വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏതു സിനിമകളായിരിക്കും നിങ്ങൾ കാണുക?

ഏതു സിനിമകളായിരിക്കും നിങ്ങൾ കാണുക?

ഏതു സിനി​മ​ക​ളാ​യി​രി​ക്കും നിങ്ങൾ കാണുക?

സമീപ ദശകങ്ങ​ളിൽ, വെള്ളി​ത്തി​ര​യി​ലും മിനി​സ്‌ക്രീ​നി​ലും നിറഞ്ഞു​നിൽക്കുന്ന അക്രമ​രം​ഗ​ങ്ങ​ളും ലൈം​ഗി​കാ​ഭാ​സ​ങ്ങ​ളു​മൊ​ക്കെ പലവിധ പ്രതി​ക​ര​ണ​ങ്ങ​ളാണ്‌ ഉളവാ​ക്കി​യി​രി​ക്കു​ന്നത്‌. ചില സെക്‌സ്‌ രംഗങ്ങൾ അങ്ങേയറ്റം ആഭാസ​ക​ര​മാണ്‌ എന്നു ചിലർ പറയു​മ്പോൾ അതു കലാത്മ​ക​മാ​ണെന്ന്‌ മറ്റു ചിലർ വാദി​ക്കു​ന്നു. ഒരു സിനി​മ​യി​ലെ അക്രമ​രം​ഗങ്ങൾ അനാവ​ശ്യ​വും ന്യായീ​ക​രി​ക്കാ​നാ​വാ​ത്ത​തും ആണെന്നു ചിലർ പറയു​മ്പോൾ അതു ന്യായീ​ക​രി​ക്ക​ത്ത​ക്ക​താ​ണെന്ന്‌ വേറെ ചിലർ അവകാ​ശ​പ്പെ​ടു​ന്നു. അസഭ്യത മുറ്റി​നിൽക്കുന്ന ഡയലോ​ഗു​കൾ വല്ലായ്‌മ ഉളവാ​ക്കു​ന്ന​താ​യി ചിലർ അഭി​പ്രാ​യ​പ്പെ​ടു​മ്പോൾ അവ സിനി​മ​യ്‌ക്കു സ്വാഭാ​വി​കത കൈവ​രു​ത്തു​ന്നു​വെ​ന്നാണ്‌ മറ്റു ചിലരു​ടെ പക്ഷം. ആഭാസ​ത്തരം എന്ന്‌ ഒരു വ്യക്തി കണക്കാ​ക്കു​ന്നത്‌ മറ്റൊ​രാ​ളെ സംബന്ധി​ച്ചി​ട​ത്തോ​ളം ആവിഷ്‌കാ​ര​സ്വാ​ത​ന്ത്ര്യം മാത്ര​മാണ്‌. ഇരുപ​ക്ഷ​ത്തെ​യും വാദഗ​തി​കൾ ശ്രദ്ധി​ക്കുന്ന ഒരു വ്യക്തിക്ക്‌ ഇതു നിസ്സാര കാര്യ​ത്തെ​ച്ചൊ​ല്ലി​യുള്ള ഒരു തർക്കമാ​യി തോന്നി​യേ​ക്കാം.

എന്നാൽ സിനി​മ​യു​ടെ ഉള്ളടക്കം കേവലം നിസ്സാ​ര​മായ ഒരു തർക്കവി​ഷ​യ​മെന്നു പറഞ്ഞു തള്ളിക്ക​ള​യാ​വുന്ന ഒന്നല്ല. മാതാ​പി​താ​ക്ക​ളിൽ മാത്രമല്ല ധാർമിക നിലവാ​ര​ങ്ങളെ വിലമ​തി​ക്കുന്ന എല്ലാവ​രി​ലും ആശങ്കയു​ള​വാ​ക്കുന്ന ഒന്നാണത്‌. “കാണേ​ണ്ടെന്ന്‌ ആദ്യം തീരു​മാ​നിച്ച ഏതെങ്കി​ലും ഒരു സിനിമ, മനസ്സാ​ക്ഷി​യെ മറിക​ടന്ന്‌ പിന്നീടു ഞാൻ കാണാൻ മുതി​രു​ന്ന​പക്ഷം, തീയേ​റ്റ​റിൽനി​ന്നു പുറത്തു​വ​രു​മ്പോൾ എനിക്ക്‌ എന്നോ​ടു​തന്നെ വെറുപ്പു തോന്നും,” ഒരു യുവതി ദുഃഖ​ത്തോ​ടെ പറയുന്നു. “ഈ ചവറു സാധനം പടച്ചു​വിട്ട ആളുക​ളെ​ക്കു​റി​ച്ചു മാത്രമല്ല എന്നെക്കു​റി​ച്ചും എനിക്കു മോശ​മായ അഭി​പ്രാ​യ​മാ​യി​രി​ക്കും. ഞാൻ കണ്ടു​കൊ​ണ്ടി​രുന്ന കാര്യങ്ങൾ എന്റെ വിലയി​ടി​ച്ചു കളഞ്ഞതു​പോ​ലെ എനിക്കു തോന്നും.”

നിലവാ​രങ്ങൾ ഏർപ്പെ​ടു​ത്തൽ

സിനി​മ​യു​ടെ ഉള്ളടക്ക​ത്തെ​ക്കു​റി​ച്ചുള്ള ഉത്‌കണ്‌ഠ പുതിയ ഒന്നല്ല. ചലച്ചി​ത്ര​ത്തി​ന്റെ ആദ്യനാ​ളു​ക​ളിൽത്തന്നെ വെള്ളി​ത്തി​ര​യി​ലെ ലൈം​ഗിക പ്രമേ​യ​ങ്ങ​ളെ​യും കുറ്റകൃ​ത്യ​രം​ഗ​ങ്ങ​ളെ​യും ചൊല്ലി തർക്കമു​യർന്നി​രു​ന്നു. ഒടുവിൽ 1930-കളിൽ, സിനി​മ​യി​ലെ രംഗങ്ങൾക്ക്‌ കർശന നിയ​ന്ത്ര​ണങ്ങൾ ഏർപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു നിയമ​സം​ഹിത ഐക്യ​നാ​ടു​ക​ളിൽ പ്രാബ​ല്യ​ത്തിൽവന്നു.

