വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല

ജന്തർ മന്തർ ദൂരദർശിനികളില്ലാത്ത വാനനിരീക്ഷണശാല

ജന്തർ മന്തർ ദൂരദർശി​നി​ക​ളി​ല്ലാത്ത വാനനി​രീ​ക്ഷ​ണ​ശാല

ഇന്ത്യയിലെ ഉണരുക! ലേഖകൻ

ഇന്ത്യയി​ലെ ന്യൂഡൽഹി​യി​ലുള്ള ജന്തർ മന്തർ സന്ദർശി​ക്കാ​നെ​ത്തു​ന്നവർ അവിടത്തെ നിർമി​തി​കളെ നോക്കി അതിശ​യി​ച്ചേ​ക്കാം, ‘ഇതു ശരിക്കും ഒരു വാനനി​രീ​ക്ഷ​ണ​ശാ​ല​യാ​ണോ?’ ഒരു വലിയ ഉദ്യാ​ന​ത്തിൽ കല്ലു​കൊ​ണ്ടുള്ള വിചി​ത്ര​മായ ഏതാനും നിർമി​തി​കൾ. ഉന്നത സാങ്കേ​തി​ക​വി​ദ്യ​യു​ടെ സഹായ​ത്തോ​ടെ നിർമിച്ച ജ്യോ​തി​ശ്ശാ​സ്‌ത്ര ഉപകര​ണ​ങ്ങ​ളുള്ള അത്യാ​ധു​നിക വാനനി​രീ​ക്ഷ​ണ​ശാ​ലകൾ കണ്ടിട്ടു​ള്ള​വർക്ക്‌ ഇതും ഒരു വാനനി​രീ​ക്ഷ​ണ​ശാ​ല​യാ​ണെന്നു ചിന്തി​ക്കുക ബുദ്ധി​മു​ട്ടാണ്‌. പക്ഷേ ആ ഉദ്ദേശ്യ​ത്തി​ലാണ്‌ 18-ാം നൂറ്റാ​ണ്ടി​ന്റെ പ്രാരം​ഭ​ത്തിൽ ഇതു പണിക​ഴി​പ്പി​ച്ചത്‌. ദൂരദർശി​നി​ക​ളും അക്കാലത്ത്‌ യൂറോ​പ്പിൽ വികസി​പ്പി​ച്ചെ​ടു​ത്തു​കൊ​ണ്ടി​രുന്ന മറ്റ്‌ ഉപകര​ണ​ങ്ങ​ളും ഇല്ലാതി​രു​ന്നി​ട്ടു​കൂ​ടി ഈ വാനനി​രീ​ക്ഷ​ണ​ശാല നഭോ​ഗോ​ള​ങ്ങ​ളെ​ക്കു​റിച്ച്‌ വിശദ​വും സാമാ​ന്യം കൃത്യ​ത​യു​ള്ള​തും ആയ വിവരങ്ങൾ നൽകി എന്നതു ശ്രദ്ധേ​യ​മാണ്‌.

രജപുത്ര മഹാരാ​ജാ​വായ സവായ്‌ ജയ്‌സിങ്‌ രണ്ടാമൻ പണിക​ഴി​പ്പിച്ച അഞ്ച്‌ വാനനി​രീ​ക്ഷ​ണ​ശാ​ല​ക​ളിൽ മൂന്നെ​ണ്ണ​ത്തി​നും ജന്തർ മന്തർ എന്നുത​ന്നെ​യാ​ണു പേര്‌. “ജന്തർ” എന്ന വാക്ക്‌ “ഉപകരണം” എന്നർഥം വരുന്ന “യന്ത്ര” എന്ന സംസ്‌കൃ​ത​പ​ദ​ത്തിൽനി​ന്നു വന്നതാണ്‌. അതു​പോ​ലെ “മന്തർ” എന്നവാക്ക്‌ “സൂത്ര​വാ​ക്യം” എന്നർഥം​വ​രുന്ന “മന്ത്ര” എന്ന സംസ്‌കൃ​ത​പ​ദ​ത്തിൽനി​ന്നും. പ്രാസ​മൊ​പ്പിച്ച്‌ വാക്കുകൾ പറയുന്ന ഒരു സംഭാഷണ രീതി​യിൽനി​ന്നു​മാണ്‌ ജന്തർ മന്തർ എന്ന പേര്‌ ഉരുത്തി​രി​ഞ്ഞത്‌.

