വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഏറ്റവും പുരാതന സർവക​ലാ​ശാ​ല​യോ?

പോള​ണ്ടി​ലെ​യും ഈജി​പ്‌തി​ലെ​യും പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ ഈജി​പ്‌തി​ലെ പുരാതന അലക്‌സാൻഡ്രിയ സർവക​ലാ​ശാല സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം ഉത്‌ഖ​നനം ചെയ്‌തു. ലോസ്‌ ആഞ്ചലസ്‌ ടൈംസ്‌ റിപ്പോർട്ടു ചെയ്യു​ന്ന​പ്ര​കാ​രം അവിടെ ഒരേ വലുപ്പ​മുള്ള 13 ലക്‌ചർ ഹാളുകൾ ടീം കണ്ടെത്തി. എല്ലാറ്റി​ലും​കൂ​ടെ 5,000-ത്തോളം വിദ്യാർഥി​കൾക്ക്‌ ഇരിപ്പി​ട​സൗ​ക​ര്യം ഉണ്ടായി​രു​ന്നി​രി​ക്കാം. ഈ ഹാളു​ക​ളിൽ “പടികൾപോ​ലെ നിരനി​ര​യാ​യി ബഞ്ചുകൾ ഉണ്ട്‌. ഭിത്തി​യോ​ടു ചേർത്തു മുറി​ക​ളു​ടെ മൂന്നു വശത്തു​മാ​യാണ്‌ ഇവ സജ്ജീക​രി​ച്ചി​രു​ന്നത്‌, ചിലയി​ട​ങ്ങ​ളിൽ ‘U’ ആകൃതി​യിൽ പണിതി​രു​ന്നു.” മധ്യഭാ​ഗത്ത്‌ ഉയരത്തിൽ പണിത ഒരു ഇരിപ്പി​ട​മുണ്ട്‌, അതായി​രി​ക്കണം ലക്‌ച​റ​റു​ടേത്‌. “മുഴു മെഡി​റ്റ​റേ​നി​യ​നി​ലു​മാ​യി ഇതുവരെ ഉത്‌ഖ​നനം ചെയ്യ​പ്പെ​ട്ടി​ട്ടുള്ള ഗ്രീക്ക്‌-റോമൻ ശൂന്യ​ശി​ഷ്ട​ങ്ങൾക്കി​ട​യിൽ, ലക്‌ചർ ഹാളു​ക​ളു​ടെ ഇത്തര​മൊ​രു സമുച്ചയം കണ്ടെത്തു​ന്നത്‌ ആദ്യമാ​യാണ്‌” എന്ന്‌ പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​നും ഈജി​പ്‌തി​ന്റെ സുപ്രീം കൗൺസിൽ ഓഫ്‌ ആന്റിക്വി​റ്റീ​സി​ന്റെ പ്രസി​ഡ​ന്റു​മായ സെഹി ഹവെസ്‌ പറയുന്നു. “ഏറ്റവും പഴക്കമുള്ള സർവക​ലാ​ശാല ആയിരി​ക്കാം” ഇതെന്നാണ്‌ ഹവെസി​ന്റെ അഭി​പ്രാ​യം. (g05 6/8)

വെളു​ത്തു​ള്ളി ഐസ്‌ക്രീ​മോ?

