വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?

പ്രകൃതി വിപത്തുകൾ വർധിച്ചുവരുകയാണോ?

പ്രകൃതി വിപത്തു​കൾ വർധി​ച്ചു​വ​രു​ക​യാ​ണോ?

“കാലാ​വ​സ്ഥ​യു​ടെ താളം തെറ്റു​ന്ന​തി​നാൽ ഉണ്ടാകുന്ന അസാധാ​രണ സംഭവ​വി​കാ​സങ്ങൾ ഭാവി​യിൽ ഏറെ ഗുരു​ത​ര​മായ ഭവിഷ്യ​ത്തു​കൾക്ക്‌ ഇടയാ​ക്കു​മെന്നു ഭയക്കേ​ണ്ടി​യി​രി​ക്കു​ന്നു. പുതിയ ഇനം കാലാ​വസ്ഥാ ദുരന്ത​ങ്ങ​ളും വർധിച്ച വിനാശ സാധ്യ​ത​യും നാം പ്രതീ​ക്ഷി​ക്ക​ണ​മെ​ന്നാണ്‌ ഇതിനർഥം. . . . ഉണ്ടാകാ​നി​ട​യുള്ള അനർഥ​ത്തിൽനി​ന്നു സ്വയം സംരക്ഷി​ക്കാൻ ഒരുവൻ മുൻക​രു​ത​ലെ​ടു​ക്കേ​ണ്ട​തു​ണ്ടെന്ന തത്ത്വം പരിഗ​ണി​ക്കു​മ്പോൾ, നാടകീയ മാറ്റങ്ങൾക്കാ​യി നമ്മെത്തന്നെ സജ്ജരാ​ക്കു​ന്ന​താ​ണു ബുദ്ധി.”—“ടോപ്പി​ക്‌സ്‌ ജിയോ —ആന്യുവൽ റിവ്യു: നാച്ചുറൽ കറ്റാസ്‌ട്ര​ഫിസ്‌ 2003.”

രണ്ടായി​ര​ത്തി​മൂ​ന്നി​ലെ വേനൽക്കാ​ലത്ത്‌ യൂറോ​പ്പി​ന്റെ ഭാഗങ്ങൾ അത്യു​ഷ്‌ണ​ത്തി​ന്റെ പിടി​യി​ല​മർന്നു. ഇറ്റലി, നെതർലൻഡ്‌സ്‌, പോർച്ചു​ഗൽ, ഫ്രാൻസ്‌, ബെൽജി​യം, ബ്രിട്ടൻ, സ്‌പെ​യിൻ എന്നിവി​ട​ങ്ങ​ളിൽ അത്‌ 30,000-ത്തോളം പേരുടെ മരണത്തിന്‌ ഇടയാക്കി. ഇന്ത്യ, പാക്കി​സ്ഥാൻ, ബംഗ്ലാ​ദേശ്‌ എന്നിവി​ട​ങ്ങ​ളിൽ മൺസൂ​ണി​നു മുമ്പു​ണ്ടായ ഒരു താപത​രം​ഗം 1,500 പേരുടെ ജീവൻ അപഹരി​ച്ചു. ഇനിയും ഓസ്‌​ട്രേ​ലി​യ​യി​ലെ വരൾച്ച​യും അത്യു​ഷ്‌ണ​വും അവിടെ പല സ്ഥലങ്ങളി​ലും കാട്ടു​തീ​യ്‌ക്കു തിരി​കൊ​ളു​ത്തി. 70 ലക്ഷത്തി​ല​ധി​കം ഏക്കർ ഭൂമി​യാണ്‌ തീ ആർത്തി​യോ​ടെ വിഴു​ങ്ങി​യത്‌.

