ഞങ്ങളുടെ വായനക്കാരിൽനിന്ന്
ഞങ്ങളുടെ വായനക്കാരിൽനിന്ന്
മുൻവിധി “മുൻവിധി എന്നെങ്കിലും പിഴുതെറിയപ്പെടുമോ?” (2004 ഒക്ടോബർ 8) എന്ന ലേഖനപരമ്പരയ്ക്കു നന്ദി. അതു വായിക്കവേ, കുറെയൊക്കെ മുൻവിധി എനിക്കുമുണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു. അതിൽ എനിക്ക് അതിശയം തോന്നുന്നു. കാരണം മുൻവിധിയുള്ള പലരോടും എനിക്കു ദേഷ്യം തോന്നാറുണ്ട്. ഈ മാസിക എനിക്കു സഹായകമാകുമെന്ന് എനിക്കറിയാം.
എം. യു., ഐക്യനാടുകൾ
ഞാൻ എന്റെ സ്വദേശത്തുനിന്നു വളരെ അകലെയാണു താമസിക്കുന്നതെങ്കിലും ആരും എന്നോടു മുൻവിധിയോടെ പെരുമാറുന്നില്ലെന്നാണ് എനിക്കു തോന്നുന്നത്. എന്നാൽ അതിന് ഇരയായവരോടു സമാനുഭാവം തോന്നാൻ ഈ ലേഖനപരമ്പര എന്നെ സഹായിച്ചു. യഹോവ ഉടൻതന്നെ ഈ പ്രശ്നത്തിന് അന്ത്യം വരുത്താൻ പോകുന്നുവെന്നതിൽ സന്തോഷമുണ്ട്!
റ്റി. ജി., നോർവേ
മുൻവിധി എന്ന പ്രശ്നം ആളുകളുടെ ശ്രദ്ധയിൽ കൊണ്ടുവരാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ, 8, 9 പേജുകളിൽ നിങ്ങൾതന്നെ വിവേചനാപരമായി പെരുമാറിയെന്ന് എനിക്കു തോന്നുന്നു. മുറിവേറ്റു കിടന്ന ഒരു മനുഷ്യനെ സഹായിക്കാൻ കൂട്ടാക്കാതെ കടന്നുപോയ രണ്ടു യഹൂദന്മാരെ കുറിച്ചു നിങ്ങൾ അവിടെ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് നിങ്ങൾ യഹൂദന്മാരെ മാത്രം വേർതിരിച്ചു കാണിക്കുന്നത്?
എച്ച്. എച്ച്., ഐക്യനാടുകൾ
“ഉണരുക!”യുടെ പ്രതികരണം: നല്ല അയൽക്കാരനായ ശമര്യാക്കാരന്റെ കഥ യഹൂദനായ യേശുതന്നെയാണു പറഞ്ഞത്. യേശുവിന്റെ കാലത്ത് മിക്ക യഹൂദർക്കും ശമര്യാക്കാരോടു മുൻവിധിയുണ്ടായിരുന്നു. യഹൂദന്റെ നല്ല അയൽക്കാരൻ ആയിരിക്കാൻ മറ്റൊരു വർഗത്തിൽപ്പെട്ട ഒരു വ്യക്തിക്കും കഴിയുമെന്നു കാണിച്ചുകൊണ്ട് യഹൂദരായ തന്റെ ശ്രോതാക്കളെ യേശു വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു.
യുവജനങ്ങൾ എനിക്ക് 15 വയസ്സുണ്ട്, ഞാനും എന്റെ വിശ്വാസത്തെക്കുറിച്ചു പലപ്പോഴും അധ്യാപകരോടും സഹപാഠികളോടും സംസാരിച്ചിട്ടുണ്ട്. സ്കൂളിൽ സാക്ഷീകരിക്കുന്നത് ഒരു സംരക്ഷണമായി വർത്തിക്കുമെന്ന് “തങ്ങളുടെ മതവിശ്വാസത്തെ കുറിച്ച് ധൈര്യപൂർവം സംസാരിക്കുന്ന യുവജനങ്ങൾ” (2004 ഒക്ടോബർ 8) എന്ന ലേഖനം പറയുന്നതു വളരെ ശരിയാണ്. ഇത്തരം ഉത്കൃഷ്ട ലേഖനങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുമല്ലോ!