ന്യൂഡൽഹി​യി​ലുള്ള ജന്തർ മന്തറിലെ ഒരു ഉപകര​ണ​ത്തിൽ ഒരു ഫലകമുണ്ട്‌. ഈ നിരീ​ക്ഷ​ണ​ശാല 1710-ൽ നിർമി​ച്ച​താ​ണെന്ന്‌ 1910-ൽ സ്ഥാപിച്ച ആ ഫലകത്തിൽ പറയുന്നു. എന്നിരു​ന്നാ​ലും, 1724-ൽ ആണ്‌ ഇതു പൂർത്തി​യാ​യ​തെന്നു പിന്നീടു നടന്ന ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നു. നാം കാണാൻ പോകു​ന്ന​തു​പോ​ലെ ജയ്‌സി​ങ്ങി​ന്റെ ജീവച​രി​ത്രം ഈ നിഗമ​ന​ത്തിന്‌ അടിവ​ര​യി​ടു​ന്നു. ആദ്യം​തന്നെ, നമുക്ക്‌ ഈ നിരീ​ക്ഷ​ണ​ശാ​ല​യി​ലെ ഉപകര​ണ​ങ്ങ​ളെ​ക്കു​റി​ച്ചു ഹ്രസ്വ​മാ​യി പരിചി​ന്തി​ക്കാം. ഇത്തരം നിരീ​ക്ഷ​ണ​ശാ​ല​ക​ളിൽ ലോക​ത്തിൽ ഏറ്റവും പഴക്കം ഇതിനാ​ണെന്നു കരുത​പ്പെ​ടു​ന്നു.

കല്ലു​കൊ​ണ്ടുള്ള നിർമി​തി​കൾതന്നെ ഉപകര​ണ​ങ്ങൾ

കല്ലു​കൊ​ണ്ടു നിർമിച്ച നാല്‌ ഉപകര​ണങ്ങൾ ഇവി​ടെ​യുണ്ട്‌. ഇതിൽ ഏറ്റവും ശ്രദ്ധേ​യ​മായ ഉപകര​ണ​മാണ്‌, സുപ്ര​ധാന ഉപകരണം എന്നർഥം​വ​രുന്ന സമ്രാട്ട്‌ യന്ത്ര. ഇത്‌ “അടിസ്ഥാ​ന​പ​ര​മാ​യി തുല്യ​ദൈർഘ്യ​മുള്ള മണിക്കൂ​റു​കൾ അങ്കനം ചെയ്യുന്ന സൂര്യ​ഘ​ടി​കാ​ര​മാണ്‌.” ജയ്‌സി​ങ്ങി​ന്റെ ഏറ്റവും സുപ്ര​ധാന നിർമി​തി​യാ​ണിത്‌. കല്ലു​കൊ​ണ്ടു നിർമിച്ച ഒരു കൂറ്റൻ ത്രി​കോ​ണം ഉൾപ്പെ​ട്ട​താണ്‌ ഈ ഉപകരണം. ഉയരം 21.3 മീറ്റർ, പാദം 34.6 മീറ്റർ, കനം 3.2 മീറ്റർ എന്നിവ​യാണ്‌ ത്രി​കോ​ണ​ത്തി​ന്റെ അളവുകൾ. ഈ ത്രി​കോ​ണ​ത്തി​ന്റെ, ഉത്തര​ധ്രു​വ​ത്തി​നു നേർക്കു തിരി​ഞ്ഞി​രി​ക്കുന്ന, 39 മീറ്റർ നീളമുള്ള കർണം ഭൂമി​യു​ടെ അച്ചുത​ണ്ടി​നു സമാന്ത​ര​മാണ്‌. ഈ ത്രി​കോ​ണ​ത്തി​ന്റെ ഇരുവ​ശ​ത്തും മണിക്കൂർ, മിനി​ട്ടു​കൾ, സെക്കൻഡു​കൾ എന്നിവ സൂചി​പ്പി​ക്കു​ന്ന​തി​നുള്ള അങ്കനങ്ങൾ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഓരോ വക്രത​ല​മുണ്ട്‌. ലളിത​മായ സൂര്യ​ഘ​ടി​കാ​രങ്ങൾ നൂറ്റാ​ണ്ടു​ക​ളാ​യി നിലനി​ന്നി​രു​ന്നു. എങ്കിലും, ജയ്‌സിങ്‌ സമയം കണക്കാ​ക്കു​ന്ന​തി​നുള്ള ഈ അടിസ്ഥാന ഉപകര​ണത്തെ ഖവൃത്ത​ത്തിൽനി​ന്നുള്ള (ഭൂമധ്യ​രേ​ഖ​യ്‌ക്കു സമാന്ത​ര​മാ​യി ആകാശ​ത്തി​ലുള്ള സാങ്കൽപ്പിക വൃത്തം) നഭോ​ഗോ​ള​ങ്ങ​ളു​ടെ കോണ​കലം കണ്ടുപി​ടി​ക്കു​ന്ന​തി​നും അതു​പോ​ലെ​യുള്ള മറ്റ്‌ അളവുകൾ തിട്ട​പ്പെ​ടു​ത്തു​ന്ന​തി​നും വേണ്ടി​യുള്ള അതീവ കൃത്യ​ത​യുള്ള ഒരു ഉപകര​ണ​മാ​ക്കി മാറ്റി.

