വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

വെള്ള മുതല​കളെ കണ്ടെത്തി

“മുതല​ക​ളു​ടെ വാർഷിക എണ്ണമെ​ടു​പ്പി​നി​ട​യിൽ ഒറീസ്സ​യി​ലെ ബിഥർകാ​നിക്ക നാഷണൽ പാർക്കി​ലെ ഉദ്യോ​ഗസ്ഥർ, വിരള​മാ​യി​മാ​ത്രം കണ്ടുവ​രുന്ന 15 വെള്ള മുതല​കളെ കണ്ടെത്തി” എന്ന്‌ ദ ഹിന്ദു പത്രം റിപ്പോർട്ടു ചെയ്യുന്നു. വെള്ള മുതലകൾ അത്യപൂർവ ജന്തുക്ക​ളാണ്‌, “ലോക​ത്തിൽ മറ്റൊ​രി​ട​ത്തും ഇവയെ കാണാ​നാ​കില്ല.” ഇടതട​വി​ല്ലാത്ത അനധി​കൃത വേട്ടയാ​ടൽ നിമിത്തം ആ പ്രദേ​ശ​ത്തുള്ള ഉപ്പുവെള്ള മുതലകൾ 1970-കളിൽ വംശം അറ്റു​പോ​കാ​റാ​യി​രു​ന്നു. എന്നാൽ ഐക്യ​രാ​ഷ്‌ട്ര പരിപാ​ടി​യു​ടെ സഹായ​ത്തോ​ടെ സംസ്ഥാന ഗവൺമെന്റ്‌ പാർക്കി​നു​ള്ളിൽത്തന്നെ മുതല​കളെ വളർത്താ​നുള്ള പദ്ധതി നടപ്പാക്കി. കണ്ടൽവ​ന​സ​മൃ​ദ്ധി​യും മലിന​മാ​കാത്ത വെള്ളവും സുലഭ​മായ തീറ്റി​യും മുതല​ക​ളു​ടെ പ്രജനനം ഒരു വിജയ​മാ​ക്കി, പോരാ​ത്ത​തിന്‌ മനുഷ്യ​സാ​ന്നി​ധ്യ​വും ഇവിടെ നന്നേ കുറവാ​യി​രു​ന്നു. ദ ഹിന്ദു പറയു​ന്ന​ത​നു​സ​രിച്ച്‌ ഇപ്പോൾ അവിടെ സാധാരണ നിറമു​ള്ള​വ​യും വെള്ള മുതല​ക​ളും കൂടി 1,500 എണ്ണമുണ്ട്‌.