ദ ന്യൂ എൻ​സൈ​ക്ലോ​പീ​ഡിയ ബ്രിട്ടാ​നി​ക്ക​യു​ടെ അഭി​പ്രാ​യ​ത്തിൽ ഈ പുതിയ നിയമ​സം​ഹിത “അങ്ങേയറ്റം കർക്കശ​മാ​യി​രു​ന്നു. പ്രായ​പൂർത്തി​യെ​ത്തിയ ഒരു സാധാരണ വ്യക്തിയെ സംബന്ധി​ച്ചി​ട​ത്തോ​ളം ഉചിത​മാ​യി​രി​ക്കുന്ന ഏതാണ്ട്‌ എല്ലാ കാര്യ​ങ്ങ​ളു​ടെ​യും പ്രദർശ​നത്തെ അതു വിലക്കി​യി​രു​ന്നു. ‘കാമോ​ദ്ദീ​പ​ക​മായ രംഗങ്ങ’ളുടെ പ്രദർശ​നത്തെ അതു തടഞ്ഞു. വ്യഭി​ചാ​രം, അവിഹിത ലൈം​ഗി​ക​വേഴ്‌ച, വശീക​രണം, ബലാത്സം​ഗം എന്നിവ​യെ​ല്ലാം ഇതിവൃ​ത്ത​ത്തിന്‌ തികച്ചും അനിവാ​ര്യ​മാ​യി​രി​ക്കു​ക​യും അത്തരം കൃത്യങ്ങൾ ചെയ്യു​ന്ന​താ​യി ചിത്രീ​ക​രി​ക്ക​പ്പെ​ടുന്ന കഥാപാ​ത്രങ്ങൾ കഥയുടെ ഒടുവിൽ കഠിന​മാ​യി ശിക്ഷി​ക്ക​പ്പെ​ടു​ക​യും ചെയ്യു​ന്നെ​ങ്കിൽ മാത്രമേ സിനി​മ​യിൽ ഉൾപ്പെ​ടു​ത്താൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. അല്ലാത്ത​പക്ഷം അത്തരം വിഷയങ്ങൾ പരാമർശി​ക്കാൻപോ​ലും കഴിയി​ല്ലാ​യി​രു​ന്നു.”

അക്രമ​ങ്ങ​ളു​ടെ കാര്യ​ത്തിൽ, ചലച്ചി​ത്ര​ങ്ങ​ളിൽ “സമകാ​ലിക ആയുധ​ങ്ങ​ളെ​ക്കു​റി​ച്ചു ചർച്ച ചെയ്യു​ന്ന​തും ഒരു കുറ്റകൃ​ത്യ​ത്തി​ന്റെ വിശദാം​ശങ്ങൾ എടുത്തു​കാ​ണി​ക്കു​ന്ന​തും നിയമ​പാ​ലകർ അക്രമി​ക​ളു​ടെ കയ്യാൽ കൊല്ല​പ്പെ​ടു​ന്ന​തും കടുത്ത മൃഗീ​യ​തയെ അല്ലെങ്കിൽ കൂട്ടക്കു​രു​തി​യെ ദൃശ്യ​വ​ത്‌ക​രി​ക്കു​ന്ന​തും വിലക്ക​പ്പെ​ട്ടി​രു​ന്നു. ഇതിവൃ​ത്ത​ത്തിന്‌ തികച്ചും അനിവാ​ര്യ​മെ​ങ്കിൽ മാത്രമേ കൊല​പാ​തക രംഗങ്ങ​ളോ ആത്മഹത്യാ​രം​ഗ​ങ്ങ​ളോ ചിത്രീ​ക​രി​ക്കാൻ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. . . . ഏതു സാഹച​ര്യ​ത്തി​ലാ​യാ​ലും യാതൊ​രു കുറ്റകൃ​ത്യ​വും ന്യായീ​ക​രി​ക്ക​ത്ത​ക്ക​താ​യി ചിത്രീ​ക​രി​ക്കാ​നാ​വി​ല്ലാ​യി​രു​ന്നു.” ചുരു​ക്ക​ത്തിൽ, “പ്രേക്ഷ​ക​രു​ടെ ധാർമിക നിലവാ​ര​ങ്ങളെ ക്ഷയിപ്പി​ക്കുന്ന തരത്തി​ലുള്ള സിനി​മ​ക​ളൊ​ന്നും നിർമി​ക്കാൻ പാടില്ല” എന്ന്‌ നിയമ​സം​ഹിത അനുശാ​സി​ച്ചി​രു​ന്നു.

വിലക്കു​കൾ സെൻസ​റിങ്‌ സമ്പ്രദാ​യ​ത്തി​നു വഴിമാ​റു​ന്നു

1950-കളോടെ പല ഹോളി​വുഡ്‌ നിർമാ​താ​ക്ക​ളും നിയമ​സം​ഹി​ത​യി​ലെ നിയമങ്ങൾ കാലഹ​ര​ണ​പ്പെ​ട്ട​വ​യാ​ണെന്നു പറഞ്ഞ്‌ അവയെ അവഗണി​ക്കാൻ തുടങ്ങി. അതു​കൊണ്ട്‌ 1968-ൽ നിയമ​സം​ഹിത എടുത്തു​മാ​റ്റി സെൻസ​റിങ്‌ സമ്പ്രദാ​യം കൊണ്ടു​വന്നു. * സെൻസ​റി​ങ്ങി​നു വിധേ​യ​മായ ഒരു സിനി​മ​യിൽ ലൈം​ഗി​ക​തയെ പച്ചയായി ആവിഷ്‌ക​രി​ക്കുന്ന രംഗങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം, എന്നാൽ അതിലെ ഉള്ളടക്കം “പ്രായ​പൂർത്തി​യാ​യ​വർക്കു മാത്രം” കാണാൻ പറ്റിയ തരത്തി​ലു​ള്ള​താണ്‌ എന്ന്‌ പൊതു​ജ​നത്തെ അറിയി​ക്കുന്ന സർട്ടി​ഫി​ക്കറ്റ്‌ അതിനു നൽക​പ്പെ​ടു​മാ​യി​രു​ന്നു. ഇതിന്റെ ലക്ഷ്യം “മക്കൾ ഏതുതരം സിനിമ കാണണം എന്നു നിർണ​യി​ക്കാൻ മാതാ​പി​താ​ക്കളെ സഹായി​ക്കുന്ന ചില മുന്നറി​യി​പ്പു​കൾ നൽകുക എന്നതാ​യി​രു​ന്നു” എന്ന്‌ നാലു പതിറ്റാ​ണ്ടോ​ളം ‘മോഷൻ പിക്‌ചർ ഓഫ്‌ അമേരിക്ക’യുടെ പ്രസി​ഡ​ന്റാ​യി​രുന്ന ജാക്ക്‌ വാലെന്റി പറയുന്നു.

എന്നാൽ ഈ സമ്പ്രദാ​യം നിലവിൽ വന്നതോ​ടെ കാര്യങ്ങൾ നിയ​ന്ത്രണം വിട്ടു​പോ​യി. ലൈം​ഗി​ക​ത​യും അക്രമ​വും അസഭ്യ​സം​ഭാ​ഷ​ണ​വും മുഖ്യ​ധാ​രാ ഹോളി​വുഡ്‌ തിരക്ക​ഥ​ക​ളി​ലേക്കു തള്ളിക്ക​യറി. ചലച്ചി​ത്ര​ങ്ങൾക്കു കൈവന്ന പുത്തൻ സ്വാത​ന്ത്ര്യ​ങ്ങൾ സകല അതിർവ​ര​മ്പു​ക​ളും ഭേദിച്ച്‌ മുന്നോ​ട്ടു കുതിച്ചു. എങ്കിലും സെൻസർ ബോർഡ്‌ സിനി​മ​യ്‌ക്കു നൽകുന്ന സർട്ടി​ഫി​ക്കറ്റ്‌ പൊതു​ജ​ന​ങ്ങൾക്ക്‌ അതിന്റെ ഉള്ളടക്ക​ത്തെ​ക്കു​റി​ച്ചു മുന്നറി​യി​പ്പു നൽകാൻ ഉതകു​മാ​യി​രു​ന്നു. എന്നാൽ അറിഞ്ഞി​രി​ക്കേണ്ട എല്ലാ കാര്യ​ങ്ങ​ളും അതു നിങ്ങ​ളോ​ടു പറയു​ന്നു​ണ്ടോ?