ഈ നിരീ​ക്ഷ​ണ​ശാ​ല​യി​ലെ മറ്റു മൂന്നു നിർമി​തി​ക​ളാണ്‌ രാമ യന്ത്ര, ജയപ്ര​കാശ്‌ യന്ത്ര, മിശ്ര യന്ത്ര എന്നിവ. സൂര്യ​ന്റെ​യും നക്ഷത്ര​ങ്ങ​ളു​ടെ​യും ഖവൃത്ത​ത്തിൽനി​ന്നുള്ള കോണ​കലം, ഉയരം, ശരിക്കും വടക്കു​നിന്ന്‌ എത്ര കിഴക്കു​മാ​റി​യാണ്‌ അതിന്റെ സ്ഥാനം എന്നിവ കണക്കാ​ക്കാൻ അതിസ​ങ്കീർണ​മാ​യി രൂപകൽപ്പന ചെയ്‌ത​താ​ണിവ. ലോക​മെ​മ്പാ​ടു​മുള്ള വിവി​ധ​ന​ഗ​ര​ങ്ങ​ളിൽ എപ്പോ​ഴാണ്‌ ഉച്ചസമയം എന്നു​പോ​ലും സൂചി​പ്പി​ക്കാൻ മിശ്ര യന്ത്രയ്‌ക്കു കഴിഞ്ഞി​രു​ന്നു.

മിശ്ര യന്ത്ര ഒഴികെ മറ്റ്‌ ഉപകര​ണ​ങ്ങ​ളെ​ല്ലാം ജയ്‌സി​ങ്ങി​ന്റെ കണ്ടുപി​ടി​ത്ത​ങ്ങ​ളാണ്‌. അവ അന്ന്‌ ഇന്ത്യയിൽ നിലവി​ലി​രുന്ന മറ്റെല്ലാ ഉപകര​ണ​ങ്ങ​ളെ​ക്കാ​ളും വളരെ​യേറെ സങ്കീർണ​വും ഉപയോ​ഗ​പ്ര​ദ​വും ആയിരു​ന്നു. അങ്ങനെ കൃത്യ​ത​യുള്ള പഞ്ചാം​ഗ​ങ്ങ​ളും ജ്യോ​തി​ശ്ശാ​സ്‌ത്ര പട്ടിക​ക​ളും ഉണ്ടാക്കാൻ ഇവ സഹായി​ച്ചു. ഈ ഉപകര​ണ​ങ്ങ​ളു​ടെ രൂപകൽപ്പന മനോ​ഹ​ര​വു​മാണ്‌. ദൂരദർശി​നി​യും മറ്റ്‌ ഉപകര​ണ​ങ്ങ​ളും കണ്ടുപി​ടി​ക്കു​ന്ന​തു​വരെ ഇവ വില​യേ​റിയ വിവരങ്ങൾ പ്രദാനം ചെയ്‌തു. എന്നാൽ, ബുദ്ധി​മാ​നും പണ്ഡിത​നു​മായ ഈ വ്യക്തി യൂറോ​പ്പിൽ അന്നു ലഭ്യമാ​യി​രുന്ന ഒപ്‌റ്റി​ക്കൽ ദൂരദർശി​നി പോലുള്ള ചില ഉപകര​ണങ്ങൾ തന്റെ ജ്യോ​തി​ശ്ശാ​സ്‌ത്ര ഗവേഷ​ണ​ങ്ങൾക്കാ​യി ഉപയോ​ഗി​ക്കാ​തി​രു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മഹാരാ​ജാ​വി​ന്റെ പശ്ചാത്ത​ല​ത്തെ​യും അന്നത്തെ കാല​ത്തെ​യും കുറിച്ചു മനസ്സി​ലാ​ക്കു​മ്പോൾ ഈ ചോദ്യ​ത്തിന്‌ ഉത്തരം കിട്ടും.