പുകയില, ദാരി​ദ്ര്യം, രോഗം

“പുകവ​ലി​ക്കാ​രു​ടെ മിക്കവാ​റും 84 ശതമാ​ന​വും ദരി​ദ്ര​രാ​ഷ്‌ട്ര​ങ്ങ​ളി​ലാ​ണു ജീവി​ക്കു​ന്ന​തെന്ന്‌ ലോകാ​രോ​ഗ്യ സംഘടന മുന്നറി​യി​പ്പു നൽകുന്നു. ഇവിടെ പുകയി​ല​യും ദാരി​ദ്ര്യ​വും ചേർന്ന്‌ ഒരു വിഷമ​വൃ​ത്തം സൃഷ്ടി​ച്ചി​രി​ക്കു​ക​യാണ്‌,” സ്‌പാ​നീഷ്‌ പത്രമായ ഡിയാ​ര്യോ മെഡി​ക്കോ പറയുന്നു. കൂടാതെ, എല്ലാ രാജ്യ​ത്തും “ഏറ്റവും കൂടുതൽ പുകവ​ലി​ക്കു​ന്ന​വ​രും അതി​നോ​ട​നു​ബ​ന്ധിച്ച്‌ ഏറ്റവും കൂടുതൽ പ്രശ്‌നം നേരി​ടു​ന്ന​വ​രും അവിടത്തെ പരമദ​രി​ദ്ര​രായ ജനവി​ഭാ​ഗ​മാണ്‌.” മിക്ക വികസിത രാജ്യ​ങ്ങ​ളി​ലും പുകയി​ല​യു​ടെ ഉപയോ​ഗം കുറഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ലോക​വ്യാ​പ​ക​മാ​യി നോക്കി​യാൽ “രോഗ​കാ​ര​ണ​മാ​യി എടുത്തു​കാ​ട്ടാ​വുന്ന ഏറ്റവും പ്രധാ​ന​പ്പെട്ട നാലാ​മത്തെ ഘടകം” ഇതിന്റെ ഉപയോ​ഗ​മാ​ണെന്നു പത്രം റിപ്പോർട്ടു ചെയ്യുന്നു. സ്‌പെ​യി​നിൽ, വർഷം​തോ​റും പുകയി​ല​യിൽ എരിഞ്ഞ​ട​ങ്ങു​ന്ന​വ​രു​ടെ എണ്ണം 60,000-ത്തിൽ എത്തിയി​രി​ക്കു​ന്നു. ഇവിടെ, “രോഗം, വൈക​ല്യം, ഒഴിവാ​ക്കാ​നാ​കുന്ന മരണം എന്നിവ​യു​ടെ മുഖ്യ​കാ​ര​ണ​മാ​യി” മാറി​യി​രി​ക്കു​ക​യാണ്‌ പുകവലി.

രാപ്പാ​ടി​ക​ളു​ടെ പാട്ടും റോഡി​ലെ ഇരമ്പലും

ചുറ്റു​പാ​ടു​മുള്ള “ശബ്ദകോ​ലാ​ഹ​ലങ്ങൾ വർധി​ക്കു​മ്പോൾ രാപ്പാ​ടി​കൾ ഒച്ചകൂട്ടി പാടുന്നു” എന്ന്‌ ജർമൻ പത്രമായ ബെർലീ​നർ റ്റ്‌​സൈ​റ്റുങ്‌ പറയുന്നു. ബെർലി​നി​ലെ ഫ്രീ യൂണി​വേ​ഴ്‌സി​റ്റി​യു​ടെ ബയോ​ളജി ഇൻസ്റ്റി​റ്റ്യൂ​ട്ടി​ലുള്ള ഹെൻറിക്ക്‌ ബ്രും നടത്തിയ ഒരു പഠനത്തിൽ, സ്വന്തം പ്രദേ​ശ​പ​രി​ധി നിർണ​യി​ക്കാ​നും പെൺപ​ക്ഷി​യെ ആകർഷി​ക്കാ​നും ഒരു ആൺപക്ഷി പാടുന്ന പാട്ടിന്റെ ശബ്ദത്തിൽ ചുറ്റു​പാ​ടു​മുള്ള ശബ്ദത്തിന്റെ ഏറ്റക്കു​റ​ച്ചി​ല​നു​സ​രിച്ച്‌ 14 ഡെസി​ബെ​ല്ലി​ന്റെ വ്യത്യാ​സം വരാറു​ണ്ടെന്നു കണ്ടെത്തി. “ഇത്‌ ഒരു വലിയ വർധന​യാ​യി തോന്നു​ന്നില്ല,” ബ്രും പറയുന്നു. “എന്നാൽ ഇത്‌ [പക്ഷിയിൽ] അഞ്ച്‌ ഇരട്ടി ശബ്ദമർദം ഉണ്ടാക്കു​ന്നു. അതായത്‌, പക്ഷിയു​ടെ ശ്വാസ​കോ​ശ​ങ്ങ​ളി​ലെ മർദം അഞ്ച്‌ ഇരട്ടി​യാ​യി വർധി​പ്പി​ച്ചി​രി​ക്കണം എന്നർഥം.” ശാന്തമായ പ്രദേ​ശ​ങ്ങ​ളിൽ പക്ഷിപ്പാട്ട്‌ 75 ഡെസി​ബെൽ ആണെന്ന്‌ കണക്കാ​ക്കി​യി​ട്ടുണ്ട്‌. എന്നാൽ വാഹന​ങ്ങ​ളു​ടെ ഇരമ്പൽ അതിതീ​വ്ര​മായ സ്ഥലങ്ങളിൽ പക്ഷികൾ 89 ഡെസി​ബെൽ ശബ്ദത്തിൽ പാടുന്നു. “ഓരോ ദിവസ​ത്തെ​യും ചുറ്റു​പാ​ടു​ക​ളോട്‌ പക്ഷികൾ ഇഴുകി​ച്ചേ​രു​ന്നു എന്നതാണ്‌ ഗവേഷ​കരെ വിശേ​ഷാൽ അതിശ​യി​പ്പി​ച്ചത്‌. വാരാ​ന്ത​ങ്ങ​ളിൽ വാഹന​ഗ​താ​ഗതം ഇല്ലാത്ത​പ്പോൾ പക്ഷികൾ മധ്യവാര ദിവസ​ങ്ങ​ളി​ലേ​തി​നെ​ക്കാൾ മൃദു​വാ​യി പാടുന്നു,” പത്രം പറയുന്നു.

