പാതിരാത്രിയിലും സൂര്യപ്രകാശമോ?
പാതിരാത്രിയിലും സൂര്യപ്രകാശമോ?
“സൂര്യൻ ഒരിക്കലും അസ്തമിക്കാതിരിക്കുന്നത് എങ്ങനെ?” പാപ്പുവ ന്യൂഗിനിയിൽ ഒരു മിഷനറിയായി സേവിക്കുന്ന ഫിൻലൻഡുകാരനായ ഞാൻ ഇതുപോലുള്ള ചോദ്യങ്ങൾ പലതവണ കേട്ടിട്ടുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിൽ, മാസങ്ങൾ മാറുന്നതനുസരിച്ച് പകലിന്റെ ദൈർഘ്യത്തിന് അങ്ങനെ മാറ്റം വരാറില്ല. അതുകൊണ്ട് ഉത്തരധ്രുവത്തിൽ മാസങ്ങളോളം സൂര്യൻ അസ്തമിക്കുകയില്ല എന്നത് ഉഷ്ണമേഖലാ നിവാസികൾക്ക് അവിശ്വസനീയമായി തോന്നുന്നു. ഇനി, ശൈത്യകാലത്ത് സൂര്യൻ ഒരിക്കലും ഉദിക്കുകയില്ല എന്നുകൂടി കേൾക്കുമ്പോഴോ അവർക്ക് അതിലും അതിശയമാണ്.
അങ്ങനെയെങ്കിൽ, സൂര്യൻ പാതിരാത്രിയിലും ജ്വലിച്ചുനിൽക്കുന്നത് എങ്ങനെയാണ്? ശ്രദ്ധേയമായ ഈ പ്രതിഭാസത്തിനു കാരണം ഇതാണ്: ഭൂമി സൂര്യനു ചുറ്റും വാർഷിക പ്രയാണം നടത്തവേ അതിന്റെ അച്ചുതണ്ട് ലംബരേഖയിൽനിന്ന് 23.5 ഡിഗ്രി ചെരിഞ്ഞാണിരിക്കുന്നത്. അതുകൊണ്ട് ഉത്തരാർധഗോളത്തിൽ വേനലാകുമ്പോൾ ഉത്തരധ്രുവം സൂര്യന് അഭിമുഖമായിരിക്കും, അതേസമയം ശൈത്യകാലത്ത് ഈ ഭാഗത്ത് സൂര്യപ്രകാശം ലഭിക്കുകയുമില്ല. ഭൂമി ഒരു ദിവസംകൊണ്ട് അതിന്റെ അച്ചുതണ്ടിൽ കറങ്ങുന്നതിനാൽ ഉത്തരധ്രുവരേഖയിൽ വർഷത്തിൽ ഒരിക്കൽ—ഏതാണ്ട് ജൂൺ 21-ന്—സൂര്യൻ അസ്തമിക്കുന്നില്ല. അതുപോലെ, വർഷത്തിൽ ഒരിക്കൽ—ഏതാണ്ട് ഡിസംബർ 21-ന്—സൂര്യൻ ഉദിക്കുകയുമില്ല, എങ്കിലും അന്ന് ഉച്ചയ്ക്ക് അരുണോദയത്തിലെന്നപോലെ മങ്ങിയ വെളിച്ചം ഉണ്ടായിരിക്കും.
