വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഇന്റർനെറ്റ്‌ ഡേറ്റിങ്‌—അതിന്‌ യഥാർഥത്തിൽ അപകടകരമായിരിക്കാൻ കഴിയുമോ?

ഇന്റർനെറ്റ്‌ ഡേറ്റിങ്‌—അതിന്‌ യഥാർഥത്തിൽ അപകടകരമായിരിക്കാൻ കഴിയുമോ?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

ഇന്റർനെറ്റ്‌ ഡേറ്റിങ്‌—അതിന്‌ യഥാർഥ​ത്തിൽ അപകട​ക​ര​മാ​യി​രി​ക്കാൻ കഴിയു​മോ?

“ഇന്റർനെ​റ്റി​ലൂ​ടെ മറ്റൊ​രാ​ളു​മാ​യി ബന്ധപ്പെ​ടു​മ്പോൾ, ആ വ്യക്തി​യു​ടെ തനിനി​റം മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞെ​ന്നു​വ​രില്ല.”—17 വയസ്സുള്ള ഡാൻ. *

“ഇന്റർനെ​റ്റിൽ, നുണകൾ പറഞ്ഞു​കൊണ്ട്‌ യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ക്കാൻ എളുപ്പ​മാണ്‌.”—26 വയസ്സുള്ള ജോർജ്‌.

ഇന്റർനെറ്റ്‌ ഡേറ്റി​ങ്ങി​നു ലോക​ത്തെ​ങ്ങും പ്രചാരം ഏറിവ​രി​ക​യാണ്‌. ഈ പരമ്പര​യി​ലെ മുൻലേ​ഖ​ന​ത്തിൽ പറഞ്ഞി​രു​ന്ന​തു​പോ​ലെ, ഇന്റർനെ​റ്റിൽ പ്രേമ​ബ​ന്ധങ്ങൾ വളരെ പെട്ടെന്നു വികാസം പ്രാപി​ച്ചേ​ക്കാം. എന്നാൽ, യാഥാർഥ്യ​ത്തി​ന്റെ പൊള്ളി​ക്കുന്ന ചൂടിൽ അവ വാടി​ക്ക​രി​യു​ക​യാ​ണു പതിവ്‌. * ഫലമോ, കടുത്ത നിരാ​ശ​യും. എന്നാൽ പ്രശ്‌നം അവിടം​കൊ​ണ്ടു തീരു​ന്നില്ല. ഡേറ്റി​ങ്ങി​നാ​യി ഈ മാർഗം സ്വീക​രി​ക്കു​ന്നത്‌, ശാരീ​രി​ക​മോ വൈകാ​രി​ക​മോ ആത്മീയ​മോ ആയ വലിയ അപകട​ങ്ങ​ളി​ലേക്കു നിങ്ങളെ തള്ളിവി​ട്ടേ​ക്കാം.