പോളീഷ്‌ സ്‌കൂ​ളു​ക​ളി​ലെ കുറ്റകൃ​ത്യ​ങ്ങൾ

2003-ൽ “[പോള​ണ്ടി​ലെ] സ്‌കൂ​ളു​ക​ളിൽ ഇരുപ​തി​നാ​യി​രം കവർച്ചകൾ നടന്നു” എന്ന്‌ പോളീഷ്‌ ജേർണൽ സ്വി​യെർചാ​ഡ്‌വോ റിപ്പോർട്ടു ചെയ്യുന്നു. “[പോള​ണ്ടി​ലെ] സ്‌കൂൾ കുട്ടി​ക​ളിൽ 80 ശതമാനം പേർക്കും തങ്ങളുടെ സ്‌കൂൾ ഇഷ്ടമല്ല. അവർക്ക്‌ ഏകാന്തത അനുഭ​വ​പ്പെ​ടു​ന്ന​തും അധ്യാ​പ​ക​രോ​ടും വിദ്യാർഥി​ക​ളോ​ടും ഒത്തു​പോ​കാൻ കഴിയാ​ത്ത​തു​മാ​ണു കാരണം,” പത്രം കൂട്ടി​ച്ചേർക്കു​ന്നു. എന്തു​കൊ​ണ്ടാണ്‌ ഇത്രയ​ധി​കം പ്രശ്‌നങ്ങൾ? “സ്‌കൂ​ളു​കൾ പുറം​ലോക സ്വാധീ​ന​ത്തിൽനി​ന്നു മുക്തമല്ല. സമൂഹ​ത്തിൽ നടക്കുന്ന കാര്യ​ങ്ങ​ളു​ടെ പ്രതി​ഫ​ല​ന​മാണ്‌ അവ,” മാനസി​കാ​രോ​ഗ്യ പ്രവർത്ത​ക​നായ വോൾചെക്ക്‌ ഐക്കൽബർഗർ പറയുന്നു. “നാംത​ന്നെ​യാണ്‌ പെരു​മാ​റ്റ​ച്ച​ട്ട​ങ്ങ​ളും മൂല്യ​ങ്ങ​ളും എല്ലാം സൃഷ്ടി​ക്കു​ന്നത്‌, സ്‌കൂ​ളു​കൾ അവയാൽ സ്വാധീ​നി​ക്ക​പ്പെ​ടു​ന്നു.” പ്രശ്‌നത്തെ നേരി​ട​ണ​മെ​ങ്കിൽ മാതാ​പി​താ​ക്കൾ കുട്ടി​ക​ളോ​ടൊ​ത്തു സമയം ചെലവ​ഴി​ക്കണം, കുട്ടികൾ തങ്ങൾക്ക്‌ എത്ര വേണ്ട​പ്പെ​ട്ട​വ​രാ​ണെന്ന്‌ അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കണം എന്ന്‌ ഐക്കൽബർഗർ ശുപാർശ​ചെ​യ്യു​ന്നു.