വെളു​ത്തു​ള്ളി​യു​ടെ ചികി​ത്സാ​മൂ​ല്യം പണ്ടുമു​തൽക്കേ പേരു​കേ​ട്ട​താണ്‌. ഇപ്പോൾ ഉത്തര ഫിലി​പ്പീൻസി​ലെ മാരി​യാ​നോ മർക്കോസ്‌ സംസ്ഥാന സർവക​ലാ​ശാല “ആരോ​ഗ്യ​പ​ര​മായ” കാരണ​ങ്ങ​ളാൽ വെളു​ത്തു​ള്ളി ഐസ്‌ക്രീം ഉണ്ടാക്കി​യി​രി​ക്കു​ന്നു, ഫിലി​പ്പീൻ സ്റ്റാർ എന്ന പത്രമാണ്‌ ഇതു റിപ്പോർട്ടു ചെയ്‌തത്‌. വെളു​ത്തു​ള്ളി​യു​ടെ ഉപയോ​ഗം മൂലം ശമനം വരു​മെന്നു പറയുന്ന രോഗങ്ങൾ ഉള്ളവർക്ക്‌ ഈ പുതിയ ഉത്‌പന്നം പ്രയോ​ജനം ചെയ്‌തേ​ക്കു​മെ​ന്നാണ്‌ പ്രതീക്ഷ. ജലദോ​ഷം, പനി, ഉയർന്ന രക്തസമ്മർദം, ശ്വാസ​കോശ തകരാ​റു​കൾ, വാതം, സർപ്പദം​ശനം, പല്ലു​വേദന, ക്ഷയരോ​ഗം, വില്ലൻചുമ, മുറി​വു​കൾ, എന്നിവ​യ്‌ക്കും എന്തിന്‌ കഷണ്ടി​ക്കു​പോ​ലും വെളു​ത്തു​ള്ളി ഫലപ്ര​ദ​മാ​ണെന്നു കരുത​പ്പെ​ടു​ന്നു. അതു​കൊണ്ട്‌, വെളു​ത്തു​ള്ളി ഐസ്‌ക്രീം വേണോ ആർക്കെ​ങ്കി​ലും? (g05 6/8)

ഏറെ വാഹനങ്ങൾ —ഏറെ പ്രശ്‌ന​ങ്ങൾ

“സൈക്കി​ളു​ക​ളു​ടെ സാമ്രാ​ജ്യം എന്നതിൽനിന്ന്‌ മോ​ട്ടോർവാ​ഹ​ന​ങ്ങ​ളു​ടെ ഒരു സമൂഹം എന്ന നിലയി​ലേക്ക്‌ ചൈന പുരോ​ഗ​മി​ക്കു​ക​യാണ്‌,” ചൈന ഡെയ്‌ലി എന്ന പത്രം പറയുന്നു. 1,000 പേർക്ക്‌ 120 വാഹനങ്ങൾ എന്ന ആഗോ​ള​നി​ര​ക്കി​നോ​ടു താരത​മ്യ​പ്പെ​ടു​ത്തു​മ്പോൾ ഇപ്പോൾ ചൈന​യിൽ 1,000 പേർക്ക്‌ 20 വാഹനങ്ങൾ എന്ന നിരക്കാ​ണു​ള്ളത്‌. അത്‌ ക്രമേണ 150-ൽ എത്തി​ച്ചേ​രു​മെ​ന്നാ​ണു കണക്കു​കൂ​ട്ടൽ. സ്വന്തമാ​യി വാഹനങ്ങൾ വാങ്ങു​ന്ന​തി​ലെ വർധന നിരവധി ആളുക​ളു​ടെ ജീവി​ത​നി​ല​വാ​ര​വും ഉയർത്തും എന്നാണ്‌ സ്റ്റേറ്റ്‌ കൗൺസി​ലി​ന്റെ വികസന ഗവേഷണ കേന്ദ്രം ഡപ്യൂട്ടി ഡയറക്ടർ ചെൻ ചിങ്ങ്‌റ്റൈ അഭി​പ്രാ​യ​പ്പെ​ടു​ന്നത്‌. എന്നാൽ, വെല്ലു​വി​ളി​ക​ളും അദ്ദേഹം മുന്നിൽ കാണുന്നു: “മോ​ട്ടോർ വാഹന​ങ്ങ​ളു​ടെ പുക ഫലപ്ര​ദ​മാ​യി നിയ​ന്ത്രി​ക്കാൻ നമുക്കു കഴിയു​ന്നി​ല്ലെ​ങ്കിൽ നഗരങ്ങ​ളി​ലെ മലിനീ​ക​ര​ണ​ത്തി​നു ഹേതു പ്രധാ​ന​മാ​യും മോ​ട്ടോർവാ​ഹ​ന​ങ്ങ​ളാ​യി​രി​ക്കും, അല്ലാതെ കൽക്കരി​യാ​യി​രി​ക്കില്ല.” ചൈന​യി​ലെ ചില നഗരങ്ങ​ളിൽ ഇപ്പോൾത്തന്നെ കാർബൺ മോ​ണോ​ക്‌​സൈഡ്‌, നൈ​ട്രജൻ ഓക്‌​സൈഡ്‌ എന്നിവ വൻതോ​തിൽ പുറത്തു​വി​ടു​ന്നതു വാഹന​ങ്ങ​ളാണ്‌. 2008-ൽ ബെയ്‌ജി​ങ്ങിൽവെച്ച്‌ നടത്താ​നി​രി​ക്കുന്ന ഒളിമ്പി​ക്‌സി​നു മുമ്പ്‌ മലിനീ​ക​രണം കുറയ്‌ക്കാ​നുള്ള ഉദ്യമങ്ങൾ നടന്നു​കൊ​ണ്ടി​രി​ക്കു​ന്നു. (g05 5/22)