സെൻസർ സർട്ടി​ഫി​ക്കറ്റ്‌ വെളി​പ്പെ​ടു​ത്താത്ത കാര്യങ്ങൾ

കാലം പോയ​തോ​ടെ സെൻസ​റിങ്‌ സമ്പ്രദാ​യം കൂടുതൽ അയഞ്ഞ സമീപനം കൈ​ക്കൊ​ണ്ടി​രി​ക്കു​ന്ന​താ​യി ചിലർ കരുതു​ന്നു. അതിനെ ശരി​വെ​ക്കു​ന്ന​താണ്‌ ഹാർവാർഡ്‌ സ്‌കൂൾ ഓഫ്‌ പബ്ലിക്‌ ഹെൽത്ത്‌ നടത്തിയ ഒരു പഠനം. കൗമാ​ര​ത്തി​ന്റെ ആരംഭ​ദ​ശ​യി​ലു​ള്ള​വർക്കു കാണാൻ പറ്റിയ​തെന്ന്‌ ഇന്നു വിധി​യെ​ഴു​ത​പ്പെ​ടുന്ന സിനി​മ​ക​ളിൽ, പത്തു വർഷം മുമ്പു​ണ്ടാ​യി​രു​ന്ന​തി​നെ​ക്കാൾ കൂടുതൽ അക്രമ​രം​ഗ​ങ്ങ​ളും ആഭാസ​രം​ഗ​ങ്ങ​ളും ഉണ്ടെന്ന്‌ ആ പഠനം കണ്ടെത്തി. “ഒരേ സർട്ടി​ഫി​ക്കറ്റ്‌ ഉള്ള ചിത്ര​ങ്ങ​ളാ​ണെ​ങ്കി​ലും അതിൽ അടങ്ങി​യി​രി​ക്കുന്ന ആഭാസ​ത്തി​ന്റെ അളവും തീവ്ര​ത​യും ഗണ്യമായ വിധത്തിൽ വ്യത്യാ​സ​പ്പെ​ട്ടേ​ക്കാം” എന്നും “ദൃശ്യ​വ​ത്‌ക​രി​ക്ക​പ്പെ​ടുന്ന അക്രമം, ലൈം​ഗി​കത, അസഭ്യ സംഭാ​ഷണം തുടങ്ങി​യ​വ​യെ​ക്കു​റിച്ച്‌ വേണ്ടത്ര വിവരങ്ങൾ സർട്ടി​ഫി​ക്ക​റ്റി​ലെ ചിഹ്നങ്ങൾ പ്രദാനം ചെയ്യു​ന്നില്ല” എന്നും പഠനം ഉപസം​ഹ​രി​ച്ചു. *

മക്കളെ തീയേ​റ്റ​റു​ക​ളി​ലേക്ക്‌ അശ്രദ്ധ​മാ​യി പറഞ്ഞു​വി​ടുന്ന മാതാ​പി​താ​ക്കൾ ഇക്കാലത്ത്‌ ‘ഉചിത​മാ​യി’ വീക്ഷി​ക്ക​പ്പെ​ടു​ന്നത്‌ എന്താണ്‌ എന്നതു സംബന്ധിച്ച്‌ അജ്ഞരാ​യി​രി​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ ഐക്യ​നാ​ടു​ക​ളിൽ കൗമാ​ര​ക്കാർക്ക്‌ കാണാൻ പറ്റിയത്‌ എന്ന സർട്ടി​ഫി​ക്കറ്റ്‌ നൽകപ്പെട്ട ഒരു ചിത്ര​ത്തി​ലെ പ്രധാന കഥാപാ​ത്രത്തെ “ഒരു കൂസലു​മി​ല്ലാ​തെ നിത്യേന മദ്യപി​ക്കു​ക​യും മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ക​യും വെറി​ക്കൂ​ത്തു​ക​ളിൽ പങ്കെടു​ക്കു​ക​യും ഒരാൺകു​ട്ടി​യെ പരിച​യ​പ്പെ​ടുന്ന ഉടനെ കാമാർത്തി​പൂണ്ട്‌ അവനു​മാ​യി ബന്ധപ്പെ​ടു​ക​യും ചെയ്യുന്ന കെട്ടഴി​ഞ്ഞു​ന​ട​ക്കുന്ന ഒരു പതി​നേ​ഴു​കാ​രി” എന്നാണ്‌ ഒരു ചലച്ചിത്ര നിരൂ​പകൻ വിശേ​ഷി​പ്പി​ച്ചത്‌. ഇത്തരം ഉള്ളടക്കങ്ങൾ അസാധാ​ര​ണ​മ​ല്ലാ​താ​യി​രി​ക്കു​ക​യാണ്‌. കൗമാ​ര​ക്കാർക്കു​ള്ളത്‌ എന്നു പറയ​പ്പെ​ടുന്ന ചിത്ര​ങ്ങ​ളിൽ അധരസം​ഭോ​ഗ​ത്തെ​ക്കു​റി​ച്ചുള്ള പരാമർശങ്ങൾ “സർവസാ​ധാ​രണ”മായി കാണ​പ്പെ​ടു​ന്നു എന്ന്‌ ദ വാഷി​ങ്‌ടൺ പോസ്റ്റ്‌ മാഗസിൻ പറയുന്നു. സെൻസർ സർട്ടി​ഫി​ക്ക​റ്റി​നെ മാത്രം ആശ്രയി​ച്ചു​കൊണ്ട്‌ ഒരു സിനി​മ​യു​ടെ ഉള്ളടക്കം വിലയി​രു​ത്താൻ സാധി​ക്കി​ല്ലെന്നു വ്യക്തം. അതിലും ആശ്രയ​യോ​ഗ്യ​മായ ഒരു വഴികാ​ട്ടി​യു​ണ്ടോ?

