വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അക്ഷരങ്ങളിൽനിന്ന്‌ അഭ്രപാളിയിലേക്ക്‌

അക്ഷരങ്ങളിൽനിന്ന്‌ അഭ്രപാളിയിലേക്ക്‌

അക്ഷരങ്ങ​ളിൽനിന്ന്‌ അഭ്രപാ​ളി​യി​ലേക്ക്‌

കഴിഞ്ഞ ഏതാനും ദശകങ്ങ​ളാ​യി ഹോളി​വുഡ്‌ ഒന്നിനു പുറകേ ഒന്നായി അനേകം ബ്ലോക്ക്‌ബ​സ്റ്റ​റു​കൾ പുറത്തി​റ​ക്കി​യി​ട്ടുണ്ട്‌. ഇത്‌ ആഗോ​ള​ത​ല​ത്തിൽത്തന്നെ ചലനങ്ങൾ സൃഷ്ടി​ച്ചി​ട്ടു​ണ്ടെന്നു പറയാം. കാരണം പല അമേരി​ക്കൻ ചലച്ചി​ത്ര​ങ്ങ​ളും ഐക്യ​നാ​ടു​ക​ളിൽ റിലീ​സാ​യി വെറും ആഴ്‌ച​കൾക്കകം—ചില​പ്പോൾ ദിവസ​ങ്ങൾക്ക​കം​തന്നെ—വിദേശ സിനി​മാ​ശാ​ല​ക​ളിൽ പ്രദർശ​ന​ത്തി​നെ​ത്തു​ന്നു. ചില സിനി​മ​ക​ളാ​ണെ​ങ്കിൽ അന്നുതന്നെ ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളി​ലുള്ള തീയേ​റ്റ​റു​ക​ളിൽ റിലീ​സായ സന്ദർഭ​ങ്ങ​ളും ഉണ്ടായി​ട്ടുണ്ട്‌. വാർണർ ബ്രദേ​ഴ്‌സ്‌ പിക്‌ചേ​ഴ്‌സ്‌ എന്ന വിതരണ കമ്പനി​യു​ടെ പ്രസി​ഡന്റ്‌ ഡാൻ ഫെൽമാൻ പറയുന്നു: “അന്താരാ​ഷ്‌ട്ര ചലച്ചിത്ര വിപണി വളർന്നു​കൊ​ണ്ടി​രി​ക്കുന്ന, ആവേശ​മു​ണർത്തുന്ന ഒരു മണ്ഡലമാണ്‌. അതു​കൊണ്ട്‌ ചലച്ചി​ത്രങ്ങൾ നിർമി​ക്കു​മ്പോൾ ഞങ്ങൾ അവയെ ആഗോ​ള​ത​ല​ത്തിൽ വാണി​ജ്യ​നേട്ടം ഉണ്ടാക്കി​ത്ത​രാൻപോന്ന സംരം​ഭ​ങ്ങ​ളാ​യി​ട്ടാ​ണു വീക്ഷി​ക്കു​ന്നത്‌.” ഹോളി​വു​ഡിൽ സംഭവി​ക്കുന്ന കാര്യങ്ങൾ ഇന്നു വിശേ​ഷി​ച്ചും, ആഗോള വിനോ​ദ​വ്യ​വ​സാ​യത്തെ ബാധി​ക്കു​ന്നുണ്ട്‌ എന്നു പറയാൻ കഴിയും. *

എന്നിരു​ന്നാ​ലും ഒരു സിനി​മ​യിൽനി​ന്നു ലാഭം ഉണ്ടാക്കു​ന്നത്‌ വിചാ​രി​ക്കു​ന്നത്ര എളുപ്പമല്ല. പല ഹോളി​വുഡ്‌ സിനി​മ​ക​ളു​ടെ​യും കാര്യ​ത്തിൽ നിർമാണ, വിപണന ചെലവ്‌ നികത്താൻതന്നെ 450 കോടി രൂപയി​ല​ധി​കം വേണ്ടി​വ​രും. ഇനി, സിനിമ വിജയി​ക്കു​മോ എന്നതു പൂർണ​മാ​യും പൊതു​ജ​നത്തെ ആശ്രയി​ച്ചി​രി​ക്കു​ന്നു. അവരുടെ പ്രതി​ക​ര​ണ​മൊ​ട്ടു പ്രവചി​ക്കുക സാധ്യ​മ​ല്ല​താ​നും. “ഒരു പ്രത്യേക സമയത്ത്‌ ജനത്തെ ഹരം​കൊ​ള്ളി​ക്കുന്ന, അവരുടെ അനുഭ​വ​ത​ല​ങ്ങ​ളിൽ കുളി​രു​കോ​രി​യി​ടുന്ന ചിത്രങ്ങൾ ഏതൊ​ക്കെ​യാ​യി​രി​ക്കു​മെന്ന്‌ ഒരിക്ക​ലും അറിയാൻ പറ്റില്ല,” എമോറി യൂണി​വേ​ഴ്‌സി​റ്റി​യി​ലെ ചലച്ചി​ത്ര​പഠന വിഭാ​ഗ​ത്തി​ലെ പ്രൊ​ഫസർ ഡേവിഡ്‌ കുക്ക്‌ പറയുന്നു. അങ്ങനെ​യെ​ങ്കിൽ സിനി​മാ​നിർമാ​താ​ക്കൾ ഒരു ചലച്ചി​ത്ര​ത്തി​ന്റെ വിജയ​സാ​ധ്യത വർധി​പ്പി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഉത്തരം കണ്ടെത്താൻ, സിനി​മാ​നിർമാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന ഏതാനും അടിസ്ഥാന കാര്യങ്ങൾ നാം ആദ്യം മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. *