ആകാര​ത്തെ​ക്കു​റി​ച്ചുള്ള ആകുലത

“യുവജ​നങ്ങൾ, പ്രത്യേ​കിച്ച്‌ പെൺകു​ട്ടി​കൾ തങ്ങളുടെ ആകാര​ത്തെ​ക്കു​റിച്ച്‌ വല്ലാതെ ആകുല​രാ​കു​ന്നു, അതും തീരെ ചെറു​പ്പ​ത്തിൽത്തന്നെ. ഇത്‌ ഗുരു​ത​ര​മായ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളി​ലേക്കു നയിക്കും,” കാനഡ​യു​ടെ ഗ്ലോബ്‌ ആൻഡ്‌ മെയിൽ പത്രം പറയുന്നു. 10 വയസ്സു​മു​തൽ 14 വയസ്സു​വ​രെ​യുള്ള പെൺകു​ട്ടി​ക​ളോട്‌ അവരുടെ ഭക്ഷണകാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചോദി​ക്കു​ക​യു​ണ്ടാ​യി, 2,200-ലധികം​പേർ പ്രതി​ക​രി​ച്ചു. “ഈ പെൺകു​ട്ടി​ക​ളിൽ ഏഴു ശതമാ​ന​ത്തിൽ കുറവു പേർക്കു മാത്രമേ വാസ്‌ത​വ​ത്തിൽ തൂക്കക്കൂ​ടു​തൽ ഉണ്ടായി​രു​ന്നു​ള്ളൂ. 31 ശതമാ​ന​ത്തി​ല​ധി​കം പേരും തങ്ങൾ ‘അമിത​വണ്ണം ഉള്ളവരാ​ണെന്ന്‌’ സ്വയം വിശേ​ഷി​പ്പി​ക്കു​ക​യാ​യി​രു​ന്നു. [തൂക്കം കുറയ്‌ക്കാ​നാ​യി] ഡയറ്റിങ്‌ നടത്തു​ന്നു​ണ്ടെന്ന്‌ 29 ശതമാനം പേർ പറയു​ക​യു​ണ്ടാ​യി,” ഗ്ലോബ്‌ റിപ്പോർട്ടു ചെയ്യുന്നു. ആരോ​ഗ്യ​മുള്ള പെൺകു​ട്ടി​കൾ തൂക്കം കുറയ്‌ക്കാൻ താത്‌പ​ര്യ​പ്പെ​ടു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? പത്രം അഭി​പ്രാ​യ​പ്പെ​ടു​ന്ന​ത​നു​സ​രിച്ച്‌, അധിക​പ​ങ്കും കുറ്റം​ചു​മ​ത്തേ​ണ്ടത്‌ മുതിർന്ന റോൾ മോഡ​ലു​ക​ളെ​യാണ്‌. അവർ സ്ഥിരമാ​യി ഡയറ്റിങ്‌ നടത്തു​ക​യും തൂക്കക്കൂ​ടു​ത​ലു​ള്ള​വരെ പരിഹ​സി​ക്കു​ക​യും ചെയ്യുന്നു. “കൗമാ​ര​ങ്ങ​ളു​ടെ പെരു​മാ​റ്റ​രീ​തി​കളെ സ്വാധീ​നി​ക്കു​ന്ന​തിൽ മാധ്യ​മ​ങ്ങൾക്കും ഒരു വലിയ പങ്കുണ്ട്‌. വല്ലാതെ മെലി​ഞ്ഞി​രി​ക്കുന്ന മോഡ​ലു​ക​ളെ​യാണ്‌ മാധ്യ​മങ്ങൾ പതിവാ​യി അവതരി​പ്പി​ക്കു​ന്നത്‌,” ഗ്ലോബ്‌ പറയുന്നു. രോഗി​ക​ളായ കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള ടൊറ​ന്റോ ആശുപ​ത്രി​യി​ലെ ഒരു ഗവേഷണ ശാസ്‌ത്ര​ജ്ഞ​യായ ഡോ. ഗെയിൽ മക്‌വെ പറയു​ന്നത്‌, കുട്ടി​ക​ളും മാതാ​പി​താ​ക്ക​ളും അധ്യാ​പ​ക​രും തിരി​ച്ച​റി​യേണ്ട ഒരു കാര്യ​മുണ്ട്‌: “തൂക്കം കൂടു​ന്നത്‌ സാധാ​ര​ണ​മാണ്‌. കൗമാ​ര​ത്തി​ലേ​ക്കുള്ള കാൽവെ​പ്പിൽ അത്‌ അനിവാ​ര്യ​മാണ്‌.”