“ദോഷത്തെ വെറു​പ്പിൻ”

സെൻസ​റിങ്‌ സമ്പ്രദാ​യം ഒരു ബൈബിൾ പരിശീ​ലിത മനസ്സാ​ക്ഷിക്ക്‌ പകരമാ​കു​ന്നില്ല. ക്രിസ്‌ത്യാ​നി​കൾ തങ്ങളുടെ എല്ലാ തീരു​മാ​ന​ങ്ങ​ളി​ലും—വിനോ​ദ​കാ​ര്യ​ങ്ങ​ളിൽ ഉൾപ്പെടെ—“ദോഷത്തെ വെറു​പ്പിൻ” എന്ന സങ്കീർത്തനം 97:10-ലെ ബുദ്ധി​യു​പ​ദേശം പിൻപ​റ്റാൻ ശ്രമി​ക്കു​ന്നു. ദോഷത്തെ വെറു​ക്കുന്ന ഒരു വ്യക്തി, ദൈവം വെറു​ക്കുന്ന കാര്യങ്ങൾ കണ്ടുര​സി​ക്കു​ന്ന​തി​നെ തെറ്റായി കണക്കാ​ക്കു​ന്നു.

ഏതെല്ലാം തരം സിനി​മകൾ കാണാൻ കുട്ടി​കളെ അനുവ​ദി​ക്കു​ന്നു എന്നതു സംബന്ധിച്ച്‌ മാതാ​പി​താ​ക്കൾ വിശേ​ഷാൽ ശ്രദ്ധ പുലർത്തേ​ണ്ട​തുണ്ട്‌. ചിത്ര​ത്തിന്‌ സെൻസർ ബോർഡ്‌ നൽകി​യി​രി​ക്കുന്ന ചിഹ്നം ലാഘവ​ത്തോ​ടെ ഒന്നു നോക്കു​ക​മാ​ത്രം ചെയ്‌ത്‌, കുട്ടി​കൾക്ക്‌ ആ സിനിമ കാണാൻ അനുമതി നൽകു​ന്നത്‌ തികഞ്ഞ ബുദ്ധി​ശൂ​ന്യ​ത​യാ​യി​രി​ക്കും. ഒരു സിനിമ നിങ്ങളു​ടെ കുട്ടി​യു​ടെ പ്രായ​പ​രി​ധി​യി​ലു​ള്ള​വർക്കു കാണാൻ പറ്റിയ​തെന്നു വിധി​യെ​ഴു​ത​പ്പെ​ട്ടി​രി​ക്കാ​മെ​ങ്കി​ലും ഒരു മാതാവ്‌ അല്ലെങ്കിൽ പിതാവ്‌ എന്ന നിലയിൽ നിങ്ങൾക്കു സ്വീകാ​ര്യ​മ​ല്ലാത്ത നിലവാ​ര​ങ്ങ​ളാ​യി​രി​ക്കാം അതു പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. ക്രിസ്‌ത്യാ​നി​കളെ ഇതു തെല്ലും അത്ഭുത​പ്പെ​ടു​ത്തു​ന്നില്ല. കാരണം ദൈവിക നിലവാ​ര​ങ്ങൾക്കു വിരു​ദ്ധ​മായ ചിന്താ​ഗ​തി​യും പ്രവർത്ത​ന​രീ​തി​യു​മാണ്‌ ഈ ലോകം സ്വീക​രി​ച്ചി​രി​ക്കു​ന്നത്‌ എന്ന്‌ അവർക്ക​റി​യാം. *എഫെസ്യർ 4:17, 18; 1 യോഹ​ന്നാൻ 2:15-17.

ഇതിനർഥം എല്ലാ സിനി​മ​ക​ളും മോശ​മാ​ണെന്നല്ല. എങ്കിലും ജാഗ്രത പാലി​ക്കേ​ണ്ടത്‌ അത്യാ​വ​ശ്യ​മാണ്‌. 1997 മേയ്‌ 22 ലക്കം ഉണരുക! ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “ഓരോ വ്യക്തി​യും കാര്യങ്ങൾ ശ്രദ്ധാ​പൂർവം തൂക്കി​നോ​ക്കി ദൈവ​ത്തി​നും മനുഷ്യ​നും മുമ്പാകെ തനിക്ക്‌ ഒരു ശുദ്ധ മനസ്സാക്ഷി നിലനി​റു​ത്താ​നു​ത​കുന്ന തീരു​മാ​നങ്ങൾ എടുക്കണം.”—1 കൊരി​ന്ത്യർ 10:31-33.

അനു​യോ​ജ്യ​മായ വിനോ​ദങ്ങൾ കണ്ടെത്തൽ

തങ്ങളുടെ കുടും​ബം ഏതു സിനിമ കാണണം എന്നു മാതാ​പി​താ​ക്കൾക്ക്‌ എപ്രകാ​രം തീരു​മാ​നി​ക്കാൻ കഴിയും? ലോക​ത്തി​ന്റെ വിവിധ ഭാഗങ്ങ​ളിൽനി​ന്നുള്ള ചില മാതാ​പി​താ​ക്ക​ളു​ടെ അഭി​പ്രാ​യം ശ്രദ്ധി​ക്കുക. കുടും​ബ​ത്തിന്‌ ആരോ​ഗ്യാ​വ​ഹ​മായ വിനോ​ദങ്ങൾ പ്രദാനം ചെയ്യാ​നുള്ള നിങ്ങളു​ടെ ശ്രമത്തെ സഹായി​ക്കാൻ അതിനു കഴി​ഞ്ഞേ​ക്കും.—14-ാം പേജിലെ, “മറ്റു തരം വിനോ​ദങ്ങൾ” എന്ന ചതുര​വും കാണുക.

സ്‌പെ​യി​നി​ലു​ള്ള ഹ്വാൻ പറയുന്നു: “ഞങ്ങളുടെ മക്കൾ കുട്ടി​ക​ളാ​യി​രു​ന്ന​പ്പോൾ അവർ സിനി​മ​യ്‌ക്കു പോകു​മ്പോ​ഴൊ​ക്കെ ഞാനോ ഭാര്യ​യോ അവരുടെ കൂടെ​യു​ണ്ടാ​കു​മാ​യി​രു​ന്നു. ഞങ്ങൾ ഒരിക്ക​ലും അവരെ തനിച്ചോ മറ്റു കുട്ടി​ക​ളോ​ടൊ​പ്പ​മോ സിനി​മ​യ്‌ക്കു വിടു​മാ​യി​രു​ന്നില്ല. ഇപ്പോൾ അവർ കൗമാ​ര​പ്രാ​യ​ത്തി​ലാണ്‌. ഒരു സിനിമ റിലീ​സാ​കുന്ന അന്നുതന്നെ അവർ അതു കാണാൻ പോകില്ല. മറിച്ച്‌ അതേക്കു​റി​ച്ചുള്ള നിരൂ​പ​ണങ്ങൾ പുറത്തു​വ​രു​ന്ന​തു​വ​രെ​യോ ഞങ്ങൾക്കു വിശ്വ​സി​ക്കാ​വുന്ന ആരിൽനി​ന്നെ​ങ്കി​ലും ആ സിനി​മ​യെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യം ലഭിക്കു​ന്ന​തു​വ​രെ​യോ അവർ കാത്തി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു. അതിനു​ശേഷം, ആ സിനിമ കാണാൻ പോക​ണ​മോ വേണ്ടയോ എന്ന്‌ ഞങ്ങളുടെ കുടും​ബം ഒത്തൊ​രു​മി​ച്ചു തീരു​മാ​നി​ക്കും.”

