ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
പിതാക്കന്മാർ “നല്ല പിതാവായിരിക്കാൻ കഴിയുന്നത് എങ്ങനെ?” (2004 സെപ്റ്റംബർ 8) എന്ന ലേഖന പരമ്പര ഞാൻ വായിച്ചുകഴിഞ്ഞതേയുള്ളൂ. കുടുംബത്തോടൊത്തു ചെലവഴിക്കുന്നതിനും സഭാകാര്യങ്ങൾക്കു വേണ്ടിയും കൂടുതൽ സമയം കണ്ടെത്താൻ ഞാൻ ജോലിയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുകയാണ്. എന്റെ സാമ്പത്തികസ്ഥിതി നോക്കുമ്പോൾ, കൂടുതൽ ജോലി ചെയ്ത് കൂടുതൽ പണം സമ്പാദിക്കണം എന്നൊക്കെ എനിക്കു ചിലപ്പോൾ തോന്നിയിട്ടുണ്ട്. എന്നാൽ കുടുംബത്തോടൊത്തു സമയം ചെലവിടുന്നതാണ് പണത്തെക്കാൾ പ്രധാനമെന്ന് ഈ ലേഖന പരമ്പരയിൽനിന്ന് എനിക്കു ബോധ്യപ്പെട്ടു. പിതാക്കന്മാരെന്ന നിലയിൽ വിജയംനേടിയിട്ടുള്ള വ്യക്തികളുടെ അനുഭവങ്ങൾ എനിക്കു പ്രോത്സാഹനമേകി.
കെ. എസ്., ജപ്പാൻ
ഞാനും എന്റെ അനുജത്തിയും ഈ ലേഖന പരമ്പര അങ്ങേയറ്റം വിലമതിച്ചു. ഞങ്ങൾക്ക് ഡാഡിയുമായി ആശയവിനിമയം ഇല്ലെന്നുതന്നെ പറയാം. എങ്കിലും ഞങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നു. ഡാഡിയും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു, അതൊരിക്കലും ഡാഡി പറഞ്ഞിട്ടില്ലെങ്കിലും. ഈ ലേഖനങ്ങൾ വായിച്ചപ്പോൾ ഞങ്ങളെ മനസ്സിലാക്കാൻ ഒരാളുണ്ടായതുപോലെ തോന്നി. ഹൃദയംനിറഞ്ഞ നന്ദി!
വി. ഡി., ഇറ്റലി
യശസ്സ് “യശസ്സിനെക്കാൾ ശ്രേഷ്ഠമായത്” (2004 സെപ്റ്റംബർ 8) എന്ന ലേഖനം എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരമായിരുന്നു. മുഴുസമയ സുവിശേഷ വേലയിൽ തിരികെ പ്രവേശിച്ചത് ഞാൻ എടുത്ത ജ്ഞാനപൂർവകമായ തീരുമാനമായിരുന്നെന്ന് എനിക്കു ബോധ്യമായി. ലേഖനത്തിൽ കണ്ടതുപോലെ തന്റെ തീരുമാനത്തിന്റെ പേരിൽ ചാൾസിന് ആദ്യമൊക്കെ പിതാവിൽനിന്ന് എതിർപ്പു നേരിടേണ്ടിവന്നു. പക്ഷേ പിന്നീട് എത്ര അനുഗ്രഹങ്ങളാണ് അദ്ദേഹത്തിനു ലഭിച്ചത്! യഹോവയ്ക്കുള്ള സേവനം വിപുലപ്പെടുത്താനുള്ള എന്റെ തീരുമാനത്തോട് ഒരിക്കൽ എന്റെ അമ്മയും യോജിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു. ഇത്തരം ലേഖനങ്ങളിലൂടെ യഹോവയുടെ വിശ്വസ്ത ദാസന്മാരെ ഞങ്ങൾക്കു പരിചയപ്പെടുത്തുന്നതിനു നന്ദി.
വൈ. പി., യൂക്രെയിൻ
ഒരു യുവവ്യക്തിയായ ഞാൻ ഈ ലോകവും അതു വെച്ചുനീട്ടുന്ന സംഗതികളും കണ്ട് ചിലപ്പോഴൊക്കെ ചഞ്ചലിച്ചുപോകാറുണ്ട്. വാസ്തവത്തിൽ ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന തൊഴിലിലൂടെ എനിക്കു പ്രശസ്തയാകാൻ കഴിയും. തൊഴിൽ തിരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം യഹോവയെ സേവിക്കുക എന്നതല്ലായിരുന്നെന്ന് ലേഖനം വായിച്ചപ്പോൾ ഞാൻ തിരിച്ചറിഞ്ഞു. ചാൾസ് സിനെറ്റ്കോ സഹോദരന്റെ ആദ്യസംരംഭംതന്നെ പ്രശസ്തിയുടെ നെറുകയിലേക്കായിരുന്നു, എന്നിട്ടും സഹോദരൻ യഹോവയെ സേവിക്കുന്നതു തിരഞ്ഞെടുത്തു. ഈ ജീവിതകഥ എന്റെ ഹൃദയത്തെ സ്പർശിച്ചു. യഹോവയെ മുഴുസമയം സേവിക്കുന്നതിനെക്കാൾ മെച്ചമായി ഈ ലോകത്തിൽ ഒന്നുമില്ലെന്ന് ഈ ലേഖനം എനിക്കു കാണിച്ചുതന്നു.