ഉത്തരധ്രുവരേഖയിൽനിന്നു വടക്കോട്ടു പോകുന്തോറും സൂര്യൻ അസ്തമിക്കാത്ത വേനൽക്കാല രാത്രികളുടെയും സൂര്യൻ ഉദിക്കാത്ത ശൈത്യകാല ദിനങ്ങളുടെയും എണ്ണം കൂടുന്നു. അങ്ങനെ, ധ്രുവങ്ങളിൽ ആറു മാസം പകലും ആറു മാസം രാത്രിയുമായിരിക്കും. *
ധ്രുവപ്രദേശങ്ങളിൽ വസിക്കുന്നവർ വേനൽക്കാലത്ത് ഉറങ്ങുന്നതെങ്ങനെയാണ്, അതുപോലെ ദൈർഘ്യമേറിയ ശൈത്യകാല രാത്രികളുമായി അവർ പൊരുത്തപ്പെടുന്നത് എങ്ങനെയാണ്? പണ്ടൊക്കെ, ചില സംസ്കാരങ്ങളിലെ ആളുകൾ, വേനൽക്കാലത്ത് ഉറങ്ങുമായിരുന്നതിന്റെ ഇരട്ടിയിലധികം സമയം ശൈത്യകാല രാത്രികളിൽ ഉറങ്ങുമായിരുന്നു. എന്നാൽ കൂടുതൽ ആധുനികമായ ഒരു ജീവിതശൈലി കൈവന്നതോടെ പലരുടെയും കാര്യത്തിൽ ഈ വ്യത്യാസം ഏറെക്കുറെ ഇല്ലാതായിട്ടുണ്ട്. എങ്കിലും നീണ്ട പകലുകൾ ഉത്തരധ്രുവപ്രദേശത്തെ ആളുകൾക്ക് കൂടുതൽ ഊർജസ്വലത പകരുന്നു. “രാത്രി പതിനൊന്നു മണിക്കും പട്ടാപ്പകൽപോലെ വെളിച്ചം നിറഞ്ഞുനിൽക്കുമ്പോൾ എനിക്ക് ഉറങ്ങാൻ തോന്നുകയേ ഇല്ല,” അലാസ്കയിൽ താമസിക്കുന്ന പാട്രിക് പറയുന്നു. “ചിലപ്പോൾ ഞാൻ പുറത്തുപോയി പുല്ലു ചെത്തിവെടിപ്പാക്കുകയോ മറ്റെന്തെങ്കിലും ജോലിയിൽ ഏർപ്പെടുകയോ ചെയ്യും.”
എങ്കിലും മാസങ്ങളോളം നീണ്ടുനിൽക്കുന്ന പകലും രാത്രിയും ശാരീരികമായും മാനസികമായും ഒരു വ്യക്തിയെ ക്ഷീണിപ്പിച്ചേക്കാം. അതുകൊണ്ട്, ആവശ്യത്തിന് ഉറക്കം ലഭിക്കാനും തളർച്ചയും വിഷാദവും അകറ്റാനും ചിലർ വേനലിൽ കിടപ്പുമുറിയിലേക്ക് വെളിച്ചം കടക്കാതിരിക്കാൻവേണ്ട ക്രമീകരണം ചെയ്യുന്നു, ശൈത്യകാലത്ത് മുറിക്കകത്തും മറ്റും കൃത്രിമ വെളിച്ചം സൃഷ്ടിക്കുന്നു. ഇത്തരം വെല്ലുവിളികളൊക്കെയുണ്ടെങ്കിലും, പാതിരാസൂര്യൻ ഒരവിസ്മരണീയ അനുഭവമാണെന്ന് നിവാസികളും സന്ദർശകരും അഭിപ്രായപ്പെടുന്നു.—സംഭാവന ചെയ്യപ്പെട്ടത്.
[അടിക്കുറിപ്പ്]
^ ദക്ഷിണധ്രുവത്തിലും ഇതേ പ്രതിഭാസം ഉണ്ടാകുന്നു. എന്നാൽ ഉത്തരധ്രുവത്തിൽ വേനലായിരിക്കുമ്പോൾ ദക്ഷിണധ്രുവത്തിൽ ശൈത്യവും ഉത്തരധ്രുവത്തിൽ ശൈത്യമായിരിക്കുമ്പോൾ ദക്ഷിണധ്രുവത്തിൽ വേനലും ആയിരിക്കും.
[31-ാം പേജിലെ രേഖാചിത്രം/ചിത്രങ്ങൾ]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവു നിമിത്തം ധ്രുവപ്രദേശത്ത് വേനലിൽ എപ്പോഴും സൂര്യപ്രകാശം ലഭിക്കുന്നു, എന്നാൽ ശൈത്യകാലത്ത് ഇവിടങ്ങളിൽ എപ്പോഴും ഇരുട്ടായിരിക്കും (ചിത്രത്തിൽ കാണിച്ചിരിക്കുന്നത് ഉത്തരാർധഗോളത്തിലെ പ്രതിഭാസമാണ്)
ശരത്കാലം ←
● ● ● ● ●
ശൈത്യകാലം● ◯ ● വേനൽ
● ● ● ● ● ഭൂമി ഒരു ദിവസംകൊണ്ട് അതിന്റെ
→ വസന്തം അച്ചുതണ്ടിൽ കറങ്ങുന്നു
[31-ാം പേജിലെ ചിത്രം]
ടൈം-ലാപ്സ് ഛായാഗ്രഹണം ഉപയോഗിച്ച് എടുത്ത പാതിരാസൂര്യന്റെ ചിത്രം
[കടപ്പാട്]
© Paul Souders/WorldFoto