ലോകത്തെ വീക്ഷിക്കൽ
ലോകത്തെ വീക്ഷിക്കൽ
വെള്ളം ആഡംബരത്തിന്റെ പ്രതീകം
“അത് ഈ കാലത്തിന്റെ ഒരു അടയാളമാണ്” എന്ന് ജർമൻ മാസിക നാറ്റൂർ+കോസ്മോസ് പറയുന്നു. “സ്റ്റൈലുകാരായ വിദ്യാർഥികളുടെ പക്കൽ എപ്പോഴും ബ്രാൻഡ് നെയിമുള്ള വെള്ളം കാണും. ന്യൂയോർക്കിൽ, വലിയ പരിഷ്കാരികൾ കുടിവെള്ള ബാറുകളിൽ പോകുന്നു. വെയ്റ്റർമാരുടെ സേവനമുള്ള പഞ്ചനക്ഷത്ര ഹോട്ടലുകൾ മിനറൽ വാട്ടറിന്റെ പല അന്താരാഷ്ട്ര ബ്രാൻഡുകൾ ലഭ്യമാക്കുന്നു. ഇവ സാധാരണഗതിയിൽ ഉത്കൃഷ്ട നിലവാരം പുലർത്തുന്ന വീഞ്ഞുകൾക്കു മാത്രം ഉപയോഗിക്കുന്ന റേറ്റിങ് രീതിയിൽ തരംതിരിച്ചവയാണ്.” ഈ വെള്ളം നിസ്സാരവിലയ്ക്ക് കിട്ടില്ല. “ധാരാളം പണം ചെലവിട്ടാണ് ആളുകൾ മിനറൽ വാട്ടർ വാങ്ങുന്നത്. അത് അവർ കൊണ്ടുനടക്കുന്നതാകട്ടെ ഡിസൈനർ ബോട്ടിലുകളിലും” എന്ന് ലേഖനം പറയുന്നു. വളരെ ഉത്കൃഷ്ടമായ ഉത്ഭവമുള്ള ഒരു ലിറ്റർ വെള്ളത്തിന് ചില ഹോട്ടലുകളിൽ 3,650 രൂപവരെ കൊടുക്കേണ്ടിവരും. സ്റ്റൈലൻ ഉത്പന്നങ്ങളോടു കമ്പമുള്ളവർ പേരുകേട്ട ഒരു ബ്രാൻഡിലുള്ള വെള്ളം വാങ്ങിക്കുടിച്ചുകൊണ്ട് തങ്ങൾ പരിഷ്കാരികളാണെന്നു കാണിച്ചേക്കാം. എന്നാൽ അതുകൊണ്ട് അതു നല്ലതാണെന്നു വരുന്നില്ല. ഈ വെള്ളംകുടിച്ചാൽ മാനസികവും ശാരീരികവുമായ ക്ഷമതയും ആരോഗ്യവും സൗന്ദര്യവും ഉണ്ടാകുമെന്ന് ചില ഉത്പാദകർ ഉറപ്പുനൽകുന്നു. എന്നാൽ മിക്ക വിദഗ്ധർക്കും സാധാരണ വെള്ളത്തെ അപേക്ഷിച്ച് ഇതിന് എന്തെങ്കിലും മേന്മയുള്ളതായി കാണാൻ കഴിയുന്നില്ല. ഉദാഹരണത്തിന് ജർമനിയിൽ, പൈപ്പുവെള്ളം വിദൂരങ്ങളിൽനിന്നു കൊണ്ടുവരുന്ന മിനറൽ വാട്ടറിന്റെ അത്രയുംതന്നെ ഗുണമേന്മയുള്ളതാണെന്ന് ലേഖനം ഉറപ്പിച്ചുപറയുന്നു. മാത്രമല്ല, പൈപ്പുവെള്ളത്തിന് പ്ലാസ്റ്റിക് ബോട്ടിലുകൾ ആവശ്യമില്ല, ആയിരക്കണക്കിനു കിലോമീറ്റർ താണ്ടി അതു കൊണ്ടുവരേണ്ടതുമില്ല. (g05 5/8)
ഫ്രഞ്ചുകാരുടെ ഭക്ഷണ രഹസ്യങ്ങൾ