‘ഗണിത​ശാ​സ്‌ത്രം പഠിക്കാൻ അർപ്പിതൻ’

ഇന്ത്യയി​ലെ രാജസ്ഥാ​നിൽ 1688-ലാണു ജയ്‌സിങ്‌ ജനിച്ചത്‌. അദ്ദേഹ​ത്തി​ന്റെ പിതാവ്‌ കാച്ചാ​വഹാ എന്ന രജപുത്ര രാജവം​ശ​ത്തി​ന്റെ തലസ്ഥാ​ന​മായ ആംബറി​ലെ മഹാരാ​ജാവ്‌ ആയിരു​ന്നു. അദ്ദേഹം ഡൽഹി​യി​ലെ മുഗൾ ഭരണത്തി​ന്റെ അധീന​ത​യി​ലാ​യി​രു​ന്നു. രാജകു​മാ​രന്‌ ഹിന്ദി, സംസ്‌കൃ​തം, പേർഷ്യൻ, അറബി എന്നീ ഭാഷക​ളിൽ വിദ്യാ​ഭ്യാ​സം ലഭിച്ചു. അതു​പോ​ലെ അദ്ദേഹം ഗണിതം, ജ്യോ​തി​ശ്ശാ​സ്‌ത്രം, ആയോ​ധ​നകല എന്നിവ​യും അഭ്യസി​ച്ചു. പക്ഷേ ഒരു വിഷയം രാജകു​മാ​രന്‌ അങ്ങേയറ്റം പ്രിയ​ങ്ക​ര​മാ​യി​രു​ന്നു. അദ്ദേഹ​ത്തി​ന്റെ കാലത്തുള്ള ഒരു ലിഖിതം ഇങ്ങനെ പറയുന്നു: “സവായ്‌ ജയ്‌സി​ങ്ങി​ന്റെ മനസ്സ്‌ ഉത്തരങ്ങൾക്കാ​യി തെരഞ്ഞു​തു​ട​ങ്ങി​യ​പ്പോ​ഴും അദ്ദേഹ​ത്തി​ന്റെ ചിന്താ​പ്രാ​പ്‌തി ഉയർന്ന തലങ്ങൾ കീഴട​ക്കി​യ​പ്പോ​ഴും ഗണിത​ശാ​സ്‌ത്രം (ജ്യോ​തി​ശ്ശാ​സ്‌ത്രം) പഠിക്കാൻ അദ്ദേഹം മുഴു​വ​നാ​യി അർപ്പി​ത​നാ​യി​രു​ന്നു.”