ദക്ഷിണാ​ഫ്രി​ക്ക​യി​ലുള്ള മാർക്ക്‌, തീയേ​റ്റ​റു​ക​ളിൽ ഓടുന്ന പടത്തെ​ക്കു​റി​ച്ചുള്ള അഭി​പ്രാ​യം തുറന്നു പ്രകടി​പ്പി​ക്കാൻ മകനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. “ഞാനും ഭാര്യ​യും സംഭാ​ഷണം തുടങ്ങി​വെ​ക്കും, സിനി​മ​യെ​ക്കു​റി​ച്ചുള്ള അവന്റെ അഭി​പ്രാ​യം ഞങ്ങൾ ചോദി​ച്ച​റി​യും,” മാർക്ക്‌ പറയുന്നു. “ഇത്‌ അവന്റെ മനസ്സി​ലു​ള്ളത്‌ എന്താ​ണെ​ന്ന​റി​യാ​നും അവനു​മാ​യി ന്യായ​വാ​ദം ചെയ്യാ​നും ഞങ്ങളെ സഹായി​ക്കു​ന്നു. തത്‌ഫ​ല​മാ​യി കുടും​ബ​ത്തിന്‌ ഒത്തൊ​രു​മി​ച്ചി​രുന്ന്‌ ആസ്വദി​ക്കാൻ കഴിയുന്ന സിനി​മകൾ തിര​ഞ്ഞെ​ടു​ക്കാൻ ഞങ്ങൾക്കു കഴിയു​ന്നു.”

ബ്രസീ​ലി​ലെ റോ​ഷേ​ര്യൂ​വും മക്കളോ​ടൊ​പ്പം, അവർ കാണാൻ ആഗ്രഹി​ക്കുന്ന സിനി​മ​യെ​ക്കു​റി​ച്ചു വിശക​ലനം ചെയ്യാ​റുണ്ട്‌. “ആ സിനി​മ​യെ​ക്കു​റി​ച്ചുള്ള നിരൂ​പ​ക​രു​ടെ അഭി​പ്രാ​യം ഞാൻ മക്കളു​മൊ​ന്നി​ച്ചി​രു​ന്നു വായി​ക്കും,” അദ്ദേഹം പറയുന്നു. “വീഡി​യോ കാസെ​റ്റി​ന്റെ കവർ നോക്കി ഒരു സിനിമ കാണാൻ കൊള്ളാ​വു​ന്ന​താ​ണോ അല്ലയോ എന്ന്‌ എങ്ങനെ വിലയി​രു​ത്താ​മെന്നു പഠിപ്പി​ക്കാൻ ഞാൻ അവരോ​ടൊ​പ്പം കാസെറ്റ്‌ കടയിൽ പോകാ​റുണ്ട്‌.”

ബ്രിട്ട​നി​ലു​ള്ള മാത്യു​വും, കാണാൻ ആഗ്രഹി​ക്കുന്ന സിനി​മ​ക​ളെ​ക്കു​റി​ച്ചു മക്കളു​മാ​യി സംസാ​രി​ക്കു​ന്നത്‌ പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. “ഞങ്ങൾക്കു കാണണ​മെന്നു തോന്നുന്ന സിനി​മ​യു​ടെ ഉള്ളടക്ക​ത്തെ​ക്കു​റി​ച്ചു ചർച്ച ചെയ്യു​മ്പോൾ ചെറു​പ്രാ​യം മുതൽത്തന്നെ മക്കളെ​യും ഞങ്ങൾ ഉൾപ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഒരു സിനിമ കാണേ​ണ്ടെന്നു വെറു​തെ​യങ്ങു പറയു​ന്ന​തി​നു പകരം അതിന്റെ കാരണം എന്താ​ണെന്നു വിവരി​ക്കാൻ ഞാനും ഭാര്യ​യും ശ്രദ്ധി​ക്കാ​റുണ്ട്‌.”

കൂടാതെ, ചില മാതാ​പി​താ​ക്കൾ സിനി​മ​ക​ളെ​ക്കു​റിച്ച്‌ ഇന്റർനെ​റ്റിൽനിന്ന്‌ വിവരങ്ങൾ ശേഖരി​ക്കു​ന്നതു പ്രയോ​ജ​ന​പ്ര​ദ​മാ​ണെന്നു മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. സിനി​മ​യു​ടെ ഉള്ളടക്ക​ത്തെ​ക്കു​റിച്ച്‌ വിശദ​മായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന ഒട്ടനവധി വെബ്‌​സൈ​റ്റു​കൾ ഉണ്ട്‌. ഒരു സിനിമ പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന മൂല്യങ്ങൾ എന്തൊ​ക്കെ​യാ​ണെന്നു വ്യക്തമാ​യി മനസ്സി​ലാ​ക്കാൻ ഇതെല്ലാം സഹായ​ക​മാ​യി​രി​ക്കും.

ഒരു പരിശീ​ലിത മനസ്സാ​ക്ഷി​യു​ടെ പ്രയോ​ജ​ന​ങ്ങൾ

“നന്മതി​ന്മ​കളെ തിരി​ച്ച​റി​വാൻ തഴക്കത്താൽ അഭ്യസിച്ച ഇന്ദ്രി​യ​ങ്ങ​ളു​ള്ളവ”രെക്കു​റിച്ച്‌ ബൈബിൾ പറയുന്നു. (എബ്രായർ 5:14) അതു​കൊണ്ട്‌, വിനോ​ദങ്ങൾ സ്വയം തിര​ഞ്ഞെ​ടു​ക്കാൻ സ്വാത​ന്ത്ര്യ​മു​ള്ള​പ്പോൾ ജ്ഞാനപൂർവ​ക​മായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ മക്കളെ സഹായി​ക്കു​ന്ന​തരം മൂല്യങ്ങൾ അവരിൽ നട്ടുവ​ളർത്തുക എന്നതാ​യി​രി​ക്കണം മാതാ​പി​താ​ക്ക​ളു​ടെ ലക്ഷ്യം.