ഷൂട്ടി​ങ്ങി​നു മുമ്പുള്ള ഘട്ടം—സിനി​മാ​നിർമാ​ണ​ത്തി​ന്റെ അടിസ്ഥാ​നം

സാധാ​ര​ണ​ഗ​തി​യിൽ, സിനി​മാ​നിർമാ​ണ​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെ​ട്ട​തും ദൈർഘ്യ​മേ​റി​യ​തു​മായ ഘട്ടമാ​ണിത്‌. ഏതൊരു വലിയ പദ്ധതി​യു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ നല്ല തയ്യാ​റെ​ടു​പ്പാണ്‌ ഇതി​ന്റെ​യും വിജയ​ര​ഹ​സ്യം. ഈ ഘട്ടത്തിൽ ചെലവ​ഴി​ക്ക​പ്പെ​ടുന്ന ഓരോ നാണയ​ത്തു​ട്ടും ഷൂട്ടി​ങ്ങി​ന്റെ സമയത്ത്‌ അതിന്റെ പല മടങ്ങ്‌ മിച്ചം​പി​ടി​ക്കാൻ സഹായി​ക്കു​മെന്നു കരുത​പ്പെ​ടു​ന്നു.

സിനി​മ​യ്‌ക്കു പറ്റിയ ഒരു കഥയാണ്‌ ആദ്യം വേണ്ടത്‌, അത്‌ സാങ്കൽപ്പി​ക​മോ യഥാർഥ ജീവി​ത​സം​ഭ​വ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ള​തോ ആകാം. പിന്നീട്‌ ഒരു രചയി​താവ്‌ അതിനെ തിരക്ക​ഥ​യു​ടെ രൂപത്തി​ലാ​ക്കു​ന്നു. തിരക്കഥ നിരവധി തവണ മാറ്റങ്ങൾക്കു വിധേ​യ​മാ​യേ​ക്കാം. ഇങ്ങനെ, ആവശ്യ​മായ മാറ്റങ്ങ​ളെ​ല്ലാം വരുത്തിയ തിരക്ക​ഥ​യു​ടെ അവസാ​ന​രൂ​പത്തെ ഷൂട്ടിങ്‌ സ്‌ക്രി​പ്‌റ്റ്‌ എന്നാണു വിളി​ക്കു​ന്നത്‌. സിനി​മ​യി​ലെ ഡയലോ​ഗു​കൾക്കു പുറമേ, കഥാപാ​ത്രങ്ങൾ എങ്ങനെ അഭിന​യി​ക്കണം എന്നതി​നെ​ക്കു​റി​ച്ചുള്ള ഹ്രസ്വ​മായ വിവര​ണ​വും ഈ സ്‌ക്രി​പ്‌റ്റി​ലു​ണ്ടാ​കും. കൂടാതെ ക്യാമറ വെക്കേണ്ട ഇടം, അതിന്റെ ആംഗിൾ, രംഗമാ​റ്റം തുടങ്ങിയ സാങ്കേ​തിക വിശദാം​ശങ്ങൾ സംബന്ധിച്ച നിർദേ​ശ​ങ്ങ​ളും അതു പ്രദാനം ചെയ്യും.

ഒരു തിരക്കഥ അത്‌ എഴുതി​യു​ണ്ടാ​ക്കിയ ആദ്യഘ​ട്ട​ത്തി​ലാണ്‌ നിർമാ​താ​വി​നു വിൽക്ക​പ്പെ​ടു​ന്നത്‌. * ഒരു നിർമാ​താ​വിന്‌ ഏതുതരം തിരക്ക​ഥ​യോ​ടാ​യി​രി​ക്കും താത്‌പ​ര്യം? ഒരു സാധാരണ വേനൽക്കാല ചലച്ചി​ത്രം, “പോപ്‌കോൺ ക്രൗഡ്‌” എന്ന്‌ ഒരു സിനി​മാ​നി​രൂ​പകൻ വിശേ​ഷി​പ്പി​ക്കുന്ന കൗമാ​ര​പ്രാ​യ​ക്കാ​രു​ടെ​യും യുവാ​ക്ക​ളു​ടെ​യും കൂട്ടത്തെ മനസ്സിൽ കണ്ടു​കൊ​ണ്ടു​ള്ളത്‌ ആയിരി​ക്കും. അതു​കൊണ്ട്‌ യുവജ​ന​ങ്ങളെ ആകർഷി​ക്കുന്ന ഒരു തിരക്ക​ഥ​യോ​ടാ​യി​രി​ക്കാം നിർമാ​താ​വിന്‌ ആഭിമു​ഖ്യം.

പ്രായ​ഭേ​ദ​മെ​ന്യേ ഏവരും പ്രിയ​പ്പെ​ടുന്ന ഒരു തിരക്ക​ഥ​യാ​യി​രി​ക്കും അതിലും മെച്ചം. ഉദാഹ​ര​ണ​ത്തിന്‌, കോമിക്‌ പുസ്‌ത​ക​ങ്ങ​ളി​ലെ ഒരു സൂപ്പർഹീ​റോ​യെ​ക്കു​റി​ച്ചുള്ള ഒരു സിനിമ ആ കഥാപാ​ത്രത്തെ പരിച​യ​മുള്ള കൊച്ചു​കു​ട്ടി​കളെ തീർച്ച​യാ​യും ആകർഷി​ക്കും. അവരുടെ മാതാ​പി​താ​ക്ക​ളും അവരോ​ടൊ​പ്പം ആ സിനിമ കാണാൻ പോകും. എന്നാൽ സിനി​മാ​നിർമാ​താ​ക്കൾ കൗമാ​ര​ക്കാ​രെ​യും യുവാ​ക്ക​ളെ​യും ആകർഷി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? “ഉള്ളടക്ക​ത്തിന്‌ മൂർച്ച വരുത്തുക” എന്നതാണ്‌ പ്രധാന ഘടകം എന്ന്‌ ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ മാഗസി​നിൽ ലൈസ മുൺഡി എഴുതു​ന്നു. അസഭ്യ​ഭാ​ഷ​യും കടുത്ത അക്രമ​രം​ഗ​ങ്ങ​ളും ധാരാളം രതിരം​ഗ​ങ്ങ​ളു​മൊ​ക്കെ കുത്തി​നി​റ​ച്ചു​ക​ഴി​യു​മ്പോൾ സിനിമ “എല്ലാത്ത​ര​ക്കാ​രെ​യും ആകർഷി​ക്കും, അങ്ങനെ അത്‌ വാണി​ജ്യ​വി​ജയം കൊയ്യു​ക​യും ചെയ്യും.”