പിതാ​വി​ന്റെ മരണ​ത്തെ​ത്തു​ടർന്ന്‌ 1700-ൽ 11 വയസ്സു​കാ​ര​നായ ജയ്‌സിങ്‌ ആംബറി​ലെ രാജാ​വാ​യി. താമസി​യാ​തെ മുഗൾച​ക്ര​വർത്തി യുവരാ​ജാ​വി​നെ ദക്ഷി​ണേ​ന്ത്യ​യി​ലുള്ള തന്റെ കൊട്ടാ​ര​ത്തി​ലേക്കു ക്ഷണിച്ചു. അവി​ടെ​വെച്ച്‌ ഗണിത​ത്തി​ലും ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തി​ലും നിപു​ണ​നായ ജഗന്നാഥ്‌ എന്ന ഒരാളെ ജയ്‌സിങ്‌ കണ്ടുമു​ട്ടി. ഈ മനുഷ്യൻ പിന്നീട്‌ രാജാ​വി​ന്റെ പ്രധാന സഹായി​യാ​യി. 1719-ൽ മുഹമ്മദ്‌ ഷായുടെ ഭരണം തുടങ്ങു​ന്ന​തു​വരെ യുവമ​ഹാ​രാ​ജാ​വി​ന്റെ രാഷ്‌ട്രീയ സ്ഥിതി​ഗ​തി​കൾ അത്ര സുസ്ഥി​ര​മ​ല്ലാ​യി​രു​ന്നു. പുതിയ മുഗൾരാ​ജാവ്‌ അന്ന്‌ അദ്ദേഹത്തെ തലസ്ഥാ​ന​മായ ഡൽഹി​യി​ലേക്കു ക്ഷണിച്ചു. തെളി​വ​നു​സ​രിച്ച്‌, 1720 നവംബ​റിൽ നടന്ന ഈ കൂടി​ക്കാ​ഴ്‌ച​യിൽവെച്ച്‌ ഒരു വാനനി​രീ​ക്ഷ​ണ​ശാല പണിയു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള നിർദേശം ജയ്‌സിങ്‌ മുന്നോ​ട്ടു​വെച്ചു. 1724-ൽ അദ്ദേഹ​ത്തി​ന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യ​മാ​യെന്നു കരുതാം.

ഒരു നിരീ​ക്ഷ​ണ​ശാല നിർമി​ക്കാൻ അദ്ദേഹത്തെ പ്രേരി​പ്പി​ച്ചത്‌ എന്തായി​രു​ന്നു? ഇന്ത്യയിൽ അന്നു നിലവി​ലി​രുന്ന പഞ്ചാം​ഗ​ങ്ങ​ളും ജ്യോ​തി​ശ്ശാ​സ്‌ത്ര പട്ടിക​ക​ളും കൃത്യ​ത​യു​ടെ കാര്യ​ത്തിൽ വളരെ പിന്നാ​ക്ക​മാ​യി​രു​ന്നു. ജ്യോ​തി​ശ്ശാ​സ്‌ത്ര​മേഖല പുരോ​ഗ​തി​യൊ​ന്നും​തന്നെ കൈവ​രി​ക്കു​ന്നി​ല്ലാ​യി​രു​ന്നു. ഇതു മനസ്സി​ലാ​ക്കിയ അദ്ദേഹം മനുഷ്യ​നേ​ത്ര​ങ്ങൾക്കു ദൃശ്യ​മായ ആകാശ​ഗോ​ള​ങ്ങളെ അടിസ്ഥാ​ന​പ്പെ​ടു​ത്തി പുതിയ ചാർട്ടു​കൾ ഉണ്ടാക്കാൻ തീരു​മാ​നി​ച്ചു. മാത്രമല്ല, ജ്യോ​തി​ശ്ശാ​സ്‌ത്ര പഠനത്തിൽ അതീവ​താ​ത്‌പ​ര്യ​മുള്ള ഏതൊ​രാൾക്കും ജ്യോ​തി​ശ്ശാ​സ്‌ത്ര നിരീ​ക്ഷ​ണ​ങ്ങൾക്കാ​യുള്ള ഉപകര​ണങ്ങൾ ലഭ്യമാ​ക്കാ​നും അദ്ദേഹ​ത്തിന്‌ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. അങ്ങനെ, ഫ്രാൻസ്‌, ഇംഗ്ലണ്ട്‌, പോർച്ചു​ഗൽ, ജർമനി എന്നിവി​ട​ങ്ങ​ളിൽനി​ന്നുള്ള പുസ്‌ത​ക​ങ്ങ​ളു​ടെ ഒരു വലിയ ശേഖരം​തന്നെ അദ്ദേഹം സ്വന്തമാ​ക്കി. ജ്യോ​തി​ശ്ശാ​സ്‌ത്ര​ത്തിൽ ഹിന്ദു, മുസ്ലീം, യൂറോ​പ്യൻ ചിന്താ​ധാ​ര​ക​ളു​മാ​യി വന്ന പണ്ഡിത​ന്മാ​രെ തന്റെ രാജസ​ദ​സ്സിൽ അദ്ദേഹം സ്വാഗതം ചെയ്‌തു. യൂറോ​പ്പിൽനിന്ന്‌ ജ്യോ​തി​ശ്ശാ​സ്‌ത്രത്തെ സംബന്ധിച്ച വസ്‌തു​നി​ഷ്‌ഠ​മായ വിവരങ്ങൾ ശേഖരി​ക്കു​ന്ന​തി​നാ​യി അദ്ദേഹം പൗരസ്‌ത്യ ലോക​ത്തു​നിന്ന്‌ ആദ്യമാ​യി ഒരു സംഘത്തെ അവി​ടേക്ക്‌ അയയ്‌ക്കു​ക​പോ​ലും ചെയ്‌തു. മടങ്ങി​വ​രു​മ്പോൾ പുസ്‌ത​ക​ങ്ങ​ളും ഉപകര​ണ​ങ്ങ​ളും കൊണ്ടു​വ​ര​ണ​മെന്ന്‌ അവരോ​ടു നിർദേ​ശി​ച്ചു.