“ഫ്രഞ്ചുകാർ ധാരാളം പൂരിത കൊഴുപ്പുകഴിക്കും” എന്ന് യുസി ബെർക്ലി വെൽനസ് ലെറ്റർ പറയുന്നു. “എന്നിട്ടും അവർ അമേരിക്കക്കാരെക്കാൾ മെലിഞ്ഞവരാണ്, പൊണ്ണത്തടി ഉണ്ടാകാനുള്ള സാധ്യതയും അമേരിക്കക്കാരെക്കാൾ അവർക്കു വളരെ കുറവാണ്. അവരുടെയിടയിലെ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് അമേരിക്കക്കാരുടേതിനെ അപേക്ഷിച്ച് പകുതിയും [യൂറോപ്യൻ യൂണിയനിലെ] മറ്റ് ഏതൊരു രാജ്യക്കാരുടേതിനെക്കാളും കുറവുമാണ്.” ഈ വൈരുദ്ധ്യത്തിനു കാരണമെന്താണ്? ഫ്രഞ്ചുകാർ “കുറച്ചു കലോറിയേ കഴിക്കുകയുള്ളു” എന്നതായിരിക്കാം കാരണമെന്ന് വെൽനസ് ലെറ്റർ പറയുന്നു. പാരീസ്, യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള ഫിലദെൽഫ്യ എന്നിവിടങ്ങളിലെ റെസ്റ്ററന്റുകളിൽ നടത്തിയ ഗവേഷണം തെളിയിക്കുന്നത് ഫ്രഞ്ചുകാർ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് മേൽപ്പറഞ്ഞവരുടേതിനെക്കാൾ ഗണ്യമാംവിധം കുറവാണെന്നാണ്. അവരുടെ പാചകപ്പുസ്തകങ്ങളിലും വ്യത്യാസമുണ്ട്. ഉദാഹരണത്തിന്, ഫ്രഞ്ചുകാരുടെ പാചകപ്പുസ്തകപ്രകാരം മാംസത്തിന്റെ ഒരു സേർവിങ് [ഒരു വ്യക്തി ഒരുനേരം കഴിക്കുന്ന ആഹാരത്തിന്റെ അളവ്] താരതമ്യേന കുറവാണ്. ഇനി, “ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ ഫ്രഞ്ചുകാർ താരതമ്യേന കുറഞ്ഞ അളവിലുള്ള ഈ ഭക്ഷണം കഴിക്കാൻ വളരെ കൂടുതൽ സമയമെടുക്കുന്നു എന്നതായിരിക്കാം,” ലേഖനം പറയുന്നു. “ശരാശരി ഫ്രഞ്ചുകാരൻ ഭക്ഷണം കഴിക്കാൻ ദിവസവും ഏകദേശം 100 മിനിട്ട് ചെലവിടുമ്പോൾ അമേരിക്കക്കാർ 60 മിനിട്ടുകൊണ്ട് എല്ലാം വെട്ടിവിഴുങ്ങുകയാണ്.” ഇതിൽനിന്ന് എന്തു മനസ്സിലാക്കാം? നിങ്ങൾ അകത്താക്കുന്ന കലോറികളുടെ അളവു പരിമിതപ്പെടുത്തുക. പോഷകഗുണമുള്ള ആഹാരം ന്യായമായ അളവിൽ കഴിക്കുക. ഭക്ഷണം ആസ്വദിച്ചു കഴിക്കുക. റെസ്റ്ററന്റിൽ ചെല്ലുമ്പോൾ മുമ്പിൽ വിളമ്പിവെച്ചിരിക്കുന്നത് കൂടുതലാണെങ്കിൽ ഒരു സുഹൃത്തുമായി അതു പങ്കുവെക്കുകയോ പകുതി വീട്ടിലേക്കു കൊണ്ടുപോകുകയോ ചെയ്യുക. ഇനി, “വീട്ടിൽവെച്ച് ആഹാരം കഴിക്കുന്നത് ആഹ്ലാദകരമായ ഒരു അനുഭവമാക്കിത്തീർക്കുക.” (g05 5/8)
നിങ്ങളുടെ പുസ്തകങ്ങൾ സംരക്ഷിക്കുക