ഒരു തിരക്കഥ നല്ല വിജയ​സാ​ധ്യത ഉള്ളതാ​ണെന്നു കണ്ടാൽ നിർമാ​താവ്‌ അതു വാങ്ങും. നല്ല ഒരു സംവി​ധാ​യ​ക​നെ​യും പേരു​കേട്ട നടീന​ട​ന്മാ​രെ​യും കണ്ടെത്തു​ക​യാണ്‌ അടുത്ത പടി. തുടർന്ന്‌ നിർമാ​താവ്‌ അവരു​മാ​യി കരാറി​ലേർപ്പെ​ടും. പ്രശസ്‌ത​നായ സംവി​ധാ​യ​ക​നും മുൻനി​ര​യി​ലുള്ള ഒരു താരവും ഉണ്ടെങ്കിൽ സിനിമ റിലീ​സാ​യി കഴിയു​മ്പോൾ അത്‌ ബോക്‌-ഓഫീ​സിൽ വൻവി​ജയം നേടും. എന്നാൽ, ഈ പ്രാരംഭ ഘട്ടത്തിൽപ്പോ​ലും പ്രശസ്‌ത​രു​ടെ പേരുകൾ, സിനി​മ​യ്‌ക്കു പണമി​റ​ക്കേ​ണ്ട​വരെ ആകർഷി​ച്ചേ​ക്കും.

ഷൂട്ടി​ങ്ങി​നു മുമ്പ്‌ ചെയ്യേണ്ട മറ്റൊരു കാര്യ​മാണ്‌ സ്റ്റോറി​ബോർഡ്‌ തയ്യാറാ​ക്കൽ. സിനി​മ​യു​ടെ രംഗങ്ങൾ ഏതു ക്രമത്തിൽ ചിട്ട​പ്പെ​ടു​ത്തണം എന്നു കാണി​ക്കുന്ന ഒരുകൂ​ട്ടം സ്‌കെ​ച്ചു​ക​ളെ​യാണ്‌ സ്റ്റോറി​ബോർഡ്‌ എന്നു വിളി​ക്കു​ന്നത്‌. ക്യാമ​റാ​മാ​നെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു ബ്ലൂപ്രിന്റ്‌ ആയി വർത്തി​ക്കുന്ന സ്റ്റോറി​ബോർഡ്‌, ഷൂട്ടി​ങ്ങിൽ സമയം പാഴാ​കാ​തി​രി​ക്കാൻ വളരെ സഹായ​ക​മാണ്‌. “സെറ്റിൽനി​ന്നു​കൊണ്ട്‌, ക്യാമറ എവിടെ വെക്കണം എന്നാ​ലോ​ചിച്ച്‌ ഷൂട്ടിങ്‌ നടത്താ​നുള്ള ഒരു ദിവസം പാഴാ​ക്കേ​ണ്ടി​വ​രു​ന്ന​തിൽപ്പരം ബുദ്ധി​മുട്ട്‌ വേറെ​യില്ല,” സംവി​ധാ​യ​ക​നും തിരക്ക​ഥാ​കൃ​ത്തു​മായ ഫ്രാങ്ക്‌ ഡാറ​ബോണ്ട്‌ പറയുന്നു.

ഷൂട്ടി​ങ്ങി​നു മുമ്പു ചെയ്‌തു​തീർക്കേണ്ട വേറെ​യും കാര്യ​ങ്ങ​ളുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഷൂട്ടി​ങ്ങി​ന്റെ ലൊ​ക്കേ​ഷ​നു​കൾ ഏതൊ​ക്കെ​യാ​യി​രി​ക്കണം? യാത്ര ആവശ്യ​മാ​യി​വ​രു​മോ? ഇന്റീരി​യർ സെറ്റുകൾ നിർമി​ക്കേ​ണ്ട​തും ഡിസൈൻ ചെയ്യേ​ണ്ട​തും എങ്ങനെ​യാണ്‌? വസ്‌ത്രാ​ല​ങ്കാ​രം ആവശ്യ​മാ​ണോ? ലൈറ്റി​ങ്ങും മേക്കപ്പും കേശാ​ല​ങ്കാ​ര​വും ആർ കൈകാ​ര്യം ചെയ്യും? സൗണ്ടി​ന്റെ​യും സ്‌പെ​ഷ്യൽ ഇഫക്‌റ്റി​ന്റെ​യും സ്റ്റണ്ടി​ന്റെ​യും കാര്യ​മോ? ഷൂട്ടിങ്‌ തുടങ്ങു​ന്ന​തി​നു മുമ്പു​തന്നെ പരിചി​ന്തി​ക്കേണ്ട പല കാര്യ​ങ്ങ​ളിൽ ചിലതു മാത്ര​മാണ്‌ ഇവ. സിനിമ തുടങ്ങു​ന്ന​തി​നു മുമ്പോ അവസാ​നി​ച്ചു​ക​ഴി​ഞ്ഞോ എഴുതി​ക്കാ​ണി​ക്കുന്ന പേരുകൾ ശ്രദ്ധി​ച്ചാൽ മനസ്സി​ലാ​കും എത്ര​യെത്ര ആളുക​ളാണ്‌ അണിയ​റ​യിൽ പ്രവർത്തി​ച്ചി​രി​ക്കു​ന്ന​തെന്ന്‌. വലിയ മുതൽ മുടക്കി നിർമി​ച്ചി​രി​ക്കുന്ന ഒരു സിനി​മ​യു​ടെ കാര്യ​ത്തി​ലാ​കു​മ്പോൾ അണിയ​റ​പ്ര​വർത്ത​ക​രു​ടെ എണ്ണം നൂറു​ക​ണ​ക്കി​നാ​കാം. “ഒരു ഫീച്ചർ ഫിലിം നിർമി​ക്കാൻ ഒട്ടനവധി ആളുക​ളു​ടെ സഹകരണം വേണം,” നിരവധി സിനി​മാ​സെ​റ്റു​ക​ളിൽ ജോലി ചെയ്‌തി​ട്ടുള്ള ഒരു ടെക്‌നീ​ഷ്യൻ പറയുന്നു.