ലോക കാലാ​വ​സ്ഥാ​ശാ​സ്‌ത്ര സംഘടന റിപ്പോർട്ടു ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ “2003-ൽ 16 കൊടു​ങ്കാ​റ്റു​ക​ളാണ്‌ അറ്റ്‌ലാ​ന്റി​ക്കിൽ വികാസം പ്രാപി​ച്ചത്‌. ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​കൾ ഉണ്ടാകുന്ന സീസണിൽത്തന്നെ രൂപ​മെ​ടുത്ത ആ 16 എണ്ണത്തി​നും ഓരോ പേരും ഉണ്ടായി​രു​ന്നു. ആ സംഖ്യ 1944 മുതൽ 1996 വരെയുള്ള വർഷങ്ങ​ളി​ലെ 9.8 എന്ന വാർഷിക ശരാശ​രി​യെ​ക്കാൾ വളരെ കൂടു​ത​ലാണ്‌. എന്നാൽ 1990-കളുടെ മധ്യം മുതൽ ഉഷ്‌ണ​മേ​ഖ​ല​യി​ലെ വ്യത്യസ്‌ത കാലാ​വ​സ്ഥാ​രൂ​പ​ങ്ങ​ളു​ടെ വാർഷിക എണ്ണത്തിൽ ഉണ്ടായി​ട്ടുള്ള ശ്രദ്ധേ​യ​മായ വർധന പരിഗ​ണി​ക്കു​മ്പോൾ അത്‌ അസാധാ​ര​ണ​മ​ല്ല​താ​നും.” 2004-ലും ഈ വർധന തുടർന്നു. കൊല​വി​ളി ഉയർത്തി​ക്കൊണ്ട്‌ കരീബി​യ​നി​ലേ​ക്കും മെക്‌സി​ക്കോ ഉൾക്കട​ലി​ലേ​ക്കും ചീറി​യ​ടുത്ത ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​കൾ ആ വർഷം 2,000-ത്തോളം പേരുടെ ജീവൻ കവർന്നെ​ടു​ക്കു​ക​യും അവയുടെ സഞ്ചാര​പ​ഥ​ത്തി​ലെ​ങ്ങും വിനാശം വിതയ്‌ക്കു​ക​യും ചെയ്‌തു.

2003-ൽ ശ്രീല​ങ്ക​യിൽ ഒരു ചുഴലി​ക്കൊ​ടു​ങ്കാറ്റ്‌ ആഞ്ഞടിച്ചു. അതിന്റെ ചുവടു​പി​ടി​ച്ചെ​ത്തിയ കനത്ത വെള്ള​പ്പൊ​ക്ക​ത്തിൽ കുറഞ്ഞത്‌ 250 പേരുടെ ജീവൻ പൊലി​ഞ്ഞു. 2004-ൽ 23 ചുഴലി​ക്കൊ​ടു​ങ്കാ​റ്റു​ക​ളെ​ങ്കി​ലും—അത്‌ ഒരു റെക്കോർഡ്‌ ആയിരു​ന്നു—പശ്ചിമ പസിഫി​ക്കിൽ രൂപം​കൊ​ള്ളു​ക​യു​ണ്ടാ​യി. അവയിൽ പത്തെണ്ണം കലിതു​ള്ളി​ക്കൊണ്ട്‌ ജപ്പാനു നേരേ പാഞ്ഞടു​ത്തു. സഞ്ചാര​പാ​ത​യിൽ ഉള്ളതി​നെ​യെ​ല്ലാം കശക്കി​യെ​റി​ഞ്ഞു സംഹാ​ര​താ​ണ്ഡ​വ​മാ​ടിയ ആ കൊടു​ങ്കാ​റ്റു​കൾ 170-ലധികം പേരുടെ ജീവൻ കവർന്നു. കനത്ത മൺസൂൺ മഴയെ തുടർന്നു​ണ്ടായ വെള്ള​പ്പൊ​ക്കങ്ങൾ ദക്ഷി​ണേ​ഷ്യ​യിൽ, പ്രത്യേ​കി​ച്ചും ബംഗ്ലാ​ദേ​ശിൽ വിനാശം വിതച്ചു. അവിടെ മൂന്നു കോടി​യോ​ളം ആളുകൾക്കു പ്രളയ​ജ​ല​ത്തി​ന്റെ ഭീകര​മു​ഖം കാണേ​ണ്ടി​വന്നു. ലക്ഷങ്ങൾ ഭവനര​ഹി​ത​രാ​യി, 30 ലക്ഷത്തോ​ളം പേർ വീടു​വിട്ട്‌ ഓടി​പ്പോ​കാൻ നിർബ​ന്ധി​ത​രാ​യി. ഇനിയും, 1,300-ലധികം പേർക്ക്‌ പ്രളയ​ജ​ല​ത്തി​ന്റെ ക്രൂര​ത​യ്‌ക്കു മുന്നിൽ ജീവൻ ബലിയർപ്പി​ക്കേ​ണ്ടി​വന്നു.