“[പുസ്തകങ്ങളുടെ] ഏറ്റവും വലിയ ശത്രുക്കളാണ് കാലപ്പഴക്കവും ഈർപ്പവും,” ഡിയാ സിയെറ്റെ എന്ന മെക്സിക്കൻ മാസികയിലെ ഒരു ലേഖനം പറയുന്നു. അവ നല്ല രീതിയിൽ സൂക്ഷിക്കുന്നതിന് കുറഞ്ഞത് വർഷത്തിൽ ഒരിക്കലെങ്കിലും എടുത്ത് പൊടിതട്ടിവെക്കണമെന്ന് ലേഖനം നിർദേശിക്കുന്നു. പൊടിതട്ടുമ്പോൾ താളുകൾക്കിടയിലേക്കു പൊടി കയറാതിരിക്കാൻ പുസ്തകം നന്നായി അമർത്തി പിടിക്കണം. ഈർപ്പമുള്ള ചുറ്റുപാടിൽ, ഓരോ താളിലും അൽപ്പം ടാൽക്കം പൗഡർ വിതറിയിട്ട് പുസ്തകത്തിന്റെ മുകളിൽ ഏതാനും ദിവസത്തേക്ക് എന്തെങ്കിലും ഭാരം എടുത്തു വെക്കുക, പിന്നീട് ബ്രഷുകൊണ്ട് താളുകളിൽനിന്നു പൗഡർ നീക്കം ചെയ്യണം. ഇങ്ങനെ ചെയ്താൽ ഈർപ്പംപിടിക്കുന്നതു നിയന്ത്രിക്കാൻ കഴിയും. ഈർപ്പംമൂലം പൂപ്പൽ ബാധിക്കുന്നെങ്കിൽ ഒരു ബ്ലേഡ് ഉപയോഗിച്ച് പൂപ്പൽ മെല്ലെ ചുരണ്ടി നീക്കുക, തുടർന്ന് റബ്ബിങ് ആൽക്കഹോൾ ഉപയോഗിച്ച് പുസ്തകം വൃത്തിയാക്കാം. ഷെൽഫിൽനിന്നു പുസ്തകം എടുക്കുമ്പോൾ പുസ്തകത്തിന്റെ മുകൾഭാഗത്തു പിടിച്ച് എടുക്കരുത്. മറിച്ച്, മധ്യഭാഗത്ത് രണ്ടു വിരലുകൾകൊണ്ടു പിടിച്ചിട്ട് വശങ്ങളിലേക്കു ചലിപ്പിച്ച് ഇരുവശത്തുമുള്ള പുസ്തകങ്ങളിൽനിന്ന് അകലമുണ്ടാക്കി ശ്രദ്ധാപൂർവം വലിച്ചെടുക്കുക, ഇതാണ് ഏറ്റവും മെച്ചമായ രീതി. വളരെ വലിയ പുസ്തകങ്ങൾക്ക് അവയുടെതന്നെ ഭാരംകൊണ്ടു കേടുവന്നേക്കാം, വിശേഷിച്ച് അവ പഴക്കമുള്ളതാണെങ്കിൽ. അത് ഒഴിവാക്കാൻ അത്തരം പുസ്തകങ്ങളെ ഷെൽഫിൽ കുത്തനെ നാട്ടിനിറുത്താതെ തിരശ്ചീനമായി വെക്കുക. (g05 5/8)
പ്രായം കൂടുമ്പോൾ പൊക്കം കുറയുന്നു
പ്രായം കൂടുമ്പോൾ ആളുകൾക്കു സാധാരണ പൊക്കം കുറയുന്നു. “ഇതിനു ഗുരുത്വാകർഷണബലവുമായി നല്ല ബന്ധമുണ്ട്” എന്ന് ഓസ്ട്രേലിയയുടെ ദ ഡെയ്ലി ടെലഗ്രാഫ് റിപ്പോർട്ടു ചെയ്യുന്നു. ഗുരുത്വാകർഷണബലത്തിന്റെ സ്വാധീനത്തിൽ ഒരു വ്യക്തിയുടെ ഉയരത്തിന് ദിവസത്തിലുടനീളം മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. ഒരു വ്യക്തിയുടെ യഥാർഥ ഉയരം പുനഃസ്ഥാപിക്കപ്പെടുന്നത് ഉറങ്ങുമ്പോഴാണ്. “എന്നാൽ നമ്മുടെ ശരീരത്തിനു പ്രായം കൂടുകയും ബലം കുറയുകയും ചെയ്യുമ്പോൾ ഈ ചുരുങ്ങൽ പ്രക്രിയ സ്ഥിരമായിത്തീരാൻ തുടങ്ങുന്നു” എന്ന് പത്രം പറയുന്നു. “പ്രായം കൂടുമ്പോൾ പേശികളുടെ അളവും ശരീരത്തിലെ കൊഴുപ്പും കുറയുന്നു. ഇത് സ്വാഭാവിക വയസ്സാകൽ പ്രക്രിയയുടെ ഭാഗമാണ്, ഹോർമോൺ വ്യതിയാനങ്ങളുമായും ഇത് ഏറെ ബന്ധപ്പെട്ടിരിക്കുന്നു. കശേരുക്കൾക്ക് ക്ഷയം സംഭവിച്ച് അവ സങ്കോചിക്കാൻ തുടങ്ങുന്നു. അതിന്റെ ഫലമായി നട്ടെല്ല് 2.5 സെന്റിമീറ്ററിലേറെ [ഒരു ഇഞ്ചിലേറെ] ചുരുങ്ങുന്നു.” സാധ്യതയനുസരിച്ച് അസ്ഥിദ്രവീകരണം ഇങ്ങനെയുള്ള ചുരുങ്ങൽ പ്രക്രിയയ്ക്ക് കാരണമാകുന്നു. (g05 5/8)
രണ്ടു ഭാഷ സംസാരിക്കുന്ന കുട്ടികളെ വളർത്തൽ
“ഒന്നിലധികം ഭാഷ സംസാരിക്കുന്ന കുട്ടികളെ ക്ഷമയോടും നയത്തോടും കൂടെ വളർത്തിക്കൊണ്ടുവന്നാൽ ആ പ്രാപ്തി അവർക്കും അവരുടെ കുടുംബങ്ങൾക്കും സമൂഹത്തിനും വലിയ പ്രയോജനത്തിൽ കലാശിക്കും” മെക്സിക്കോ നഗരത്തിലെ പത്രമായ മിലെനിയോ പറയുന്നു. “രണ്ടു ഭാഷ സംസാരിക്കുന്ന കുട്ടികൾ ഒരു ഭാഷമാത്രം സംസാരിക്കുന്ന കുട്ടികളെക്കാൾ സ്കൂളിൽ മികച്ചുനിൽക്കുന്നു”വെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. കുട്ടികൾ ഒരു വാചകത്തിൽത്തന്നെ ഇരുഭാഷകളിലെയും വാക്കുകൾ ഇടകലർത്തി പറയുകയോ ഒരു ഭാഷയുടെ നിയമങ്ങൾ മറ്റേ ഭാഷയ്ക്കു ബാധകമാക്കിക്കൊണ്ടു പിശകുകൾ വരുത്തുകയോ ചെയ്യുമ്പോൾ ചിലപ്പോഴൊക്കെ മാതാപിതാക്കൾ ആശങ്കപ്പെടുന്നു. “എന്നാൽ ഈ വ്യാകരണ ‘പിശകുകൾ’ വെറും നിസ്സാരമാണ്, അവ പെട്ടെന്നുതന്നെ തരണംചെയ്യാവുന്നതേയുള്ളൂ,” കുട്ടികളുടെ ഭാഷാവികസനവുമായി ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യം സിദ്ധിച്ച മനശ്ശാസ്ത്രജ്ഞനായ പ്രൊഫസർ ടോണി ക്ലൈൻ പറയുന്നു. ജനനം മുതലേ കുട്ടികളെ മാതാവിന്റെയും പിതാവിന്റെയും ഭാഷകൾ പഠിപ്പിക്കുകയാണെങ്കിൽ കുട്ടികൾ അവ സ്വാഭാവികമായിത്തന്നെ പഠിച്ചെടുക്കും. കാലാന്തരത്തിൽ, അവർക്ക് ഓരോ ഭാഷയും വെവ്വേറെ കൈകാര്യം ചെയ്യാനുമാകും.