ആർ. ബി., ജർമനി
മാനസിക തകരാറ് “നിങ്ങളുടെ പ്രിയപ്പെട്ട ആർക്കെങ്കിലും മാനസിക തകരാറുണ്ടെങ്കിൽ” (2004 ഒക്ടോബർ 8) എന്ന ലേഖനത്തിനു നന്ദി. എന്റെ അമ്മയ്ക്കു വർഷങ്ങളായി മാനസിക തകരാറുണ്ട്. സഹായം ആവശ്യപ്പെടാൻ ഞാൻ അമ്മയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്നും അത് നാണക്കേടുണ്ടാക്കുന്ന സംഗതിയല്ലെന്നും എനിക്കിപ്പോൾ മനസ്സിലായി.
എം. പി., യൂക്രെയിൻ
എനിക്ക് 16 വയസ്സേയുള്ളൂ. പക്ഷേ, വർഷങ്ങളായി ഞാൻ വിഷാദത്തിന്റെ പിടിയിലാണ്. പ്രയാസമേറിയ സാഹചര്യങ്ങളിൽ എനിക്കു വഴികാട്ടിയാകുന്ന അത്തരമൊരു ലേഖനം എഴുതിയതിന് ഒരുപാടു നന്ദി. ഞാൻ മാത്രമല്ല മറ്റുള്ളവരും ഇതിൽനിന്നു പ്രയോജനം നേടുമെന്ന് എനിക്കുറപ്പാണ്.
കെ. ജെ., ജർമനി
ഇത്തരം ലേഖനങ്ങൾ ഇനിയും എഴുതുമല്ലോ! കൂടുതൽ ക്ഷമയും സ്നേഹവും പ്രകടമാക്കേണ്ടത് എത്ര ആവശ്യമാണെന്നു തിരിച്ചറിയാനും ആവശ്യമായ സഹായം നേടാനും ഈ ലേഖനങ്ങൾ ഞങ്ങളെ എല്ലാവരെയും സഹായിക്കുന്നു. ഇത്തരം ദുരിതമയമായ രോഗങ്ങളിൽനിന്നു വിമുക്തമായ, ദൈവത്തിന്റെ പുതിയ ലോകത്തിൽ ജീവിക്കാൻ ഞങ്ങൾ എത്രമാത്രം വാഞ്ഛിക്കുന്നു!
കെ, എഫ്., ഐക്യനാടുകൾ
വെള്ളപ്പാണ്ട് “എന്താണ് വെള്ളപ്പാണ്ട്?” (2004 ഒക്ടോബർ 8) എന്ന ലേഖനത്തിനു വളരെ നന്ദി. എനിക്ക് അഞ്ചുവർഷമായി ഈ രോഗമുണ്ട്. എന്നാൽ നിങ്ങൾ ഈ ലേഖനം പ്രസിദ്ധീകരിച്ചതു മുതൽ എനിക്ക് ഈ രോഗവുമായി കൂടുതൽ പൊരുത്തപ്പെട്ടുപോകാൻ കഴിയുന്നു. ഓരോ അംഗത്തിനുംവേണ്ടി ആഴമായി കരുതുന്ന ഒരു ക്രിസ്തീയ സംഘടനയുടെ ഭാഗമായിരിക്കുന്നതിൽ ഞാൻ സന്തുഷ്ടയാണ്!
സി. എച്ച്., ജർമനി
കഴിഞ്ഞ 25 വർഷമായി എനിക്കു വെള്ളപ്പാണ്ട് ഉണ്ട്. മറ്റുള്ളവർക്കും എന്റെ അതേ വൈകാരിക ബുദ്ധിമുട്ടുകൾ ഉണ്ടെന്നറിയുന്നതുതന്നെ വലിയൊരു ആശ്വാസമാണ്. അനേകർക്കും ഈ രോഗത്തെക്കുറിച്ചു തെറ്റിദ്ധാരണയുണ്ട്. അവർക്കു ശരിയായ വിവരങ്ങൾ ലഭിക്കാൻ ഈ ലേഖനം സഹായിക്കും. ഈ വിഷയത്തെക്കുറിച്ച് എഴുതിയതിനു വളരെ നന്ദി!
കെ. എസ്., ജപ്പാൻ