ശക്തമായ പല ഭൂകമ്പങ്ങൾ മരണ​ക്കൊ​യ്‌ത്തു നടത്തിയ വർഷമാ​യി​രു​ന്നു 2003. മേയ്‌ 21-ാം തീയതി അൾജീ​റി​യ​യി​ലെ ആൽജിർസി​ലു​ണ്ടായ ഒരു ഭൂകമ്പം 10,000 പേർക്ക്‌ പരി​ക്കേൽപ്പി​ക്കു​ക​യും 2,00,000 പേരെ ഭവനര​ഹി​ത​രാ​ക്കു​ക​യും ചെയ്‌തു. ഡിസംബർ 26-ാം തീയതി വെളു​പ്പിന്‌ 5:26-ന്‌ ഇറാനി​ലെ ബാം നഗരത്തിന്‌ എട്ടു കിലോ​മീ​റ്റർ തെക്ക്‌ ഭൂമി ആടിയു​ലഞ്ഞു. റിക്ടർ സ്‌കെ​യി​ലിൽ 6.5 തീവ്രത രേഖ​പ്പെ​ടു​ത്തിയ ആ ഭൂകമ്പം നഗരത്തി​ന്റെ 70 ശതമാ​ന​ത്തെ​യും തകർത്തെ​റി​ഞ്ഞു. ക്ഷോഭി​ച്ചി​ള​കിയ ഭൂമി അന്ന്‌ 40,000 പേരുടെ ജീവ​നെ​ടു​ത്തു. കൂടാതെ, 1,00,000-ത്തിലേറെ പേർ ഭവനര​ഹി​ത​രാ​യി. ആ വർഷത്തെ ഏറ്റവു​മ​ധി​കം മരണം വിതച്ച പ്രകൃ​തി​വി​പ​ത്താ​യി​രു​ന്നു അത്‌. ആ ഭൂകമ്പം ബാമിലെ 2,000 വർഷം പഴക്കമുള്ള ആർഗേ​ബാം കോട്ട​യു​ടെ ഏറിയ ഭാഗ​ത്തെ​യും നിലം​പ​രി​ചാ​ക്കി. വിനോ​ദ​സ​ഞ്ചാ​രി​കളെ ബാമി​ലേക്കു മാടി​വി​ളി​ച്ചു​കൊണ്ട്‌ ആ പ്രദേ​ശ​ത്തി​നു വളരെ​യേറെ പണമു​ണ്ടാ​ക്കി കൊടു​ത്തി​രുന്ന ഒരു നിർമി​തി​യാ​ണു ബാമിന്‌ അതോടെ കൈ​മോ​ശം വന്നത്‌.