“ബുദ്ധി​കൂർമ” നിലനി​റു​ത്തൽ

“രണ്ടു ഭാഷ സംസാ​രി​ക്കാ​നുള്ള പ്രാപ്‌തി പ്രായം​ചെ​ല്ലു​മ്പോൾ ‘ബുദ്ധി​കൂർമ’ നഷ്ടമാ​കാ​തി​രി​ക്കാൻ സഹായി​ക്കു​ന്നു” എന്ന്‌ ടൊറ​ന്റോ സ്റ്റാർ പത്രം പറയുന്നു. യോർക്ക്‌ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ മനശ്ശാ​സ്‌ത്ര​ജ്ഞ​നായ എല്ലെൻ ബ്യാലി​സ്റ്റോക്ക്‌ നിരവധി മുതിർന്ന വ്യക്തി​ക​ളു​ടെ ഗ്രഹണ​പ്രാ​പ്‌തി​കൾ പരീക്ഷി​ക്കു​ക​യു​ണ്ടാ​യി. 30 മുതൽ 59 വരെ പ്രായ​ത്തി​ലുള്ള 104 പേരെ​യും 60 മുതൽ 88 വരെ പ്രായ​ത്തി​ലുള്ള 50 ആളുക​ളെ​യും ആയിരു​ന്നു പരീക്ഷ​ണ​വി​ധേ​യ​മാ​ക്കി​യത്‌. ഇവരെ​ല്ലാം വിദ്യാ​ഭ്യാ​സ​പ​ര​മാ​യും വരുമാ​ന​ത്തി​ന്റെ കാര്യ​ത്തി​ലും ഒരേ തട്ടിൽ ഉള്ളവരാ​യി​രു​ന്നു. ഓരോ ഗ്രൂപ്പി​ലെ​യും പകുതി​പ്പേർ രണ്ടു ഭാഷ സംസാ​രി​ക്കാൻ അറിയാ​വു​ന്നവർ ആയിരു​ന്നു. ഓരോ​രു​ത്ത​രോ​ടും ലളിത​മായ ഒരു സംഗതി ചെയ്യാൻ ആവശ്യ​പ്പെട്ടു. അവർക്ക്‌ അതു ചെയ്യാൻ പരസ്‌പര വിരു​ദ്ധ​മായ രണ്ടു വിധങ്ങ​ളും നൽകി. എന്നിട്ട്‌ അവർ അതി​നോ​ടു പ്രതി​ക​രിച്ച സമയം രേഖ​പ്പെ​ടു​ത്തി. “രണ്ടു ഭാഷ സംസാ​രി​ക്കു​ന്നവർ ഒരു ഭാഷ മാത്രം അറിയാ​വു​ന്ന​വ​രെ​ക്കാൾ വേഗത്തിൽ പ്രതി​ക​രി​ച്ചു” എന്ന്‌ പത്രം പറയുന്നു. ബ്യാലി​സ്റ്റോ​ക്കി​ന്റെ അഭി​പ്രാ​യ​ത്തിൽ, രണ്ടു ഭാഷ അറിയാ​വുന്ന ആളുകൾക്ക്‌ എല്ലായ്‌പോ​ഴും ആ രണ്ടു ഭാഷയി​ലേ​തെ​ങ്കി​ലും സംസാ​രി​ക്കേണ്ടി വരുന്ന​തി​നാൽ മറുപ​ടി​യാ​യി ഏതു ഭാഷ സംസാ​രി​ക്കണം എന്നുള്ള കാര്യ​ത്തിൽ അവരുടെ മസ്‌തി​ഷ്‌ക​ത്തിന്‌ ശരിയായ തീരു​മാ​നം എടു​ക്കേ​ണ്ട​തുണ്ട്‌. “ഈ മാനസിക വ്യായാ​മം, പ്രായം ചെല്ലു​മ്പോൾ സ്വതവേ കുറഞ്ഞു​വ​രാ​റുള്ള മാനസിക പ്രാപ്‌തി​കളെ ഉത്തേജി​പ്പി​ച്ചു​കൊണ്ട്‌ മസ്‌തി​ഷ്‌കത്തെ സംരക്ഷി​ക്കു​ന്നു.”

