വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഭക്ഷണം” പക്ഷേ ഭക്ഷ്യയോഗ്യമല്ല!

“ഭക്ഷണം” പക്ഷേ ഭക്ഷ്യയോഗ്യമല്ല!

“ഭക്ഷണം” പക്ഷേ ഭക്ഷ്യ​യോ​ഗ്യ​മല്ല!

ജപ്പാനിലെ ഉണരുക! ലേഖകൻ

കണ്ടിട്ട്‌ രുചി​യൂ​റുന്ന വിഭവം. നിങ്ങൾക്ക്‌ അതിൽനി​ന്നു കണ്ണെടു​ക്കാൻ കഴിയു​ന്നില്ല. വിശപ്പ്‌ തോന്നു​ന്നു, വായിൽ വെള്ളം നിറയാൻ തുടങ്ങു​ന്നു. എന്നാൽ വിചി​ത്ര​മെന്നു പറയട്ടെ, ഈ “ഭക്ഷണത്തിന്‌” രുചി​യില്ല, മണമില്ല, പോഷ​ക​ഗു​ണങ്ങൾ ഒന്നുമില്ല. ഇതു ചീത്തയാ​കില്ല, ഫ്രിഡ്‌ജിൽ സൂക്ഷി​ക്കു​കയേ വേണ്ട. എന്താണ്‌ ഇത്‌? ജപ്പാനിൽ എവി​ടെ​യും ഈ ചോദ്യ​ത്തിന്‌ ഒരു ഉത്തരമേ കിട്ടൂ. ഇതാണ്‌ ഭക്ഷണത്തി​ന്റെ പ്ലാസ്റ്റിക്‌ മോഡൽ. ഒരു റെസ്റ്ററ​ന്റി​ലെ മെനു​വിൽ കാണുന്ന ഒരു ഭക്ഷണത്തി​ന്റെ, വിനിൽ പ്ലാസ്റ്റി​ക്കിൽ നിർമിച്ച മാതൃ​ക​യാ​ണിത്‌. യഥാർഥ ഭക്ഷ്യവ​സ്‌തു​വി​ന്റെ അതേ വലുപ്പ​വും ആകൃതി​യും നിറവു​മാണ്‌ ഇതിന്‌.

സൂഷി പോലുള്ള പരമ്പരാ​ഗത ജാപ്പനീസ്‌ വിഭവങ്ങൾ മുതൽ പാശ്ചാ​ത്യർക്കു പ്രിയ​ങ്ക​ര​മായ പിറ്റ്‌സ്സ, സ്‌പെ​ഗറ്റി എന്നിവ​വ​രെ​യുള്ള പല വിഭവ​ങ്ങ​ളു​ടെ​യും മാതൃ​കകൾ ലഭ്യമാണ്‌. പാനീ​യങ്ങൾ, അപ്പെ​റ്റൈ​സ​റു​കൾ, ഡിസേർട്ടു​കൾ എന്നിവ​യു​ടെ​യും പകർപ്പു​ക​ളുണ്ട്‌. അവയുടെ വൈവി​ധ്യം കണ്ടാൽ നാം അതിശ​യി​ച്ചു​പോ​കും. ഒരു ഉത്‌പാ​ദകൻ 10,000-ത്തിലധി​കം ഭക്ഷണപ​ദാർഥ​ങ്ങ​ളു​ടെ പകർപ്പു​കൾ ഉണ്ടാക്കു​ന്നു!