യഹോ​വ​യു​ടെ സാക്ഷി​ക​ളായ യുവാ​ക്ക​ളിൽ അനേകർക്കും ഇക്കാര്യ​ത്തിൽ മാതാ​പി​താ​ക്ക​ളിൽനി​ന്നു മികച്ച പരിശീ​ലനം ലഭിച്ചി​ട്ടുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളി​ലുള്ള ബില്ലും ചെറി​യും കൗമാ​ര​പ്രാ​യ​ത്തി​ലുള്ള തങ്ങളുടെ രണ്ട്‌ ആൺമക്ക​ളു​മൊത്ത്‌ സിനി​മ​യ്‌ക്കു പോകാ​റുണ്ട്‌. ബിൽ പറയുന്നു: “സിനിമ കണ്ടു മടങ്ങു​മ്പോൾ മിക്ക​പ്പോ​ഴും ഞങ്ങൾ കുടും​ബം ഒന്നിച്ച്‌ അതിന്റെ ഉള്ളടക്ക​ത്തെ​ക്കു​റി​ച്ചു ചർച്ച ചെയ്യും—എന്തെല്ലാം മൂല്യ​ങ്ങ​ളാണ്‌ ആ സിനിമ പഠിപ്പി​ച്ചത്‌, അവ ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു​ണ്ടോ എന്നൊക്കെ.” ഏതു സിനിമ കാണണം എന്നു തീരു​മാ​നി​ക്കുന്ന കാര്യ​ത്തി​ലും ബില്ലും ചെറി​യും ജാഗ്രത പുലർത്താ​റുണ്ട്‌. “സിനി​മ​യെ​ക്കു​റി​ച്ചുള്ള നിരൂ​പ​ണങ്ങൾ ഞങ്ങൾ മുൻകൂ​ട്ടി വായി​ക്കും. ഇനി, സിനിമ കണ്ടു​കൊ​ണ്ടി​രി​ക്കു​മ്പോൾ അതിലെ ഏതെങ്കി​ലും രംഗങ്ങൾ കാണാൻ കൊള്ളാ​വു​ന്ന​ത​ല്ലെന്നു തോന്നി​യാൽ ഇറങ്ങി​പ്പോ​രാ​നും ഞങ്ങൾക്കു മടിയില്ല,” ബിൽ തുടരു​ന്നു. ഉത്തരവാ​ദി​ത്വ​ബോ​ധം പ്രതി​ഫ​ലി​പ്പി​ക്കുന്ന ഇത്തരം തീരു​മാ​നങ്ങൾ എടുക്കു​ന്ന​തിൽ മക്കളെ​ക്കൂ​ടെ ഉൾപ്പെ​ടു​ത്തു​ക​വഴി, ശരിയും തെറ്റും സംബന്ധിച്ച്‌ സൂക്ഷ്‌മ​മായ അവബോ​ധം വളർത്തി​യെ​ടു​ക്കു​ന്ന​തിൽ അവരെ സഹായി​ക്കാ​നാ​കു​ന്നു​വെന്ന്‌ ബില്ലും ചെറി​യും വിശ്വ​സി​ക്കു​ന്നു. “ഏതു സിനിമ കാണണം എന്നു തീരു​മാ​നി​ക്കു​മ്പോൾ അവർ കൂടുതൽ വിവേകം പ്രകട​മാ​ക്കു​ന്നുണ്ട്‌,” ബിൽ പറയുന്നു.

വിനോ​ദ​ത്തി​ന്റെ കാര്യ​ത്തിൽ ഇന്ദ്രി​യ​ങ്ങളെ അഥവാ ഗ്രഹണ​പ്രാ​പ്‌തി​കളെ പരിശീ​ലി​പ്പി​ക്കു​ന്ന​തിൽ ബില്ലി​നെ​യും ചെറി​യെ​യും പോലെ പല മാതാ​പി​താ​ക്ക​ളും അവരുടെ മക്കളെ സഹായി​ച്ചി​ട്ടുണ്ട്‌. ചലച്ചി​ത്ര​വ്യ​വ​സാ​യം നിർമി​ക്കുന്ന സിനി​മ​ക​ളിൽ ഏറിയ പങ്കും ഉചിത​മാ​യവ അല്ലെന്ന്‌ അവർ തിരി​ച്ച​റി​യു​ന്നു. ബൈബിൾ തത്ത്വങ്ങ​ളാൽ വഴിന​യി​ക്ക​പ്പെ​ടു​ന്നെ​ങ്കിൽ ക്രിസ്‌ത്യാ​നി​കൾക്ക്‌ ആരോ​ഗ്യാ​വ​ഹ​വും ഉന്മേഷ​ദാ​യ​ക​വും ആയ നല്ല വിനോ​ദങ്ങൾ ആസ്വദി​ക്കാ​നാ​വും.

[അടിക്കു​റി​പ്പു​കൾ]

^ പല രാജ്യ​ങ്ങ​ളും സമാന​മായ ഒരു സമ്പ്രദാ​യം കൈ​ക്കൊ​ണ്ടി​ട്ടുണ്ട്‌. ഒരു ചിത്ര​ത്തി​നു നൽക​പ്പെ​ടുന്ന സർട്ടി​ഫി​ക്ക​റ്റി​ലെ ചിഹ്നം അത്‌ ഏതു പ്രായ​ക്കാർക്കു കാണാൻ പറ്റിയ​താണ്‌ എന്നു സൂചി​പ്പി​ക്കു​ന്നു.

^ ഇതിനുപുറമേ, ഒരു ചലച്ചി​ത്ര​ത്തിന്‌ ഏതു സർട്ടി​ഫി​ക്കറ്റ്‌ നൽകും എന്നുള്ളത്‌ ഓരോ രാജ്യ​ത്തും വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കു​ന്നു. കൗമാ​ര​ക്കാർക്ക്‌ പറ്റിയ​ത​ല്ലെന്ന്‌ ഒരു ദേശത്ത്‌ വിധി​യെ​ഴു​ത​പ്പെ​ടുന്ന ഒരു ചിത്രം മറ്റൊരു ദേശത്ത്‌ അങ്ങനെ വീക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്നില്ല.

^ കുട്ടികൾക്കും കൗമാ​ര​ക്കാർക്കും വേണ്ടി​യുള്ള സിനി​മ​ക​ളിൽ മന്ത്രവാ​ദം, ആത്മവിദ്യ എന്നിവ​പോ​ലുള്ള, ഭൂതാ​രാ​ധ​ന​യു​മാ​യി ബന്ധപ്പെട്ട കാര്യങ്ങൾ ഉണ്ടായി​രി​ക്കാ​മെന്ന്‌ ക്രിസ്‌ത്യാ​നി​കൾ മനസ്സിൽപ്പി​ടി​ക്കണം.—1 കൊരി​ന്ത്യർ 10:21.

[12-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

“ഞങ്ങൾ ഒരുമി​ച്ചു തീരു​മാ​നി​ക്കു​ന്നു”

“എന്റെ കൊച്ചു​ന്നാ​ളിൽ ഞങ്ങൾ കുടും​ബ​മൊ​ന്നി​ച്ചാണ്‌ സിനി​മ​യ്‌ക്കു പോയി​രു​ന്നത്‌. ഇപ്പോൾ ഞാൻ മുതിർന്ന​തു​കൊണ്ട്‌ തനിച്ചു പോകാൻ അനുവാ​ദ​മുണ്ട്‌. എങ്കിലും, സിനി​മ​യു​ടെ പേരും പ്രമേ​യ​വും അറിഞ്ഞ​ശേ​ഷമേ മാതാ​പി​താ​ക്കൾ എന്നെ പോകാൻ അനുവ​ദി​ക്കാ​റു​ള്ളൂ. അതിന്റെ ഉള്ളടക്കം അറിയി​ല്ലെ​ങ്കിൽ അവർ അതേക്കു​റി​ച്ചുള്ള നിരൂ​പണം വായി​ക്കു​ക​യോ ടിവി-യിൽ വരുന്ന ട്രെയി​ലർ കാണു​ക​യോ ചെയ്യും. കൂടാതെ ഇന്റർനെ​റ്റിൽനി​ന്നും വിവരങ്ങൾ ശേഖരി​ക്കും. അത്‌ എനിക്കു കാണാൻ കൊള്ളാ​വു​ന്ന​ത​ല്ലെന്നു തോന്നി​യാൽ അതിന്റെ കാരണം വിശദീ​ക​രി​ച്ചു​ത​രും. എന്റെ അഭി​പ്രാ​യം തുറന്നു പ്രകടി​പ്പി​ക്കാ​നും അവർ അനുവ​ദി​ക്കാ​റുണ്ട്‌. ഒടുവിൽ ഞങ്ങൾ ഒരുമി​ച്ചു തീരു​മാ​നി​ക്കു​ന്നു.”—ഫ്രാൻസിൽനി​ന്നുള്ള 19 വയസ്സു​കാ​രി ഏലോ​യിസ്‌.