നിരു​പ​ദ്ര​വ​ക​ര​വും സുരക്ഷി​ത​വും ആയി കാണ​പ്പെ​ടുന്ന ഒരു സംവി​ധാ​ന​ത്തിന്‌—നിങ്ങളു​ടെ വീട്ടി​ലി​രി​ക്കുന്ന കമ്പ്യൂ​ട്ട​റിന്‌—നിങ്ങളെ അപകട​ത്തി​ലാ​ക്കാൻ എങ്ങനെ കഴിയും? അപകട​ങ്ങ​ളിൽ ചിലത്‌ ബൈബി​ളി​ലെ ഒരു സുപ്ര​ധാന തത്ത്വവു​മാ​യി ബന്ധപ്പെ​ട്ട​താണ്‌. “സകലത്തി​ലും നല്ലവരാ​യി [“സത്യസ​ന്ധ​രാ​യി,” NW] നടപ്പാൻ [ഞങ്ങൾ] ഇച്ഛി”ക്കുന്നെന്ന്‌ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ എഴുതി. (എബ്രായർ 13:18) ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നത്‌ സത്യസ​ന്ധ​ത​യി​ല്ലായ്‌മ ആണെന്നോ അതിന്റെ ഉപയോ​ഗം നിങ്ങളു​ടെ സത്യസ​ന്ധ​തയെ കളങ്ക​പ്പെ​ടു​ത്തു​മെ​ന്നോ അല്ല ഈ പറഞ്ഞതി​ന്റെ അർഥം. എന്നാൽ, മറ്റുള്ളവർ പലപ്പോ​ഴും സത്യസ​ന്ധ​ര​ല്ലെന്ന കാര്യം നാം ഓർക്കണം. കൂടാതെ, പ്രയോ​ഗി​ക്കാൻ എളുപ്പ​വും മറ്റുള്ള​വർക്കു കണ്ടുപി​ടി​ക്കാൻ വിഷമ​വും ഉള്ള, സത്യസ​ന്ധ​മ​ല്ലാത്ത ചില പ്രവൃ​ത്തി​കൾ ഇന്റർനെറ്റ്‌ ഉപയോ​ഗി​ച്ചു ചെയ്യാൻ കഴിയു​ന്ന​താ​യി​ട്ടാണ്‌ ഈ ലേഖന​ത്തി​ന്റെ പ്രാരം​ഭ​ത്തി​ലെ ഉദ്ധരണി​കൾ സൂചി​പ്പി​ക്കു​ന്നത്‌. പ്രണയ​ബ​ന്ധ​ങ്ങ​ളു​ടെ കാര്യ​ത്തിൽ സത്യസ​ന്ധ​ത​യി​ല്ലായ്‌മ വലിയ അപകടങ്ങൾ സൃഷ്ടി​ക്കു​ന്നു.

ഉദാഹ​ര​ണ​ത്തിന്‌, “വ്യർത്ഥ​ന്മാ​രോ​ടു​കൂ​ടെ ഞാൻ ഇരുന്നി​ട്ടില്ല; കപടക്കാ​രു​ടെ [“യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ക്കു​ന്ന​വ​രു​ടെ,” NW] അടുക്കൽ ഞാൻ ചെന്നി​ട്ടു​മില്ല” എന്ന ബൈബിൾവാ​ക്യ​ത്തിൽ സൂചി​പ്പി​ച്ചി​രി​ക്കു​ന്നത്‌ ഏതുതരം സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യെ​ക്കു​റി​ച്ചാ​ണെന്നു ചിന്തി​ക്കുക. (സങ്കീർത്തനം 26:4) ‘യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ക്കു​ന്നവർ’ എന്നതിന്റെ അർഥം എന്താണ്‌? സത്യവേദ പുസ്‌തകം പോലുള്ള ചില ബൈബിൾ പരിഭാ​ഷ​ക​ളിൽ ‘കപടക്കാർ’ എന്നാണു നാം കാണു​ന്നത്‌. ഒരു പരാമർശ കൃതി പറയു​ന്ന​ത​നു​സ​രിച്ച്‌, “തങ്ങളുടെ ഉദ്ദേശ്യ​ങ്ങ​ളും പദ്ധതി​ക​ളും മറ്റുള്ള​വ​രിൽനി​ന്നു മറച്ചു​പി​ടി​ക്കു​ക​യോ തങ്ങളുടെ തനിസ്വ​ഭാ​വ​വും ലക്ഷ്യങ്ങ​ളും മൂടി​വെ​ക്കു​ക​യോ ചെയ്യുന്ന വ്യക്തി​കൾക്ക്‌” ഈ പദം ബാധക​മാ​കു​ന്നു. അത്തരം സത്യസ​ന്ധ​ത​യി​ല്ലായ്‌മ ആളുകൾ ഇന്റർനെ​റ്റിൽ പ്രകട​മാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? അതിന്റെ ഫലമായി, പ്രണയ​ബ​ന്ധ​ത്തി​നാ​യി പരതു​ന്നവർ ഏതെല്ലാം കെണി​ക​ളിൽ വീഴുന്നു?

