൻ ജീവിതം ആസ്വദി​ക്കു​ന്നു. അതു വളരെ പ്രധാ​ന​മാണ്‌.”

[17-ാം പേജിലെ ചിത്രം]

ഭർത്താവ്‌ ഫേലി​ക്‌സിൽനി​ന്നും അനുജത്തി പിലി​യിൽനി​ന്നും കോൻചിക്ക്‌ പ്രോ​ത്സാ​ഹനം ലഭിക്കു​ന്നു