മലിനമാക്കപ്പെട്ട ഭക്ഷണപാനീയങ്ങൾ
ടോക്സിക്സ് ലിങ്ക് എന്ന പരിസ്ഥിതി സംഘടനയുടെ ഒരു പഠനം അനുസരിച്ച്, ദക്ഷിണേഷ്യക്കാർ നിത്യേന കഴിക്കുന്ന ഭക്ഷണ പാനീയങ്ങളോടൊപ്പം അപകടകരമായ മലിനീകാരികളും അകത്താക്കുന്നുവെന്ന് ഇന്ത്യയിലെ വർത്തമാനപ്പത്രമായ ദ ഹിന്ദു റിപ്പോർട്ടു ചെയ്യുന്നു. നിരോധിക്കപ്പെട്ടതോ നിയന്ത്രണങ്ങളുള്ളതോ ആയ പദാർഥങ്ങൾ അടിസ്ഥാന ആഹാരപദാർഥങ്ങളായ മാംസം, സുഗന്ധവ്യഞ്ജനങ്ങൾ, എണ്ണ എന്നിവയിൽ കണ്ടെത്തിയതായി പഠനം റിപ്പോർട്ടു ചെയ്തു. വളരെ സാവധാനം മാത്രം ജീർണിച്ചുപോകുന്ന പോളിക്ലോറിനേറ്റഡ് ബൈഫിനൈലുകൾ (പിസിബി-കൾ) പോലുള്ള മലിനീകാരികൾ പരിസ്ഥിതിയിൽ സ്ഥാനംപിടിക്കുന്നത് എങ്ങനെയാണ്? “സാധ്യതയനുസരിച്ച്” പിസിബി-കൾ “നിരോധിച്ചതിനുമുമ്പ് ഇറക്കുമതിചെയ്ത പഴയ കപ്പാസിറ്ററുകളോ ട്രാൻസ്ഫോമറുകളോ വിവേചനാരഹിതമായി കളയുന്നതിനാലോ,” കപ്പലുകൾ പൊളിച്ചുനീക്കുന്ന സ്ഥലങ്ങളിൽ ഇത്തരം മലിനീകാരികൾ പുറന്തള്ളപ്പെടുന്നതിനാലോ ആയിരിക്കാമെന്ന് റിപ്പോർട്ട് പറയുന്നു. പച്ചക്കറികളിലും ഉണക്കമത്സ്യങ്ങളിലും ഡിഡിറ്റി ഉള്ളതായി മറ്റുചില പഠനങ്ങൾ കണ്ടെത്തി. ഇത്തരം അപകടങ്ങളെ നിയന്ത്രിക്കുകയെന്ന ലക്ഷ്യത്തിൽ രൂപംനൽകിയ അന്താരാഷ്ട്ര ഉടമ്പടികൾ ഉണ്ടായിരുന്നിട്ടും, ‘മുലപ്പാലിലും കൊഴുപ്പിന്റെയും മനുഷ്യ രക്തത്തിന്റെയും സാമ്പിളുകളിലും ഡിഡിറ്റി, എച്ച്സിബി, ഓൽഡ്രിൻ, ഡിയൽഡ്രിൻ, ഡയോക്സിൻ, ഫ്യുറാൻസ്, പിസിബി-കൾ എന്നിവ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന’തായി റിപ്പോർട്ട് പറയുന്നു. (g05 5/22)