ഭക്ഷണത്തി​ന്റെ പ്ലാസ്റ്റിക്‌ മോഡൽ കണ്ടാൽ അസ്സൽ ആണെന്നേ തോന്നൂ. ശരിക്കുള്ള ഭക്ഷണത്തി​ന്റെ ചെറിയ വിശദാം​ശങ്ങൾ വരെ കണക്കി​ലെ​ടു​ത്താണ്‌ ഇതുണ്ടാ​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ബേക്കു ചെയ്‌ത കോഴി​യു​ടെ തൊലി​പ്പു​റത്തെ ചെറിയ തടിപ്പു​കൾ, മുറി​ച്ചു​വെ​ച്ചി​രി​ക്കുന്ന ഒരു തണ്ണിമ​ത്ത​നിൽ അവി​ടെ​യു​മി​വി​ടെ​യും ചിതറി​ക്കി​ട​ക്കുന്ന കുരു, സാലഡിൽ ചേർക്കുന്ന ലെറ്റ്യൂസ്‌ ഇലയുടെ നേർത്ത വളവ്‌ എന്നിങ്ങനെ എല്ലാം അതിവി​ദ​ഗ്‌ധ​മാ​യി പ്ലാസ്റ്റിക്‌ പകർപ്പി​ലും ആവിഷ്‌ക​രി​ക്കും. അതിരി​ക്കട്ടെ, ജപ്പാനി​ലെ റെസ്റ്ററ​ന്റു​ക​ളിൽ പ്ലാസ്റ്റിക്‌ ഭക്ഷണം ഇത്ര പ്രസി​ദ്ധി​യാർജി​ച്ചത്‌ എങ്ങനെ​യാണ്‌?

19-ാം നൂറ്റാ​ണ്ടി​ന്റെ ഒടുവിൽ, ജപ്പാൻ ജനതയ്‌ക്ക്‌ വിദേ​ശ​ഭ​ക്ഷണം പരിച​യ​പ്പെ​ടു​ത്തുക എന്ന ലക്ഷ്യത്തിൽ ചില റെസ്റ്ററ​ന്റു​കൾ തങ്ങളു​ണ്ടാ​ക്കുന്ന വിഭവ​ങ്ങ​ളു​ടെ സാമ്പി​ളു​കൾ പ്രദർശി​പ്പി​ച്ചി​രു​ന്നു. അതുവഴി കടന്നു​പോ​കു​ന്ന​വർക്ക്‌ അകത്തേക്കു വരാ​തെ​തന്നെ വിഭവം എങ്ങനെ​യു​ണ്ടെന്ന്‌ കണ്ടു മനസ്സി​ലാ​ക്കാം. എന്നാൽ വിളമ്പി​വെ​ക്കുന്ന ഈ സാമ്പിൾവി​ഭ​വങ്ങൾ കണ്ട്‌ ആകർഷി​ത​രാ​യ​വ​രിൽ മനുഷ്യർ മാത്രമല്ല, മൃഗങ്ങ​ളും ഈച്ചക​ളു​മൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു. ചൂടും ഈർപ്പ​വും കൊണ്ട്‌ ഭക്ഷണം കേടാ​കു​മാ​യി​രു​ന്നു. മാത്രമല്ല, ദിവസേന സാമ്പി​ളു​കൾ ഉണ്ടാക്കുക എന്നത്‌ ചെലവുള്ള പണിയു​മാ​ണ​ല്ലോ.

കാലാ​ന്ത​ര​ത്തിൽ, മെഴു​കി​നു നിറം​കൊ​ടുത്ത്‌ വിഭവ​ങ്ങ​ളു​ടെ പകർപ്പു​കൾ ഉണ്ടാക്കി​വെ​ക്കാൻ തുടങ്ങി. എന്നാൽ മെഴു​കിന്‌ ഒരു കുഴപ്പ​മുണ്ട്‌, ചൂടുള്ള കാലാ​വ​സ്ഥ​യിൽ അത്‌ ഉരുകാൻ തുടങ്ങും. പിന്നീട്‌, മെഴു​കി​ന്റെ സ്ഥാനത്ത്‌ വിനിൽ പ്ലാസ്റ്റിക്‌ സ്ഥാനം പിടിച്ചു. അങ്ങനെ, ഒടുവിൽ ഈടു​നിൽക്കുന്ന, ചൂടിനെ അതിജീ​വി​ക്കാൻ കഴിവുള്ള ഒരു വസ്‌തു ഇതിന്‌ ഉപയോ​ഗി​ക്കാൻ കഴിഞ്ഞു. വിൽപ്പ​ന​ക്കാ​രു​ടെ മനസ്സി​ലുള്ള ഉപഭോ​ക്താ​ക്കൾ അതായത്‌ മനുഷ്യർ മാത്രമേ ഇതിൽ ആകൃഷ്ട​രാ​കു​ക​യു​ള്ളു എന്നൊരു മേന്മകൂ​ടി ഇതിനു​ണ്ടാ​യി​രു​ന്നു. എന്നാൽ പ്ലാസ്റ്റിക്‌ പകർപ്പു​കൾ ഉണ്ടാക്കു​ന്നത്‌ എങ്ങനെ​യാണ്‌?