ഷൂട്ടിങ്‌—രംഗങ്ങൾ ഫിലി​മിൽ പകർത്തു​ന്നു

ഒരു സിനി​മ​യു​ടെ ഷൂട്ടിങ്‌ വളരെ​യ​ധി​കം സമയവും ശ്രമവും പണവും ആവശ്യ​മായ ഒരു സംരം​ഭ​മാണ്‌. ഒരൊറ്റ മിനിട്ട്‌ പാഴാ​യാൽ മതി, പതിനാ​യി​ര​ക്ക​ണ​ക്കി​നു രൂപയു​ടെ നഷ്ടം വരാൻ. ചില​പ്പോൾ വളരെ ദൂരെ​യുള്ള ഒരു ലൊ​ക്കേ​ഷ​നി​ലാ​യി​രി​ക്കും ഷൂട്ടിങ്‌ നടത്തേ​ണ്ടത്‌. അഭി​നേ​താ​ക്കൾക്കും ജോലി​ക്കാർക്കും പുറമേ ഉപകര​ണ​ങ്ങ​ളും അവിടെ എത്തി​ക്കേ​ണ്ട​തുണ്ട്‌. ഷൂട്ടിങ്‌ നടക്കു​ന്നത്‌ എവി​ടെ​യാ​യി​രു​ന്നാ​ലും ഓരോ ദിവസ​വും നല്ല ചെലവു വരും.

ലൈറ്റിങ്‌ കൈകാ​ര്യം ചെയ്യു​ന്നവർ, കേശാ​ല​ങ്കാ​ര​ക്കാർ, മേക്കപ്പ്‌മാൻ തുടങ്ങി​യ​വ​രാ​യി​രി​ക്കും ആദ്യം സെറ്റി​ലെ​ത്തു​ന്നത്‌. ഷൂട്ടിങ്‌ നടക്കുന്ന ഓരോ ദിവസ​വും ക്യാമ​റ​യ്‌ക്കു മുന്നിൽ പ്രത്യ​ക്ഷ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ താരങ്ങൾ മണിക്കൂ​റു​കൾതന്നെ കണ്ണാടി​യു​ടെ മുമ്പിൽ ചെലവ​ഴി​ക്കേ​ണ്ട​തു​ണ്ടാ​യി​രി​ക്കാം. പിന്നെ ഷൂട്ടിങ്‌ ആരംഭി​ക്കു​ക​യാ​യി.

ഓരോ രംഗ​മെ​ടു​ക്കു​മ്പോ​ഴും സംവി​ധാ​യകൻ അത്‌ അടുത്തു നിരീ​ക്ഷി​ക്കു​ന്നു​ണ്ടാ​കും. താരത​മ്യേന ലളിത​മായ ഒരു രംഗം​പോ​ലും ഫിലി​മിൽ പകർത്താൻ ഒരു ദിവസം മുഴുവൻ വേണ്ടി​വ​ന്നേ​ക്കാം. സിനി​മ​യി​ലെ മിക്ക രംഗങ്ങ​ളും ഒരൊറ്റ ക്യാമറ ഉപയോ​ഗി​ച്ചാണ്‌ എടുക്കു​ന്നത്‌. അതു​കൊണ്ട്‌ ഒരു രംഗം​തന്നെ ഓരോ ആംഗി​ളിൽനി​ന്നും വീണ്ടും വീണ്ടും എടു​ക്കേ​ണ്ടി​വ​രും. കൂടാതെ, ഒരേ ഷോട്ട്‌തന്നെ മെച്ചപ്പെട്ട അഭിന​യ​ത്തി​നോ സാങ്കേ​തി​ക​പൂർണ​ത​യ്‌ക്കോ വേണ്ടി പലപ്രാ​വ​ശ്യം എടു​ക്കേണ്ടി വന്നേക്കാം. ഇങ്ങനെ ഓരോ ഷോട്ട്‌ എടുക്കു​ന്ന​തി​നെ, ടേക്ക്‌ എന്നാണു പറയു​ന്നത്‌. വലിയ രംഗങ്ങൾക്ക്‌ 50-ഓ അതില​ധി​ക​മോ ടേക്കുകൾ വേണ്ടി​വ​ന്നേ​ക്കാം! പിന്നീട്‌—സാധാ​ര​ണ​ഗ​തി​യിൽ, ഷൂട്ടിങ്‌ നടക്കുന്ന ഓരോ ദിവസ​ത്തി​ന്റെ​യും അവസാനം—സംവി​ധാ​യകൻ എല്ലാ ടേക്കു​ക​ളും നിരീ​ക്ഷി​ച്ച​ശേഷം ഏതെല്ലാം തിര​ഞ്ഞെ​ടു​ക്ക​ണ​മെന്നു തീരു​മാ​നി​ക്കു​ന്നു. ഷൂട്ടിങ്‌ ആഴ്‌ച​ക​ളോ മാസങ്ങൾത​ന്നെ​യോ നീണ്ടു​നി​ന്നേ​ക്കാം.