ആർ. കെ., കാനഡ
ഒരു വലിയ ഗായകൻ എന്ന നിലയിൽ പ്രശസ്തിയുടെ പടവുകൾ താണ്ടാനുള്ള അവസരത്തിനു പുറംതിരിഞ്ഞ് സിനെറ്റ്കോ സഹോദരൻ യഹോവയെ മുഴുസമയം സേവിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ചത് എന്റെ ഹൃദയത്തെ സ്പർശിച്ചു. ഭർത്താവിനൊപ്പം ഞാൻ പയനിയർ ശുശ്രൂഷ ആസ്വദിക്കുകയാണ്. യഹോവയിൽ വിശ്വാസം അർപ്പിച്ച് ദൈവരാജ്യത്തിനു ഞങ്ങളുടെ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിക്കൊണ്ട് സിനെറ്റ്കോ സഹോദരന്റെ ദൃഷ്ടാന്തം അനുകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കെട്ടുപണിചെയ്യുന്ന ഈ ജീവിതകഥ പ്രസിദ്ധീകരിച്ചതിനു നന്ദി!
ഇ. എസ്., ജപ്പാൻ
വിവാഹത്തിനു മുമ്പുള്ള ലൈംഗികത “വിവാഹത്തിനു മുമ്പുള്ള ലൈംഗികത എനിക്ക് എങ്ങനെ ഒഴിവാക്കാനാകും?” (2004 സെപ്റ്റംബർ 8) എന്ന ലേഖനത്തിനു നന്ദിപറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഒരു അധ്യാപികയും കൗൺസിലറും ആയ എനിക്ക് ഈ ലേഖനങ്ങൾ വളരെ ആകർഷകമായി തോന്നി. ഒരു ക്ലാസ്സ് ചർച്ചയിൽ, യഹോവയാം ദൈവത്തിന്റെ മുമ്പാകെ ശുദ്ധരും വിലപ്പെട്ടവരും ആയിരിക്കാനും വിവാഹത്തിനു മുമ്പുള്ള ലൈംഗികതയിൽ ഏർപ്പെട്ട് കുഴപ്പങ്ങളൊന്നും വരുത്തിവെക്കാതെ പഠനത്തിൽ മിടുക്കരാകാനും വിദ്യാർഥികളെ സഹായിക്കുന്ന ചില ആശയങ്ങൾ ഞാൻ ഊന്നിപ്പറഞ്ഞു. നിരവധി വിദ്യാർഥികൾ താത്പര്യം കാണിച്ചു, ബൈബിളിനെക്കുറിച്ചു കൂടുതൽ അറിയാൻ ആഗ്രഹിച്ചു! മറ്റുചില അധ്യാപകർ അവരുടെ ക്ലാസ്സുകളിലെ വിദ്യാർഥികളോടും ഈ വിവരങ്ങൾ പങ്കുവെക്കാൻ എന്നോട് ആവശ്യപ്പെടുകയാണ്. ആഴ്ചതോറും യുവജനങ്ങൾ ചോദിക്കുന്നു പുസ്തകത്തിൽനിന്ന് വ്യത്യസ്ത ഭാഗങ്ങൾ എന്റെ ക്ലാസ്സിലെ വിദ്യാർഥികളുമായി ഞാൻ ചർച്ചചെയ്യും.
ബി. സി., മൊസാമ്പിക്ക്
എനിക്ക് 25 വയസ്സുണ്ട്. ചാരിത്ര്യം കാത്തുസൂക്ഷിക്കാൻ ഞാൻ എന്റെ പരമാവധി ചെയ്തിരിക്കുന്നു. മാന്യമായ ഒരു വിവാഹബന്ധത്തിലേക്കു കാലെടുത്തുവെക്കാൻ ഞാൻ മുമ്പെന്നത്തേതിലും അധികം ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. നിങ്ങളുടെ നല്ലവേല തുടരുക.
എഫ്. കെ., ഉഗാണ്ട