അത്യപൂർവ​മായ ഒരു കണ്ടെത്തൽ

ചാവു​ക​ട​ലി​നു സമീപത്തെ ഗുഹക​ളിൽ ഗവേഷണം നടത്തിയ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞർ, ആഭരണ​ങ്ങ​ളും മറ്റു വസ്‌തു​ക്ക​ളും കണ്ടെടു​ക്കു​ക​യു​ണ്ടാ​യി. ഇത്‌ യഹൂദ​ന്മാർ ബാബി​ലോ​ണിൽനി​ന്നു സ്വദേ​ശ​ത്തേക്കു മടങ്ങിവന്ന, 2,500 വർഷം മുമ്പുള്ള കാലഘ​ട്ട​ത്തി​ലേ​താ​ണെന്നു പറയ​പ്പെ​ടു​ന്നു. യെരൂ​ശ​ലേ​മി​ലെ എബ്രായ സർവക​ലാ​ശാ​ല​യി​ലെ​യും റാമാത്ത്‌ ഗാനിലെ ബാർ ഇലാൻ സർവക​ലാ​ശാ​ല​യി​ലെ​യും പുരാ​വ​സ്‌തു​ശാ​സ്‌ത്ര​ജ്ഞ​രാണ്‌ മെറ്റൽ ഡിറ്റക്ട​റു​ക​ളു​ടെ സഹായ​ത്തോ​ടെ ഈ സാധനങ്ങൾ കണ്ടെടു​ത്തത്‌. കണ്ടെത്തി​യ​വ​യിൽ വെള്ളോ​ടി​ന്റെ ഒരു ചെറിയ കണ്ണാടി, ഒരു വെള്ളി​പ്പ​തക്കം, സ്വർണ​വും അത്ര വിലയി​ല്ലാത്ത കല്ലുക​ളും കൊണ്ടുള്ള ഒരു നെക്ക്‌ലേസ്‌, വൈഢൂ​ര്യം​കൊ​ണ്ടുള്ള ഒരു ബാബി​ലോ​ണി​യൻ മെഡൽ, ബാബി​ലോ​ണി​ലെ ഒരു പുരോ​ഹി​തൻ ചന്ദ്രനെ നമസ്‌ക​രി​ക്കു​ന്നതു ചിത്രീ​ക​രി​ക്കുന്ന ഒരു ചാപ്പ എന്നിവ​യു​ണ്ടെന്ന്‌ അസ്സോ​സി​യേ​റ്റഡ്‌ പ്രസ്സ്‌ റിപ്പോർട്ടു ചെയ്യുന്നു. “ഇങ്ങനെ​യൊ​രു കണ്ടെത്തൽ അത്യപൂർവ​മാണ്‌. കണ്ടെത്തിയ വസ്‌തു​ക്ക​ളു​ടെ മൂല്യ​ത്തി​ന്റെ​യും അതു പ്രതി​നി​ധാ​നം ചെയ്യുന്ന കാലഘ​ട്ട​ത്തി​ന്റെ​യും കാര്യ​മെ​ടു​ത്താൽ, ഇത്‌ തികച്ചും അനുപ​മ​മാ​ണെന്നു പറയാം,” ഇസ്രാ​യേ​ലി​ന്റെ പ്രകൃ​തി​യു​ടെ​യും നാഷണൽ പാർക്കി​ന്റെ​യും സംരക്ഷണ അധികാ​ര​മുള്ള സംഘട​ന​യി​ലെ മുഖ്യ പുരാ​വ​സ്‌തു​ശാ​സ്‌ത്രജ്ഞൻ സ്വികാ സുക്ക്‌ പറഞ്ഞു. (g05 5/22)