ഷൂട്ടി​ങ്ങി​നു​ശേഷം—ചിത്ര​സം​യോ​ജനം

ഈ ഘട്ടത്തി​ലാണ്‌ ഓരോ ടേക്കും എഡിറ്റ്‌ ചെയ്‌ത്‌ പൂർവാ​പ​ര​യോ​ജി​പ്പോ​ടു​കൂ​ടിയ ഒരു ചലച്ചി​ത്ര​മാ​ക്കി രൂപ​പ്പെ​ടു​ത്തു​ന്നത്‌. ആദ്യം​തന്നെ ദൃശ്യ, ശ്രവ്യ ഘടകങ്ങളെ സമന്വ​യി​പ്പി​ക്കു​ന്നു. അടുത്ത​താ​യി എഡിറ്റർ, ഫിലി​മി​ന്റെ​യും ഓഡി​യോ ടേപ്പി​ന്റെ​യും ഘടകങ്ങൾ സംയോ​ജി​പ്പിച്ച്‌ സിനി​മ​യു​ടെ ഒരു ആദ്യരൂ​പം തയ്യാറാ​ക്കു​ന്നു. ഇതിനെ റഫ്‌-കട്ട്‌ എന്നാണു പറയു​ന്നത്‌.

ദൃശ്യ, ശ്രവ്യ പ്രഭാ​വങ്ങൾ ചേർക്കു​ന്ന​തും ഈ ഘട്ടത്തി​ലാണ്‌. സിനി​മാ​നിർമാ​ണ​ത്തി​ലെ ഏറ്റവും സങ്കീർണ​മായ കാര്യ​ങ്ങ​ളി​ലൊ​ന്നായ സ്‌പെ​ഷ്യൽ ഇഫക്‌റ്റ്‌സ്‌ സിനി​മേ​റ്റോ​ഗ്രാ​ഫി, കമ്പ്യൂ​ട്ടർഗ്രാ​ഫി​ക്‌സി​ന്റെ സഹായ​ത്തോ​ടെ​യാ​ണു ചില​പ്പോൾ സൃഷ്ടി​ക്കു​ന്നത്‌. തീയേ​റ്റ​റി​ലെ​ത്തു​മ്പോൾ ഇത്തരം രംഗങ്ങൾ ജീവസ്സുറ്റ, വിസ്‌മ​യാ​വ​ഹ​മായ ദൃശ്യാ​നു​ഭ​വ​ങ്ങ​ളാ​യി മാറുന്നു.

ചിത്ര​ത്തി​നു​വേണ്ടി തയ്യാറാ​ക്കിയ സംഗീ​ത​വും ഈ ഘട്ടത്തിൽത്ത​ന്നെ​യാ​ണു ചേർക്കു​ന്നത്‌. ഇന്നത്തെ സിനി​മ​ക​ളി​ലാ​ണെ​ങ്കിൽ സംഗീ​ത​ത്തിന്‌ വലിയ പ്രാധാ​ന്യ​മു​ണ്ടു​താ​നും. “ഇന്നത്തെ ചലച്ചിത്ര വ്യവസാ​യം മുൻകാ​ല​ങ്ങളെ അപേക്ഷിച്ച്‌ സംഗീ​ത​ത്തി​നാ​യി കൂടുതൽ ആവശ്യം ഉന്നയി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌—നാടകീയ മുഹൂർത്ത​ങ്ങൾക്കു​വേ​ണ്ടി​യുള്ള വെറും 20 മിനിട്ടു നേര​ത്തേ​ക്കോ മറ്റോ ഉള്ള സംഗീ​തമല്ല അവർക്കു വേണ്ടത്‌, പിന്നെ​യോ ഒരു മണിക്കൂ​റി​ല​ധി​കം വരുന്ന സംഗീ​ത​മാണ്‌,” ഫിലിം സ്‌കോർ മംത്‌ലി​യിൽ എഡ്‌വിൻ ബ്ലാക്ക്‌ എഴുതു​ന്നു.

ചില​പ്പോൾ പുതി​യ​താ​യി എഡിറ്റു​ചെയ്‌ത ചിത്രം, തിര​ഞ്ഞെ​ടു​ക്ക​പ്പെട്ട ഒരുകൂ​ട്ടം പ്രേക്ഷ​ക​രു​ടെ—സിനി​മ​യു​ടെ നിർമാ​ണ​ത്തിൽ ഉൾപ്പെ​ട്ടി​ട്ടി​ല്ലാത്ത, സംവി​ധാ​യ​കന്റെ സുഹൃ​ത്തു​ക്ക​ളു​ടെ​യോ സഹപ്ര​വർത്ത​ക​രു​ടെ​യോ—മുമ്പാകെ പരീക്ഷ​ണാർഥം പ്രദർശി​പ്പി​ക്കാ​റുണ്ട്‌. അവരുടെ പ്രതി​ക​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സംവി​ധാ​യകൻ ചില രംഗങ്ങൾ വീണ്ടും ഷൂട്ട്‌ ചെയ്യാ​നോ പാടേ നീക്കം ചെയ്യാ​നോ തീരു​മാ​നി​ച്ചേ​ക്കാം. ചില സാഹച​ര്യ​ങ്ങ​ളിൽ ഈ പ്രേക്ഷ​ക​ഗ​ണ​ത്തി​ന്റെ അഭി​പ്രാ​യത്തെ മാനിച്ച്‌ സിനി​മ​യു​ടെ അവസാ​ന​ഭാ​ഗം അപ്പാടെ തിരു​ത്തി​യെ​ഴു​തി​യി​ട്ടുണ്ട്‌.