[13-ാം പേജിലെ ചതുരം/ചിത്രം]

പ്രശ്‌നം ചർച്ച ചെയ്യുക!

“സിനിമ കാണു​ന്ന​തി​നെ​യും മറ്റും മാതാ​പി​താ​ക്കൾ വിലക്കു​ക​യും അതിനു പകരം മറ്റു വിനോ​ദ​ങ്ങ​ളൊ​ന്നും ക്രമീ​ക​രി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​മ്പോൾ കുട്ടികൾ അവരുടെ ആഗ്രഹങ്ങൾ രഹസ്യ​മാ​യി നിറ​വേ​റ്റാൻ ശ്രമി​ച്ചേ​ക്കാം. അതു​കൊണ്ട്‌ ആരോ​ഗ്യാ​വ​ഹ​മ​ല്ലാത്ത എന്തെങ്കി​ലും കാണാൻ കുട്ടികൾ ആഗ്രഹം പ്രകടി​പ്പി​ക്കു​മ്പോൾ ചില മാതാ​പി​താ​ക്കൾ അവരെ വിലക്കു​ക​യില്ല, അതേസ​മയം അതിന്‌ അനുവാ​ദം നൽകു​ക​യു​മില്ല. പകരം അവർ സാഹച​ര്യം ഒന്നു തണുക്കാൻ കാത്തി​രി​ക്കു​ന്നു. ഏതാനും ദിവസ​ങ്ങ​ളെ​ടുത്ത്‌, ശാന്തമാ​യി കുട്ടി​യോട്‌ അതേക്കു​റി​ച്ചു സംസാ​രി​ക്കു​ന്നു. എന്തു​കൊ​ണ്ടാണ്‌ അത്‌ കാണണ​മെന്നു തോന്നു​ന്ന​തെന്ന്‌ അവർ കുട്ടി​യോ​ടു ചോദി​ച്ച​റി​യു​ന്നു. പ്രശ്‌നം ചർച്ച ചെയ്യു​മ്പോൾ കുട്ടികൾ മിക്ക​പ്പോ​ഴും മാതാ​പി​താ​ക്ക​ളു​മാ​യി യോജി​പ്പി​ലെ​ത്തു​ന്നു, അവർ അതിനാ​യി മാതാ​പി​താ​ക്ക​ളോ​ടു നന്ദി പറയു​ക​പോ​ലും ചെയ്യുന്നു. പിന്നീട്‌, കുടും​ബ​ത്തിന്‌ ഒത്തൊ​രു​മിച്ച്‌ ആസ്വദി​ക്കാൻ കഴിയുന്ന വേറെ ഏതെങ്കി​ലും വിനോ​ദങ്ങൾ മാതാ​പി​താ​ക്ക​ളു​ടെ മേൽനോ​ട്ട​ത്തിൽ അവർ തിര​ഞ്ഞെ​ടു​ക്കു​ന്നു.”—ജപ്പാനി​ലെ ഒരു സഞ്ചാര മേൽവി​ചാ​ര​ക​നായ മാസാക്കി.

[14-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

മറ്റുതരം വിനോ​ദ​ങ്ങൾ

◼ “കുട്ടി​കൾക്ക്‌ സമപ്രാ​യ​ക്കാ​രോ​ടൊ​പ്പം ആയിരി​ക്കാ​നുള്ള സഹജമായ ആഗ്രഹ​മുണ്ട്‌. അതു​കൊണ്ട്‌ ഞങ്ങളുടെ മകൾക്ക്‌ ഞങ്ങളുടെ മേൽനോ​ട്ട​ത്തിൽ നല്ല സഹവാസം ആസ്വദി​ക്കു​ന്ന​തിന്‌ അവസര​മു​ണ്ടാ​ക്കാൻ ഞങ്ങൾ എല്ലായ്‌പോ​ഴും ശ്രദ്ധി​ക്കാ​റുണ്ട്‌. ഞങ്ങളുടെ സഭയിൽ മാതൃ​കാ​യോ​ഗ്യ​രായ അനേകം യുവജ​നങ്ങൾ ഉള്ളതി​നാൽ അവരു​മാ​യി സൗഹൃ​ദ​ത്തി​ലാ​കാൻ ഞങ്ങൾ അവളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു.”—ഏലീസ, ഇറ്റലി.

◼ “മക്കളുടെ വിനോ​ദ​കാ​ര്യ​ങ്ങ​ളിൽ ഞങ്ങൾ വളരെ​യ​ധി​കം ശ്രദ്ധി​ക്കാ​റുണ്ട്‌. അവർക്കു​വേണ്ടി ഞങ്ങൾ ആരോ​ഗ്യാ​വ​ഹ​മായ പലവിധ പരിപാ​ടി​കൾ ക്രമീ​ക​രി​ക്കു​ന്നു—വെറുതെ ചുറ്റി​ന​ടന്ന്‌ പ്രകൃ​തി​ഭം​ഗി ആസ്വദി​ക്കുക, ബാർബെ​ക്യു പാർട്ടി​കൾ ഒരുക്കുക, എല്ലാ പ്രായ​ത്തി​ലുള്ള സഹക്രി​സ്‌ത്യാ​നി​ക​ളെ​യും ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള കൂടി​വ​ര​വു​കൾ സംഘടി​പ്പി​ക്കുക, അങ്ങനെ പലതും. അതു​കൊണ്ട്‌, വിനോ​ദ​മെന്നു പറഞ്ഞാൽ സമപ്രാ​യ​ക്കാ​രോ​ടൊ​പ്പം മാത്രം ആസ്വദി​ക്കാ​വുന്ന ഒരു കാര്യ​മാ​യി ഞങ്ങളുടെ മക്കൾക്കു തോന്നാ​റില്ല.”—ജോൺ, ബ്രിട്ടൻ.