കുട്ടി​കൾക്കു മസ്‌തി​ഷ്‌കാ​ഘാ​ത​മു​ണ്ടാ​കാം

“കാനഡ​യിൽ കുറഞ്ഞത്‌ ദിവസം ഒരു കുട്ടി​ക്കെ​ങ്കി​ലും മസ്‌തി​ഷ്‌കാ​ഘാ​തം സംഭവി​ക്കു​ന്നു” എന്ന്‌ വർത്തമാ​ന​പ്പ​ത്ര​മായ വാൻകൂ​വർ സൺ റിപ്പോർട്ട്‌ ചെയ്യുന്നു. കനേഡി​യൻ പീഡി​യാ​ട്രിക്‌ ഇസ്‌കെ​മിക്‌ സ്ര്‌ടോക്ക്‌ റെജി​സ്‌ട്രി​യു​ടെ ഡയറക്ട​റും നാഡീ​രോ​ഗ​വി​ദ​ഗ്‌ധ​നു​മായ ഗേബ്രി​യേൽ ഡെവെബർ പറയു​ന്നത്‌, മസ്‌തി​ഷ്‌കാ​ഘാ​തം ഉണ്ടാകുന്ന കുട്ടി​കൾക്കു സത്വര ചികിത്സ ലഭ്യമാ​ക്കണം എന്നാണ്‌. അല്ലാത്ത​പക്ഷം അവർക്ക്‌ “കൂടുതൽ ഗുരു​ത​ര​മായ ആഘാത​മോ നാഡീ​സം​ബ​ന്ധ​മായ ക്ഷതങ്ങളോ” ഉണ്ടാകാ​നി​ട​യുണ്ട്‌. പത്രം പറയു​ന്ന​ത​നു​സ​രിച്ച്‌, “മസ്‌തി​ഷ്‌കാ​ഘാ​തം തുടങ്ങി മൂന്നു മണിക്കൂ​റി​നു​ള്ളിൽത്തന്നെ രക്തം കട്ടപി​ടി​ക്കു​ന്നതു തടയു​ന്ന​തി​നുള്ള മരുന്നു നൽകി​യി​രി​ക്കണം.” പക്ഷേ, കുട്ടി​ക്കാ​ല​ത്തു​ണ്ടാ​കുന്ന മസ്‌തി​ഷ്‌കാ​ഘാ​തങ്ങൾ “പലപ്പോ​ഴും പരി​ശോ​ധ​ന​യ്‌ക്കു​ശേഷം അപസ്‌മാ​ര​മോ, കൊടി​ഞ്ഞി​യോ ആണെന്നു തെറ്റായി നിഗമനം ചെയ്യ​പ്പെ​ടു​ന്നു.” മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​ന്റെ ലക്ഷണങ്ങ​ളെ​ക്കു​റി​ച്ചും പത്രം പറയു​ന്നുണ്ട്‌. “പ്രത്യേ​കിച്ച്‌ ശരീര​ത്തി​ന്റെ ഒരു വശത്തിനു മരവി​പ്പോ തളർച്ച​യോ അനുഭ​വ​പ്പെ​ടുക, മനോ​വി​ഭ്രാ​ന്തി, സംസാരം കുഴഞ്ഞു​പോ​കുക, കാഴ്‌ച മങ്ങൽ, തലചുറ്റൽ, പെട്ടെ​ന്നു​ണ്ടാ​കുന്ന കടുത്ത തലവേദന” എന്നിവ അതിൽ ഉൾപ്പെ​ടു​ന്നു. ഹൃ​ദ്രോ​ഗം, കാൻസർ എന്നിവ​യ്‌ക്കുള്ള ചികി​ത്സകൾ യുവജ​ന​ങ്ങ​ളിൽ മസ്‌തി​ഷ്‌കാ​ഘാ​ത​ത്തി​നുള്ള സാധ്യത വർധി​പ്പി​ച്ചേ​ക്കാം, അതു​പോ​ലെ “കുട്ടി​ക​ളി​ലെ പൊണ്ണ​ത്തടി, കൊഴു​പ്പു​കൂ​ടിയ ആഹാര​ക്രമം” എന്നിവ​യും അപകട​ക​ര​മാ​യി​രി​ക്കാ​മെന്നു ചില വിദഗ്‌ധർ സംശയി​ക്കു​ന്നു. (g05 5/22)