പൂർത്തി​യാ​ക്ക​പ്പെട്ട ചിത്രം ഒടുവിൽ തീയേ​റ്റ​റു​ക​ളി​ലെ​ത്തു​ന്നു. ഈ ഘട്ടത്തിൽ മാത്രമേ അത്‌ ഒരു ബ്ലോക്ക്‌ബസ്റ്റർ ആകുമോ, ശരാശരി വിജയം കൈവ​രി​ക്കു​മോ, അതോ പൊളി​യു​മോ എന്നൊക്കെ പറയാൻ സാധിക്കൂ. ഇവിടെ, ലാഭം മാത്രമല്ല തുലാ​സ്സിൽ തൂങ്ങു​ന്നത്‌. ഒന്നിനു പുറകേ ഒന്നായി ഉണ്ടാകുന്ന പരാജ​യങ്ങൾ ഒരു അഭി​നേ​താ​വി​ന്റെ സിനി​മാ​രം​ഗത്തെ നിലനിൽപ്പി​നെ​ത്തന്നെ ബാധി​ച്ചേ​ക്കാം, അല്ലെങ്കിൽ സംവി​ധാ​യ​കന്റെ പേരു നശിപ്പി​ച്ചേ​ക്കാം. “എന്റെ സമകാ​ലി​ക​രിൽ പലരും ഏതാനും പ്രാവ​ശ്യ​ത്തെ പരാജ​യ​ത്തി​നു ശേഷം പിൻവാ​ങ്ങി​യതു ഞാൻ കണ്ടിട്ടുണ്ട്‌,” സിനി​മാ​രം​ഗത്തെ തന്റെ ആദ്യവർഷ​ങ്ങളെ അനുസ്‌മ​രി​ച്ചു​കൊണ്ട്‌ സംവി​ധാ​യ​ക​നായ ജോൺ ബോർമാൻ പറയുന്നു. “പണം മുടക്കു​ന്ന​വർക്കു ലാഭമു​ണ്ടാ​ക്കി​ക്കൊ​ടു​ത്തി​ല്ലെ​ങ്കിൽ നിങ്ങൾ ഈ രംഗത്തു​നി​ന്നു പുറത്താ​കും, ചലച്ചി​ത്ര​വ്യ​വ​സാ​യ​ത്തി​ലെ ഒരു പൊള്ളുന്ന യാഥാർഥ്യ​മാണ്‌ അത്‌.”

തീയേ​റ്റ​റി​നു മുമ്പിൽ സിനി​മ​യു​ടെ പോസ്റ്റ​റും നോക്കി​നിൽക്കു​മ്പോൾ ആളുകൾ സിനി​മാ​പ്ര​വർത്ത​ക​രു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചൊ​ന്നും ചിന്തി​ക്കാൻ പോകു​ന്നില്ല. അവർ പ്രധാ​ന​മാ​യും ചിന്തി​ക്കുക, ‘ഈ സിനിമ നന്നായി​രി​ക്കു​മോ? ടിക്കറ്റി​ന്റെ വില മുതലാ​കു​മോ? ഞെട്ടി​ക്കുന്ന അല്ലെങ്കിൽ മോശ​മായ രംഗങ്ങൾ ഇതിൽ ഉണ്ടായി​രി​ക്കു​മോ? ഇത്‌ എന്റെ കുട്ടി​കൾക്ക്‌ കാണാൻ കൊള്ളാ​വു​ന്ന​താ​ണോ?’ എന്നൊ​ക്കെ​യാ​യി​രി​ക്കും. സിനിമ കാണു​ന്ന​തി​നെ​ക്കു​റി​ച്ചു ചിന്തി​ക്കു​മ്പോൾ നിങ്ങൾക്ക്‌ ഈ ചോദ്യ​ങ്ങൾക്ക്‌ എങ്ങനെ ഉത്തരം കണ്ടെത്താൻ കഴിയും?

[അടിക്കു​റി​പ്പു​കൾ]

^ ഹാർവാർഡ്‌ ബിസി​നസ്‌ സ്‌കൂ​ളി​ലെ പ്രൊ​ഫ​സ​റായ അനീറ്റ എൽബെർസെ പറയു​ന്ന​ത​നു​സ​രിച്ച്‌, “ഹോളി​വുഡ്‌ സിനി​മകൾ, ഇന്നു മിക്ക​പ്പോ​ഴും ഐക്യ​നാ​ടു​ക​ളി​ലേ​തി​നെ​ക്കാൾ വിദേ​ശ​ത്താണ്‌ കൂടു​ത​ലും വിറ്റഴി​യു​ന്ന​തെ​ങ്കി​ലും, അവിടെ അവ എത്ര നന്നായി ഓടും എന്നത്‌ പ്രധാ​ന​മാ​യും ഐക്യ​നാ​ടു​ക​ളി​ലെ അവയുടെ വിജയത്തെ ആശ്രയി​ച്ചാ​ണി​രി​ക്കു​ന്നത്‌.”

^ ഇത്‌ ഓരോ സിനി​മ​യു​ടെ കാര്യ​ത്തി​ലും വ്യത്യ​സ്‌ത​മാ​യി​രി​ക്കാ​മെ​ങ്കി​ലും, ഒരു രീതി​യാണ്‌ ഇവിടെ പറഞ്ഞി​രി​ക്കു​ന്നത്‌.

^ ചില സാഹച​ര്യ​ങ്ങ​ളിൽ നിർമാ​താ​വിന്‌ തിരക്ക​ഥ​യ്‌ക്കു പകരം കഥയുടെ ഒരു രൂപരേഖ മാത്ര​മാ​യി​രി​ക്കും ലഭിക്കു​ന്നത്‌. കഥ ഇഷ്ടപ്പെ​ട്ടാൽ അദ്ദേഹ​ത്തിന്‌ അവകാ​ശങ്ങൾ വാങ്ങി അത്‌ ഒരു തിരക്ക​ഥ​യാ​ക്കി മാറ്റാ​വു​ന്ന​താണ്‌.

[6-ാം പേജിലെ ആകർഷക വാക്യം]

“ഒരു പ്രത്യേക സമയത്ത്‌ ജനത്തെ ഹരം​കൊ​ള്ളി​ക്കുന്ന, അവരുടെ അനുഭ​വ​ത​ല​ത്തിൽ കുളി​രു​കോ​രി​യി​ടുന്ന ചിത്രങ്ങൾ ഏതൊ​ക്കെ​യാ​യി​രി​ക്കു​മെന്ന്‌ ഒരിക്ക​ലും അറിയാൻ പറ്റില്ല.”—ചലച്ചി​ത്ര​പഠന വിഭാ​ഗ​ത്തി​ലെ പ്രൊ​ഫസർ ഡേവിഡ്‌ കുക്ക്‌

[6, 7 പേജു​ക​ളി​ലെ ചതുരം/ചിത്രങ്ങൾ]

ചിത്രം ബ്ലോക്ക്‌ബ​സ്റ്റ​റാ​ക്കാൻ

സിനി​മ​യു​ടെ നിർമാ​ണം പൂർത്തി​യാ​യി, അതു പ്രദർശ​ന​ത്തി​നു തയ്യാറാ​യി​ക്ക​ഴി​ഞ്ഞു. സിനിമ വിജയി​ക്കു​മോ? അതു വിറ്റഴി​ക്കാ​നും അതിനെ ഒരു ബ്ലോക്ക്‌ബ​സ്റ്റ​റാ​ക്കാ​നും നിർമാ​താ​ക്കൾ അവലം​ബി​ക്കുന്ന ചില മാർഗങ്ങൾ പരിചി​ന്തി​ക്കുക.