ആടുക​ളു​ടെ വേഷം​പൂണ്ട ചെന്നാ​യ്‌ക്കൾ

ഒരു സെമി​നാ​റിൽ പങ്കെടുത്ത മൈക്കിൾ എന്നു പേരുള്ള ഒരു പിതാവ്‌, ഹാനി​ക​ര​മായ വെബ്‌ സൈറ്റു​ക​ളു​മാ​യി ബന്ധപ്പെ​ടു​ന്നതു സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണങ്ങൾ കാറ്റിൽപ്പ​റ​ത്തു​ന്ന​വ​രാണ്‌ കുട്ടി​ക​ളിൽ നല്ലൊരു ശതമാ​ന​വും എന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ നടുങ്ങി​പ്പോ​യി. “അധമമായ ലൈം​ഗിക ക്രീഡ​കൾക്കാ​യി കുട്ടി​കളെ വശീക​രി​ക്കാൻ ബാലര​തി​പ്രി​യർ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്നു എന്ന ഞെട്ടി​ക്കുന്ന സത്യമാണ്‌ എന്നെ ഏറെ ദുഃഖ​ത്തി​ലാ​ഴ്‌ത്തി​യത്‌” എന്ന്‌ അദ്ദേഹം പറയുന്നു. ഇന്റർനെ​റ്റി​ലൂ​ടെ പുതിയ ആളുക​ളു​മാ​യി പരിച​യ​ത്തി​ലാ​കാൻ യുവ​പ്രാ​യ​ക്കാർ ശ്രമി​ക്കു​മ്പോൾ തങ്ങൾ ഒരിക്ക​ലും വിചാ​രി​ക്കാത്ത അപകട​ങ്ങ​ളിൽ ആയിരി​ക്കാം അവർ ചെന്നു​ചാ​ടു​ന്നത്‌.

കുട്ടി​ക​ളു​ടെ​മേൽ ‘ചാടി​വീ​ഴാൻ’ തക്കം പാർത്തു​കൊണ്ട്‌ കുട്ടി​ക​ളാ​യി നടിച്ച്‌ ഇന്റർനെ​റ്റിൽ പരതുന്ന മുതിർന്ന ചില ലൈം​ഗിക ഇരപി​ടി​യ​ന്മാ​രെ​ക്കു​റി​ച്ചു മാധ്യ​മങ്ങൾ റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌. “ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കുന്ന കുട്ടി​ക​ളിൽ 20 ശതമാ​ന​ത്തി​നു ലൈം​ഗിക ക്രിയ​ക​ളിൽ ഏർപ്പെ​ടാ​നുള്ള ക്ഷണം ലഭിച്ചു” എന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തു​ന്നു. 10-നും 17-നും ഇടയ്‌ക്കു പ്രായ​മുള്ള 33 കുട്ടി​ക​ളിൽ ഒരാൾക്കു വീതം “നിരന്തരം ശല്യ​പ്പെ​ടു​ത്തുന്ന” കമ്പ്യൂട്ടർ സന്ദേശങ്ങൾ ലഭിച്ച​താ​യും ഒരു വർത്തമാ​ന​പ​ത്രം പ്രസ്‌താ​വി​ച്ചു.

ഇന്റർനെ​റ്റി​ലൂ​ടെ തങ്ങൾ പ്രേമം പങ്കിട്ട “യുവവ്യ​ക്തി” യഥാർഥ​ത്തിൽ മുതിർന്ന ഒരു ജയിൽപ്പു​ള്ളി ആയിരു​ന്നെന്ന്‌ ചില യുവജ​നങ്ങൾ ഞെട്ട​ലോ​ടെ തിരി​ച്ച​റി​ഞ്ഞി​രി​ക്കു​ന്നു. മറ്റു ചില യുവജ​നങ്ങൾ, തങ്ങൾ അറിയാ​തെ​തന്നെ ലൈം​ഗിക ഇരപി​ടി​യ​ന്മാ​രു​മാ​യി സമ്പർക്ക​ത്തിൽ വന്നിരി​ക്കു​ന്നു. ഇന്റർനെ​റ്റി​ലൂ​ടെ സൗഹൃദ സന്ദേശങ്ങൾ കൈമാ​റു​ക​യും അങ്ങനെ വിശ്വാ​സം പിടി​ച്ചു​പ​റ്റു​ക​യും ചെയ്‌തു​കൊണ്ട്‌ ആ നീചന്മാർ ആദ്യം​തന്നെ തങ്ങളുടെ ഭാവി ഇരയെ “പരുവ​പ്പെ​ടു​ത്തു​ന്നു.” എന്നാൽ കുറെ കഴിയു​മ്പോൾ, നേരിൽ കാണാ​നും വഴിപി​ഴച്ച അവരുടെ അഭിലാ​ഷങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നും അവർ പദ്ധതി ഒരുക്കു​ന്നു. അതിന്റെ ഫലമായി, ഇളം​പ്രാ​യ​ക്കാർ പ്രഹര​ത്തി​നും ബലാത്സം​ഗ​ത്തി​നും കൊല​പാ​ത​ക​ത്തി​നും​പോ​ലും ഇരയാ​യി​ത്തീർന്നി​രി​ക്കു​ന്നു എന്നതു ദുഃഖ​ക​ര​മാണ്‌.