വരുമാന നഷ്ടം ഭയന്ന്‌ ഗർഭച്ഛി​ദ്രം

പലരും വിചാ​രി​ക്കു​ന്ന​തി​നു വിപരീ​ത​മാ​യി, “ഓസ്‌​ട്രേ​ലി​യ​യിൽ, മധ്യവർഗ-സാമ്പത്തിക ശ്രേണി​യി​ലുള്ള വിവാ​ഹി​ത​രായ [സ്‌ത്രീ​ക​ളാണ്‌] വ്യത്യസ്‌ത ലൈം​ഗി​ക​പ​ങ്കാ​ളി​ക​ളുള്ള കുമാ​രി​മാ​രെ​ക്കാൾ കൂടുതൽ ഗർഭച്ഛി​ദ്രം നടത്തു​ന്നത്‌” എന്ന്‌ സിഡ്‌നി മോർണിങ്‌ ഹെരാൾഡ്‌ വർത്തമാ​ന​പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. ഭർത്താ​ക്ക​ന്മാർ ദിവസം മുഴു​വ​നും ജോലി​ചെ​യ്യു​ന്നു, അവരുടെ ഭാര്യ​മാർ അംശകാല ജോലി​യും ചെയ്യുന്നു. അതിനാൽ പലരു​ടെ​യും കാര്യ​ത്തിൽ, കുട്ടികൾ വേണ്ട എന്നു തീരു​മാ​ന​ത്തി​ന്റെ പിന്നി​ലു​ള്ളത്‌ മുഖ്യ​മാ​യും സാമ്പത്തിക കാരണ​ങ്ങ​ളാണ്‌. “മാതൃ​ത്വം ഒരു സ്‌ത്രീ​യു​ടെ ഉദ്യോ​ഗ​ത്തെ​യും വരുമാ​ന​ത്തെ​യും സാരമാ​യി ബാധി​ക്കു​ന്നു,” ഓസ്‌​ട്രേ​ലി​യൻ നാഷണൽ യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ജനസം​ഖ്യാ പ്രൊ​ഫ​സ​റായ പീറ്റർ മക്‌ഡൊ​ണാൾഡ്‌ പറയുന്നു. “കുട്ടി​ക​ളി​ല്ലാത്ത [സ്‌ത്രീ​ക​ളു​ടെ] സമ്പാദ്യം വളരെ ഉയർന്ന​താ​യി​രി​ക്കും. എന്നാൽ കുട്ടി​യു​ണ്ടെ​ങ്കിൽ അതു നന്നേ കുറഞ്ഞു​പോ​കും.” ഹെരാൾഡ്‌ പത്രം അനുസ​രിച്ച്‌ ഓസ്‌​ട്രേ​ലി​യ​യിൽ മൂന്നിൽ ഒന്ന്‌ എന്ന കണക്കിൽ ഗർഭച്ഛി​ദ്രം നടക്കുന്നു.