‘ഇതു താങ്കൾക്ക് അഭിമാനത്തിനു വക നൽകുന്നു’
‘ഇതു താങ്കൾക്ക് അഭിമാനത്തിനു വക നൽകുന്നു’
യഥാർഥ ദൈവദാസർ സത്യസന്ധരായിരിക്കുന്നതിന്റെ പ്രാധാന്യം തിരിച്ചറിയുന്നു. തങ്ങളുടെ സ്രഷ്ടാവിനോടുള്ള സ്നേഹമാണ് അങ്ങനെ ആയിരിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്. ഉദാഹരണത്തിന് ലാസാറോയുടെ കാര്യംതന്നെ എടുക്കുക. കുറച്ചുനാൾമുമ്പ് മെക്സിക്കോയിലെ വാറ്റൂൽക്കോയിലുള്ള ഒരു ഹോട്ടലിൽ ജോലി ചെയ്യവേ, കാത്തിരിപ്പുമുറിയിൽനിന്ന് അദ്ദേഹത്തിന് 70 ഡോളർ (ഏകദേശം 3,000 രൂപ) കളഞ്ഞുകിട്ടി. ഉടൻതന്നെ അദ്ദേഹം ആ പണം ഡ്യൂട്ടിയിലുണ്ടായിരുന്ന മാനേജരെ ഏൽപ്പിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു കുളിമുറിയിൽനിന്ന് ഒരു പേഴ്സ് കിട്ടി. അദ്ദേഹം അത് റിസപ്ഷനിൽ ഏൽപ്പിച്ചു. ഇത് അതിന്റെ ഉടമസ്ഥയെ വളരെയധികം വിസ്മയിപ്പിക്കുകയും ആഹ്ലാദിപ്പിക്കുകയും ചെയ്തു.
ഈ പ്രവർത്തനങ്ങൾ ജനറൽ മാനേജരുടെ ശ്രദ്ധയിൽപ്പെട്ടു. പണവും പേഴ്സും തിരികെ ഏൽപ്പിക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് അദ്ദേഹം ലാസാറോയോടു ചോദിച്ചു. ബൈബിളിൽനിന്നു താൻ മനസ്സിലാക്കിയ ധാർമിക മൂല്യങ്ങളാണ് തന്റേതല്ലാത്ത എന്തെങ്കിലും എടുക്കുന്നതിൽനിന്നു തന്നെ തടഞ്ഞതെന്ന് ലാസാറോ മറുപടി പറഞ്ഞു. ജനറൽ മാനേജർ, വിലമതിപ്പു പ്രകടമാക്കിക്കൊണ്ട് ലാസാറോയ്ക്ക് ഒരു കത്തെഴുതി. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “ഉന്നത ധാർമിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആളുകളെ കണ്ടെത്താൻ ഇന്നു ബുദ്ധിമുട്ടാണ്. താങ്കളുടെ മനോഭാവത്തെ ഞങ്ങൾ പ്രശംസിക്കുന്നു. സഹജോലിക്കാർക്ക് ഒരു മാതൃകയായ, മാന്യനായ ഒരു വ്യക്തിയാണെന്നു താങ്കൾ സ്വയം തെളിയിച്ചിരിക്കുന്നു. ഇതു താങ്കൾക്കും കുടുംബത്തിനും അഭിമാനത്തിനു വക നൽകുന്നു.” ആ മാസത്തെ ഏറ്റവും മികച്ച ജീവനക്കാരനെന്ന ബഹുമതി ലാസാറോയ്ക്കു ലഭിച്ചു.
ലാസാറോ പണവും പേഴ്സും തിരികെ ഏൽപ്പിക്കേണ്ടിയിരുന്നില്ല എന്ന അഭിപ്രായക്കാരായിരുന്നു അദ്ദേഹത്തിന്റെ സഹജീവനക്കാരിൽ ചിലർ. എന്നാൽ, തൊഴിലുടമയുടെ പ്രതികരണം കണ്ടപ്പോൾ ധാർമിക തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ചതിന് അവർ ലാസാറോയെ അനുമോദിച്ചു.
‘എല്ലാവർക്കും നന്മചെയ്യാനും’ ‘സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാനും’ ബൈബിൾ യേശുവിന്റെ വിശ്വസ്ത അനുഗാമികളെ ഉദ്ബോധിപ്പിക്കുന്നു. (ഗലാത്യർ 6:10; എബ്രായർ 13:18) ക്രിസ്ത്യാനികൾ സത്യസന്ധത പ്രകടമാക്കുന്നത് ബൈബിളിലെ, “നീതിയും നേരുമുള്ള” ദൈവമായ യഹോവയ്ക്കു മഹത്ത്വം കൈവരുത്തുന്നു എന്നതിനു സംശയമില്ല.—ആവർത്തനപുസ്തകം 32:4.