തീർച്ച​യാ​യും, ഇന്റർനെ​റ്റിൽ ഇരകളെ കണ്ടെത്താ​നാ​യി ദുഷ്ടമ​നു​ഷ്യർ അവരുടെ ‘യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ക്കു​ന്നു.’ ഇത്‌, കള്ളപ്ര​വാ​ച​ക​ന്മാ​രെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ ദൃഷ്ടാന്തം നിങ്ങളെ ഓർമി​പ്പി​ച്ചേ​ക്കാം. “ആടുക​ളു​ടെ വേഷം പൂണ്ടു നിങ്ങളു​ടെ അടുക്കൽ വരുന്ന” അവർ യഥാർഥ​ത്തിൽ “കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്കൾ” ആണെന്ന്‌ അവൻ പറഞ്ഞു. (മത്തായി 7:15) തങ്ങൾ യഥാർഥ​ത്തിൽ ആരാ​ണെ​ന്നതു സംബന്ധിച്ച്‌ ഒരു ചെറിയ സൂചന​പോ​ലും കൊടു​ക്കാ​തെ ഇന്റർനെ​റ്റി​ലൂ​ടെ ആശയവി​നി​മയം നടത്താൻ കഴിയും എന്നതി​നാൽ അത്തരം വഞ്ചന തിരി​ച്ച​റി​യുക മിക്ക​പ്പോ​ഴും അസാധ്യ​മാ​യി​രു​ന്നേ​ക്കാം. മുമ്പു പരാമർശിച്ച ജോർജ്‌ ഇങ്ങനെ പറയുന്നു: “ഒരാളെ നേരിൽ കണ്ടു സംസാ​രി​ക്കു​മ്പോൾ അദ്ദേഹ​ത്തി​ന്റെ മുഖഭാ​വ​ത്തിൽനി​ന്നും ശബ്ദത്തിൽനി​ന്നും ചില​തെ​ല്ലാം മനസ്സി​ലാ​ക്കാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. എന്നാൽ ഇന്റർനെ​റ്റിൽ ഇതി​നൊ​ന്നും അവസര​മില്ല. വഞ്ചിക്ക​പ്പെ​ടുക വളരെ എളുപ്പ​മാണ്‌.”

“വിവേ​ക​മു​ള്ളവൻ അനർത്ഥം കണ്ടു ഒളിച്ചു​കൊ​ള്ളു​ന്നു; അല്‌പ​ബു​ദ്ധി​ക​ളോ നേരെ ചെന്നു ചേത​പ്പെ​ടു​ന്നു” എന്ന ബൈബിൾ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചെവി​കൊ​ടു​ക്കു​ന്നതു നിശ്ചയ​മാ​യും ജ്ഞാനമാണ്‌. (സദൃശ​വാ​ക്യ​ങ്ങൾ 22:3) ഇന്റർനെ​റ്റിൽ നിങ്ങൾ പരിച​യ​പ്പെ​ടുന്ന എല്ലാവ​രും അപകട​കാ​രി​ക​ളായ ഇരപി​ടി​യ​ന്മാ​രല്ല എന്നതു സത്യം​തന്നെ. എന്നാൽ, മറ്റുചില വിധങ്ങ​ളി​ലും ആളുകൾ തങ്ങളുടെ ‘യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ക്കാ​റുണ്ട്‌.’