ആവേശ​മു​ണർത്തുന്ന പ്രചാ​ര​ണങ്ങൾ: ഒരു സിനി​മ​യെ​ക്കു​റിച്ച്‌ ആകാംക്ഷ ജനിപ്പി​ക്കാ​നുള്ള ഏറ്റവും ഫലപ്ര​ദ​മായ ഒരു മാർഗം വാക്കാ​ലുള്ള പ്രചാ​ര​ണ​മാണ്‌. ഒരുപക്ഷേ ഇത്‌ സിനിമ റിലീ​സാ​കു​ന്ന​തി​നു മാസങ്ങൾക്കു​മു​മ്പേ തുടങ്ങും. ചില​പ്പോൾ, മുമ്പ്‌ ഹിറ്റായ ഒരു സിനി​മ​യു​ടെ രണ്ടാം ഭാഗം പുറത്തി​റ​ങ്ങു​ന്ന​തു​മാ​യി ബന്ധപ്പെ​ട്ടു​ള്ള​താ​കാം ഈ പ്രചാ​ര​ണങ്ങൾ. ആദ്യചി​ത്ര​ത്തി​ലെ താരങ്ങൾത​ന്നെ​യാ​യി​രി​ക്കു​മോ ഇതിലും അഭിന​യി​ക്കുക? ആദ്യചി​ത്ര​ത്തി​ന്റെ അത്രയും നന്നാകു​മോ (അതോ അതു​പോ​ലെ മോശ​മാ​യി​രി​ക്കു​മോ) രണ്ടാം ഭാഗം? ഇങ്ങനെ​യൊ​ക്കെ​യുള്ള ചോദ്യ​ങ്ങൾ ആളുക​ളു​ടെ മനസ്സി​ലൂ​ടെ കടന്നു​പോ​യേ​ക്കാം.

ചില​പ്പോൾ സിനി​മ​യി​ലെ വിവാ​ദ​പ​ര​മായ ഒരു ഘടകത്തെ, അതായത്‌ ഒരു സാധാരണ ചിത്രത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം തികച്ചും അസാധാ​ര​ണ​മായ ‘ചൂടൻ രംഗങ്ങളെ’ക്കുറിച്ച്‌ ഉള്ളതാ​യി​രി​ക്കാം പ്രചാ​ര​ണങ്ങൾ. ആ രംഗം പറയു​ന്നത്ര മോശ​മാ​ണോ? അതോ, സിനിമ “സഭ്യത​യു​ടെ അതിർവ​ര​മ്പു​കൾ ലംഘി​ച്ചി​ട്ടു​ണ്ടോ?” ഈ തർക്കവി​തർക്കങ്ങൾ നിർമാ​താ​ക്കളെ സംബന്ധി​ച്ചി​ട​ത്തോ​ളം പണംമു​ട​ക്കി​ല്ലാത്ത നല്ലൊരു പരസ്യ​മാ​യി ഉതകുന്നു. കാരണം, ചില​പ്പോൾ ഇത്തരം വിവാ​ദങ്ങൾ, സിനിമ റിലീ​സാ​കുന്ന ദിവസം തീയേ​റ്റ​റു​ക​ളിൽ വൻതി​രക്ക്‌ അനുഭ​വ​പ്പെ​ടാൻ ഇടയാ​ക്കു​ന്നു.

മാധ്യ​മങ്ങൾ: ഒരു സിനിമ പരസ്യ​പ്പെ​ടു​ത്താ​നുള്ള കൂടുതൽ പരമ്പരാ​ഗ​ത​മായ മാർഗ​ങ്ങ​ളാണ്‌ പരസ്യ​ബോർഡു​കൾ, പത്രപ്പ​ര​സ്യ​ങ്ങൾ, ടിവി പരസ്യങ്ങൾ, സിനിമാ ട്രെയി​ല​റു​കൾ (സിനി​മ​യു​ടെ പരസ്യ​മെ​ന്ന​നി​ല​യിൽ മുൻകൂ​ട്ടി കാണി​ക്കുന്ന ചില രംഗങ്ങൾ), ചിത്ര​ത്തെ​ക്കു​റിച്ച്‌ അഭി​പ്രാ​യ​പ്ര​ക​ട​നങ്ങൾ നടത്തി​ക്കൊണ്ട്‌ അതിലെ താരങ്ങൾ പങ്കെടു​ക്കുന്ന അഭിമു​ഖ​പ​രി​പാ​ടി​കൾ എന്നിവ. ഇന്ന്‌, സിനിമ പരസ്യ​പ്പെ​ടു​ത്തു​ന്ന​തി​നുള്ള മുഖ്യ ഉപാധി​യാണ്‌ ഇന്റർനെറ്റ്‌.