◼ “സഹക്രി​സ്‌ത്യാ​നി​ക​ളു​മാ​യുള്ള ഒത്തുകൂ​ടൽ വളരെ സംതൃ​പ്‌തി​ദാ​യ​ക​മാ​ണെന്നു ഞങ്ങൾ കണ്ടെത്തി​യി​രി​ക്കു​ന്നു. എന്റെ മക്കൾക്ക്‌ ഫുട്‌ബോൾ കളി വളരെ ഇഷ്ടമാണ്‌. അതു​കൊണ്ട്‌ മറ്റുള്ള​വ​രോ​ടൊ​പ്പം അതു കളിക്കാൻ ഇടയ്‌ക്കി​ടെ ഞങ്ങൾ ക്രമീ​ക​രണം ചെയ്യാ​റുണ്ട്‌.”—ഹ്വാൻ, സ്‌പെ​യിൻ.

◼ “സംഗീ​തോ​പ​ക​ര​ണങ്ങൾ വായി​ക്കാൻ ഞങ്ങൾ മക്കളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​റുണ്ട്‌. കൂടാതെ ടെന്നിസ്‌, വോളി​ബോൾ, സൈക്കിൾ സവാരി, വായന എന്നിങ്ങ​നെ​യുള്ള ഹോബി​ക​ളിൽ ഒരുമിച്ച്‌ ഏർപ്പെ​ടാ​നും ഞങ്ങൾ ശ്രദ്ധി​ക്കു​ന്നു. സുഹൃ​ത്തു​ക്ക​ളു​മാ​യി ഒത്തുകൂ​ടാ​നും ഞങ്ങൾ ക്രമീ​ക​രണം ചെയ്യാ​റുണ്ട്‌.”—മാർക്ക്‌, ബ്രിട്ടൻ.

◼ “ഞങ്ങൾ കുടും​ബം ഒത്തൊ​രു​മി​ച്ചും സുഹൃ​ത്തു​ക്ക​ളോ​ടൊ​പ്പ​വും ബൗളി​ങ്ങിൽ ഏർപ്പെ​ടാ​റുണ്ട്‌. കൂടാതെ, മാസത്തി​ലൊ​രി​ക്കൽ വിശേ​ഷ​പ്പെട്ട എന്തെങ്കി​ലും ഒരുമിച്ച്‌ ചെയ്യാ​നും ഞങ്ങൾ ക്രമീ​ക​രി​ക്കു​ന്നു. മാതാ​പി​താ​ക്കൾ എല്ലായ്‌പോ​ഴും കണ്ണും കാതും തുറന്നു​പി​ടി​ക്കണം, എങ്കിൽ പ്രശ്‌നങ്ങൾ കുറെ​യൊ​ക്കെ ഒഴിവാ​ക്കാൻ സാധി​ക്കും.”—ഡാനി​ലോ, ഫിലി​പ്പീൻസ്‌.

◼ “സിനിമ കണ്ടു​കൊണ്ട്‌ ഒരു കസേര​യിൽ ചടഞ്ഞി​രി​ക്കു​ന്ന​തി​നെ​ക്കാൾ നല്ലതാണ്‌ സംഭവങ്ങൾ നേരിൽ കാണു​ന്നത്‌. അതു​കൊണ്ട്‌, ചിത്ര​കലാ പ്രദർശനം, കാർ ഷോ, സംഗീത പരിപാ​ടി​കൾ എന്നിങ്ങ​നെ​യുള്ള കാര്യങ്ങൾ കാണു​ന്ന​തിന്‌ ഞങ്ങൾ എപ്പോ​ഴും ശ്രദ്ധി​ക്കും. ഇങ്ങനെ​യുള്ള സന്ദർഭ​ങ്ങ​ളിൽ പരസ്‌പരം സംസാ​രി​ക്കാൻ കഴിയും എന്നതാണ്‌ ഒരു ഗുണം. വിനോ​ദം അധിക​മാ​കാ​തി​രി​ക്കാ​നും ഞങ്ങൾ ശ്രദ്ധി​ക്കാ​റുണ്ട്‌. കാരണം അത്‌ സമയം പാഴാ​ക്കു​മെന്നു മാത്രമല്ല, കാര്യ​ങ്ങ​ളു​ടെ പുതുമ നഷ്ടപ്പെ​ടാ​നും അങ്ങനെ ഉത്സാഹം കെടു​ത്താ​നും ഇടയാ​ക്കും.”—ജൂഡിത്ത്‌, ദക്ഷിണാ​ഫ്രിക്ക.

◼ “മറ്റു കുട്ടികൾ ചെയ്യു​ന്ന​തെ​ല്ലാം എന്റെ മക്കൾക്ക്‌ ഉചിത​മാ​ണെന്ന്‌ ഞാൻ കരുതു​ന്നില്ല, അതു മനസ്സി​ലാ​ക്കാൻ ഞാൻ അവരെ സഹായി​ക്കാ​റുണ്ട്‌. അതോ​ടൊ​പ്പം നല്ല വിനോ​ദം അവർക്കു പ്രദാനം ചെയ്യാ​നും ഞാനും ഭർത്താ​വും ശ്രമി​ക്കു​ന്നു. ‘ഞങ്ങളെ എങ്ങും കൊണ്ടു​പോ​കാ​റി​ല്ല​ല്ലോ, ഒന്നും ചെയ്യാൻ ഞങ്ങളെ അനുവ​ദി​ക്കു​ന്നി​ല്ല​ല്ലോ’ എന്നൊ​ക്കെ​യുള്ള പരാതി​കൾ ഉണ്ടാകാ​തി​രി​ക്കാൻ ഞങ്ങൾ പ്രത്യേ​കം ശ്രദ്ധി​ക്കു​ന്നു. ഞങ്ങൾ സകുടും​ബം പാർക്കിൽ പോകും, അതു​പോ​ലെ ഒരു ഒത്തുകൂ​ട​ലി​നാ​യി സഭയി​ലു​ള്ള​വരെ വീട്ടി​ലേക്കു ക്ഷണിക്കും.” *—മാരിയ, ബ്രസീൽ.

[അടിക്കു​റിപ്പ്‌]

^ സാമൂഹിക കൂടി​വ​ര​വു​ക​ളെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവര​ങ്ങൾക്കാ​യി, ഞങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കുന്ന വീക്ഷാ​ഗോ​പു​രം എന്ന മാസി​ക​യു​ടെ 1992 നവംബർ 15 ലക്കത്തിന്റെ 15-20 പേജുകൾ കാണുക.

[കടപ്പാട്‌]

James Hall Museum of Transport, Johannesburg, South Africa

[11-ാം പേജിലെ ചിത്രം]

സിനിമ കാണാൻ തീരു​മാ​നി​ക്കു​ന്ന​തി​നു മുമ്പ്‌ അതേക്കു​റി​ച്ചുള്ള നിരൂ​പ​ണങ്ങൾ പരി​ശോ​ധി​ക്കു​ക

[12, 13 പേജു​ക​ളി​ലെ ചിത്രം]

മാതാപിതാക്കളേ, ശരിയാ​യതു തിര​ഞ്ഞെ​ടു​ക്കാൻ മക്കളെ പഠിപ്പി​ക്കു​ക