വഞ്ചനയു​ടെ​യും കാര്യങ്ങൾ രഹസ്യ​മാ​യി വെക്കു​ന്ന​തി​ന്റെ​യും അപകടങ്ങൾ

ഇന്റർനെ​റ്റി​ലൂ​ടെ പ്രേമ​സാ​യൂ​ജ്യം തേടു​ന്നവർ ഉള്ള ഗുണങ്ങളെ ഊതി​പ്പെ​രു​പ്പി​ക്കു​ക​യോ ഇല്ലാത്ത ഗുണങ്ങൾ ഉള്ളതായി അവകാ​ശ​പ്പെ​ടു​ക​യോ ചെയ്യു​ന്ന​തും ഗുരു​ത​ര​മായ കുറവു​കൾ നിസ്സാ​രീ​ക​രി​ക്കു​ക​യോ മറച്ചു​പി​ടി​ക്കു​ക​യോ ചെയ്യു​ന്ന​തും സാധാ​ര​ണ​മാ​യി​ത്തീർന്നി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല. കൂടാതെ, “ആളുകൾ വഞ്ചിക്ക​പ്പെ​ടു​ന്നു എന്നതി​നാൽ ഇന്റർനെറ്റ്‌ ഡേറ്റിങ്‌ അനഭി​കാ​മ്യം ആയിരു​ന്നേ​ക്കാം” എന്ന്‌ ഒരു എഴുത്തു​കാ​രനെ ഉദ്ധരി​ച്ചു​കൊണ്ട്‌ ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ റിപ്പോർട്ടു ചെയ്‌തു. അത്‌ ഇപ്രകാ​രം കൂട്ടി​ച്ചേർക്കു​ന്നു: “ആളുകൾ മിക്ക​പ്പോ​ഴും തങ്ങൾ ആയിരി​ക്കു​ന്ന​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മറ്റേ ലിംഗ​വർഗ​ത്തിൽപ്പെ​ട്ട​വ​രാ​യി നടിക്കു​ന്നു. . . . ബന്ധം നല്ലൊ​ര​ള​വിൽ വികസി​ച്ചു​ക​ഴി​യു​മ്പോൾപ്പോ​ലും വരുമാ​നം, . . . വംശം, കുറ്റകൃ​ത്യം സംബന്ധിച്ച രേഖകൾ, മാനസിക ആരോ​ഗ്യ​ച​രി​ത്രം, വൈവാ​ഹിക അവസ്ഥ എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ പലപ്പോ​ഴും രഹസ്യ​മാ​യി​ത്തു​ട​രു​ന്നു.” ഇന്റർനെറ്റ്‌ ഡേറ്റി​ങ്ങി​ന്റെ ഫലമായി വഴി​തെ​റ്റി​ക്ക​പ്പെ​ട്ട​തി​ന്റെ വേദനാ​ക​ര​മായ അനുഭ​വങ്ങൾ അനേക​രും റിപ്പോർട്ടു ചെയ്‌തി​ട്ടുണ്ട്‌. അതു മറ്റുള്ള​വർക്ക്‌ ഒരു മുന്നറി​യിപ്പ്‌ ആയിരി​ക്കാൻ അവർ ആഗ്രഹി​ക്കു​ന്നു.

സ്വന്തം ആത്മീയ അവസ്ഥ​പോ​ലുള്ള സുപ്ര​ധാന കാര്യ​ങ്ങ​ളിൽ ആളുകൾ നുണ പറയു​മോ? ഉവ്വ്‌. സങ്കടക​ര​മെന്നു പറയട്ടെ, ചിലർ സത്യ​ക്രി​സ്‌ത്യാ​നി​കൾ ആണെന്ന്‌ അവകാ​ശ​പ്പെ​ടു​ന്നു, വാസ്‌ത​വ​ത്തിൽ അവർ അങ്ങനെ​യ​ല്ലെ​ങ്കി​ലും. എന്തു​കൊ​ണ്ടാണ്‌ അവർ ഈ വിധത്തിൽ വഞ്ചിക്കു​ന്നത്‌? ഇന്റർനെ​റ്റി​ലൂ​ടെ അപ്രകാ​രം ചെയ്യു​ന്നത്‌ എളുപ്പ​മാ​ണെ​ന്ന​താണ്‌ ഒരു കാരണം. അയർലൻഡു​കാ​ര​നായ ഷോൻ എന്ന ചെറു​പ്പ​ക്കാ​രൻ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “നിങ്ങൾ കമ്പ്യൂട്ടർ സ്‌ക്രീ​നിൽ വാക്കുകൾ ടൈപ്പു ചെയ്യു​മ്പോൾ, നിങ്ങളു​ടെ യഥാർഥ വ്യക്തി​ത്വ​ത്തിൽനി​ന്നു വ്യത്യ​സ്‌ത​മായ ഒരു ചിത്രം അവതരി​പ്പി​ക്കുക വളരെ എളുപ്പ​മാണ്‌.”

എന്നാൽ അതത്ര ഗുരു​ത​ര​മായ കാര്യമല്ല എന്നാണ്‌ അനേക​രു​ടെ​യും ചിന്ത. പ്രേമ​സ​ല്ലാ​പ​ത്തിൽ ഏർപ്പെ​ടു​മ്പോൾ അൽപ്പസ്വൽപ്പ​മൊ​ക്കെ നുണ പറയു​ന്നത്‌ തികച്ചും സ്വാഭാ​വി​ക​മാ​ണെന്ന്‌ അവർ വാദി​ക്കു​ന്നു. എന്നാൽ ഭോഷ്‌കു​പ​റ​ച്ചിൽ ദൈവം വെറു​ക്കു​ന്നു എന്നോർക്കുക. (സദൃശ​വാ​ക്യ​ങ്ങൾ 6:16-19) അതിനു തക്ക കാരണ​മുണ്ട്‌. മനുഷ്യർ ഇന്നനു​ഭ​വി​ക്കുന്ന ഒട്ടുമിക്ക വേദന​കൾക്കും ദുരി​ത​ത്തി​നും മൂലകാ​രണം ഭോഷ്‌കു​പ​റ​ച്ചിൽ ആണ്‌. (യോഹ​ന്നാൻ 8:44) സത്യസ​ന്ധ​ത​യി​ല്ലായ്‌മ ഒരിക്ക​ലും ഒരു ബന്ധം പടുത്തു​യർത്താൻ പറ്റിയ നല്ല അടിത്ത​റയല്ല, മറിച്ച്‌ അത്‌ ഏറ്റവും മോശ​മായ ഒന്നാണ്‌. മരണം​വ​രെ​യും പിരി​യാ​തെ​യുള്ള ജീവിതം മുന്നിൽ കണ്ടു​കൊ​ണ്ടുള്ള ഒരു ബന്ധത്തിന്റെ കാര്യ​ത്തിൽ അതു വിശേ​ഷാൽ അങ്ങനെ​ത​ന്നെ​യാണ്‌. എന്നാൽ സത്യസ​ന്ധ​ത​യി​ല്ലായ്‌മ ഒരു ആത്മീയ അപകട​മാണ്‌ എന്നതാണ്‌ അതിലും പരിതാ​പ​കരം. നുണ പറയുന്ന വ്യക്തി യഹോ​വ​യാം ദൈവ​വു​മാ​യുള്ള തന്റെ ബന്ധത്തെ അപകട​ത്തി​ലാ​ക്കു​ന്നു.