ആദ്യമാ​യി, വിഭവ​ത്തി​ന്റെ ഒരു അച്ച്‌ ഉണ്ടാക്കി​യെ​ടു​ക്കും. ഒരു മാംസ​ക്ക​ഷ​ണ​ത്തി​ന്റെ പകർപ്പാണ്‌ ഉണ്ടാ​ക്കേ​ണ്ട​തെ​ങ്കിൽ അത്‌ ചതുര​ത്തി​ലുള്ള ഒരു പാത്ര​ത്തിൽ വെക്കും, എന്നിട്ട്‌ അതിനു മുകളി​ലേക്ക്‌ സിലിക്കൺ ഒഴിക്കും, മാംസ​ക്ക​ഷണം നന്നായി മൂടു​ന്ന​തു​വരെ. സിലിക്കൺ ഉറയ്‌ക്കു​മ്പോൾ അതു തിരി​ച്ചു​പി​ടി​ച്ചിട്ട്‌ മാംസം അതിന​ക​ത്തു​നി​ന്നു പുറ​ത്തെ​ടു​ക്കും, അപ്പോൾ മാംസ​ത്തി​ന്റെ ആകൃതി​യിൽ ഒരു അച്ച്‌ രൂപം​കൊ​ണ്ടി​രി​ക്കും. തുടർന്ന്‌, നിറം​ക​ലർത്തിയ വിനിൽ അച്ചി​ലേക്ക്‌ ഒഴിച്ച്‌ 82 ഡിഗ്രി സെൽഷ്യ​സിൽ ബേക്കു ചെയ്യും. തണുത്തു കഴിയു​മ്പോൾ മാംസ​ത്തി​ന്റെ പ്ലാസ്റ്റിക്‌ പതിപ്പ്‌ പുറ​ത്തെ​ടു​ക്കും. വേണ​മെ​ങ്കിൽ അതു പെയിന്റു ചെയ്യാ​വു​ന്ന​താണ്‌.

ഇനി ഒരു സാൻഡ്‌വിച്ച്‌ ഉണ്ടാക്കു​ന്നത്‌ എങ്ങനെ​യെന്നു നോക്കാം. ബ്രഡ്‌, മാംസം, ചീസ്‌, സാലഡ്‌ ഇല എന്നിവ ഓരോ​ന്നും മേൽപ്പറഞ്ഞ രീതി​യിൽ വെവ്വേറെ ഉണ്ടാക്കി​യെ​ടു​ക്കണം. എന്നിട്ട്‌ ശരിക്കുള്ള സാൻഡ്‌വിച്ച്‌ ഉണ്ടാക്കു​ന്ന​തു​പോ​ലെ മാംസം, ചീസ്‌, ഇല എന്നിവ ബ്രഡ്‌ സ്ലൈസു​കൾക്കി​ട​യിൽ അടുക്കി​വെ​ക്കും. എന്നാൽ പ്ലാസ്റ്റിക്‌ സാൻഡ്‌വി​ച്ചി​ന്റെ കാര്യ​ത്തിൽ അത്‌ ഒട്ടിയി​രി​ക്കാൻ പശ ഉപയോ​ഗി​ക്കു​ന്നു.

ഒരുവി​ധ​ത്തിൽ പറഞ്ഞാൽ പ്ലാസ്റ്റിക്‌ ഭക്ഷണം ഉണ്ടാക്കു​ന്നത്‌ ഒരുതരം കലയാണ്‌. “തികച്ചും തനിമ​തോ​ന്നും​വി​ധം ഭക്ഷണത്തി​ന്റെ പ്ലാസ്റ്റിക്‌ പകർപ്പു​കൾ ഉണ്ടാക്കു​ന്ന​തിന്‌ ശരിക്കുള്ള ഭക്ഷണത്തെ നന്നായി നിരീ​ക്ഷി​ക്കേ​ണ്ടതു പ്രധാ​ന​മാണ്‌,” ഏതാണ്ട്‌ 23 വർഷമാ​യി ഈ രംഗത്തു പ്രവർത്തി​ക്കുന്ന കാറ്റ്‌സു​ജി കാനെ​യാ​മാ പറയുന്നു. “തിന്നാൻകൊ​ള്ളാ​വുന്ന ഒന്നായി​ട്ടാണ്‌ ആളുകൾ ഭക്ഷണത്തെ കാണു​ന്നത്‌. ഞങ്ങൾ കാണു​ന്ന​തോ നിർമി​ക്കാൻ പറ്റിയ ഒന്നായി​ട്ടും.”