കൃത്യം ഒരു വർഷം കഴിഞ്ഞ്‌, ഇന്തൊ​നീ​ഷ്യ​യി​ലെ വടക്കൻ സുമാ​ത്ര​യു​ടെ പടിഞ്ഞാ​റേ തീരത്തിന്‌ അൽപ്പം അകലെ​യാ​യി ഒരു ഭൂകമ്പ​മു​ണ്ടാ​യി. റിക്ടർ സ്‌കെ​യി​ലിൽ 9.0 തീവ്രത രേഖ​പ്പെ​ടു​ത്തിയ ആ ഭൂകമ്പം ചരി​ത്ര​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തിൽവെച്ച്‌ ഏറ്റവും വിനാ​ശ​കാ​രി​ക​ളായ രാക്ഷസ​ത്തി​ര​മാ​ല​കളെ ഇളക്കി​വി​ട്ടു. കൊല​വി​ളി ഉയർത്തി​ക്കൊ​ണ്ടു പാഞ്ഞടുത്ത കൂറ്റൻ തിരമാ​ലകൾ 2,00,000-ത്തിലേറെ പേരുടെ ജീവ​നെ​ടു​ത്തു. അനേകം പേർക്കു പരി​ക്കേറ്റു, ഭവനങ്ങൾ നഷ്ടമായി. ഇവ രണ്ടിനും ഇരയാ​യ​വ​രു​മുണ്ട്‌. ഭൂകമ്പ​ത്തി​ന്റെ പ്രഭവ​കേ​ന്ദ്ര​ത്തിന്‌ 4,500-ഓ അതില​ധി​ക​മോ കിലോ​മീ​റ്റർ പടിഞ്ഞാ​റു മാറി സ്ഥിതി​ചെ​യ്യുന്ന ആഫ്രി​ക്ക​യു​ടെ കിഴക്കൻ തീര​ത്തേ​ക്കു​പോ​ലും സുനാ​മി​ക​ളു​ടെ നീരാ​ളി​ക്കൈകൾ നീണ്ടു​ചെന്നു.

ചക്രവാ​ളം ഇനിയും ഇരുളു​ക​യാ​ണോ?

വരാനി​രി​ക്കു​ന്ന​തി​ന്റെ മുന്നോ​ടി​യാ​ണോ ഇത്തരം സംഭവങ്ങൾ? കാലാ​വ​സ്ഥാ​ജന്യ ദുരന്ത​ങ്ങ​ളോ​ടുള്ള ബന്ധത്തിൽ പല ശാസ്‌ത്ര​ജ്ഞ​രും വിശ്വ​സി​ക്കു​ന്നത്‌, മനുഷ്യൻ മൂലം അന്തരീ​ക്ഷ​ത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ ലോക​മൊ​ട്ടാ​കെ​യുള്ള കാലാ​വ​സ്ഥയെ മാറ്റി​മ​റി​ക്കു​ന്നു​വെ​ന്നും കൂടുതൽ രൂക്ഷമായ ദിനാ​ന്ത​രീ​ക്ഷ​സ്ഥി​തിക്ക്‌ ഇടയാ​ക്കു​ന്നു​വെ​ന്നും ആണ്‌. ഈ വിലയി​രു​ത്തൽ ശരിയാ​ണെ​ങ്കിൽ അത്‌ ഭാവിയെ സംബന്ധി​ച്ചു ശുഭ​പ്ര​തീക്ഷ നൽകു​ന്നില്ല. ദുരന്ത​സാ​ധ്യ​ത​യുള്ള പ്രദേ​ശ​ങ്ങ​ളിൽ ജീവി​ക്കുന്ന ആളുക​ളു​ടെ എണ്ണം കൂടി​വ​രു​ക​യാണ്‌ എന്നത്‌ അപകടം വർധി​പ്പി​ക്കു​ന്നു. അവർ ഈ സ്ഥലങ്ങളിൽ പാർക്കു​ന്നത്‌ സ്വന്തം ഇഷ്ടപ്ര​കാ​ര​മോ താമസി​ക്കാൻ വേറെ ഇടമി​ല്ലാ​ത്ത​തു​കൊ​ണ്ടോ ആകാം.