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, ചില ചെറു​പ്പ​ക്കാർ മറ്റൊരു തരം സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ​യ്‌ക്കു വഴി​പ്പെ​ട്ടി​രി​ക്കു​ന്നു. ഇന്റർനെ​റ്റി​ലൂ​ടെ ബന്ധങ്ങൾ സ്ഥാപി​ക്കുന്ന അവർ അക്കാര്യം മാതാ​പി​താ​ക്ക​ളിൽനി​ന്നു മറച്ചു​പി​ടി​ക്കു​ന്നു. ഒരു ഉദാഹ​രണം: കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ഒരു ആൺകു​ട്ടി​യു​ടെ മാതാ​പി​താ​ക്കൾ, തങ്ങളുടെ കുടും​ബം പിൻപ​റ്റി​യി​രുന്ന ക്രിസ്‌തീയ വിശ്വാ​സ​ങ്ങ​ളു​മാ​യി ബന്ധമൊ​ന്നും ഇല്ലാതി​രുന്ന ഒരു യുവതി പെട്ടെ​ന്നൊ​രു ദിവസം അവിചാ​രി​ത​മാ​യി വീട്ടി​ലേക്കു കയറി​വ​ന്ന​പ്പോൾ ഞെട്ടി​പ്പോ​യി. 1,500-ലധികം കിലോ​മീ​റ്റർ സഞ്ചരി​ച്ചാണ്‌ അവൾ എത്തിയത്‌. അവരുടെ പുത്രൻ ഇന്റർനെ​റ്റി​ലൂ​ടെ ആ യുവതി​യു​മാ​യി ആറു മാസമാ​യി ഡേറ്റിങ്‌ നടത്തി​വ​രു​ക​യാ​യി​രു​ന്നു. എന്നാൽ ആ പ്രേമ​ഭാ​ജനം മുമ്പിൽ പ്രത്യ​ക്ഷ​പ്പെ​ട്ട​പ്പോൾ മാത്ര​മാണ്‌ മകന്റെ ബന്ധത്തെ​ക്കു​റി​ച്ചു മാതാ​പി​താ​ക്കൾ അറിയു​ന്നത്‌!

“ഇതെങ്ങനെ സംഭവി​ച്ചു?” അവർ ചോദി​ച്ചു. ‘നേരിൽ കണ്ടിട്ടി​ല്ലാത്ത ഒരു വ്യക്തി​യു​മാ​യി സ്‌നേ​ഹ​ത്തി​ലാ​കാൻ ഞങ്ങളുടെ മകന്‌ ഒരിക്ക​ലും കഴിയില്ല’ എന്നായി​രു​ന്നു അവരുടെ ചിന്ത. യഥാർഥ വ്യക്തി​ത്വം മറച്ചു​പി​ടി​ച്ചു​കൊണ്ട്‌ ഫലത്തിൽ മകൻ അവരെ വഞ്ചിക്കു​ക​യാ​യി​രു​ന്നു എന്നതാ​യി​രു​ന്നു വാസ്‌തവം. ഇത്തരത്തി​ലുള്ള വഞ്ചനകൾ കോർട്ടി​ങ്ങി​നുള്ള ഒരു നല്ല അടിസ്ഥാ​നമല്ല എന്നതി​നോ​ടു നിങ്ങൾ യോജി​ക്കി​ല്ലേ?

മിഥ്യക്കു പകരം യാഥാർഥ്യം തിര​ഞ്ഞെ​ടു​ക്കൽ

ഇന്റർനെറ്റ്‌ ഡേറ്റി​ങ്ങിൽ മറ്റ്‌ അപകട​ങ്ങ​ളും ഉണ്ട്‌. ചില​പ്പോ​ഴൊ​ക്കെ, ദിവസ​വും നിങ്ങൾ കാണു​ന്ന​വ​രെ​ക്കാൾ ഇന്റർനെ​റ്റി​ലെ സുഹൃത്ത്‌ നിങ്ങൾക്കു കൂടുതൽ യാഥാർഥ്യം ആയിത്തീർന്നേ​ക്കാം. കുടും​ബം, കൂട്ടു​കാർ, കടമകൾ എന്നിവ​യെ​ല്ലാം രണ്ടാം സ്ഥാന​ത്തേക്കു തള്ളപ്പെ​ടു​ന്നു. ഓസ്‌ട്രി​യ​യി​ലുള്ള മോനി​ക്കാ എന്ന യുവതി ഇങ്ങനെ പറയുന്നു: “ഇന്റർനെ​റ്റി​ലൂ​ടെ പരിച​യ​പ്പെട്ട വ്യക്തി​ക​ളു​മാ​യി ഓൺ-ലൈനിൽ ധാരാളം സമയം ചെലവ​ഴി​ച്ചി​രു​ന്ന​തി​നാൽ പ്രധാ​ന​പ്പെട്ട ബന്ധങ്ങൾ ഞാൻ അവഗണി​ക്കാൻ തുടങ്ങി.” ഇക്കാര്യം തിരി​ച്ച​റി​ഞ്ഞ​പ്പോൾ മനസ്സാ​ക്ഷി​ക്കു​ത്തു തോന്നിയ അവൾ ഇനി ആ വിധത്തിൽ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കി​ല്ലെന്നു തീരു​മാ​നി​ച്ചു.