കിഴക്കി​നും പടിഞ്ഞാ​റി​നും സംഗമി​ക്കാ​നാ​യില്ല

ദൂരദർശി​നി​യും മൈ​ക്രോ​മീ​റ്റ​റും വെർണി​യ​റും ഒക്കെ യൂറോ​പ്പിൽ ഉപയോ​ഗ​ത്തി​ലി​രി​ക്കെ ജയ്‌സിങ്‌ എന്തു​കൊ​ണ്ടാണ്‌ കല്ലു​കൊ​ണ്ടുള്ള ഈ നിർമി​തി​കൾക്കു രൂപം​നൽകി​യത്‌? കോപ്പർനി​ക്ക​സി​ന്റെ​യും ഗലീലി​യോ​യു​ടെ​യും സൗര​കേ​ന്ദ്രീയ കണ്ടുപി​ടി​ത്ത​ങ്ങ​ളു​മാ​യി അദ്ദേഹം പരിചി​ത​ന​ല്ലാ​ത്ത​തു​പോ​ലെ കാണ​പ്പെ​ട്ടത്‌ എന്തു​കൊണ്ട്‌?

കിഴക്കും പടിഞ്ഞാ​റും തമ്മിൽ വേണ്ടത്ര ആശയവി​നി​മയം ഇല്ലാതി​രു​ന്ന​താണ്‌ ഇതിന്റെ ഭാഗി​ക​മായ കാരണം. എന്നാൽ ഇതു കൂടാതെ, അന്നത്തെ മതാന്ത​രീ​ക്ഷ​വും ഇതിൽ പങ്കുവ​ഹി​ച്ചു. ബ്രാഹ്മണ പണ്ഡിത​ന്മാർ യൂറോ​പ്പി​ലേക്കു സഞ്ചരി​ക്കാൻ വിസമ്മ​തി​ച്ചി​രു​ന്നു. സമുദ്രം കുറുകെ കടക്കു​ന്നെ​ങ്കിൽ അവർ ജാതി​ഭ്ര​ഷ്ട​രാ​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. വിവരങ്ങൾ സമാഹ​രി​ക്കാൻ ജയ്‌സി​ങ്ങി​നെ സഹായിച്ച യൂറോ​പ്യ​ന്മാർ മുഖ്യ​മാ​യും ജസ്യൂട്ട്‌ പണ്ഡിത​ന്മാ​രാ​യി​രു​ന്നു. ജയ്‌സി​ങ്ങി​ന്റെ ഒരു ജീവച​രി​ത്രം എഴുതിയ വി. എൻ. ശർമ പറയു​ന്ന​ത​നു​സ​രിച്ച്‌, ഭൂമി സൂര്യനെ ചുറ്റു​ക​യാ​ണെ​ന്നുള്ള ഗലീലി​യോ​യു​ടെ​യും മറ്റു ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ​യും വീക്ഷണം സ്വീക​രി​ച്ചാൽ ജസ്യൂ​ട്ടു​ക​ളും കത്തോ​ലി​ക്ക​രി​ലെ അൽമാ​യ​രും മതവി​ചാ​രണ ചെയ്യ​പ്പെ​ടു​മാ​യി​രു​ന്നു. സഭ ഈ ശാസ്‌ത്ര​വീ​ക്ഷ​ണത്തെ മതനി​ന്ദ​യാ​യും നിരീ​ശ്വ​ര​വാ​ദ​മാ​യും മുദ്ര​കു​ത്തി. അതു​കൊണ്ട്‌ ജയ്‌സിങ്‌ യൂറോ​പ്പി​ലേ​ക്കയച്ച പ്രതി​നി​ധി​കൾ കോപ്പർനി​ക്ക​സി​ന്റെ​യും ഗലീലി​യോ​യു​ടെ​യും കൃതി​ക​ളോ സൗര​കേ​ന്ദ്രീയ സിദ്ധാ​ന്ത​ങ്ങളെ പിന്താ​ങ്ങാൻ ഉപയോ​ഗി​ച്ചു​വ​ന്നി​രുന്ന പുതിയ ഉപകര​ണ​ങ്ങ​ളോ വാങ്ങി​ക്കൊ​ണ്ടു​വ​രാ​തി​രു​ന്ന​തി​ന്റെ കാരണം മനസ്സി​ലാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഇപ്പോ​ഴും തുടരുന്ന അന്വേ​ഷ​ണം