ഡിജിറ്റൽ സ്‌ക്രീൻ ഇതാ സ്‌കൂ​ളി​ലേക്ക്‌

മെക്‌സി​ക്കോ​യി​ലെ 21,000-ത്തിലധി​കം പ്രൈ​മറി-സ്‌കൂൾ ക്ലാസ്സ്‌മു​റി​ക​ളിൽനിന്ന്‌ പരമ്പരാ​ഗ​ത​മായ ബോർഡും ചോക്കും ഡസ്റ്ററും ഒക്കെ അപ്രത്യ​ക്ഷ​മാ​യി​രി​ക്കു​ക​യാണ്‌, പകരം കമ്പ്യൂ​ട്ട​റു​മാ​യി ബന്ധിപ്പിച്ച ഒരു ഇലക്‌​ട്രോ​ണിക്‌ ബോർഡാണ്‌ ഇപ്പോൾ ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌. മെക്‌സി​ക്കോ നഗരത്തി​ലെ എൽ യൂണി​വേ​ഴ്‌സൽ പത്രം റിപ്പോർട്ടു ചെയ്‌ത​താണ്‌ ഈ വാർത്ത. ഏകദേശം രണ്ടു മീറ്റർ വീതി​യും ഒരു മീറ്റർ ഉയരവു​മുള്ള ഈ ബോർഡ്‌ അഞ്ചും ആറും ഗ്രേഡു​ക​ളി​ലാണ്‌ ഇപ്പോൾ ഉപയോ​ഗി​ക്കു​ന്നത്‌. ചരിത്രം, ശാസ്‌ത്രം, ഗണിതം, ഭൂമി​ശാ​സ്‌ത്രം തുടങ്ങിയ വിഷയങ്ങൾ പഠിപ്പി​ക്കാൻ ഇലക്‌​ട്രോ​ണിക്‌ ഫോർമാ​റ്റി​ലുള്ള ഏഴു പുസ്‌ത​കങ്ങൾ ലഭ്യമാണ്‌. ബോർഡിൽ വീഡി​യോ കാണി​ക്കാ​നും പറ്റും. ഒരു അധ്യാ​പി​ക​യു​ടെ ക്ലാസ്സിലെ കുട്ടി​കൾക്ക്‌ അങ്ങനെ, “റ്റിക്കാൽ, പാലെങ്കേ എന്നിവി​ട​ങ്ങ​ളി​ലെ പിരമി​ഡു​കൾ സന്ദർശി​ക്കാ​നും മായ ജനതയു​ടെ പാരമ്പ​ര്യ​ങ്ങൾ കാണാ​നും [അവരുടെ] സംഗീതം ശ്രവി​ക്കാ​നും കഴിഞ്ഞു.” ഇതു​കൊ​ണ്ടുള്ള പ്രയോ​ജനം? “കുട്ടികൾ കൂടുതൽ നന്നായി ശ്രദ്ധി​ക്കു​ന്നു, പഠിക്കു​ന്നു, പങ്കെടു​ക്കു​ന്നു,” അധ്യാ​പിക പറയുന്നു. (g05 6/8)