തീർച്ച​യാ​യും, ഇന്റർനെ​റ്റി​ന്റെ ഉപയോ​ഗ​ത്തിൽ സമനില പാലി​ക്കാൻ അനേക​രും പ്രാപ്‌ത​രാണ്‌. കൂട്ടു​കാ​രോ​ടും പ്രിയ​പ്പെ​ട്ട​വ​രോ​ടും ആശയവി​നി​മയം നടത്തു​ന്ന​തിന്‌ ഇ-മെയിൽ സംവി​ധാ​നം വളരെ​യേറെ ഉപകരി​ക്കു​ന്നു. എങ്കിലും അതൊ​ന്നും, നേരിൽക്കണ്ടു സംസാ​രി​ക്കു​ന്ന​ത്ര​യും വരില്ല എന്നതു ശരിയല്ലേ? നിങ്ങൾ, ലൈം​ഗി​കാ​ഭി​ലാ​ഷങ്ങൾ തിരത​ള്ളി​നിൽക്കുന്ന “നവയൗ​വനം പിന്നിട്ടി”രിക്കു​ന്ന​വ​രും വിവാഹം ചെയ്യാൻ ആഗ്രഹി​ക്കു​ന്ന​വ​രും ആണെങ്കിൽ ജീവി​ത​ത്തി​ലെ അതിനിർണാ​യ​ക​മായ തിര​ഞ്ഞെ​ടു​പ്പു​ക​ളിൽ ഒന്നാണ്‌ നിങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്നത്‌. (1 കൊരി​ന്ത്യർ 7:36NW) അതീവ ശ്രദ്ധ​യോ​ടെ അതു ചെയ്യുക.

“അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വ​സി​ക്കു​ന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു” എന്ന്‌ ബൈബിൾ ഓർമി​പ്പി​ക്കു​ന്നു. (സദൃശ​വാ​ക്യ​ങ്ങൾ 14:15) ഒരിക്കൽപ്പോ​ലും നേരിൽ കണ്ടിട്ടി​ല്ലാത്ത ആരോ നിങ്ങൾക്ക്‌ എഴുതുന്ന സകല കാര്യ​ങ്ങ​ളും അപ്പാടെ വിശ്വ​സി​ക്കു​ന്ന​തി​നു പകരം നിങ്ങളു​ടെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളുക. നേരിൽ കണ്ട്‌ സൗഹൃദം വളർത്തു​ന്ന​താണ്‌ ഏറ്റവും ബുദ്ധി. നിങ്ങൾ പരസ്‌പരം പൊരു​ത്തം ഉള്ളവരാ​ണോ എന്നതു വിലയി​രു​ത്തുക, പ്രത്യേ​കി​ച്ചും നിങ്ങളു​ടെ ആത്മീയ ലക്ഷ്യങ്ങ​ളോ​ടും മൂല്യ​ങ്ങ​ളോ​ടും ഉള്ള ബന്ധത്തിൽ. അങ്ങനെ​യുള്ള ഒരു കോർട്ടിങ്‌ യഥാർഥ​ത്തിൽ സന്തുഷ്ട​മായ ഒരു വിവാ​ഹ​ജീ​വി​ത​ത്തി​ലേക്കു നയിക്കും.

[അടിക്കു​റി​പ്പു​കൾ]

^ ചില പേരു​കൾക്കു മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

[22-ാം പേജിലെ ചിത്രങ്ങൾ]

ഇന്റർനെറ്റിലൂടെ സന്ദേശം അയയ്‌ക്കുന്ന വ്യക്തിയെ നിങ്ങൾക്കു ശരിക്കും അറിയാ​മോ?

[24-ാം പേജിലെ ചിത്രം]

കോർട്ടിങ്ങിന്‌ ഏറ്റവും നല്ല മാർഗം നേരിൽക്കണ്ടു സംസാ​രി​ക്കു​ന്ന​താണ്‌