മത അസഹി​ഷ്‌ണു​ത​യും മതഭ്രാ​ന്തും വികൃ​ത​മാ​ക്കിയ ഒരു കാലഘ​ട്ട​ത്തി​ലാണ്‌ ജയ്‌സിങ്‌ ജീവി​ച്ചത്‌. നഭോ​ഗോ​ള​ങ്ങ​ളെ​ക്കു​റി​ച്ചുള്ള അറിവു വർധി​പ്പി​ക്കു​ന്ന​തിൽ അദ്ദേഹ​ത്തി​നു മികച്ച പാടവ​വും വൈദ​ഗ്‌ധ്യ​വും ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇന്ത്യയിൽ ഈ മേഖല​യിൽ ദശകങ്ങ​ളോ​ളം പുരോ​ഗ​തി​യൊ​ന്നും​തന്നെ ഉണ്ടായില്ല. എങ്കിലും, അറിവി​നാ​യി ദാഹിച്ച ഒരു മനുഷ്യ​ന്റെ പ്രയത്‌ന​ങ്ങൾക്കുള്ള സാക്ഷ്യ​മാണ്‌ ജന്തർ മന്തർ വാനനി​രീ​ക്ഷ​ണ​ശാല.

ജയ്‌സിങ്‌ ആകാശ​ഗോ​ള​ങ്ങ​ളു​ടെ ചലനത്തിൽ താത്‌പ​ര്യം വളർത്തി​യെ​ടു​ത്ത​തി​നു മുമ്പുള്ള നൂറ്റാ​ണ്ടു​ക​ളി​ലും ചിന്തി​ക്കുന്ന മനുഷ്യർ ആകാശ​ത്തേ​ക്കു​നോ​ക്കി പ്രപഞ്ച​വി​സ്‌മ​യങ്ങൾ അറിയാൻ ശ്രമി​ച്ചി​രു​ന്നു. ദൈവ​ത്തി​ന്റെ കരവേ​ല​യെ​ക്കു​റി​ച്ചുള്ള അറിവു വർധി​പ്പി​ക്കാ​നുള്ള ശ്രമത്തിൽ മനുഷ്യ​വർഗം ഇനിയും ആകാശ​ത്തേക്കു ‘കണ്ണ്‌ ഉയർത്തി നോക്കി​ക്കൊ​ണ്ടി​രി​ക്കും’ എന്നതിൽ സംശയ​മില്ല.—യെശയ്യാ​വു 40:26; സങ്കീർത്തനം 19:1.