വർഷം പത്തുലക്ഷം ആത്മഹത്യ​കൾ

ലോക​മൊ​ട്ടാ​കെ സംഭവി​ക്കുന്ന ദാരുണ മരണങ്ങ​ളിൽ പകുതി​യോ​ളം ആത്മഹത്യ​ക​ളാണ്‌. പത്തുല​ക്ഷ​ത്തോ​ളം പേർ ഓരോ വർഷവും ജീവ​നൊ​ടു​ക്കു​ന്നു. 2001-ൽ ഈ സംഖ്യ, കൊല​പാ​തകം, യുദ്ധം എന്നിവ​മൂ​ല​മുള്ള മൊത്തം മരണസം​ഖ്യ​യെ കടത്തി​വെട്ടി. ഒരു ആത്മഹത്യ നടക്കു​മ്പോൾ 10-നും 20-നും ഇടയ്‌ക്ക്‌ ആത്മഹത്യാ​ശ്ര​മങ്ങൾ ഉണ്ടാകു​ന്നുണ്ട്‌. സ്വിറ്റ്‌സർലൻഡി​ലെ ജനീവ​യി​ലുള്ള ലോകാ​രോ​ഗ്യ സംഘട​ന​യാണ്‌ ഈ കണക്കുകൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌. “ഓരോ മരണം​മൂ​ല​വും ബഹുദശം കുടും​ബാം​ഗ​ങ്ങ​ളും സുഹൃ​ത്തു​ക്ക​ളും വൈകാ​രി​ക​മാ​യും സാമൂ​ഹി​ക​മാ​യും സാമ്പത്തി​ക​മാ​യും തകർന്നു​പോ​കു​ന്നു”വെന്ന്‌ ലോകാ​രോ​ഗ്യ സംഘടന ചൂണ്ടി​ക്കാ​ട്ടു​ന്നു. ആത്മഹത്യ​യിൽനിന്ന്‌ ആളുകളെ തടയുന്ന ഘടകങ്ങ​ളിൽ “നല്ല ആത്മാഭി​മാ​നം,” സുഹൃ​ത്തു​ക്ക​ളിൽനി​ന്നും കുടും​ബ​ത്തിൽനി​ന്നും കിട്ടുന്ന വൈകാ​രിക പിന്തുണ, സുദൃ​ഢ​മായ ബന്ധങ്ങൾ, മതപര​മോ ആത്മീയ​മോ ആയ പ്രതി​ബദ്ധത എന്നിവ ഉൾപ്പെ​ടു​ന്നു. (g05 6/8)