വിപത്തു​കൾ മൂലമുള്ള എല്ലാ മരണങ്ങ​ളു​ടെ​യും 95 ശതമാനം വികസ്വര രാജ്യ​ങ്ങ​ളി​ലാ​ണു സംഭവി​ക്കു​ന്ന​തെന്നു സ്ഥിതി​വി​വ​ര​ക്ക​ണ​ക്കു​കൾ സൂചി​പ്പി​ക്കു​ന്നു. അതേസ​മയം സമ്പന്നരാ​ഷ്‌ട്ര​ങ്ങ​ളിൽ മരണനി​രക്കു കുറവാണ്‌. എന്നാൽ സാമ്പത്തിക നഷ്ടത്തിന്റെ 75 ശതമാ​ന​വും നേരി​ടു​ന്നത്‌ അവർക്കാണ്‌. നഷ്ടങ്ങളു​ടെ നിരക്ക്‌ ഇങ്ങനെ കുതി​ച്ചു​യ​രുന്ന സ്ഥിതിക്ക്‌ അവയ്‌ക്കെ​ല്ലാം മുടക്കാൻ ആവശ്യ​മാ​യത്ര പണം തങ്ങളുടെ പക്കൽ ഉണ്ടായി​രി​ക്കു​മോ​യെന്ന്‌ ചില ഇൻഷ്വ​റൻസ്‌ കമ്പനികൾ ചിന്തി​ക്കു​ക​പോ​ലും ചെയ്യുന്നു.

വിപത്തു​കൾക്ക്‌ ഇടയാ​ക്കുന്ന പ്രകൃ​തി​യി​ലെ ചില പ്രക്രി​യകൾ ഏവയെ​ന്നും മനുഷ്യർ ഏതെല്ലാം വിധങ്ങ​ളി​ലാണ്‌ അവയുടെ രൂക്ഷത വർധി​പ്പി​ക്കു​ന്ന​തെ​ന്നും പിൻവ​രുന്ന ലേഖന​ത്തിൽ നാം പരിചി​ന്തി​ക്കും. ഭൂമിയെ ഭാവി തലമു​റ​കൾക്ക്‌ പാർക്കു​ന്ന​തിന്‌ ഏറെ സുരക്ഷി​ത​മായ ഒരു ഇടമാ​ക്കി​ത്തീർക്കു​ന്ന​തിന്‌ ആവശ്യ​മായ മാറ്റങ്ങൾ വരുത്താ​നുള്ള ശേഷി​യും ആഗ്രഹ​വും മാനവ​രാ​ശിക്ക്‌ ഉണ്ടോ​യെ​ന്നും നാം പരിചി​ന്തി​ക്കു​ന്ന​താ​യി​രി​ക്കും.

[3-ാം പേജിലെ ചിത്രം]

ഫ്രാൻസ്‌ 2003—യൂറോ​പ്പിൽ വേനൽക്കാ​ല​ത്തു​ണ്ടായ താപത​രം​ഗം 30,000 പേരുടെ ജീവൻ അപഹരി​ച്ചു; സ്‌പെ​യി​നിൽ 44.8 ഡിഗ്രി സെൽഷ്യസ്‌ താപനില രേഖ​പ്പെ​ടു​ത്തി.

[കടപ്പാട്‌]

Alfred/EPA/Sipa Press

[4, 5 പേജു​ക​ളി​ലെ ചിത്രങ്ങൾ]

ഇറാൻ 2003—ബാമിലെ ഭൂകമ്പം 40,000 പേരുടെ ജീവൻ കവർന്നു; ഒരു പൊതു ശവക്കു​ഴി​യു​ടെ സമീപ​മി​രുന്ന്‌ ബന്ധുക്ക​ളെ​ച്ചൊ​ല്ലി വിലപി​ക്കുന്ന സ്‌ത്രീ​കൾ

[കടപ്പാട്‌]

പശ്ചാത്തലവും സ്‌ത്രീകളും: © Tim Dirven/Panos Pictures