ജപ്പാൻകാ​രു​ടെ ചോറ്‌ പാക​പ്പെ​ടു​ത്തിയ ഉടനെ അടുത്തു നിരീ​ക്ഷി​ക്കു​ക​യാ​ണെ​ങ്കിൽ, ഓരോ ചോറും മറ്റൊ​ന്നിൽനി​ന്നു വേർപെട്ട്‌ കുത്തനെ നിൽക്കു​ന്നതു കാണാം. പാത്ര​ത്തി​ലുള്ള ചോറു മുഴു​വ​നും “മെല്ലെ പൊന്തി, നടുക്ക്‌ ഒരു കുന്നു​പോ​ലെ നിൽക്കും,” കാനെ​യാ​മാ പറയുന്നു. ഇതു​പോ​ലെ​തന്നെ പകർത്ത​ണ​മെ​ങ്കിൽ ഓരോ ചോറും വെവ്വേറെ ഉണ്ടാക്കി​യെ​ടു​ക്കണം. വെറുതെ ചോറു​മ​ണി​കൾ കൂട്ടി​വെ​ക്കു​ന്ന​തു​കൊ​ണ്ടാ​യില്ല, കാരണം അവ തിരശ്ചീ​ന​മാ​യി​ട്ടേ കിടക്കൂ. അതു​കൊണ്ട്‌, നടുക്ക്‌ കുന്നു​പോ​ലെ പൊങ്ങി​നിൽക്കുന്ന ശരിക്കുള്ള ചോറാ​ണെന്നു തോന്ന​ത്ത​ക്ക​വി​ധ​ത്തിൽ ചോറു​മ​ണി​കൾ പശ ഉപയോ​ഗിച്ച്‌ അവയുടെ സ്ഥാനത്ത്‌ ശ്രദ്ധാ​പൂർവം പിടി​പ്പി​ച്ചു​വെ​ക്കണം. തനിമ​യാർന്ന വിധത്തിൽ പതിപ്പു​കൾ ഉണ്ടാക്കി​യെ​ടു​ക്കു​ന്നത്‌ ശ്രദ്ധാ​പൂർവം നിരീ​ക്ഷി​ക്കുന്ന കണ്ണുകളെ ഏറെ ആകർഷി​ക്കും.

വർഷങ്ങ​ളു​ടെ അനുഭ​വ​പ​രി​ച​യം​കൊ​ണ്ടേ പ്ലാസ്റ്റിക്‌ ഭക്ഷണം ഉണ്ടാക്കു​ന്ന​തിൽ വൈദ​ഗ്‌ധ്യം സമ്പാദി​ക്കാ​നാ​കൂ. തൊഴിൽപ​രി​ശീ​ലനം നേടു​ന്ന​യാൾ ആദ്യചില വർഷങ്ങൾ അടിസ്ഥാന വൈദ​ഗ്‌ധ്യ​ങ്ങൾ പഠിക്കാ​നാ​ണു ചെലവി​ടു​ന്നത്‌. കൂണു​ക​ളു​ടെ മാതൃ​ക​പോ​ലെ വളരെ ലളിത​മാ​യ​വ​യി​ലാണ്‌ ഇവർ തുടക്ക​മി​ടു​ന്നത്‌. വെള്ളത്തിൽനി​ന്നു പിടിച്ച ഉടനെ​യുള്ള ഒരു മീനിന്റെ സങ്കീർണ​മായ ഘടനയും നിറങ്ങ​ളു​മൊ​ക്കെ അസ്സലായി പകർത്ത​ണ​മെ​ങ്കിൽ ഏകദേശം പത്തുവർഷത്തെ പഠനം വേണം. ഈ മേഖല​യിൽ വൈദ​ഗ്‌ധ്യം നേടു​ന്ന​തിന്‌ 15 വർഷം​വരെ എടു​ത്തേ​ക്കാം.