[16-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

സമ്രാട്ട്‌ യന്ത്ര കൃത്യ​ത​യുള്ള ഒരു സൂര്യ​ഘ​ടി​കാ​ര​മാ​യി​രു​ന്നു. കൂറ്റൻ ത്രി​കോ​ണ​ത്തി​ന്റെ നിഴൽ, അങ്കനം ചെയ്‌തി​രി​ക്കുന്ന വക്രത​ല​ങ്ങ​ളിൽ (എടുത്തു​കാ​ണി​ച്ചി​രി​ക്കുന്ന വെള്ളവൃ​ത്തം കാണുക) പതിച്ചി​രു​ന്നു

[16-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ജയപ്രകാശ്‌ യന്ത്ര ഉള്ളി​ലേക്കു വളഞ്ഞി​രി​ക്കുന്ന പ്രതല​ത്തിൽ അങ്കനം ചെയ്‌തി​രി​ക്കുന്ന അകം​പൊ​ള്ള​യായ അർധ​ഗോ​ള​ങ്ങ​ളാണ്‌. വിളു​മ്പി​ലെ പോയി​ന്റു​കൾക്കി​ട​യ്‌ക്ക്‌ ക്രോസ്സ്‌ വയറുകൾ വലിച്ചു​കെ​ട്ടി​യി​രു​ന്നു

രാമ യന്ത്രയു​ടെ അകവശ​ത്തു​നിന്ന്‌ വിവിധ അങ്കനങ്ങ​ളു​ടെ സഹായ​ത്താ​ലോ ജാലക​വി​ളു​മ്പി​ലൂ​ടെ​യോ നോക്കി​യാൽ നിരീ​ക്ഷ​കനു നക്ഷത്ര​ത്തി​ന്റെ സ്ഥാനം മനസ്സി​ലാ​കു​മാ​യി​രു​ന്നു

[16-ാം പേജിലെ രേഖാ​ചി​ത്രം/ചിത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

മിശ്ര യന്ത്ര വിവിധ നഗരങ്ങ​ളി​ലെ ഉച്ചസമയം രേഖ​പ്പെ​ടു​ത്തി

[17-ാം പേജിലെ രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

സമ്രാട്ട്‌ യന്ത്ര, രണ്ട്‌ ആളുകൾ രണ്ട്‌ ഇടങ്ങളി​ലാ​യി നിന്നു​കൊണ്ട്‌ നക്ഷത്രത്തെ കണ്ടുപി​ടി​ക്കു​ക​യും അതിന്റെ സ്ഥാനം രേഖ​പ്പെ​ടു​ത്തു​ക​യും ചെയ്‌തി​രു​ന്നു

ലൈൻ ഓഫ്‌ സൈറ്റ്‌ നിരീ​ക്ഷണം, അതി​പ്രാ​ചീ​ന​മായ ഈ ജ്യോ​തി​ശ്ശാ​സ്‌ത്ര രീതിയെ ജയ്‌സിങ്‌ വളരെ കൃത്യ​ത​യു​ള്ള​താ​ക്കി

ഒരു നക്ഷത്ര​ത്തി​ന്റെ സ്ഥാനം കണ്ടുപി​ടി​ക്കു​ന്ന​തിന്‌ അത്‌ ആകാശ​ത്തിൽ എത്ര ഉയരത്തി​ലാ​ണെ​ന്നും അത്‌ ശരിക്കും വടക്കു​നിന്ന്‌ എത്ര കിഴക്കു​മാ​റി സ്ഥിതി​ചെ​യ്യു​ന്നെ​ന്നും അറിഞ്ഞി​രി​ക്ക​ണം

[കടപ്പാട്‌]

താഴെ: Reproduced from the book SAWAI JAI SINGH AND HIS ASTRONOMY, published by Motilal Banarsidass Publishers (P) Ltd., Jawahar Nagar Delhi, India

[17-ാം പേജിലെ മാപ്പ്‌]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

ന്യൂഡൽഹി

ഇന്ത്യ

മഥുര

ജയ്‌പൂർ

വാരാ​ണ​സി

ഉജ്ജയിൻ

ഡൽഹിയിലേത്‌ ഉൾപ്പെടെ ജയ്‌സിങ്‌ ഇന്ത്യയിൽ അഞ്ച്‌ വാനനി​രീ​ക്ഷണ ശാലകൾ പണിതു

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

ചിത്രം: Courtesy Roop Kishore Goyal