വാണി​ജ്യ​വ​ത്‌ക​രണം: സിനി​മ​യു​ടെ പ്രമേയം പരസ്യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള വിൽപ്പ​ന​ച്ച​ര​ക്കു​കൾ പുറത്തി​റ​ക്കു​ന്നത്‌ ആ ചലച്ചി​ത്രം റിലീ​സാ​കു​ന്ന​തി​നു മുമ്പു​തന്നെ അതി​ലേക്ക്‌ ആളുക​ളു​ടെ ശ്രദ്ധയാ​കർഷി​ക്കാൻ ഇടയാ​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ഒരു കോമിക്‌ പുസ്‌ത​ക​ത്തി​ലെ കഥാപാ​ത്രത്തെ ആധാര​മാ​ക്കി​യുള്ള സിനി​മ​യി​ലെ പ്രമേ​യ​ത്തോ​ടു ബന്ധപ്പെട്ട്‌ ചോറ്റു​പാ​ത്രങ്ങൾ, കപ്പുകൾ, ആഭരണങ്ങൾ, തുണി​ത്ത​രങ്ങൾ, കീച്ചെ​യി​നു​കൾ, ക്ലോക്കു​കൾ, വിളക്കു​കൾ, ബോർഡ്‌ ഗെയിം തുടങ്ങിയ ഉത്‌പ​ന്നങ്ങൾ പുറത്തി​റ​ക്കു​ക​യു​ണ്ടാ​യി. “സാധാ​ര​ണ​ഗ​തി​യിൽ, ഈ വിൽപ്പ​ന​ച്ച​ര​ക്കു​ക​ളു​ടെ 40 ശതമാ​ന​വും സിനിമ റിലീ​സാ​കു​ന്ന​തി​നു മുമ്പു​തന്നെ വിറ്റഴി​യ​പ്പെ​ടും,” അമേരി​ക്കൻ ബാർ അസ്സോ​സി​യേ​ഷന്റെ ഒരു വിനോദ പത്രി​ക​യിൽ ജോ സിസ്റ്റോ എഴുതു​ന്നു.

വീഡി​യോ: തീയേ​റ്റ​റു​ക​ളിൽ വിജയി​ക്കാ​തി​രുന്ന ഒരു സിനി​മ​യ്‌ക്ക്‌ വീഡി​യോ വിപണി​യി​ലൂ​ടെ ആ നഷ്ടം നികത്താ​നാ​യേ​ക്കും. “[സിനി​മ​യു​ടെ] കളക്ഷന്റെ 40-50 ശതമാ​ന​വും ലഭിക്കു​ന്നത്‌ വീഡി​യോ വിപണി​യി​ലൂ​ടെ​യാണ്‌” എന്ന്‌ ചലച്ചി​ത്ര​ങ്ങ​ളു​ടെ കളക്ഷന്റെ കൃത്യ​മായ രേഖ സൂക്ഷി​ക്കുന്ന ബ്രൂസ്‌ നാഷ്‌ പറയുന്നു.

റേറ്റിങ്‌: സിനി​മാ​നിർമാ​താ​ക്കൾ ഇതിനെ തങ്ങളുടെ നേട്ടത്തി​നാ​യി ഉപയോ​ഗി​ക്കാൻ പഠിച്ചി​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ‘പ്രായ​പൂർത്തി​യാ​യ​വർക്കു മാത്രം’ എന്ന സർട്ടി​ഫി​ക്കറ്റ്‌ കിട്ടാ​നാ​യി മനഃപൂർവം ചില രംഗങ്ങൾ സിനി​മ​യിൽ കുത്തി​ത്തി​രു​കി​യേ​ക്കാം. ഇനിയും, ‘പ്രായ​പൂർത്തി​യാ​യ​വർക്കു മാത്രം’ എന്നു വിധി​യെ​ഴു​ത​പ്പെ​ടു​ന്നത്‌ ഒഴിവാ​ക്കാ​നും കൗമാ​ര​പ്രാ​യ​ക്കാ​രായ പ്രേക്ഷ​കരെ ആകർഷി​ക്കാ​നും അനഭി​ല​ഷ​ണീയ രംഗങ്ങൾ പേരിനു മാത്രം വെട്ടി​ക്ക​ള​യു​ന്നു. ടീൻ റേറ്റിങ്‌, “ഒരുതരം പരസ്യ​മാ​യി മാറി​യി​രി​ക്കു​ക​യാണ്‌: കൗമാ​ര​ക്കാർക്കും കൗമാ​ര​ത്തി​ലേക്കു കാലെ​ടു​ത്തു​വെ​ക്കാൻ വെമ്പുന്ന കുട്ടി​കൾക്കും ഈ സിനി​മ​യിൽ ‘തകർപ്പൻ’ രംഗങ്ങൾ ഉണ്ടായി​രി​ക്കു​മെന്ന സന്ദേശം കൈമാ​റാൻ നിർമാ​താ​ക്കൾ ഇത്‌ ഉപയോ​ഗ​പ്പെ​ടു​ത്തു​ന്നു,” ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ മാഗസി​നിൽ ലൈസ മുൺഡി എഴുതു​ന്നു. ഇത്‌ “മാതാ​പി​താ​ക്കൾക്ക്‌ മുന്നറി​യി​പ്പു നൽകു​ക​യും അതേസ​മയം കുട്ടിയെ പ്രലോ​ഭി​പ്പി​ക്കു​ക​യും ചെയ്യുന്നു”വെന്നും അങ്ങനെ “ഇരു തലമു​റ​കൾക്കു​മി​ട​യിൽ ഒരുതരം സംഘർഷാ​വസ്ഥ” സൃഷ്ടി​ക്കു​ന്നു​വെ​ന്നും മുൺഡി എഴുതു​ന്നു.

[8, 9 പേജു​ക​ളി​ലെ ചിത്രങ്ങൾ]

സിനിമാനിർമാണം

തിരക്കഥ

സ്റ്റോറിബോർഡ്‌

വസ്‌ത്രാലങ്കാരം

മേക്കപ്പ്‌

രംഗങ്ങൾ ഫിലി​മി​ലേക്ക്‌

സ്‌പെ​ഷ്യൽ ഇഫക്‌റ്റു​കൾ സൃഷ്ടി​ക്കു​ന്നു

സംഗീതം റെക്കോർഡ്‌ ചെയ്യുന്നു

ശബ്ദസംയോജനം

കമ്പ്യൂട്ടർ ആനി​മേ​ഷൻ

എഡിറ്റിങ്‌