എന്നെങ്കി​ലും നിങ്ങൾക്ക്‌ ജപ്പാനി​ലെ റെസ്റ്ററ​ന്റു​കൾക്കു മുമ്പി​ലൂ​ടെ നടന്നു​പോ​കാ​നും അവിടെ പ്രദർശ​ന​ത്തി​നു വെച്ചി​രി​ക്കുന്ന, വായിൽ വെള്ളമൂ​റുന്ന വിഭവങ്ങൾ കാണാ​നും അവസര​മു​ണ്ടാ​യാൽ അവയുടെ പിന്നിലെ കഠിനാ​ധ്വാ​ന​ത്തെ​ക്കു​റിച്ച്‌ ഓർക്കുക. ഏതിനാ​ണു കൂടുതൽ വൈദ​ഗ്‌ധ്യം വേണ്ടത്‌ എന്ന്‌ അപ്പോൾ നിങ്ങൾ ചിന്തി​ച്ചേ​ക്കാം—ശരിക്കുള്ള ആഹാരം പാകം ചെയ്യു​ന്ന​തി​നോ അതോ അതിന്റെ പ്ലാസ്റ്റിക്‌ പകർപ്പ്‌ ഉണ്ടാക്കു​ന്ന​തി​നോ!

[27-ാം പേജിലെ ചതുരം]

ക്യാമറയ്‌ക്കു മുമ്പി​ലും

അടുത്ത തവണ ഒരു സിനി​മ​യി​ലോ ടെലി​വി​ഷൻ പരിപാ​ടി​യി​ലോ പരസ്യ​ത്തി​ലോ ഭക്ഷണം വിളമ്പി​വെ​ച്ചി​രി​ക്കു​ന്നതു കാണു​മ്പോൾ ഒന്ന്‌ അടുത്തു നിരീ​ക്ഷി​ക്കുക. അതു ശരിക്കു​ള്ളത്‌ ആയിരി​ക്ക​ണ​മെ​ന്നില്ല. ഒരു രംഗം ഫിലി​മിൽ പകർത്താൻ ദീർഘ​നേരം ആവശ്യ​മാ​യി​വ​രു​ന്ന​തി​നാൽ വിഭവ​ങ്ങ​ളു​ടെ പകർപ്പു​ക​ളാണ്‌ ഏറ്റവും അനു​യോ​ജ്യ​മെന്ന്‌ ലോസാ​ഞ്ച​ല​സി​ലെ ഫുഡ്‌ സ്റ്റൈലി​സ്റ്റായ ക്രിസ്‌ ഓലിവർ അഭി​പ്രാ​യ​പ്പെ​ടു​ന്നു. “ശരിക്കുള്ള ഭക്ഷണം വാങ്ങു​ന്ന​തി​ലും ചെലവു കൂടു​ത​ലാണ്‌ ഇതിന്‌. പക്ഷേ ഇതാണ്‌ ഏറെ പ്രാ​യോ​ഗി​കം,” അദ്ദേഹം പറയുന്നു. ചൂടു പ്രവഹി​ക്കുന്ന ക്യാമറാ ലൈറ്റു​കൾക്കു മുമ്പിൽ ശരിക്കുള്ള ഭക്ഷണത്തി​നു പകരം പ്ലാസ്റ്റിക്‌ പകർപ്പു​കൾ തികച്ചും യോജി​ച്ച​തു​തന്നെ.

[26-ാം പേജിലെ ചിത്രം]

ഏതാണു ശരിക്കു​ള്ള​തെന്നു പറയാ​മോ? (ഉത്തരം 27-ാം പേജിൽ)

ഉത്തരം: സ്‌ത്രീ​യു​ടെ വലതു​കൈ​യി​ലെ ട്രേയി​ലു​ള്ള​താണ്‌ ശരിക്കുള്ള ഭക്ഷണം.

[26-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

താഴെയുള്ള ചിത്രങ്ങൾ: Hachiman Town, Gujyo City, Gifu Prefecture, Japan