പൊടു​ന്നനെ ഉയരുന്ന പടുകൂ​റ്റൻ തിരകൾ

ഓരോ ആഴ്‌ച​യും ഭൂഗോ​ള​ത്തി​ലെ​വി​ടെ​യെ​ങ്കി​ലു​മാ​യി ശരാശരി രണ്ടു വലിയ കപ്പലുകൾ മുങ്ങി​പ്പോ​കു​ന്നു​ണ്ടെന്നു പറയ​പ്പെ​ടു​ന്നു. 200 മീറ്ററി​ലേറെ നീളമുള്ള സൂപ്പർടാ​ങ്ക​റു​ക​ളെ​യും കൂറ്റൻ ചരക്കു​ക​പ്പ​ലു​ക​ളെ​യും​പോ​ലും കടൽ മുക്കി​ത്താ​ഴ്‌ത്തി​യി​ട്ടുണ്ട്‌. രൗദ്ര​ഭാ​വ​ത്തോ​ടെ പൊടു​ന്നനെ ഉയരുന്ന തിരക​ളാണ്‌ ഈ ദുരന്ത​ങ്ങ​ളിൽ മിക്കവ​യ്‌ക്കും കാരണം. കൂറ്റൻ കപ്പലു​കളെ മുക്കാൻപോന്ന മാനം​മു​ട്ടെ ഉയരുന്ന കടൽത്തി​ര​ക​ളെ​ക്കു​റി​ച്ചുള്ള റിപ്പോർട്ടു​ക​ളൊ​ക്കെ കടൽയാ​ത്ര​ക്കാ​രു​ടെ നിറം​പി​ടി​പ്പിച്ച കഥകളാ​ണെ​ന്നാ​ണു കരുതി​പ്പോ​ന്നി​രു​ന്നത്‌. എന്നിരു​ന്നാ​ലും, യൂറോ​പ്യൻ യൂണി​യന്റെ ഒരു ഗവേഷണ പദ്ധതി, ഇത്തരം കഥകൾ സത്യമാ​ണെന്നു കണ്ടെത്തി. ഈ പടുകൂ​റ്റൻ തിരകളെ കണ്ടുപി​ടി​ക്കാൻവേണ്ടി ഉപഗ്രഹ റഡാർവഴി എടുത്ത സമു​ദ്ര​ത്തി​ന്റെ ചിത്രങ്ങൾ സ്‌കാൻ ചെയ്‌തു നോക്കി. “ഇവ മറ്റെല്ലാ​വ​രും വിശ്വ​സി​ക്കു​ന്ന​തി​നെ​ക്കാൾ കൂടുതൽ സാധാ​ര​ണ​മാ​ണെന്നു ഞങ്ങൾ തെളി​യി​ച്ചി​രി​ക്കു​ന്നു” എന്ന, പദ്ധതി​യു​ടെ മേധാവി വോൾഫ്‌ഗാങ്‌ റോ​സെ​ന്റ​ലി​ന്റെ അഭി​പ്രാ​യം സ്യൂറ്റ്‌ഡോ​യിച്ച്‌ റ്റ്‌​സൈ​റ്റുങ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. മൂന്ന്‌ ആഴ്‌ച​യ്‌ക്കു​ള്ളിൽ അദ്ദേഹ​ത്തി​ന്റെ സംഘം ഇത്തരത്തിൽ പത്തെണ്ണം തിരി​ച്ച​റി​ഞ്ഞു. ഈ തിരമാ​ലകൾ ഏതാണ്ട്‌ ലംബ​രേ​ഖ​യി​ലു​ള്ള​താണ്‌, ഇതിന്‌ 40 മീറ്റർവരെ ഉയരത്തിൽ പൊങ്ങാൻ കഴിയും, ഒരു സമു​ദ്ര​യാ​നത്തെ തകർക്കാ​നോ മുക്കി​ക്ക​ള​യാ​നോ ഇതിനു​പ​റ്റും. ഏതാനും കപ്പലു​കൾക്കേ ഇതിനെ പ്രതി​രോ​ധി​ക്കാ​നുള്ള കരുത്തു​ള്ളൂ. “ഇത്തരം തിരകൾ ഉയരാ​നുള്ള സാധ്യത മുൻകൂ​ട്ടി​പ്പ​റ​യാൻ പറ്റുമോ എന്നാണ്‌ ഇനി ഞങ്ങൾക്കു പഠിക്കാ​നു​ള്ളത്‌” റോ​സെൻറ്റൽ പറയുന്നു.