അത് ഒരു ബൈബിളിനായുള്ള ആഗ്രഹമുണർത്തി
അത് ഒരു ബൈബിളിനായുള്ള ആഗ്രഹമുണർത്തി
കമ്മ്യൂണിസ്റ്റ് ഏകാധിപതികൾ റഷ്യ ഭരിച്ചിരുന്ന കാലത്ത് ബൈബിൾ വായിക്കുന്നതിൽനിന്ന് അവർ ആളുകളെ നിരുത്സാഹപ്പെടുത്തിയിരുന്നു. എന്നാൽ, സമീപ വർഷങ്ങളിൽ ആ രാജ്യത്ത് കോടിക്കണക്കിനു ബൈബിളുകൾ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. ആളുകൾ ബൈബിളിൽ വീണ്ടും താത്പര്യം കാണിച്ചുതുടങ്ങാൻ കാരണമെന്താണ്? റഷ്യയിലെ യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിനു ലഭിച്ച ഒരു കത്ത് അതിന്റെ ഒരു കാരണം വ്യക്തമാക്കുന്നു. വോൾഗൊഗ്രാഡിൽനിന്നുള്ള—സോവിയറ്റ് ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്റെ പേരിനു ചേർച്ചയിൽ ദശകങ്ങളോളം സ്റ്റാലിൻഗ്രാഡ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു വൻ നഗരമാണിത്—ഒരു ഭർത്താവും പിതാവും ആയ സിർഗ്യേ ഇപ്രകാരം വിശദീകരിക്കുന്നു:
“അടുത്തയിടെ നിങ്ങളുടെ സംഘടനയിൽനിന്നുള്ള ആളുകൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടോയെന്ന് അവർ എന്നോട് ആദരപൂർവം ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു, എല്ലാവരും ദൈവത്തിൽ വിശ്വസിക്കുന്നവരാണ്, ചിലർക്ക് ആ വിശ്വാസം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലുണ്ടെന്നു മാത്രം. എനിക്ക് ഭാര്യയും ഒരു മകനും ഉണ്ടെന്ന് ഞാൻ പറഞ്ഞപ്പോൾ സന്ദർശകരിൽ ഒരാൾ തന്റെ ബാഗിൽനിന്ന് കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം എടുത്ത് എനിക്കു തന്നു.”
സിർഗ്യേ ആ പുസ്തകം വായിക്കാൻ തുടങ്ങി. അദ്ദേഹം പറയുന്നു: “ഞാൻ അതു ശരിക്കും ആസ്വദിച്ചു. ബുദ്ധിസാമർഥ്യവും അർപ്പണമനോഭാവവും ഉള്ള ആളുകളാണ് അത് എഴുതിയതെന്നുള്ളതു വ്യക്തമാണ്. മതസംഘടനകളെ പൊതുവെ സംശയത്തോടെ വീക്ഷിക്കുന്ന കൂട്ടത്തിലാണു ഞാൻ. എന്നാൽ നിങ്ങൾ സത്യസന്ധരായ ആളുകളാണെന്നു ഞാൻ കരുതുന്നു. പുസ്തകത്തിന്റെ ഒടുവിൽ ഞാൻ നിങ്ങളുടെ മേൽവിലാസം കണ്ടെത്തി.” സിർഗ്യേ ആ വിലാസത്തിൽ എഴുതുകയും ബൈബിളിന്റെ ഒരു പ്രതി ആവശ്യപ്പെടുകയും ചെയ്തു.
കുടുംബ സന്തുഷ്ടി ആസ്വദിക്കുന്നതിന് ആളുകളെ സഹായിക്കുന്ന നിരവധി തത്ത്വങ്ങൾ കുടുംബ സന്തുഷ്ടി പുസ്തകത്തിൽ അടങ്ങിയിട്ടുണ്ട്. ഈ തത്ത്വങ്ങൾ ബൈബിൾ പഠിപ്പിക്കലുകളിൽ അധിഷ്ഠിതമാണ്. “ശൈശവംമുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക,” “നിങ്ങളുടെ കുടുംബസമാധാനം നിലനിർത്തൽ” എന്നിവ ആ പുസ്തകത്തിലെ പ്രബോധനാത്മകമായ അധ്യായങ്ങളിൽ ചിലതാണ്.
ഈ പുസ്തകത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ മേൽവിലാസത്തിൽ അയയ്ക്കുക.
□ കടപ്പാടുകളൊന്നും കൂടാതെ, കുടുംബ സന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ഞാൻ ആഗ്രഹിക്കുന്നു.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: